This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗാര്‍സിയ മാര്‍ക്കേസ്, ഗബ്രിയേല്‍ (1928 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഗാര്‍സിയ മാര്‍ക്കേസ്, ഗബ്രിയേല്‍ (1928 - ) == ==Garcia Marquez, Gabriel == നോബല്‍ സമ...)
അടുത്ത വ്യത്യാസം →
11:34, 1 ഒക്ടോബര്‍ 2015-നു നിലവിലുണ്ടായിരുന്ന രൂപം
ഗാര്‍സിയ മാര്‍ക്കേസ്, ഗബ്രിയേല്‍ (1928 - )
Garcia Marquez, Gabriel
നോബല്‍ സമ്മാനിതനായ കൊളംബിയന്‍ (സ്പാനിഷ്) നോവലിസ്റ്റും ചെറുകഥാകൃത്തും തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനും. ലാറ്റിനമേരിക്കന്‍ എഴുത്തുകാര്‍ക്കിടയിലെ ഒന്നാം നിരക്കാരനായ ഗാര്‍സിയ മാര്‍ക്കേസ് 1928 മാ. 6-ന് കൊളംബിയയിലെ അരാകാറ്റാകാ എന്ന ചെറിയ പട്ടണത്തില്‍ ജനിച്ചു. എല്‍ജിഒ ഗാര്‍സിയയും ലൂയിസ സാന്റിആഗ മാര്‍ക്കേസുമാണ് മാതാപിതാക്കള്‍. ഗബിതൊ (Gabito), ഗാബൊ (Gabo) എന്നീ ഓമനപ്പേരുകളും (petnames) ഉണ്ട്. വ്യക്തിജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത അനുഭവങ്ങളും സ്വന്തം കുടുംബത്തിന്റെ ചരിത്രവും മാതൃഭൂമിയുടെ, വിശേഷിച്ചും അരാകാറ്റാകാ എന്ന സ്വന്തപട്ടണത്തിന്റെ ചരിത്രവും പ്രതിഫലിക്കുന്ന കൃതികള്‍ സംഭാവന ചെയ്ത ഇദ്ദേഹം തീരദേശ കൊളംബിയയുടെ കുതിപ്പും കിതപ്പും തിരിച്ചറിയുകയും ലോകത്തിന്റെ ഏതു കോണിലും സമാന സന്തോഷങ്ങളും സന്താപങ്ങളും പങ്കിടുന്ന മനുഷ്യജന്മങ്ങള്‍ ഉണ്ടെന്നുള്ള വസ്തുത വിളിച്ചോതുകയും ചെയ്തു.
എട്ടു വയസ്സു വരെ മാതൃഗേഹത്തില്‍ മുത്തച്ഛനോടൊപ്പം (കേണല്‍ നിക്കൊളാസ് മാര്‍ക്കേസ്) വളര്‍ന്ന ഗബിതൊയെ, ആഭ്യന്തര യുദ്ധകാലത്ത് കേണലായിരുന്ന അദ്ദേഹത്തിന്റെ കഥകളും, മുത്തശ്ശി (ട്രാന്‍ക്വിലിന ഇഗുആറ) വച്ചു പുലര്‍ത്തിയിരുന്ന അന്ധവിശ്വാസങ്ങളും ഏറെ ആകര്‍ഷിച്ചു. ഗബിതൊയുടെ എട്ടാം വയസ്സില്‍ മുത്തച്ഛനെ മരണം പുല്കി. കൂനിന്മേല്‍ കുരു എന്നപോലെ മുത്തശ്ശിയുടെ കാഴ്ചശക്തി നശിക്കാനും തുടങ്ങി. ഈ പ്രതികൂല സാഹചര്യത്തില്‍ കുട്ടിയെ സുക്രെയില്‍ പാര്‍ത്തിരുന്ന മാതാപിതാക്കളുടെ അടുത്തേക്കു മാറ്റി. തുടര്‍ന്ന് ബാറാന്‍ക്വിലയിലെ ബോര്‍ഡിങ് സ്കൂളില്‍ ചേര്‍ത്തു. ലജ്ജാലുവെങ്കിലും ഈ ബാലന്‍ ഹാസ്യകവിതകള്‍ എഴുതുന്നതിലും കാര്‍ട്ടൂണുകള്‍ വരയ്ക്കുന്നതിലും സാമര്‍ഥ്യം കാട്ടിയതിനാല്‍ സ്കൂളില്‍ ശ്രദ്ധിക്കപ്പെട്ടു. കായികവിനോദങ്ങളിലൊന്നും ഏര്‍പ്പെടാതിരുന്ന ഈ ഗൗരവക്കാരനെ 'കിഴവന്‍' എന്നു തമാശയ്ക്കായി സഹപാഠികള്‍ വിളിച്ചുവന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും നിയമവിദ്യാഭ്യാസം നടത്താനും പത്രപ്രവര്‍ത്തനപരിശീലനം നേടാനും കഴിഞ്ഞു. ബൊഗോതയിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഒഫ് കൊളംബിയയിലും യൂണിവേഴ്സിറ്റി ഒഫ് കാര്‍ത്തജീനിയയിലുമായിരുന്നു സര്‍വകലാശാലാ വിദ്യാഭ്യാസം. സ്വദേശത്തും വിദേശത്തുമായി 1948 മുതല്‍ ഒരു ദശകത്തോളം പത്രപ്രവര്‍ത്തനം നടത്തി. 1959-ല്‍ മേര്‍സിദെസ് ബാര്‍ച്ചാ പാര്‍ദൊയെ വിവാഹം കഴിച്ചു. ഈ ദമ്പതിമാര്‍ക്ക് രണ്ടു പുത്രന്മാര്‍-റോഡ്രിഗൊ ഗാര്‍സിയയും, ഗൊന്‍സാലൊയും-ഉണ്ട് (മൂത്തയാള്‍ ടെലിവിഷന്‍-ചലച്ചിത്രമേഖലകളില്‍ സംവിധായകനായും രണ്ടാമന്‍ മെക്സിക്കന്‍ സിറ്റിയില്‍ ഗ്രാഫിക് ഡിസൈനറായും പ്രവര്‍ത്തിക്കുന്നു). 1940-കളുടെ അന്ത്യത്തില്‍ ചെറുകഥകളും മറ്റും എഴുതിത്തുടങ്ങിയ മാര്‍ക്കേസ് വൈകാതെ സ്പാനിഷ് അമേരിക്കന്‍ സാഹിത്യരംഗത്ത് എന്നല്ല ലോകസാഹിത്യവേദിയില്‍ത്തന്നെ ശോഭിച്ചുതുടങ്ങി. ഏകാധിപത്യവിരുദ്ധ സമരങ്ങളെ പശ്ചാത്തലമാക്കുന്ന പല കൃതികളുടെയും സ്രഷ്ടാവായ മാര്‍ക്കേസ്, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ചൂഷക, മര്‍ദക ഭരണകൂടങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തി. തന്മൂലം 1960-കള്‍ മുതല്‍ സ്വരാജ്യത്തു നിന്നു വിട്ടു നില്‍ക്കേണ്ടിവന്നു. കൂടുതലും മെക്സിക്കോയിലാണ് കഴിഞ്ഞത്. ലാറ്റിനമേരിക്കയുടെ ധീരോദാത്തനായകന്‍ എന്ന നിലയില്‍ അവിടത്തെ ജനങ്ങള്‍ ഇദ്ദേഹത്തെ തങ്ങളുടെ ഹൃദയത്തോട് ചേര്‍ത്ത് ആദരിച്ചു. ആ ജനതയുടെ ആശയാഭിലാഷങ്ങളും അവരുടെ നെഞ്ചിടിപ്പുകള്‍, സ്വന്തം ജീവന്റെതന്നെ സ്പന്ദനങ്ങളാണെന്ന് മാര്‍ക്കേസ് തിരിച്ചറിഞ്ഞിരുന്നു. ദക്ഷിണ അമേരിക്ക എന്ന ഉപഭൂഖണ്ഡത്തിലെ മൊത്തം ജനങ്ങളുടെയും പൂര്‍ണസ്വാതന്ത്ര്യം മാര്‍ക്കേസ് സ്വപ്നം കണ്ട് അതിന്റെ സാക്ഷാത്കാരത്തിനായി തൂലിക ചലിപ്പിച്ചു. നിന്ദിതരെയും, പീഡിതരെയും ചൂഷണം ചെയ്ത് സ്വന്തം കീശ വീര്‍പ്പിച്ചു വന്ന നീതികെട്ട അധികാരികള്‍ക്ക് അനഭിമതനായിത്തീര്‍ന്ന മാര്‍ക്കേസിനെ അവര്‍ നാട്ടില്‍ നിന്നും തുരത്തി. അങ്ങനെ, ഇതേപോലെ, മുന്‍പേ അനിഷ്ടപാത്രങ്ങളായി നാടു വിടേണ്ടിവന്ന ഹുവാന്‍ കാര്‍ലോസ്, ഒനേത്തി, കാര്‍ലോസ് ഫുവാന്തസ്, വര്‍ഗാസ് യോസ, ബോര്‍ഹസ് തുടങ്ങിയ സാഹിത്യകാരന്മാരുടെ പട്ടികയിലായി മാര്‍ക്കേസ്. തുടര്‍ന്ന് സ്പെയിന്‍, ഫ്രാന്‍സ്, വെനിസ്വേല, മെക്സിക്കോ തുടങ്ങിയ സ്ഥലങ്ങളില്‍ മാറിമാറിപ്പാര്‍ക്കുവാന്‍ ഇദ്ദേഹം നിര്‍ബന്ധിതനായി. തിരക്കഥാ രചനയും പത്രപ്രവര്‍ത്തനവുമായി മെക്സിക്കോ സിറ്റിയില്‍ക്കഴിഞ്ഞ ഇദ്ദേഹം 1973-ല്‍ ബാര്‍സലോനയില്‍ എത്തി. എഴുപതുകളുടെ അവസാനം മെക്സിക്കോയിലേക്കു മടങ്ങി.
പത്രപ്രവര്‍ത്തകന്റെ തൂലികയുമായി അരങ്ങിലെത്തി, കഥേതര കൃതികള്‍, ചെറുകഥകള്‍, നോവലുകള്‍ എന്നിവയിലൂടെ ലോകശ്രദ്ധപിടിച്ചു പറ്റിയ മാര്‍ക്കേസ്, ഥിഎന്‍ അഞോസ് ദെ സൊളെദാദ് (One Hundred Years of Solitutde, 1967), എല്‍ അമോര്‍ എന്‍ ലോസ് തിയെംപോസ് ദെല്‍ കോളെറ (Love in the Time of Cholera, 1988) തുടങ്ങിയ കൃതികളിലൂടെ നേടിയ ഖ്യാതിക്ക് അതിരില്ല. എന്നാല്‍ പ്രശസ്തി ഇദ്ദേഹത്തെ മത്തുപിടിപ്പിച്ചില്ല. മാതൃനാടായ കൊളംബിയയിലെ രാഷ്ട്രീയരംഗത്തെ അനഭികാമ്യമായ ഘടകങ്ങളെയോ, വിദേശരാജ്യങ്ങളിലെ രാഷ്ട്രീയവേദികളിലേക്കുള്ള മറ്റു രാഷ്ട്രങ്ങളുടെ അനാശാസ്യമായ കടന്നു കയറ്റങ്ങളെയോ നിശിതമായി വിമര്‍ശിക്കുന്നതില്‍നിന്നും യാതൊന്നും ഇദ്ദേഹത്തെ പിറകോട്ടു വലിച്ചില്ല. 1940-കളുടെ അന്ത്യത്തില്‍ ചെറുകഥകളും മറ്റും എഴുതിത്തുടങ്ങിയ മാര്‍ക്കേസിനെ ആകര്‍ഷിച്ച രണ്ടു ശക്തികളാണ് സോഫോക്ലിസും (സു.ക്രി.മു. 496-406) വില്യം ഫോക്നറും (1897-1962). ബാല്യകാലാനുഭവങ്ങളുടെ പുനരാവിഷ്കരണത്തിലൂടെ ഒരു ഐതിഹാസിക ഭൂതകാലം സൃഷ്ടിച്ച് അവിടെ തന്റെ രചനകള്‍ക്കു പശ്ചാത്തലമൊരുക്കി. അങ്ങനെ ഒരു സാങ്കല്പിക പട്ടണവും പ്രവിശ്യയും സൃഷ്ടിക്കാനും ഗാര്‍സിയ മാര്‍ക്കേസിനു കഴിഞ്ഞു. ഫോക്നറുടെ സാങ്കല്പിക സൃഷ്ടിയായ യോക്നപട്ടോഫ (Yoknapataupha) യില്‍നിന്നു പ്രചോദനം നേടിക്കൊണ്ട് മാക്കോന്‍ദൊ (Macondo) എന്നൊരു ഭാവനാനഗരം ഇദ്ദേഹം സൃഷ്ടിച്ചു. തന്റെ ജന്മദേശമായ അരാകാറ്റാകായ്ക്ക് അടുത്തുള്ള ഒരു നേന്ത്രവാഴത്തോപ്പിന്റെ പേരാണിത്. ബാന്തുഭാഷയില്‍ 'നേന്ത്രപ്പഴം' എന്നാണ് 'മാക്കോന്‍ദൊ' എന്ന പദത്തിന്റെ അര്‍ഥം. അത് ഒരു സ്ഥലം എന്നതിലുപരി മാനസികമായ ഒരു അവസ്ഥയാണെന്ന് ഗാര്‍സിയ മാര്‍ക്കേസ് തന്നെ പറഞ്ഞിട്ടുണ്ടെങ്കിലും അധ്യാപകരും വിദ്യാര്‍ഥികളും ടൂറിസ്റ്റ് ഗൈഡുകളുമെല്ലാം പറഞ്ഞും വര്‍ണിച്ചും, യഥാര്‍ഥത്തില്‍ ലാറ്റിന്‍ അമേരിക്കയില്‍ എവിടെയോ അങ്ങനെയൊരു പ്രദേശമുണ്ടെന്ന പ്രതീതി ലോകമെമ്പാടുമുള്ള ആസ്വാദകവൃന്ദങ്ങളില്‍ത്തന്നെ ഉണ്ടാക്കിയിട്ടുണ്ട്. സാങ്കല്പിക സ്ഥലമായ മാക്കോന്‍ദൊയില്‍ ഉണ്ടായ 'ബനാനാ ബൂം' എന്നറിയപ്പെട്ട വന്‍ സാമ്പത്തികവളര്‍ച്ചയെയും അതോടു ബന്ധപ്പെട്ട് അവിടെയുണ്ടായ യു.എസ്. കമ്പനികളുടെ സാന്നിധ്യത്തെയും അതിനുശേഷം സംഭവിച്ച സാമ്പത്തികമാന്ദ്യത്തെയുംപറ്റി ലീഫ് സ്ടോമില്‍ പറയുന്നു. വണ്‍ ഹണ്‍ഡ്രഡ് ഇയേഴ്സ് ഒഫ് സോളിറ്റ്യൂഡില്‍ കഥയ്ക്കു പശ്ചാത്തലമാകുന്ന മാക്കോന്‍ദൊയുടെ സ്ഥാപനം മുതല്‍ അതിന്റെ സമ്പൂര്‍ണ നാശം വരെ ഗാര്‍സിയ മാര്‍ക്കേസ് വര്‍ണിച്ചിരിക്കുന്നു. നേന്ത്രപ്പഴവുമായി മാത്രമല്ല 'സെയ്ബ'(Ceiba - ഇലവ്)യോടും മാക്കോന്‍ദൊ എന്ന പദം ബന്ധിപ്പിക്കപ്പെടുന്നുണ്ട്. ആത്മകഥയില്‍ മാക്കോന്‍ദൊ എന്ന ഈ വാക്കിലും ആശയത്തിലും തനിക്കുള്ള കൗതുകത്തെപ്പറ്റി ഗാര്‍സിയ മാര്‍ക്കേസ് എഴുതിയിട്ടുണ്ട്. യുവാവായിരുന്നപ്പോള്‍ താനും അമ്മയും കൂടി നടത്തിയ ഒരു യാത്രയോടു ബന്ധപ്പെടുത്തിയാണ് അക്കാര്യം ഇദ്ദേഹം വര്‍ണിക്കുന്നത്-"സമീപത്തു പട്ടണമൊന്നും ഇല്ലാത്ത ഒരു സ്റ്റേഷനില്‍ തീവണ്ടി നിര്‍ത്തി. അല്പം കഴിഞ്ഞപ്പോള്‍ ഗേറ്റില്‍ പേരെഴുതിവച്ചിട്ടുള്ള, ആ റൂട്ടിലുള്ള, ഒരേയൊരു നേന്ത്രവാഴക്കൃഷിയിടത്തിലൂടെ തീവണ്ടി കടന്നു പോയി: "മാക്കോന്‍ദൊ. മുത്തച്ഛനുമായി ഞാന്‍ നടത്തിയ ആദ്യയാത്രകളില്‍ത്തന്നെ ആ പേര് എന്നെ ആകര്‍ഷിക്കുകയുണ്ടായി. എന്നാല്‍ മുതിര്‍ന്ന വ്യക്തിയായതിനുശേഷമാണ് അതിന്റെ കാവ്യാത്മകമായ പ്രതിധ്വനികളാണ് എന്നെ ആകര്‍ഷിച്ചതെന്നു ഞാന്‍ തിരിച്ചറിഞ്ഞത്. ആരെങ്കിലും അതു പറയുന്നതായി ഞാന്‍ കേട്ടിട്ടില്ല. അതിന്റെ അര്‍ഥം എന്താണെന്ന് സ്വയം ചോദിച്ചിട്ടുമില്ല... മധ്യരേഖാപ്രദേശങ്ങളിലുള്ള വൃക്ഷമായ സെയ്ബയോടു സാമ്യമുള്ള മരമാണതെന്ന് ഒരു വിജ്ഞാനകോശത്തില്‍ ഞാന്‍ വായിക്കാനിടയായി എന്നെല്ലാം മാക്കോന്‍ദൊയെപ്പറ്റി ഇദ്ദേഹം കുറിച്ചിട്ടുണ്ട്.
കുടുംബത്തോടും വ്യക്തി ജീവിതത്തോടും ബന്ധപ്പെട്ട ഓര്‍മകള്‍ മാത്രമല്ല, മാര്‍ക്കേസിന്റെ കൃതികളെ രൂപപ്പെടുത്തിയത്. സാമൂഹിക, രാഷ്ട്രീയ സംഭവങ്ങളും ആ തൂലികയുടെ മേല്‍ സ്വാധീനം ചെലുത്തി. 'ദ് വോര്‍ ഒഫ് എ തൌസന്‍ഡ് ഡേയ്സ്' (1899-1902), സൈനിക കൂട്ടക്കൊലയില്‍ കലാശിച്ച 'ദ് ബനാന ഫീവര്‍' (1910-28), 'വയലന്‍സിയ' എന്നു മാത്രം പരാമര്‍ശിക്കപ്പെടുന്നതും കൊളംബിയന്‍ ചരിത്രത്തിലെ ഇരുണ്ട നാളുകള്‍ എന്നറിയപ്പെടുന്നതുമായ വേദനകളുടെ നീണ്ട കാലം എന്നിവ ഇദ്ദേഹത്തിന്റെ ജീവതന്തുക്കളെ പിടിച്ചുലച്ച, ഭാവനയ്ക്കു തീപിടിപ്പിച്ച സംഭവങ്ങളില്‍ ചിലതുമാത്രം. വണ്‍ ഹണ്‍ഡ്രഡ് ഇയേഴ്സ് ഒഫ് സോളിറ്റ്യൂഡിലും, 1955-ല്‍ എഴുതിയ ല ഹൊഹാര്‍സ്ക ആന്‍ഡ് അദര്‍ സ്റ്റോറീസിലും (1972) ഇവ ചേര്‍ത്തിട്ടുണ്ട്. കഥാവര്‍ണനയുടെ കേന്ദ്രബിന്ദുവും ഈ സംഭവങ്ങളൊക്കെത്തന്നെ. മാര്‍ക്കേസിന്റെ ല ഹൊഹാര്‍സ്ക (ലീഫ് സ്ടോം) എന്ന നോവലുള്‍പ്പെടെയുള്ള ആദ്യകാല കൃതികള്‍, അവയ്ക്ക് സാഹിത്യ മൂല്യം ഉണ്ടായിട്ടും സാഹിത്യ പണ്ഡിതന്മാരുടെയോ നിരൂപകന്മാരുടെയോ ശ്രദ്ധയില്‍ പതിയാതെ പോയി. സാങ്കല്പിക കൊളംബിയന്‍ നഗരമായ മാക്കോന്‍ദൊ തുടര്‍ന്നു വന്ന പല കൃതികളിലും പശ്ചാത്തലമായി. ഫോക്നര്‍ ഇവയില്‍ സ്വാധീനം ചെലുത്തിയെങ്കില്‍ പിന്നീടുളള രചനകളില്‍ അലെഹൊ കാര്‍പെന്റിയെറിന്റെ (1904-80) സ്വാധീനം കാണാം. അദ്ദേഹത്തില്‍നിന്നും സമകാലിക പ്രശ്നങ്ങളെ അവതരിപ്പിക്കുന്നതിന് അനുയോജ്യമായ ചരിത്രസംഭവങ്ങള്‍ എങ്ങനെ കണ്ടെത്താം എന്ന് ഗാര്‍സിയ മാര്‍ക്കേസ് പഠിച്ചു. കാഫ്ക, വെര്‍ജീനിയ വുള്‍ഫ്, ഹുആന്‍ റോള്‍ഫോ തുടങ്ങിയവരും ഇദ്ദേഹത്തെ ആകര്‍ഷിച്ചു. ക്രമേണ ഫോക്നറുടെ സ്വാധീനം, ഗാര്‍സിയ മാര്‍ക്കേസിന്റെ കൂടുതല്‍ വസ്തുനിഷ്ഠമായി കാര്യങ്ങള്‍ ചിത്രീകരിക്കുന്ന രീതിക്കു വഴിമാറിക്കൊടുത്തു. പത്രപ്രവര്‍ത്തനലോകത്തെ അനുഭവങ്ങളാണ് ഇതിനു ഒട്ടൊക്കെ കാരണമായത്.
'ദ് തേഡ് റെസിഗ്നെയ്ഷന്‍' എന്ന പേരില്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ട 'ല തെര്‍ഥേറാ റെസിഗ്നാഥിഓനില്‍' (1947) ഒരു സര്‍റിയലിസ്റ്റിക് ലിംബോ (Limbo) യില്‍ മരണത്തെ അതിജീവിച്ചെത്തുന്ന ഒരാളെ കഥാപാത്രമാക്കുന്നു (ലിംബോ: റോമന്‍ കത്തോലിക്കാ വിശ്വാസമനുസരിച്ച് സ്വര്‍ഗവും നരകവും ശുദ്ധീകരണസ്ഥലവും അല്ലാത്ത അവസ്ഥ). ഭീതിജനകമായ വര്‍ണനകള്‍ നിറഞ്ഞ ഈ കഥയില്‍ രചയിതാവിന്റെ മേല്‍ കാഫ്കയ്ക്കുള്ള സ്വാധീനം പ്രകടമാകുന്നുണ്ട്. മറ്റൊരു പ്രശസ്ത കഥയായ 'എല്‍ നീഗ്രോ ക്യൂ ഹിഥൊ എസ്പെറാര്‍ ആ ലോസ് ആന്‍ഗെലൊസി'ല്‍ ഫ്യൂഡല്‍ സാമൂഹിക പശ്ചാത്തലമാണുള്ളത്. 'നാബൊ: ദ് ബ്ലാക്മാന്‍ ഹു മെയ്ഡ് ദി എയ്ന്‍ജെല്‍സ് വെയിറ്റ്' എന്ന ശീര്‍ഷകത്തില്‍ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയും ലഭ്യമാണ്. മൂല്യച്യുതിയുടെയും സാമൂഹിക വിഭ്രാന്തിയുടെയുമൊക്കെ കഥ പറയുന്ന ഇതിന്റെ പശ്ചാത്തലം, അമേരിക്കന്‍ ഐക്യനാടുകളുടെ ദക്ഷിണ സംസ്ഥാനങ്ങളെ പശ്ചാത്തലമാക്കി ഫോക്നര്‍ എഴുതിയ ചില കഥകളുമായി സാദൃശ്യം പങ്കിടുന്നു. ഹെമിങ്വേയുടെ 'ദ് കില്ലേഴ്സി'നോടു സാമ്യമുള്ള 'ലാ മുഹര്‍ ക്യു ലെഗാബ അ ലോസ് സെയിസി'ന് ('The Woman who arrived at six O'Clock', 1950) ഒരു ചായക്കട വേദിയാകുന്നു. സവിശേഷതകളേറെയുള്ള പ്രതിഭയുടെ സാന്നിധ്യവും മാനസികസംഘര്‍ഷങ്ങള്‍ അവതരിപ്പിക്കുന്നതിലെ രചയിതാവിന്റെ പാടവവും ഈ ആദ്യകാല കഥകളില്‍ കാണാം എന്നു ചില നിരൂപകന്മാര്‍ പറയുന്നു. എന്നാല്‍ കൂടുതല്‍ സാഹിത്യവിമര്‍ശകരും പരീക്ഷണങ്ങളില്‍ അതീവ താത്പര്യം പ്രകടിപ്പിക്കുന്ന, അമൂര്‍ത്തമായവയോടും അസംഗതമായവയോടും ചായ്വു പ്രകടിപ്പിക്കുന്ന ഒരു കൗമാര മനസ്സിനെയാണ് ഇവയില്‍ ദര്‍ശിക്കുന്നത്.
'മഴ പെയ്യുന്നതു വീക്ഷിക്കുന്ന ഇസബെലിന്റെ സ്വഗതം' ('Monologue of Isabel Watching it Rain') എന്ന് അര്‍ഥം വരുന്ന ശീര്‍ഷകത്തോടെ ആംഗലേയ ഭാഷയിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ട, 'ഇസബെല്‍ വിയെന്‍ദൊ ലോവര്‍ എന്‍ മാക്കോന്‍ദൊ' ഗാര്‍സിയ മാര്‍ക്കേസിന്റെ കഥാലോകത്തെ വികാസത്തിന്റെ ആദ്യത്തെ നാഴികക്കല്ലായി പരിഗണിക്കപ്പെടുന്നു. തുടക്കത്തിലെഴുതിയിരുന്ന കഥകളിലെ വിചിത്ര സംഭവങ്ങളുടെയും അവ്യക്ത പശ്ചാത്തലങ്ങളുടെയും സ്ഥാനത്ത്, കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടുള്ള ഒരു സ്ഥലത്താണ് (മാക്കോന്‍ദൊ), കഥാനായികയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ അവതരിപ്പിക്കുന്നത്. ഭൂമധ്യരേഖാപ്രദേശത്തെ, സുസ്ഥിരമായ താളങ്ങളോടെ കോരിച്ചൊരിയുന്ന മഴയില്‍ കുതിരുന്ന നായികയുടെ അവസ്ഥ, അവളുടെ മാനസികമായ മരവിപ്പ്, ശാരീരികമായ ജീര്‍ണാവസ്ഥ തുടങ്ങിയവയെല്ലാം ആവര്‍ത്തിക്കപ്പെടുന്ന പദസമുച്ചയങ്ങളുടെയും രൂപകാലങ്കാരത്തിന്റെയും സഹായത്തോടെ ആസ്വാദകന് അനുഭവവേദ്യമാക്കുന്നു. നായിക മരിച്ചു കഴിഞ്ഞു എന്ന അവസാനവരികള്‍ വായനക്കാരനെ അന്ധാളിപ്പിക്കുകതന്നെ ചെയ്യും.
ബാര്‍സലോനയില്‍ നിന്നും പ്രസിദ്ധീകരിച്ച 'ഓഹോസ് ദെ പെറോ അഥുല്‍' ('Eyes of a Blue Dog' - 1974) 1947 മുതല്‍ 55 വരെ ഗാര്‍സിയ മാര്‍ക്കേസ് എഴുതിയ ചെറുകഥകളുടെ സമാഹാരമാണ്. ഇദ്ദേഹത്തിന്റെ ആദ്യത്തെ മുഖ്യപ്രസിദ്ധീകരണമായ ലാ ഹൊഹാറസ്ക (1955) എന്ന ഹ്രസ്വനോവലിലെ കഥ മൂന്നു കഥാപാത്രങ്ങളുടെ അന്തഃസ്വഗതത്തിന്റെയും (interior monologue) ഫ്ളാഷ്ബാക്കുകളുടെയും സഹായത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ആത്മഹത്യ ചെയ്ത ഒരു ഡോക്ടറുടെ ശവശരീരത്തിനരികെ പ്രാര്‍ഥനയും മറ്റുമായി കഴിച്ചുകൂട്ടുന്ന ഇവരിലൂടെ നമ്മോടു കഥ പറയുന്ന രീതി ആന്റിഗണിയെ ഓര്‍മിപ്പിക്കും. 1928 സെപ്. 12-ാം നാളില്‍ ഉച്ച കഴിഞ്ഞ് രണ്ടിനും മൂന്നിനും ഇടയിലുള്ള ഒരു മണിക്കൂറിലെ സംഭവങ്ങള്‍ അവതരിപ്പിക്കുന്ന ഇതിന്റെ പശ്ചാത്തലം 'മാക്കോന്‍ദൊ' ആണ്. എഴുത്തുകാരന്റെ തനതു ശൈലി-യഥാതഥ ഘടകങ്ങളും വിചിത്രകല്പനകളും സമ്മിശ്രമായി ഉപയോഗിക്കുന്ന രീതി-ഈ നോവലില്‍ നമുക്കു കാണാം.
ബൊഗോത്തയില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന എല്‍ എക്പെക്താദോര്‍ എന്ന ദിനപത്രത്തില്‍ 1954-ല്‍ റിപ്പോര്‍ട്ടറായി ഗാര്‍സിയ മാര്‍ക്കേസ് ചേര്‍ന്നു. രണ്ടാഴ്ചകൊണ്ട് പൂര്‍ത്തിയായ ഒരു പരമ്പര അതില്‍ പിറ്റേവര്‍ഷം ഇദ്ദേഹം പ്രസിദ്ധീകരിച്ചു. റിലാത്തൊ ദെ ഉന്‍ നൗഫ്രാഗൊ (The Story of a Shipwrecked Sailor) എന്ന ശീര്‍ഷകത്തില്‍ യുവകൊളംബിയന്‍ നാവികനായ ലൂയിസ് അലെഹാന്‍ദ്രൊ വെലാസ്കൊയുമായി ഒട്ടേറെ അഭിമുഖങ്ങള്‍ നടത്തി രചിച്ച ഇത് വായനക്കാരെ ഹരം കൊള്ളിച്ചു. ഇതിന്റെ പുസ്തകരൂപം 1970-ല്‍ പുറത്തിറങ്ങിയിട്ടുണ്ട്. പ്രക്ഷുബ്ധമായ കാലാവസ്ഥയില്‍ 'കലദാസ്' എന്ന കൊളംബിയന്‍ കപ്പലില്‍ നിന്നും കരീബിയന്‍ കടലില്‍ തെറിച്ചുവീണ അലെഹാന്‍ദ്രൊ വെലാസ്കൊ ഒരു ലൈഫ് റാഫ്റ്റില്‍ അള്ളിപ്പിടിച്ചു കിടന്ന് ഓളങ്ങളോട് മല്ലിട്ടു. പത്തുദിവസം മരണത്തെ മുഖാമുഖം കണ്ടുകിടന്ന അയാള്‍ കടലില്‍ നിന്നും രക്ഷപ്പെട്ടു. മൃത്യുവും യുവനാവികനുമായി നടന്ന ദ്വന്ദ്വയുദ്ധവും അയാള്‍ എങ്ങനെ മരണത്തെ അതീജിവിച്ചു എന്നതിന്റെ വിശദാംശങ്ങളും വായനക്കാരെ ഹരം കൊള്ളിച്ചു. വെലാസ്കൊ കാര്യമായ പരിക്കുകളൊന്നുമില്ലാതെ അവസാനം തീരത്തണഞ്ഞപ്പോള്‍ അയാള്‍ ദേശീയതലത്തില്‍ത്തന്നെ ഒരു വീരനായകനായി മാറി. പ്രചാരണപരിപാടിക്ക് ഒരുപാധിയായി ഗവണ്‍മെന്റ് അയാളെ കണ്ടു. അങ്ങനെ തന്റെ അനുഭവങ്ങള്‍ വിശദമാക്കുന്ന പ്രസംഗങ്ങള്‍ നടത്താനും വാച്ചു മുതല്‍ ഷൂ വരെയുള്ള സാധനങ്ങളുടെ മോഡലാകാനും അയാള്‍ നിയോഗിക്കപ്പെട്ടു. തുടര്‍ന്നാണ് അയാളുടെ കഥ മാര്‍ക്കേസ് എല്‍ എക്പെക്താദോറില്‍ പ്രസിദ്ധീകരിച്ചത്. ആ പരമ്പര, പത്രത്തിന്റെ പ്രചാരം വര്‍ധിപ്പിക്കുന്നതിനും കാരണമായി. എന്നാല്‍ അമേരിക്കന്‍ ഐക്യനാടുകളില്‍നിന്നും നിയമാനുസൃതമല്ലാതെ ചരക്കുകള്‍ കലദാസില്‍ കടത്തിക്കൊണ്ടുവരികയായിരുന്നു എന്ന വസ്തുത ഇതു വെളിച്ചത്തുകൊണ്ടുവന്നതിന്റെ പേരില്‍ ഈ പത്രം പിനില്ലാ (Pinnila) ഗവണ്‍മെന്റ് അടച്ചുപൂട്ടി. ഇതിനിടയില്‍ പിനില്ലാ എഴുത്തുകാരനെ നേരിട്ടു പീഡിപ്പിക്കുമെന്നു കരുതി മാര്‍ക്കേസിനെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനായി യൂറോപ്പിലേക്ക് അയച്ചു കഴിഞ്ഞിരുന്നു. പത്രം നിന്നതോടെ അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെടുകയും കാര്യമായ ധനാഗമമാര്‍ഗം ഇല്ലാതെ വരികയും ചെയ്ത ഇദ്ദേഹം പാരിസില്‍ താമസിച്ചുകൊണ്ട് എല്‍ കൊറോനൈല്‍ നോ തിയെന്‍ ക്വിയെന്‍ ലെ എസ്ക്രിബ (No One Writes to the Colonel) എഴുതിത്തുടങ്ങി. 1961-ല്‍ വെളിച്ചം കണ്ട ഇതില്‍, ആഭ്യന്തരയുദ്ധം കഴിഞ്ഞ് അമ്പതുവര്‍ഷം കടന്നുപോയിട്ടും അതിന്റെ പേരിലുള്ള പെന്‍ഷന്‍ കിട്ടാത്ത, അതിനായി കാത്തിരുന്ന, വിപ്ലവകാരിയായ മകന്‍ (അഗസ്റ്റിന്‍) കൊല ചെയ്യപ്പെട്ടതിന്റെ ദുഃഖം അനുഭവിക്കേണ്ടിവന്ന ഒരു കേണല്‍ മുഖ്യകഥാപാത്രമാകുന്നു. വാര്‍ധക്യം, അനാരോഗ്യം, പുത്രദുഃഖം, ഏകാന്തത, സ്വേച്ഛാധിപത്യം തുടങ്ങിയവയ്ക്കൊന്നും തളര്‍ത്താനോ തകര്‍ക്കാനോ ആവാത്ത ധീരതയുടെ പ്രതീകമായ അദ്ദേഹത്തെയും ഇതിലെ കഥാപാത്രങ്ങളായി വരുന്ന നാട്ടുകാരെയും എല്ലാം മിഴിവോടെ ഗാര്‍സിയ മാര്‍ക്കേസ് അവതരിപ്പിക്കുന്നു. കേണലിന്റെ ചിത്രീകരണത്തിന് ഒതുക്കമുള്ളതും വസ്തുനിഷ്ഠവുമായ ശൈലി മാറ്റു കൂട്ടുന്നു.
ഫ്യൂണറാലെസ് ദെ മമ്മാ ഗ്രാന്‍ദെയും (1962, ബിഗ് മമ്മാസ് ഫ്യൂണറല്‍) ശ്രദ്ധിക്കപ്പെട്ട കൃതിയാണ്. പട്ടണത്തിലെ ബാര്‍ബര്‍, കഴിവുകെട്ട പുരോഹിതന്‍, ദന്തവൈദ്യന്‍, മേയര്‍ എന്നിവരെ അക്ഷരങ്ങള്‍കൊണ്ടു വരച്ച ചാരുതയാര്‍ന്ന ചിത്രങ്ങളായി ഇതില്‍ കോറിയിടുന്നു. മാക്കോന്‍ദൊ പശ്ചാത്തലമാക്കി എഴുതിയ ലാ മാലാ ഹോറ (ഇന്‍ ഈവിള്‍ അവര്‍) രാഷ്ട്രീയ അടിച്ചമര്‍ത്തലിന്റെ കഥ പറയുന്നു.
സര്‍ഗപ്രക്രിയയോടൊപ്പം പത്രപ്രവര്‍ത്തനം, ലാറ്റിനമേരിക്കന്‍ രാഷ്ട്രീയം തുടങ്ങിയവയോടു ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളിലും ഗാര്‍സിയ മാര്‍ക്കേസ് താത്പര്യമെടുത്തു. 1950-കളുടെ തുടക്കം മുതല്‍ കൊളംബിയന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചുവന്നു. 1957-ല്‍ യൂറോപ്പില്‍ നിന്നും മടങ്ങിയെത്തിയ ഇദ്ദേഹം ഏതാണ്ട് രണ്ടു വര്‍ഷം കാരക്കസില്‍ പത്രപ്രവര്‍ത്തകനായി ജോലി നോക്കി. തന്റെ സുഹൃത്തായ ഫിദെല്‍ കാസ്ത്രൊയുടെ 1959-ലെ വിപ്ലവ വിജയത്തെത്തുടര്‍ന്ന് ക്യൂബന്‍ ഗവണ്‍മെന്റിന്റെ ന്യൂസ് ഏജന്‍സിയായ പ്രെസ്ന ലാത്തിനയുടെ ബൊഗോത്തയിലെ ഓഫീസില്‍ ചേര്‍ന്നു. തുടര്‍ന്ന് ഇതേ ഏജന്‍സിക്കുവേണ്ടി ഹവാനയിലും ന്യൂയോര്‍ക്കിലും പ്രവര്‍ത്തിച്ചു. 1961-ല്‍ ഈ ജോലി രാജിവച്ച ശേഷം പത്നിയെയും പുത്രനെയും കൂട്ടി മെക്സിക്കോ സിറ്റിയിലേക്കു താമസം മാറ്റുകയും ചെയ്തു.
ഇവിടെ വന്ന് ഒരു വര്‍ഷത്തിനകമാണ് തൊട്ടുമുകളില്‍ പരാമര്‍ശിച്ച രണ്ടു കൃതിയും എഴുതിയത്. തുടര്‍ന്ന് സര്‍ഗശക്തിയുടെ അസ്വസ്ഥജനകമായ വന്ധ്യതയുടെ മൂന്നുവര്‍ഷങ്ങള്‍ ഗാര്‍സിയ മാര്‍ക്കേസിലെ പ്രതിഭാസമ്പന്നനെ നീറ്റി. 1965-ല്‍ ഇതിനൊരു മാറ്റം വന്നു. ആ വര്‍ഷത്തെ ജനുവരിയെ അവിസ്മരണീയമാക്കിക്കൊണ്ട് മാന്ത്രിക പരിവേഷത്തോടെ മാക്കോന്‍ദൊയുടെ ചരിത്രം കണ്ണാടിയിലെന്നോണം ആ മനസ്സില്‍ തെളിഞ്ഞുവന്നു. (അപ്പോള്‍ മെക്സിക്കോ സിറ്റിയില്‍ നിന്നും അകാല്‍പുക്കോയിലേക്ക് കാറോടിക്കുകയായിരുന്നു ഇദ്ദേഹം). ഇദ്ദേഹത്തിന്റെ ഭാവനാലോകത്ത് ദീര്‍ഘകാലമായി ഇതിനോടു ബന്ധപ്പെട്ട ശ്ളഥബിംബങ്ങളുണ്ടായിരുന്നു. പെട്ടെന്ന് തന്നെ അവയ്ക്കു നിയതരൂപം കൈവരികയും തുടര്‍ന്നുള്ള നാളുകള്‍ രചനയ്ക്കായി നോവലിസ്റ്റ് നീക്കി വയ്ക്കുകയും ചെയ്തു. അങ്ങനെ നീണ്ടകാലം ഏകാന്തതയില്‍ ചെലവിട്ടുകൊണ്ട് ഗാര്‍സിയ മാര്‍ക്കേസ് എഴുതിയതാണ് ഥിഎന്‍ അഞോസ് ദെ സൊളെദാദ് (One Hundred Years of Solitude) ഇംഗ്ലീഷും മലയാളവും ഉള്‍പ്പെടെ ഒട്ടേറെ ഭാഷകളില്‍ ഇതിന്റെ വിവര്‍ത്തനങ്ങള്‍ ലഭ്യമാണ്.
'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' എന്നര്‍ഥം വരുന്ന ശീര്‍ഷകത്തോടു കൂടിയ ഥിഎന്‍ അഞോസ് ദെ സൊളെദാദ് മഹാകാവ്യമാനങ്ങളുള്ള കഥയാണ്. നൂലാമാലകള്‍ നിറഞ്ഞ ഇതിലെ വിചിത്രകല്പനകളില്‍ ബോര്‍ഹെസിന്റെ സ്വാധീനം കണ്ടെത്താനാകും എന്ന് നിരൂപകന്മാര്‍ പറയുന്നു. ബുയെനിദ കുടുംബത്തിലെ ഏഴു തലമുറകളുടെ കഥ പറയുന്ന ഇതിലെ കാലയളവ് 1820 മുതല്‍ 1920-കള്‍ വരെയുള്ള ലാറ്റിനമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രശ്ന സങ്കീര്‍ണങ്ങളായ വര്‍ഷങ്ങളാണ്. മാക്കോന്‍ദൊ എന്ന സ്ഥലം ഇതിനു പശ്ചാത്തലമാകുന്നു. യഥാര്‍ഥ സംഭവങ്ങളുടെ മറയില്‍നിന്നു കൊണ്ട് സാദൃശ്യമുള്ള സാങ്കല്പിക കഥകള്‍ ചമയ്ക്കുന്നത് ഗാര്‍സിയ മാര്‍ക്കേസിന്റെ ഒരു രീതിയാണ്. അരാകാറ്റകായ്ക്കടുത്തുള്ള ഒരു പട്ടണത്തെക്കുറിച്ച് മുത്തശ്ശി പറഞ്ഞുകൊടുത്ത ഒരു കഥയെപ്പറ്റിയുള്ള ഓര്‍മകളില്‍ നിന്നുകൊണ്ട് സ്വന്തം സര്‍ഗശക്തി ഉപയോഗിച്ച് നവ്യമായ അനുഭൂതികള്‍ പ്രദാനം ചെയ്യാന്‍ പ്രാപ്തിയുള്ള ഒരു സൃഷ്ടി മെനഞ്ഞെടുക്കുകയായിരുന്നു ഇതില്‍.
ഹൊസെ അര്‍ക്കാദിയൊ ബുയെനിദ എന്ന കുടുംബത്തലവന്‍ കെട്ടിപ്പടുത്ത ഉട്ടോപ്പിയന്‍ കണ്ണാടിനഗരമായ മാക്കോന്‍ദൊ നിവാസികള്‍ സ്മൃതിനാശം എന്ന മഹാരോഗത്തിന്റെ അടിമകളാണ്. അവര്‍ക്കിടയില്‍ സംഭവിക്കുന്നതെല്ലാം അദ്ഭുതങ്ങള്‍ തന്നെ. വെള്ളം തീയില്ലാതെ തിളയ്ക്കുന്നത് ഒരു ഉദാഹരണം. അഗമ്യഗമനങ്ങളും ഐതിഹാസിക സൈനിക കലാപങ്ങളും അരങ്ങുതകര്‍ക്കുന്നതിനിടയില്‍ സാധാരണ മട്ടിലുള്ള പ്രണയങ്ങളും തൊഴില്‍ സമരങ്ങളും രാഷ്ട്രീയത്തോടു ബന്ധപ്പെട്ട അക്രമപ്രവണതകളും നാമ്പെടുക്കുന്നു. വായനക്കാരനെ യേചകിതചിത്തനാക്കാന്‍ പോരുന്ന സംഭവങ്ങളും നടക്കുന്നുണ്ട്. ഹൊസ്സെ അര്‍ക്കാ ദിയൊയുടെ പുത്രന്റെ മരണത്തെത്തുടര്‍ന്ന് മാക്കോന്‍ദൊ പട്ടണത്തിലെ തെരുവീഥികളിലെല്ലാം രക്തം ഒഴുകിനടന്നത് ഇതിനൊരുദാഹരണം മാത്രം. മാക്കോന്‍ദൊയില്‍ എത്തിയ മെല്‍ക്വിആദെ എന്ന ജിപ്സി കൊണ്ടുവന്ന ഒരു പുസ്തകത്തിന്റെ കൈയെഴുത്തു പ്രതി ആ കുടുംബത്തില്‍പ്പെട്ട ഔറേലിആനൊ ബാബിലോനിയയ്ക്ക് കിട്ടുന്നു. അയാള്‍ക്കന്യമായിരുന്ന അതിലെ ഭാഷ പഠിച്ചെടുത്ത് അയാള്‍ അത് വായിക്കുന്നു. മാക്കോന്‍ദൊ പട്ടണത്തിന്റെ നൂറു വര്‍ഷത്തെ ചരിത്രമാണതെന്ന് അയാള്‍ തിരിച്ചറിയുന്നു. വായന പൂര്‍ത്തിയാകുന്നതോടെ ഒരു കൊടുങ്കാറ്റ് അതിന്റെ എല്ലാ ഭീകരതയോടെയും വീശുന്നു. അതില്‍പ്പെട്ട് മാക്കോന്‍ദൊ എന്ന സ്ഫടികനഗരം തകര്‍ന്നടിയുന്നു. ഈ നാശത്തിന്റെ കാരണം അധികാരത്തിന്റെ ജീര്‍ണതയാണെന്ന സത്യം നോവലിസ്റ്റ് നമ്മെ ഓര്‍മിപ്പിക്കുന്നു. മെല്‍ക്വിആദെസ് ആണ് കഥപറഞ്ഞുകൊണ്ടിരുന്നതെന്നും, അയാളുടെ ഗൂഢാര്‍ഥങ്ങള്‍ നിറഞ്ഞ കൈയെഴുത്തുപ്രതികള്‍ യഥാര്‍ഥത്തില്‍ നോവലിന്റെതന്നെ പാഠം (text) ആണെന്നും വായനക്കാരായ നാമും തിരിച്ചറിയും. ഒറ്റപ്പെട്ടതും ജീര്‍ണാവസ്ഥയിലാകുന്നതുമായ മാക്കോന്‍ദൊയിലെ നിവാസികള്‍ മിഴിവോടെ ആസ്വാദകന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. മാര്‍ക്കേസിന്റെ പ്രകൃഷ്ടകൃതി എന്ന അംഗീകാരം നേടിയിട്ടുള്ള ഇത് മാജിക് റിയലിസത്തിന്റെ (Magic Realism) ഏറ്റവും ഉത്തമമാതൃകയാണ്. (മാജിക് റിയലിസം: അസംഭവ്യവും അതിവിചിത്രവുമായ ഘടകങ്ങളും ഐതിഹ്യങ്ങളില്‍ നിന്നുള്ള അംശങ്ങളും വസ്തുതാപരമെന്ന മട്ടില്‍ മറ്റെല്ലാതലത്തിലും യാഥാര്‍ഥ്യം പുലര്‍ത്തുന്ന നോവലുകളില്‍ കൂട്ടി വിളക്കുന്ന സാഹിത്യപ്രവണത. ലാറ്റിനമേരിക്കന്‍ രചനകളിലാണ് ഇതു മുഖ്യമായും കണ്ടുവരുന്നത്).
സാര്‍വലൌകികതയാണ് ഥിഎന്‍ അഞോസ് ദെ സൊളെദാദിനെ ഇന്ത്യ ഉള്‍പ്പെടെ എല്ലാ രാഷ്ട്രങ്ങളിലെയും വായനക്കാരിലേക്ക് അടുപ്പിക്കുന്നത്. ഒരു ലാറ്റിനമേരിക്കന്‍ കുടുംബകഥയായി നമ്മുടെ മുന്നിലെത്തുന്ന ഇതില്‍ പരാമര്‍ശിക്കുന്ന ഉപജാപങ്ങളും മതപരമായ കാര്യങ്ങളോടുള്ള അമിതമായ അഭിനിവേശത്തില്‍ നിന്നുടലെടുക്കുന്ന പ്രശ്നങ്ങളും ശ്ളീലവും അശ്ളീലവുമായ ബന്ധങ്ങളും പട്ടാളവിപ്ലവങ്ങളും തൊഴിലാളികളുടെ ചെറുത്തുനില്പുകളും എല്ലാം എവിടെ എപ്പോള്‍ വേണമങ്കിലും അരങ്ങേറാവുന്നവയാണ്.
ആസ്വാദകരെ ആകര്‍ഷണീയതയുടെ വലയത്തില്‍ ഒതുക്കി ആഴത്തില്‍ സ്വാധീനിച്ച ഥിഎന്‍ അഞോസ് ദെ സൊളെദാദിന്റെ പ്രസിദ്ധീകരണത്തിലൂടെ ലോകമെമ്പാടും കിട്ടിയ അംഗീകാരം ശ്രദ്ധേയമായ പല വികാസങ്ങളും രചയിതാവിന്റെ ജീവിതത്തില്‍ സംജാതമാകുന്നതിനു കാരണമായി. കൊളംബിയന്‍ ഗവണ്‍മെന്റും ഗറില്ലകളും തമ്മിലുണ്ടാക്കിയ പല ഉടമ്പടികളിലും ഇടനിലക്കാരനായി പ്രവര്‍ത്തിച്ച് ഒത്തുതീര്‍പ്പുകള്‍ ഉണ്ടാക്കുന്നതിന് മാര്‍ക്കേസിന്റെ രഞ്ജനസ്വഭാവവും എഴുത്തുകാരനോടുള്ള മറ്റുള്ളവരുടെ ആരാധനയും വഴി തെളിച്ചു. ഇദ്ദേഹത്തിന്റെ കൃതികളുടെ ചാരുത ക്യൂബന്‍ പ്രസിഡന്റായിരുന്ന ഫിദെല്‍ കാസ്ട്രോ ഉള്‍പ്പെടെയുള്ള ലോകനേതാക്കന്മാരുടെ സൗഹാര്‍ദം സ്വായത്തമാക്കുന്നതിനു സഹായകമായി. കാസ്ട്രോയും ഗാര്‍സിയ മാര്‍ക്കേസുമായുള്ള ബന്ധം മുഖ്യമായും സാഹിത്യത്തില്‍ അധിഷ്ഠിതമാണെന്ന് ഇദ്ദേഹം പറഞ്ഞിട്ടുണ്ട്. ക്യൂബന്‍ എഴുത്തുകാരനായ റെയ്നാല്‍ദൊ അറേനാസ് ഉള്‍പ്പെടെ പ്രസിദ്ധരായ പലരും കാസ്ട്രോയോടുള്ള ഗാര്‍സിയ മാര്‍ക്കേസിന്റെ ബന്ധത്തെ വിരുദ്ധകോണില്‍ നിന്നു കാണുകയും വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കന്‍ ഐക്യനാടുകളുടെ പല നിലപാടുകളെയും വിമര്‍ശിച്ചതുകൊണ്ട് ഈ സാഹിത്യകാരന് പലപ്പോഴും വിസ നിഷേധിക്കപ്പെട്ടു. സഞ്ചാരസ്വാതന്ത്യ്രത്തിന്റെ മേലുള്ള ഈ നിരോധനം, ഥിഎന്‍ അഞോസ് ദെ സൊളെദാദ് (One Hundred Years of Solitude) ആണ് തന്റെ ഏറ്റവും പ്രിയപ്പെട്ട നോവല്‍ എന്ന് അവകാശപ്പെട്ട ബില്‍ ക്ലിന്റണ്‍ യു.എസ്. പ്രസിഡന്റ് ആയതിനെത്തുടര്‍ന്ന് പിന്‍വലിക്കപ്പെട്ടു. ഇങ്ങനെ ലോകമെമ്പാടുമുള്ള പ്രശസ്തരും അപ്രശസ്തരുമായ എത്രയോ ആരാധകരെ സൃഷ്ടിച്ചുകൊണ്ട് വായനക്കാരുടെ മനസ്സുകളിലൂടെയുള്ള ജൈത്രയാത്ര ഈ നോവല്‍ തുടരുന്നു.
ല ഇന്‍ക്രെയ്ബ്ള്‍ യി ത്രിസ്തെ ഹിസ്തോറിയ ദെ ല കാന്‍ദിദ എറെന്‍ദിറ യി സു അബ്വേല ദെ സെല്‍മാദാ (The Incredible and Sad Tale of Innocent Erndira and Her Heartless Grandmother and Other Stories) എന്ന കഥാസമാഹാരത്തിലെ കഥകള്‍ ഥിഎന്‍ അഞോസ് ദെ സൊളെദാദിലെ ഒരു സംഭവത്തെ ആധാരമാക്കിയുള്ളതാണ്. ഇതില്‍ ഏഴു കഥകള്‍ ചേര്‍ത്തിട്ടുണ്ട്. തുടര്‍ന്ന് എല്‍ ഒത്തോഞോ ദെല്‍ പാട്രിയാര്‍ക്ക (The Autumn of the Patriarch, 1975) പ്രസിദ്ധീകരിച്ചു. ലാറ്റിനമേരിക്കന്‍ സൈനിക സ്വേച്ഛാധിപതികളുടെ നേരെ പരിഹാസശരങ്ങള്‍ അയയ്ക്കുന്ന ഒരു കൃതിയാണിത്. ക്രോനിക്ക ദെ ഉനമുയെര്‍ത അനുന്‍സിയാദില്‍ (1981) ഒരു ലാറ്റിനമേരിക്കന്‍ പട്ടണത്തില്‍ അഭിമാന സംരക്ഷണാര്‍ഥം നടന്ന കൊലപാതകത്തോടു ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍ രചയിതാവ് വിശകലനം ചെയ്യുന്നു. ഈ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ക്രോണിക്ക്ള്‍ ഒഫ് എ ഡെഥ് ഫോര്‍റ്റോള്‍ഡ്. സാന്റിയാഗൊ നാസര്‍ ആണ് കൊലപാതകത്തിന്റെ ഇര. നോവലിസ്റ്റിന്റെ ബാല്യം മുതലുള്ള ഉത്തമ സുഹൃത്തായിരുന്ന ചിമെന്‍തൊ ആയിരുന്നു ഈ കഥാപാത്രത്തിന്റെ പ്രാഗ്രൂപം. ഇതിലെ കഥയുടെ ചുരുളഴിയുന്നത് വിപരീത ദിശയിലാണ്. അതായത് പ്ലോട്ട് മുന്നോട്ടു പോകുന്നതിനു പകരം പിറകോട്ടാണ് വരുന്നത്. കുറ്റാന്വേഷകന്റെ റോള്‍ എടുക്കുന്നത് കഥനം നടത്തുന്ന ആള്‍ (narrator) തന്നെ. ആരാണ് സാന്റിയാഗൊ നാസറിനെ വധിച്ചതെന്ന്, ആദ്യംതന്നെ വായനക്കാരനോട് അസന്ദിഗ്ധമായി പറയുന്നുണ്ട്. എന്തിന് അതു ചെയ്തു എന്നു നമ്മെ അറിയിക്കുകയാണ് ഗ്രന്ഥത്തിന്റെ ബാക്കി ധര്‍മം. 'പത്രസാഹിത്യം, യഥാതഥ ചിത്രീകരണം, അപസര്‍പ്പകസാഹിത്യം എന്നിവയുടെ സംലയനം' എന്ന് ഈ കൃതിയെ സാഹിത്യനിരൂപകനായ റൂബെന്‍ പെലായൊ വിശേഷിപ്പിക്കുന്നു.
ലവ് ഇന്‍ ദ് റ്റൈം ഒഫ് കോളെറ എന്ന ശീര്‍ഷകത്തില്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തിട്ടുള്ള എല്‍ അമോര്‍ എന്‍ ലോസ് തിയെംപോസ് ദെല്‍ കോളെറ (1985)യും ഗാര്‍സിയ മാര്‍ക്കേസിന്റെ വിഖ്യാതമായ നോവലാണ്. പ്രണയം, പ്രായം വര്‍ധിക്കുന്നതിനോടു ബന്ധപ്പെട്ട പ്രശ്നങ്ങള്‍, മരണം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഇത്, 1870-കളുടെ അന്ത്യം മുതല്‍ 1930-കളുടെ അവസാനം വരെ യുദ്ധം, കോളറ തുടങ്ങിയവ അലട്ടുന്ന ഒരു ദക്ഷിണ അമേരിക്കന്‍ സമൂഹം വായനക്കാരന്റെ മുമ്പില്‍ എത്തിക്കുന്നു. ഈ പശ്ചാത്തലത്തില്‍ കലാകാരനായ ഫ്ളോറെന്റിനോ അരിഥ, ധനികയായ ഫെമിന ദാഥ എന്നിവരുടെ പ്രണയകഥ ഇതള്‍ വിടര്‍ത്തുന്നു. വളരെ നീണ്ട ഒരു കാലയളവിനുശേഷമേ-ഇരുവരും എഴുപതുകളില്‍ എത്തുകയും മരണം വിളിപ്പാടകലെ ചുറ്റിപ്പറ്റി നില്ക്കുകയും ചെയ്യുമ്പോഴേ-അവര്‍ക്കു പുനഃസമാഗമം ഉണ്ടാകുന്നുള്ളൂ. വിപരീതാവസ്ഥകളെല്ലാം സഹിക്കുന്ന അവരുടെ പ്രണയത്തിന്റെ ചൈതന്യം, ചുറ്റുപാടുകളുടെ ജീര്‍ണതാവസ്ഥയില്‍ നിന്നും എത്ര വ്യത്യസ്ഥമാണെന്ന് ഉള്ളില്‍ തട്ടുന്നതരത്തില്‍ എടുത്തുകാട്ടുന്നതില്‍ കഥാകാരന്‍ വിജയിച്ചിട്ടുണ്ട്. ഊഷ്മള വരവേല്പു ലഭിച്ച ഈ കൃതി ദേശീയവും അന്തര്‍ദേശീയവുമായ സഹൃദയവേദികളില്‍ മാര്‍ക്കേസിന്റെ സ്ഥാനം ഒരിക്കല്‍ക്കൂടി തെളിയിച്ചു. എല്‍ ജനറല്‍ എന്‍ സു ലാബെറിന്തൊ (The General in His Labyrinth, 1989) ലാറ്റിനമേരിക്കന്‍ വിമോചകനായ സൈമണ്‍ ബൊളിവറുടെ (1783-1830) ജീവിതത്തിലെ അവസാനമാസങ്ങളെ അധികരിച്ചുള്ള നോവലാണ്.
1992-ല്‍ പ്രസിദ്ധീകരിച്ച ദോസ് കുയെന്തോസ് പ്രെഗിനോസ് (1974-നും 92-നും ഇടയില്‍ ഗാര്‍സിയ മാര്‍ക്കേസ് രചിച്ച ചെറുകഥകളുടെ സമാഹാരം), ഓപ്പെറാസിയോന്‍ കാര്‍ലോത്ത (1977, ഉപന്യാസസമാഹാരം), ല നോവെല എന്‍ അമേരിക്ക ലാത്തിന (സാഹിത്യ വിമര്‍ശനം), ഒരു സുഹൃത്തിനോടൊപ്പം സംശോധനം നിര്‍വഹിച്ച എല്‍ ഒലോര്‍ ദെ ല ഗ്വായബ (1982, ദ് ഫ്രെയ്ഗ്രന്‍സ് ഒഫ് ഗ്വാവാ), സ്ട്രെയ്ഞ്ച് പില്‍ഗ്രിംസ് (1992), ലവ് ആന്‍ഡ് അദര്‍ ഡീമണ്‍സ് (1994, നോവല്‍), ദ് സോളിറ്റ്യൂഡ് ഒഫ് ലാറ്റിന്‍ അമേരിക്ക (1982), കാന്‍ ഡെസ്റ്റെന്‍ ഇന്‍ ചിലി (1986), ന്യൂസ് ഒഫ് എ കിഡ്നാപ്പിങ് (1996), എ കണ്‍ട്രി ഫോര്‍ ചില്‍ഡ്രന്‍ (1998) പോലെയുള്ള കഥേതര കൃതികള്‍ മുതലായവ ഇദ്ദേഹത്തിന്റെ സംഭാവനകളില്‍പ്പെടുന്നു. വിവ സാന്‍ദിനൊ (1982) ഉള്‍പ്പെടെ തിരക്കഥകളും രചിച്ചിട്ടുള്ള ഗാര്‍സ്യ മാര്‍ക്കേസിന്റെ പല കൃതികളും വെള്ളിത്തിരയിലും എത്തിയിട്ടുണ്ട്.
1999-ല്‍ ഒരിനം കാന്‍സര്‍ (lymphatic cancer) ഗാര്‍സിയ മാര്‍ക്കേസിനെ ബാധിച്ചിരിക്കുന്നതായി കണ്ടെത്തി. ലോസ് ആഞ്ചെലെസിലെ ഒരു ആശുപത്രിയില്‍ ഇദ്ദേഹത്തിനു കീമോതെറാപ്പി ചെയ്തു. തുടര്‍ന്ന് രോഗത്തിന്റെ തീവ്രത തുലോം കുറഞ്ഞു. ഈ അനുഭവമാകാം തന്റെ ഓര്‍മക്കുറിപ്പുകള്‍ എഴുതുവാന്‍ ഇദ്ദേഹത്തിനു പ്രേരകമായത്. "ഞാന്‍ എന്റെ സുഹൃത്തുക്കളുമായുള്ള ബന്ധം തീരെ കുറച്ചു. ടെലിഫോണ്‍ വിച്ഛേദിച്ചു. യാത്രകള്‍ റദ്ദാക്കി... യാതൊരു തടസ്സവും കൂടാതെ എഴുതാനായി ഞാന്‍ സ്വയം ബന്ധിതനായി എന്ന് തന്റെ പുതിയ അവസ്ഥയെപ്പറ്റി ഇദ്ദേഹം ലാ റിപ്പബ്ലിക്ക എന്ന കൊളംബിയന്‍ ദിനപത്രത്തിന്റെ പ്രവര്‍ത്തകരോടു പറഞ്ഞു. താന്‍ വാഗ്ദാനം ചെയ്ത മൂന്നു ഭാഗങ്ങളുള്ള ഓര്‍മക്കുറിപ്പുകളുടെ ആദ്യഭാഗമായ വിവിര്‍ പാറാ കോന്‍ത്രാലാ (Living to Tell the Tale) 2002-ല്‍ പ്രസിദ്ധീകരിച്ചു. ഇതിന് ഈഡിത് ഗ്രോസ്മാന്‍ തയ്യാറാക്കിയ ഇംഗ്ലീഷ് പരിഭാഷയായ ലിവിങ് റ്റു റ്റെല്‍ ദ് റ്റെയ്ല്‍ പിറ്റേവര്‍ഷം നവംബറില്‍ വായനക്കാരുടെ കൈകളില്‍ എത്തി. സമീപകാല രചനകളിലൊന്നായ മെമ്മോറിയ ദെ മിസ് പുറ്റാസ് ത്രിസ്തെസ് (Memories of my Melancholy Whores) എന്ന നോവലില്‍ ഒരു തൊണ്ണൂറുകാരനും യൗവനത്തിന്റെ പടിവാതില്‍ക്കല്‍മാത്രം എത്തിയിട്ടുള്ള (pubescent) അയാളുടെ വെപ്പാട്ടിയും തമ്മിലുള്ള പ്രണയമാണ് വിഷയം. ഇറാനിലും മറ്റും വിവാദങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ആദ്യവില്പന (5000 കോപ്പികള്‍) കഴിഞ്ഞപ്പോള്‍ അവിടെ ഇത് നിരോധിക്കപ്പെട്ടു. 2008-ല്‍ പുതിയൊരു നോവലിനെപ്പറ്റിയുള്ള വര്‍ത്തമാനങ്ങളൊക്കെ കേട്ടിരുന്നെങ്കിലും ഗാര്‍സിയ മാര്‍ക്കേസിന്റെ ഏജന്റായ കാര്‍മെന്‍ ബാല്‍സെല്‍സ് ലാ തെര്‍ഥെറയോട് (ചിലിയന്‍ വര്‍ത്തമാനപത്രം) ഇദ്ദേഹം ഇനി രചനാജീവിതം തുടരുവാന്‍ സാധ്യത കുറവാണെന്ന് 2009 ഏപ്രിലില്‍ പറഞ്ഞത്രെ.
ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടും ആരാധകരുള്ള ഗാര്‍സ്യ മാര്‍ക്കേസിന് ഒട്ടനവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ടതാണ് 1982-ല്‍ ഇദ്ദേഹത്തെ തേടിയെത്തിയ നോബല്‍സമ്മാനം. "ഭ്രമാത്മകതയും യാഥാര്‍ഥ്യവും സംയോജിക്കപ്പെടുന്ന ഭാവനാലോകത്തിലൂടെ ഒരു ഭൂഖണ്ഡത്തിന്റെ ജീവിതത്തെയും സംഘര്‍ഷങ്ങളെയും പ്രതിഫലിപ്പിക്കുന്ന നോവലുകളും ചെറുകഥകളും എഴുതിയ സാഹിത്യകാരന്‍ എന്ന നിലയില്‍ ഗാര്‍സിയ മാര്‍ക്കേസിനു 1982-ലെ നോബല്‍സമ്മാനം നല്കുന്നു. എന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് പതിനെട്ടംഗ സ്വീഡിഷ് അക്കാദമി ഒഫ് ലെറ്റേഴ്സ് ഇദ്ദേഹത്തിന് ഈ അംഗീകാരം നല്കിയത്. ഈ വാക്കുകള്‍ കഥാപുരുഷന്റെ രചനകളെ മനോഹരമായി നിര്‍വചിക്കുന്നു. പ്രൊഫസര്‍ ലാര്‍സ് ഗില്ലെന്‍സ്റ്റന്‍ നോബല്‍ സമ്മാനദാനച്ചടങ്ങില്‍, "പ്രതിബദ്ധത, നിയന്ത്രണബോധം, പരന്ന വായനാശീലം എന്നിവയുടെ പിന്‍ബലത്തോടെ ഭാഷയെ ഒരു കലാകാരനെപ്പോലെ കൈകാര്യം ചെയ്യാനുള്ള കഴിവിനെ സമൃദ്ധമെന്നും വിപുലമെന്നും വിളിക്കാവുന്ന ആഖ്യാനപാടവത്തോടു ബന്ധിപ്പിക്കുന്ന നോവലിസ്റ്റ് എന്നു വിശേഷിപ്പിച്ചു. ഗാര്‍സിയ മാര്‍ക്കേസ് രചിച്ച ചെറുകഥകള്‍ കഥാഖ്യാനത്തില്‍ ഇദ്ദേഹത്തിനുള്ള കഴിവിനെപ്പറ്റി കൂടുതല്‍ തെളിവുകള്‍ നല്കുമെന്നും ഗില്ലെന്‍സ്റ്റന്‍ കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെതന്നെ വാക്കുകള്‍ കടമെടുത്താല്‍, "ഗാര്‍സിയ മാര്‍ക്കേസ് സൃഷ്ടിച്ചെടുത്ത ലോകത്തില്‍ നടക്കുന്ന എല്ലാ സംഭവങ്ങളുടെ പിന്നിലെയും സംവിധായകന്‍ മരണമാണ്. മരണമടഞ്ഞ ഏതെങ്കിലുമൊരു വ്യക്തിയെ ചുറ്റിപ്പറ്റിയാണ് ഇദ്ദേഹത്തിന്റെ കഥകള്‍ മിക്കപ്പോഴും രൂപം കൊള്ളുന്നത്-ഇത് മരിച്ചിട്ട് അധികം സമയമാകാത്ത വ്യക്തിയോ മരണാസന്നനോ ആകാം. ഇങ്ങനെ ജീവിതത്തെ ദുരന്തത്തിന്റെ പരിവേഷത്തോടെ നോക്കിക്കാണുന്നവയാണ് ഗാര്‍സിയ മാര്‍ക്കേസിന്റെ ഗ്രന്ഥങ്ങള്‍... പ്രപഞ്ചത്തിന്റെ ചെറിയൊരു പതിപ്പ് എന്നു വിളിക്കാവുന്ന ഒരു ലോകത്തെ സ്വന്തം കഥകളിലൂടെ ഗാര്‍സിയ മാര്‍ക്കേസ് സൃഷ്ടിക്കുന്നു. നോബല്‍ പ്രൈസിനു പുറമേ ലഭിച്ച അനേകം അംഗീകാരങ്ങളില്‍ കൊളംബിയന്‍ അസോസിയേഷന്‍ ഒഫ് റൈറ്റേഴ്സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ്സ് അവാര്‍ഡ്, എസോ (Esso) ലിറ്റെററി പ്രൈസ് (1961) ലൊസ് ആന്‍ജലീസ് റ്റൈംസ് പ്രൈസ് (1988) എന്നിവ ഉള്‍പ്പെടുന്നു. 1971-ല്‍ കൊളംബിയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് ബിരുദം നല്കി ഇദ്ദേഹത്തെ ആദരിച്ചു.
അക്രമവാസന, ഏകാന്തത, സ്നേഹത്തിനു വേണ്ടിയുള്ള മനുഷ്യമനസ്സിന്റെ ഒടുങ്ങാത്ത ദാഹം തുടങ്ങിയവയെ മുഖ്യവിഷയങ്ങളാക്കുന്ന ഗാര്‍സ്യ മാര്‍ക്കേസിന്റെ കഥാകൃതികളും ഇതരരചനകളും ഏതാണ്ട് എല്ലാത്തരം വായനക്കാരെയും ഹഠാദാകര്‍ഷിക്കുന്നു. ലളിതവും വ്യക്തവും മനോഹരവുമാണ് ആ ശൈലി. യാഥാര്‍ഥ്യത്തെയും വിചിത്ര കല്പനയെയും അതു സമഞ്ജസമായി സമ്മേളിപ്പിക്കുന്നു. ലോകമെമ്പാടും ആരാധകരുള്ള, പരിഭാഷകളിലൂടെ സാഹിത്യാസ്വാദകര്‍ക്കേവര്‍ക്കും പരിചിതനായ ഗാര്‍സിയ മാര്‍ക്കേസിനെ "ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തിനു ലഭിച്ച വരദാനം എന്ന് സാഹിത്യപണ്ഡിതന്മാര്‍ വിശേഷിപ്പിക്കുന്നു.