This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ക്ലാസ്സിസിസം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→ക്ലാസ്സിസിസം മലയാളത്തില്‍) |
(→ഗ്രീക്-റോമന്‍ ക്ലാസ്സിക്കുകളുടെ കാലം) |
||
വരി 30: | വരി 30: | ||
====ഗ്രീക്-റോമന്‍ ക്ലാസ്സിക്കുകളുടെ കാലം==== | ====ഗ്രീക്-റോമന്‍ ക്ലാസ്സിക്കുകളുടെ കാലം==== | ||
- | ഹോമര്‍ (ബി.സി. 700) തൊട്ടുതുടങ്ങുന്ന പ്രാചീന ഗ്രീക്കുസാഹിത്യത്തിന് എ.ഡി. 6-ാം ശ. വരെയുള്ള ചരിത്രമുണ്ട്. ഇതില്‍ അലക്സാണ്ടര്‍ (ബി.സി. 4-ാം ശ.) വരെയുള്ള കാലത്തെയാണ് 'ക്ലാസ്സിക്കല്‍' എന്നു വിശേഷിപ്പിക്കാറ്. സോഫോക്ലിസ്സും (ബി.സി. 496-406) ഈ കാലഘട്ടത്തിലായിരുന്നു. ഹോമറിന്റെ ഇലിയഡ് (Iliad), ഒഡീസി (Odyssey) എന്നീ കാവ്യങ്ങള്‍ ഗ്രീക്കു കവിതയിലെ പ്രഥമ പരീക്ഷണങ്ങളല്ലെന്നും ഇവയ്ക്കു പിന്നില്‍ പരിനിഷ്ഠമായ കാവ്യാനുശീലനപാരമ്പര്യം ഉണ്ടെന്നും വ്യക്തമത്രേ. എന്നാല്‍ ഇവ സാഹിത്യത്തിന്റെ ആദികാല സൃഷ്ടികള്‍ തന്നെയെന്ന് ഇവയുടെ ലാളിത്യം, ആര്‍ജവം, വിശുദ്ധി എന്നീ ഗുണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. രൂപശില്പം പരിപൂര്‍ണതയിലെത്തി; ചിന്താപരമായ ഔന്നത്യം ആദ്യന്തം പുലര്‍ത്തി; ഗദ്യത്തിലും പദ്യത്തിലും | + | ഹോമര്‍ (ബി.സി. 700) തൊട്ടുതുടങ്ങുന്ന പ്രാചീന ഗ്രീക്കുസാഹിത്യത്തിന് എ.ഡി. 6-ാം ശ. വരെയുള്ള ചരിത്രമുണ്ട്. ഇതില്‍ അലക്സാണ്ടര്‍ (ബി.സി. 4-ാം ശ.) വരെയുള്ള കാലത്തെയാണ് 'ക്ലാസ്സിക്കല്‍' എന്നു വിശേഷിപ്പിക്കാറ്. സോഫോക്ലിസ്സും (ബി.സി. 496-406) ഈ കാലഘട്ടത്തിലായിരുന്നു. ഹോമറിന്റെ ഇലിയഡ് (Iliad), ഒഡീസി (Odyssey) എന്നീ കാവ്യങ്ങള്‍ ഗ്രീക്കു കവിതയിലെ പ്രഥമ പരീക്ഷണങ്ങളല്ലെന്നും ഇവയ്ക്കു പിന്നില്‍ പരിനിഷ്ഠമായ കാവ്യാനുശീലനപാരമ്പര്യം ഉണ്ടെന്നും വ്യക്തമത്രേ. എന്നാല്‍ ഇവ സാഹിത്യത്തിന്റെ ആദികാല സൃഷ്ടികള്‍ തന്നെയെന്ന് ഇവയുടെ ലാളിത്യം, ആര്‍ജവം, വിശുദ്ധി എന്നീ ഗുണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. രൂപശില്പം പരിപൂര്‍ണതയിലെത്തി; ചിന്താപരമായ ഔന്നത്യം ആദ്യന്തം പുലര്‍ത്തി; ഗദ്യത്തിലും പദ്യത്തിലും മൗലികമായ പല ശൈലിയും രൂപങ്ങളും കണ്ടെത്തി; പുരാണം, ഭാവഗാനം, വിലാപകാവ്യം, ദുഃഖാന്ത നാടകം, പ്രഹസനം, കവിത, ചരിത്രം, തത്ത്വശാസ്ത്രം എന്നീ വിവിധ രൂപങ്ങള്‍ പുഷ്ടിപ്പെട്ടു. സോഫോക്ലിസ്സിന്റെ ആന്റിഗണി, ഈഡിപ്പസ്, എലക്ട്രാ തുടങ്ങിയ നാടകങ്ങളെത്തുടര്‍ന്ന് രംഗകലയില്‍ ഉണ്ടായ മുന്നേറ്റം ബി.സി. 5-ാം ശതകത്തിലാണ്. എസ്കിലസ് (ബി.സി. 525-456), യൂറിപ്പിഡസ് (ബി.സി. 480-406) ഇവരാണ് മറ്റു പ്രമുഖ ഗ്രീക്ക് നാടകകൃത്തുക്കള്‍. ഇവരെ മുന്‍നിര്‍ത്തിയുള്ള കാവ്യവിചാരചര്‍ച്ചയില്‍ കല അനുകരണമാണ് എന്ന് അരിസ്റ്റോട്ടല്‍ വാദിക്കുന്നു. ക്ലാസ്സിസിസത്തിന്റെ പ്രമാണങ്ങളില്‍ ഒന്നാണ് ഇത്. അതുപോലെ നാടകത്തിന് സ്ഥലം, കാലം, അഭിനയം എന്നീ മൂന്നിനം ഘടകങ്ങള്‍ക്കും പൊരുത്തമുണ്ടാവണം (ഐക്യത്രയം) എന്നതും അരിസ്റ്റോട്ടലിന്റെ സിദ്ധാന്തമാണ്. ബി.സി. 330 മുതല്‍ എ.ഡി. 100 വരെയുള്ള അലക്സാണ്ട്രിയന്‍ കാലഘട്ടത്തില്‍ ഗ്രീക്കുസാഹിത്യത്തിന്റെ മൗലികത നഷ്ടപ്പെടുകയും പ്രാചീന ക്ലാസ്സിക്കല്‍ അനുകരണങ്ങള്‍ എന്ന നിലയ്ക്ക് പണ്ഡിതന്മാരുടെ രചനകള്‍ ഉണ്ടാവുകയും ചെയ്തു. കാലിമാക്കസ് (Callimachus ജ.ബി.സി. 310), അപ്പൊളോണിയസ് റോഡിയസ് (Appollonius Rhodius), അരട്ടാസ് (Aratus, ജ.ബി.സി.315) തുടങ്ങിയവരാണ് ഇക്കാലത്ത് പ്രബോധനാത്മകമായ പുരാണങ്ങള്‍ എഴുതിയവര്‍. നിക്കാന്‍ഡര്‍ (Nicander, ജ.ബി.സി. 200), തേറിയാക്ക (Theriaca) തുടങ്ങിയവര്‍ ശാസ്ത്ര തത്ത്വങ്ങള്‍ പദ്യരൂപത്തിലെഴുതിയവരാണ്. ബി.സി. 305-ല്‍ ജനിച്ച തിയോക്രിട്ടസ് (Theocritus) ഗ്രാമീണ ജീവിത പ്രതിപാദകമായി ഹെക്സാ മീറ്റര്‍ എന്ന വൃത്തത്തിലെഴുതുന്ന ഇഡില്‍ (Idyll) എന്ന ലഘുകാവ്യരൂപമുണ്ടാക്കി. |
ഗ്രീക്കു വൃത്തവും ശൈലിയും സ്വീകരിച്ച റോമാസാഹിത്യത്തിന് ഹ്രസ്വകാല ചരിത്രമേയുള്ളൂ. ബി.സി. 3-ാം ശതകത്തിന്റെ മധ്യത്തില്‍ തുടങ്ങി ബി.സി. 27 വരെ റിപ്പബ്ളിക്കന്‍ കാലഘട്ടം; തുടര്‍ന്ന് എ.ഡി. 14 വരെ അഗസ്റ്റന്‍ കാലഘട്ടം; തുടര്‍ന്ന് എ.ഡി. 524 വരെ സാമ്രാജ്യത്വ (ഇംപീരിയല്‍) കാലഘട്ടം. പ്ലാട്ടസ് (Plautus), വെര്‍ജില്‍ (Virgi), ബുക്കോലിക്ക (Bucolica), ഹൊറേസ് (Horace), സെനക്ക (Senec), ലൂക്കാനസ് (Lucanus) എന്നിവരാണ് പ്രധാന കവികള്‍. | ഗ്രീക്കു വൃത്തവും ശൈലിയും സ്വീകരിച്ച റോമാസാഹിത്യത്തിന് ഹ്രസ്വകാല ചരിത്രമേയുള്ളൂ. ബി.സി. 3-ാം ശതകത്തിന്റെ മധ്യത്തില്‍ തുടങ്ങി ബി.സി. 27 വരെ റിപ്പബ്ളിക്കന്‍ കാലഘട്ടം; തുടര്‍ന്ന് എ.ഡി. 14 വരെ അഗസ്റ്റന്‍ കാലഘട്ടം; തുടര്‍ന്ന് എ.ഡി. 524 വരെ സാമ്രാജ്യത്വ (ഇംപീരിയല്‍) കാലഘട്ടം. പ്ലാട്ടസ് (Plautus), വെര്‍ജില്‍ (Virgi), ബുക്കോലിക്ക (Bucolica), ഹൊറേസ് (Horace), സെനക്ക (Senec), ലൂക്കാനസ് (Lucanus) എന്നിവരാണ് പ്രധാന കവികള്‍. |
16:38, 30 സെപ്റ്റംബര്‍ 2015-നു നിലവിലുണ്ടായിരുന്ന രൂപം
ക്ലാസ്സിസിസം
Classicism
സാഹിത്യത്തിലും കലയിലും ഒരു പ്രത്യേക പദ്ധതിയെയോ പ്രസ്ഥാനത്തെയോ സൂചിപ്പിക്കുന്ന വാക്ക്. ഈ പ്രസ്ഥാനം പ്രാചീന യവന-റോമാ-ഇന്ത്യന്‍ സാഹിത്യ-കലാരൂപങ്ങളുടെ സ്വഭാവം ഉള്‍ക്കൊള്ളുന്നു.
ക്ലാസ്സിസിസം സാഹിത്യത്തില്‍
നിര്‍വചനം
'ക്ലാസ്സിക്' എന്ന പദം, അതിവിശിഷ്ടമോ കാലാതിവര്‍ത്തിയോ ആയ കൃതിയെയോ, വ്യവസ്ഥയും മികവും ശാസ്ത്രീയതയും ഉള്ള കലാരൂപത്തെയോ സൂചിപ്പിക്കുന്നു. 'ക്ലാസ്സിക്കല്‍' എന്ന വിശേഷണശബ്ദത്തിന് ചിരന്തനം, ചിട്ടപ്പെടുത്തിയത് എന്നെല്ലാമാണ് അര്‍ഥം. തത്സമരൂപത്തില്‍ ഈ വാക്കുകള്‍ മലയാളത്തില്‍ പ്രയോഗിക്കുന്നു.
പ്രത്യേകതകള്‍
യുക്തിവിചാരം, നിയന്ത്രണം, സൂക്ഷ്മത എന്നീ ഗുണങ്ങളും പരമ്പരയാ അംഗീകരിക്കപ്പെട്ട സിദ്ധാന്തങ്ങളും ക്ലാസ്സിസിസത്തില്‍ നിയാമകമായിരിക്കും. കാലക്രമത്തില്‍ സങ്കേതബദ്ധവും ആവിഷ്കരണഭംഗിക്ക് അര്‍ഥത്തെക്കാള്‍ പ്രാധാന്യം കല്പിക്കുന്നതും സന്മാര്‍ഗോപദേശവും സ്വഭാവ സംസ്കരണവും മുഖ്യ ലക്ഷ്യമാക്കുന്നതും, പാണ്ഡിത്യപ്രകടനം ലക്ഷണമായിട്ടുള്ളതും ആയ പ്രസ്ഥാനം എന്ന അര്‍ഥം പതിഞ്ഞു. ശില്പിയെക്കാള്‍ ശില്പമാണ് ഇവിടെ ശ്രദ്ധിക്കപ്പെടുക. ടൈപ്പുകഥാപാത്രങ്ങളും നിയമാനുസൃതമായ ദീര്‍ഘവര്‍ണനകളും ഈ വിഭാഗത്തില്‍പ്പെടുന്ന സാഹിത്യത്തില്‍ പ്രതീക്ഷിക്കാം. ശൈലിക്ക് ഭദ്രതയും സംശുദ്ധിയും പ്രമേയത്തിന് ഔന്നത്യവും ധാര്‍മികതയും ആവശ്യമാണ്. വികാരാവിഷ്കാരത്തെക്കാള്‍ പ്രധാനമാണ് വികാരസംയമനം.
ഗ്രീക്-റോമന്‍ സംസ്കാരത്തിന്റെ നവോത്ഥാനം ഫ്രഞ്ച്-ജര്‍മന്‍-ഇംഗ്ലീഷ് ഭാഷകളില്‍ അനുഭവപ്പെട്ട ഘട്ടങ്ങളിലെല്ലാം പാശ്ചാത്യ ക്ലാസ്സിസിസം പ്രബലമായിരുന്നു. ഗ്രീക്-റോമന്‍ സംസ്കാരം നിലനിന്നത് ബി.സി. 750 മുതല്‍ എ.ഡി. 250 വരെയുള്ള കാലത്താണ്. അരിസ്റ്റോട്ടല്‍ (ബി.സി.384-322), ഹൊറേസ് (ബി.സി. 65-8), ക്വിന്റിലിയന്‍ (എ.ഡി. 35-95) എന്നിവരുടെ കലാസിദ്ധാന്തങ്ങളും ദര്‍ശനങ്ങളും പാശ്ചാത്യ ക്ലാസ്സിസിസത്തിന്റെ രൂപരേഖയാണ്. ഈ സിദ്ധാന്തങ്ങള്‍ക്ക് മുഖ്യമായും ഹോമറുടെ മഹാകാവ്യങ്ങളും സോഫോക്ലിസിന്റെ ദുരന്തനാടകങ്ങളും ആണ് ആധാരം. ഗ്രീക്-റോമന്‍ മാതൃകകളാല്‍ പ്രചോദിതമായ സാഹിത്യത്തിന് പൊതുവേ 'ക്ലാസ്സിസിസം' എന്നാണ് പേര്‍.
വാക്കിന്റെ ഉദ്ഭവം
16-ാം ശതകത്തില്‍ നവോത്ഥാനകാലഘട്ടത്തിലെ നിരൂപകന്മാര്‍ ഫ്രാന്‍സിലെയും ഇറ്റലിയിലെയും വിദ്യാലയങ്ങളില്‍ പഠിപ്പിച്ചിരുന്ന കൃതികളെ ക്ലാസ്സിക് എന്നു വിളിച്ചിരുന്നു. പാഠ്യപുസ്തകമാക്കാന്‍ യോഗ്യം, മാതൃകായോഗ്യം എന്നെല്ലാമുള്ള അര്‍ഥം ഇങ്ങനെ ലഭിച്ചതാണ്. ഗ്രീക്-ലത്തീന്‍ കൃതികള്‍ മാത്രമാണ് ഒരു കാലത്ത് ക്ലാസുകളില്‍ പഠിപ്പിച്ചിരുന്നത്. അങ്ങനെ ക്ലാസ്സിക്കുകള്‍ എന്നു പറഞ്ഞാല്‍ ഗ്രീക്-ലത്തീന്‍ കൃതികള്‍ എന്നു ധരിക്കാനിടവന്നു. സാഹിത്യമാതൃക എന്ന നിലയിലായാലും ഗ്രീക്-ലത്തീന്‍ കൃതികള്‍ക്ക് സമുന്നതമായ സ്ഥാനമുണ്ട്. ദാന്തേയുടെ കാലം (1265-1321) ആയപ്പോള്‍ ഇറ്റലിയിലും ക്ലാസ്സിക്കുകള്‍ ആവിര്‍ഭവിച്ചു. സ്പെയിനിലേക്കും ഫ്രാന്‍സിലേക്കും പ്രവണത പരന്നു; തുടര്‍ന്ന് ജര്‍മന്‍ ഭാഷയിലേക്കും ഇംഗ്ലീഷിലേക്കും വെര്‍ജില്‍, ദാന്തേ, സെര്‍വാന്റീസ്, ബൊക്കേഷ്യാ എന്നിവര്‍ ഹോമറൊടൊപ്പം പ്രസിദ്ധരായ പാശ്ചാത്യക്ലാസ്സിക് കവികളായി. ഈ പൗരാണിക കവികളോടൊപ്പം പറയാവുന്നതാണ് 17-ാം ശ. മുതല്‍ക്കുള്ള ഷെയ്ക്സ്പിയര്‍, മില്‍ട്ടന്‍, മോളിയേര്‍ എന്നീ പേരുകളും. സാന്ത്ബ്യൂവ് (1804-69) പറയുന്ന ക്ലാസ്സിക് കവിയുടെ ലക്ഷണമെല്ലാം ഇവരിലൊക്കെ കണ്ടെത്താം: ഒരു 'യഥാര്‍ഥക്ലാസ്സിക്' മനുഷ്യമനസ്സിനെ സമ്പന്നമാക്കുന്നു; മനസ്സമ്പത്ത് വര്‍ധിപ്പിക്കുന്നു; അവനെ ഒരു ചുവട് മുമ്പോട്ടു നയിക്കുന്നു; അസന്ദിഗ്ധമായും സത്യത്തെ കണ്ടെത്തുന്നു. ചിന്തയും നിരീക്ഷണവും ചേര്‍ന്ന് സത്യത്തിന്റെ വെണ്മ പരത്തുന്ന സൂക്തികളും, വിസ്തൃതവും സൂക്ഷ്മവും ആയ ശില്പസംവിധാനവും, ശബ്ദാര്‍ഥചാരുതകലര്‍ന്ന പ്രതിപാദനരീതിയും ക്ലാസ്സിക്കിന്റെ ലക്ഷണങ്ങളാണ്.
ഇന്നത്തെ തലമുറയുടെ ആരാധനയും അംഗീകാരവും നേടിയ പുരാതനകാലത്തെ വിശിഷ്ടനായ ഒരു സാഹിത്യകാരനെ ക്ലാസ്സിക് എഴുത്തുകാരന്‍ എന്നുവിളിക്കാം. എ.ഡി. രണ്ടാംശതകത്തില്‍ ജീവിച്ചിരുന്ന ഒലൂസ് ജെലിയസ് (Aulus Gellius) ആഢ്യനും പണ്ഡിതനുമായിരുന്ന കൊറോനീലിയസ് ഫ്രന്റോ (Coronelius Fronto) എന്ന എഴുത്തുകാരനെ സ്ക്രിപ്റ്റര്‍ ക്ലാസ്സിക്കസ് (Scripter classicus) എന്നു വിശേഷിപ്പിച്ചു. സമൂഹത്തിന്റെ ഉപരിമണ്ഡലത്തിലുള്ള അഭിജാതരും വിദ്യാസമ്പന്നരുമായ ന്യൂനപക്ഷത്തിനുവേണ്ടി സാഹിത്യരചന നടത്തുന്നവനാണ് സ്ക്രിപ്റ്റര്‍ ക്ലാസ്സിക്കസ്. സാധാരണക്കാര്‍ക്കുവേണ്ടി എഴുതുന്നവര്‍ സ്ക്രിപ്റ്റസ് പ്രോലിറ്റേറിയസ് ആണ്. മേല്‍ത്തട്ടില്‍പ്പെട്ട പണക്കാരെ ക്ലാസ്സിസി എന്നും അവരില്‍പ്പെട്ട എഴുത്തുകാരെ 'ക്ലാസ്സിക്കസ്' എന്നും പറയുമായിരുന്നു, അതായത് സാമാന്യവും സംപൂജ്യവും അഭിജാതവുമായത് എന്ന അര്‍ഥത്തില്‍ ക്ലാസ്സിക് എന്ന് പറഞ്ഞിരുന്നു.
ക്ലാസ്സിക്കുകളിലെ ജീവിതവീക്ഷണം
ക്ലാസ്സിസിസത്തിനു പിന്നില്‍ ഒരു സവിശേഷ മനോഭാവം, വിശ്വാസം, ജീവിതശൈലി, ദര്‍ശനം ഇവയൊക്കെ കണ്ടെത്താം. മനുഷ്യന്റെ കഴിവുകള്‍ പരിമിതങ്ങളാണെന്നും ഏതോ അദൃശ്യശക്തിയുടെ കൈയിലെ കളിപ്പാവയാണ് മനുഷ്യനെന്നും ഉള്ള ചിന്താഗതി അതിനടിയിലുണ്ട്. ഭൂതശക്തികളെയോ അമാനുഷിക വൈഭവത്തെയോ പ്രതിനിധാനം ചെയ്യുന്ന പ്രകൃതിയുടെ ഇച്ഛയ്ക്ക് വഴങ്ങി, ശിക്ഷയായാലും അനുഗ്രഹമായാലും ഏറ്റുവാങ്ങി ജീവിക്കുന്ന മനുഷ്യരാണ് ഗ്രീക്കിലെയും സംസ്കൃതത്തിലെയും കാവ്യനാടകങ്ങളിലുള്ളത്. പുതുമയോടോ പരിവര്‍ത്തനങ്ങളോടോ അവര്‍ക്കു കമ്പമില്ല. എല്ലാം വിധിക്കു സമര്‍പ്പിച്ച് ലബ്ധകാമന്മാരായി, സംതൃപ്തരായി അവര്‍ കാലം കഴിക്കുന്നു. അവരുടെ ജീവിതവീക്ഷണവും വിശ്വാസപ്രമാണങ്ങളും കൃതികളില്‍ നിഴലിക്കും. 'ദൈവമേ ബലം മന്യേ പൗരുഷം ഹി നിരര്‍ഥകം' എന്ന് വ്യാസന്‍ മഹാഭാരതത്തില്‍ പറയുന്നത് ക്ലാസ്സിക് കവിയുടെ സന്ദേശത്തിന് നല്ലൊരു മാതൃകയാണ്. ഇവിടെ വ്യക്തിപരമായ കാഴ്ചപ്പാടോ ഇഷ്ടാനിഷ്ടങ്ങളോ അല്ല, വസ്തുനിഷ്ഠ സമീപനമാണുള്ളത്. സമൂഹത്തിന്റെ പൊതുവായ അനുഭവങ്ങളുടെ ഉദാഹരണങ്ങള്‍ എന്ന നിലയ്ക്കേ അവര്‍ കഥാപാത്രങ്ങളുടെ കഥപറയൂ. സാമാന്യവത്കരിച്ച ജീവിതത്തിന്റെ പ്രാഥമികമായ ഔന്മുഖ്യങ്ങള്‍ക്കാണ് ക്ലാസ്സിക്കില്‍ സ്ഥാനമുണ്ടാവുക.
ഗ്രീക്-റോമന്‍ ക്ലാസ്സിക്കുകളുടെ കാലം
ഹോമര്‍ (ബി.സി. 700) തൊട്ടുതുടങ്ങുന്ന പ്രാചീന ഗ്രീക്കുസാഹിത്യത്തിന് എ.ഡി. 6-ാം ശ. വരെയുള്ള ചരിത്രമുണ്ട്. ഇതില്‍ അലക്സാണ്ടര്‍ (ബി.സി. 4-ാം ശ.) വരെയുള്ള കാലത്തെയാണ് 'ക്ലാസ്സിക്കല്‍' എന്നു വിശേഷിപ്പിക്കാറ്. സോഫോക്ലിസ്സും (ബി.സി. 496-406) ഈ കാലഘട്ടത്തിലായിരുന്നു. ഹോമറിന്റെ ഇലിയഡ് (Iliad), ഒഡീസി (Odyssey) എന്നീ കാവ്യങ്ങള്‍ ഗ്രീക്കു കവിതയിലെ പ്രഥമ പരീക്ഷണങ്ങളല്ലെന്നും ഇവയ്ക്കു പിന്നില്‍ പരിനിഷ്ഠമായ കാവ്യാനുശീലനപാരമ്പര്യം ഉണ്ടെന്നും വ്യക്തമത്രേ. എന്നാല്‍ ഇവ സാഹിത്യത്തിന്റെ ആദികാല സൃഷ്ടികള്‍ തന്നെയെന്ന് ഇവയുടെ ലാളിത്യം, ആര്‍ജവം, വിശുദ്ധി എന്നീ ഗുണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. രൂപശില്പം പരിപൂര്‍ണതയിലെത്തി; ചിന്താപരമായ ഔന്നത്യം ആദ്യന്തം പുലര്‍ത്തി; ഗദ്യത്തിലും പദ്യത്തിലും മൗലികമായ പല ശൈലിയും രൂപങ്ങളും കണ്ടെത്തി; പുരാണം, ഭാവഗാനം, വിലാപകാവ്യം, ദുഃഖാന്ത നാടകം, പ്രഹസനം, കവിത, ചരിത്രം, തത്ത്വശാസ്ത്രം എന്നീ വിവിധ രൂപങ്ങള്‍ പുഷ്ടിപ്പെട്ടു. സോഫോക്ലിസ്സിന്റെ ആന്റിഗണി, ഈഡിപ്പസ്, എലക്ട്രാ തുടങ്ങിയ നാടകങ്ങളെത്തുടര്‍ന്ന് രംഗകലയില്‍ ഉണ്ടായ മുന്നേറ്റം ബി.സി. 5-ാം ശതകത്തിലാണ്. എസ്കിലസ് (ബി.സി. 525-456), യൂറിപ്പിഡസ് (ബി.സി. 480-406) ഇവരാണ് മറ്റു പ്രമുഖ ഗ്രീക്ക് നാടകകൃത്തുക്കള്‍. ഇവരെ മുന്‍നിര്‍ത്തിയുള്ള കാവ്യവിചാരചര്‍ച്ചയില്‍ കല അനുകരണമാണ് എന്ന് അരിസ്റ്റോട്ടല്‍ വാദിക്കുന്നു. ക്ലാസ്സിസിസത്തിന്റെ പ്രമാണങ്ങളില്‍ ഒന്നാണ് ഇത്. അതുപോലെ നാടകത്തിന് സ്ഥലം, കാലം, അഭിനയം എന്നീ മൂന്നിനം ഘടകങ്ങള്‍ക്കും പൊരുത്തമുണ്ടാവണം (ഐക്യത്രയം) എന്നതും അരിസ്റ്റോട്ടലിന്റെ സിദ്ധാന്തമാണ്. ബി.സി. 330 മുതല്‍ എ.ഡി. 100 വരെയുള്ള അലക്സാണ്ട്രിയന്‍ കാലഘട്ടത്തില്‍ ഗ്രീക്കുസാഹിത്യത്തിന്റെ മൗലികത നഷ്ടപ്പെടുകയും പ്രാചീന ക്ലാസ്സിക്കല്‍ അനുകരണങ്ങള്‍ എന്ന നിലയ്ക്ക് പണ്ഡിതന്മാരുടെ രചനകള്‍ ഉണ്ടാവുകയും ചെയ്തു. കാലിമാക്കസ് (Callimachus ജ.ബി.സി. 310), അപ്പൊളോണിയസ് റോഡിയസ് (Appollonius Rhodius), അരട്ടാസ് (Aratus, ജ.ബി.സി.315) തുടങ്ങിയവരാണ് ഇക്കാലത്ത് പ്രബോധനാത്മകമായ പുരാണങ്ങള്‍ എഴുതിയവര്‍. നിക്കാന്‍ഡര്‍ (Nicander, ജ.ബി.സി. 200), തേറിയാക്ക (Theriaca) തുടങ്ങിയവര്‍ ശാസ്ത്ര തത്ത്വങ്ങള്‍ പദ്യരൂപത്തിലെഴുതിയവരാണ്. ബി.സി. 305-ല്‍ ജനിച്ച തിയോക്രിട്ടസ് (Theocritus) ഗ്രാമീണ ജീവിത പ്രതിപാദകമായി ഹെക്സാ മീറ്റര്‍ എന്ന വൃത്തത്തിലെഴുതുന്ന ഇഡില്‍ (Idyll) എന്ന ലഘുകാവ്യരൂപമുണ്ടാക്കി.
ഗ്രീക്കു വൃത്തവും ശൈലിയും സ്വീകരിച്ച റോമാസാഹിത്യത്തിന് ഹ്രസ്വകാല ചരിത്രമേയുള്ളൂ. ബി.സി. 3-ാം ശതകത്തിന്റെ മധ്യത്തില്‍ തുടങ്ങി ബി.സി. 27 വരെ റിപ്പബ്ളിക്കന്‍ കാലഘട്ടം; തുടര്‍ന്ന് എ.ഡി. 14 വരെ അഗസ്റ്റന്‍ കാലഘട്ടം; തുടര്‍ന്ന് എ.ഡി. 524 വരെ സാമ്രാജ്യത്വ (ഇംപീരിയല്‍) കാലഘട്ടം. പ്ലാട്ടസ് (Plautus), വെര്‍ജില്‍ (Virgi), ബുക്കോലിക്ക (Bucolica), ഹൊറേസ് (Horace), സെനക്ക (Senec), ലൂക്കാനസ് (Lucanus) എന്നിവരാണ് പ്രധാന കവികള്‍.
ക്ലാസ്സിക് യുഗം പാശ്ചാത്യ സാഹിത്യത്തില്‍
ഗ്രീക്-റോമന്‍ പ്രാചീന മാതൃകകളെ ഉദ്ദേശിച്ചാണ് ആദ്യമൊക്കെ 'ക്ലാസ്സിക്' എന്നു പറഞ്ഞതെങ്കിലും ഈ മാതൃകകളെ അനുകരിച്ച് ലത്തീന്‍ ഭാഷയില്‍ എഴുതപ്പെട്ട സാഹിത്യവും പില്ക്കാലത്ത് 'ക്ലാസ്സിക്' എന്ന വിശേഷണത്തിന് അര്‍ഹമായി. സെനക്ക, സോഫോക്ലിസിനെ അനുകരിച്ചെഴുതിയ ദുരന്തനാടകം, വെര്‍ജില്‍ എന്ന കവി (ബി.സി. 70-19) ഹോമറിനെ അനുകരിച്ച് എഴുതിയ ഏനിയഡ് (Aeneid) എന്ന കാവ്യം ഇതൊക്കെ ക്ലാസ്സിക്കുകളില്‍ ഉള്‍പ്പെട്ടു. 15-ാം ശ. മുതല്‍ 18-ാം ശ. വരെ ഈ ഗ്രീക്-റോമന്‍ ക്ലാസ്സിക്കുകളുടെ സ്വാധീനം പാശ്ചാത്യ സാഹിത്യങ്ങളില്‍ പ്രബലമായിരുന്നു.
ഇറ്റാലിയന്‍
ഗ്രീക്-റോമന്‍ ക്ലാസ്സിക്കല്‍ പ്രസ്ഥാനത്തിന് പാശ്ചാത്യനാട്ടില്‍ ആദ്യം നവോത്ഥാനമുണ്ടായത് 15-ാം ശതകത്തോടെ ഇറ്റലിയിലാണ്. ഫ്രാന്‍സിസ് കോ പെട്രാര്‍ക്ക (Francisco Petrarca, 1304-74), ജിയോവന്നി ബൊക്കേഷ്യോ (Giovanni Boccaccio, 1313-75), ഡെമട്രിയസ് കാല്‍കോണ്‍ഡിലസ് (Demetrius Chalcondylas, 1428-1511) എന്നിവര്‍ നവോത്ഥാനത്തിന്റെ മുന്നോടികളായിരുന്നു. ലാറന്‍ഷ്യസ് വല്ല (Laurentius Valla) തുടങ്ങിയവര്‍ ഹോമര്‍കൃതികള്‍ തര്‍ജുമ ചെയ്തു. പീട്രസ് വിക്ടോറിയസ് (Petrus Victorius, 1499-1584) എന്ന ഭാഷാശാസ്ത്രജ്ഞന്‍ സോഫോക്ലിസിനെയും അരിസ്റ്റോട്ടലിനെയും പുനരുജ്ജീവിപ്പിച്ചു. തുടര്‍ന്നുള്ള കാലത്ത് ധാരാളം ലത്തീന്‍ കൈയെഴുത്തു പ്രതികള്‍ (പ്രാചീന സാഹിത്യം) കണ്ടെത്തി. ഇറ്റലിയിലും ഫ്രാന്‍സിലും ഇംഗ്ലണ്ടിലും ഉണ്ടായ ഈ നവോത്ഥാനം പ്രാചീന സാഹിത്യത്തില്‍ നിന്ന് ആര്‍ജിച്ച സൃഷ്ടിപരമായ പ്രോത്സാഹനത്തെ പ്രതിഫലിപ്പിച്ചു. ഇതോടൊപ്പം പ്രാചീന സാഹിത്യത്തിന് മറ്റൊരു സ്വാധീനവും ആകാം എന്ന് പില്ക്കാല ചരിത്രം കാണിക്കുന്നു. വെറും രൂപസംബന്ധമായ നിയമങ്ങളുടെയും ശില്പഭദ്രതയുടെയും ചുരുങ്ങിയ വൃത്തത്തില്‍ എഴുത്തുകാരെ ബന്ധിച്ചിടുക എന്ന കാര്യമാണത്. ഹോമര്‍ പ്രകൃതിയെ അനുകരിച്ചു; ഇനി നമ്മള്‍ ഹോമറിനെ അനുകരിച്ചാല്‍ മതി എന്ന മട്ടില്‍ തഴച്ചുവളര്‍ന്ന അനുകരണാത്മക സാഹിത്യത്തെ നവക്ലാസ്സിസിസം (നിയോ ക്ലാസ്സിസിസം) എന്നു പറയാറുണ്ട്. പുരാണത്തിന്റെ അനുകരണവും ഹാസ്യാനുകരണവും ഒക്കെ ഈ പ്രസ്ഥാനത്തില്‍ ഉള്‍പ്പെടും. ഹൊറേസ്(ഒീൃമരല)ന്റെ ആര്‍ട്ട് ഒഫ് പൊയട്രിയില്‍ ബോധപൂര്‍വവും ഔചിത്യപൂര്‍വവും ആയ രചനയാണ് കവിത എന്നു വാദിച്ചിട്ടുണ്ട്. ഇതാണ് നിയോക്ലാസ്സിക്ക് കവികള്‍ക്കു സ്വീകാര്യമായ സമീപനം (ഇത്തരം ഒരു സമീപനം സംസ്കൃതത്തില്‍ ക്ഷേമേന്ദ്രനും (11-ാം ശ.) കൊണ്ടുവന്നിരുന്നു). ഇതനുസരിച്ച് നല്ല കവിതയ്ക്ക് രചനാസൗഷ്ഠവം മാത്രം മതി-അതാവട്ടെ അഭ്യാസംകൊണ്ട് ആര്‍ക്കും നേടാവുന്ന മിടുക്കുമാത്രം. ഈ ധാരണയുടെ ഫലമായി നിയോക്ലാസ്സിക് കവിത പൊതുവേ ബൌദ്ധികവ്യായാമമായി അധഃപതിച്ചു.
ഫ്രഞ്ച്
1530-1700 കാലഘട്ടത്തില്‍ ഫ്രഞ്ചു ക്ലാസ്സിക്കല്‍ നവോത്ഥാനം ക്ലാസ്സിക്കുകളുടെ രൂപത്തെ അനുകരിക്കുന്നതിനല്ല, അവയുടെ ഭാവത്തെ പ്രതിഷ്ഠിക്കുന്നതിനാണ് ശ്രമിച്ചത്. വൈയാകരണനും നിരൂപകനും കവിയും ആയ ഫ്രാന്‍സ്വാ ഡി മല്ലെര്‍ബ് (Francois De Malherbe, 1555-1628) യുടെ സ്വാധീനമാണ് (17-ാം ശ.) ആദ്യം മുന്തി നിന്നത്. ക്ലാസ്സിക്കല്‍ ഫ്രഞ്ചുകലാസാഹിത്യങ്ങളുടെ രൂപം ഇദ്ദേഹം നിര്‍വചിച്ചു. ആര്‍ട്ട് പൊയറ്റിക്കേ (Art Poetique) എന്ന ഗ്രന്ഥത്തില്‍ ബൊയ്ലിയോ (Boileau, 1636-1711) ഈ തത്ത്വങ്ങളോടു പൊതുവേ യോജിച്ചു. മോളിയര്‍ (Moliere), പാസ്കല്‍ (Pascal) എന്നിവരും ഈ ക്ലാസ്സിക് പാരമ്പര്യമുള്‍ക്കൊണ്ടു. ബൊയ്ലിയോയ്ക്ക് 'പ്രകൃതിയുടെ അനുകരണം' ആണ് ഏറ്റവും വലിയ നിയമം. ഈ അനുകരണം യുക്തിചിന്തയോടെയാവണം എന്നും ഇദ്ദേഹം സമര്‍ഥിച്ചു. ഫ്രഞ്ചു ക്ലാസ്സിക്കല്‍ സിദ്ധാന്തം 18- ാം ശതകത്തില്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങളെ സ്വാധീനിച്ചു.
ഇംഗ്ലീഷ്
ഇംഗ്ലീഷിലെ ക്ലാസ്സിക് യുഗം ജോണ്‍ ഡ്രൈഡ(John Dryden)ന്റെ മരണം (1700) മുതല്‍ ലിറിക്കല്‍ ബാലഡ്സ് എന്ന കാവ്യഗ്രന്ഥത്തിന്റെ പ്രകാശനം (1798) വരെയുള്ള കാലമാണ്. ഈ കാലഘട്ടത്തിന്റെ നെടുംതൂണായി വര്‍ത്തിച്ചത് അലക്സാണ്ടര്‍ പോപ്പ് ആണ്. പോപ്പിന്റേതുള്‍പ്പെടെ അനേകം തര്‍ജമകള്‍ ഹോമര്‍കൃതികള്‍ക്കുണ്ടായി. ഗ്രീക്-റോമന്‍ മാതൃകകളാണ് ഇക്കാലത്തെ സൗന്ദര്യബോധത്തെ നിയന്ത്രിച്ചത്. കാവ്യരചനയ്ക്ക് ചില നിയമങ്ങളും കീഴ്വഴക്കങ്ങളും ഉണ്ടായി. പദ്യത്തിന്റെ ശില്പസൌകുമാര്യത്തിന് പരമപ്രാധാന്യം കൊടുത്ത് പൊരുത്തവും അനുപ്രാസവും അന്ത്യപ്രാസവും ദീക്ഷിച്ച് എഴുതിയ 'ഹീറോയ്ക് കപ്ളറ്റ്' ഈ കാലത്തിന്റെ ഒരു മുദ്രയായി. ഉപമാദ്യാലങ്കാരങ്ങള്‍ പ്രയോഗിക്കുന്നതുപോലും ഹോമറിന്റെയോ മില്‍ട്ടന്റെയോ സമ്പ്രദായത്തിലാവണം എന്നാണു വ്യവസ്ഥ. രചന ശുദ്ധവും വ്യക്തവും യുക്തിക്കിണങ്ങുന്നതും തേച്ചുമിനുക്കിയതും സമ്പൂര്‍ണവും ആയിരിക്കണം. യുക്തിബോധത്തെ അടിസ്ഥാനമാക്കിയുള്ള അന്വേഷണം ബെര്‍ക്ലി (Berkeley), ജോണ്‍ ലോക്ക് (John locke) എന്നീ തത്ത്വചിന്തകന്മാരുടെ സിദ്ധാന്തങ്ങളിലൂടെ പരിചയിച്ച ഈ കാലഘട്ടം, ശാസ്ത്രീയവും നിയമാനുസൃതവുമായ ചിന്തയെമാത്രം പ്രോത്സാഹിപ്പിച്ചു. കവിയുടെ സ്വതന്ത്ര ഭാവനയ്ക്ക് അവിടെ സ്ഥാനമില്ല. എങ്കിലും ജോനാഥന്‍ സ്വിഫ്റ്റിനെ(Jonnathan swift)പ്പോലെ തീവ്രമായ വ്യക്തിവൈഭവമുള്ള കവികളും ഈ കാലത്തുണ്ടായി. സാമുവല്‍ ജോണ്‍സ(Samuel Johnson)ന്റെ കാലത്തോടെ (1709-84) ഇംഗ്ലീഷ് ക്ലാസ്സിസിസം ചോദ്യംചെയ്യാതെ അനുസരിക്കേണ്ടുന്ന ഒരു സിദ്ധാന്തമായി മാറി. പാരമ്പര്യവും സംസ്കാരവും അനുശാസിക്കുന്നത് ക്ലാസ്സിക് പാരമ്പര്യത്തിലുള്ള കവിതയെഴുതാനാണ് എന്നു കവികള്‍ വിശ്വസിച്ചു. ആഭിജാത്യം, ഔന്നത്യം, ധാര്‍മികബോധം എന്നീ മൂല്യങ്ങള്‍ പ്രമേയത്തിലും ശില്പവേലയുടെ കൈമിടുക്ക് രചനയിലും എങ്ങനെയൊക്കെ പ്രകടിപ്പിക്കാമെന്നതിന് സുനിയതമായ പ്രമാണങ്ങള്‍ ഉരുത്തിരിയുന്നതോടെ ഈ കാവ്യപ്രസ്ഥാനത്തില്‍ വ്യക്തിപ്രതിഭയ്ക്കു സ്ഥാനമില്ലാതെവന്നു. വ്യക്തിപ്രതിഭയുടെ വിലാസം ഒരുതരം അനുസരണക്കേടാണെന്നോ സര്‍വഥാ സമാദൃതമായ ക്ലാസ്സിക്കുകളോടുള്ള അവഹേളനമാണെന്നോ കരുതപ്പെട്ടു. കാവ്യനീതി പുലര്‍ത്തുന്നില്ലെന്നും പാമരന്മാരെ സന്തോഷിപ്പിക്കാന്‍വേണ്ടി എഴുതുന്നുവെന്നും ആരോപിച്ചുകൊണ്ട് ഷെയ്ക്സ്പിയറെപ്പോലും ഡോ. ജോണ്‍സണ്‍ വിമര്‍ശിച്ചു. ഡോ. ജോണ്‍സണ്‍ എഴുതിയ വാനിറ്റി ഒഫ് ഹ്യൂമന്‍ വിഷസ് (Vanity of Human Wishes) എന്ന ഉദ്ബോധന കവിത, യാന്ത്രികമായിത്തീര്‍ന്ന ക്ലാസ്സിക് പദ്യരചനയ്ക്ക് ഉദാഹരണമാണ്. കവിത ഇവിടെ പദ്യമായി അധഃപതിക്കുന്നു. അലങ്കാരചാതുരി, സംവിധാനഭംഗി, ശബ്ദരചനാ സൗഷ്ഠവം എന്നീ രൂപനിഷ്ഠമായ ചമത്കാരങ്ങളെ അവശേഷിപ്പിച്ചിട്ട് അര്‍ഥധ്വനി, രസാനുഭൂതി എന്നീ ഭാവനിഷ്ഠവും മൗലികവും ആയ സത്ത അപ്രത്യക്ഷമാവുന്നു. ഡോ. ജോണ്‍സന്റെ കാലത്തോടെ ഈ അപചയം ഇംഗ്ലീഷ് സാഹിത്യത്തിലുണ്ടായി. 19-ാം ശതകത്തില്‍ രീതികാലകവിതയുടെ വികാസത്തോടെ ഹിന്ദിസാഹിത്യത്തിലും കാവ്യസത്ത പ്രാസഭംഗിക്കു വഴിമാറിക്കൊടുത്ത കേരളവര്‍മയുടെ കാലത്ത് മലയാളത്തിലും ക്ലാസ്സിസിസം യാന്ത്രികമായിത്തീര്‍ന്നത് ഓര്‍ക്കുക.
ക്ലാസ്സിസിസം ഇന്ത്യന്‍ സാഹിത്യത്തില്‍
വൈദികസാഹിത്യം
ഇന്ത്യയിലെ ക്ലാസ്സിക് സാഹിത്യം മൂവായിരം വര്‍ഷത്തിലേറെ പഴക്കമുള്ള ഋഗ്വേദത്തില്‍ത്തുടങ്ങി രാമായണ കാവ്യത്തിലും മഹാഭാരതേതിഹാസത്തിലും വ്യാപിച്ചു കിടക്കുന്നു. സംസ്കൃതസാഹിത്യത്തിലെ മിത്തുകളെയും പുരാണകഥകളെയും ആധാരമാക്കിയുള്ള കൃതികള്‍-ഭാഗവതപുരാണം, കാളിദാസകൃതികള്‍, ചിലപ്പതികാരം എന്നിവ തുടങ്ങി ഗീതഗോവിന്ദം വരെ-ഇന്ത്യയിലെ പ്രാചീന ക്ലാസ്സിസിസത്തിന്റെ തുടര്‍ച്ചയായി കാണാം.
ഇതിഹാസങ്ങള്‍
ആദ്യകാവ്യമായ രാമായണമാകട്ടെ, കവിത്വത്തിന്റെ മാതൃകയായി കാളിദാസനുപോലും പ്രചോദകമായി പ്രശോഭിച്ചു. ഇന്ത്യയില്‍ എല്ലായിടത്തും ജനജീവിതശൈലിയെയും കലാസാഹിത്യ രൂപങ്ങളെയും സ്വാധീനിച്ച മഹാഭാരതം (ഏതാണ്ട് ബി.സി. 4-ാം ശ.), മൃഗങ്ങളും മനുഷ്യരും ദേവന്മാരും പ്രാജ്ഞന്മാരും സാധ്വികളും തപസ്വികളും ധീരന്മാരും താമസികരും തുടങ്ങി എത്രയോ വിഭിന്ന കഥാപാത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന അതിബൃഹത്തും ലോകോത്തരവുമായ ഇതിഹാസമാകുന്നു. യുദ്ധത്തിന്റെ തുമുലഘോഷവും സാക്ഷാത്കാരത്തിന്റെ ശാന്തിയും ഉള്‍പ്പെടുന്ന ഇതിലെ അനുഭവമേഖലകളില്‍ ഇല്ലാത്ത ഒന്നുംതന്നെ മറ്റെങ്ങുമില്ല. ഇന്നോളം ഏതുതരം കലയെയും ഇതു സ്വാധീനിച്ചുപോരുന്നു. മഹാഭാരതം പ്രായോഗികജീവിത തപസ്യകളെ അനാവരണം ചെയ്യുന്ന മനുഷ്യചരിത്രമാണെങ്കില്‍, രാമായണം ഉന്നതാദര്‍ശങ്ങളെ പ്രതിപാദിക്കുന്ന ജീവിതകാവ്യമാകുന്നു. രാമായണം കഴിഞ്ഞാല്‍ പരശ്ശതം കാവ്യസൃഷ്ടിക്ക് മാതൃക കാട്ടുകയും സന്ദേശകാവ്യം എന്നൊരു വിഭാഗത്തിനു തുടക്കംകുറിക്കുകയും ചെയ്ത ഹൃദയാവര്‍ജകമായ കാവ്യമാണ് മേഘദൂതം.
അലങ്കാരശാസ്ത്രം
സാഹിത്യത്തിന്റെ ആദിമദശയില്‍ത്തന്നെ സൌന്ദര്യശാസ്ത്രചിന്തകളും സംസ്കൃതത്തിലുണ്ടായി. സമഗ്രമായ ഒരു സമീപനം സ്വീകരിച്ച്, കാവ്യസൌന്ദര്യത്തെ പരിശോധിക്കുന്നുണ്ട് ഭരതമുനിയുടെ നാട്യശാസ്ത്രം. തോജോരൂപമായ ഭാവതലം എങ്ങനെ ഉന്മിഷിതമാവുന്നു എന്ന് രസസിദ്ധാന്തത്തില്‍ അദ്ദേഹം കാട്ടിത്തരുന്നു. ആനന്ദവര്‍ധനന്റെ ധ്വന്യാലോകത്തിലെത്തിയപ്പോഴേക്കും ഭാരതീയ സൌന്ദര്യശാസ്ത്രം അതിന്റെ ഉച്ചകോടിയിലായി. ധ്വനിയാണ് കാവ്യാത്മാവ്. രസമാണ് ജീവന്‍. അംഗനമാരില്‍ ലാവണ്യമെന്നതുപോലെ അവയവാതിരിക്തമായി പ്രതീയമാനകമായ മറ്റൊര്‍ഥം കൂടി പ്രകാശിക്കുന്നു എന്നാണ് ധ്വന്യാലോകകാരന്റെ മതം. രസത്തെയും ധ്വനിയെയും സമുചിതമായി കൂട്ടിയിണക്കിയിരിക്കുന്നു. ലൊല്ലടന്‍, ഉദ്ഭടന്‍, ശങ്കുകന്‍, ഭട്ടനായകന്‍, അഭിനവഗുപ്തന്‍ തുടങ്ങിയവര്‍ രസസിദ്ധാന്തത്തിനു വ്യാഖ്യാനഭേദങ്ങള്‍ നല്കി.
വേദങ്ങളില്‍ നിന്ന് ഉപനിഷത്തുകളിലേക്ക്, അവിടെ നിന്ന് ഇതിഹാസപുരാണങ്ങളിലേക്ക്-ഇങ്ങനെ വളര്‍ന്നു വികസിച്ച കാവ്യപാരമ്പര്യത്തിനെ ഇന്ത്യന്‍ ക്ലാസ്സിസിസം എന്നു വിളിക്കാം. ഇവിടെയും പില്ക്കാലത്ത് അധഃപതനമുണ്ടായി. ഈ പാരമ്പര്യത്തില്‍ നിന്നു മാറി, ബുദ്ധിമാത്രനിരതമായ രചനകള്‍കൊണ്ട് ശബ്ദകോലാഹലം സൃഷ്ടിക്കുന്ന മാഘന്‍, ഹര്‍ഷന്‍, ഭാരവി തുടങ്ങിയ കവികളുടെ കാലം ഇന്ത്യന്‍ ക്ലാസ്സിസിസത്തിന്റെ അപചയകാലമാണ്. പിന്നീട് ക്ലാസ്സിക് സാഹിത്യത്തിന് നവോത്ഥാനമുണ്ടാകുന്നത് ഇന്ത്യന്‍ ഭാഷകളില്‍ 15-ാം ശ. മുതല്‍ ഉദിച്ചു തുടങ്ങിയ ഭക്തിപ്രസ്ഥാനത്തോടെയാകുന്നു. സംസ്കൃതത്തിലെ അലങ്കാരശാസ്ത്രവും കാവ്യശാസ്ത്രവും 18-ാം ശതകത്തില്‍ രീതിഗ്രന്ഥങ്ങളായി ഹിന്ദിയില്‍ പ്രചരിച്ചു. കേശവദാസ്, മതിരാം, ചിന്താമണി, ബിഹാരി, പദ്മാകര്‍ തുടങ്ങിയവര്‍ അന്നത്തെ കവികളാണ്. ഈ ലക്ഷണങ്ങള്‍ പാലിച്ചെഴുതിയതാണ് തുടര്‍ന്നു വന്ന പ്രിയപ്രവാസ്, രാമചരിതചിന്താമണി തുടങ്ങിയ ഒട്ടേറെ മഹാകാവ്യങ്ങള്‍. ഈ പ്രസ്ഥാനത്തെത്തുടര്‍ന്ന് 19-ാം ശതകത്തിലെ നവോത്ഥാന ഇന്ത്യയിലുടനീളമുണ്ടായ ഉജ്ജീവനകരമായ വികാസകാലഘട്ടങ്ങളെ കുറിക്കുന്നു. സാഹിത്യത്തിന്റെ ക്ലാസ്സിക്കല്‍ പാരമ്പര്യത്തിന് പരശ്ശതം കവികളിലൂടെയും കഥാകാരന്മാരിലൂടെയും ഇക്കാലങ്ങളില്‍ പുനരുജ്ജീവനമുണ്ടായി.
രംഗവേദി
സംസ്കൃതനാടകാഭിനയത്തിന്റെ ശാസ്ത്രീയമായ വിശദരൂപം ഉള്‍ക്കൊള്ളുന്ന കൂടിയാട്ടപാരമ്പര്യത്തെ പരിഷ്കരിച്ചു കഥകളിയാക്കിയത് 18-ാം ശതകത്തില്‍ കേരളത്തില്‍ നടന്ന ശ്രദ്ധേയമായ കലാപ്രസ്ഥാനമായിരുന്നു. നാട്യശാസ്ത്രത്തിലെ രസാഭിനയരീതി സ്വീകരിച്ച്, സംസ്കൃത ക്ലാസ്സിക്കുകളില്‍നിന്നു നാടകീയ സന്ദര്‍ഭങ്ങള്‍ എടുത്ത് അവതരിപ്പിച്ചു. കേരളത്തിന്റെ ശാസ്ത്രീയ അഭിനയ സംഗീത(സോപാന)ത്തിന്റെ ശൈലിയില്‍ ആലപിക്കുന്ന ഗാനമാണ് അഭിനയത്തിന്റെ പിന്നണിയില്‍. തികച്ചും സാങ്കേതികമായ ഈ കലാരൂപത്തെ ക്ലാസ്സിക്കല്‍ കലാരൂപം എന്നു വിളിക്കാം. പ്രതിഭാശാലികളായ ഏതാനും കവികളുടെയും കലാകാരന്മാരുടെയും സംഭാവന ഈ രംഗത്തുണ്ടായി. പിന്നീട് ക്ലാസ്സിക് കലാസാഹിത്യങ്ങള്‍ക്ക് സാധാരണയായി ഭവിക്കുന്ന ഗതാനുഗതികത്വത്തിന്റെ ഫലമായി വിരസങ്ങളായ രചനകളാണ് ഈ രംഗത്തും ഉണ്ടായത്.
ക്ലാസ്സിസിസവും കാല്പനികതയും
ക്ലാസ്സിസിസം ഇങ്ങനെ ഗതാനുഗതികത്വംകൊണ്ട് യാന്ത്രികമാവുമ്പോള്‍ വ്യക്തിപ്രതിഭകളുടെ ഉദയം സംഭവിക്കാറുണ്ട്; അവരുടെ ധീരമായ പരീക്ഷണങ്ങള്‍ നവോത്ഥാനമുണ്ടാക്കാറുണ്ട്. ഇംഗ്ലീഷിലെ എലിസബത്തന്‍ കാലഘട്ടവും (17-ാം ശ.), കോള്‍റിജ്-വേഡ്സ്വര്‍ത്ത് കാലഘട്ടവും (19-ാം ശ. ആദ്യം), ബര്‍ണാഡ്ഷായുടെയും എലിയട്ടിന്റെയും കാലഘട്ടവും (20-ാം ശ.) ഇത്തരം നവോത്ഥാനങ്ങളെ സൂചിപ്പിക്കുന്നു. ഇതില്‍ ആദ്യത്തെ രണ്ടു നവോത്ഥാനങ്ങളും റൊമാന്റിക് (കാല്പനികം) എന്ന വിശേഷണം ചേര്‍ത്താണ് അറിയപ്പെടുന്നത്. ക്ലാസ്സിസിസത്തെപ്പോലെ റൊമാന്റിസിസവും ഒരു സവിശേഷ മനോഭാവത്തെയും വിശ്വാസത്തെയും സൂചിപ്പിക്കുന്നു. മനുഷ്യന്‍ ജന്മനാ നല്ലവനും അപരിമേയങ്ങളായ കഴിവുകളോടുകൂടിയവനും ആണ് എന്ന റൊമാന്റിക് വീക്ഷണം, ക്ലാസ്സിക് വീക്ഷണത്തിനു വിപരീതമാണ്. ദുരാചാരങ്ങളാലും നിയമങ്ങളാലും അടിച്ചമര്‍ത്തപ്പെട്ട മനുഷ്യന്റെ സ്വത്വം മുരടിപ്പിക്കുന്നു. ഈ നിയമങ്ങളെ മാറ്റുകയാണ് ആവശ്യം. വ്യക്തിയുടെ വികാസത്തിനു വിഘാതമാകുന്ന വ്യവസ്ഥിതിയോട് ഉളവാകുന്ന അസംതൃപ്തിയാണ് കാല്പനിക കവിയില്‍ വിപ്ളവത്തിന്റെ കൊടുങ്കാറ്റായി ഉണരുന്നത്. സ്വപ്നശീലവും വിഷാദാത്മകത്വവും ഇവിടെ കവിയുടെ കൂടപ്പിറപ്പുകളെത്രെ. മറിച്ച്, മനുഷ്യന്റെ നിസ്സഹായതയിലും വിധിയുടെ അജയ്യതയിലും അടിയുറച്ചു വിശ്വസിക്കുന്ന യാഥാസ്ഥിതികമനോഭാവത്തിന്റെ സൃഷ്ടിയാണ് ക്ലാസ്സിസിസം. ഈ രണ്ടു ചിന്താപദ്ധതികളും വ്യത്യസ്ത അനുപാതങ്ങളില്‍ കൂടിക്കലര്‍ന്ന് എല്ലാ കാലഘട്ടത്തിലും കാണാവുന്നതാണ്.
ക്ലാസ്സിസിസംകൊണ്ട് ഉദ്ദേശിക്കുന്ന ശില്പഭദ്രതയ്ക്കും ചിട്ടപ്പെടുത്തലിനും വിധ്യാത്മകമായ ഒരു വശമുണ്ടെന്ന കാര്യം, കാല്പനികതയോടു ബന്ധപ്പെട്ട ജര്‍മന്‍ ആശയവാദത്തിന്റെ ഭാഗമായിരുന്നു. ഇമ്മാനുവേല്‍ കാന്റ്(1724-1804), ജോഹന്‍ വൂള്‍ഫ്ഗാങ് ഗെയ്ഥെ (1749-1832) എന്നിവര്‍ ഈ ആശയവാദത്തിന് നേതൃത്വം കൊടുത്തവരില്‍പ്പെടുന്നു. ഭൂതഭാവികളുടെ എല്ലാ ചൈതന്യവും ഉള്‍ക്കൊള്ളുന്നത് എന്നു പ്രകീര്‍ത്തിതമാണ് ഗെയ്ഥെയുടെ കവിത. ഇത് പ്രകൃതിയില്‍ ജനിച്ചു കലയാല്‍ പരിപാലിക്കപ്പെട്ടതാണ് എന്നു പറയുമ്പോള്‍ ഷില്ലര്‍ (Schiller) ഉദ്ദേശിക്കുന്നത്, മനുഷ്യജീവിതത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് ക്ലാസ്സിക് കലാസാഹിത്യസങ്കേതങ്ങളുടെ പ്രയോഗത്താല്‍ ശില്പസൌഭാഗ്യം വരിച്ചത് എന്നാകുന്നു. പ്രതിഭയോടൊപ്പം ക്ലാസ്സിക്കുകളിലുള്ള ശിക്ഷണവും കലാനിര്‍മിതിക്ക് ആവശ്യമാണെന്ന ചിന്താഗതി കാല്പനിക യുഗമായ 19-ാം ശതകത്തിലും നിലനിന്നു. ഇംഗ്ലീഷുകവി ജോണ്‍ കീറ്റ്സിന് ഉദാത്തത എന്ന ഗുണം സംജാതമാകുന്നത് ഗ്രീക്കു ക്ലാസ്സിക്കുകളുടെ ചൈതന്യം ആവഹിക്കകൊണ്ടാണ് എന്ന് മാത്യു ആര്‍ണോള്‍ഡ് (1822-88) തുടങ്ങിയ നിരൂപകര്‍ പറഞ്ഞു. 20-ാം ശതകത്തിലെ ടി.എസ്. എലിയട്ടിനാണെങ്കില്‍ ക്ലാസ്സിസിസം പാരമ്പര്യത്തിന്റെ ഭാഗവും പാരമ്പര്യം വ്യക്തിപ്രതിഭയുടെ സ്രോതസ്സും ആകുന്നു. സാഹിത്യത്തില്‍ താന്‍ ഒരു ക്ലാസ്സിസിസ്റ്റാണ് എന്ന് എടുത്തു പറയുന്ന ഈ ആധുനിക കവി, ലോക ക്ലാസ്സിക്കുകളില്‍ നിന്നുള്ള ഉദ്ധരണികള്‍ തന്റെ കൃതികളില്‍ ധാരാളം ഉള്‍ക്കൊള്ളിച്ചു.
ആധുനിക ക്ലാസ്സിക്കുകള്‍
ആധുനിക ക്ലാസ്സിക് എന്നു പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് ഗുണമേന്മയില്‍ മുന്നിട്ടു നില്‍ക്കുന്ന കൃതി എന്നാണ്. ഇവിടെ ക്ലാസ്സിക് ഗുണങ്ങളായി പരിഗണിക്കപ്പെട്ടുപോരുന്നത് ഉദാത്തത, സ്വാഭാവിക സൗന്ദര്യം, ലാളിത്യം എന്നിവ തന്നെ. എന്നാല്‍ ഒരു കൃതി ആധുനിക ക്ലാസ്സിക് ആണെന്നു പറയുമ്പോള്‍ അത് കാലദേശാതീതമായി ജനങ്ങളെ ആകര്‍ഷിക്കുന്നുവെന്നും ആവര്‍ത്തിച്ചു വായിച്ചാലും ആരും മുഷിയുന്നില്ലെന്നും കൂടി നാം അര്‍ഥമാക്കുന്നു. പ്രാചീന സാഹിത്യത്തിന്റെ നിയമങ്ങളും ശില്പസംബന്ധമായ വ്യവസ്ഥകളും പരിപാലിച്ച് എഴുതപ്പെട്ട കൃതി എന്ന് ഇന്നു നാം അര്‍ഥമാക്കുന്നില്ല. അതായത് ക്ലാസിക്കല്‍ നിയമമനുസരിച്ച് എഴുതി എന്ന കാരണത്താല്‍, അനുകരണാത്മകമായ ഒരു രണ്ടാംതരം കൃതിയെ നാം ക്ലാസ്സിക് ആയി ഗണിക്കുന്നില്ല. ഉദാ. ഉണ്ണുനീലിസന്ദേശം. മറിച്ച്, എല്ലാ നിയമത്തെയും ധിക്കരിച്ച് വ്യക്തിപ്രതിഭയെ ആശ്രയിച്ചു മാത്രം ഒന്നാംതരമായിത്തീര്‍ന്ന കൃതിയെ ക്ലാസ്സിക് ആയി ഗണിച്ചുവെന്നുവരാം (ഉദാ. തുള്ളല്‍ കൃതികള്‍). ആധുനിക ജീവിതത്തെയോ സാമൂഹികബന്ധത്തെയോ ആഴത്തില്‍ പഠിക്കുന്നതാണ് ആധുനിക ക്ലാസ്സിക്. ഹിന്ദിയിലെ കാമായനി (1935), ബംഗാളിയിലെ ഗീതാഞ്ജലി (1910), മലയാളത്തിലെ കരുണ (1924), ബന്ധനസ്ഥനായ അനിരുദ്ധന്‍ (1914), കുടിയൊഴിക്കല്‍ (1952) തുടങ്ങിയ ആധുനിക കാവ്യങ്ങളും ചെമ്മീന്‍ (1956), സുന്ദരികളും സുന്ദരന്മാരും (1958), ഒരു ദേശത്തിന്റെ കഥ (1972), അഗ്നിസാക്ഷി (1979) തുടങ്ങിയ ആധുനിക മലയാള നോവലുകളും, അവ ഏതു പ്രസ്ഥാനത്തില്‍പ്പെട്ടവയായാലും, ആധുനിക ക്ലാസ്സിക്കുകള്‍ എന്ന വിശേഷണത്തിന് അര്‍ഹമാകുന്നു. ഇംഗ്ലീഷില്‍ ദ് വേസ്റ്റ് ലാന്‍ഡ് (The Waste Land, 1922), ദ് ഹോളോ മെന്‍ (The Hollow Men, 1917) എന്നിവ ഇതേ കാരണത്താല്‍ ആധുനിക ക്ലാസ്സിക്കുകളാണ്; പ്രാചീന ക്ലാസ്സിക്കുകളെ ഇവയില്‍ പരാമര്‍ശിച്ചതുകൊണ്ടല്ല, ഇതിലെ ചിന്ത ഉദഗ്രവും സര്‍വതലസ്പര്‍ശിയും, ദര്‍ശനം ഉദാത്തവും മൗലികവും ആയതുകൊണ്ടുമാത്രം.
ക്ലാസ്സിസിസം മലയാളത്തില്‍
മലയാള സാഹിത്യത്തില്‍ ചെറുശ്ശേരിയിലൂടെയും എഴുത്തച്ഛനിലൂടെയും വളര്‍ന്നു വന്ന ക്ലാസ്സിസിസം തുള്ളല്‍ പ്രസ്ഥാനം, ആട്ടക്കഥാസാഹിത്യം എന്നിവയില്‍ (18-ാം ശ.) പ്രബലമായിത്തീര്‍ന്നു. താരതമ്യേന ശൂന്യമായ ഒരു ഇടവേളയ്ക്കുശേഷം വെണ്മണിക്കവികളിലും ശീവൊള്ളിയിലും കുഞ്ഞിക്കുട്ടന്‍തമ്പുരാനിലും കേരളവര്‍മ വലിയകോയിത്തമ്പുരാനിലും ആണ് പുതിയ ക്ലാസ്സിസിസം അതിന്റെ സമ്പൂര്‍ത്തി കാണുന്നത്. ഇത് 19-ാം ശതകത്തിന്റെ ഒടുക്കമായിരുന്നു. ഇങ്ങനെ രണ്ടു ഘട്ടങ്ങളിലായി കിടക്കുന്ന മലയാളസാഹിത്യത്തിലെ ക്ലാസ്സിസിസത്തിന്റെ സവിശേഷതകള്‍ ഇവയാണ്:
i. സോദ്ദേശ്യമായ സാമൂഹികനിരൂപണവും ഹാസ്യം, ആക്ഷേപഹാസ്യം ഇവയുടെ പ്രയോഗവും. ഇക്കാര്യത്തില്‍ തുള്ളല്‍ക്കഥകളാണ് ഏറ്റവും ശ്രദ്ധേയം.
ii. വാല്മീകി, വ്യാസന്‍, കാളിദാസന്‍ എന്നീ സംസ്കൃത ക്ലാസ്സിക് കവികളോടുള്ള വൈകാരികമായ അടുപ്പവും, അവരുടെ പ്രമേയവും ശൈലിയും സ്വായത്തമാക്കാനുള്ള ശ്രമവും. 1900-ല്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ മഹാഭാരത തര്‍ജമ പ്രസിദ്ധം ചെയ്തു. ശാകുന്തളത്തിന് ഒട്ടേറെ തര്‍ജുമകളുണ്ടായി. മേഘദൂതത്തിന് മയൂരസന്ദേശം പോലുള്ള അനുകരണങ്ങള്‍ പുറത്തു വന്നു. മഹാഭാരത-രാമായണ-ഭാഗവത കഥാഭാഗങ്ങളെ അധികരിച്ച് മഹാകാവ്യങ്ങളും ലഘുകാവ്യങ്ങളും രചിക്കപ്പെട്ടു.
iii. സംസ്കൃതത്തിലെ കാവ്യനിയമങ്ങള്‍ അതേപടി ദീക്ഷിച്ചുകൊണ്ടുള്ള ഈ കാവ്യനിര്‍മാണം സംസ്കൃതത്തിലെ വൃത്തങ്ങള്‍ സ്വീകരിച്ച് സംസ്കൃത പദങ്ങള്‍ (വിഭക്തി പ്രത്യയങ്ങള്‍ ഉള്‍പ്പെടെ) മലയാളത്തോടു ചേര്‍ത്തുള്ള മണിപ്രവാളശൈലിയില്‍ ആയിരുന്നു. കവിതയുടെ ഗുരുതയും പ്രൗഢിയും നിലനിര്‍ത്താന്‍ ഇതു സഹായിച്ചു. കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ നേതൃത്വത്തില്‍ എഴുത്തച്ഛന്‍ ഉപയോഗിച്ച ഭാഷയിലേക്കു തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും, സംസ്കൃതപാണ്ഡിത്യം കവിത്വത്തിന്റെ അനുപേക്ഷണീയമായ ഭാഗമായിത്തന്നെ ഇക്കാലത്തു നിലനിന്നു.
iv. രചനയുടെ സൗഷ്ഠവവും അലങ്കാരപ്രയോഗത്തിലെ ദക്ഷതയും പ്രാസം തുടങ്ങിയ ശബ്ദാലങ്കാരങ്ങളുടെ പ്രൗഢിയും, സുശിക്ഷിതമായ പദ്യരചനാവൈഭവത്തെ കവിത്വമായി കരുതിപ്പോന്നു. കഥാസന്ദര്‍ഭങ്ങള്‍ മാത്രമല്ല, അലങ്കാരപ്രയോഗങ്ങള്‍ കൂടി സംസ്കൃത ക്ലാസ്സിക്കുകളില്‍ നിന്ന് എടുത്തുപയോഗിക്കുക പതിവായി.
രൂപശില്പത്തിലെ ഈ നിഷ്കര്‍ഷ ക്ലാസ്സിക്കല്‍ മാതൃകകളെ അതിശയിക്കുന്ന ശബ്ദപ്പൊരുത്തം കൈവരിക്കുന്നതിനെയാണ് ലക്ഷ്യമാക്കിയത്. സജാതീയ ദ്വിതീയാക്ഷരപ്രാസം,യമകപ്രയോഗം, അനുപ്രാസം എന്നിവ നിര്‍ബന്ധമായും അനുശാസിക്കുന്ന കേരളവര്‍മ കാലഘട്ടം 'ക്ലാസ്സിസിസത്തിന്റെ പരമകാഷ്ഠയായ' സൈദ്ധാന്തിക ക്ലാസ്സിസിസത്തെ പ്രതിനിധാനം ചെയ്യുന്നു. കലാപരമായ ആവശ്യം എന്നതിലുപരി, നിയമാനുസൃതമായ കവിധര്‍മം എന്ന നിലയിലേക്ക് പ്രമാണങ്ങളെ സിദ്ധാന്തവത്കരിക്കലാണ് നിയോക്ലാസ്സിസിസം എന്നുകൂടി പേരുള്ള സൈദ്ധാന്തിക ക്ലാസ്സിസിസം ചെയ്യുന്നത്.
ക്ലാസ്സിസിസത്തിന്റെ പുനരുജ്ജീവനം
ഈ നൂറ്റാണ്ടില്‍ ക്ലാസ്സിക് പ്രവണതകള്‍ക്ക് സാഹിത്യത്തില്‍ വീണ്ടും സ്ഥാനം ലഭിക്കുന്നു എന്നു പറയാറുണ്ട്. കാല്പനിക പ്രസ്ഥാനത്തിന്റെ മോഹഭംഗവിലാപങ്ങള്‍ കടിഞ്ഞാണില്ലാതെ ഒഴുകിക്കഴിഞ്ഞപ്പോള്‍, ക്ലാസ്സിസിസത്തിന്റെ ചിട്ടകളിലേക്കും സങ്കേതങ്ങളിലേക്കും മടങ്ങിപ്പോകാന്‍ ചിലരെങ്കിലും ആഗ്രഹിക്കുന്നതിന്റെ ലക്ഷണം പാശ്ചാത്യസാഹിത്യത്തിലും തുടര്‍ന്ന് നമ്മുടെ സാഹിത്യത്തിലും കണ്ടു തുടങ്ങി. പാരമ്പര്യത്തിന്റെ ചട്ടക്കൂട് നിലനിര്‍ത്തുകയും പുതിയ പ്രമേയങ്ങള്‍ അതില്‍ ഘടിപ്പിക്കുകയുമായിരുന്നു മലയാളത്തില്‍ വെണ്‍മണി, കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ തുടങ്ങിയ നിയോക്ലാസ്സിക് കവികള്‍ ചെയ്തത്. ഇന്ന് ക്ലാസ്സിസിസത്തിലേക്കു മടങ്ങുന്നവര്‍ക്കാകട്ടെ, പുതിയ പ്രമേയത്തിനനുരൂപമായ ചട്ടക്കൂട് സ്വയം കണ്ടെത്തേണ്ടിയിരിക്കുന്നു. അതിന് സര്‍ഗശക്തി കൂടിയേ തീരൂ-ക്ലാസ്സിക്കുകള്‍ അവയ്ക്കു യോജിച്ച ലാളിത്യത്തോടെ തര്‍ജമ ചെയ്യുന്നതിനും ക്ലാസ്സിക്കുകളുടെ മാതൃക അനുസരിച്ച് എഴുതുന്നതിനും, ക്ലാസ്സിക്കുകളുടെ സത്തമാത്രം ഉള്‍ക്കൊണ്ട് അതിന്റെ ബാഹ്യരൂപത്തെ ശ്രദ്ധിക്കാതെ, ഉള്‍ക്കാഴ്ചയോടെ സ്വന്തം രൂപകല്പന ചെയ്യുന്നിടത്താണ് ആധുനിക ക്ലാസ്സിക്കുകള്‍ വിജയിക്കുക. ഈ സത്തയും ഉള്‍ക്കാഴ്ചയും എന്താണെന്ന് ക്ലാസ്സിക്കുകളില്‍ നിന്നുതന്നെ മനസ്സിലാക്കാം.
"വാഗര്‍ഥാവിവ സംപൃക്തൌ
വാഗര്‍ഥ പ്രതിപത്തയേ (രഘുവംശം 1.1) എന്ന് സംസ്കൃതത്തിന്റെ മഹാപാരമ്പര്യസ്വഭാവത്തോടെ കാളിദാസന്‍ തന്റെ കാവ്യദര്‍ശനത്തെ സൂചിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്ലാസ്സിക്കിന്റെ ദര്‍ശനചൈതന്യമാണിത്. ആവിഷ്കരിക്കേണ്ടതായ ദര്‍ശനവും ആവിഷ്കരണോപാധിയായ ഭാഷയും ഒന്നായിത്തീരേണ്ടതുണ്ട്. കാവ്യഭാഷയില്‍ നിന്നു നേരിട്ടു തന്നെ ദര്‍ശനം പ്രകാശിക്കേണ്ടതാണ്- പ്രപഞ്ചവും ചൈതന്യവുംപോലെ, പ്രകൃതിയും പുരുഷനും പോലെ. ഈ ദര്‍ശനത്തെ ഉള്‍ക്കൊണ്ടും അതേ സമയം പ്രാചീന ക്ലാസ്സിക്കിന്റെ ബാഹ്യരൂപത്തെ വിഗണിച്ചും എഴുതപ്പെട്ടവയാണ് യഥാര്‍ഥ ആധുനിക ക്ലാസ്സിക്കുകള്‍. വിക്ടര്‍ ഹ്യൂഗോവിന്റെ പാവങ്ങളും ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും ടാഗോറിന്റെ ഗീതാഞ്ജലിയും പ്രാചീന ക്ലാസ്സിക്കുകളിലെ പ്രമേയം സ്വീകരിക്കാതെയും, ഹിന്ദിയിലെ ജയശങ്കര്‍പ്രസാദിന്റെ കാമായനി, ധരംവീര്‍ ഭാരതിയുടെ അന്ധായുഗ് എന്നിവ പൗരാണിക പശ്ചാത്തലം സ്വീകരിച്ചും ആധുനിക ക്ലാസ്സിക്കുകളായിത്തീര്‍ന്നു. മലയാളത്തില്‍ പൗരാണിക പശ്ചാത്തലമോ ചരിത്രപശ്ചാത്തലമോ സ്വീകരിച്ചും സ്വീകരിക്കാതെയും എഴുതപ്പെട്ട ആധുനിക ക്ലാസ്സിക്കുകള്‍ക്കു ദൃഷ്ടാന്തങ്ങളാണ് മാര്‍ത്താണ്ഡവര്‍മയും ഇന്ദുലേഖയും ഉമാകേരളവും മറ്റും. ഇവിടെയൊക്കെ കവികള്‍ പുതിയ പ്രമേയത്തിന് യോജിച്ച ചട്ടക്കൂട് സ്വയം കണ്ടെത്തുകയാണു ചെയ്യുന്നത്.
(പ്രൊഫ. ആര്‍.എസ്. വര്‍മജി; സ.പ.)
ക്ലാസ്സിസിസം കലയില്‍
സാങ്കേതികമായ അര്‍ഥത്തില്‍ പുരാതന ഗ്രീക്-റോമന്‍ മാതൃകകളും അവയ്ക്കു പിന്നിലുള്ള കലാസങ്കല്പങ്ങളും താത്വിക സിദ്ധാന്തങ്ങളും ആണ് പാശ്ചാത്യ ദൃശ്യകലയിലെ ക്ലാസ്സിസിസത്തിന്റെ സ്രോതസ്സ്. പ്രാചീന ഗ്രീക്കു കലയുടെ മാതൃകകളാണ് സര്‍വോത്കൃഷ്ടം എന്ന വിശ്വാസമാണ് ഈ പ്രസ്ഥാനത്തിന്റെ ജീവന്‍. ഈ കാര്യം റിപ്പബ്ളിക്കില്‍ പ്ളേറ്റോ തന്നെ രേഖപ്പെടുത്തുന്നു. പൗരാണികത മഹത്താണെന്നും മനുഷ്യാത്മാവ് എന്നും സ്വയം കണ്ടെത്താനാണു ശ്രമിക്കുന്നതെന്നും വര്‍ത്തമാനകാലത്ത് അപചയമാണു സംഭവിക്കുന്നതെന്നുമാണ് ക്ലാസ്സിക്കുകളുടെ ആരാധകര്‍ വിശ്വസിക്കുന്നത്. ഗ്രീക്കുമാതൃകയെ മുന്‍നിര്‍ത്തി, റോമന്‍ പാരമ്പര്യം യുക്തിയുക്തമായ സൌന്ദര്യസങ്കല്പമാണ് പുലര്‍ത്തിയത്. റോമന്‍ശൈലികള്‍ സമുന്നതവും അഭിജാതവും ആയ ഉത്തമകലാമാതൃകകളായി ഗണിക്കപ്പെട്ടു.
ഗ്രീക്-റോമന്‍ മാതൃക
ഗ്രീക് മാതൃക സങ്കല്പകലയില്‍ കാണുന്നതിനുദാഹരണമാണ് ഫിഡിയാസി(Phidias)ന്റെ 'ഒളിമ്പിയയിലെ സിയൂസ്' (Zeus) എന്ന ശില്പം. സൌന്ദര്യത്തിന്റെയും മഹത്ത്വത്തിന്റെയും സംയോജനമാണ് ഇതിലെ ക്ലാസ്സിക്ക് ഗുണം. ഇതിനെ അനുകരിച്ചാണ് റോമില്‍ 'ജൂപ്പിറ്ററുടെ ശില്പം' (Capitoline Jupiter) പണിഞ്ഞത്. ദൈവങ്ങള്‍ കലാകാരന്റെ ഭാവനയില്‍ എങ്ങനെ ജീവിക്കുന്നു എന്നു കാണിക്കുന്നവയാണ് 'കാസ്സലിലെ അപ്പോളോ' (Apollo of Kassel), 'അപ്പോളോ ബെല്‍വെദര്‍' (Apollo Belvedere) തുടങ്ങിയ ശക്തിപൗരുഷങ്ങളുടെ പ്രതീകങ്ങളായ പ്രതിമകള്‍. ആന്തരശക്തിയോടൊപ്പം ചുറ്റും പരന്നൊഴുകുന്ന പ്രഭാവവും അവയില്‍ അനുഭവവേദ്യമാകുന്നു. പില്ക്കാലത്ത് താടിയുള്ള ക്രിസ്തുവിന്റെ പ്രതിമ പണിഞ്ഞത് ഒളിമ്പിയയിലെ സിയസ്-ന്റെ മാതൃകയിലായിരുന്നുവെത്രെ. റോമിലെ കലയെ സംബന്ധിച്ച് വിശദമായ താത്വിക ചര്‍ച്ചകള്‍ ഉണ്ടായതിന്റെ ഫലമാണ് സിസറോ (Cicero), ക്വിന്റലിയന്‍ (Quintilian), ഹൊറേസ് (Horace), വിട്രൂവിയസ് (Vitruvius) എന്നിവരുടെ കലാചിന്തകള്‍. ഇവയെ ആധാരമാക്കിയും, ആദര്‍ശയോഗ്യമായ റോമാസാമ്രാജ്യത്തെയും റോമന്‍ പള്ളിയെയും ലക്ഷ്യമാക്കിയും വളര്‍ന്ന റോമന്‍കലയുടെ പ്രധാന സ്വഭാവങ്ങള്‍ ഇവയാണ്: (i) കലയില്‍ നിന്ന് ആത്മനിഷ്ഠമായ അംശങ്ങളെ ഒഴിവാക്കുക; (ii) മതം, രാഷ്ട്രീയം, ധര്‍മം തുടങ്ങിയവയുമായി നിത്യസമ്പര്‍ക്കം പുലര്‍ത്തുക; (iii) പാരമ്പര്യത്തെ ഒരു പ്രസ്ഥാനമാക്കുക.
ശാസ്ത്രീയവും സാമ്പത്തികവും സാമൂഹികവുമായ രംഗങ്ങളിലെല്ലാം പുതിയ ഉണര്‍വും വളര്‍ച്ചയും ഉണ്ടായ കാലഘട്ടങ്ങളില്‍ വെനീസ്, റോം, ഇറ്റലി തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ച് വിഖ്യാതരായ കലാകാരന്മാര്‍ തങ്ങളുടെ പ്രവര്‍ത്തനം തുടങ്ങി. കലയിലും സംസ്കാരത്തിലും ഗ്രീക്-റോമന്‍ ആദര്‍ശസങ്കല്പങ്ങളായിരുന്നു മാതൃക. മനുഷ്യാകാരരചനയില്‍ വ്യക്തവും കൃത്യവുമായ അനാട്ടമി പാലിക്കുക, യാഥാര്‍ഥ്യപ്രതീതി ഉളവാക്കുന്ന പരിപ്രേക്ഷ്യം ശാസ്ത്രീയമായി ആവിഷ്കരിക്കുക, മനുഷ്യാകാരത്തിനും മറ്റു വസ്തുക്കള്‍ക്കും പ്രകൃതിദൃശ്യങ്ങള്‍ക്കും വ്യക്തമായ 'ത്രിമാനത'യുണ്ടാക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക, ചിത്രങ്ങള്‍ക്കും ശില്പങ്ങള്‍ക്കും സുന്ദരമായ പൂര്‍ത്തീകരണം കൊടുക്കുക തുടങ്ങിയവയായിരുന്നു ഇവര്‍ കൈക്കൊണ്ട ക്ലാസ്സിക് സ്വഭാവങ്ങള്‍. ഇറ്റലിയിലെ നവോത്ഥാനകല ക്ലാസ്സിസിസത്തില്‍ കവിഞ്ഞ് വളര്‍ന്നു. മധ്യകാലഘട്ടത്തില്‍ (12-ാം ശ.) ഫ്രാന്‍സില്‍ ജനിച്ച ഗോഥിക് കല ഇതോടെ തിരസ്കൃതമായി. മൈക്കലാഞ്ജലോ (Michelangelo), ലിയാനാഡോ ഡാവിഞ്ചി (Leonardo Davinci), റാഫേല്‍ (Raphe) തുടങ്ങിയവര്‍ ശില്പചിത്രകലകളില്‍ ഉത്തമമാതൃകകള്‍ സൃഷ്ടിച്ചു. ലിയാനാര്‍ഡോയുടെ 'ലാസ്റ്റ് സപ്പര്‍' (Last supper, 1495), റാഫേലിന്റെ 'സ്കൂള്‍ ഒഫ് ആഥന്‍സ്' (School of Athens, 1510), തുടങ്ങിയ ചിത്രങ്ങളിലെ സൂക്ഷ്മതയും പൊരുത്തവും താളവും വൈവിധ്യത്തിലെ ഏകത്വവും പ്രശംസനീയമാണ്. നവോത്ഥാനക്ലാസ്സിസിസത്തിലേക്കുള്ള വളര്‍ച്ചയുടെ ആദ്യമാതൃകകളായി സാന്‍ഡ്രോ ബോട്ടി സെല്ലി (Sandro Botti Celli,, 1444-1510), ഫ്രാ ആന്‍ജെലിക്കോ (Fra Angelico, 1387-1453), പിയാനോ ഡെല്ലാ ഫ്രാന്‍സസ്ക്കാ (Piero della Francisca) മന്റേഗ്ന (Mantegna, 14301506) തുടങ്ങിയവരുടെ രചനകളെ കണക്കാക്കാം.
ഫ്രാന്‍സില്‍ 17-ാം ശതകത്തില്‍ ശുദ്ധമായ ക്ലാസ്സിസിസം എന്ന പ്രസ്ഥാനമുണ്ടായി. ഇറ്റലിയില്‍ ഇത് ബറോകെ ക്ലാസ്സിസിസം (Baroque classicism) എന്ന് അറിയപ്പെട്ടു. ജിയോവന്നിബത്തീസ്ത അഗുക്കി, ജിയോവന്നി പീട്രോബെല്ലോറി എന്നിവരാണ് ഇതിന്റെ ആചാര്യന്മാര്‍. ഫ്രഞ്ച് റോയല്‍ അക്കാദമി ഇതിനെ പിന്നീട് അംഗീകരിച്ചു. റാഫേലിന്റെയും നവോത്ഥാന മൂല്യങ്ങളുടെയും പുനഃപ്രതിഷ്ഠയായി കരുതാവുന്ന ഈ പ്രസ്ഥാനത്തില്‍ കാല്പനികതയുടെ ധാരാളിത്തം കലര്‍ന്നിരുന്നു. ഫ്രാന്‍സിലെ ചിത്രകലയില്‍ നിക്കോളാസ് പൂസാന്‍ (Nicolas Poussin , 1594-1665), വാസ്തുശില്പകലയില്‍ ഫ്രാങ്കോയിസ് മന്‍സാര്‍ (Francois Mansar, 1598-1666) തുടങ്ങിയവര്‍ ശുദ്ധമായ ക്ലാസ്സിക്കല്‍ സങ്കല്പങ്ങളെ മുറുകെപ്പിടിച്ചു. വാസ്തുശില്പകലയിലാകട്ടെ 18-ാം ശതകത്തോടെ ഇംഗ്ലണ്ടിലും തുടര്‍ന്ന് അമേരിക്കയിലും റോമന്‍-ഇറ്റാലിയന്‍ നവോത്ഥാനമൂല്യങ്ങള്‍ ശക്തിപ്പെട്ടു. 18-ാം ശതകത്തിന്റെ മധ്യത്തോടെ വാസ്തുശില്പ കലയിലെ ക്ലാസ്സിസിസം ബൗദ്ധികതയും യുക്തിവാദവുമായി ബന്ധപ്പെട്ടു. രൂപസങ്കല്പത്തിന് വ്യക്തമായ സൈദ്ധാന്തിക ന്യായീകരണവും പുരാതന മൂല്യങ്ങളോടുള്ള ബന്ധവും കൂടിയേ തീരൂ എന്നു വന്നു. അടുത്തഘട്ടത്തില്‍ കാല്പനികത വര്‍ധിച്ചപ്പോള്‍ ക്ലാസ്സിസിസത്തിന് രൂപാന്തരം വന്നു.
നവോത്ഥാനകാലം
18-ാം ശതകത്തിന്റെ പകുതിയോടെ വന്ന റൊമാന്റിക്കുകള്‍, ക്ലാസ്സിക്കല്‍ ആദര്‍ശസങ്കല്പത്തിനെ സ്വതന്ത്രമായ ഭാവനയിലേക്കും സ്വപ്നാത്മകതയിലേക്കും അരാജകത്വത്തിലേക്കും കൊണ്ടുപോയി. ക്ലാസ്സിസിസത്തിന്റെ ഇടുങ്ങിയ നിര്‍വചനം സ്വീകാര്യമല്ലെന്നും അത്യുത്തമ കലാസൃഷ്ടി എന്നാണ് ക്ലാസ്സിക്കിന്റെ അര്‍ഥമെന്നും ജര്‍മനിയിലെ ഗെയ്ഥെ വാദിച്ചു. നീത്ഷെ (Nietzszhe) വാദിച്ചത് ഗ്രീസിനെ രൂപപരമായി അനുകരിച്ചതുകൊണ്ടായില്ലെന്നും അവരുടെ കലാദര്‍ശനം കണ്ടെത്തുകയാണു വേണ്ടതെന്നും ആയിരുന്നു. ഇവരെല്ലാം നവോത്ഥാന ക്ലാസ്സിസിസ്റ്റുകള്‍ ആണ്. ഓരോ കാലഘട്ടവും ഭൂതകാലത്തില്‍ നിന്ന് തങ്ങള്‍ക്കാവശ്യമായ ചില സമീപന രീതികള്‍ സ്വീകരിച്ചതനുസരിച്ച് ക്ലാസ്സിക്കിനെ സംബന്ധിച്ച വിശദീകരണം മാറിവരുമല്ലോ. ഇതോടനുബന്ധിച്ചു തന്നെ ക്ലാസ്സിക്കല്‍ നിയമങ്ങളെ അധിഷ്ഠാനമാക്കിയുള്ള നവീകരണശ്രമവും ശക്തിപ്പെട്ടു. നിയോക്ലാസ്സിസിസം എന്നു വിവക്ഷിക്കപ്പെടുന്ന ഈ പ്രസ്ഥാനം റാഫേലിനെയും പൂസാനെയും ആണ് മാതൃകയാക്കിയത്. ചിത്രകലയില്‍ ജാക്യൂസ് ലൂയിസ് ഡേവിഡ് (Jaques Luis David), ശില്പകലയില്‍ അന്റോണിയോ കനോവാ (Antonio Canovo) തുടങ്ങിയവരുടെ രചനകള്‍ നിയോ ക്ലാസ്സിസിസത്തിന് ഉത്തമോദാഹരണങ്ങളാണ്.
പാശ്ചാത്യകലയില്‍ ആധുനിക ക്ലാസ്സിസിസം എന്നു പറയാവുന്നത് പാബ്ലോ പിക്കാസോയുടെ രചനകളാണ്. ക്ലാസ്സിക് സ്വാധീനത്തിനുദാഹരണമായി ഇദ്ദേഹത്തിന്റെ 'ഹെഡ് ഒഫ് എ വുമണ്‍' (Head of a Women) എന്ന രചന ചൂണ്ടിക്കാണിക്കാറുണ്ട്. പാശ്ചാത്യ ക്ലാസ്സിക് ശൈലി ഇന്ത്യന്‍ ചിത്രകലയില്‍ സ്വീകരിച്ചതിനുദാഹരണങ്ങളാണ് രവിവര്‍മ(1848-1906)യുടെ ചിത്രങ്ങള്‍.
ഭാരതീയ പാരമ്പര്യം
ശില്പകലയിലും ചിത്രരചനയിലും ഗ്രീക്കുമാതൃകകളെക്കാള്‍ പ്രാചീനങ്ങളാണ് ചൈനയിലെ ഷാങ് രാജവംശത്തിന്റെ (ബി.സി. 1523-1028) കാലത്ത് കണ്ടെത്തിയ ഓട്ടുപ്രതിമകളും ഈജിപ്തില്‍ ബി.സി. 300-ല്‍ നിലനിന്ന ഫറോണിക് ശൈലി(Pharonic style)യും. ബി.സി. 2-ാം ശ. മുതല്‍ എ.ഡി. 7-ാം ശ. വരെ ഇന്ത്യയിലെ അജന്താഗുഹാക്ഷേത്രങ്ങളില്‍ നിര്‍മിച്ച വാസ്തുശില്പവും വരച്ച ചുവര്‍ചിത്രവും. ഇവയില്‍ പലതും പ്രത്യേകിച്ച് അജന്തയിലെ ആറു ഗുഹകളില്‍ ഫ്രെസ്കോ ശൈലിയിലുള്ള ചുവര്‍ച്ചിത്രങ്ങളും റിലീഫ് ശില്പങ്ങളും ലോകോത്തരമായ കലാപാരമ്പര്യത്തിനു നിദര്‍ശനമാകുന്നു. 14-ാം ശതകത്തിലെ ഇറ്റാലിയന്‍ ചിത്രങ്ങള്‍ക്ക് ഈ ഫ്രെസ്കോ ശൈലിയുമായി സാദൃശ്യമുണ്ടെന്നും ലിയോണാര്‍ഡോയ്ക്കുപോലും അധികരിക്കാന്‍ സാധിക്കാത്ത പൂര്‍ണത ഇതിലുണ്ടെന്നും നിരൂപകര്‍ പറയുന്നു. കലാചരിത്രത്തിലെ ഉജ്ജ്വലമായ ഒരു കാലഘട്ടത്തെ സൂചിപ്പിക്കുന്ന ഇന്ത്യയുടെ ഈ ക്ലാസ്സിക് കലാമാതൃകകള്‍ ഗ്രീക്-റോമന്‍ കലയില്‍ നിന്ന് പലതുകൊണ്ടും വ്യത്യസ്തമാണ്. റിയലിസം ഇവയില്‍ കലര്‍ന്നിരിക്കുന്നു. സൗന്ദര്യാവിഷ്കരണമാണ് ലക്ഷ്യം. ഭൗതികതയും ആത്മീയതയും തമ്മിലും സൗന്ദര്യവും സംശുദ്ധിയും തമ്മിലും ഇവിടെ അനുരഞ്ജനം സാധിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ മാത്രം കണ്ടെത്തിയ ഈ കലാപൈതൃകത്തില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടവരാണ് ആധുനികരായ അബനീന്ദ്രനാഥ ടാഗോര്‍ (1861-1951), ജെമിനിറോയ് (1887-1974), നന്ദലാല്‍ ബോസ് (1883-1966) തുടങ്ങിയ ഇന്ത്യന്‍ കലാകാരന്മാര്‍. നോ. അജന്ത; ഇന്ത്യ; എല്ലോറ; ഗുപ്തകാലകല; ചാലൂക്യര്‍; ദ്രാവിഡസംസ്കാരം; നിയോക്ലാസ്സിസിസം
(അജയ്കുമാര്‍. സ.പ.)