This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗാമാ, വാസ്കോ ദ (സു. 1460 - 1524)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഗാമാ, വാസ്കോ ദ (സു. 1460 - 1524)== 'ഗുഡ് ഹോപ് മുനമ്പ്' (Cape of Good Hope) ചുറ്റി ആദ്...)
അടുത്ത വ്യത്യാസം →
01:47, 27 സെപ്റ്റംബര്‍ 2015-നു നിലവിലുണ്ടായിരുന്ന രൂപം
ഗാമാ, വാസ്കോ ദ (സു. 1460 - 1524)
'ഗുഡ് ഹോപ് മുനമ്പ്' (Cape of Good Hope) ചുറ്റി ആദ്യമായി ഇന്ത്യയിലെത്തിയ പോര്‍ച്ചുഗീസ് നാവികന്‍. അലെന്റെജോയിലെ (പോര്‍ച്ചുഗല്‍) സിനെസ് എന്ന സ്ഥലത്തെ ഒരു പ്രഭുകുടുംബത്തിലാണ് സു. 1460-ല്‍ ഗാമാ ജനിച്ചത്. ഇദ്ദേഹത്തിന്റെ നാവിക പരിശീലനത്തെക്കുറിച്ച് അധികം വിവരങ്ങള്‍ ലഭ്യമല്ല. ഇദ്ദേഹം 1492-ല്‍ ഫ്രഞ്ച് കടല്‍ക്കൊള്ളക്കാര്‍ക്കെതിരെ ഒരു കപ്പല്‍പടയെ നയിക്കുകയുണ്ടായി. പോര്‍ച്ചുഗല്‍ രാജാവായ ജോണ്‍ II 1497-ല്‍ ഇന്ത്യയിലേക്കയച്ച ഒരു സാഹസിക പര്യടനസംഘത്തിന്റെ നേതാവായി ഗാമായെ തിരഞ്ഞെടുത്തു.
ഗാമായുടെ ഇന്ത്യയിലേക്കുള്ള സാഹസിക പര്യടനം, രാജ്യം കണ്ടുപിടിക്കുന്നതിനുള്ള ശ്രമമെന്നതിനെക്കാള്‍ ആയുധം ധരിച്ച വ്യാപാര ദൗത്യമായിരുന്നു. ഇതിന്റെ പ്രധാന ഉദ്ദേശ്യം മുസ്ലിം കച്ചവടക്കാര്‍ കൈയടക്കിയിരുന്ന ഇന്ത്യന്‍ സമുദ്രവ്യാപാരം പിടിച്ചെടുക്കുക എന്നതായിരുന്നു. 15-ാം ശ.-ത്തില്‍ ലഭ്യമായ വിവരങ്ങള്‍ വച്ചുകൊണ്ടാണ് അത്ലാന്തിക് സമുദ്രത്തിലെ ഈ ദൗത്യം സംഘടിപ്പിക്കപ്പെട്ടത്. ബാര്‍തലോമ്യ ഡയസ് 1487-ല്‍ ഗുഡ് ഹോപ് മുനമ്പ് കണ്ടുപിടിച്ചത് ഈ ശ്രമത്തിന്റെ ഭാഗമായിരുന്നു. ഗാമായുടെ ദൗത്യം ഡയസിന്റെ കണ്ടുപിടിത്തത്തിനുശേഷമുള്ള വിവരങ്ങളും കണക്കിലെടുത്തുകൊണ്ടായിരുന്നു. കൊളംബസില്‍ നിന്നു വ്യത്യസ്തമായി ഗാമായെ ഒരു നിശ്ചിതദൗത്യം നിറവേറ്റാന്‍ വേണ്ടിയാണ് അയച്ചത്.
ഗാമാ, നാലു കപ്പലുകളോടുകൂടി 1497 ജൂല. 8-ന് ലിസ്ബണില്‍ നിന്നു പുറപ്പെട്ടു. കേപ്വെര്‍ദേ ദ്വീപുകളില്‍ ഒന്നിച്ചു കൂടിയതിനുശേഷം അത്ലാന്തിക്കില്‍ പടിഞ്ഞാറന്‍ കാറ്റുകളെ ഉപയോഗപ്പെടുത്തി, ആഫ്രിക്ക ചുറ്റിപ്പോകാനാണ് ഗാമാ നിശ്ചയിച്ചത്. ന. 22-ന് ഗുഡ് ഹോപ് മുനമ്പ് ചുറ്റിയ ഗാമാ 1498 മാ. 2-ന് ആഫ്രിക്കയുടെ തെക്കു കിഴക്കന്‍ തീരത്തുള്ള മൊസാംബിക്കിലെത്തി. പിന്നീട് കെനിയയിലെ മൊംബാസയിലടുത്ത (ഏ. 7) ശേഷം കെനിയയിലെതന്നെ മെലിന്‍ദിയില്‍ എത്തി (ഏ. 14). ഇവിടെവച്ച് ഗാമാ ഇന്ത്യന്‍ സമുദ്രസഞ്ചാര വിദഗ്ധനായ ഇബ്നു മാജിദിന്റെ സേവനം നേടി. മാജിദിന്റെ സഹായത്തോടെ മെലിന്‍ദിയില്‍നിന്ന് നേരിട്ട് മലബാര്‍ തീരത്തേക്ക് കപ്പലോടിക്കാന്‍ ഗാമായ്ക്കു കഴിഞ്ഞു. അങ്ങനെ ഈ കപ്പല്‍സമൂഹം കോഴിക്കോടിനടുത്തുള്ള കാപ്പാട് കടല്‍ത്തീരത്ത് 1498 മേയ് 20-ന് എത്തിച്ചേര്‍ന്നു.
കോഴിക്കോട് എത്തിയ ഗാമായ്ക്ക് വ്യാപാരം നടത്താന്‍ രണ്ട് തടസ്സങ്ങളുണ്ടായിരുന്നു; ഒന്ന്, അന്ന് ഇന്ത്യന്‍ വ്യാപാരം കൈയടക്കിയിരുന്ന മുസ്ലിം വ്യാപാരികള്‍; രണ്ട്, ഗാമാ കൊണ്ടുവന്ന വിലകുറഞ്ഞതും ആഫ്രിക്കയില്‍ വിറ്റഴിഞ്ഞിരുന്നതും ആയ സാധനങ്ങള്‍ക്ക് ദേശാന്തരീയ വ്യാപാരം നടന്നിരുന്ന കോഴിക്കോട്ട് ആവശ്യമില്ലായ്മ. തന്നിമിത്തം ചുങ്കം കൊടുക്കാന്‍പോലും ഗാമായുടെ കൈയില്‍ പണമുണ്ടായിരുന്നില്ല. ഗാമാ കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്കുപോയി. അവിടത്തെ രാജാവിന്റെ ദയാദാക്ഷിണ്യംമൂലം ഗാമായ്ക്ക് കുറേ ചരക്കുകള്‍ വാങ്ങാന്‍ കഴിഞ്ഞു. ആഗ. 29-ന് മലബാര്‍ തീരംവിട്ട ഗാമാ 1499 സെപ്. 9-ന് രണ്ടു കപ്പലുകളോടുകൂടി ലിസ്ബണില്‍ തിരിച്ചെത്തി. ഈ പര്യടനത്തിനു ചെലവായതിന്റെ 60 ഇരട്ടി വില വരുന്ന കച്ചവടച്ചരക്കുകളുമായിട്ടാണ് ഗാമാ മടങ്ങിയെത്തിയത്. യൂറോപ്പില്‍നിന്ന് ഇന്ത്യയിലേക്ക് ആദ്യമായി ഗുഡ് ഹോപ് മുനമ്പുവഴി ഒരു കപ്പല്‍സമൂഹം നയിച്ചതിനുള്ള പ്രശസ്തി ഗാമായ്ക്കുള്ളതാണ്. ഇന്ത്യയുമായുള്ള വ്യാപാരം വിപുലമായ ലാഭസാധ്യതകളുള്ളതാണെന്ന് ഗാമായുടെ പര്യടനം വ്യക്തമാക്കി.
ഇന്ത്യാസമുദ്രത്തില്‍ പോര്‍ച്ചുഗീസ് ശക്തി ഉറപ്പിക്കാനായിരുന്നു ഗാമായെ വീണ്ടും ഇന്ത്യയിലേക്കയച്ചത്. 1502-ല്‍ 14 കപ്പലുകളോടുകൂടി ഗാമാ ഇന്ത്യയിലെത്തി. മാടായിക്കടുത്തുവച്ച് മക്കയിലേക്ക് ഹജ്ജിനുപോയി മടങ്ങിവരുന്ന ഒരു കപ്പല്‍ പോര്‍ച്ചുഗീസുകാര്‍ ആക്രമിച്ചു. കപ്പലിലുള്ള ധനം മുഴുവന്‍ കൊടുക്കാമെന്നു പറഞ്ഞിട്ടും 8 ദിവസം നീണ്ടുനിന്ന ഒരാക്രമണത്തിനുശേഷം സ്ത്രീകളും കുട്ടികളുമടക്കമുള്ള ആ കപ്പലിനു തീ വച്ചു നശിപ്പിച്ചു. കോഴിക്കോട്ട് എത്തിയ ഗാമാ തുറമുഖത്തുള്ള മുസ്ലിങ്ങളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. അതിനു സാമൂതിരി വിസമ്മതിച്ചതുകൊണ്ട് 38 മീന്‍പിടിത്തക്കാരെ വധിച്ച് കടലിലേക്കു തള്ളി. പിന്നീട് തുറമുഖം പീരങ്കികൊണ്ടു തകര്‍ത്തു. വാസ്കോ ദ ഗാമായുടെ രണ്ടാമത്തെ യാത്രകൊണ്ട് കേരളതീരത്തെ രാജാക്കന്മാരെ ഭീഷണിപ്പെടുത്തി മുസ്ലിം വ്യാപാരികളുമായുള്ള വ്യാപാരം അവസാനിപ്പിക്കുവാനും വ്യാപാരത്തില്‍ മലബാര്‍ രാജാക്കന്മാരെ പോര്‍ച്ചുഗീസ് ഭീഷണിക്കു വിധേയരാക്കുവാനും ശ്രമിച്ചു. മറ്റ് ഏതൊരു ഏഷ്യന്‍ നാവികശക്തിക്കുള്ളതിനെക്കാള്‍ ശക്തമായ കപ്പലുകളും പീരങ്കികളുമാണ് തങ്ങള്‍ക്കുള്ളതെന്ന് ഗാമായുടെ ആക്രമണങ്ങള്‍ തെളിയിച്ചു. 1503 ഡിസംബറില്‍ ഗാമാ മടങ്ങിപ്പോയി.
ഗാമാ പിന്നീട് തന്റെ ജീവിതം ഇവോറയിലാണ് കഴിച്ചുകൂട്ടിയത്. 1519-ല്‍ ഇദ്ദേഹത്തെ വിഡിഗ്വേറിറയിലെ പ്രഭുവാക്കി. ഇന്ത്യന്‍ കേന്ദ്രങ്ങളിലെ അഴിമതിയും കുഴപ്പങ്ങളും തുടച്ചുമാറ്റുവാനായി 1524-ല്‍ ഗാമായെ ഇന്ത്യയിലെ വൈസ്രോയിയായി നിയമിച്ചുകൊണ്ട് മൂന്നാമതും ഇന്ത്യയിലേക്കയച്ചു. എന്നാല്‍ ഗാമായ്ക്ക് വലുതായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 1524 ഡി. 24-ന് കൊച്ചിയില്‍ വച്ച് ഇദ്ദേഹം നിര്യാതനായി.
(ഡോ. എ.പി. ഇബ്രാഹിം കുഞ്ഞ്)