This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗാമോ, ജോര്‍ജ് (1904 - 68)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഗാമോ, ജോര്‍ജ് (1904 - 68) == ==Gamow, George== റഷ്യയില്‍നിന്നും അമേരിക്കയില്‍ ...)
അടുത്ത വ്യത്യാസം →
01:46, 27 സെപ്റ്റംബര്‍ 2015-നു നിലവിലുണ്ടായിരുന്ന രൂപം
ഗാമോ, ജോര്‍ജ് (1904 - 68)
Gamow, George
റഷ്യയില്‍നിന്നും അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത ഭൗതിക ശാസ്ത്രജ്ഞന്‍. 1904 മാ. 4-ന് റഷ്യയില്‍ ജനിച്ചു. 1928-ല്‍ ലെനിന്‍ഗ്രാഡ് സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്.ഡി. ബിരുദം നേടി. 1934-ല്‍ യു.എസ്സില്‍ എത്തി. കോപ്പന്‍ഹേഗനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് തിയറിറ്റിക്കല്‍ ഫിസിക്സിലും കേംബ്രിഡ്ജിലെ കാവന്‍ഡിഷ് ലബോറട്ടറിയിലും കുറേനാള്‍ ജോലിനോക്കി. പിന്നീട് ലെനിന്‍ഗ്രാഡ്, ജോര്‍ജ് വാഷിങ്ടണ്‍, കൊളറാഡോ, പാരിസ്, ലണ്ടന്‍ എന്നീ സര്‍വകലാശാലകളില്‍ പഠിപ്പിച്ചു.
തിയറിറ്റിക്കല്‍ ന്യൂക്ലിയര്‍ ഭൗതികശാഖയിലാണ് ജോര്‍ജ് ഗാമോയുടെ സംഭാവനകള്‍ അധികവും. റേഡിയോ ആക്റ്റീവ് അണുകേന്ദ്രങ്ങളുടെ ആല്‍ഫാക്ഷയം (α particle disintegration), പ്രപഞ്ചോത്പത്തിയുടെ പരിണാമസിദ്ധാന്തം എന്നീ ആശയങ്ങളുടെ ആവിഷ്കരണത്തിന് ഇദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ വഴിതെളിച്ചു. മഹാവിസ്ഫോടന സിദ്ധാന്തം (Big Bang Theory), വികസിക്കുന്ന പ്രപഞ്ചസിദ്ധാന്തം (Expanding Universe Theory) എന്നിവയെ ഇദ്ദേഹം ശക്തിയായി പിന്താങ്ങി. വാഷിങ്ടണില്‍വച്ച് എഡ്വേഡ് ടെല്ലറുമായി (Edward Teller) സഹകരിച്ച് ബീറ്റാ ക്ഷയത്തെക്കുറിച്ച് പഠിച്ചു. ഈ പഠനത്തിന്റെ ഫലമായി 'ഗാമോ-ടെല്ലര്‍ സെലക്ഷന്‍ റൂള്‍ ഫോര്‍ ബീറ്റാ എമിഷന്‍' തത്ത്വം ആവിഷ്കരിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞു. അതുപോലതന്നെ അണുകേന്ദ്രീയ വിഘടന സംയോജന തത്ത്വങ്ങള്‍ക്കും ഗാമോയുടെ അണുകേന്ദ്രീയ ദ്രാവക (Nuclear Fluid) പരികല്പന സഹായകമായി. താപണുകേന്ദ്രീയ (Thermo-nuclear)പ്രതിപ്രവര്‍ത്തനത്തെക്കുറിച്ചുള്ള പഠനങ്ങളിലും ഹൈഡ്രജന്‍ ബോംബിന്റെ നിര്‍മിതിയിലും ഇദ്ദേഹത്തിന്റെ പഠനഫലങ്ങള്‍ പ്രയോജനപ്പെട്ടു. പിന്നീട് ഗാമോയുടെ ശ്രദ്ധ ജ്യോതിശ്ശാസ്ത്ര വിഷയങ്ങളില്‍ അണുകേന്ദ്രീയഭൗതികം പ്രയോഗിക്കുന്നതിലേക്കു തിരിഞ്ഞു. തികച്ചും വ്യത്യസ്തമായ ഒരു പ്രവര്‍ത്തനമേഖലയില്‍-ജീവശാസ്ത്രത്തില്‍-ജെനറ്റിക് കോഡ് (genetic code) എന്ന ആശയം ആദ്യമായി മുന്നോട്ടു വച്ചത് (1954) ഇദ്ദേഹമായിരുന്നു.
1950-ല്‍ റോയല്‍ ഡാനിഷ് അക്കാദമി ഒഫ് സയന്‍സസിലേക്കും 1953-ല്‍ യു.എസ്. നാഷണല്‍ അക്കാദമിയിലേക്കും 1965-ല്‍ കേംബ്രിജ് സര്‍വകലാശാലയിലേക്കും ഗാമോ തിരഞ്ഞെടുക്കപ്പെട്ടു. ഗോട്ടിങ്ഗെന്‍ (Gottingen) കോപ്പന്‍ഹേഗന്‍, കേംബ്രിജ് എന്നീ സര്‍വകലാശാലകളില്‍ ഫെലോ, ലെനിന്‍ ഗ്രാഡിലെ സയന്‍സ് അക്കാദമിയില്‍ മാസ്റ്റര്‍ ഒഫ് റിസര്‍ച്ച് എന്നീ പദവികള്‍ ഇദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.
അനേകം പ്രശസ്ത കൃതികളുടെ കര്‍ത്താവായ ഗാമോയെ യുണൈറ്റഡ് നേഷന്‍സ് 1956-ല്‍ കലിങ്ഗപ്രൈസ് നല്കി ആദരിച്ചു. ഇദ്ദേഹത്തിന്റെ കൃതികളില്‍ പേരുകേട്ടവയാണ് ദ് കോണ്‍ട്രിബ്യൂഷന്‍ ഒഫ് അറ്റോമിക് ന്യൂക്ലിയൈ ആന്‍ഡ് റേഡിയോ ആക്റ്റിവിറ്റി (1931), സ്റ്റ്രക്ചര്‍ ഒഫ് അറ്റോമിക് ന്യൂക്ലിയൈ ആന്‍ഡ് ന്യൂക്ലിയര്‍ ട്രാന്‍സ്ഫോര്‍മേഷന്‍ (1937), ദ് ബര്‍ത്ത് ആന്‍ഡ് ഡെത്ത് ഒഫ് ദ് സണ്‍ (1940), ബയോഗ്രഫി ഒഫ് ദി എര്‍ത്ത് (1941, 1959), ദ് ക്രിയേഷന്‍ ഒഫ് ദി യൂണിവേഴ്സ് (1952), വണ്‍, ടു, ത്രീ... ഇന്‍ഫിനിറ്റി (1947, 1961), തേര്‍ട്ടി ഇയേഴ്സ് ദാറ്റ് ഷൂക്ക് ഫിസിക്സ് (1966), മൈ വേള്‍ഡ് ലൈന്‍: ആന്‍ ഇന്‍ഫോര്‍മല്‍ ഓട്ടോബയോഗ്രഫി (1970), മിസ്റ്റര്‍ ടോംപ്കിന്‍സ് ഇന്‍ വണ്ടര്‍ലാന്‍ഡ്, ടോംപ്കിന്‍സ് എക്സ്പ്ളോര്‍സ് ദി ആറ്റം എന്നിവ. 1968 ആഗ. 19-ന് കൊളറാഡോയില്‍ ഇദ്ദേഹം നിര്യാതനായി.