This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാരോഗോത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഗാരോഗോത്രം == മേഘാലയ സംസ്ഥാനത്തിലെ ഒരു പ്രധാന ഗോത്രം. ബി.സി. 400-...)
അടുത്ത വ്യത്യാസം →

01:36, 27 സെപ്റ്റംബര്‍ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഗാരോഗോത്രം

മേഘാലയ സംസ്ഥാനത്തിലെ ഒരു പ്രധാന ഗോത്രം. ബി.സി. 400-നുമുന്‍പ് തിബത്തില്‍ നിന്നും മേഘാലയിലെത്തിച്ചേരുകയും ബ്രഹ്മപുത്രയുടെ താഴ്വരയില്‍ വാസമുറപ്പിക്കുകയും ചെയ്തു. 'അചിക്' എന്നും ഈ ഗോത്രവിഭാഗം അറിയപ്പെടുന്നു. തിബറ്റോ-ബര്‍മന്‍ സമൂഹത്തില്‍പ്പെട്ട ഇവരുടെ ഭാഷയ്ക്കു ബോഡോ ഭാഷയുമായി സാദൃശ്യമുണ്ട്. എഴുത്തോ ലിപികളോ ഇല്ലാതെ പരമ്പരാഗതമായി വാമൊഴിയായി കൈമാറ്റം ചെയ്യപ്പെട്ടവയാണ് ഇവരുടെ ഭാഷ, ആചാരം, അനുഷ്ഠാനം, വിശ്വാസങ്ങള്‍ എന്നിവ. വിവിധ പ്രദേശങ്ങളില്‍ വസിക്കുന്ന ഗാരോ സമൂഹങ്ങള്‍ക്കിടയില്‍ത്തന്നെ (ചിബോക്, റുഗ, അചിക്, ഗാരോ തുടങ്ങിയ) വിവിധ ഉപഭാഷകളും നിലനില്ക്കുന്നുണ്ട്. ഇന്ത്യയിലെ ഗാരോ സമൂഹം പൊതുവേ അചിക് ഭാഷ ഉപയോഗിക്കുമ്പോള്‍ ബാംഗ്ളദേശില്‍ അബെങ്ങാണ്. എന്നാല്‍ സമീപകാലത്ത് ഔദ്യോഗിക ഭാഷയായി ഇംഗ്ലീഷാണ് ഉപയോഗിക്കുന്നത്. ജപാ-ജലിന്‍പാ, സുക്പാബോംഗിപാ എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം ഗാരോകള്‍ തിബത്തില്‍ നിന്നു ബ്രഹ്മപുത്രാ നദികടന്നു അസമിലെ ജോഗിഘോപാ എന്ന സ്ഥലത്തേക്കു കുടിയേറി. ഈ കുടിയേറ്റകാലത്ത് ജോഗി ഘോപായിലെ രാജാവായിരുന്ന ലിലാസിങ്ങിന്റെ വിരോധത്തിനു പാത്രമായ ഗാരോകളെ ലിലാസിങ്ങിന്റെ ശത്രുരാജാവായ അറാംബിത് സഹായിച്ചു. ഗാരോ വംശജയായ ജൂഗെ-സില്‍ബ എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ച അറാംബിത്, ഗാരോകളുടെ സഹായത്തോടെ ലിലാസിങ്ങിനെ പരാജയപ്പെടുത്തി. പിന്നീട് അറാംബിത് ഗാരോകള്‍ക്കുനേരെ തിരിഞ്ഞതിനാല്‍ ഗാരോകളില്‍ ഒരു വിഭാഗം അസമിലെ കാമ്രൂപ് ജില്ലയുടെ ഭാഗമായ ബാകോ എന്ന പ്രദേശത്തിനു ചുറ്റും വാസമുറപ്പിച്ചു. ബാക്കിയുള്ളവര്‍ തെക്കന്‍കുന്നുകളിലേക്കു നീങ്ങി. ഏതാണ്ട് 1300 വര്‍ഷം മുമ്പാണ് ഈ കുടിയേറ്റം ഉണ്ടായത്.

പിന്നീട് ഗാരോകള്‍ പന്ത്രണ്ടോളം ഉപഗോത്രങ്ങളായി പിരിഞ്ഞു. ആവ്, അബെങ്, അതോങ് എന്നിവയാണ് പ്രമുഖ ഉപഗോത്രങ്ങള്‍. ഗാരോസമൂഹത്തിലെ മൂന്നു പ്രധാന വിഭാഗങ്ങള്‍ മരാക്, സങ്മ, മോമിന്‍ എന്നിവയാണ്. ഇവയുടെ ഉപവിഭാഗങ്ങളാണ് അരെങ്, ഷിറാ എബാങ് എന്നിവ. ഒരേ വിഭാഗത്തിലുള്ളവര്‍ തമ്മില്‍ വിവാഹബന്ധത്തിലേര്‍പ്പെടരുതെന്നാണ് ഗാരോ ഗോത്രനിയമം. വിവാഹത്തിനുമുന്‍പ് ജീവിതരീതികളെ സംബന്ധിച്ച് പഠനക്ലാസ്സുകളും വിവാഹാനന്തരം ഭര്‍ത്താവ് ഭാര്യയുടെ ഗൃഹത്തില്‍ വാസമുറപ്പിക്കുന്ന പതിവും നിലനിന്നിരുന്നു. പുരുഷന്മാര്‍ക്കു സ്വത്തവകാശമില്ല.

ഗാരോ വിശ്വാസമനുസരിച്ച് തതാറാ റബുഗയാണ് സ്രഷ്ടാവ്. ചോരബുഡി, സാല്‍ജോങ്, കല്‍കാമെ എന്നിവരാണ് മറ്റു ദേവതകള്‍. ദുര്‍ദേവതകളില്‍ പ്രമുഖസ്ഥാനം നവാങ്ങിനാണ്. ഗാരോ ഗോത്രത്തിലെ ഭൂരിപക്ഷ ജനങ്ങളും ഇന്ന് ക്രിസ്തുമതത്തില്‍പ്പെട്ട റോമന്‍ കത്തോലിക്കരും ബാപ്റ്റിസ്റ്റ് വിശ്വാസികളുമാണ്. എന്നാല്‍ അനിമിസ്റ്റ്-ഹിന്ദു വിശ്വാസികളും ഇവര്‍ക്കിടയിലുണ്ട്.

ഗാരോകളുടെ പ്രധാന ഉത്സവം വിളവെടുപ്പിനോടനുബന്ധിച്ചുള്ള 'വങ്ഗാല' ആണ്. മിക്കവാറും ഒക്ടോബര്‍ മാസത്തിലാണ് ഇത് നടക്കുക. ഡോറെഗാറ്റ, ചാംബിറ്റ്മെസാറ, ഡ്രു-സുവാ എന്നിവയാണ് പ്രധാന ഗാരോനൃത്തങ്ങള്‍. സ്ത്രീ-പുരുഷ ഭേദമന്യേ സുഷിരവാദ്യോപകരണങ്ങളുടെ സംഗീത അകമ്പടിയോടെയുള്ള സമൂഹ നൃത്തവും ഇതിലെ സവിശേഷതയാണ്. വിഭവസമൃദ്ധമായ ഭക്ഷണത്തോടൊപ്പം നെല്ലില്‍ നിന്നും വാറ്റിയെടുത്ത മദ്യവും വിളമ്പുന്നു.

വൈവിധ്യമാര്‍ന്ന ആഭരണങ്ങള്‍ നിറഞ്ഞതാണ് ഗാരോകളുടെ പരമ്പരാഗത വേഷവിധാനം. ഇവര്‍ക്ക് സ്വന്തമായി ആയുധവുമുണ്ട്. ഇരുവശവും മുനയുള്ള മിലാം എന്ന, ഇരുമ്പുകൊണ്ട് നിര്‍മിച്ച ഈ ആയുധത്തിനു പുറമേ അമ്പും വില്ലും, കോടാലി, കവചങ്ങള്‍ എന്നിവയും ഉണ്ട്.

വാബോങ് സികാ, വാബോങ് കോല എന്നിവയാണ് പ്രധാന വിനോദങ്ങള്‍. തദ്ദേശീയമായി ലഭ്യമാകുന്ന വിഭവങ്ങള്‍ കൊണ്ടാണ് ഗാരോ സമൂഹം തങ്ങളുടെ വീടുകള്‍ നിര്‍മിക്കുന്നത്. തടി, മുള തുടങ്ങിയവ ഇതിനായി ഉപയോഗിക്കുന്നു. കുടുംബമായി താമസിക്കുന്ന പുരകള്‍ നോക്മോങ്ങ് എന്നും അവിവാഹിതരായ യുവാക്കള്‍ ഒന്നിച്ചു താമസിക്കുന്നവയെ നോപാന്‍റ്റേ എന്നും കൃഷിയിടങ്ങളില്‍ കാവലിനായി സ്ഥാപിക്കുന്ന പുരകളെ ജാംസ്റെങ്ക് എന്നും വന്യമൃഗങ്ങളില്‍ നിന്നും രക്ഷനേടാനായി അഥവാ കാവലിനായി നിര്‍മിക്കപ്പെടുന്ന മാടങ്ങള്‍ ജാമാഡാല്‍ എന്നും അറിയപ്പെടുന്നു. നോ: മേഘാലയ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍