This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ക്ഷേത്രപ്രവേശന പ്രക്ഷോഭണങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ക്ഷേത്രപ്രവേശന പ്രക്ഷോഭണങ്ങള്‍== അവര്‍ണര്‍ക്ക് സവര്‍ണരെപ്...)
അടുത്ത വ്യത്യാസം →
14:56, 1 സെപ്റ്റംബര്‍ 2015-നു നിലവിലുണ്ടായിരുന്ന രൂപം
ക്ഷേത്രപ്രവേശന പ്രക്ഷോഭണങ്ങള്‍
അവര്‍ണര്‍ക്ക് സവര്‍ണരെപ്പോലെ ഹൈന്ദവ ക്ഷേത്രങ്ങളില്‍ പ്രവേശനവും ആരാധനാസ്വാതന്ത്ര്യവും ലഭ്യമാക്കുവാന്‍ 20-ാം ശതകത്തിന്റെ ആദ്യത്തെ മൂന്നു ദശകങ്ങളിലായി കേരളത്തില്‍ നടന്ന സമരങ്ങള്‍. 19-ാം ശതകത്തിലും 20-ാം ശതകത്തിന്റെ ആദ്യദശകങ്ങളിലും ജാതിജന്യമായ ഉച്ചനീചത്വം കേരളത്തിലെ സാമൂഹിക ഘടനയെയും ബന്ധങ്ങളെയും നിയന്ത്രിക്കുകയും നിര്‍ണയിക്കുകയും ചെയ്തിരുന്നു. അജാതി ഹിന്ദുക്കള്‍ക്ക് അഥവാ അവര്‍ണര്‍ക്ക് ദ്രാവിഡമോ പ്രാകൃതമോ ആയ വിഗ്രഹങ്ങളെ ആരാധിക്കുവാന്‍ മാത്രമേ സ്വാതന്ത്ര്യമുണ്ടായിരുന്നുള്ളൂ. അവര്‍ക്കായി പ്രത്യേക ആരാധനാകേന്ദ്രങ്ങളുണ്ടായിരുന്നു. എന്നാല്‍ എല്ലാവര്‍ക്കും ജാതിഭേദമെന്യേ പ്രവേശനം ലഭ്യമാകേണ്ടിയിരുന്ന സര്‍ക്കാര്‍വക ക്ഷേത്രങ്ങളില്‍ സവര്‍ണര്‍ക്കുമാത്രം ആരാധനാസ്വാതന്ത്ര്യവും പ്രവേശനവും ഉറപ്പു വരുത്തിയിരുന്ന സാമൂഹിക സംവിധാനമാണ് കേരളത്തിലുണ്ടായിരുന്നത്.
അരുവിപ്പുറം പ്രതിഷ്ഠ. ആരാധനാസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള കേരളത്തിലെ സമരപരമ്പരയ്ക്ക് അതിസാഹസികമായ ഒരു സംരംഭത്തിലൂടെ ഇന്ത്യയിലെ പ്രമുഖ സാമൂഹിക പരിഷ്കര്‍ത്താക്കളില്‍ ഒരാളായിരുന്ന ശ്രീനാരായണഗുരു പ്രാരംഭം കുറിച്ചു. 1888-ല്‍ തിരുവനന്തപുരത്തിനു തെക്കുള്ള അരുവിപ്പുറത്തു നടത്തിയ ശിവലിംഗപ്രതിഷ്ഠ അനുഷ്ഠാനപരമായ പാരമ്പര്യത്തിന്റെ നിഷേധവും കേരളത്തിലെ സാമൂഹിക പരിവര്‍ത്തന ചരിത്രത്തിലെ അവിസ്മരണീയമുഹൂര്‍ത്തവുമായിരുന്നു. അരുവിപ്പുറത്തെ ശിവക്ഷേത്രത്തില്‍ ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും പ്രവേശനം ഉറപ്പുവരുത്തുകയും ചെയ്തു. കേരളത്തിലെ ക്ഷേത്രപ്രവേശന പ്രക്ഷോഭണ സമരങ്ങളുടെ പ്രഥമ സ്ഫുലിംഗങ്ങള്‍ പ്രത്യക്ഷപ്പെട്ടത് അരുവിപ്പുറത്തായിരുന്നു. ജാതി ഹിന്ദുക്കളുടെ ശക്തമായ എതിര്‍പ്പിനെ സാരമാക്കാതെതന്നെ പ്രതിഷ്ഠയും ക്ഷേത്രങ്ങളുമായി ശ്രീനാരായണഗുരു മുന്നോട്ടുപോകുക തന്നെ ചെയ്തു. പ്രതിഷ്ഠാസ്ഥാപനം ബ്രാഹ്മണരുടെ മാത്രം അവകാശമായി കരുതിപ്പോന്നിരുന്ന അക്കാലത്ത് ജനനം കൊണ്ടു ബ്രാഹ്മണനല്ലാതിരുന്ന ശ്രീനാരായണഗുരു നടത്തിയ പ്രതിഷ്ഠാസ്ഥാപന പരമ്പര യാഥാസ്ഥിതികരുടെ വിമര്‍ശനത്തിനു വഴിയൊരുക്കി. അരുവിപ്പുറം പ്രതിഷ്ഠയോടെ ബ്രാഹ്മണരുടെ ആരാധനാപരമായ കാര്യങ്ങളിലുള്ള കുത്തകയ്ക്കും പാരമ്പര്യത്തിന്റെ പേരിലുള്ള അവകാശവാദത്തിനും നിലനില്പുണ്ടായിരുന്നില്ലെങ്കിലും ഇക്കാര്യത്തില്‍ സവര്‍ണരില്‍ ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് തുടരുകതന്നെ ചെയ്തു. ഈ പശ്ചാത്തലമാണ് ക്ഷേത്രപ്രവേശന പ്രക്ഷോഭണങ്ങളുടെ ഒരു പരമ്പരയ്ക്കുതന്നെ കേരളത്തില്‍ തുടക്കം കുറിച്ചത്.
സി. രാമന്‍തമ്പി. 1917-ല്‍ കൊല്ലത്തു ചേര്‍ന്ന ഒരു പൊതുയോഗത്തില്‍ വച്ച് തിരുവിതാംകൂര്‍ ഹൈക്കോടതിയിലെ ഒരു റിട്ടയേര്‍ഡ് ജഡ്ജി ആയിരുന്ന സി. രാമന്‍തമ്പിയാണ് അവര്‍ണര്‍ക്കായി ക്ഷേത്രപ്രവേശനത്തിനുവേണ്ടി പരസ്യമായി ആവശ്യമുന്നയിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തുടര്‍ന്ന് ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ടുകൊണ്ടു സി.വി. കുഞ്ഞുരാമന്‍ ദേശാഭിമാനിയില്‍ ഒരു ലേഖനമെഴുതി. ഇതില്‍ പ്രതിഷേധിച്ചവരില്‍, ജാതി ഹിന്ദുക്കളും ഏതാനും ഈഴവരും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പ്രമുഖ സാമൂഹിക പരിഷ്കര്‍ത്താവായിരുന്ന ടി.കെ. മാധവനാണ് ഒരു തുറന്ന പ്രക്ഷോഭണത്തിലൂടെ ഇക്കാര്യത്തില്‍ ബഹുജനശ്രദ്ധ തിരിക്കുവാന്‍ ശ്രമിച്ചത്. തിരുവിതാംകൂറിലെ ശ്രീമൂലം പ്രജാസഭയില്‍ അംഗമായിരുന്ന മാധവന്‍ തീണ്ടല്‍ അവസാനിപ്പിക്കുവാനും ക്ഷേത്രങ്ങളില്‍ അവര്‍ണര്‍ക്കു പ്രവേശനം നല്കുവാനും ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം 1917-ല്‍ സര്‍ക്കാരിനു നല്കുകയുണ്ടായി. എന്നാല്‍ ഇതൊരു മതപരമായ പ്രശ്നമാകയാല്‍ സര്‍ക്കാരിനു ഇടപെടുവാനോ സവര്‍ണരെ നിര്‍ബന്ധിക്കുവാനോ കഴിയില്ല എന്നു വ്യക്തമാക്കപ്പെട്ടു. 1920-ല്‍ മറ്റൊരു പ്രജാസഭാംഗമായ കുഞ്ഞുപണിക്കര്‍ ഹിന്ദുക്കളെന്ന നിലയില്‍ ഈഴവര്‍ക്കും ക്ഷേത്രപ്രവേശനമനുവദിക്കണമെന്ന ഒരു നിവേദനം സര്‍ക്കാരിനു നല്കി. ഇതും ബന്ധപ്പെട്ടവരില്‍ കാര്യമായ പ്രതികരണമൊന്നുമുണ്ടാക്കിയില്ല. തുടര്‍ന്നു ശക്തമായ തുറന്ന പ്രക്ഷോഭണത്തിലൂടെ ഇക്കാര്യം ബഹുജനമധ്യത്തില്‍ കൊണ്ടുവരുവാന്‍ ടി.കെ. മാധവന്‍ തീരുനാമിക്കുകയുണ്ടായത്.
1920 ഡിസംബറില്‍ ടി.കെ. മാധവന്‍ പ്രസിദ്ധമായ വൈക്കം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ റോഡിലൂടെ നടന്ന് ബോട്ടുജെട്ടിയിലെത്തി. ക്ഷേത്രറോഡുകള്‍ അവര്‍ണര്‍ക്ക് അപ്രാപ്യമായിരുന്നു. അവര്‍ണര്‍ക്കു പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള 'തീണ്ടല്‍ പലക'കള്‍ ക്ഷേത്രറോഡുകള്‍ ആരംഭിക്കുന്ന സ്ഥലത്തുതന്നെ അക്കാലത്ത് സ്ഥാപിച്ചിരുന്നു. വൈക്കം, തിരുനക്കര, ശുചീന്ദ്രം മുതലായ ക്ഷേത്രങ്ങളിലേക്കുള്ള പാതകളില്‍നിന്നു തീണ്ടല്‍ പലകകള്‍ മാറ്റുവാനായി കുമാരനാശാന്‍, കുഞ്ഞുപണിക്കര്‍ തുടങ്ങിയ അംഗങ്ങള്‍ പ്രജാസഭയില്‍ നിരന്തരം വാദിച്ചുപോന്നിരുന്നു. അവര്‍ണനായ മാധവന്‍ ഈ വിലക്ക് അവഗണിച്ച് ക്ഷേത്രറോഡിലൂടെ നടക്കുകയും വിവരം കോട്ടയം ജില്ലാ മജിസ്റ്റ്രേട്ടിനെ അറിയിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് മജിസ്റ്റ്രേട്ടും ക്ഷേത്രാധികൃതരും തമ്മില്‍ പല എഴുത്തുകുത്തുകളും നടത്തി. എന്നാല്‍ മാധവന്‍ ഈ റോഡിലൂടെ നടന്നതായി ഒരു തെളിവും അധികൃതര്‍ക്കു ലഭ്യമായില്ല. അതിനാല്‍ മാധവന്റെ അവകാശവാദം അയഥാര്‍ഥമെന്ന നിഗമനത്തില്‍ അവരെത്തിച്ചേരുകയാണുണ്ടായത്.
1921 മാര്‍ച്ചില്‍ ഈഴവര്‍ക്ക് സംസ്ഥാനത്തുള്ള എല്ലാ ക്ഷേത്രങ്ങളിലും പ്രവേശനമനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു നിവേദനം ടി. കെ. മാധവന്‍, എസ്. പദ്മനാഭപണിക്കര്‍, കെ.പി. മാര്‍ത്താണ്ഡന്‍ വൈദ്യര്‍, എം.ജി. ഗോവിന്ദചാന്നാര്‍ എന്നിവര്‍ ചേര്‍ന്ന് ദിവാനു നല്കി. ക്ഷേത്രങ്ങള്‍ എല്ലാ ഹിന്ദുക്കള്‍ക്കും പ്രാപ്യമാകണമെന്ന് വാദത്തോട് സര്‍ക്കാര്‍ വിയോജിച്ചു; ഒരു വിഭാഗം ഹിന്ദുക്കള്‍ക്കു മാത്രമാണവ എന്ന നിലപാട് ആവര്‍ത്തിച്ചു വ്യക്തമാക്കുകയും ചെയ്തു. ഈഴവരുടെ പ്രമുഖ സാമൂഹികപരിഷ്കരണ സംഘടനയായ എസ്.എന്‍.ഡി.പി. യോഗം ക്ഷേത്രപ്രവേശനത്തിനുവേണ്ടി നിരന്തരം പ്രമേയങ്ങള്‍ പാസ്സാക്കിക്കൊണ്ടിരുന്നു. ഇതിനുവേണ്ട പ്രചാരണയോഗങ്ങള്‍ പല സ്ഥലങ്ങളിലും സംഘടിപ്പിക്കപ്പെട്ടു. തിരുവനന്തപുരത്തു നടന്ന അത്തരമൊരു യോഗത്തില്‍ സി.കെ. പരമേശ്വരന്‍പിള്ള എന്ന പരിഷ്കൃതാശയന്‍ ഇക്കാര്യത്തിലുള്ള സവര്‍ണ ഹിന്ദുക്കളുടെ പിന്തുണ വാഗ്ദാനം ചെയ്തു. കേരള ഹിന്ദുസഭ, നായര്‍ സര്‍വിസ് സൊസൈറ്റി, യോഗക്ഷേമസഭ, ക്ഷത്രിയ മഹാസഭ എന്നീ സംഘടനകളും ക്ഷേത്രപ്രവേശന പ്രക്ഷോഭണങ്ങള്‍ക്കു പിന്തുണ നല്കി.
1922-ല്‍ ഗാന്ധിജി തിരുനെല്‍വേലി സന്ദര്‍ശിച്ചപ്പോള്‍ ടി.കെ. മാധവന്‍ അവിടെ എത്തുകയും കേരളത്തിലെ അവര്‍ണ ഹിന്ദുക്കളുടെ ശോചനീയ നില അദ്ദേഹത്തെ ധരിപ്പിക്കുകയും ചെയ്തു. അഹിംസയില്‍ അധിഷ്ഠിതമായ ഒരു സമരം അനാചാരങ്ങള്‍ക്കെതിരെ ആരംഭിക്കുവാന്‍ അദ്ദേഹം മാധവനെ ഉപദേശിച്ചു.
അയിത്തോച്ചാടനക്കമ്മിറ്റി. 1923-ല്‍ കോകനദയില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ വാര്‍ഷിക സമ്മേളനത്തില്‍ കെ.എം. പണിക്കരും കെ.പി. കേശവമേനോനുമൊരുമിച്ച് മാധവന്‍ പങ്കെടുത്തു. സമ്മേളനാധ്യക്ഷനായിരുന്ന മൗലാനാ മുഹമ്മദ് അലിയെയും പ്രമുഖ കോണ്‍ഗ്രസ് നേതാക്കന്മാരായ സി.ആര്‍. ദാസ്, സി. രാജഗോപാലാചാരി, ബി.സി. റോയ് തുടങ്ങിയവരെയും കേരളത്തിലെ അവര്‍ണര്‍ നേരിട്ടിരുന്ന സാമൂഹിക വിലക്കുകളെ ബോധ്യപ്പെടുത്തി. അങ്ങനെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അനുഗ്രഹാശിസ്സുകളോടെയാണ് കേരളത്തില്‍ ഒരു അയിത്തോച്ചാടനക്കമ്മിറ്റിക്കു രൂപം നല്കിയത്. കെ. കേളപ്പന്‍ കണ്‍വീനറും കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, ടി.കെ. മാധവന്‍ മുതലായവര്‍ അംഗങ്ങളുമായിരുന്ന ഈ കമ്മിറ്റിയാണ് പ്രസിദ്ധമായ വൈക്കം സത്യഗ്രഹത്തിനു രൂപകല്പന നല്കിയത്.
പൂത്തോട്ടസംഭവം. എന്നാല്‍ വൈക്കം സത്യഗ്രഹത്തിനു മുമ്പായി 1924 മാ. 17-ന് മറ്റൊരു സമരവും ടി.കെ. മാധവന്റെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി. വൈക്കത്തിനു കുറേ വടക്കുമാറി പൂത്തോട്ട എന്ന സ്ഥലത്തുള്ള ശിവക്ഷേത്രത്തില്‍ കണ്ണന്‍തേവന്‍ എന്ന ഒരു പുലയ യുവാവുമൊത്തു പ്രവേശിക്കുവാന്‍ മാധവന്‍ ഒരു ശ്രമം നടത്തി. എന്നാല്‍ നാലമ്പലത്തിനു സമീപംവച്ച് ക്ഷേത്രജീവനക്കാരും സവര്‍ണരും ചേര്‍ന്ന് അവരെ തടഞ്ഞുനിര്‍ത്തി. മാധവനും കണ്ണന്‍തേവനുമെതിരായി കേസ് ചാര്‍ജു ചെയ്തെങ്കിലും സര്‍ക്കാര്‍ പിന്നീടത് പിന്‍വലിക്കുകയാണുണ്ടായത്. പൂത്തോട്ട സംഭവവും അതിന്റെ പരിസമാപ്തിയും അവര്‍ണര്‍ക്കു കൂടുതല്‍ ആത്മവിശ്വാസം നല്കി.
പദയാത്ര. 1924 ഫെബ്രുവരിയില്‍ അയിത്തോച്ചാടനക്കമ്മിറ്റി കൊല്ലത്തു യോഗം ചേര്‍ന്ന് ഭാവിപരിപാടികള്‍ക്കു രൂപംനല്കി. കമ്മിറ്റി അംഗങ്ങള്‍ അയിത്തോച്ചാടനത്തിന്റെ പ്രചാരണാര്‍ഥം തിരുവിതാംകൂറിന്റെ പല ഭാഗങ്ങളിലും സഞ്ചരിക്കുവാന്‍ തീരുമാനമായി. ഇതിലേക്കുള്ള ആദ്യത്തെ ചുവടുവയ്പെന്ന നിലയിലാണ് വൈക്കം ക്ഷേത്രറോഡില്‍ അവര്‍ണരുമൊത്ത് പദയാത്ര നടത്തുവാന്‍ തീരുമാനിച്ചത്. അതിന്റെ മുന്നോടിയായി കോണ്‍ഗ്രസ് നേതാക്കള്‍ കൂടിയായ കെ.പി. കേശവമേനോന്‍, ടി.കെ. മാധവന്‍, എ.കെ.പിള്ള തുടങ്ങിയവര്‍ വൈക്കം സന്ദര്‍ശിച്ചു. 1924 മാ. 30-ന് അവര്‍ണരുമൊത്തു ക്ഷേത്രറോഡില്‍ പ്രവേശിക്കുവാന്‍ തീരുമാനമായി. ഈ തീരുമാനം സംസ്ഥാനത്തിനകത്തും പുറത്തും ശക്തമായ പ്രതികരണങ്ങളുണ്ടാക്കി. യാഥാസ്ഥിതികരായ സവര്‍ണരുടെ പ്രതിഷേധവും വിമര്‍ശനവും രൂക്ഷമായി. പ്രക്ഷോഭകാരികള്‍ ഇതൊരു പൗരാവകാശ പ്രശ്നമായി കരുതിയപ്പോള്‍ അധികൃതരും യാഥാസ്ഥിതികരും ഇതിനെ മതപരമായിട്ടാണ് വീക്ഷിച്ചിരുന്നത്. നിശ്ചിത ദിവസം സത്യഗ്രഹത്തിനായി കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സന്നദ്ധഭടന്മാരും നേതാക്കളും വൈക്കം ക്ഷേത്രറോഡിനെ (വടക്കേനട) ലക്ഷ്യമാക്കി നീങ്ങി. അവര്‍ണര്‍ക്കു നിരോധനം കല്പിച്ചിരുന്ന സ്ഥാനത്ത് ഇവര്‍ നിലയുറപ്പിച്ചു. തുടര്‍ന്ന് കുഞ്ഞപ്പി എന്ന പുലയനും ബാഹുലേയന്‍ എന്ന തീയനും ഗോവിന്ദപ്പണിക്കര്‍ എന്ന ഒരു നായരുമടങ്ങുന്ന സംഘം മാത്രം നിരോധനം ലംഘിച്ചു മുന്നോട്ടുനീങ്ങി. അവര്‍ അറസ്റ്റിലായി. അടുത്ത ദിവസം ഒരു നായരും രണ്ട് ഈഴവരുമടങ്ങുന്ന ഒരു സംഘമാണ് ഈ ഉദ്യമത്തിനായി നിയോഗിക്കപ്പെട്ടത്. അവരും അറസ്റ്റ് ചെയ്യപ്പെട്ടു.
സത്യഗ്രഹം യാഥാസ്ഥിതികരായ സവര്‍ണരെ പ്രകോപിതരാക്കി. അവരില്‍ മനഃപരിവര്‍ത്തനം പ്രതീക്ഷിച്ച സത്യഗ്രഹ നേതാക്കള്‍ നിരാശരാകേണ്ടിവന്നു. അവരുടെ പ്രതിനിധികള്‍ ഗാന്ധിജിയെ വിവരം ധരിപ്പിക്കുവാനായി ജൂഹുവിലേക്കു പോയി. സത്യഗ്രഹത്തിനു പ്രചോദനവും പ്രചാരണവും നല്കുന്ന ലഘുലേഖകളും മറ്റും പൊലീസും മജിസ്റ്റ്രേട്ടും ചേര്‍ന്നു പിടിച്ചെടുത്തു. പൊലീസും സര്‍ക്കാരും സവര്‍ണതാത്പര്യം സംരക്ഷിക്കുവാന്‍ ശ്രദ്ധിച്ചിരുന്നു. ക്ഷേത്രറോഡുകളില്‍ അധികൃതര്‍ ബാരിക്കേടുകള്‍ ഉയര്‍ത്തി; അതിക്രമിച്ചു കടക്കാതിരിക്കാന്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തപ്പെട്ടു.
കോണ്‍ഗ്രസ് പിന്തുണമൂലം വൈക്കം സത്യഗ്രഹത്തിനു അഖിലേന്ത്യാശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞു. പ്രചാരണങ്ങളിലും സത്യഗ്രഹങ്ങളിലും പങ്കെടുത്ത പല നേതാക്കളും ജയിലിലായി. തുടര്‍ന്ന് പ്രമുഖ സാമൂഹിക പരിഷ്കര്‍ത്താവായിരുന്ന ഇ.വി. രാമസ്വാമിനായ്ക്കര്‍ (ഈറോഡ്), അയ്യാവുള്ള ഗൌഡര്‍ (കോയമ്പത്തൂര്‍), ഡോ.എം.ഇ. നായിഡു (നാഗര്‍കോവില്‍) തുടങ്ങിയവര്‍ വൈക്കത്തെത്തി അറസ്റ്റ് വരിച്ചു. പ്രമുഖ നേതാക്കളുടെ അറസ്റ്റ് സമരത്തിനു കൂടുതല്‍ ആവേശം പകര്‍ന്നു.
ഗാന്ധിജിയുടെ ഉപദേശം. ഒരു പൗരാവകാശ പ്രശ്നമെന്ന നിലയില്‍ വൈക്കം സത്യഗ്രഹത്തില്‍ ജാതിമതഭേദമെന്യേ എല്ലാവരും പങ്കെടുത്തിരുന്നു. എന്നാല്‍ സമരത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്ന ഗാന്ധിജി ഈ സമീപനത്തോട് യോജിച്ചില്ല. അയിത്തം സവര്‍ണ ഹിന്ദുക്കളുടെ സൃഷ്ടിയായതിനാല്‍ ഇതിനെതിരായ സമരത്തില്‍ ഹിന്ദുക്കള്‍ മാത്രം പങ്കെടുക്കുന്നതായിരിക്കും ഉചിതം എന്നദ്ദേഹം വിശദീകരിച്ചു. തുടര്‍ന്ന് സത്യഗ്രഹത്തില്‍ സജീവമായി താത്പര്യം കാട്ടിയിരുന്ന സി.എഫ്. ആന്‍ഡ്രൂസ്, ജോര്‍ജ് ജോസഫ് തുടങ്ങിയവര്‍ രംഗത്തുനിന്നു പിന്മാറി. സമരരംഗം പൂര്‍ണമായി ഹിന്ദുക്കളുടേതായി മാറി.
ഗാന്ധിജിയുടെ ഉപദേശപ്രകാരം ഇ.വി. രാമസ്വാമി നായ്ക്കര്‍, ഡോ.എ.ഇ. നായിഡു, മന്നത്തു പദ്മനാഭന്‍, മാത്തുണ്ണി, ചിറ്റേടത്തു ശങ്കുപ്പിള്ള, രാമകൃഷ്ണദാസ് എന്നീ നേതാക്കള്‍ തിരുവിതാംകൂറിന്റെ ഉള്‍പ്രദേശങ്ങളില്‍ സത്യഗ്രഹത്തിനുവേണ്ടി പ്രചാരണം നടത്തുവാനും യാഥാസ്ഥിതികരില്‍ മനഃപരിവര്‍ത്തനം ഉണ്ടാക്കാനും ശ്രമം നടത്തുകയുണ്ടായി. ഇ.വി. രാമസ്വാമിനായ്ക്കരുടെ ആവേശകരമായ പ്രസംഗങ്ങള്‍ നാട്ടുമ്പുറങ്ങളില്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്നതായി മനസ്സിലാക്കിയതിനെത്തുടര്‍ന്നാണ് അധികൃതര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
പൊതുവേ സവര്‍ണര്‍ നയിച്ചിരുന്ന സത്യഗ്രഹസമരത്തോട് ഈഴവര്‍ക്ക് ആദ്യഘട്ടങ്ങളില്‍ വേണ്ടത്ര താത്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് അവര്‍ സത്യഗ്രഹത്തില്‍ സജീവമായി പങ്കെടുക്കുവാന്‍ തുടങ്ങി. പഞ്ചാബില്‍ നിന്നെത്തിയ അകാലികള്‍ സത്യഗ്രഹികള്‍ക്ക് ആഹാരം നല്കുവാനുള്ള ഒരു സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം ഇത് അവസാനിപ്പിച്ചു. ഈ സംവിധാനം തുടര്‍ന്ന് നിലനിര്‍ത്തുവാന്‍ ഈഴവര്‍ മുന്നോട്ടുവന്നു.
പ്രാരംഭത്തില്‍ അറസ്റ്റുകളിലൂടെ മാത്രം സത്യഗ്രഹത്തെ നേരിട്ടിരുന്ന സര്‍ക്കാര്‍ പിന്നീട് മര്‍ദനമുറകളിലേക്കു തിരിഞ്ഞു. സന്നദ്ധ ഭടന്മാര്‍ ക്രൂരമായി മര്‍ദിക്കപ്പെട്ടു. ഈ ഘട്ടത്തില്‍ ശ്രീനാരായണഗുരു ക്ഷേത്രപ്രവേശനത്തിനു തന്റെ സമ്മതവും പിന്തുണയുമുണ്ടെന്നു വ്യക്തമാക്കി. പുരോഗമനവാദികളായ നായന്മാരും ഈഴവരും ഒത്തുചേര്‍ന്ന് സത്യഗ്രഹം വിജയിപ്പിക്കുവാനായി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. അഞ്ചു നായന്മാരും അഞ്ചു ഈഴവരുമടങ്ങുന്ന ഒരു നിവേദകസംഘം വൈക്കം ക്ഷേത്രറോഡുകള്‍ അവര്‍ണര്‍ക്കായി തുറന്നുകൊടുക്കണമെന്ന ഒരു നിവേദനം 1924 മേയ് 16-ന് ദിവാനു നല്കി.
1924 ആഗ. 4-ന് ശ്രീമൂലംതിരുനാള്‍ മഹാരാജാവ് അന്തരിച്ചു. തുടര്‍ന്ന് കിരീടാവകാശിയായിരുന്ന ശ്രീ ബാലരാമവര്‍മ പ്രായപൂര്‍ത്തിയാകാതിരുന്നതിനാല്‍ റാണി സേതുലക്ഷ്മീബായി റീജന്റായി അധികാരമേറ്റെടുത്തു. സ്ഥാനാരോഹണത്തോടനുബന്ധിച്ച് വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ടു തടവിലാക്കിയിരുന്നവരെ മോചിപ്പിക്കുകയുണ്ടായി.
ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം സവര്‍ണര്‍ മാത്രമടങ്ങുന്ന ഒരു ജാഥ മന്നത്തു പദ്മനാഭന്റെ നേതൃത്വത്തില്‍ വൈക്കത്തുനിന്ന് തിരുവനന്തപുരത്തേക്കു പുറപ്പെടുവാന്‍ തീരുമാനമായി; മറ്റൊരു സവര്‍ണ ജാഥ അതുപോലെ ഡോ.എം.ഇ. നായിഡുവിന്റെ നേതൃത്വത്തില്‍ ശുചീന്ദ്രത്തുനിന്ന് തിരിച്ചു തിരുവനന്തപുരത്തെത്തുവാനും. രണ്ടു ജാഥകളും വഴിനീളെയുള്ള ഫലപ്രദമായ സത്യഗ്രഹ പ്രചരണാനന്തരം തിരുവനന്തപുരത്തു സന്ധിക്കുകയും പന്ത്രണ്ടുപേരടങ്ങുന്ന ഒരു നിവേദകസംഘം 1924 ന. 13-ന് റീജന്റിനെ സന്ദര്‍ശിച്ച് സത്യഗ്രഹികളുടെ ആവശ്യത്തിന് അനുകൂലമായ ഒരു നിലപാട് സ്വീകരിക്കുവാന്‍ അപേക്ഷിക്കുകയും ചെയ്തു. ഇരുപതിനായിരം സവര്‍ണര്‍ ഒപ്പിട്ട ഒരു നിവേദനം ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള റീജന്റിനു സമര്‍പ്പിച്ചു. റീജന്റ് പ്രശ്നം ലെജിസ്ലേറ്റിവ് കൗണ്‍സിലിന്റെ തീരുമാനത്തിനുവിട്ടു. ഒരു വോട്ടിന്റെ കുറവോടെ സത്യഗ്രഹികളുടെ ആവശ്യം നിരാകരിക്കപ്പെട്ടു.
ഗാന്ധിജിയുടെ വൈക്കം സന്ദര്‍ശനം. 1925 മാ. 9-ന് ഗാന്ധിജി വൈക്കം സന്ദര്‍ശിച്ചു. സത്യഗ്രഹത്തിനെതിരായി നിന്നിരുന്ന യാഥാസ്ഥിതിക വിഭാഗവുമായി അദ്ദേഹം സംഭാഷണത്തിലേര്‍പ്പെട്ടു. നീലകണ്ഠന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ യാഥാസ്ഥിതികര്‍ അയിത്തത്തെ ന്യായീകരിക്കുവാന്‍ ശ്രമിച്ചു. ഗാന്ധിജി അതിനെ യുക്തിപൂര്‍വം ഖണ്ഡിച്ചെങ്കിലും യാഥാസ്ഥിതികര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നു. തുടര്‍ന്നദ്ദേഹം തിരുവനന്തപുരത്തെത്തി റീജന്റിനെ സന്ദര്‍ശിച്ച് സത്യഗ്രഹികളുടെ ആവശ്യം അംഗീകരിച്ചുകൊടുക്കുവാന്‍ അഭ്യര്‍ഥിക്കുകയുണ്ടായി.
സത്യഗ്രഹത്തില്‍ അന്തര്‍ലീനമായിരുന്ന നീതി, ഗാന്ധിജിയുടെ ഇടപെടല്‍, സവര്‍ണരില്‍ത്തന്നെ ബഹുഭൂരിപക്ഷത്തിന്റെ അനുകൂലാഭിപ്രായം എന്നീ ഘടകങ്ങള്‍ ക്രമേണ സര്‍ക്കാരിനെ സ്വാധീനിക്കുവാന്‍ തുടങ്ങി. ഈ പശ്ചാത്തലം സത്യഗ്രഹികള്‍ക്കു അനുകൂലമായ ഒരു നില സ്വീകരിക്കുവാന്‍ അധികൃതരെ പ്രേരിപ്പിച്ചു. നാലു ക്ഷേത്രറോഡുകളില്‍ കിഴക്കേനടയിലുള്ളതൊഴികെ മൂന്നു റോഡുകളിലും അവര്‍ണര്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ട് ഉത്തരവായി.
വൈക്കം സത്യഗ്രഹം ക്ഷേത്രപ്രവേശനത്തിനുവേണ്ടിയായിരുന്നില്ല; ക്ഷേത്രറോഡുകളില്‍ അവര്‍ണര്‍ക്കു പ്രവേശനത്തിനുവേണ്ടിയായിരുന്നു. അതാകട്ടെ ക്ഷേത്രപ്രവേശനവാദത്തിലേക്കുള്ള പ്രഥമ പടവായിരുന്നുതാനും. ഇക്കാര്യം അധികൃതര്‍ക്കുതന്നെ അറിയാമായിരുന്നു. അതുകൊണ്ടുതന്നെയാണ് പ്രത്യക്ഷത്തില്‍ വഴിനടക്കുവാനുള്ള അവകാശത്തിനുവേണ്ടിയുള്ള ഈ സത്യഗ്രഹത്തിനു നേരെ സര്‍ക്കാരും യാഥാസ്ഥിതികരും ശക്തമായ പ്രതികൂലനില സ്വീകരിച്ചത്.
വൈക്കം സത്യഗ്രഹം പരിസമാപ്തിയിലേക്കു കടക്കുന്ന ഘട്ടത്തില്‍ത്തന്നെ പ്രസിദ്ധമായ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രറോഡുകളില്‍ അവര്‍ണര്‍ക്കു പ്രവേശനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പ്രക്ഷോഭണം രൂപപ്പെട്ടുവന്നു. കൊല്ലത്തുകാരനായ കുഞ്ഞുരാമന്‍ എന്ന ആളിനായിരുന്നു ഇതിന്റെ നേതൃത്വം. അദ്ദേഹം ഒരു അയിത്തവിരുദ്ധ കമ്മിറ്റിക്കു രൂപം നല്കി.
1925 ജൂല. 3-ന് പറയരും പുലയരുമടങ്ങുന്ന ഒരു ജാഥ ക്ഷേത്ര റോഡുകളില്‍ പ്രവേശിക്കുമെന്നു പ്രഖ്യാപിക്കപ്പെട്ടു. അധികൃതര്‍ കുഞ്ഞുരാമനുമായി ബന്ധപ്പെട്ടു. നിര്‍ദിഷ്ട സംരംഭം മറ്റൊരു ദിവസത്തേക്കു മാറ്റുവാനും അതുവഴി പ്രശ്നത്തില്‍ ഒരു തീരുമാനമെടുക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് സമയം നല്കുവാനും അവര്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കപ്പെട്ടു. ക്ഷേത്രത്തിലെ ആനക്കൊട്ടില്‍വരെയുള്ള റോഡില്‍ കുഞ്ഞുരാമന്‍ അവര്‍ണര്‍ക്കു പ്രവേശനമാവശ്യപ്പെട്ടു. അമ്പലപ്പുഴയിലെ അരയരും ഈഴവരും ആണ്ടി അരയന്റെയും കഞ്ഞിപ്പാടം കൊച്ചുവിന്റെയും കീഴില്‍ അണിനിരന്ന് കുഞ്ഞുരാമനു പിന്തുണ നല്കി. 1925 ആഗ. 17-ന് ഈ രണ്ടു നേതാക്കളുടെ നേതൃത്വത്തില്‍ ഈഴവരും അരയരുമടങ്ങുന്ന ഒരു സംഘം ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡിലൂടെ നടന്നുപോയി. ക്ഷേത്രം അശുദ്ധമാക്കിയതിനാല്‍ സായാഹ്നപൂജയ്ക്കു പൂജാരിമാര്‍ വിസമ്മതിച്ചു. ഹോമപ്പുരയിലെ കീഴ്ശാന്തിയുടെയും തന്ത്രിയുടെയും സഹായത്തോടെ പൂജനടത്തുവാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. അടുത്ത ദിവസവും പൂജാസമയത്ത് ഈഴവരും അരയരുമടങ്ങുന്ന സംഘം ക്ഷേത്രറോഡുകളില്‍ കടന്നുകയറി. പ്രകോപിതരായ സവര്‍ണര്‍ പ്രക്ഷോഭകാരികളെ മര്‍ദിച്ചു. വിവരമറിഞ്ഞ് ടി.കെ. മാധവന്‍ അമ്പലപ്പുഴ സന്ദര്‍ശിക്കുകയും മര്‍ദിച്ചവര്‍ക്കെതിരെ കേസ്ഫയല്‍ ചെയ്യുകയുമുണ്ടായി. ഇത് സവര്‍ണരെ കൂടുതല്‍ പ്രകോപിപ്പിച്ചു. എന്നാല്‍ വൈക്കം സത്യഗ്രഹത്തിന്റെ പരിസമാപ്തിയോടെ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രറോഡുകളിലും അവര്‍ണര്‍ക്കു പ്രവേശനം അനുവദിക്കപ്പെട്ടു.
ക്ഷേത്രത്യാഗം. വൈക്കം സത്യഗ്രഹത്തിനുശേഷം ക്ഷേത്രപ്രവേശനത്തിനായി നിഷേധരൂപത്തിലുള്ള ഒരു സമരത്തിനായി ടി.കെ. മാധവന്‍ നേതൃത്വം നല്കുകയുണ്ടായി. ക്ഷേത്രങ്ങളില്‍ അവര്‍ണര്‍ക്കു പ്രവേശനം നല്കുന്നില്ലെങ്കില്‍ ക്ഷേത്രങ്ങളെ ബഹിഷ്കരിക്കുക എന്നതായിരുന്നു ഈ സമരത്തിന്റെ കാതലായ അംശം. ചേര്‍ത്തല കേന്ദ്രമാക്കി ഇതിനായി അദ്ദേഹം പ്രവര്‍ത്തിച്ചു. അവര്‍ണര്‍ക്കു ക്ഷേത്രപ്രവേശനമില്ലായിരുന്നെങ്കിലും അവര്‍ ഈശ്വരവിശ്വാസികളായിരുന്നു. ക്ഷേത്രങ്ങളില്‍ വഴിപാടായി പണവും നേര്‍ച്ചവസ്തുക്കളും നല്കുന്നതിലും അവര്‍ ശ്രദ്ധിച്ചിരുന്നു. തങ്ങള്‍ക്കു പ്രവേശനമില്ലാത്ത ക്ഷേത്രങ്ങളെ എല്ലാരൂപത്തിലും ബഹിഷ്കരിക്കുക-ക്ഷേത്രത്തിനു മുതല്‍ക്കൂട്ടുന്ന രൂപത്തില്‍ യാതൊന്നും സംഭാവനയായി നല്കാതിരിക്കുക-ഇതായിരുന്നു സമരരൂപം. കെ.സി. കുട്ടനെപ്പോലെയുള്ള പുരോഗമനാശയക്കാരായ പ്രാദേശിക നേതാക്കള്‍ സമരപ്രചാരണത്തിനു നേതൃത്വം നല്കി. ഇതിനായി പ്രത്യേകം സന്നദ്ധസേന രൂപവത്കൃതമായി. അവര്‍ണരെ ക്ഷേത്രാരാധനയില്‍ നിന്നു വിമോചിപ്പിക്കുവാന്‍ ശക്തമായ പ്രചാരവേല ഇവര്‍ നടത്തി ഒരു പ്രതികാരത്തോടെന്നപോലെ അവര്‍ണര്‍ ക്ഷേത്രബഹിഷ്കരണം തുടങ്ങി. 'ക്ഷേത്ര ത്യാഗം' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ സമരം ഒരു വലിയ വിജയമായിരുന്നു. ചേര്‍ത്തലയിലുള്ള വരുത്തോര്‍വട്ടം ക്ഷേത്രത്തിലെ തൂപ്പുകാരിക്കു ശമ്പളം നല്കാന്‍ പോലും കഴിയാത്ത നിലയിലായി ക്ഷേത്രത്തിന്റെ വരുമാനനില. ശമ്പളക്കുടിശ്ശികയുടെ പേരില്‍ പൂജാരിക്കെതിരായി തൂപ്പുകാരി കേസു കൊടുക്കുകയും അവര്‍ക്കനുകൂലമായി കോടതി വിധിയുണ്ടാവുകയും ചെയ്തു.
വൈക്കം ക്ഷേത്രറോഡുകള്‍ അവര്‍ണര്‍ക്കായി തുറന്നുകൊടുത്തെങ്കിലും അവര്‍ക്കെതിരായ നിരോധനങ്ങള്‍ മറ്റു പലക്ഷേത്രങ്ങളുടെ കാര്യത്തിലും തുടര്‍ന്നും നിലനിന്നുപോന്നു. കോട്ടയത്തെ തിരുവാര്‍പ്പ് ക്ഷേത്രം അവര്‍ണര്‍ക്കെതിരായ നിരോധനം നിലനിര്‍ത്തുവാന്‍ ശ്രമിച്ചിരുന്നു. ഇതിനെതിരായി സത്യഗ്രഹമാരംഭിച്ചു. സത്യഗ്രഹമനുഷ്ഠിച്ച സി.കെ. കുഞ്ഞുകൃഷ്ണന്‍, സി. കുട്ടന്‍നായര്‍ എന്നിവര്‍ മര്‍ദനവിധേയരായി. ഇതോടെ തിരുവാര്‍പ്പ് പ്രദേശം സംഘര്‍ഷാത്മകമായി. 1927 ഒക്ടോബറില്‍ ഗാന്ധിജി തിരുവിതാംകൂര്‍ സന്ദര്‍ശിച്ചപ്പോള്‍ ടി.കെ. മാധവന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഒരു നിവേദക സംഘം അദ്ദേഹത്തെ കാണുകയും തിരുവാര്‍പ്പിലും മറ്റു പല പ്രദേശങ്ങളിലും അവര്‍ണരുടെമേല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഈ സ്ഥിതിവിശേഷത്തെ ഗാന്ധിജി തുറന്ന് അപലപിച്ചു. വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ചുണ്ടാക്കിയ കരാറിന്റെ സത്തയ്ക്ക് നിരക്കാത്തതാണ് തുടര്‍ന്നുള്ള നിരോധനമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗാന്ധിജിയുടെ ഈ നിലപാട് അധികൃതരില്‍ കുറച്ചു വൈകിയിട്ടാണെങ്കിലും പ്രതികരണമുളവാക്കി. ശുചീന്ദ്രത്തെ താണുമാലയപ്പെരുമാള്‍ ക്ഷേത്രത്തിലും നിരോധനം തുടര്‍ന്നിരുന്നു. ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡുകള്‍ അവര്‍ണര്‍ക്ക് അപ്രാപ്യമായിത്തന്നെയിരുന്നു. ഇതിനെതിരായി മറ്റൊരു സുദീര്‍ഘമായ സമരത്തിന് പുരോഗമനാശയക്കാര്‍ നിര്‍ബന്ധിതരായി. 'ശുചീന്ദ്രം സത്യഗ്രഹം' എന്ന പേരില്‍ പില്ക്കാലത്ത് വിഖ്യാതമായിത്തീര്‍ന്ന ഈ സമരത്തിന് ഡോ. എം.ഇ. നായിഡു, ഗാന്ധി രാമന്‍പിള്ള, എച്ച്. പെരുമാള്‍ പണിക്കര്‍, പി.സി. താണുമാലയപ്പെരുമാള്‍, എം. സുബ്രഹ്മണ്യ പിള്ള തുടങ്ങിയവര്‍ നേതൃത്വം നല്കി.
1926 ജനു. 13-ന് ഡോ. നായിഡു ദേവസ്വംകമ്മിഷണര്‍ക്കു എഴുതിയ ഒരു കത്തില്‍ സത്യഗ്രഹം ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്ന വിവരം വ്യക്തമാക്കിയിരുന്നു. ജനു. 18-ന് സത്യഗ്രഹമാരംഭിക്കുവാന്‍ തീരുമാനമായി. സത്യഗ്രഹത്തിനു പിന്തുണ നല്കാനായി അനേകമാളുകള്‍ ക്ഷേത്രപരിസരത്തു തിങ്ങിക്കൂടി. അന്നു സായാഹ്നത്തില്‍ ഡോ. നായിഡുവിന്റെ നേതൃത്വത്തില്‍ ഒരു ബ്രാഹ്മണന്‍, മൂന്നു വെള്ളാളര്‍, ഒരു മറവന്‍, ഒരു പറയന്‍ എന്നിവരടങ്ങുന്ന ചെറുസംഘം സന്നദ്ധഭടന്മാര്‍ ക്ഷേത്രറോഡുകള്‍ ലക്ഷ്യമാക്കി നടന്നു. റോഡിനു സമീപമെത്തുവാന്‍ കഴിയാത്തവിധം വഴി തടഞ്ഞുകൊണ്ട് സവര്‍ണര്‍ നേരത്തേ കുത്തിയിരിപ്പ് ആരംഭിച്ചിരുന്നു. സത്യഗ്രഹികള്‍ സവര്‍ണര്‍ക്കു അഭിമുഖമായി നിലത്തിരുന്നു. സത്യഗ്രഹികളെ ഡോ. നായിഡു അഭിസംബോധനചെയ്തശേഷം പിരിഞ്ഞുപോകുവാന്‍ തീരുമാനിച്ചു. തുടര്‍ന്ന് സത്യഗ്രഹത്തിനായി ഒരു കമ്മിറ്റി-ശുചീന്ദ്രം സത്യഗ്രഹ കമ്മിറ്റി-രൂപവത്കൃതമായി. ഈ കമ്മിറ്റിയുടെ പ്രസിഡന്റ് എം. സുബ്രഹ്മണ്യപിള്ളയും സെക്രട്ടറി ഡോ. നായിഡുവുമായിരുന്നു. 1926 ജനു. 29-ന് സത്യഗ്രഹം ചിട്ടയോടെ ഔപചാരികമായി ആരംഭിക്കുവാന്‍ തീരുമാനിച്ചു. ഒരു ബ്രാഹ്മണന്‍, രണ്ടു പറയന്‍, ഒരു ഈഴവന്‍, ഒരു വെള്ളാളന്‍ എന്നിവരടങ്ങുന്ന സത്യഗ്രഹികള്‍ ക്ഷേത്രറോഡുകളില്‍ പ്രവേശിക്കുന്നതിനു മുമ്പുതന്നെ സവര്‍ണര്‍ അവരെ തടഞ്ഞു. അടുത്ത ദിവസം നടന്ന സത്യഗ്രഹത്തിനുശേഷം സായാഹ്നത്തില്‍ സത്യഗ്രഹികളുടെയും അനുഭാവികളുടെയും ഒരു യോഗത്തെ ഇ.വി. രാമസ്വാമിനായ്ക്കര്‍ അഭിസംബോധന ചെയ്തു. 1926 ഫെ. 11-ന് ഉച്ചയ്ക്കുശേഷം സന്നദ്ധസേന ക്യാപ്റ്റനായിരുന്ന മുത്തുസ്വാമിയും ചിന്നസ്വാമിശാസന്‍ എന്ന മറ്റൊരു സത്യഗ്രഹിയും സവര്‍ണരുടെ പ്രതിഷേധവലയം ഭേദിച്ച് ക്ഷേത്ര റോഡില്‍ കയറാന്‍ ഒരു വിഫലശ്രമം നടത്തി. തുടര്‍ന്ന് അവര്‍ മര്‍ദിക്കപ്പെട്ടു. സത്യഗ്രഹികളും അനുഭാവികളും മര്‍ദന വിധേയരായി. ഡോ. നായിഡുവിനെ പൊതുപ്രഭാഷണങ്ങള്‍ ചെയ്യുന്നതില്‍ നിന്നും പോലീസ് വിലക്കി. സത്യഗ്രഹികളുടെ പന്തലിനു ചുറ്റും സത്യഗ്രഹ വിരോധികള്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തി.
വൈക്കം സത്യഗ്രഹത്തിലെന്ന പോലെ ശുചീന്ദ്രം സത്യഗ്രഹത്തിലും ഗാന്ധിജി തത്പരനായിരുന്നു. അധികൃതരുമായി അദ്ദേഹം കൂടിയാലോചനകള്‍ നടത്തി. സത്യഗ്രഹം പിന്‍വലിച്ചശേഷം ക്ഷേത്ര റോഡുകള്‍ അവര്‍ണര്‍ക്കായി തുറന്നു കൊടുക്കാമെന്ന ഒരുറപ്പ് അവസാനം സര്‍ക്കാര്‍ നല്കി. അതനുസരിച്ച് 1926 ഫെ. 27-ന് സത്യഗ്രഹം താല്കാലികമായി നിര്‍ത്തിവയ്ക്കുവാന്‍ തീരുമാനമായി.
എന്നാല്‍ സര്‍ക്കാരിന് വാക്കു പാലിക്കാന്‍ കഴിഞ്ഞില്ല. ഒരു വിഭാഗം യാഥാസ്ഥിതികരായ സവര്‍ണരുടെ ശക്തമായ എതിര്‍പ്പായിരുന്നു പ്രധാന കാരണം. സര്‍ക്കാരിന്റെ അര്‍ധമനസ്സും ഇതിനു പിന്നിലുണ്ടായിരുന്നു.
തുടര്‍ന്ന് സത്യഗ്രഹം പുനരരാംഭിക്കപ്പെട്ടു. സത്യഗ്രഹ നേതാക്കളിലൊരാളായ ഗാന്ധി രാമന്‍പിള്ളയെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. സന്നദ്ധ ഭടന്മാര്‍ സമാധാനപൂര്‍വം ക്ഷേത്രറോഡുകളില്‍ കടക്കുവാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. അവരെല്ലാം അറസ്റ്റിലായി. ആദ്യസത്യഗ്രഹ കാലത്ത് എം.ഈ.വാറ്റ്സ് എന്ന ഇംഗ്ലീഷുകാരനായിരുന്നു ദിവാന്‍. സത്യഗ്രഹികളോടും അവരുടെ ആവശ്യത്തോടും വ്യക്തിപരമായി അനുഭാവമുള്ളയാളായിരുന്നു വാറ്റ്സ്. എന്നാല്‍ അദ്ദേഹത്തെത്തുടര്‍ന്നു ദിവാനായി വി.എസ്. സുബ്രഹ്മണ്യഅയ്യര്‍ യാഥാസ്ഥിതികരായ സവര്‍ണരുടെ താത്പര്യം സംരക്ഷിക്കുന്നതില്‍ ശ്രദ്ധേയനായിരുന്നു. ഗാന്ധിരാമന്‍ പിള്ളയെയും മറ്റും ഒരു വര്‍ഷത്തെ കഠിനതടവിനു കീഴ്ക്കോടതി വിധിച്ചെങ്കിലും തിരുവിതാംകൂര്‍ ഹൈക്കോടതി അവരെ വിട്ടയയ്ക്കാന്‍ ഉത്തരവിടുകയാണുണ്ടായത്. ശുചീന്ദ്രം ക്ഷേത്രറോഡുകള്‍ ജാതിഭേദമെന്യേ എല്ലാവര്‍ക്കും തുറന്നുകൊടുക്കുവാനും നിര്‍ദേശിച്ചു. തുടര്‍ന്ന് ഗാന്ധി രാമന്‍പിള്ളയും മറ്റും മോചിതരായി. എന്നാല്‍ ക്ഷേത്ര റോഡുകളുടെ കാര്യത്തിനു സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിക്കുകയുണ്ടായില്ല. 1936-ല്‍ ക്ഷേത്രപ്രവേശന വിളംബരത്തോടെ മാത്രമേ അവര്‍ണര്‍ക്ക് ഈ റോഡുകളില്‍ പ്രവേശനം അനുവദിക്കുകയുണ്ടായുള്ളൂ.
1931-ല്‍ ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ടുകൊണ്ടുള്ള വളരെ പ്രധാനപ്പെട്ട ഒരു പ്രക്ഷോഭണത്തിന് ഗുരുവായൂര്‍ ക്ഷേത്രം സാക്ഷ്യം വഹിച്ചു. കോഴിക്കോട് സാമൂതിരിയുടെ നിയന്ത്രണത്തിലായിരുന്ന ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം കേന്ദ്രീകരിച്ചുതുടങ്ങിയ ഈ പ്രക്ഷോഭണത്തിന് കെ. കേളപ്പന്‍, മൊയാരത്ത് ശങ്കരന്‍, എ.കെ. ഗോപാലന്‍, മാധവനാര്‍ സുബ്രഹ്മണ്യന്‍ തിരുമുമ്പ് തുടങ്ങിയവര്‍ നേതൃത്വം നല്കി. കേരളാപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സമരത്തിന് ശക്തമായ പിന്തുണ നല്കിക്കൊണ്ടിരുന്നു. സത്യഗ്രഹത്തിനു മുമ്പായി നേതാക്കള്‍ പൊന്നാനി താലൂക്കു മുഴുവന്‍ ചുറ്റിസഞ്ചരിച്ച് വേണ്ടത്ര പ്രചരണം നല്കി. കണ്ണൂരില്‍നിന്നു പുറപ്പെട്ട സത്യഗ്രഹ ഭടന്മാരുടെ ഒരു ജാഥ 1931 ഒ. 31-ന് ഗുരുവായൂരെത്തി. ന. 1-ന് അഖിലകേരള ക്ഷേത്രപ്രവേശന ദിനമായി ആചരിക്കപ്പെട്ടു. അന്നുതന്നെ ഗുരുവായൂര്‍ സത്യഗ്രഹത്തിനു പ്രാരംഭം കുറിക്കുകയും ചെയ്തു. ഗുരുവായൂര്‍ ക്ഷേത്രം അവര്‍ണര്‍ക്കായി തുറന്നുകൊടുക്കുവാന്‍ കേളപ്പന്‍ സാമൂതിരിയോടു അഭ്യര്‍ഥിച്ചു. എന്നാല്‍ സാമൂതിരി യാഥാസ്ഥിതികരുടെ പക്ഷത്തായിരുന്നു.
സത്യഗ്രഹികള്‍ക്കു നേരെ ക്രൂരമായ ഒരു നയമായിരുന്നു യാഥാസ്ഥിതികര്‍ സ്വീകരിച്ചിരുന്നത്. പല സത്യഗ്രഹികള്‍ക്കും മര്‍ദനമേറ്റു. ക്ഷേത്രത്തില്‍ കയറി മണികെട്ടാനുദ്യമിച്ച പി. കൃഷ്ണപിള്ള ദാരുണമാംവിധം മര്‍ദിക്കപ്പെട്ടു. ബലമായി ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള പ്രക്ഷോഭകരുടെ ശ്രമത്തെയും അവര്‍ പരാജയപ്പെടുത്തി. സത്യഗ്രഹത്തെ പ്രോത്സാഹിപ്പിച്ചിരുന്ന കെ.പി.സി.സി. നിരോധിക്കപ്പെട്ടു. പത്തുമാസം സത്യഗ്രഹം നടന്നെങ്കിലും സാമൂതിരിയുടെ നിലപാടില്‍ മാറ്റമൊന്നുമുണ്ടായില്ല. തുടര്‍ന്ന് കെ. കേളപ്പന്‍ നിരാഹാര സത്യഗ്രഹത്തിനൊരുമ്പെട്ടു. 1932 സെപ്. 20-ന് കേളപ്പന്‍ നിരാഹാര സത്യഗ്രഹമാരംഭിച്ചു. ആ ദിവസം വിദ്യാര്‍ഥികള്‍ ക്ലാസ്സുകള്‍ ബഹിഷ്കരിച്ച് തളിയിലും ചാലപ്പുറത്തുമുള്ള ക്ഷേത്രങ്ങളില്‍ ബലമായി പ്രവേശിച്ചു. സെപ്. 25-ന് 'ഗുരുവായൂര്‍ ദിന'മായി ആചരിക്കപ്പെട്ടു. അതേ ദിവസം തന്നെ ബോംബെയില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് യോഗം ക്ഷേത്രപ്രവേശന പ്രക്ഷോഭണങ്ങള്‍ക്ക് പൊതുവേ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള സുപ്രധാനമായ ഒരു തീരുമാനമെടുക്കുകയുണ്ടായി.
1932 സെപ്. 26-ന് തീയരും പുലയരുമടങ്ങുന്ന ഒരു യോഗം കണ്ണൂരില്‍ ചേരുകയും മലബാറിലെ ക്ഷേത്രങ്ങള്‍ എല്ലാ ഹിന്ദുക്കള്‍ക്കുമായി തുറന്നുകൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. കേളപ്പന്റെ നിരാഹാര സത്യഗ്രഹത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിനകത്തും പുറത്തുമുള്ള അനേകം സംഘടനകളും പ്രമുഖ വ്യക്തികളും കത്തുകളും കമ്പികളും അയച്ചുകൊണ്ടിരുന്നു. പരിക്ഷീണനായ കേളപ്പനെ സത്യഗ്രഹത്തില്‍ നിന്നു പിന്തിരിപ്പിക്കുവാന്‍ ഗാന്ധിജി ഉള്‍പ്പെടെ പലരും ശ്രമിക്കുകയുണ്ടായി. സെപ്. 28-ന് സംഘര്‍ഷം മുറ്റിനിന്ന അന്തരീക്ഷത്തില്‍ ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് ഒരു പൊതുയോഗം ചേര്‍ന്നു. ക്ഷുഭിതരായ ചില പ്രസംഗകര്‍ ജനങ്ങളോട് സാമൂതിരിയുടെ കൊട്ടാരത്തിലേക്കു മാര്‍ച്ചു ചെയ്യാനും അദ്ദേഹത്തിന്റെ തലവെട്ടി കടലിലെറിയുവാനും ആഹ്വാനം ചെയ്തതായി പറയപ്പെടുന്നു. സാമൂതിരി താത്കാലികമായി കോട്ടയ്ക്കലേക്കു താമസം മാറ്റി.
കെ.പി.സി.സി. അനൗപചാരികമായി ഗുരുവായൂര്‍ സത്യഗ്രഹത്തോടുള്ള ബഹുജനങ്ങളുടെ അഭിപ്രായമറിയുവാന്‍ പൊന്നാനി താലൂക്കില്‍ ഒരു ജനഹിത പരിശോധന നടത്തി. 27,465 വോട്ടര്‍മാരില്‍ 15,568 പേര്‍ സത്യഗ്രഹത്തിനു പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ ജനവിധിയും സത്യഗ്രഹസംരംഭങ്ങളും ക്ഷേത്രാധികാരികളെയോ സാമൂതിരിയെയോ സ്വാധീനിച്ചില്ല. ഗാന്ധിജിയുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനപ്രകാരം കേളപ്പന്‍ നിരാഹാര സമരം അവസാനിപ്പിച്ചു. അധികൃതര്‍ക്കു തീരുമാനമെടുക്കുവാന്‍ വേണ്ട അവസരം ഇതുമൂലം ലഭിക്കുമെന്നായിരുന്നു ഗാന്ധിജിയുടെ പ്രതീക്ഷ. ഈ പ്രതീക്ഷ അസ്ഥാനത്തായിരുന്നു. മൂന്നുമാസത്തിനുശേഷം കേളപ്പന്‍ വീണ്ടും നിരാഹാരസത്യഗ്രഹമാരംഭിച്ചു. 1933 മേയ് 8-ന് ആരംഭിച്ച നിരാഹാരം മേയ് 29 വരെ നടന്നു.
ഇതിനിടയ്ക്ക് പയ്യന്നൂരിലെ സവര്‍ണര്‍ അവരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ഷണ്മുഖ ഭജനമഠം' ഹരിജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. കോഴിക്കോട്ടുള്ള ശ്രീകണ്ഠേശ്വരം ക്ഷേത്രക്കുളത്തില്‍ നൂറുകണക്കിനു അയിത്തജാതിക്കാര്‍ നീരാട്ടു നടത്തി; അവര്‍ക്കു ക്ഷേത്രത്തില്‍ നിന്നും പ്രസാദം നല്കപ്പെട്ടു. പൂണെ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന 'സര്‍വെന്റ് ഒഫ് അണ്‍ടച്ചബിള്‍ സൊസൈറ്റി' കേളപ്പന്റെ നേതൃത്വത്തില്‍ 'മലബാര്‍ ഹരിജന്‍ സേവക് സംഘ്' രൂപവത്കരിച്ചു. 1934 ജനുവരിയില്‍ മലബാര്‍ സന്ദര്‍ശിച്ച ഗാന്ധിജി ക്ഷേത്രപ്രവേശനത്തിനായി ആവര്‍ത്തിച്ചാവശ്യപ്പെട്ടു. 1934 ആഗസ്റ്റില്‍ രൂപവത്കൃതമായ 'ആള്‍ കേരളാ ബോര്‍ഡ് ഒഫ് ഹരിജന്‍ സേവക് സംഘ്' ക്ഷേത്രപ്രവേശനത്തിനായി തിരുവിതാംകൂര്‍-കൊച്ചി-മദ്രാസ് ഗവണ്‍മെന്റുകളോട് അഭ്യര്‍ഥിക്കുകയുണ്ടായി. എന്നാല്‍ ഈവിധ സംരംഭങ്ങളൊന്നും ക്ഷേത്രാധികാരികളില്‍ കാര്യമായ സ്വാധീനമൊന്നും ചെലുത്തിയിരുന്നില്ല. ക്ഷേത്രപ്രവേശനത്തിനായി മദ്രാസ് ഗവണ്‍മെന്റ് നിയമനിര്‍മാണ നടപടികള്‍ പൂര്‍ത്തിയാക്കിയതിന്റെ പരിണതഫലമായി മാത്രമേ ഗുരുവായൂരില്‍ ക്ഷേത്രപ്രവേശനമനുവദിക്കുകയുണ്ടായുള്ളൂ.
മദ്രാസ് ഹിന്ദു റിലിജിയസ് എന്‍ഡോവ്മെന്റ് ആക്റ്റിലെ സെക്ഷന്‍ 40 നിലവിലുള്ള സമ്പ്രദായങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനു തടസ്സമാണെന്ന ഒരു വാദം സാമൂതിരി ഉന്നയിച്ചിരുന്നു. ഈ തടസ്സം നീക്കിക്കിട്ടുവാന്‍ ഡോ. പി. സുബ്ബരായന്‍ മദ്രാസ് ലജിസ്ലേറ്റിവ് കൗണ്‍സിലില്‍ ഒരു പ്രമേയം അവതരിപ്പിച്ചു. തുടര്‍ന്ന് ഡോ. സുബ്ബരായന്‍ 'ടെമ്പിള്‍ എന്‍ട്രി ഡിസ് എബിലിറ്റീസ് റിമൂവല്‍സ് ആക്റ്റ്' എന്ന പേരിലും നാരായണന്‍ നമ്പ്യര്‍, 'റിമൂവല്‍ ഒഫ് ഡിപ്രസ്സ്ഡ് ക്ലാസ്സസ് റിലിജിയസ് ഡിസ് എബിലിറ്റീസ് ആക്റ്റ്' എന്ന പേരില്‍ മറ്റൊരു ബില്ലും കൗണ്‍സിലില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഗവണ്‍മെന്റ് അതിന് അനുമതി നിഷേധിക്കുകയുണ്ടായി.
1932-ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ക്ഷേത്രപ്രവേശനത്തിന്റെ വിവിധ വശങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് ചെയ്യാനായി ഒരു കമ്മിറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റി അംഗങ്ങള്‍ക്ക് ഏകകണ്ഠമായ ഒരു തീരുമാനത്തില്‍ എത്തുവാന്‍ കഴിഞ്ഞില്ല. എന്നാല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൊതുവേ ക്ഷേത്രപ്രവേശനത്തിനു അനുകൂലമായ ഒരു നിലപാടാണ് സ്വീകരിച്ചത്.
കമ്മിറ്റി റിപ്പോര്‍ട്ടിനുശേഷം ഈഴവര്‍ ഹിന്ദുസമൂഹത്തില്‍ തുടരുന്നതിന്റെ ഔചിത്യത്തെക്കുറിച്ചും അനൌചിത്യത്തെക്കുറിച്ചും തുറന്ന ചര്‍ച്ചകള്‍ നടന്നു. 1932-35 കാലഘട്ടം ഈ ചര്‍ച്ചകളാല്‍ സജീവമായി. ഹിന്ദുക്കളില്‍ ഗണ്യമായ ഒരു വിഭാഗമായിരുന്ന ഈഴവര്‍ മറ്റു മതങ്ങള്‍ സ്വീകരിക്കുവാനിടവരുന്ന സാഹചര്യം ഒഴിവാക്കുവാന്‍ അന്നത്തെ ദിവാനായിരുന്ന സര്‍ സി.പി. രാമസ്വാമി അയ്യര്‍ ശ്രമിച്ചു. ഈ പശ്ചാത്തലത്തിലാണ് ക്ഷേത്ര പ്രവേശനവിളംബരത്തില്‍ ഒപ്പുവയ്ക്കുവാന്‍ ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ മഹാരാജാവിനെ അദ്ദേഹം ഉപദേശിച്ചത്. അതനുസരിച്ച് 1936 ന. 12-ന് (27 തുലാം 1112) മഹാരാജാവ് അവര്‍ണര്‍ക്കും സവര്‍ണരോടൊപ്പം ക്ഷേത്രപ്രവേശനമനുവദിച്ചുകൊണ്ടുള്ള വിളംബരത്തില്‍ ഒപ്പുവച്ചു. വിളംബരത്തില്‍ ഒപ്പുവച്ച മഹാരാജാവിനെ ഗാന്ധിജി മുക്തകണ്ഠം പ്രശംസിച്ചു. നൂറ്റാണ്ടുകളായി സാമൂഹികമായ ജീര്‍ണതയുടെ നിദര്‍ശനമായി നിലനിന്നിരുന്ന അനാചാരങ്ങളില്‍ ബലിഷ്ഠമായ ഒന്ന് ഈ വിളംബരത്തോടെ നിലംപതിച്ചു. അവര്‍ണര്‍ സാമൂഹിക സമത്വത്തിലേക്കുള്ള മുന്നേറ്റത്തിലെ ഒരു പ്രധാന പ്രതിബന്ധം തരണം ചെയ്തു.
തിരുവിതാംകൂറിലുണ്ടായ വിപ്ലവാത്മകമായ ഈ മാറ്റം കൊച്ചിരാജാവില്‍ കാര്യമായ വ്യതിചലനങ്ങളൊന്നുമുണ്ടാക്കിയില്ല. അദ്ദേഹം പാരമ്പര്യം തുടരാന്‍തന്നെ തീരുമാനിച്ചു. ക്ഷേത്രപ്രവേശനമനുവദിച്ച തിരുവിതാംകൂറില്‍ സേവനമനുഷ്ഠിച്ചിരുന്ന പൂജാരികള്‍ക്ക് കൊച്ചിയിലെ ക്ഷേത്രങ്ങളില്‍ പൂജയനുഷ്ഠിക്കാനുള്ള അനുവാദം നിഷേധിച്ചു.
എന്നാല്‍ ഇടപ്പള്ളി രാജാവ് തന്റെ അതിര്‍ത്തിയില്‍പ്പെട്ട എല്ലാ ക്ഷേത്രങ്ങളിലും അവര്‍ണര്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഒരു വിളംബരം 1937 ആഗ. 17-ന് പുറപ്പെടുവിക്കുകയുണ്ടായി. 1937 ന. 7-ന് ഗുരുവായൂരില്‍ ചേര്‍ന്ന 'ആള്‍ മലബാര്‍ ടെമ്പിള്‍ എന്‍ട്രി കോണ്‍ഫറന്‍സ്' ഇടപ്പള്ളി രാജാവിനെയും തിരുവുതാംകൂറിലെ ക്ഷേത്രപ്രവേശനവിളംബരത്തെ പിന്തുണച്ച സവര്‍ണരില്‍ പ്രമുഖനായിരുന്ന ആഴ്വാഞ്ചേരി തമ്പ്രാക്കളെയും പ്രശംസിച്ചു.
മലബാറില്‍. മലബാറിനും അധികനാള്‍ യാഥാസ്ഥിതികതയുടെ പാത തുടരാന്‍ കഴിയാത്ത നിലയിലായി. 1937-ല്‍ എം.സി. രാജാ അവര്‍ണര്‍ക്കു ക്ഷേത്രപ്രവേശനം നിഷേധിക്കുന്നതിനു പ്രേരകമായി നിന്നിരുന്ന അവശതകള്‍ നീക്കിക്കിട്ടുവാന്‍വേണ്ടി ഒരു ബില്‍ മദ്രാസ് അസംബ്ലിയില്‍ അവതരിപ്പിക്കുവാന്‍ ശ്രമിച്ചു. ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് അദ്ദേഹത്തിന് അതുമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. എന്നാല്‍ അധികം താമസിയാതെ 'അണ്‍ടച്ചബിലിറ്റി അബോളിഷന്‍ ആക്റ്റ്' അസംബ്ലിയില്‍ അവതരിപ്പിക്കുവാന്‍ ഗവണ്‍മെന്റുതന്നെ നിര്‍ബന്ധിതമായി. 1938 മാ. 1-ന് അന്നത്തെ മദ്രാസ് പ്രധാനമന്ത്രിയായിരുന്ന സി. രാജഗോപാലാചാരി, എം.സി. രാജ ഉന്നയിച്ച അതേ പ്രശ്നങ്ങളെ മുന്‍നിര്‍ത്തി ഒരു ബില്‍ അസംബ്ലിയില്‍ അവതരിപ്പിച്ചു. 1938 ഡി. 8-ന് ബില്ലിന് അസംബ്ലിയുടെ അംഗീകാരം ലഭിച്ചു. 1939 ജനു. 18-ന് ഈ നിയമനിര്‍മാണത്തിന് ഗവര്‍ണറുടെ അനുമതി ലഭിച്ചു. ഇതോടെ മലബാറിലെ ക്ഷേത്രപ്രവേശന പ്രക്ഷോഭണങ്ങള്‍ മിക്കവാറും അവസാനിച്ചു. എന്നാല്‍ യാഥാസ്ഥിതികരുടെ എതിര്‍പ്പ് തുടര്‍ന്നും ചില കേന്ദ്രങ്ങളില്‍ പ്രത്യക്ഷപ്പെടാതിരുന്നില്ല.
കൊച്ചിയില്‍. ക്ഷേത്രപ്രവേശന കാര്യത്തില്‍ കൊച്ചി മിക്കവാറും ഒറ്റപ്പെട്ടു. എങ്കിലും എതിര്‍പ്പിന്റെ പാത തന്നെ കൊച്ചിരാജാവ് തുടര്‍ന്നും സ്വീകരിച്ചു. തിരുവിതാംകൂറിലെ വൈക്കം ക്ഷേത്രത്തില്‍ അദ്ദേഹം നടത്തിയിരുന്ന 'സന്ധ്യവേല' എന്ന ചടങ്ങ് അവസാനിപ്പിച്ചു. തിരുവിതാംകൂറിനോടു ചേര്‍ന്നു കിടന്നിരുന്ന കൊച്ചിവകക്ഷേത്രങ്ങളിലെ പൂജ മുടക്കാന്‍ ഉത്തരവായി. നെടുമ്പള്ളി തരണനല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരി എന്ന വിശാരദനായ തന്ത്രി കൊച്ചിയിലെ കൂടല്‍മാണിക്യം ക്ഷേത്രത്തിലും തിരുവിതാംകൂറിലെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലും സേവനമനുഷ്ഠിച്ചിരുന്നു. 1937 ജനു. 17-ന് പരമേശ്വരന്‍ നമ്പൂതിരി കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പതിവുപോലെ പ്രവേശിച്ചപ്പോള്‍ മറ്റു നമ്പൂതിരിമാര്‍ പ്രതിഷേധസൂചകമായി ക്ഷേത്രം വിട്ടു പുറത്തിറങ്ങി. ക്ഷേത്രപ്രവേശനമനുവദിച്ചിരുന്ന ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിച്ച പരമേശ്വരന്‍ നമ്പൂതിരിയെ അംഗീകരിക്കാന്‍ അവര്‍ വിസമ്മതിച്ചു. തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശനത്തെ സ്വാഗതം ചെയ്ത കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കാര്യസ്ഥനായ തച്ചുടയ കൈമ്മളെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും കൊച്ചിരാജാവ് വിലക്കി. ഈ പ്രശ്നം ഇന്ത്യാഗവണ്‍മെന്റിന്റെ മുമ്പില്‍വരെയെത്തി.
ഈ സമയത്ത് കൊച്ചിയിലെ സാമൂഹിക പരിഷ്കര്‍ത്താക്കള്‍ ക്ഷേത്രപ്രവേശനത്തിനുവേണ്ടി ശക്തമായി രംഗത്തിറങ്ങി. സഹോദരന്‍ അയ്യപ്പന്‍ പ്രസിഡന്റും സി.കെ. നാരായണന്‍ സെക്രട്ടറിയുമായി ഒരു ഏഴംഗ എക്സിക്യൂട്ടിവ് കമ്മിറ്റി രൂപവത്കരിച്ചു. വി.കെ. ശങ്കരന്‍ സെക്രട്ടറിയായി ഒരു ക്ഷേത്രപ്രവേശന കമ്മിറ്റിക്കും രൂപം നല്കി. കൊച്ചിയുടെ വടക്കേ അതിര്‍ത്തിയായ ചെറുതുരുത്തിയില്‍ നിന്ന് ഒരു പ്രചാരണജാഥ സംഘടിപ്പിക്കുവാന്‍ തീരുമാനമായി.
1945 ആഗ. 26-ന് മാളയില്‍ ചേര്‍ന്ന കൊച്ചിരാജ്യപ്രജാമണ്ഡലം പ്രവര്‍ത്തകസമിതി യോഗം ക്ഷേത്രപ്രവേശനത്തിനുവേണ്ടി ഒരു പ്രമേയം പാസ്സാക്കുകയുണ്ടായി. ജനനംകൊണ്ടോ വിശ്വാസംകൊണ്ടോ ഹിന്ദുവായിരിക്കുന്ന ഏതൊരാള്‍ക്കും ക്ഷേത്രങ്ങളില്‍ ആരാധനാസ്വാതന്ത്യ്രം ആവശ്യപ്പെട്ടുകൊണ്ടും അയിത്തം ശിക്ഷാര്‍ഹമാക്കിക്കൊണ്ടുമുള്ള വിളംബരങ്ങള്‍ പുറപ്പെടുവിക്കുവാന്‍ പ്രമേയം കൊച്ചി രാജാവിനോടാവശ്യപ്പെട്ടു. അയിത്തനിര്‍മാര്‍ജനത്തിനായി കെ.എന്‍. നമ്പീശന്‍ കണ്‍വീനറായി ഒരു എട്ടംഗ ഉപസമിതിയെ നിയോഗിക്കുവാനും പ്രവര്‍ത്തകസമിതി തീരുമാനിച്ചു. 1946 മേയ് 18-ന് ഈ ഉപസമിതി തൃപ്പൂണിത്തുറ കൊട്ടാരത്തില്‍ വച്ച് കൊച്ചി മഹാരാജാവിനെ കാണുകയും ക്ഷേത്രപ്രവേശനത്തിനായി സവര്‍ണര്‍ ഒപ്പിട്ട ഒരു മൊമ്മോറാണ്ടം നല്കുകയും ചെയ്തു. സ്വകാര്യ ക്ഷേത്രങ്ങള്‍ അവര്‍ണര്‍ക്കായി ഉടനെ തുറന്നുകൊടുക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ സര്‍ക്കാര്‍ ക്ഷേത്രങ്ങളില്‍ ഈ ജനവിഭാഗങ്ങള്‍ക്കു പ്രവേശനം നല്കുന്നതില്‍ താനെതിരല്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ക്ഷേത്രപ്രവേശനത്തിന് അനുകൂലമായ ഒരന്തരീക്ഷം കൊച്ചിയില്‍ സംജാതമായി. പ്രജാമണ്ഡലം മുന്‍കൈ എടുത്ത് എസ്.എന്‍.ഡി.പി. യോഗം, നമ്പൂതിരി യോഗക്ഷേമസഭ തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ എറണാകുളം കേന്ദ്രമാക്കി 'അഖില കൊച്ചി ക്ഷേത്രപ്രവേശന കര്‍മസമിതി' രൂപവത്കരിച്ചു. പി.കെ. ഡീവര്‍ ഇതിന്റെ സെക്രട്ടറിയും ടി.കെ. കുഞ്ഞയ്യപ്പന്‍ ഖജാന്‍ജിയും പി. ഗംഗാധരന്‍, കെ.എന്‍. നമ്പീശന്‍ എന്നിവര്‍ ഓര്‍ഗനൈസിങ് സെക്രട്ടറിമാരുമായിരുന്നു.
അങ്ങനെ നെടുനാളത്തെ പ്രക്ഷോഭണങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഫലമായി 1947 ഡി. 20-ന് കൊച്ചിയില്‍ ക്ഷേത്രപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിളംബരത്തില്‍ കേരളവര്‍മ മഹാരാജാവ് ഒപ്പുവച്ചു. എന്നാല്‍ തൃപ്പൂണിത്തുറയിലെ ശ്രീപൂര്‍ണത്രയീക്ഷേത്രം വിളംബരത്തിന്റെ പരിധിയില്‍നിന്നു ഒഴിവാക്കിയിരുന്നു. ഇത് പ്രജാമണ്ഡലത്തിന്റെ വിമര്‍ശനത്തിനു വിധേയമായി. ഈ ക്ഷേത്രത്തിലും അവര്‍ണര്‍ക്കു പ്രവേശനം നല്കണമെന്ന ആവശ്യമുയര്‍ന്നുവന്നു. കൊച്ചി രാജവംശത്തിന്റെ കുടുംബക്ഷേത്രമായിരുന്നു ശ്രീപൂര്‍ണത്രയീക്ഷേത്രം, വൈകാരികതയെ ആസ്പദമാക്കിയുള്ള ഈ നടപടി ജനങ്ങള്‍ അത്ര കാര്യമായെടുക്കുകയുണ്ടായില്ല.
പാലിയം സത്യഗ്രഹം. സര്‍ക്കാര്‍വക ക്ഷേത്രങ്ങളില്‍ അവര്‍ണര്‍ക്ക് പ്രവേശനം ലഭിച്ചുകഴിഞ്ഞിട്ടും പല സ്വകാര്യക്ഷേത്രാധികാരികളും അവര്‍ണര്‍ക്ക് ഈ സ്വാതന്ത്യ്രം അനുവദിച്ചു കൊടുക്കാന്‍ തയ്യാറായില്ല. ഇതിനായി പിന്നീട് പല പ്രക്ഷോഭണങ്ങളും നടന്നിട്ടുണ്ട്. ഇവയില്‍ പ്രമുഖമാണ് പാലിയം സത്യഗ്രഹം. ചേന്ദമംഗലത്ത് പാലിയം ക്ഷേത്രറോഡിലുള്ള സഞ്ചാരസ്വാതന്ത്ര്യത്തിനായി 1948-ല്‍ പി. ഗംഗാധരന്റെ നേതൃത്വത്തില്‍ ഒരു മാസം നീണ്ടുനിന്ന സത്യഗ്രഹസമരം നടന്നു. ഈ സമരത്തെത്തുടര്‍ന്നുണ്ടായ പോലീസ് ബലപ്രയോഗത്തില്‍ ജി. വേലായുധന്‍ എന്ന ഒരു സത്യഗ്രഹി മരണമടഞ്ഞിരുന്നു.
(ഡോ. കെ.കെ. കുസുമന്‍; സ.പ.)