This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ഷേത്രങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ക്ഷേത്രങ്ങള്‍== ==Temples== മതപരമോ ആത്മീയമോ ആയ ആരാധനാകേന്ദ്രങ്ങള്...)
അടുത്ത വ്യത്യാസം →

14:39, 1 സെപ്റ്റംബര്‍ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഉള്ളടക്കം

ക്ഷേത്രങ്ങള്‍

Temples

മതപരമോ ആത്മീയമോ ആയ ആരാധനാകേന്ദ്രങ്ങള്‍. ഗ്രീസ്, ഈജിപ്ത്, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലുള്ള ഈശ്വരാരാധനാകേന്ദ്രങ്ങളെ പൊതുവേ ക്ഷേത്രങ്ങളെന്നു പറയാമെങ്കിലും, ഭാരതീയ സംസ്കാരത്തിന്റെ പ്രധാന സഗുണോപാസനാകേന്ദ്രങ്ങളായ ആരാധനാലയങ്ങള്‍ മാത്രമാണ് ഇവിടെ ക്ഷേത്രസംജ്ഞകൊണ്ടു വിവക്ഷിക്കുന്നത്.

കല, ദര്‍ശനം, മതം എന്നിവ അടങ്ങുന്ന ആകര്‍ഷണകേന്ദ്രമാണ് ക്ഷേത്രങ്ങള്‍. ഭൗതികതലത്തില്‍ ഉദാത്തമായ ശില്പചാതുരിയും മനോഹരമായ വാസ്തുവിദ്യയും ഇവയുടെ സവിശേഷതകളാണ്. ആത്മീയതലത്തില്‍ പൂജാവിധികള്‍, നിഗൂഢങ്ങളായ മന്ത്രതന്ത്രാദികള്‍, മതപരവും ആധ്യാത്മികവുമായ പ്രതീകങ്ങള്‍, ഉപാസനാദേവതയെ പ്രാപിച്ച് ബന്ധപ്പെടുന്ന സമീപന സമ്പ്രദായങ്ങളായ പലവിധം സാധനകള്‍ എന്നിവയെ ക്ഷേത്രങ്ങള്‍ പ്രതിനിധാനം ചെയ്യുന്നു. വൈവിധ്യമാര്‍ന്ന സാഹിത്യപ്രപഞ്ചത്തിന്റെ സൃഷ്ടിക്കും ക്ഷേത്രങ്ങള്‍ പ്രചോദനം നല്കിയിട്ടുണ്ട്.

ചരിത്രം

വേദകാലത്ത് ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നോ എന്ന കാര്യത്തെപ്പറ്റി ഖണ്ഡിതമായ അഭിപ്രായം പറയാന്‍ പ്രയാസമാണ്. മാക്സ് മുള്ളര്‍ മുതലായ പണ്ഡിതന്മാര്‍, വേദങ്ങളില്‍ വിഗ്രഹാരാധനയുടെ ലാഞ്ഛനപോലും ഇല്ലെന്നു വാദിക്കുന്നു. ഡോ. ബോളന്‍സണ്‍ മുതലായ മറ്റു ചില പണ്ഡിതന്മാര്‍ 'ഹിന്ദുക്കള്‍, ദേവതകള്‍ക്ക് സാങ്കല്പിക രൂപങ്ങള്‍ നല്കുക മാത്രമല്ല, അവയെ മൂര്‍ത്തിമത്താക്കിത്തീര്‍ക്കുകതന്നെ ചെയ്തിരുന്നു' എന്ന് ഉറപ്പിച്ചു പറയുന്നു. പ്രാഗ്വൈദികമെന്നു പൊതുവേ വിശ്വസിക്കപ്പെടുന്ന 'മോഹന്‍ജൊദരോ-ഹാരപ്പ' നാഗരികതയുടെ പ്രചാരമേഖലകളില്‍ നിന്ന് ശിവ വിഗ്രഹങ്ങള്‍, ദേവീവിഗ്രഹങ്ങള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്. അതേ കാലഘട്ടത്തില്‍ ഈ നാഗരികതയുമായി സാദൃശ്യവും സാമിപ്യവും ഉണ്ടായിരുന്ന ഈജിപ്ത് തുടങ്ങിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ആരാധനാലയങ്ങള്‍ നിലവിലിരുന്നു എന്ന അനിഷേധ്യവസ്തുതകള്‍ വച്ചു നോക്കുമ്പോള്‍ ഭാരതത്തിലും അക്കാലത്തു ക്ഷേത്രങ്ങളുണ്ടായിരുന്നു എന്ന നിഗമനത്തിനാണു പ്രസക്തി. മാത്രമല്ല, മോഹന്‍ജൊദരോവില്‍ കണ്ടെത്തിയിട്ടുള്ള 16 മീ. നീളവും 12.2 മീ. വീതിയും 1.2 മീ. ചുമര്‍ ഘനവുമുള്ള വലിയ കെട്ടിടം ക്ഷേത്രത്തിന്റെ അവശിഷ്ടം തന്നെയാണെന്ന് ഡോ. വീലര്‍ അഭിപ്രായപ്പെടുന്നു. ഹാരപ്പാ ജനസമുദായം ക്ഷേത്രാരാധനയില്‍ വിശ്വസിച്ചിരുന്ന ഹിന്ദുക്കള്‍ തന്നെയാണെന്ന കാര്യത്തിലും അദ്ദേഹത്തിനു സംശയമില്ല.

വേദകാലത്തുണ്ടായിരുന്ന യാഗശാലകളാണ് പില്ക്കാലത്തു ക്ഷേത്രങ്ങളായി പരിണമിച്ചതെന്നു വിശ്വസിക്കുന്നവരും ഉണ്ട്. അഥര്‍വവേദത്തില്‍ പ്രതിപാദിച്ചിട്ടുള്ള യാഗത്തിന്റെ ഭാഗമായ യൂപസ്തംഭം യഥാര്‍ഥത്തില്‍ ശിവലിംഗസങ്കല്പത്തിന്റെ ആദിമരൂപം ആയിരുന്നുവെന്ന് സ്വാമി വിവേകാനന്ദന്‍ അഭിപ്രായപ്പെട്ടിരുന്നു.

ആദ്യമാദ്യം മരംകൊണ്ടും കളിമണ്ണുകൊണ്ടും നിര്‍മിച്ചിരുന്ന ക്ഷേത്രങ്ങള്‍ പിന്നീട് കരിങ്കല്ല്, മാര്‍ബിള്‍, വെട്ടുകല്ല് മുതലായവ ഉപയോഗിച്ചു നിര്‍മിക്കാന്‍ തുടങ്ങി. വിശാലവും വൈവിധ്യപൂര്‍ണവുമായ ഭാരതത്തില്‍ ക്ഷേത്രനിര്‍മാണപ്രക്രിയ രൂപത്തിലും ഭാവത്തിലും ഏറെക്കുറെ സമാനസ്വഭാവത്തോടെ നിലവില്‍ വന്ന് പുരോഗമിച്ചിരുന്നു എന്ന വസ്തുത ഭാരതീയ ദര്‍ശനത്തിന്റെ നാനാത്വത്തിലുള്ള ഏകത്വത്തെയാണ് പ്രകാശിപ്പിക്കുന്നത്.

ഭാരതത്തിനു വെളിയിലും അനേകം ഹിന്ദുക്ഷേത്രങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. ശൈലേന്ദ്ര രാജവംശത്തിലെ രാജാക്കന്മാരും (8,9 ശ.) മഹാപഹിത് രാജാക്കന്മാരും (14-ാം ശ.) ജാവയില്‍ നിര്‍മിച്ച ക്ഷേത്രങ്ങളും, സൂര്യവര്‍മന്‍ കക 12-ാം ശതകത്തില്‍ കംബോഡിയയില്‍ നിര്‍മിച്ച അങ്കോര്‍വത്തും, ബാലിയിലുള്ള തംപാക്സിറിങ് (11-ാം ശ.) ക്ഷേത്രവും, ദക്ഷിണപൂര്‍വേഷ്യയിലെ മറ്റനവധി ക്ഷേത്രങ്ങളും ഇന്ത്യയിലെ ഹിന്ദുക്ഷേത്രങ്ങളുടെ തന്നെ മാതൃകയില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളവയാണ്.

ഗീതയില്‍

ക്ഷേത്രം സഗുണോപാസകനുള്ളതാണ്. ഈശ്വരനെ നിര്‍ഗുണ, നിരാകാരരൂപത്തില്‍ ആരാധിക്കുക എന്നത് സാധാരണ മനുഷ്യര്‍ക്കു ദുഷ്കരമാണെന്ന് 'ക്ളേശോധികതരസ്തഷാമ വ്യക്താസക്ത ചേതസാം അവ്യക്താഹി ഗതിര്‍ദുഃഖം, ദേഹവദ്ദിരവ്യാപ്തേ' എന്ന ഗീതാസ്ലോകം (അ. 12, സ്ലോകം 5) വ്യക്തമാക്കുന്നു. അതിനാലാണ് ഉപാസനാദേവതയ്ക്ക് മൂര്‍ത്തികല്പന നല്കപ്പെട്ടത്.

"ഇദം ശരീരം കൗന്തേയ്യ

ക്ഷേത്രമിത്യഭിധീയതേ

(അ.13, സ്ലോ.1) എന്ന ഗീതാസ്ലോകം വ്യാഖ്യാനിക്കുമ്പോള്‍ ശ്രീശങ്കരന്‍, ഉപദ്രവത്തില്‍ (നാശത്തില്‍) നിന്ന്, അഥവാ ക്ഷയത്തില്‍ ത്രാണനം ചെയ്യുന്നത്, എന്ന് ക്ഷേത്രത്തിന് അര്‍ഥം പറഞ്ഞുകാണുന്നു. കര്‍മഫലങ്ങള്‍ ഒരു വിളഭൂമിയില്‍ നിന്നെന്നപോലെ കൊയ്തെടുക്കുന്നതുകൊണ്ട് ക്ഷേത്രം എന്ന വാക്കുണ്ടായി. എന്നും മറ്റൊരിടത്ത് ശ്രീശങ്കരന്‍ അര്‍ഥകല്പന ചെയ്യുന്നുണ്ട്. മനുഷ്യശരീരത്തിന്റെ പ്രതിരൂപമാണ് ഹിന്ദുക്ഷേത്രങ്ങള്‍ എന്ന താന്ത്രിക മതത്തെ ഇതു ശക്തിപ്പെടുത്തുന്നതായി കാണാം. മനുഷ്യശരീരത്തിലെ ഷഡാധാരങ്ങള്‍ക്കു സമാനമായി ക്ഷേത്രത്തിലും ഷഡാധാരപ്രതിഷ്ഠകള്‍ കാണാവുന്നതാണ്. അവയ്ക്കു മുകളിലായാണ് മനുഷ്യശരീരത്തിലെ മൂലപ്രകൃതിക്കു സമാനമായ പീഠം. ഈ പീഠത്തിനു മുകളിലായി പ്രതിഷ്ഠിതമായ ദേവവിഗ്രഹം മനുഷ്യശരീരത്തിലെ സൂക്ഷ്മശരീരത്തെ കുറിക്കുന്നു. ബിംബാന്തര്‍ ഭാഗത്ത് പരചൈതന്യം വിളയാടുന്നു എന്നാണ് സങ്കല്പം. ക്ഷേത്രത്തില്‍ ചൈതന്യത്തോടുകൂടി വിലസുന്ന ദേവന്റെ സ്ഥൂലദേഹഭാഗങ്ങളാണ് ഗര്‍ഭഗൃഹം (ശ്രീകോവില്‍), സോപാനം, നാലമ്പലം, മുഖമണ്ഡപം, വിളക്കുമാടം, ബലിക്കല്ല്, ധ്വജസ്തംഭം മുതലായവയെന്നും തന്ത്രഗ്രന്ഥങ്ങളിലും തച്ചുശാസ്ത്രഗ്രന്ഥങ്ങളിലും പ്രതിപാദിച്ചു കാണുന്നു.

ഗര്‍ഭഗൃഹം ശിരസ്സായും, അകത്തെ പ്രദക്ഷിണവഴി (അകത്തെ ബലിവട്ടം) മുഖമായും, വേദോച്ചാരണവും മറ്റും നടക്കുന്ന മുഖമണ്ഡപം ഗളമായും, നാലമ്പലം കൈകളായും, ദേവപരിവാരങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്ന പുറത്തെ പ്രദക്ഷിണവഴി കുക്ഷിയായും, പുറമതില്‍ മുട്ടുകളും കണങ്കാലുമായും ഗോപുരം ദേവപാദങ്ങളായുമാണ് മുകളില്‍ സൂചിപ്പിച്ച ഗ്രന്ഥങ്ങളില്‍ വിവരിച്ചിരിക്കുന്നത്. ദേവന്റെ പാദങ്ങളെ ദര്‍ശിക്കുന്നതുതന്നെ പാപഹരവും പുണ്യവുമാണെന്നാണ് സങ്കല്പം.

ക്ഷേത്രശബ്ദം വര്‍ത്തിക്കുക, നിലനില്ക്കുക, വസിക്കുക മുതലായ അര്‍ഥത്തിലുള്ള 'ക്ഷി' ധാതുവില്‍ നിന്നു നിഷ്പാദിതമാണ്. ഉപദ്രവരഹിതമോ ഗുപ്തമോ ആയ 'വാസസ്ഥാനം' എന്നര്‍ഥത്തില്‍ 'ക്ഷേതി' (ക്ഷീയതേ) എന്ന് ഋഗ്വേദത്തിലും കാത്തിരിക്കുക, ശാന്തമാകുക എന്നര്‍ഥത്തില്‍ ശതപഥബ്രാഹ്മണത്തിലും ഈ പദം പ്രയോഗിച്ചു കാണുന്നു. യാജ്ഞവല്ക്യസ്മൃതിയില്‍ അന്തര്‍വര്‍ത്തിയായ ആത്മാവിന്റെ വാസസ്ഥാനമായ ശരീരം എന്ന അര്‍ഥത്തിലാണ് ക്ഷേത്രശബ്ദം പ്രയോഗിച്ചിരിക്കുന്നത്. സര്‍വവ്യാപിയായ ഈശ്വരനെ മനുഷ്യശരീരത്തില്‍ ആത്മാവെന്നപോലെ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ ഒതുക്കി സങ്കല്പിക്കുന്നു. ഭക്തന്റെ ഉപാസനയ്ക്കുള്ള ഈശ്വരരൂപത്തിന്റെ ആവാസസ്ഥാനം ക്ഷേത്രം എന്നാണ് സങ്കല്പം.

ഭാഗവതത്തില്‍

ശ്രീമഹാഭാഗവതം ഏകാദശസ്കന്ധത്തില്‍ ശ്രീകൃഷ്ണന്‍ ഉദ്ധവര്‍ക്കു നല്കുന്ന ഉപദേശത്തില്‍, ക്ഷേത്രങ്ങളെയും ആരാധനാക്രമങ്ങളെയും പൂജാവിധികളെയും പറ്റി വിശദമായിത്തന്നെ പരാമര്‍ശിക്കുന്നുണ്ട്. വൈദികം, താന്ത്രികം, മിശ്രം എന്നു മൂന്നുവിധത്തിലുള്ള പൂജാക്രമങ്ങളെ അതില്‍ വിവരിക്കുന്നു.

ഭാഗവതപ്രകാരം പ്രതിഷ്ഠകള്‍ എട്ടു വിധത്തിലാണ്: ശൈലീ, ദാരുമയി, ലൗഹി, ലേപ്യാ ലേഖ്യാ ച സൈകതി, മനോമയി, മണിമയി പ്രതിമാഷ്ടവിധാസ്മൃതാ. ഈ വിധത്തിലുള്ള പ്രതിഷ്ഠകളെ ചലമെന്നും അചലമെന്നും രണ്ടായി വിഭജിച്ചിരിക്കുന്നു. ഇതില്‍ അചലവിഭാഗത്തില്‍പ്പെടുന്ന സ്ഥിരപ്രതിഷ്ഠകളില്‍ ഉദ്വാസവും ആവാഹനവും ആവശ്യമില്ല. ലേപ്യമൊഴിച്ച് മറ്റുള്ളവകളിലെല്ലാം അഭിഷേകം നിര്‍ബന്ധമാണ്. ബിംബത്തെ സ്നാനം ചെയ്യിച്ച് അലങ്കരിക്കണം. തുടര്‍ന്നു ചെയ്യേണ്ടുന്ന ക്രിയകളും ശ്രീമഹാഭാഗവതത്തില്‍ ഏകാദശസ്കന്ധം 27-ാം അധ്യായത്തില്‍ വിസ്തരിച്ചു പറയുന്നുണ്ട്.

ക്ഷേത്രനിര്‍മാണം

ക്ഷേത്രനിര്‍മാണത്തിനു മുന്‍കൈ എടുക്കുന്നവര്‍ ആദ്യം~ഒരു സ്ഥാപകനെയോ ആചാര്യനെയോ (കേരളത്തില്‍ തന്ത്രി എന്നു പറയും) സമീപിച്ച് വേണ്ട ഉപദേശം തേടണം. തച്ചുശാസ്ത്രവിശാരദനും തന്ത്രശാസ്ത്രജ്ഞനുമായിരിക്കണം ഈ ആചാര്യന്‍. തച്ചുശാസ്ത്രജ്ഞനെ നിശ്ചയിക്കുന്നത് ആചാര്യനാണ്. സ്ഥപതിയുടെ സഹായത്തിനു സൂത്രഗ്രാഹിയും (സര്‍വേയര്‍) കരിങ്കല്‍ പണിക്കാരനും (കല്ലാശാരി) മറ്റും ഉണ്ടായിരിക്കും. ക്ഷേത്രനിര്‍മാണത്തിനുള്ള സങ്കല്പം മുതല്‍ യജമാനനും ആചാര്യനും പ്രത്യേകം വ്രതചര്യ അനുഷ്ഠിക്കണം.

ക്ഷേത്രത്തിനുപയുക്തമായ സ്ഥലം തെരഞ്ഞെടുക്കലാണ് പിന്നെ നടപടി. പുണ്യതീര്‍ഥം, നദീതീരം, സമുദ്രതീരം, നദീസംഗമം, കുന്നിന്‍പുറം, വനം, ഉദ്യാനം, ഗ്രാമം, പട്ടണം എന്നിവയില്‍ ശാന്തവും സുന്ദരവും പുഷ്പഫലസമൃദ്ധവും ആയ ഒരു സ്ഥലം ഇതിനായി തെരഞ്ഞെടുക്കും. ആ പ്രദേശത്തുള്ള കാടുപടലുകളെല്ലാം വെട്ടിനീക്കി സ്ഥലം ആദ്യമേ വെടിപ്പാക്കും.

അടുത്തതായി 'വാസ്തു വിന്യാസം' ചെയ്യണം. ക്ഷേത്രം നിര്‍മിക്കേണ്ട സ്ഥലത്ത് ശുഭമുഹൂര്‍ത്തത്തില്‍ 'വാസ്തുപുരുഷ'ന്റെ ഒരു രൂപം വരച്ചുകൊണ്ടാണ് ഇതു നിര്‍വഹിക്കുന്നത്. വിരാഡരൂപത്തിലുള്ള വാസ്തുമണ്ഡലത്തില്‍-'വാസ്തുപുരുഷ'രൂപത്തിന്റെ വിവിധ ഭാഗങ്ങളില്‍-ദേവകളടക്കം സമസ്ത സൃഷ്ടിജാലങ്ങളും സ്ഥിതിചെയ്യുന്നതായി സങ്കല്പിച്ചിരിക്കുന്നു. ശാസ്ത്രാനുസാരം വരയ്ക്കുന്ന വാസ്തുമണ്ഡലത്തില്‍ ചൈതന്യം ഉളവാകും. ക്ഷേത്രനിര്‍മാണം പൂര്‍ത്തിയായതിനുശേഷം ഈ വാസ്തുമണ്ഡലത്തിന്റെ മധ്യത്തിലാണ് പ്രതിഷ്ഠ നടത്തുക.

'അങ്കുരാര്‍പ്പണം' എന്ന ക്രിയ ക്ഷേത്രനിര്‍മാണത്തിന്റെ പല ഘട്ടങ്ങളിലും നടത്താറുണ്ട്. നിര്‍മാണത്തില്‍ തടസ്സങ്ങളൊന്നും ഉണ്ടാവാതിരിക്കുന്നതിനാണ് ഇങ്ങനെ നടത്തുന്നത്. നിര്‍മാണക്രിയകള്‍ തുടങ്ങുന്നതിനുമുമ്പും കല്ലിടുന്നതിനു മുമ്പും അവസാനത്തെ കല്ലുവയ്ക്കുന്നതിനു മുമ്പും വിഗ്രഹപ്രതിഷ്ഠയ്ക്കു മുമ്പും വിഗ്രഹത്തിന്റെ 'അക്ഷിവിമോചന'ത്തിനു മുമ്പും ഇതു ചെയ്യണം. നെല്ല്, ഗോതമ്പ്, യവം, എള്ള്, കടുക് മുതലായവ പതിനാറു ചെമ്പുപാത്രങ്ങളിലാക്കി, സോമനുമുമ്പില്‍ വച്ച് മുളച്ചതിനുശേഷം ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുദ്ദേശിക്കുന്ന ദേവനു സമര്‍പ്പിക്കുന്ന ചടങ്ങാണ് അങ്കുരാര്‍പ്പണം.

അദ്യത്തെ കല്ലിടല്‍ കര്‍മമാണ് ശിലാന്യാസം. ആ കല്ല് ചതുരാകൃതിയിലായിരിക്കണം. കെട്ടിടമായുദ്ദേശിക്കുന്നതിന്റെ വടക്കുപടിഞ്ഞാറേമൂലയിലാണ് ആ കല്ലിടുക. ക്ഷേത്രനിര്‍മാണത്തിനുപയോഗിക്കുന്ന കല്ലുകളും മരങ്ങളും പണിയായുധങ്ങളും എല്ലാം പുതിയവയായിരിക്കണം. പണിയായുധങ്ങളെല്ലാം പ്രത്യേകമായി പൂജിച്ചതിനുശേഷമേ നിര്‍മാണജോലികള്‍ക്ക് അവയെ ഉപയോഗിക്കാവൂ. കല്ലിടലിനുശേഷം, അടിത്തറകെട്ടി ഉറപ്പിച്ച് തറ തയ്യാറാക്കി മണ്ണിട്ടു നിറയ്ക്കുന്നു. ഗര്‍ഭഗൃഹത്തിന്റെ മധ്യത്തില്‍ മുക്കാല്‍ ഭാഗമേ മണ്ണു നിറയ്ക്കുകയുള്ളൂ. അവിടെ ആദ്യമായി ഒരു ആധാരശില വയ്ക്കും. ആധാരശിലയുടെ മുകളില്‍ കല്ലില്‍ കൊത്തിയ ഒരു ആമയും അതിനു മുകളില്‍ കല്ലില്‍ത്തന്നെ ഉള്ള ഒരു നിധികുംഭവും അതിനു മുകളില്‍ ശിലാനിര്‍മിതമായ ഒരു താമരയും (പദ്മം) വയ്ക്കും. അതിനും മുകളില്‍ സ്വര്‍ണത്തിലുണ്ടാക്കിയ ഒരാമയും പദ്മവും ഉറപ്പിക്കണം. അതിന്മേല്‍ ചെമ്പില്‍ ഉണ്ടാക്കിയ ഒരു കുഴല്‍ (യോഗനാളം) ഉറപ്പിക്കുന്നു. അതു തറ ഉയരത്തോളം ഉയര്‍ന്നു നില്ക്കും. ഈ യോഗനാളത്തിനു മുകളിലായി ബ്രഹ്മശില (വലിയ കല്ല്) വയ്ക്കുന്നു. ആ ബ്രഹ്മശിലയിലാണ് പിന്നീടു പ്രതിഷ്ഠ നടക്കുന്നത്.

ക്ഷേത്രനിര്‍മാണ സന്ദര്‍ഭത്തില്‍ നടക്കുന്ന മറ്റൊരു പ്രധാന ക്രിയയാണ് ഗര്‍ഭന്യാസം. ഒരു പരന്ന ചെമ്പു പാത്രത്തില്‍ 25 ചതുരങ്ങള്‍ വരച്ച് അതിലെല്ലാം ചില പ്രത്യേക സാധനങ്ങള്‍ വയ്ക്കുന്നു. ശ്രീകോവിലിലെ പീഠസ്ഥാനത്തുള്ള കുഴി ശക്തിസ്ഥാനമാണ്. ആചാര്യന്‍ (തന്ത്രി) രണ്ടു കൈകൊണ്ടും ഗര്‍ഭപാത്രം വഹിച്ച് പൂര്‍വാഭിമുഖനായി പ്രതിഷ്ഠാമൂര്‍ത്തിയുടെ മൂലമന്ത്രം ഉരുവിടുന്നു. ശുഭമുഹൂര്‍ത്തത്തില്‍ മംഗളവാദ്യങ്ങള്‍ക്കിടയില്‍ തന്ത്രി, ഗര്‍ഭപാത്രത്തെ ധ്യാനപുരസ്സരം സര്‍ഗശക്തിയെ സങ്കല്പിച്ച് ആ ഗര്‍ത്തത്തില്‍ നിക്ഷേപിക്കുന്നു. ഗര്‍ഭന്യാസമിതാണ്. ഈ ചടങ്ങു ജീവദാനമായാണ് സങ്കല്പിക്കപ്പെടുന്നത്.

ഭൂമാതാവിനോട് പ്രാസാദപുരുഷനെ ശക്തനും ഗുണപൂര്‍ണനുമായി ആവഹിക്കേണമേ എന്ന പ്രാര്‍ഥനയോടെയാണ് ഗര്‍ഭന്യാസം അവസാനിക്കുന്നത്. 'സമുദ്രവസനേ ദേവി, പര്‍വത സ്തനമണ്ഡിതേ, സമുദ്രപരിധാനേത്വം, ദേവിഗര്‍ഭം സമാത്രയ' എന്നാണ് പ്രാര്‍ഥനാമന്ത്രം. ക്ഷേത്രത്തിന്റെ കേന്ദ്രസ്ഥാനത്തുള്ള നിര്‍മിതിയാണ് പ്രാസാദം. ഗര്‍ഭഗൃഹമെന്നു വിവക്ഷിതമായ ഈ പ്രാസാദം പരമപവിത്രമാണ്. 'പ്രസീദന്തി അസ്മിന്‍ മനാംസി' (മനസ്സുകള്‍ പ്രസന്നമാകുന്ന ഇടം) എന്നാണ് അതിന്റെ നിര്‍വചനം. 'ദേവാദീനാം നരാണാം ചയേഷ്ഠരമ്യതയാ ചിരം; മനാംസി' പ്രസീദന്തി പ്രാസാദാസ്തേന കീര്‍ത്തിതാഃ (ഈശാനഗുരുദേവ പദ്ധതി-രമണീയത നിമിത്തം ദേവന്മാരുടെയും മനുഷ്യരുടെയും മനസ്സുകള്‍ പ്രസന്നമാകുന്ന സ്ഥാനങ്ങളാണ് പ്രാസാദങ്ങളായി കീര്‍ത്തിക്കപ്പെടുന്നത്) എന്ന ശാസ്ത്രവചനം പ്രകൃതത്തില്‍ ഓര്‍ത്തിരിക്കണം. ക്ഷേത്രസംവിധാനത്തില്‍ മധ്യത്തില്‍ ഗര്‍ഭഗൃഹവും (ശ്രീകോവില്‍) ചുറ്റും അന്തര്‍മണ്ഡലം (അകത്തെ ബലിവട്ടം). അന്തഹാരം (ചുറ്റമ്പലം), മധ്യഹാരം (വിളക്കുമാടം), ബാഹ്യഹാരം (ശീവേലിപ്പുര). മര്യാദ (ചുറ്റുമതില്‍കെട്ട്) എന്ന് അഞ്ചു പ്രാകാരങ്ങളും ഉണ്ടായിരിക്കും. പ്രാസാദ (ഗര്‍ഭഗൃഹ) ത്തിലാണ് ആരാധനാമൂര്‍ത്തിയുടെ പ്രതിഷ്ഠ. അതിനാല്‍ അതിന്റെ നിര്‍മാണം ശില്പസുന്ദരമായിരിക്കണം. പ്രാസാദത്തിനു താഴെ മുതല്‍ മുകളറ്റം വരെ അധിഷ്ഠാനം, സ്തംഭം, പ്രസ്തരം, ഗളം, ശിഖരം, സ്തൂപിക (താഴികക്കുടം) എന്ന് ആറുഭാഗങ്ങളുണ്ട്. പാര്‍ശ്വഭാഗത്തിന്റെ ഘടന തിരശ്ചീന ഭാഗത്തിന്റേതുമായി ബന്ധപ്പെട്ടിരിക്കണം. അടിസ്ഥാനവും ഉത്തരങ്ങളുമായി സംബന്ധമായിരിക്കുകയും വേണം. ഏകതാനതമൂലമുണ്ടാകുന്ന വൈരസ്യമൊഴിക്കുവാന്‍ വിഭിന്നമായ ശില്പരൂപങ്ങളോടെ അലങ്കരിക്കുകയാണു വേണ്ടത്. ഉത്തരങ്ങളെ വഹിക്കുകയും ഉപരിഭാരം താങ്ങുകയുമാണ് സ്തംഭങ്ങളുടെ കൃത്യം. സ്തംഭത്തിനു മുകളില്‍ ഗളത്തിനു താഴെയുള്ള തിരശ്ചീനഘടനാഭാഗം പ്രസ്തരവും മേല്‍ക്കൂര ശിഖരവുമാണ്. ക്ഷേത്രശില്പശൈലി ശിഖരാകൃതിയെ അവലംബിച്ചാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്.

ക്ഷേത്ര ശില്പരീതി മനുഷ്യശരീരഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു, പ്രതിഷ്ഠാമൂര്‍ത്തിയുടെ ചൈതന്യം സ്ഥിതിചെയ്യുന്ന സ്ഥാനം ക്ഷേത്രമെന്നു പറയാവുന്നതാണ്. ചതുരമായ ശിഖരം (നാഗരം), വൃത്താകൃതിയുള്ള ശിഖരം (വേസരം), പട്ടങ്ങളോടു കൂടിയ ശിഖരം (ദ്രാവിഡം) എന്ന വിഭാഗം ക്ഷേത്രത്തിന്റെ മേല്‍ക്കൂര മനുഷ്യമുഖത്തോടു സമാനമാക്കിക്കൊണ്ടുള്ളതാണ്. സ്തൂപികയുടെ ഭാഗങ്ങള്‍ പദ്മം, കുംഭം, നാളം, കുഡ്മളം (മൊട്ട്) എന്നിവയാകുന്നു. ഗര്‍ഭഗൃഹത്തിലാണ് പൂജകന്‍ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്നത്.

ആരാധന, സേവനം, ശോഭാധാനം, സംരക്ഷണം തുടങ്ങിയ കൃത്യനിര്‍വഹണത്തിനുള്ളതാണ് പഞ്ചപ്രാകാരങ്ങള്‍. അര്‍ച്ചനാമണ്ഡപം ഗര്‍ഭഗൃഹവാതിലിനു മുമ്പിലായിരിക്കണം; അത് ദര്‍ശനത്തിനും നമസ്കാരത്തിനുമുള്ളതാണ്. ചുറ്റുമതിലിനു നാലു ദിക്കുകളിലും ഗോപുരമെന്നു പേരുള്ള ഓരോ കവാടം ഉണ്ടായിരിക്കും.

ഗര്‍ഭഗൃഹ സംരക്ഷണത്തിനായി ദ്വാരപാലകര്‍, ചണ്ഡപ്രചണ്ഡന്മാര്‍ മുതലായവരെ ശ്രീകോവിലിനു ചുറ്റും സ്ഥാപിക്കുന്നു. ശ്രീകോവിലിനു ചുറ്റും ഖലുരിക, ഹോമകുണ്ഡം, നൈവേദ്യപാചനത്തിനുള്ള അടുക്കള, കലവറ, പുകക്കുഴല്‍, പൂമണ്ഡപം, സ്ഥാനസ്ഥലം, ഊട്ടുപുര, അലങ്കാരമണ്ഡപം, ഭണ്ഡാഗാരം, യാഗ മണ്ഡപം, വാദ്യശാല, ക്ഷേത്രസേവകര്‍ക്കുള്ള ആസ്ഥാനം മുതലായവ ഉണ്ടായിരിക്കും. പ്രാചീന താന്ത്രിക ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള ക്ഷേത്രശില്പസിദ്ധാന്തങ്ങളെ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥം തന്ത്രസമുച്ചയമാണ്. അതിന്റെ ആദ്യത്തെ രണ്ടു പടലങ്ങളില്‍ കേരളീയ ക്ഷേത്ര നിര്‍മാണ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഭൂമിലക്ഷണം, അതിര്‍ത്തി നിര്‍ണയം, അടിസ്ഥാനത്തിനുള്ള കുഴിയെടുക്കല്‍ മുതലായ ക്ഷേത്രനിര്‍മാണസംബന്ധിയായ എല്ലാ കാര്യങ്ങളും വിസ്തരിച്ചു പ്രതിപാദിക്കുന്ന പ്രസ്തുത ഗ്രന്ഥത്തില്‍ സ്തംഭങ്ങളിലും കവാടങ്ങളിലും അഴികളിലും ഭിത്തികളിലും മറ്റു ചെയ്യേണ്ട ശില്പവേലകളെക്കുറിച്ചും പ്രസ്താവിക്കുന്നുണ്ട്. മഞ്ഞ്, വെയില്‍, മഴ മുതലായ പ്രകൃത്യാവസ്ഥകളെ ഫലപ്രദമായി തടുക്കുവാന്‍ തക്കവിധത്തിലായിരിക്കണം മേല്‍ക്കൂരയുടെ നിര്‍മാണം എന്നു പ്രത്യേകം അതില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ചെറിയക്ഷേത്രം (അല്പപ്രാസാദം) നിര്‍മിക്കുന്നതിലും പ്രായേണ വല്യക്ഷേത്ര നിര്‍മിതിയില്‍ സ്വീകരിക്കുന്ന തത്ത്വങ്ങളെത്തന്നെ അനുവര്‍ത്തിക്കണം. ചതുരാകൃതിയിലുള്ള ഏകതല ക്ഷേത്രങ്ങള്‍, ദ്വിതലക്ഷേത്രങ്ങള്‍ മുതലായ ക്ഷേത്രങ്ങളുടെ സ്വരൂപസ്വഭാവങ്ങളും നിര്‍മാണക്രമങ്ങളും തന്ത്രസമുച്ചയത്തില്‍ വിവരിച്ചിട്ടുണ്ട്. അകത്തെ ഉള്‍വൃത്തം (അന്തര്‍മണ്ഡലം) ദിക്പാലകന്മാരുടെ സ്ഥാനമാണ്. അന്തഹാരം അന്തര്‍മണ്ഡലത്തിനു പുറമെയുള്ള ചതുഷ്കോണനിര്‍മിതിയും മധ്യാഹാരം അന്തഹാരത്തിനു പുറമെയുള്ള മേല്‍ക്കൂരയോടുകൂടിയ വൃത്താകാരസ്ഥലവും ആണ്. അവിടെ നിരനിരയായി ദീപങ്ങള്‍ ഘടിപ്പിച്ചിട്ടുള്ള വിളക്കുമാടം മധ്യഹാരത്തിലാണ്. മധ്യഹാരത്തിനു പുറമെയുള്ളതാണ് ബാഹ്യഹാരം. മധ്യഹാരത്തിനു വെളിയില്‍ എഴുന്നെള്ളിപ്പിനു വേണ്ടി ഉണ്ടാക്കുന്ന നടപ്പാതയാണ് ശീവേലിപ്പുര. ക്ഷേത്രത്തിന്റെ പുറമെയുള്ള അതിര്‍ത്തി മര്യാദ (ചുറ്റുമതില്‍കെട്ട്) ആണ്. കെട്ടിടത്തിന്റെ പണി താഴികക്കുടം വയ്ക്കുന്നതോടുകൂടി പൂര്‍ത്തിയാകുന്നു.

കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായാല്‍ അതിന്റെ വടക്കുകിഴക്കേ മൂലയില്‍ കെട്ടുന്ന പന്തലില്‍ പ്രതിഷ്ഠയ്ക്കുള്ള ചടങ്ങുകള്‍ ആരംഭിക്കും. വാസ്തു പുരുഷനുബലിയും പൂജയും അര്‍പ്പിച്ചതിനുശേഷം രൌദ്രമൂര്‍ത്തികള്‍ക്ക് ഒമ്പതു ബലിക്ഷേത്രത്തിന്റെ നാലുഭാഗത്തുമായി അര്‍പ്പിച്ച് അവരോട് ഉടനെ സ്ഥലം വിടാന്‍ അപേക്ഷിക്കും, അതിനുശേഷം യജമാനനും ആചാര്യനും യാഗശാലയില്‍ പ്രവേശിച്ച് 32 കലശങ്ങള്‍യാഗശാലയ്ക്കു ചുറ്റും സ്ഥാപിക്കും. ചില കര്‍മങ്ങള്‍ക്കുശേഷം ഓന്നോ അഞ്ചോ ഒമ്പതോ ഹോമകുണ്ഡങ്ങളില്‍ പ്രധാന ദേവനും ഉപദേവതകള്‍ക്കും ഹോമങ്ങള്‍ നടത്തുന്നു.

'നേത്രോന്മീലനം' കഴിഞ്ഞ് ദേവന്റെ ബിംബം മൂന്നു ദിവസത്തെ ജലാധിവാസത്തിനായി പുറപ്പെടും. 'ജലാധിവാസം' കഴിഞ്ഞ് ബിംബം പിന്നീട് യാഗശാലയില്‍ കൊണ്ടുവന്ന് മൂന്നു ദിവസത്തെ 'ധ്യാന്യാധിവാസം' നടത്തും. വിത്തിലാണ് 'ധ്യാന്യാധിവാസം'. അതിനു ശേഷം മൂന്നു ദിവസത്തെ 'ശയ്യാധിവാസ' ക്രിയ നടത്തണം.

സ്വര്‍ണത്തകിടില്‍ വരച്ച ഒരു യന്ത്രവും നവരത്നങ്ങളും ധാന്യങ്ങളും മറ്റും ബ്രഹ്മശിലയില്‍ വച്ച് പ്രതിഷ്ഠയ്ക്കു തയ്യാറാക്കും. 'അഷ്ടബന്ധം' ഇട്ടാണ് പ്രതിഷ്ഠ ഉറപ്പിക്കുന്നത്. (ശംഖ്, വെള്ളാരങ്കല്ല്, അരക്ക്, ഗന്ധസാമഗ്രികള്‍ മുതലായവ വെണ്ണയോ എണ്ണയോ ചേര്‍ത്തരച്ചുണ്ടാക്കുന്നതാണ് അഷ്ടബന്ധം). വിഗ്രഹത്തില്‍ നിന്ന് ഒരു സ്വര്‍ണക്കമ്പി യാഗശാലയിലുള്ള ഹോമകുണ്ഡത്തില്‍ പിന്നീടു സ്ഥാപിക്കും. ഇതിനു 'നാഡീസന്ധാനം' എന്നാണു പറയുന്നത്. ഈ കമ്പി സ്ഥാപിക്കുന്നതോടു കൂടി വിഗ്രഹത്തിലെ സമസ്ത നാഡികളും തുറന്ന് ചൈതന്യം സ്പന്ദിക്കുന്നു എന്നാണ് സങ്കല്പം. നാഡീസന്ധാനം കഴിഞ്ഞാലുടന്‍ ബിംബത്തില്‍ പ്രാണപ്രതിഷ്ഠ നടക്കുന്നു.

പ്രതിഷ്ഠ കഴിഞ്ഞാലുടന്‍ യാഗശാലയില്‍ നിന്നു മുഖ്യകലശം പ്രതിഷ്ഠയ്ക്കു സമീപം കൊണ്ടു വന്ന് അഭിഷേകം നടത്തുന്നു. ഈ ക്രിയയാണ് കുംഭാഭിഷേകം. അതുകഴിഞ്ഞാല്‍ ആചാര്യന്‍, യജമാനന്‍, സ്തപതി, സഹായികള്‍ എന്നിവരെല്ലാവരും അവഭൃഥസ്നാനം നടത്തുന്നു; പ്രതിഷ്ഠ പൂര്‍ണമാകുന്നതോടെ ക്ഷേത്രത്തില്‍ പൂജയും നിവേദ്യവും ദര്‍ശനവും മറ്റും നടത്തുന്നു.

പൂജകള്‍

ദേവപ്രതിമയ്ക്കു മുന്നില്‍, ഭൂസ്പര്‍ശമില്ലാതെ ആദ്യം പദ്മാസനത്തിലോ സ്വസ്തികാസനത്തിലോ പൂജകന്‍ ഇരിപ്പുറപ്പിക്കുന്നു. ഗുരുവിനെയും ഗണപതിയെയും വന്ദിച്ചതിനുശേഷം അതതുദേവന്റെ അസ്ത്രമന്ത്രങ്ങള്‍കൊണ്ടു കൈകളെ ശുദ്ധീകരിക്കുന്നു. പിന്നീട് ദേവന്റെ മൂലമന്ത്രങ്ങള്‍ കൊണ്ടു കൈകളെ ദേവതാമയമാക്കുകയും താളത്രയം, ദിഗ് ബന്ധം മുതലായവ ചെയ്ത് പ്രണവം കൊണ്ടും അതതു മൂലമന്ത്രങ്ങള്‍ കൊണ്ടും പ്രാണായാമം നടത്തുകയും ചെയ്യുന്നു. മൂലമന്ത്രജപവും ജപവിധാന രീതിയിലുള്ള മാനസപൂജയും ചെയ്യുന്നതിനുമുമ്പ് പൂജകന്‍ അംഗന്യാസം, കരന്യാസം, ലിപിന്യാസം മുതലായവ നടത്തി സ്വദേഹത്തെ ശുദ്ധമാക്കി ദേവന്റെ മൂര്‍ത്തിയാക്കിത്തീര്‍ക്കണം.

മൂലമന്ത്രജപത്തിനും മാനസപൂജയ്ക്കും ശേഷം പൂജോപകരണങ്ങളെയും പൂജാദ്രവ്യങ്ങളെയും സംശുദ്ധമാക്കുന്ന ശംഖപൂരണം ചെയ്ത് ശംഖജലത്തില്‍ വിധിപ്രകാരം ദേവനെ ആവാഹിച്ച് പഞ്ചോപചാരപൂജ ചെയ്യേണ്ടതുമാണ്. പിന്നീടാണ് 'ആവാഹനം'. ആദ്യം പൂജകന്റെ ദേഹത്തില്‍ പൂവും ചന്ദനവും ഉപയോഗിച്ചുദേവസാന്നിധ്യം വരുത്തി, മാനസപൂജകൊണ്ട് മുദ്രകള്‍ മാത്രം കാണിച്ച് 'ആത്മാരാധന' നടത്തുന്നു. അപ്പോള്‍ കൈയിലെടുത്ത ജലഗന്ധാദികളില്‍ വന്നുചേര്‍ന്ന ചൈതന്യത്തെ ക്ഷേത്രബിംബത്തിന്റെ ഹൃദയത്തില്‍ ചേര്‍ക്കുന്നു. അതോടുകൂടി ബിംബവും ക്ഷേത്രവും ചൈതന്യവത്തായിത്തീരുന്നു. തുടര്‍ന്നു മൂര്‍ത്തീപൂജയായി. ആ മൂര്‍ത്തിയില്‍ ചെയ്യുന്ന സമര്‍പ്പണങ്ങളാണ് ഉപചാരങ്ങള്‍. സാധാരണ പൂജയില്‍ 16 ഉപചാരങ്ങളാണ് ഉപയോഗിക്കുന്നത്. അവയാണ് ഷോഡശോപചാരങ്ങള്‍: ആസനം, സ്വാഗതം, പാദ്യം, അര്‍ഘ്യം, ആചമനം, (ആചമനം രണ്ടു പ്രാവശ്യം വേണം). മധുപര്‍ക്കം, സ്നാനം, വസനം, ഉപവീതം, ആഭരണം, ഗന്ധം, പുഷ്പം, ധൂപം, ദീപം, നൈവേദ്യം, വന്ദനം. ദേവതയുടെ മുമ്പില്‍ ദീപം, ധൂപം എന്നിവ കാണിക്കുമ്പോള്‍ മണി അടിക്കണം.

16-ാമത്തെ ഉപചാരമായ വന്ദനത്തോടുകൂടി പൂജ പൂര്‍ണമായി. പിന്നീടു ക്രിയയില്‍ തെറ്റെന്തെങ്കിലും വന്നിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നപേക്ഷിച്ച് ശംഖില്‍ ജലമെടുത്തു ദേവന്റെ പാദസമീപത്തു പിടിച്ച്, ദേവപാദത്തില്‍ നിന്നു തീര്‍ഥം അമൃതരൂപത്തില്‍ ശംഖില്‍ ഗ്രഹിച്ചു എന്നു ധ്യാനിച്ച് ഗുരു, ദേവന്മാര്‍, അസുരന്മാര്‍, പിതൃക്കള്‍, താന്‍ എന്നിവരെയും നടതുറന്ന്, തൊഴുതുനില്ക്കുന്ന ഭക്തന്മാരെയും തളിക്കുന്നു. ഇതിനു തിര്‍ഥപ്രോക്ഷണം എന്നാണ് പറയുന്നത്.

ഉപചാരങ്ങള്‍

സ്നാനം. ക്ഷേത്രാരാധനയുടെ ആദ്യത്തെ ചടങ്ങ് സ്നാനമാണ്. ബാഹ്യശുദ്ധിക്കുശേഷമേ ആധ്യാത്മികകാര്യം ആരംഭിക്കാവൂ, ഉത്സവ സമാപ്തികാലത്ത് ദേവന്‍ ആറാട്ടു നടത്തുന്ന ക്ഷേത്രക്കുളം പവിത്രമായ ഒരു തീര്‍ഥമാണ്. അതിലാണു ഭക്തന്മാര്‍ കുളിക്കേണ്ടത്.

'ഗംഗേ ച യമുനേ ചൈവ ഗോദാവരീ സരസ്വതീ

നര്‍മദേ സിന്ധുകാവേരീ ജലേസ്മിന്‍, സന്നധിം കുരു' എന്നതാണ് സ്നാനം ചെയ്യുമ്പോള്‍ ജപിക്കേണ്ടുന്ന തീര്‍ഥവാഹനമന്ത്രം.

ഭസ്മധാരണം. വെള്ളത്തിലുള്ള സ്നാനത്തിനുശേഷം നടക്കുന്ന ആഗ്നേയസ്നാനമാണ് ഭസ്മധാരണം. സര്‍വശക്തിയുടെയും ഐശ്വര്യത്തിന്റെയും ഇരിപ്പിടമായ-ശ്രീകരമായ-ശിവന്റെ സ്ഥാനത്തെ പ്രതിനിധാനം ചെയ്യുന്നതുകൊണ്ട് ഭസ്മത്തിനു വിഭൂതിയെന്നു പറയും.

പ്രദക്ഷിണം. ദേവനെ കേന്ദ്രബിന്ദുവാക്കി കല്പിച്ച് അതിനുചുറ്റും ഘടികാരക്രമ(clock-wise) ത്തില്‍ വര്‍ത്തുളാകൃതിയില്‍ ചുറ്റുന്നതാണു പ്രദക്ഷിണം. ശ്രീകോവിലിനു പുറത്ത്, ഇന്ദ്രാദി ദിക്പാലകന്മാരെയും മറ്റു ചില ദേവന്മാരയും പ്രതിഷ്ഠിച്ച ബലിക്കല്ലുകള്‍ വരെ ക്ഷേത്രത്തിന്റെ അന്തഹാരം (അന്തര്‍മണ്ഡലം) ആണ്. അതിനു പറത്തുകൂടിവേണം പ്രദക്ഷിണം വയ്ക്കുവാന്‍. ഗര്‍ഭഗൃഹത്തെയല്ല, ലോകപാലപ്രതിഷ്ഠ നടന്നിട്ടുള്ള അന്തര്‍മണ്ഡലത്തെയാണ് പ്രദക്ഷിണം വയ്ക്കേണ്ടത്.

സര്‍വഭയങ്ങളെയും നശിപ്പിക്കുന്ന 'പ്ര' എന്ന അക്ഷരവും മോക്ഷദായകമായ 'ദ'കാരവും രോഗനാശകമായ 'ക്ഷി'കാരവും ഐശ്വര്യപ്രദമായ 'ണ'കാരവും കൂടി ചേര്‍ന്നതാണ് 'പ്രദക്ഷിണം' എന്നാണ് അംശുമതി ആഗമം എന്ന തന്ത്രഗ്രന്ഥത്തില്‍ പറയുന്നത്. പ്രദക്ഷിണം ചെയ്യുന്നതു മെല്ലെ മെല്ലെ വേണം. കൈകള്‍ രണ്ടു ഭാഗങ്ങളിലും ഇളകാതെ വച്ച് വാക്കുകള്‍ കൊണ്ട് ദേവസ്തോത്രങ്ങളെ ഉച്ചരിച്ച് ഹൃദയത്തില്‍ ദേവന്റെ രൂപം ധ്യാനിച്ചുകൊണ്ട് മെല്ലെ മെല്ലെ വേണം പ്രദക്ഷിണം ചെയ്യുവാന്‍. പ്രദക്ഷിണം ചെയ്യേണ്ടുന്ന കാലത്തെപ്പറ്റിയും പ്രദക്ഷിണങ്ങളുടെ എണ്ണത്തെപ്പറ്റിയും ശാസ്ത്രഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇരുപത്തിയൊന്നു പ്രദക്ഷിണങ്ങളാണ് ഉത്തമം. പക്ഷേ ദേവതാനുസാരം പ്രദക്ഷിണത്തിന്റെ സംഖ്യ മാറുമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.

ഗണപതിക്ക് ഒന്നും, സൂര്യനു രണ്ടും, ശിവനു മൂന്നും, ദേവിക്കും വിഷ്ണുവിനും നാലും, ആലിന് ഏഴും പ്രദക്ഷിണങ്ങളാണ് വേണ്ടതത്രെ. പ്രദക്ഷിണവേളയില്‍ ദേവന്‍ നമ്മുടെ വലതു വശത്തായിരിക്കും. ശിവക്ഷേത്രങ്ങളില്‍ ചെയ്യുന്ന പ്രദക്ഷിണം അല്പം വ്യത്യാസമുള്ളതാണ്. ശ്രീകോവിലില്‍ നിന്ന് അഭിഷേകജലം ഓഴുകിപോകുന്ന ഓവിന്റെ സമീപം വരെ പ്രദക്ഷിണമായി വരികയും വീണ്ടും അപ്രദക്ഷിണമായി അതേ സ്ഥാനം വരെ വന്നു തിരിച്ചു നടയില്‍ പോവുകയും ആണ് അവിടെ ചെയ്യുന്നത്. ശിവലിംഗത്തില്‍ നിന്ന് നേരെ ഉദരഭാഗത്തുള്ള സോമസ്ഥാനം വരെ ഒരു രേഖ വരച്ചാല്‍ അതു സോമസൂത്രമാകുന്നു.

ദര്‍ശനം. പ്രദക്ഷിണം കഴിഞ്ഞ് നടയ്ക്കല്‍ എത്തിയാല്‍ ആരാധകര്‍ ഈശ്വരദര്‍ശനം നേടുന്നു. ആ സമയത്ത് ഉണ്ടാകുന്ന നാദാനുഭൂതിയുടെ പ്രതീകമാണ് മണിയടി ശബ്ദം.

വന്ദനം. ഈശ്വരദര്‍ശനത്തോടൊപ്പം വന്ദനവും നടക്കുന്നു. കൈത്തലങ്ങള്‍ ചേര്‍ത്ത് താമരമൊട്ടിന്റെ ആകൃതിയില്‍ ദേഹമധ്യത്തില്‍ ഹൃദയത്തിനോടടുത്തോ തല മുകളിലോ പിടിച്ചായിരിക്കണം വന്ദനം നടത്തേണ്ടത്. ഒരാളെ വന്ദിക്കുമ്പോള്‍ ഞാനും നീയും ഒന്ന് എന്ന ഭാവമാണു സ്ഫുരിക്കേണ്ടത്. ഈശ്വരനെ തൊഴുമ്പോഴും അതുതന്നെയാണ് സ്ഫുരിക്കേണ്ട ഭാവം.

വന്ദനം കഴിഞ്ഞാല്‍ നമസ്കാരമായി. ദേഹം മുഴുവന്‍ ഒരു ദണ്ഡം പോലെ നിലംപതിച്ചു ചെയ്യുന്ന നമസ്കാരത്തെ സാഷ്ടാംഗ നമസ്കാരമെന്നു പറയുന്നു. നെഞ്ച്, ശിരസ്സ്, വാക്ക്, മനസ്, അഞ്ജലി, കണ്ണുകള്‍, മുട്ടുകള്‍, പാദങ്ങള്‍ എന്നിവയാണ് എട്ട് അവയവങ്ങള്‍.

നമ്മുടെ ഓരോ ഇന്ദ്രിയവും നമുക്കു സുഖം പ്രദാനം ചെയ്യുന്നു. ഈ ഇന്ദ്രിയ വിഷയങ്ങള്‍ കൊണ്ടുള്ള ആരാധനയെതന്നെയാണ് പഞ്ചോപചാരങ്ങള്‍ എന്നു വിളിക്കുന്നത്. പഞ്ചോപചാരങ്ങള്‍ ഗന്ധം (ചന്ദനം), പുഷ്പം, ധൂപം, ദീപം, നിവേദ്യം എന്നിവയാണ്. നമ്മുടെ ജ്ഞാനേന്ദ്രിയങ്ങളെയും അവയുടെ ചോദനകളെയും ഈശ്വരാര്‍പ്പണത്തില്‍ സമര്‍പ്പിച്ചാല്‍ അവ ദുരുപയോഗപ്പെടുത്തുവാന്‍ നമുക്കു സാധ്യമല്ലാതെ വരും. അവയെ തെറ്റായ മാര്‍ഗങ്ങളില്‍ നിന്നു പിന്തിരിപ്പിച്ച്, ദിവ്യമായ ലക്ഷ്യങ്ങളിലേക്കു തിരിച്ചുവിടാന്‍ കഴിയും. അങ്ങനെ, ക്ഷേത്രാരാധന വഴി മനുഷ്യജീവിതം ഉത്കൃഷ്ടവും ഉദാത്തവും ആയിത്തീരുന്നു.

പ്രസിദ്ധക്ഷേത്രങ്ങള്‍

ഭാരതത്തിന്റെ വടക്കേയറ്റത്തുള്ള ഹിമാവൃതമായ ഹിമവത്സാനുക്കള്‍ മുതല്‍ തെക്കേ അറ്റത്തു കന്യാകുമാരിവരെയും പടിഞ്ഞാറു സിന്ധുനദീതടം മുതല്‍ കിഴക്ക് ബ്രഹ്മപുത്രാതടം വരെയും വ്യാപിച്ചുകിടക്കുന്ന വിശാലമായ ഭൂവിഭാഗം ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങളുടെ വിഹാരരംഗമാണ്. ഈ ക്ഷേത്രങ്ങളിലെ ഉത്സവാദിവിശേഷാവസരങ്ങളില്‍ ഭാരതത്തിലെ എല്ലാ പ്രാന്തപ്രദേശങ്ങളിലുമുള്ള ജനങ്ങള്‍ ആരാധനയ്ക്കായി ഒത്തൊരുമിക്കുന്നു. അങ്ങനെ ദേശീയവും സാംസ്കാരികവും സാമൂഹികവുമായ ഐക്യഭാവന ഭാരതജനതാഹൃദയത്തില്‍ രൂഢമൂലമാക്കുവാനുള്ള മഹത്തരകേന്ദ്രങ്ങള്‍ കൂടിയാണ് ഈ ക്ഷേത്രങ്ങള്‍. നാനാത്വത്തിനുള്ളില്‍ അന്തര്‍ധാരയായി നിരന്തരം പ്രവഹിച്ചുകൊണ്ടിരിക്കുന്ന ഏകത്വ ഭാവനാസ്രോതസ്സുകളായാണ് ഈ ആരാധനാലയങ്ങള്‍ കല്പിക്കപ്പെട്ടിരിക്കുന്നത് എന്നുകൂടി പറയേണ്ടിയിരിക്കുന്നു. അവ നൂതനങ്ങളായ ഭാരതീയ ശില്പരചനകളാല്‍ അലങ്കൃതങ്ങളാകയാല്‍ കലാമൂല്യം കൂടി ഉള്‍ക്കൊള്ളുന്നു.

കേരളത്തിലെ പ്രമുഖക്ഷേത്രങ്ങളി ല്‍ ശ്രീപദ്മനാഭസ്വാമിക്ഷേത്രം, പഴവങ്ങാടി ഗണപതിക്ഷേത്രം, ആറ്റുകാല്‍ക്ഷേത്രം, വര്‍ക്കല ജനാര്‍ദനസ്വാമിക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, ഏറ്റുമാനൂര്‍ ശിവക്ഷേത്രം, വൈക്കം ശിവക്ഷേത്രം, ശബരിമല ശാസ്താക്ഷേത്രം, തൃപ്പൂണിത്തുറ പൂര്‍ണത്രയീശക്ഷേത്രം, ചോറ്റാനിക്കര ഭഗവതീക്ഷേത്രം, കൊടുങ്ങല്ലൂര്‍ ഭഗവതീക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രം, തൃശൂര്‍ വടക്കുംനാഥക്ഷേത്രം, ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രം മുതലായവ അഖിലഭാരത പ്രശസ്തി നേടിയവയാണ്. ഇവയില്‍ തിരുവനന്തപുരത്തുള്ള ശ്രീപദ്മനാഭസ്വാമിക്ഷേത്രമാണ് ലോകത്തിലെ ഒന്നാമത്തെ സമ്പന്നക്ഷേത്രമായി പരിഗണിക്കപ്പെടുന്നത് (2012).

അരുവിപ്പുറം ശിവക്ഷേത്രം, മണ്ണന്തല ദേവീക്ഷേത്രം, കോലത്തുകര ശിവക്ഷേത്രം, തലശ്ശേരി ജഗന്നാഥക്ഷേത്രം മുതലായ ആരാധനാലയങ്ങള്‍ കേരളത്തിലെ ഹൈന്ദവ നവോത്ഥാനത്തിന്റെയും ജാതിഭേദത്തിനും അതുമൂലം കല്പിക്കപ്പെട്ടിരുന്ന ഉച്ചനീചഭാവനയ്ക്കുമെതിരായ നവയുഗസംസ്കാരത്തിന്റെയും പ്രതീകങ്ങളാണ്. നോ. ക്ഷേത്രവാസ്തുവിദ്യ

(പി. പരമേശ്വരന്‍, ഡോ. വെങ്കിടേശ്വരമല്ലയ്യ; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍