This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ഷാമം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ക്ഷാമം== ==Famine== പട്ടിണി, മരണം എന്നിവയിലേക്കു നയിക്കുന്ന രൂക്ഷമ...)
അടുത്ത വ്യത്യാസം →

14:16, 1 സെപ്റ്റംബര്‍ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ക്ഷാമം

Famine

പട്ടിണി, മരണം എന്നിവയിലേക്കു നയിക്കുന്ന രൂക്ഷമായ ഭക്ഷ്യദൌര്‍ലഭ്യം. ഭക്ഷ്യസാധനങ്ങള്‍ ആവശ്യത്തിനു കിട്ടാതെ വരികയും പട്ടിണിമൂലം ഒരു ജനസമൂഹത്തിലെ മരണനിരക്കില്‍ വര്‍ധനവുണ്ടാവുകയും ചെയ്യുമ്പോള്‍ ആ പ്രദേശം ക്ഷാമത്തിന്റെ പിടിയിലായതായി കണക്കാക്കപ്പെടുന്നു. ക്ഷാമം ഏറെക്കുറെ വിസ്തൃതമായ ഒരു ഭൂവിഭാഗത്തെയോ സാമാന്യം വലിയൊരു ജനസമൂഹത്തെയോ ബാധിക്കുന്ന ഒന്നായിരിക്കും. ചിലപ്പോള്‍ ക്ഷാമം ഒരു പ്രദേശത്ത് ഒതുങ്ങിനിന്നെന്നും വരാം. ഒരു ചെറിയ ചേരിപ്രദേശത്തോ ഒറ്റപ്പെട്ട ഒരു കുടുംബത്തിലോ ഉണ്ടാകുന്ന മരണത്തെ, പട്ടിണിമരണമാണെങ്കില്‍ത്തന്നെയും, 'ക്ഷാമം' എന്ന് വിശേഷിപ്പിക്കാറില്ല. ചില അവികസിത രാജ്യങ്ങളില്‍ വിളവെടുപ്പിനു മുമ്പുണ്ടാകുന്ന ഭക്ഷ്യദൌര്‍ലഭ്യവും ക്ഷാമമല്ല, ക്ഷാമത്തിന്റെ പിടിയിലകപ്പെട്ട ഒരു സമൂഹത്തിലെ ജനങ്ങള്‍ ഭക്ഷ്യവസ്തുക്കളുടെ കുറവുകൊണ്ട് ദുര്‍ബലരായി, എല്ലുന്തി, നിഷ്ക്രിയരായി മരണത്തെ കാത്തുകഴിയുന്നു. ക്ഷാമബാധിത പ്രദേശങ്ങളില്‍ യാചകരുടെ എണ്ണം അസാധാരണമായ തോതില്‍ വര്‍ധിക്കുന്നു. ചേരിയുദ്ധങ്ങള്‍, അക്രമം, അലഞ്ഞുതിരിയല്‍, ഭക്ഷ്യവസ്തുക്കള്‍ക്കുവേണ്ടി കുട്ടികള്‍ ചവറുകൂനകള്‍ ഇളക്കിമറിച്ചു നോക്കുന്ന അവസ്ഥ, കന്നുകാലികളുടെ മോഷണം തുടങ്ങിയ പ്രവൃത്തികള്‍ ഇവിടങ്ങളില്‍ പതിവായിത്തീരുന്നു. വിളവെടുപ്പിലുണ്ടായ ദുരന്തത്തിന്റെ അടുത്തവര്‍ഷമാണ് ഫ്രഞ്ചുവിപ്ലവം (1789) പൊട്ടിപ്പുറപ്പെട്ടത്. രൂക്ഷമായ ഭക്ഷ്യക്ഷാമ കാലത്താണ് റഷ്യയില്‍ ഒക്ടോബര്‍ വിപ്ലവം (1917) ഉണ്ടായത്.

ക്ഷാമത്തിന്റെ ആഘാതം ഏറ്റവും ശക്തിയായി പതിക്കുന്നത് സമൂഹത്തിലെ ദരിദ്രവിഭാഗങ്ങളുടെ മേലാണ്. വിളനാശം സംഭവിക്കുന്നതിനു മുമ്പുതന്നെ ഭക്ഷ്യവസ്തുക്കളുടെ വില ക്രമാതീതമായി വര്‍ധിക്കുന്നു. ധനശേഷിയുള്ളവര്‍ സ്വന്തം ഉപയോഗത്തിനും, പില്ക്കാലത്ത് വമ്പിച്ച വില ഈടാക്കാനുംവേണ്ടി തങ്ങളുടെ ഭക്ഷ്യകരുതല്‍ശേഖരം വര്‍ധിപ്പിക്കുന്നു. വിപണിയില്‍ ഭക്ഷ്യവസ്തുക്കളുടെ തിരോധാനത്തിന് ഇത് ഇടയാക്കുന്നു. തൊഴിലവസരങ്ങള്‍ കുറയുകയും ഭക്ഷ്യവിലയുടെ വര്‍ധനയ്ക്കൊപ്പം വേതനവര്‍ധന ഉണ്ടാകാതെയുമിരിക്കുന്നു. വിശപ്പിന്റെ കാഠിന്യം ആദ്യം അനുഭവപ്പെടുന്നത് കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലാണ്. ഇത്തരം കുടുംബങ്ങളിലെ അംഗങ്ങള്‍ വിശപ്പടക്കാനുള്ള ഭക്ഷ്യവസ്തുക്കള്‍ക്കുവേണ്ടി വസ്ത്രങ്ങള്‍, അലങ്കാരവസ്തുക്കള്‍, തടി ഉരുപ്പടികള്‍ തുടങ്ങി തങ്ങളുടെ പക്കലുള്ള സകല ആസ്തികളെയും വില്ക്കുന്നു. 1846-47-ലെ ഐറിഷ് ക്ഷാമകാലത്ത്, മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ മത്സ്യബന്ധന ഉപകരണങ്ങള്‍ പണയം വയ്ക്കുകയോ വിറ്റഴിക്കുകയോ ചെയ്തിരുന്നു. മിക്ക ക്ഷാമകാലങ്ങളിലും കൃഷിക്കാര്‍ പുതിയ കൃഷിയിറക്കുന്നതിനായി സൂക്ഷിച്ചിരുന്ന വിത്തുശേഖരംപോലും ഭക്ഷ്യാവശ്യങ്ങള്‍ക്കായി വിനിയോഗിക്കും. ക്ഷാമകാലത്ത് ചീനക്കാര്‍ കുട്ടികളെ വില്ക്കുകയും അടിമപ്പണി ചെയ്യാനായി സ്വയം വില്പനയ്ക്കു വിധേയരാവുകയും ചെയ്തിരുന്നു. ക്ഷാമകാലത്ത് വേശ്യാവൃത്തിയും സര്‍വസാധാരണമായിരുന്നു. ദുരിതപൂര്‍ണമായ ഈ അവസ്ഥയിലും ചിലര്‍ ക്ഷാമത്തെ അവരുടെ സ്വാര്‍ഥതാത്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയിരുന്നു. ഒരു വിഭാഗം ജനങ്ങള്‍ ഗവണ്‍മെന്റിന്റെ തണലില്‍ കഴിഞ്ഞുകൊണ്ട് ക്ഷാമക്കെടുതിയില്‍ നിന്നു രക്ഷപ്പെടാറുണ്ട്.

കാരണങ്ങള്‍. പല കാരണങ്ങള്‍കൊണ്ട് ക്ഷാമമുണ്ടാകാം. മനുഷ്യന്റെ നിയന്ത്രണത്തിനതീതമായ 'സ്വാഭാവിക' കാരണങ്ങളും മനുഷ്യപ്രവൃത്തിയാലുള്ള 'കൃത്രിമ' കാരണങ്ങളും ഇതിലുള്‍പ്പെടുന്നു. ക്ഷാമത്തിനുള്ള സ്വാഭാവിക കാരണങ്ങളില്‍പ്പെട്ടതാണ് വരള്‍ച്ച, അതിവര്‍ഷം, വെള്ളപ്പൊക്കം, അതിശൈത്യം, കൊടുങ്കാറ്റ്, കടലാക്രമണം, വെട്ടുക്കിളിശല്യം, കാര്‍ഷികവിളകള്‍ക്കുള്ള രോഗങ്ങള്‍ എന്നിവ. ഇവയെല്ലാംതന്നെ ഭക്ഷ്യേത്പാദനം കുറയ്ക്കാനും ഭക്ഷ്യകരുതല്‍ ശേഖരത്തില്‍ ഭീമമായ കുറവുണ്ടാകാനുമിടയാക്കുന്നു; ചിലപ്പോള്‍ ഇവ ഭക്ഷ്യശേഖരം കൂടുതലുള്ള ഇടങ്ങളില്‍നിന്ന് ഭക്ഷ്യദൌര്‍ലഭ്യം നേരിടുന്ന സ്ഥലങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുപോകാന്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. നൈല്‍നദിയുടെ ഉദ്ഭവസ്ഥാനമായ എത്യോപ്യന്‍ പര്‍വതങ്ങളില്‍ വര്‍ഷപാതം കുറഞ്ഞതിന്റെ ഫലമായി ബിബ്ലിക്കല്‍ കാലത്ത് ഈജിപ്തില്‍ ക്ഷാമമുണ്ടായതായി രേഖകളുണ്ട്. അതിവൃഷ്ടിമൂലമാണ് വടക്കുപടിഞ്ഞാറന്‍ യൂറോപ്പില്‍ 1315-17 കാലത്ത് രൂക്ഷമായ ക്ഷാമമുണ്ടായത്; വിളകള്‍ കൊയ്തെടുക്കാനാകാതെ ധാന്യങ്ങള്‍ നിലങ്ങളില്‍ കിടന്നഴുകി.

കാലാവസ്ഥ പ്രവചിക്കാന്‍ കഴിയാത്ത ഇടങ്ങളാണ് ക്ഷാമത്തിനു കൂടുതല്‍ ഇരയാകുന്നത്. എത്യോപ്യയിലെ മണ്‍സൂണ്‍ വര്‍ഷപാതത്തെ ആശ്രയിച്ചാണ് ഈജിപ്തിന്റെ ഭാഗ്യനഷ്ടങ്ങള്‍ സ്ഥിതിചെയ്യുന്നത്. വര്‍ഷപാതത്തില്‍ 10 ശതമാനത്തിന്റെ കുറവുണ്ടായാല്‍ ഭക്ഷ്യധാന്യോത്പാദനം ഇരട്ടികണ്ടു കുറയും. മണ്‍സൂണ്‍ വര്‍ഷപാതത്തെ ആശ്രയിച്ചാണ് ഇന്ത്യയുടെയും സ്ഥിതി. അനാവൃഷ്ടിയും അതിവൃഷ്ടിയും ഇന്ത്യയില്‍ ക്ഷാമമുണ്ടാക്കാറുണ്ട്. ഹ്വാങ്ഹോ നദിയിലുണ്ടാകുന്ന വെള്ളപ്പൊക്കം ചൈനയ്ക്ക് എന്നും ഭീഷണിയാണ്; വിളനഷ്ടം, കന്നുകാലി നാശം എന്നിവയോടൊപ്പം മനുഷ്യന്റെ ജീവനും വസ്തുവകകള്‍ക്കും നാശം സംഭവിക്കുന്നു. ക്ഷാമത്തിനുള്ള 'കൃത്രിമ' കാരണങ്ങളില്‍ രാഷ്ട്രീയമായവയാണ് പ്രധാനം. രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തിന്റെ ഫലമായി ഭക്ഷ്യവസ്തുക്കള്‍ക്കും വിളകള്‍ക്കും ഉണ്ടാകുന്ന നാശം, മനുഷ്യശക്തി, വിഭവങ്ങള്‍, യന്ത്രങ്ങള്‍ എന്നിവയ്ക്കു സംഭവിക്കുന്ന നഷ്ടം തുടങ്ങിയവ ക്ഷാമങ്ങള്‍ക്കു വഴിതെളിക്കുന്നു. ഒന്നും രണ്ടും ലോകയുദ്ധകാലങ്ങളില്‍ ഭക്ഷ്യവിതരണത്തിലുണ്ടായ പാകപ്പിഴകള്‍ കാരണം പല രാജ്യങ്ങളിലും ക്ഷാമമുണ്ടായി. ശത്രുരാജ്യത്തില്‍ ക്ഷാമം അടിച്ചേല്പിക്കുകയെന്നത് ഒരു യുദ്ധതന്ത്രമാണ്. ശത്രുപക്ഷത്തിന്റെ ഭക്ഷ്യസ്രോതസ് നശിപ്പിക്കുകയാണ് യുദ്ധം ജയിക്കുന്നതിനുള്ള എളുപ്പവഴി. ധാന്യഅറകള്‍ അഗ്നിക്കിരയാക്കിയും കൃഷിനിലങ്ങള്‍ വെളുപ്പിച്ചും ഭക്ഷ്യധാന്യ ഇറക്കുമതി തടയത്തക്കവണ്ണം ഗതാഗതവഴികളും വാഹനങ്ങളും നശിപ്പിച്ച് ശത്രുരാജ്യത്ത് ക്ഷാമം അടിച്ചേല്പിക്കുകയാണ് പതിവ്. രണ്ടാം ലോകയുദ്ധകാലത്ത് ജര്‍മന്‍സേന വാഴ്സാ ഗെറ്റോയില്‍ ചെയ്തത് ഇതായിരുന്നു. കര്‍ഷകരും ഔദ്യോഗികവൃന്ദവും തമ്മിലുള്ള പോരാട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിപ്ലവങ്ങള്‍ വിളനിലങ്ങളുടെ വിസ്തൃതിയും ഭക്ഷ്യോത്പാദനവും കുറയ്ക്കുകയും ക്ഷാമമുണ്ടാക്കുകയും ചെയ്യുന്നു. ക്ഷാമത്തിനുള്ള മറ്റൊരു പ്രധാനകാരണം ജനസംഖ്യാപ്പെരുപ്പമാണ്. വികസ്വര-അവികസിത രാഷ്ട്രങ്ങളില്‍ ജനസംഖ്യാവര്‍ധനവ് ഭക്ഷ്യധാന്യലഭ്യതയ്ക്കു താങ്ങാനാവുന്നതിനെക്കാള്‍ കൂടുതലാണ്. തന്മൂലം ജനസംഖ്യാസ്ഫോടനം ക്ഷാമത്തിലേക്കു നയിക്കാനാണ് കൂടുതല്‍ സാധ്യത.

സ്വാഭാവിക കാരണങ്ങള്‍ തന്നെയാണ് ലോകചരിത്രത്തിലെ രൂക്ഷമായ മിക്ക ക്ഷാമങ്ങള്‍ക്കും പിന്നിലുണ്ടായിരുന്നത്. ഇതില്‍ മുന്നിട്ടു നില്‍ക്കുന്നത് വരള്‍ച്ച, വെള്ളപ്പൊക്കം, വിളരോഗങ്ങള്‍ എന്നിവയാണ്. 1845-നു ശേഷം അയര്‍ലണ്ടിലുണ്ടായ ഉരുളക്കിഴങ്ങുരോഗംമൂലം 15-20 ലക്ഷം ആളുകള്‍ മരിച്ചു. 1960-കളിലും 70-കളിലും പശ്ചിമാഫ്രിക്കയിലും മറ്റുമുണ്ടായ വരള്‍ച്ച ആ മേഖലയിലെ സാമ്പത്തികസ്ഥിതിയെ തകിടം മറിച്ചു. 1970-കളില്‍ എത്യോപ്യയിലും സമീപപ്രദേശങ്ങളിലുമുണ്ടായ വരള്‍ച്ചമൂലം 15 ലക്ഷം പേര്‍ മൃതിയടഞ്ഞു.

അടിക്കടി വരള്‍ച്ചയ്ക്കു വിധേയമാകുന്ന വടക്കുകിഴക്കന്‍ ബ്രസീലാണ് ക്ഷാമങ്ങള്‍ക്കു വിധേയമായിട്ടുള്ള ഒരു ലാറ്റിന്‍ അമേരിക്കന്‍ പ്രദേശം. 1732-33, 1783-87, 1832-36 എന്നീ കാലഘട്ടങ്ങളില്‍ ജപ്പാനില്‍ രൂക്ഷമായ ക്ഷാമമുണ്ടായി. 1840-കളിലെ ഐറിഷ് ദുരന്തത്തിനുശേഷം റഷ്യയ്ക്കു പടിഞ്ഞാറുള്ള യൂറോപ്യന്‍ പ്രദേശങ്ങളില്‍ വലിയ 'സ്വാഭാവിക' ക്ഷാമമൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ഗ്രീസ്, ഹോളണ്ട് എന്നീ രാജ്യങ്ങളിലെ ചില പ്രദേശങ്ങളില്‍ രണ്ടാംലോകയുദ്ധത്തിന്റെ തുടര്‍ച്ചയായി ചെറിയ തോതിലുള്ള കൃത്രിമക്ഷാമങ്ങള്‍ ഉണ്ടായി. 1850-നുശേഷം പേര്‍ഷ്യ (1871), ഏഷ്യാമൈനര്‍ (1874-75), ഈജിപ്ത് (1871), ബ്രസീല്‍ (1877), മൊറോക്കോ (1877-78) എന്നിവിടങ്ങളില്‍ ഓരോ ക്ഷാമമുണ്ടായി. ഈ കാലയളവില്‍ സോവിയറ്റ് റഷ്യയില്‍ 10 ക്ഷാമങ്ങളും 1943-ലെ ബംഗാള്‍ ക്ഷാമം ഉള്‍പ്പെടെ ഇന്ത്യയില്‍ 14 ക്ഷാമങ്ങളുണ്ടായി. ചൈനയില്‍ അതിരൂക്ഷമായ ഒരു ക്ഷാമം 1877-78-ലും അത്ര തീവ്രതയില്ലാത്ത ക്ഷാമങ്ങള്‍ 1906, 11, 16, 19, 24, 29 എന്നീ വര്‍ഷങ്ങളിലുമുണ്ടായി. 19-ാം ശതകത്തിലെ ഒട്ടുമുക്കാലും ക്ഷാമബാധിത പ്രദേശങ്ങളെ ഉള്‍ക്കൊണ്ടത് റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളായിരുന്നു.

ക്ഷാമം സാംക്രമികരോഗവ്യാപനം ത്വരിതപ്പെടുത്തും. 1845-49-ല്‍ അയര്‍ലണ്ടിലും, 1877-78, 1896-97, 1899-1900, 1943 എന്നീ വര്‍ഷങ്ങളില്‍ ഇന്ത്യയിലും, 1921-22, 1932-33 എന്നീ വര്‍ഷങ്ങളില്‍ റഷ്യയിലും, 1877-78, 1929-30 എന്നീ വര്‍ഷങ്ങളില്‍ ചൈനയിലും ഉണ്ടായ ക്ഷാമങ്ങള്‍ ഉദാഹരണങ്ങളാണ്. ക്ഷാമം രോഗപ്രതിരോധശക്തിക്കു കുറവുണ്ടാക്കുന്നു. അത് മരണനിരക്ക് വര്‍ധിപ്പിക്കും; ജനനനിരക്കു കുറയ്ക്കുകയും ചെയ്യും. ഇത് ജനസംഖ്യാവര്‍ധന നിരക്കില്‍ത്തന്നെ ഇടിവുണ്ടാകുന്നു. രോഗങ്ങളെക്കുറിച്ചുള്ള ആധുനിക സാങ്കേതികജ്ഞാനവും 20-ാം ശതകത്തിലുണ്ടായ ആരോഗ്യരക്ഷാപ്രവര്‍ത്തനങ്ങളും ക്ഷാമങ്ങള്‍ മൂലമുണ്ടാകുന്ന മരണസംഖ്യ കുറയ്ക്കാന്‍ ഒരളവുവരെ സഹായിച്ചിട്ടുണ്ട്.

ക്ഷാമബാധിതപ്രദേശങ്ങളില്‍ നിന്നു ജനങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരമോ ഗവണ്‍മെന്റിന്റെ നിര്‍ബന്ധംകൊണ്ടോ മറ്റു പ്രദേശങ്ങളിലേക്കു മാറിപ്പോകുന്നു. ഗ്രാമപ്രദേശങ്ങളിലെ ദാരിദ്യ്രവും പട്ടിണിയും കാരണം അവിടെയുള്ളവര്‍ പട്ടണങ്ങളെ അഭയം പ്രാപിക്കുന്നു. ഇങ്ങനെ പലായനം ചെയ്യുന്നവരില്‍ ഭൂരിപക്ഷവും ക്ഷാമത്തിന്റെ രൂക്ഷത കുറയുമ്പോള്‍ സ്വന്തം വീടുകളിലേക്കു മടങ്ങുന്നു. ബാക്കിയുള്ളവര്‍ പുതിയ പാര്‍പ്പിടങ്ങള്‍ കണ്ടെത്തുന്നു. ദേശീയപ്രാന്തങ്ങള്‍ വിട്ടുപോകുന്നവര്‍ ചുരുക്കമാണ്. എന്നാല്‍ ഐറിഷ് ക്ഷാമത്തെ അഭിമുഖീകരിച്ച പത്തുലക്ഷത്തോളം പേര്‍ യു.എസ്സില്‍ അഭയം കണ്ടെത്തി; അവര്‍ യു.എസ്സിന്റെ സാമ്പത്തികവികാസത്തെ വളരെയധികം സ്വാധീനിക്കുകയും ചെയ്തു. ക്ഷാമക്കെടുതികളെക്കുറിച്ചും സാധുക്കള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ സുലഭമായി ലഭ്യമാക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ബ്രിട്ടനെ ബോധ്യപ്പെടുത്തുവാന്‍ ഐറിഷ് ക്ഷാമം സഹായകമായി.

പ്രതിവിധികള്‍. ദൈവകോപത്തിന്റെ ഫലമായാണ് ക്ഷാമം ഉണ്ടാകുന്നതെന്നും അതില്‍നിന്നു മോചനമില്ലെന്നും അഞ്ചു ശതാബ്ദങ്ങള്‍ക്കുമുമ്പുവരെ ജനങ്ങള്‍ വിശ്വസിച്ചിരുന്നു. പുരാതനകാലത്ത് ക്ഷാമകാലങ്ങളിലെ ഉപഭോഗത്തിനായി 'സമ്പന്ന' വര്‍ഷങ്ങളില്‍ ധാന്യം ശേഖരിച്ചുവച്ചിരുന്നു. ഇങ്കാ ഭരണകര്‍ത്താക്കള്‍ ധാന്യസംഭരണംവഴിയും ജലസേചനകനാലുകളുടെ നിര്‍മാണം വഴിയും ക്ഷാമത്തിനെതിരെ തയ്യാറെടുപ്പു നടത്തിയിരുന്നു. അണക്കെട്ടുകള്‍ നിര്‍മിച്ച് വെള്ളപ്പൊക്കത്തെ നിയന്ത്രിക്കുന്നതും ക്ഷാമത്തിനെതിരായ ഒരു നടപടിയായിരുന്നു. 1960-കളോടെ മിക്ക രാജ്യങ്ങളിലും ക്ഷാമം ഉണ്ടാകുന്നത് തടയുവാനുള്ള പല ശ്രമങ്ങളും നടത്തിക്കഴിഞ്ഞിരുന്നു. ചില രാജ്യങ്ങള്‍ അയല്‍രാജ്യങ്ങളിലെ ക്ഷാമം തടയുവാനും സഹായിച്ചിരുന്നു. ചില വികസിത രാജ്യങ്ങള്‍ക്കു വികസ്വര-അവികസിത രാഷ്ട്രങ്ങള്‍ക്കു ധനസഹായമോ ഭക്ഷ്യസഹായമോ എത്തിക്കാനുള്ള കഴിവുണ്ടായി. ക്ഷാമങ്ങള്‍ക്കെതിരായി അന്താരാഷ്ട്ര പ്രതിരോധ പ്രവര്‍ത്തങ്ങളുമുണ്ടായിത്തുടങ്ങി. റെഡ്ക്രോസ്, ചൈന റിലീഫ് കമ്മിഷനുകള്‍, ഒന്നാം ലോകയുദ്ധകാലത്തെ അമേരിക്കന്‍ റിലീഫ് അഡ്മിനിസ്ട്രേഷന്‍, രണ്ടാംലോകയുദ്ധത്തെത്തുടര്‍ന്നുള്ള യു.എന്‍. റിലീഫ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ അഡ്മിനിസ്ട്രേഷന്‍, ഭക്ഷ്യകാര്‍ഷിക സംഘടന തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ പ്രധാനപ്പെട്ടവയാണ്. സ്വാഭാവിക ക്ഷാമങ്ങളെ നേരിടുന്നതില്‍ ഇന്നുണ്ടായിട്ടുള്ള പുരോഗതി പ്രകടമാണ്. ക്ഷാമനിവാരണത്തിനുള്ള ഏറ്റവും ശക്തമായ മറ്റൊരു നടപടി ജനസംഖ്യാനിയന്ത്രണമാണ്. ജനസംഖ്യാവര്‍ധനവ് അനിയന്ത്രിതമായി തുടരാന്‍ അനുവദിച്ചാല്‍ ക്ഷാമം നിവാരണം ചെയ്യാന്‍ ശാസ്ത്ര-സാങ്കേതിക പുരോഗതിക്കു കഴിയാതെ വരും.

അടുത്ത ദശകത്തില്‍ സ്വാഭാവിക കാരണംകൊണ്ടുണ്ടാകുന്ന ക്ഷാമം ഒരു രാജ്യത്തെയും പ്രതിസന്ധിയിലാക്കുകയില്ല. ഈ ചെറിയ കാലയളവിനുള്ളില്‍ ലോകത്തിന്റെ ഭക്ഷ്യകരുതല്‍ശേഖരത്തിനു കുറവുണ്ടാവുകയില്ല എന്നതാണ് ഇതിനുകാരണം. കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന ക്ഷാമങ്ങളില്‍നിന്നു ലോകം ഒരിക്കലും മുക്തമല്ല.

ഇന്ത്യയില്‍. കൗടല്യന്റെ അര്‍ഥശാസ്ത്രത്തില്‍ ക്ഷാമങ്ങളെപ്പറ്റിയും അവയുടെ നിവാരണങ്ങളെപ്പറ്റിയും പരാമര്‍ശമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്തും അതിനുമുമ്പും ഇന്ത്യയില്‍ ഒട്ടനവധി ക്ഷാമങ്ങളുണ്ടായിട്ടുണ്ട്. 1555-ലെ ക്ഷാമകാലത്തു ചത്തമൃഗങ്ങളുടെ ചര്‍മം ഭക്ഷിച്ച് ജനങ്ങള്‍ വിശപ്പടക്കിയിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1630-32 കാലത്ത് രൂക്ഷമായ ഒരു ക്ഷാമമുണ്ടായി. അക്ബറുടെ കാലത്തുണ്ടായ ക്ഷാമം മൂന്നുനാലു കൊല്ലം നീണ്ടുനിന്നു; ഇതിനു പരിഹാരമായി സര്‍വനഗരങ്ങളിലും ധര്‍മം നല്കാന്‍ ചക്രവര്‍ത്തി നിര്‍ദേശിച്ചു. ഷാജഹാന്റെയും അറംഗസീബിന്റെയും കാലത്തും ക്ഷാമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. മിച്ചമുള്ളിടത്തുനിന്നും ക്ഷാമബാധിതപ്രദേശങ്ങളിലേക്കു ഭക്ഷ്യധാന്യങ്ങളെത്തിച്ച് ചുരുങ്ങിയ വിലയ്ക്കുവിറ്റാണ് ഇത് നേരിട്ടത്. വാഹനസൗകര്യത്തിന്റെ അഭാവം ഇതിന് ഒരു പ്രതിബന്ധമായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭരണകര്‍ത്താക്കള്‍ പ്രധാനനഗരങ്ങളില്‍ ധാന്യസംഭരണികള്‍ ഏര്‍പ്പെടുത്തിയിരുന്നു. 1770-ലെ ബംഗാള്‍ ക്ഷാമത്തിനുള്ള കാരണം അനാവൃഷ്ടിയായിരുന്നു. 1783-ല്‍ മദ്രാസിലുണ്ടായ ക്ഷാമത്തിനു കാരണം ഈസ്റ്റ് ഇന്ത്യാക്കമ്പനി മൈസൂറുമായി നടത്തിയ യുദ്ധങ്ങളായിരുന്നു. 1784-ല്‍ ഉത്തരേന്ത്യയിലും 1790-92-ല്‍ ഹൈദരാബാദ്, ഡക്കാണ്‍, വടക്കന്‍ മദ്രാസ് എന്നിവിടങ്ങളിലും ക്ഷാമമുണ്ടായി. 1803-ല്‍ മുംബൈയിലുണ്ടായ ക്ഷാമത്തിനു കാരണം യുദ്ധംതന്നെയായിരുന്നു. ഭക്ഷ്യധാന്യക്കയറ്റുമതി തടഞ്ഞും ഇറക്കുമതി നടത്തിയും വിലനിശ്ചയിച്ചും ഇത്തരം ക്ഷാമങ്ങളെ നേരിടാന്‍ ഗവണ്‍മെന്റ് ശ്രമിച്ചു. 1804-ല്‍ ഉത്തരേന്ത്യയില്‍ വീണ്ടും ക്ഷാമമുണ്ടായപ്പോള്‍ ഗവണ്‍മെന്റ് ഭൂനികുതി ഇളവുചെയ്യുകയും ഭൂവുടമകള്‍ക്ക് വായ്പ നല്കുകയും കാശി, പ്രയാഗ, കാണ്‍പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഭക്ഷ്യധാന്യം ഇറക്കുന്നതിന് ധനസഹായം നല്കുകയും ചെയ്തു. 1833-ല്‍ വടക്കന്‍ മദ്രാസിലുണ്ടായ ക്ഷാമത്തില്‍ രണ്ടുലക്ഷം ആളുകള്‍ മരിച്ചുവെന്നാണ് കണക്ക്. 1837-ല്‍ വടക്കേ ഇന്ത്യയിലുണ്ടായ ക്ഷാമത്തില്‍ എട്ടുലക്ഷം പേര്‍ മരണമടഞ്ഞതായാണ് കേണല്‍ ബേര്‍ഡ്സ്മിത്ത് കണക്കാക്കിയിട്ടുള്ളത്. 1854-ല്‍ വടക്കന്‍ മദ്രാസില്‍ വീണ്ടും ക്ഷാമബാധയുണ്ടായി.

ഒന്നാം സ്വാതന്ത്ര്യസമരവും (1857) തുടര്‍ന്നുണ്ടായ പ്രതികാര നടപടികളും കാരണം കൃഷിക്കു ഗണ്യമായ തടസ്സം നേരിട്ടിരുന്നു. 1860-ല്‍ കാലവര്‍ഷം പിഴച്ചതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. ആഗ്ര, രജപുത്താനാ, പഞ്ചാബിന്റെ ചില ഭാഗങ്ങള്‍ എന്നിവയാണ് ക്ഷാമത്തിനിരയായത്. 1865-ലെ ഒഡിഷാ ക്ഷാമം അഞ്ചുകോടി ജനങ്ങളെ ബാധിക്കുകയുണ്ടായി. ബംഗാള്‍ ഗവണ്‍മെന്റ് തക്ക നടപടികള്‍ സ്വീകരിക്കാഞ്ഞതുനിമിത്തം പത്തുലക്ഷം ആളുകള്‍ മരണമടഞ്ഞു. 1868-70-ല്‍ പശ്ചിമേന്ത്യയിലുണ്ടായ ക്ഷാമം നാലുകോടി ജനങ്ങളെ ബാധിച്ചു. രജപുത്താനയില്‍ കാലിത്തീറ്റയ്ക്കും വെള്ളത്തിനുപോലും കടുത്ത ക്ഷാമമുണ്ടായതുകൊണ്ട് ലക്ഷക്കണക്കിനു ജനങ്ങള്‍ കന്നുകാലികളെയുംകൊണ്ട് നാടും വീടും ഉപേക്ഷിച്ചുപോയി. ഈ ക്ഷാമത്തില്‍ മനുഷ്യരെക്കാള്‍ കൂടുതല്‍ കന്നുകാലികള്‍ ചത്തൊടുങ്ങി.

ഭാഗികമായി കാലവര്‍ഷക്കെടുതിയുണ്ടായപ്പോഴാണ് 1873-74-ല്‍ ബംഗാളിലും ബീഹാറിലും ക്ഷാമമുണ്ടായത്. ഈ ഘട്ടത്തില്‍ ക്ഷാമാശ്വാസകേന്ദ്രങ്ങള്‍ തുറക്കുകയും നിവാരണനടപടികള്‍ക്ക് ധാരാളം പണം ചെലവാക്കുകയും ചെയ്തു. 1876-ല്‍ ദക്ഷിണേന്ത്യയിലുണ്ടായ ക്ഷാമത്തിനു പ്രധാനകാരണം വെട്ടുക്കിളി ശല്യമായിരുന്നു. 1876-78-ലെ ക്ഷാമത്തെത്തുടര്‍ന്ന് സര്‍ റിച്ചാര്‍ഡ് സ്ട്രാച്ചിയുടെ അധ്യക്ഷതയില്‍ നിയമിക്കപ്പെട്ട ക്ഷാമാന്വേഷണക്കമ്മിഷന്റെ ശിപാര്‍ശകളാണ് പില്ക്കാലത്തെ ക്ഷാമനിവാരണ പദ്ധതികള്‍ക്ക് അടിത്തറപാകിയത്. ഈ ശിപാര്‍ശകളെ ക്ഷാമനിവാരണച്ചട്ടം (ഫാമിന്‍കോഡ്) ആയി ഗവണ്‍മെന്റ് അംഗീകരിച്ചു. 1877-ല്‍ റെയില്‍വേയുടെ ആഗമനം ഭക്ഷ്യധാന്യങ്ങളുടെ വിതരണം സുഗമമാക്കി. അടുത്ത 15 വര്‍ഷക്കാലം രാജ്യം പൊതുവേ ക്ഷാമങ്ങളില്‍നിന്നു വിമുക്തമായിരുന്നു. 1898-ല്‍ നിയമിതമായ രണ്ടാം ക്ഷാമാന്വേഷണക്കമ്മിഷന്‍ ഗ്രാമങ്ങളില്‍ വ്യാപകമായ തോതില്‍ സൗജന്യസഹായം നല്കാന്‍ ശിപാര്‍ശചെയ്തു. സര്‍ അന്തോണി മക്ഡോണലിന്റെ അധ്യക്ഷതയില്‍ നിയമിതമായ (1910) മൂന്നാം ക്ഷാമനിവാരണക്കമ്മിഷന്‍ ക്ഷാമത്തിന്റെ സംശയം തോന്നുമ്പോള്‍ത്തന്നെ തക്കാവി വായ്പയും മറ്റും ഉദാരമായി നല്കി കര്‍ഷകരെ സഹായിക്കുക, ഭൂനികുതി നേരത്തേ തന്നെ ഇളവു ചെയ്യുക, അനൗദ്യോഗിക സഹകരണം തേടുക തുടങ്ങിയ നിര്‍ദേശങ്ങള്‍ നല്കി. സഹകരണവായ്പാസംഘങ്ങള്‍ രൂപീകരിക്കുവാനും ജലസേചന പദ്ധതികള്‍ വ്യാപകമാക്കാനും കമ്മിഷന്‍ ഉപദേശിച്ചു. കാലിത്തീറ്റക്ഷാമം നേരിടുവാനും കന്നുകാലികളെ സംരക്ഷിക്കുവാനും പ്രത്യേക നടപടികള്‍ സ്വീകരിക്കണമെന്നും കമ്മിഷന്‍ ശിപാര്‍ശ ചെയ്തു. ഈ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഗവണ്‍മെന്റ് ക്ഷാമനിവാരണച്ചട്ടങ്ങളില്‍ ഭേദഗതി വരുത്തി.

1900-ത്തിനുശേഷമുള്ള വിപുലമായ ജലസേചനവികസനവും 1904-ല്‍ ആരംഭിച്ച സഹകരണപ്രസ്ഥാനവും ക്ഷാമപ്രതിരോധത്തിനു സഹായകമായി. പ്രത്യേകം പ്രത്യേകം ലൈസന്‍സ് എടുക്കാതെ ഭക്ഷ്യധാന്യം കയറ്റുമതി ചെയ്യുന്നത് ഗവണ്‍മെന്റ് നിരോധിച്ചു (1919).

1943-ലാണ് രൂക്ഷമായ ബംഗാള്‍ക്ഷാമം പൊട്ടിപ്പുറപ്പെട്ടത്. ആരംഭഘട്ടത്തില്‍ ബംഗാള്‍ ഗവണ്‍മെന്റ് ഇത് സാരമായി എടുത്തില്ല; സ്ഥിതി വഷളായപ്പോള്‍ സംരക്ഷണനടപടികള്‍ കാര്യക്ഷമമായി നടത്താനും കഴിഞ്ഞില്ല. പട്ടിണിയും പകര്‍ച്ചവ്യാധിയുംമൂലം 50 ലക്ഷത്തോളം പേര്‍ക്ക് ജീവഹാനി സംഭവിച്ചു. ക്ഷാമത്തിന്റെ കാരണങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ 1944-ല്‍ ഗവണ്‍മെന്റ് സര്‍ ജോണ്‍ വുഡ്ഹെഡിന്റെ അധ്യക്ഷതയില്‍ ഒരു കമ്മിഷനെ നിയമിച്ചു. 'ധാര്‍മികവും സാമൂഹികവും ഭരണപരവുമായ തകര്‍ച്ചയാണ് അവിടെയുണ്ടായത്' എന്ന നിഗമനത്തിലെത്തിയ കമ്മിഷന്‍ രാജ്യത്തെ ഭക്ഷ്യപ്രശ്നം കൈകാര്യം ചെയ്യാന്‍ ഒരു അഖിലേന്ത്യാ ഭക്ഷ്യകൗണ്‍സില്‍ ഏര്‍പ്പെടുത്തണമെന്നു നിര്‍ദേശിച്ചു. ധാന്യസംഭരണവും വിതരണവും ഗവണ്‍മെന്റിന്റെ കുത്തകയായിരിക്കണമെന്നും കേന്ദ്രത്തില്‍ ഭക്ഷ്യകാര്യവും കൃഷികാര്യവും ഒരേവകുപ്പിന്റെ കീഴിലായിരിക്കണമെന്നും കമ്മിഷന്‍ ശിപാര്‍ശ ചെയ്തു. ഈ ശിപാര്‍ശകള്‍ യുദ്ധാനന്തരമുണ്ടായ ഭക്ഷ്യദൌര്‍ലഭ്യകാലത്തു ഗവണ്‍മെന്റിന് മാര്‍ഗനിര്‍ദേശകങ്ങളായി.

സ്വാതന്ത്ര്യലബ്ധിക്കുശേഷം ഭക്ഷ്യസംഭരണവും വിതരണവും ഗവണ്‍മെന്റ് ഏറ്റെടുത്തുനടത്തുകയും ഭക്ഷ്യക്കടത്തിനുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ഭക്ഷ്യധാന്യ ഇറക്കുമതിക്ക് സബ്സിഡി നല്‍കുകയും ന്യായവില നിശ്ചയിക്കുകയും ചെയ്തതിനാല്‍ വന്‍തോതിലുള്ള ഭക്ഷ്യക്ഷാമത്തില്‍ നിന്ന് ഇന്ത്യ ഇന്ന് വിമുക്തമാണ്.

(എസ്. കൃഷ്ണയ്യര്‍; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BE%E0%B4%AE%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍