This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ക്രാക്കോവ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ക്രാക്കോവ്== ==Cracow== ദക്ഷിണപോളണ്ടിലെ ഒരു നഗരം. പുരാതനമായ ഈ നഗരം ...)
അടുത്ത വ്യത്യാസം →
Current revision as of 02:55, 31 ഓഗസ്റ്റ് 2015
ക്രാക്കോവ്
Cracow
ദക്ഷിണപോളണ്ടിലെ ഒരു നഗരം. പുരാതനമായ ഈ നഗരം വാഴ്സയ്ക്ക് 248 കി.മീ. തെക്കുപടിഞ്ഞാറായി വിസ്തൂലാ നദീതീരത്തു സ്ഥിതിചെയ്യുന്നു. ജനസംഖ്യ: 7,54,854 (2009).
എ.ഡി. 700-ല്‍ സ്ഥാപിതമായ ക്രാക്കോവ് പോളണ്ടിലെ രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു. 1320 മുതല്‍ 1609 വരെ പോളണ്ടിന്റെ തലസ്ഥാനവും ഇതായിരുന്നു. പോളണ്ടിന്റെ തലസ്ഥാനം വാഴ്സയിലേക്കു മാറ്റിയതിനുശേഷവും പോളണ്ടിലെ രാജാക്കന്മാരുടെ സ്ഥാനാരോഹണവും രാജകുടുംബാംഗങ്ങളുടെ 'പള്ളിയടക്ക'വും ക്രാക്കോവില്‍ത്തന്നെയായിരുന്നു.
രണ്ടാംലോകയുദ്ധകാലത്ത് ക്രാക്കോവ് ജര്‍മന്‍കാരുടെ അധീനതയിലായിരുന്നു. 1945-ല്‍ റഷ്യക്കാര്‍ ക്രാക്കോവ് സ്വന്തമാക്കി. വാഴ്സയുമായി താരതമ്യപ്പെടുത്തുമ്പോള്‍ യുദ്ധത്തില്‍ ക്രാക്കോവിന് പറയത്തക്ക നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ല.
ദക്ഷിണപോളണ്ടിലെ ഒരു പ്രധാന വ്യവസായകേന്ദ്രമാണിത്. കിഴക്കന്‍ യൂറോപ്പിലെ മുഖ്യ ഇരുമ്പുരുക്കു വ്യവസായശാലകളിലൊന്ന് ഇവിടെ സ്ഥിതിചെയ്യുന്നു. റെയില്‍വേ കാറുകള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍ തുടങ്ങിയവ ഇവിടെ വ്യവസായാടിസ്ഥാനത്തില്‍ നിര്‍മിക്കുന്നു. ഇതിനടുത്തുള്ള എണ്ണനിക്ഷേപം ഒരു എണ്ണശുദ്ധീകരണശാലയുടെയും രാസവസ്തു നിര്‍മാണശാലയുടെയും പ്രവര്‍ത്തനത്തിനു സഹായകമായി. നഗരത്തിനു തെക്കുള്ള ഭൂഗര്‍ഭഖനികള്‍ നൂറു കണക്കിനു വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവയാണ്. ഇവ യൂറോപ്പിലെ വന്‍കിട ഖനികളില്‍പ്പെടുന്നു.
34 മീറ്ററോളം പൊക്കമുള്ളതും ഉപ്പുകല്ലില്‍ കൊത്തിയെടുത്തതുമായ വലിയ ഒരു പള്ളി ഇവിടെയുണ്ട്. തിളങ്ങുന്ന ഉപ്പുകല്ലില്‍ തീര്‍ത്ത പ്രതിമകളും സ്തൂപങ്ങളും ഇതിനുള്ളില്‍ക്കാണാം.
നൂറ്റാണ്ടുകളായി ഒരു വിദ്യാഭ്യാസകേന്ദ്രമായും സുകുമാരകലകളുടെ കേന്ദ്രമായും ഈ നഗരം അറിയപ്പെടുന്നു. 1364-ല്‍ ഇവിടെ ആദ്യമായി ഒരു സര്‍വകലാശാല സ്ഥാപിതമായി. ശാസ്ത്രം, കല, വാണിജ്യം എന്നിവയ്ക്കായുള്ള അക്കാദമികളാണ് മറ്റു പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങള്‍.
മനോഹരവും ശ്രദ്ധേയവുമാണ് ഇവിടത്തെ കെട്ടിടങ്ങള്‍. 1359-ല്‍ പണി പൂര്‍ത്തിയായ സ്മാരകങ്ങളും ശില്പവേലകളും അടങ്ങിയ ഗോത്തിക് കത്തീഡ്രല്‍, സെന്റ് മേരീസ് പള്ളി, കാഴ്ചബംഗ്ലാവ് എന്നിവ എടുത്തു പറയേണ്ടവയാണ്. അമേരിക്കന്‍ വിപ്ലവത്തില്‍ കോളനിക്കാര്‍ക്കുവേണ്ടി യുദ്ധം ചെയ്ത ഒരു പോളിഷ് രാജ്യസ്നേഹിയായ താഡന്‍സ് കൊഷിന്‍സ്കോയുടെ ഒരു സ്മാരകവും ഇവിടെയുണ്ട്. യുണെസ്കോ ഈ നഗരത്തെ ലോകപൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
(ജെ.കെ. അനിത)