This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്പെള്ളെ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ക്പെള്ളെ == ==Kpelle== മധ്യ ലൈബീരിയയിലുള്ള കറുത്തവര്‍ഗക്കാര്‍ക്കി...)
അടുത്ത വ്യത്യാസം →

17:21, 19 ഓഗസ്റ്റ്‌ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ക്പെള്ളെ

Kpelle

മധ്യ ലൈബീരിയയിലുള്ള കറുത്തവര്‍ഗക്കാര്‍ക്കിടയിലെ ഒരു വംശം. സെന്റ്പോള്‍ നദിയുടെ ഇരുവശത്തുമായി പാര്‍ക്കുന്ന ഇവരുടെ നാട് വടക്കുകിഴക്കുള്ള ഗിനി(Guinea) വരെ നീണ്ടുകിടക്കുന്നു. നെഗ്രിറ്റ്യൂഡ്-കോങ്ഗോ ഭാഷാഗോത്രത്തില്‍പ്പെട്ട തെക്കു പടിഞ്ഞാറന്‍ മാന്‍ഡേയാണ് ഇവര്‍ സംസാരിക്കുന്നത്.

സമീപകാല കണക്കുകളനുസരിച്ച് ക്പെള്ളെകളുടെ ജനസംഖ്യ നാലുലക്ഷം വരും. ഇവരുടെ സാമ്പത്തിക ശക്തി കാര്‍ഷികവിളകളെ അടിസ്ഥാനമാക്കിയുള്ളതാണ്. മുഖ്യാഹാരം അരിയാണ്. മരച്ചീനി, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയും കഴിക്കാറുണ്ട്. മാംസഭക്ഷണം വളരെ വിരളമാണ്. ഒരു വിളവെടുപ്പു കഴിഞ്ഞാല്‍ കുറേ കൊല്ലങ്ങള്‍ കൃഷിഭൂമി തരിശാക്കിയിടേണ്ട ഒരു പ്രത്യേകതരം കൃഷിസമ്പ്രദായമാണ് ഇവര്‍ അവലംബിച്ചിരിക്കുന്നത്.

കുട്ടികളെ ചെറുപ്രായത്തില്‍ മാതൃബന്ധുക്കളും പിന്നീട് പിതാവും പിതൃസഹോദരന്മാരും സംരക്ഷിച്ചുവരുന്നു. പിതാവ് മരിക്കുമ്പോള്‍ പിതൃസ്വത്ത് മക്കള്‍ക്കു ലഭിക്കും. വധുവിന്റെ അമ്മാവനു പണം നല്കിയാണ് വിവാഹം നടത്തുക. പലപ്പോഴും മുഴുവന്‍ തുകയും നല്കാത്തതുമൂലം വധൂഗൃഹക്കാര്‍ അവളിലും സ്വത്തിലും ഭാഗികമായി അവകാശവാദം നടത്താറുണ്ട്. ബഹുഭാര്യാത്വം നിലവിലുണ്ട്.

ഗ്രാമങ്ങള്‍ വാര്‍ഡുകളായി വിഭജിച്ചിട്ടുണ്ട്. ഗോത്രത്തലവന്മാര്‍ ഗൃഹനായകന്മാര്‍ക്കു സ്ഥലം വീതിച്ചുനല്കും. ബഹുഭാര്യാത്വം നിലനില്‍ക്കുന്നതിനാല്‍ കുടുംബം ഗൃഹനാഥന്‍, ഭാര്യമാര്‍, കുട്ടികള്‍ എന്നിവരെ ഉള്‍ക്കൊള്ളുന്നു.

ദീര്‍ഘചതുരാകൃതിയിലോ വൃത്താകൃതിയിലോ ഉള്ള കുടിലുകളിലാണ് ക്പെള്ളെകള്‍ പാര്‍ക്കുന്നത്. ഓലമേഞ്ഞ മേല്‍ക്കൂരകളാണ് ഇവയ്ക്കുള്ളത്. ഓരോ ഭാര്യയ്ക്കും കുട്ടിക്കും നിര്‍ദിഷ്ട വാസസ്ഥലമുണ്ട്. കൃഷി തുടങ്ങിയ ഗാര്‍ഹിക ചുമതലകള്‍ കുടുംബാംഗങ്ങള്‍തന്നെ നിര്‍വഹിക്കും. എന്നാല്‍ ചിലപ്പോഴൊക്കെ സ്വമേധയാ രൂപീകരിക്കപ്പെടുന്ന സഹകരണസംഘങ്ങള്‍ കാര്‍ഷികവൃത്തിയില്‍ സഹായിക്കാറുണ്ട്.

ക്പെള്ളെകള്‍ മൊത്തത്തില്‍ ഒരു പരമാധികാരിയുടെ കീഴിലാണ്. ആധുനിക ഗവണ്‍മെന്റിന്റെയും ജനങ്ങളുടെയും മധ്യവര്‍ത്തികള്‍ എന്ന നിലയില്‍ സര്‍ക്കാര്‍ ജീവനക്കാരായി ഇവര്‍ പ്രവര്‍ത്തിക്കാറുണ്ട്. ഇതോടൊപ്പം കലഹങ്ങള്‍ തീര്‍ക്കുക, ക്രമസമാധാനം പാലിക്കുക, വഴികളുടെ അറ്റകുറ്റം തീര്‍ക്കുക എന്നീ പരമ്പരാഗത ജോലികളും ഇവര്‍ ചെയ്യാറുണ്ട്. ഭൂപ്രദേശം ജില്ലകളായി തിരിച്ചിട്ടുണ്ട്. ജില്ലാതലവന്മാര്‍ പരമാധികാരിയെയും ജനങ്ങളെയും ബന്ധിപ്പിക്കുന്ന കണ്ണികളായി വര്‍ത്തിക്കുന്നു. ഓരോ വാര്‍ഡിനും തലവനുള്ളതുപോലെ ഓരോ പട്ടണത്തിനും അതിന്റെ തലവനുമുണ്ട്.

പുരുഷന്മാര്‍ക്ക് 'പോറോ' (Poro) എന്നും സ്ത്രീകള്‍ക്ക് 'സാന്‍ഡേ' (Sande) എന്നും രഹസ്യസംഘടനകളുണ്ട്. വിശുദ്ധമായ ഉപവനങ്ങളില്‍ ഈ സംഘടനകള്‍ സമ്മേളിക്കാറുണ്ട്. ഇവയില്‍ 'പോറോ' ആണ് പ്രധാനം. ഈ സംഘടനയെ മഹാനായ യജമാനന്‍ (Great Master), മഹാനായ മുഖംമൂടി (Great Masked Figure) എന്നും മറ്റുമുള്ള പേരില്‍ മൂര്‍ത്തിമത്താക്കി പ്രദര്‍ശിപ്പിക്കാറുണ്ട്. ഈ മൂര്‍ത്തി മുഖംമൂടിധരിച്ച് സാധാരണയില്‍ കവിഞ്ഞ കൃത്രിമസ്വരവും പ്രത്യേക വേഷവിധാനങ്ങളുമായി മാത്രമേ പ്രത്യക്ഷപ്പെടാറുള്ളൂ. കാഴ്ചക്കാരില്‍ ഭയം കലര്‍ന്ന ബഹുമാനം സൃഷ്ടിക്കുവാന്‍ ഇത് പ്രയോജനപ്പെടുന്നു. ഈ മുഖംമൂടി ഭൂവുടമകളുടെ രാഷ്ട്രീയശക്തിയെയും, വൈദ്യന്മാരുടെയും പ്രകൃത്യാതീത ശക്തികളുടെയും മതപരമായ അധികാരത്തെയും പ്രതിനിധാനം ചെയ്യുന്നു, ജനങ്ങളെ സാമൂഹിക ബോധമുള്ളവരാക്കാന്‍ പല രീതികള്‍ പോറോ അവലംബിക്കാറുണ്ട്. ക്പെള്ളെ ജനത മന്ത്രവാദത്തിലും ആഭിചാരത്തിലും ജാലവിദ്യകളിലും വിശ്വാസം വച്ചുപുലര്‍ത്തുന്നു.

ബൈബിളിലെ പുതിയ നിയമത്തിന്റെ ഏതാനും ഭാഗങ്ങള്‍ ക്പെള്ളെയിലേക്ക് ഭാഷാന്തരം ചെയ്തിട്ടുണ്ട്. പ്രസ്തുത ഭാഷയിലുള്ള ഒരു വാര്‍ത്താപത്രികയ്ക്ക് ഏതാണ്ട് രണ്ടായിരം വായനക്കാര്‍ ഇന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍