This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൗമുദി ടീച്ചര്‍ (1917 - 2009)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==കൗമുദി ടീച്ചര്‍ (1917 - 2009)== ഗാന്ധിഭക്തയായ സ്വാതന്ത്യ്രസമര സേനാ...)
അടുത്ത വ്യത്യാസം →

17:04, 19 ഓഗസ്റ്റ്‌ 2015-നു നിലവിലുണ്ടായിരുന്ന രൂപം

കൗമുദി ടീച്ചര്‍ (1917 - 2009)

ഗാന്ധിഭക്തയായ സ്വാതന്ത്യ്രസമര സേനാനി. 1917 മേയ് 17-ന് സ്വാതന്ത്യ്രസമരസേനാനിയായ രാജരാമവര്‍മയുടെയും ദേവികയുടെയും മകളായി കണ്ണൂര്‍ ജില്ലയിലെ വയ്യാക്കരയില്‍ ജനിച്ചു. ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായ കൗമുദി 16-ാം വയസ്സില്‍ തന്റെ സ്വര്‍ണാഭരണങ്ങള്‍ ഗാന്ധിജിക്കു സംഭാവന ചെയ്തുകൊണ്ടാണ് സ്വാതന്ത്യ്രസമര ചരിത്രത്തില്‍ ശ്രദ്ധേയയായത്. മലബാര്‍ മേഖലയിലെ ആദ്യ ഹിന്ദി അധ്യാപിക എന്ന ബഹുമതിയും കൗമുദി ടീച്ചര്‍ക്കുണ്ടായിരുന്നു.

1934 ജനു. 14-ന് ഹരിജനോദ്ധാരണത്തിന്റെ ഭാഗമായി വടകരയിലെ കോട്ടപ്പറമ്പില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുവാന്‍ ഗാന്ധിജി എത്തിയപ്പോള്‍ കൗമുദി തന്റെ സ്വര്‍ണമാലയും കമ്മലും ഊരി നല്‍കി. 'തുമാര ത്യാഗ് തുമാര ഭൂഷണ്‍ ഹോഗ' എന്നായിരുന്നു കൗമുദിയുടെ ഓട്ടോഗ്രാഫില്‍ ഗാന്ധിജി കുറിച്ചിട്ടത്. കൗമുദിയുടെ ത്യാഗമനോഭാവത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് 'കൗമുദിയുടെ പരിത്യാഗം' എന്ന പേരില്‍ യങ് ഇന്ത്യയില്‍ ഒരു ലേഖനവും ഗാന്ധിജി എഴുതുകയുണ്ടായി. ഇന്ത്യയിലെ വിവിധ ഭാഷകളിലേക്ക് ഇത് വിവര്‍ത്തനം ചെയ്യപ്പെട്ടു. കൗമുദിയുടെ ഇതിഹാസാത്മകമായ ത്യാഗം പില്ക്കാലത്ത് പാഠപുസ്തകങ്ങളിലും ഇടംനേടി.

കസ്തൂര്‍ബാ ഗാന്ധിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ വച്ചു നടന്ന മിശ്രഭോജനത്തിലും ആചാര്യ വിനോബാഭാവയുടെ ഭൂദാന പ്രസ്ഥാനത്തിലും കൗമുദി ടീച്ചര്‍ സജീവമായി പങ്കെടുക്കുകയുണ്ടായി. ഗാന്ധിജിയുടെ നിര്‍ദേശമാണ് ഹിന്ദി പഠിക്കുന്നതിനും പ്രചാരണം നടത്തുന്നതിനും കൗമുദിക്ക് പ്രചോദനമേകിയത്. ഹിന്ദി പ്രവീണ്‍, വിദ്വാന്‍ എന്നിവ പാസ്സായ കൗമുദി തുടര്‍ന്ന്, കണ്ണൂര്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്കൂളുകളില്‍ ഹിന്ദി അധ്യാപികയായി സേവനമനുഷ്ഠിച്ചു.

അവിവാഹിതയായിരുന്ന കൗമുദി ടീച്ചര്‍ ജീവിതത്തിലുടനീളം തികഞ്ഞ ഗാന്ധിഭക്തയായിരുന്നു. ഹിന്ദി-ഖാദി പ്രചാരകയായും പ്രവര്‍ത്തിച്ചു. പയ്യന്നൂരിലെ ഗാന്ധിആശ്രമമായ സേവാഗ്രാമത്തിലെ നിത്യസന്ദര്‍ശകയായിരുന്ന ടീച്ചര്‍ 1972-ല്‍ കല്യാശ്ശേരിയിലെ ഗവണ്‍മെന്റ് ഹൈസ്കൂളില്‍നിന്നും വിരമിച്ചശേഷം ആചാര്യ വിനോബാഭാവയുടെ തിരുവനന്തപുരത്തെ ആശ്രമത്തില്‍ താമസിച്ച് പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയായി. 2009 ആഗ. 4-ന് (92-ാം വയസ്സില്‍) കണ്ണൂരിലെ കാടാച്ചിറയില്‍ കൗമുദി ടീച്ചര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍