This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കൗമാരശാസ്ത്രം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==കൗമാരശാസ്ത്രം== ബാല്യത്തിനും പ്രായപൂര്‍ത്തിക്കുമിടയിലുള്...)
അടുത്ത വ്യത്യാസം →
17:02, 19 ഓഗസ്റ്റ് 2015-നു നിലവിലുണ്ടായിരുന്ന രൂപം
കൗമാരശാസ്ത്രം
ബാല്യത്തിനും പ്രായപൂര്‍ത്തിക്കുമിടയിലുള്ള കാലഘട്ടത്തില്‍ വ്യക്തിയില്‍ മാനസികവും ശാരീരികവുമായുണ്ടാകുന്ന പരിവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന വിജ്ഞാനശാഖ. ബാല്യം കഴിഞ്ഞ് പ്രായപൂര്‍ത്തിക്കുമുമ്പുള്ള കാലഘട്ടമാണ് കൗമാരം. കൗമാരപ്രായം അവസാനിക്കുന്നതോടെ വ്യക്തിയുടെ ശാരീരികവും മാനസികവുമായ വളര്‍ച്ച ഏതാണ്ടു പൂര്‍ത്തിയാകുന്നു; വ്യക്തി പക്വത നേടുന്നു; ലോകത്തെ നേരിടാന്‍ വ്യക്തി സന്നദ്ധനാകുന്നു. യുക്തിപൂര്‍വം ചിന്തിക്കാനും അനുമാനങ്ങളില്‍ എത്താനും തീരുമാനങ്ങള്‍ എടുക്കാനുമുള്ള കഴിവുകള്‍ കൗമാരത്തിലാണ് സാരമായി വികസിക്കുന്നത്.
കൗമാരം വൈകാരികമായ അസന്തുലിതാവസ്ഥയുടെയും മാനസികവിക്ഷോഭത്തിന്റെയും കാലഘട്ടമാണെന്ന് അടുത്തകാലം വരെ മനഃശാസ്ത്രജ്ഞന്മാര്‍ കരുതിയിരുന്നു. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് ഈ പ്രക്ഷുബ്ധാവസ്ഥ ഉണ്ടാകുന്നതായി കരുതപ്പെട്ടിരുന്നത്. പക്ഷേ പല നരവംശ ശാസ്ത്രജ്ഞന്മാരും മറ്റു സാമൂഹികശാസ്ത്രജ്ഞന്മാരും അപരിഷ്കൃത വര്‍ഗക്കാരുള്‍പ്പെടെയുള്ള വിഭിന്ന സമൂഹങ്ങളില്‍ നടത്തിയ പഠനങ്ങള്‍ കൗമാരം എല്ലാ സ്ഥലങ്ങളിലും പിരിമുറുക്കം നിറഞ്ഞതാണെന്ന അഭിപ്രായത്തെ പിന്താങ്ങുന്നില്ല. സാമൂഹിക ജീവിതരീതികളാണ് കൗമാരത്തെ അനുരഞ്ജനത്തിനു പ്രയാസമുള്ള കാലമാക്കിത്തീര്‍ക്കുന്നതെന്നാണ് ഇന്നു കരുതപ്പെടുന്നത്. സമീപകാലത്ത് യു.എസ്സില്‍ നടത്തപ്പെട്ട പഠനങ്ങളില്‍ ഒരു ചെറിയ ശതമാനം കുമാരീകുമാരന്മാര്‍ക്കു മാത്രമേ കൗമാരം അസ്വസ്ഥതഉളവാക്കുന്ന പ്രായമായി അനുഭവപ്പെടാറുള്ളൂ എന്ന് കാണപ്പെട്ടു; ഭയം, ആകുലചിന്ത തുടങ്ങിയവ ഏറ്റവും കൂടുതല്‍ കുട്ടിക്കാലത്താണ് അനുഭവപ്പെടുക. ഇവ പ്രായമാകുന്തോറും കുറഞ്ഞുവരുന്നു.
പ്രായപൂര്‍ത്തിയാകുമ്പോള്‍ വ്യക്തി ലൈംഗികപക്വത നേടുന്നു. മൃഗങ്ങളില്‍ ഇണചേരും കാലത്ത് ആണ്‍മൃഗങ്ങള്‍ പരസ്പരം മത്സരിക്കുകയും വിജയികള്‍ സ്ഥലം വെട്ടിപ്പിടിക്കുകയും പെണ്‍മൃഗങ്ങള്‍ ജേതാക്കളോട് ഇണചേര്‍ന്ന് കുടുംബം പുലര്‍ത്തുകയും ചെയ്യുന്നു. ഇതേ ജൈവിക ചോദനം ആയിരിക്കണം കൗമാരപ്രായമാകുന്നതോടെ കൂട്ടംചേര്‍ന്നു പ്രവര്‍ത്തിക്കാനും നേതൃസ്ഥാനങ്ങള്‍ക്കു വേണ്ടിയും നേട്ടങ്ങള്‍ക്കു വേണ്ടിയും മത്സരിക്കാനും കുമാരന്മാരെ പ്രേരിപ്പിക്കുന്നത്. ആശിക്കുന്ന തൊഴിലുകള്‍ കരസ്ഥമാക്കുന്നത് മൃഗങ്ങള്‍ സ്ഥലം സ്വായത്തമാക്കുന്നതിനോടു സമമാണ്. മറ്റുള്ളവരാല്‍ അംഗീകരിക്കപ്പെടാനും ഇഷ്ടപ്പെട്ടവരുമായി അടുത്ത വ്യക്തിബന്ധങ്ങള്‍ ഉണ്ടാക്കാനുമുള്ള വാഞ്ഛ വിജയികളില്‍ കാണാം. ഈ മത്സരത്തില്‍ പരാജയപ്പെടുന്നവര്‍ക്കാണ് വൈകാരിക അസന്തുലിതാവസ്ഥയും മാനസികമായ തകരാറുകളും ഉണ്ടാകാന്‍ സാധ്യത. അമിതമായ ബുദ്ധി ഉപയോഗിക്കല്‍ (Hyper Intellectualism), വൈരാഗ്യം (ascaticism) തുടങ്ങിയവയും പിന്‍വാങ്ങല്‍ (dropoutism) പോലെ തന്നെ പരാജയപ്പെടുന്ന വ്യക്തികളുടെ വൈകാരിക രക്ഷാകവചങ്ങള്‍ ആകാം. വിയറ്റ്നാം യുദ്ധം സൃഷ്ടിച്ച മാനസിക പ്രത്യാഘാതങ്ങളാണ് യു.എസ്സില്‍ കുമാരീകുമാരന്മാരുടെ ഇടയ്ക്ക് നിരാശാബോധവും ഹിപ്പിയിസവും ഉണ്ടാകാന്‍ കാരണമെന്ന് കരുതപ്പെടുന്നു. ഇന്ത്യയില്‍ തൊഴിലില്ലായ്മ കുമാരീകുമാരന്മാരുടെ ആത്മസങ്കല്പത്തെയും മാനസികനിലയെയും ബാധിക്കുന്നുണ്ടാവണം. ശൂന്യതാബോധം, താത്പര്യക്കുറവ് തുടങ്ങിയവ പലരിലും കാണാം. പരീക്ഷയെ സംബന്ധിച്ച് അതിരുകടന്ന ഉത്കണ്ഠ, ആധി തുടങ്ങിയവയും സാധാരണമാണ്.
ഇന്ത്യയില്‍ കുമാരീകുമാരന്മാര്‍ മാനസികമായി അസ്വസ്ഥരാകുന്നതിനു മറ്റു പല കാരണങ്ങളും ഉണ്ട്. ലൈംഗികവിദ്യാഭ്യാസമില്ലായ്മയും, സിനിമ, പൈങ്കിളി സാഹിത്യം, അശ്ളീല സാഹിത്യം തുടങ്ങിയവയുടെ സ്വാധീനവും എടുത്തുപറയേണ്ടവയാണ്. വിദ്യാഭ്യാസത്തില്‍ സ്പോര്‍ട്സ്, ലളിതകലകള്‍ തുടങ്ങിയവയ്ക്കു വേണ്ടത്ര പ്രാധാന്യം കൊടുക്കാത്തതും കായിക വിനോദത്തിനും നേതൃത്വപരിശീലനത്തിനും വേണ്ടത്ര സൌകര്യങ്ങള്‍ ഇല്ലാത്തതും കുമാരന്മാരുടെ അധികോര്‍ജത്തിനു നല്ല ബഹിര്‍ഗമനമാര്‍ഗങ്ങള്‍ ഇല്ലാതെ വരുന്നതിനു കാരണമാണ്. വര്‍ഷാന്ത്യപരീക്ഷയ്ക്ക് അമിത പ്രാധാന്യം നല്കുന്ന വിദ്യാഭ്യാസരീതി കുട്ടികളില്‍ ആധി ഉളവാക്കുന്നു. അമിതമായ സിലബസ്, നീണ്ട വിദ്യാഭ്യാസകാലം എന്നിവ മോഹഭംഗത്തിനു കളമൊരുക്കുന്നു. സാമൂഹിക ജീവിതത്തില്‍ അനുഭവപ്പെടുന്ന മൂല്യശോഷണവും കര്‍ത്തവ്യബോധത്തിന്റെ അഭാവവും കൗമാരക്കാരെ ബാധിക്കുന്നതിനാല്‍ പലവിധത്തിലുള്ള ദുഷ്പ്രവണതകളും അവരില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അമിതമായ ജനസാന്ദ്രതയും ജനപ്പെരുപ്പവും ലൈംഗിക അരാജകത്വവും ഇവരില്‍ അക്രമാസക്തി വര്‍ധിപ്പിക്കും. സാമൂഹിക സാമ്പത്തിക നിലവാരം മൊത്തത്തില്‍ മെച്ചപ്പെടുമ്പോള്‍ കുമാരീകുമാരന്മാരുടെ പല പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാകും.
(ഡോ. വി. ജോര്‍ജ് മാത്യു, ഡോ. രാഖി എ. എസ്.)