This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൗണ്ട, കെന്നത്ത് ഡേവിഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==കൗണ്ട, കെന്നത്ത് ഡേവിഡ്== ==Kaunda, Kenneth David (1924 - )== സാംബിയയുടെ (മുന്‍ ഉത്...)
അടുത്ത വ്യത്യാസം →

16:52, 19 ഓഗസ്റ്റ്‌ 2015-നു നിലവിലുണ്ടായിരുന്ന രൂപം

കൗണ്ട, കെന്നത്ത് ഡേവിഡ്

Kaunda, Kenneth David (1924 - )

സാംബിയയുടെ (മുന്‍ ഉത്തര റൊഡേഷ്യ) പ്രഥമ പ്രസിഡന്റും (1964) കമാന്‍ഡര്‍-ഇന്‍-ചീഫും. അഞ്ചുപ്രാവശ്യം സാംബിയന്‍ പ്രസിഡന്റായി തിരെഞ്ഞെടുക്കപ്പെട്ട രാഷ്ട്രതന്ത്രജ്ഞനാണ് കൗണ്ട.

ഉത്തര റൊഡേഷ്യയിലെ ചിന്‍സാലി(Chinsali)യില്‍ 1924 ഏ. 28-ന് ജനിച്ചു. 1943 മുതല്‍ 49 വരെ അധ്യാപകനായി സേവനമനുഷ്ഠിച്ചു. കൗണ്ട, പ്രാദേശിക സേവനസംഘടനകളിലൂടെയാണ് രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചത്. 1950-ല്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമായി ബന്ധപ്പെട്ടു. 1952 വരെ അതിന്റെ ഡിസ്ട്രിക്റ്റ് സെക്രട്ടറിയായും, 1952-53-ല്‍ പ്രൊവിന്‍ഷ്യല്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും 1953 മുതല്‍ 58 വരെ സെക്രട്ടറി ജനറലായും സേവനമനുഷ്ഠിച്ചു. 1957-ല്‍ ഇന്ത്യയും ഇംഗ്ളണ്ടും സന്ദര്‍ശിച്ചു. 1958-ല്‍ ഇദ്ദേഹം സാംബിയന്‍-ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപവത്കരിച്ചു. ഈ സംഘടന നിരോധിക്കപ്പെടുകയും 1959-ല്‍ ഇദ്ദേഹത്തെ അറസ്റ്റു ചെയ്ത് തടവുശിക്ഷയ്ക്കു വിധിക്കുകയും ചെയ്തു. 1960-ല്‍ ജയില്‍വിമോചിതനായതിനെത്തുടര്‍ന്ന് യുണൈറ്റഡ് നാഷണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി എന്ന പുതിയ കക്ഷിക്ക് രൂപം നല്കി. ബ്രിട്ടീഷുകാരുടെ ആധിപത്യം തുടര്‍ന്നും നിലനില്ക്കുമെന്ന കാരണത്താല്‍ 1962-ല്‍ ബ്രിട്ടന്‍ മുന്നോട്ടുവച്ച ഉത്തര റൊഡേഷ്യന്‍ ഭരണഘടനാനിര്‍ദേശം ഇദ്ദേഹം നിരാകരിക്കുകയാണുണ്ടായത്. പൂര്‍വ, മധ്യ, ദക്ഷിണ ആഫ്രിക്കയുടെ സ്വാതന്ത്യ്രത്തിനുവേണ്ടി രൂപവത്കരിച്ച പാന്‍ ആഫ്രിക്കന്‍ ഫ്രീഡം മൂവ്മെന്റിന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1962-ലെ ഉത്തര റൊഡേഷ്യന്‍ പൊതു തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ചു. 1962-64-ല്‍ തദ്ദേശഭരണ സാമൂഹിക ക്ഷേമ വകുപ്പു മന്ത്രിയായിരുന്നിട്ടുണ്ട്. 1964 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ ഉത്തര റൊഡേഷ്യയുടെ പ്രധാനമന്ത്രിയായിരുന്നു.

സ്വതന്ത്ര സാംബിയയുടെ സ്വാതന്ത്യ്രദിനമായ 1964 ഒ. 24-ന് ഇദ്ദേഹം ആദ്യത്തെ പ്രസിഡന്റായി അധികാരമേറ്റു. തുടര്‍ന്ന് 1968, 1973, 1978 എന്നീ വര്‍ഷങ്ങളിലും കൗണ്ട സാംബിയയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1983 ഒ. 30-ന് അഞ്ചാമതു തവണയും കെന്നത്ത് കൗണ്ട പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഒരു ഏകകക്ഷി ഭരണഘടനയ്ക്ക് 1972 ഡി. 13-ന് ഇദ്ദേഹം രൂപം നല്കി. ഈ ഭരണഘടനയനുസരിച്ച് യുണൈറ്റഡ് നാഷണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി മാത്രമാണ് സാംബിയയിലെ അംഗീകൃതരാഷ്ട്രീയ കക്ഷി.

സാംബിയയുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ വികസനത്തിന് വളരെയേറെ പ്രയത്നിച്ച ഭരണാധികാരിയാണ് കൗണ്ട. സാംബിയന്‍ സമ്പദ്വ്യവസ്ഥിതി മെച്ചപ്പെടുത്തുന്നതിനുവേണ്ടി ചെമ്പുവ്യവസായത്തിനുപരിയായി മറ്റു പല വ്യാവസായിക സംരംഭങ്ങളുമാരംഭിക്കാന്‍ ഇദ്ദേഹം മുന്‍കൈയെടുത്തു. 1969-ല്‍ ഇദ്ദേഹം സാംബിയയിലെ ചെമ്പുഖനികള്‍ ദേശവത്കരിക്കുകയുണ്ടായി. കോളനിവാഴ്ചയേയും വര്‍ണവിവേചനത്തേയും എതിര്‍ത്തുകൊണ്ടുള്ള പരിപാടികളാണ് ഇദ്ദേഹത്തിന്റെ ഭരണത്തില്‍ സാംബിയയുടെ വിദേശനയത്തിനാധാരം. ഓര്‍ഗനൈസേഷന്‍ ഒഫ് ആഫ്രിക്കന്‍ യൂണിറ്റി എന്ന സംഘടനയുടെയും ചേരിചേരാ സമ്മേളനത്തിന്റെയും അധ്യക്ഷനായിരുന്നിട്ടുണ്ട്.

1991-ല്‍ രാജ്യത്തിലുണ്ടായ സാമ്പത്തിക പ്രശ്നങ്ങള്‍മൂലം അശാന്തി പടരുകയും ബഹുപാര്‍ട്ടി തെരഞ്ഞെടുപ്പ് നടത്താന്‍ ഇദ്ദേഹം നിര്‍ബന്ധിതനാവുകയും ചെയ്തു. ഈ തെരഞ്ഞെടുപ്പില്‍ ഫ്രെഡറിക് ചിലുബ ഇദ്ദേഹത്തെ പരാജയപ്പെടുത്തി. 1997-ല്‍ കൗണ്ട നടത്തിയ ഒരു അട്ടിമറിശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ ജയിലിലടയ്ക്കുകയുണ്ടായി. 1998-ല്‍ ജയില്‍മോചിതനായ കൗണ്ട യുണൈറ്റസ് നാഷണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനം രാജിവയ്ക്കുകയും ചെയ്തു.

1970-ലെ അന്താരാഷ്ട്ര സഹവര്‍ത്തിത്വത്തിനുവേണ്ടിയുള്ള ജവാഹര്‍ലാല്‍ നെഹ്റു അവാര്‍ഡ് (Jawaharlal Nehru Award for International Understanding) കെന്നത്ത് കൗണ്ടയ്ക്ക് ലഭിച്ചു. ബ്ളാക്ക് ഗവണ്‍മെന്റ് (1960); സാംബിയ ഷാല്‍ ബി ഫ്രീ (1962); ഹ്യൂമനിസം ഇന്‍ ആഫ്രിക്ക (1967); സാംബിയാസ് എക്കണോമിക് റവലൂഷന്‍ (1968); സാംബിയാസ് ഗൈഡ്ലൈന്‍സ് ഫോര്‍ ദ് നെക്സ്റ്റ് ഡിക്കേഡ് (1968); ലറ്റര്‍ റ്റു മൈ ചില്‍ഡ്രന്‍ (1973) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍