This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗവര്‍ണര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഗവര്‍ണര്‍== ==Governor== ഒരു രാഷ്ട്രത്തിലെ ഘടകപ്രദേശങ്ങളുടെയോ ആശ്ര...)
(Governor)
 
വരി 30: വരി 30:
-
screenshot
+
[[ചിത്രം:Page811.png‎ ]]
-
(പി.എസ്. റാവു 1-11-1956 മുതല്‍ 22-11-1956 വരെ കേരളത്തിലെ ആക്ടിങ് ഗവര്‍ണര്‍ ആയിരുന്നു.)
+
(പി.എസ്. റാവു 1-11-1956 മുതല്‍ 22-11-1956 വരെ കേരളത്തിലെ ആക്ടിങ് ഗവര്‍ണര്‍ ആയിരുന്നു.)

Current revision as of 16:26, 17 ഓഗസ്റ്റ്‌ 2015

ഗവര്‍ണര്‍

Governor

ഒരു രാഷ്ട്രത്തിലെ ഘടകപ്രദേശങ്ങളുടെയോ ആശ്രിതഭാഗങ്ങളുടെയോ ഭരണാധിപന്‍. ഇന്ത്യന്‍ യൂണിയനിലെ സംസ്ഥാനങ്ങളുടെ ഭരണാധിപനാണ് ഗവര്‍ണര്‍. ബ്രിട്ടീഷ്, ഫ്രഞ്ച്, ഡച്ച് സാമ്രാജ്യങ്ങളില്‍ കോളനികളുടെ ഭരണം നടത്താന്‍വേണ്ടി നിയമിക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥനായിരുന്നു ഗവര്‍ണര്‍. യു.എസ്സില്‍ സ്റ്റേറ്റുകളുടെ ഭരണാധിപനായ ഗവര്‍ണറെ സ്റ്റേറ്റിലെ ജനങ്ങള്‍ നേരിട്ടു തിരഞ്ഞെടുക്കുന്നു. സ്റ്റേറ്റിന്റെ നയരൂപീകരണവും ഭരണനടത്തിപ്പും ഗവര്‍ണറാണു ചെയ്യുന്നത്. ഫെഡറല്‍ കാര്യങ്ങളില്‍ പ്രസിഡന്റിനുള്ള പ്രാധാന്യമാണ് സ്റ്റേറ്റ് ഭരണത്തില്‍ ഗവര്‍ണര്‍ക്കുള്ളത്. യു.എസ്സില്‍ പ്രസിഡന്റ് പദവിയിലേക്കുള്ള ഒരു ചവിട്ടുപടികൂടിയാണ് ഗവര്‍ണര്‍ പദവി.

ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണകാലം മുതല്‍ തന്നെ പ്രവിശ്യാഭരണം നടത്താന്‍വേണ്ടി നിയമിക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥനായിരുന്നു ഗവര്‍ണര്‍. ഇന്ത്യന്‍ ഭരണഘടനാനിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍ ഗവര്‍ണറെ സംസ്ഥാനത്തെ ജനങ്ങള്‍ നേരിട്ടു തിരഞ്ഞെടുക്കണമെന്ന ആശയമാണുണ്ടായിരുന്നത്. പിന്നീട് ഈ ആശയം ഉപേക്ഷിക്കുകയുണ്ടായി. ഇന്ത്യന്‍ ഭരണഘടനയുടെ 153-ാം വകുപ്പുപ്രകാരം സംസ്ഥാനങ്ങളിലെ ഭരണാധിപനാണ് ഗവര്‍ണര്‍.

സംസ്ഥാനത്തിന്റെ ഭരണത്തലവനെന്നതിനോടൊപ്പം തന്നെ കേന്ദ്ര ഗവണ്‍മെന്റിന്റെ സംസ്ഥാന പ്രതിനിധികൂടിയാണ് ഗവര്‍ണര്‍. ഇന്ത്യന്‍ പ്രസിഡന്റാണ് ഗവര്‍ണറെ നിയമിക്കുന്നത്. അഞ്ചുവര്‍ഷമാണ് കാലാവധി. ഈ കാലാവധി കഴിഞ്ഞാലും അടുത്ത ഗവര്‍ണര്‍ നിയമിതനാകുന്നതുവരെ ഈ സ്ഥാനത്തു തുടരുന്നു. അഞ്ചുവര്‍ഷക്കാലയളവിനുള്ളില്‍ ഗവര്‍ണര്‍ക്ക് സ്വയം രാജിവയ്ക്കുകയോ, പ്രസിഡന്റിനു ഗവര്‍ണറെ നീക്കം ചെയ്യുകയോ ചെയ്യാം. ഗവര്‍ണര്‍സ്ഥാനത്തിന് താത്കാലികമായി ഒഴിവുവന്നാല്‍ സംസ്ഥാന ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് പ്രസ്തുത ചുമതലകള്‍ നിര്‍വഹിക്കും. സംസ്ഥാനത്തെ എല്ലാ യൂണിവേഴ്സിറ്റികളുടെയും എക്സ് ഒഫിഷ്യോ ചാന്‍സലര്‍ കൂടിയാണ് ഗവര്‍ണര്‍.

ഗവര്‍ണറായി നിയമിക്കപ്പെടുന്ന വ്യക്തി ഇന്ത്യന്‍ പൌരനും 35 വയസ്സു പൂര്‍ത്തിയായ ആളുമായിരിക്കണം; പാര്‍ലമെന്റിലെയോ സംസ്ഥാന നിയമസഭകളിലെയോ അംഗമായിരിക്കുകയുമരുത്. അങ്ങനെ പാര്‍ലമെന്റിലെയോ സംസ്ഥാന നിയമസഭകളിലെയോ അംഗമായിരിക്കുമ്പോള്‍ ഗവര്‍ണറായി നിയമിക്കപ്പെടുകയാണെങ്കില്‍ പ്രസ്തുത അംഗത്വം നഷ്ടപ്പെടും. വേതനം പറ്റുന്ന മറ്റൊരു ഔദ്യോഗിക സ്ഥാനവും ഗവര്‍ണര്‍ സ്വീകരിക്കാന്‍ പാടില്ല. വേതനവും അലവന്‍സുകളും സൗജന്യമായി ഒദ്യോഗികവസതിയും നിയമപരമായി പാര്‍ലമെന്റ് അനുവദിക്കുന്ന മറ്റ് അവകാശങ്ങളും ഗവര്‍ണര്‍ക്കു ലഭ്യമാണ്. ഭരണഘടനയുടെ 361-ാം വകുപ്പുപ്രകാരം നിയമനടപടികളില്‍നിന്നും ഗവര്‍ണര്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. തന്റെ അധികാരപരിധിക്കുള്ളില്‍ നിന്നുകൊണ്ടു ഗവര്‍ണര്‍ ചെയ്യുന്ന കാര്യങ്ങള്‍ ഒരു കോടതിയിലും ചോദ്യം ചെയ്യപ്പെടാവുന്നതല്ല. അധികാരത്തിലിരിക്കുമ്പോള്‍ സിവില്‍, ക്രിമിനല്‍, നടപടികളൊന്നുംതന്നെ ഗവര്‍ണര്‍ക്കെതിരായി എടുക്കാവുന്നതുമല്ല.

അധികാരത്തില്‍ കയറുമ്പോള്‍ പ്രസിഡന്റിന്റേതുപോലുള്ള ഒരു സത്യപ്രതിജ്ഞ ഗവര്‍ണറും എടുക്കുന്നുണ്ട്. ഒന്നിലധികം സംസ്ഥാനങ്ങളിലേക്ക് ഒരു വ്യക്തിയെത്തന്നെ ഗവര്‍ണറായി നിയമിക്കാവുന്നതാണ്. ഗവര്‍ണറെ നിയമിക്കുന്നത് പ്രസിഡന്റിന്റെ അവകാശമാണെങ്കില്‍ത്തന്നെയും അതതു സംസ്ഥാന മുഖ്യമന്ത്രിമാരുടെ അഭിപ്രായംകൂടി മാനിക്കപ്പെടണമെന്ന ഒരു കീഴ്വഴക്കം നിലവിലുണ്ട്.

ഭരണഘടനാപരമായി വിപുലമായ അധികാരങ്ങളാണ് ഗവര്‍ണര്‍ക്കുള്ളത്. ഭരണനിര്‍വഹണ (എക്സിക്യൂട്ടീവ്), നിയമനിര്‍മാണ (ലെജിസ്ലേറ്റീവ്), നീതിന്യായനിര്‍വഹണ(ജുഡീഷ്യല്‍), സാമ്പത്തിക അധികാരങ്ങള്‍ക്കു പുറമേ പല കാര്യങ്ങളിലും വിവേചനാധികാരവും ഗവര്‍ണര്‍ക്കുണ്ട്.

എക്സിക്യൂട്ടീവ് അധികാരങ്ങള്‍. സംസ്ഥാനത്തിന്റെ എല്ലാ എക്സിക്യൂട്ടീവ് അധികാരങ്ങളും ഗവര്‍ണറില്‍ നിക്ഷിപ്തമാണ്. സംസ്ഥാന ഗവണ്‍മെന്റിന്റെ ഭരണനിര്‍വഹണ നടപടികളെല്ലാംതന്നെ ഗവര്‍ണറുടെ നാമധേയത്തിലാണ് നടത്തപ്പെടുന്നത്. ഇക്കാര്യത്തില്‍ ഗവര്‍ണറെ സഹായിക്കുവാനും ഉപദേശിക്കുവാനുമായി മുഖ്യമന്ത്രി തലവനായുള്ള ഒരു മന്ത്രിസഭ ഉണ്ടായിരിക്കുമെന്ന് ഭരണഘടനയുടെ 163-ാം വകുപ്പ് അനുശാസിക്കുന്നു. മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഉപദേശപ്രകാരം മറ്റു മന്ത്രിമാരെയും നിയമിക്കുവാന്‍ ഭരണഘടന ഗവര്‍ണറെ ചുമതലപ്പെടുത്തിയിരിക്കുന്നു. സാധാരണഗതിയില്‍ നിയമസഭയിലെ ഭൂരിപക്ഷ കക്ഷിയുടെ നേതാവിനെ മാത്രമേ മന്ത്രിസഭ രൂപവത്കരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കാറുള്ളൂ. ഒരു കക്ഷിക്കും നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷമില്ലാതാകുന്ന സാഹചര്യത്തില്‍ ഗവര്‍ണറുടെ ഈ അധികാരത്തിന് പ്രാധാന്യമേറും. സംസ്ഥാനത്തിന്റെ ഭരണപരമായ നടത്തിപ്പിനെപ്പറ്റി മന്ത്രിസഭയ്ക്കുള്ള തീരുമാനം ആരായാന്‍ ഗവര്‍ണര്‍ക്കധികാരമുണ്ട്. ഗവര്‍ണര്‍ക്ക് താത്പര്യമുള്ളിടത്തോളംകാലം മാത്രമേ മന്ത്രിസഭയ്ക്ക് അധികാരത്തിലിരിക്കാനാവുകയുള്ളൂ. സംസ്ഥാനത്തു ഭരണഘടനാപരമായ പ്രതിസന്ധിയുണ്ടായാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ പ്രസിഡന്റിനോടു ശിപാര്‍ശ ചെയ്യാനുളള അധികാരം ഭരണഘടനയുടെ 356-ാം വകുപ്പ് ഗവര്‍ണര്‍ക്കു നല്കുന്നു. ഒരു സംസ്ഥാനത്ത് ഇപ്രകാരം അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുമ്പോള്‍ സംസ്ഥാനഭരണം പൂര്‍ണമായും ഗവര്‍ണര്‍ ഏറ്റെടുക്കുന്നു. അഡ്വക്കേറ്റ് ജനറല്‍, സ്റ്റേറ്റ് പബ്ലിക് സര്‍വീസ് കമ്മിഷന്‍ ചെയര്‍മാന്‍, മറ്റംഗങ്ങള്‍, സംസ്ഥാനത്തെ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാര്‍ തുടങ്ങിയ പ്രധാന നിയമങ്ങള്‍ നടത്തുന്നത് ഗവര്‍ണറാണ്.

ലെജിസ്ലേറ്റീവ് അധികാരങ്ങള്‍. പ്രസിഡന്റ് പാര്‍ലമെന്റിന്റേതെന്നപോലെ ഗവര്‍ണര്‍ സംസ്ഥാനനിയമസഭയുടെ ഭാഗമാണ്. നിയമസഭ വിളിച്ചുകൂട്ടുവാനും പിരിച്ചുവിടുവാനുമുള്ള അധികാരം ഗവര്‍ണര്‍ക്കുണ്ട്. എന്നാല്‍ യഥാര്‍ഥത്തില്‍ ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണു ചെയ്യുന്നത്. പൊതു തിരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യത്തെ നിയമസഭാസമ്മേളനവും ഓരോ വര്‍ഷത്തെയും ആദ്യസമ്മേളനവും ഗവര്‍ണറുടെ പ്രസംഗത്തോടുകൂടിയാണ് ആരംഭിക്കുന്നത്. സഭയെ അഭിസംബോധന ചെയ്യാനും സഭയിലേക്കു സന്ദേശങ്ങളയയ്ക്കാനും ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. നിയമസഭ പാസാക്കിയ ബില്‍ നിയമമാകണമെങ്കില്‍ ഗവര്‍ണറുടെ അംഗീകാരം വേണം. അപ്രകാരം അംഗീകാരം നല്കുകയോ അംഗീകാരം നല്കാതെ ബില്‍ തടഞ്ഞുവയ്ക്കുകയോ, പുനഃപരിശോധനയ്ക്കുവേണ്ടി ബില്‍ സഭയിലേക്കു തിരിച്ചയയ്ക്കുകയോ ഭേദഗതി നിര്‍ദേശിക്കുകയോ, പ്രസിഡന്റിന്റെ പരിഗണനയ്ക്കുവേണ്ടി മാറ്റിവയ്ക്കുകയോ ചെയ്യാനുള്ള അധികാരം ഗവര്‍ണര്‍ക്കുണ്ട്. തിരിച്ചയയ്ക്കപ്പെടുന്ന ബില്ലുകള്‍ ഗവര്‍ണറുടെ ശിപാര്‍ശ അംഗീകരിച്ചുകൊണ്ടോ അല്ലാതെയോ വീണ്ടും പാസാക്കപ്പെടുകയാണെങ്കില്‍ അതിനുശേഷം ഗവര്‍ണര്‍ക്ക് തടഞ്ഞുവയ്ക്കാനാവില്ല. ആംഗ്ളോ ഇന്ത്യന്‍ സമുദായാംഗങ്ങളെ നിയമസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുന്നത് ഗവര്‍ണറാണ്. നിയമസഭ സമ്മേളിക്കാത്ത സമയത്തെ നിയമനിര്‍മാണാവശ്യത്തിനുവേണ്ടി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണര്‍ക്കവകാശമുണ്ട്. സമവര്‍ത്തിപ്പട്ടിക(കണ്‍കറന്റ് ലിസ്റ്റ്)യിലെ ഒരിനത്തെ സംബന്ധിച്ച് പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം ഗവര്‍ണര്‍ക്ക് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാം.

സാമ്പത്തികാധികാരങ്ങള്‍. പണസംബന്ധമായ ബില്ലുകള്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. സംസ്ഥാനത്തിന്റെ കണ്ടിജന്‍സിഫണ്ട് ഗവര്‍ണറുടെ അധീനതയിലാണ്. സംസ്ഥാനത്തുണ്ടാകുന്ന അപ്രതീക്ഷിത ചെലവുകള്‍ക്ക് ഈ നിധിയില്‍നിന്നു പണം നല്കാന്‍ ഗവര്‍ണര്‍ക്കധികാരമുണ്ട്.

നീതിനിര്‍വഹണാധികാരം. സംസ്ഥാന ഹൈക്കോടതിയിലെ ജഡ്ജിമാരെ നിയമിക്കുന്നതിനു പ്രസിഡന്റ് സംസ്ഥാനഗവര്‍ണറുടെ ഉപദേശം സ്വീകരിക്കുന്നു. ഡിസ്ട്രിക്റ്റ് ജഡ്ജിയുടെയും മറ്റു ജുഡീഷ്യല്‍ ഓഫീസര്‍മാരുടെയും നിയമനവും ഉദ്യോഗക്കയറ്റവും സംബന്ധിച്ച് കാര്യങ്ങളിലും ഗവര്‍ണര്‍ക്കധികാരമുണ്ട്. സംസ്ഥാനത്തിന്റെ കാര്യനിര്‍വഹണപരിമിതിക്കുള്ളില്‍ വരുന്ന കാര്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയുടെ ശിക്ഷ ഇളവു ചെയ്തുകൊടുക്കാനും ഗവര്‍ണര്‍ക്കു കഴിയും.

വിവേചനാധികാരം. ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക് ഇത്രയേറെ അധികാരങ്ങളുണ്ടെങ്കിലും യഥാര്‍ഥത്തില്‍ ഇവയൊന്നും ഗവര്‍ണര്‍ സ്വയം മുന്‍കൈയെടുത്ത് പ്രയോഗിക്കുന്നവയല്ല. ഇവയൊക്കെയും സംസ്ഥാനമുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പ്രയോഗിക്കപ്പെടുന്നത്. സാധാരണ സ്ഥിതിഗതികളില്‍ ഭരണഘടനാപരമായ, കേവലം നാമമാത്രമായ സംസ്ഥാന ഭരണാധിപന്‍ മാത്രമാണ് ഗവര്‍ണര്‍. എന്നാല്‍ അസാധാരണമായ രാഷ്ട്രീയ പരിതഃസ്ഥിതിയില്‍ ഗവര്‍ണറുടെ അധികാരങ്ങള്‍ക്ക് പ്രാധാന്യമേറുന്നു. ഇങ്ങനെ ഗവര്‍ണര്‍ പദവിക്കു പ്രാധാന്യം നല്കുന്നത് ഭരണഘടനയുടെ 163-ാം വകുപ്പുപ്രകാരം ഗവര്‍ണറില്‍ നിക്ഷിപ്തമായിരിക്കുന്ന വിവേചനാധികാരമാണ്. നിരവധി കാര്യങ്ങളില്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരം പ്രയോഗിക്കാം. വിവേചനാധികാരം എന്തെന്നു തീരുമാനിക്കാനുള്ള വിവേചനാധികാരവും ഗവര്‍ണര്‍ക്കുതന്നെയാണ്. വിവേചനാധികാരം ഉപയോഗിക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ക്ക് സംസ്ഥാനമന്ത്രിസഭയോട് ഉത്തരവാദിത്തമില്ല. സംസ്ഥാനഭരണത്തെപ്പറ്റി പ്രസിഡന്റിന് റിപ്പോര്‍ട്ടയയ്ക്കുന്നതിലും, സംസ്ഥാന നിയമസഭയുടെ ബില്ലുകള്‍ പ്രസിഡന്റിന്റെ പരിഗണനയ്ക്കുവിടുന്നതിലും ഗവര്‍ണര്‍ക്ക് വിവേചനാധികാരം പ്രയോഗിക്കാം. ഗവര്‍ണര്‍ക്കുള്ള മറ്റൊരു പ്രധാന വിവേചനാധികാരം സംസ്ഥാനത്തെ ഭരണപരമായ പ്രതിസന്ധിയെപ്പറ്റി പ്രസിഡന്റിനു റിപ്പോര്‍ട്ട് ചെയ്യാനുള്ളതാണ്. 1967-നുശേഷം കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും വ്യത്യസ്ത രാഷ്ട്രീയപ്പാര്‍ട്ടികള്‍ അധികാരത്തില്‍ വന്നതോടുകൂടിയുണ്ടായ പ്രത്യേക രാഷ്ട്രീയ പരിതഃസ്ഥിതിയില്‍ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ നിരവധിതവണ ഈ അധികാരം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെപ്പറ്റി പഠിക്കാന്‍ ഭരണപരിഷ്കാരക്കമ്മിഷന്‍ നിയമിച്ച സമിതി സംസ്ഥാന ഗവണ്‍മെന്റിന്റെ തലവനെന്ന നിലയില്‍ ഗവര്‍ണര്‍ക്ക് താഴെപ്പറയുന്ന കാര്യങ്ങളിലാണ് വിവേചനാധികാരമുള്ളതെന്നു ചൂണ്ടിക്കാണിക്കുന്നു. (1) മുഖ്യമന്ത്രിയുടെ നിയമനം (2) മന്ത്രിസഭ പിരിച്ചുവിടല്‍ (3) നിയമസഭ പിരിച്ചുവിടല്‍ (4) ഉപദേശിക്കാനും മുന്നറിയിപ്പു നല്കാനും നിര്‍ദേശങ്ങള്‍ നല്കാനും (5) നിയമസഭ പാസ്സാക്കിയ ബില്ലിന് അംഗീകാരം നല്കാതിരിക്കല്‍, (6) 'സ്റ്റാറ്റ്യൂട്ടറി'യായിട്ടുള്ള അധികാരങ്ങള്‍.

1954-വരെ ഇന്ത്യയില്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഒരേ രാഷ്ട്രീയകക്ഷി തന്നെ ഭരിക്കുന്ന സ്ഥിതിവിശേഷം നിലനിന്നിരുന്നതിനാല്‍ കേന്ദ്രഗവണ്‍മെന്റും സംസ്ഥാനഗവണ്‍മെന്റും തമ്മിലുള്ള ആശയവിനിമയം ഗവര്‍ണറില്‍ക്കൂടിയല്ലാതെയായിരുന്നു നടന്നിരുന്നത്. അതിനാല്‍ ഗവര്‍ണര്‍ പദവി ഭരണാഘടനാപരമായ, നാമമാത്രമായ പദവിയായി മാത്രം നിലനിന്നിരുന്നു. ഗവര്‍ണര്‍ക്ക് ഭരണത്തില്‍ കാര്യമായ പങ്കോ ഭരണഘടനാപരമായി തന്നില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങള്‍ പ്രയോഗിക്കാനുള്ള അവസരമോ ലഭ്യമായിരുന്നില്ല. പഞ്ചാബ് പോലെ രാഷ്ട്രീയപ്രശ്നങ്ങളുണ്ടായിരുന്ന സംസ്ഥാനങ്ങളിലെ സ്ഥിതി ഇതില്‍നിന്നു വിഭിന്നമായിരുന്നെങ്കിലും ഗവര്‍ണറുടെ പദവി തുറന്ന വിവാദത്തിനു വിധേയമായിരുന്നില്ല. എന്നാല്‍ 1957-നു ശേഷം പല സംസ്ഥാനങ്ങളിലും കേന്ദ്രം ഭരിക്കുന്നതില്‍നിന്നു വ്യത്യസ്തമായ രാഷ്ട്രീയകക്ഷികള്‍ അധികാരത്തില്‍ വന്നു. ഈ പ്രത്യേക രാഷ്ട്രീയസ്ഥിതിയില്‍ കേന്ദ്രസംസ്ഥാന ബന്ധങ്ങളിലുണ്ടായ പിരിമുറുക്കം ഗവര്‍ണര്‍ പദവിയെ കൂടുതല്‍ പ്രവര്‍ത്തനോന്മുഖമാക്കി. ഈ സ്ഥിതിവിശേഷം കൈകാര്യം ചെയ്യാന്‍ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ വിവേചനാധികാരം ഉപയോഗിക്കുകയും ഗവര്‍ണര്‍ പദവിയുടെ പ്രാധാന്യം ഉയരുകയും ചെയ്തു. മാറിയ സാഹചര്യത്തില്‍ സംസ്ഥാനങ്ങളിലേക്കുള്ള കേന്ദ്രത്തിന്റെ പ്രതിനിധിയെന്ന നിലയില്‍ ഫെഡറല്‍ സന്തുലനവും രാഷ്ട്രീയസ്ഥിരതയും താറുമാറാകാതെ നോക്കേണ്ടത് ഗവര്‍ണറുടെ ഉത്തരവാദിത്തമായി തീര്‍ന്നിട്ടുണ്ട്.


ചിത്രം:Page811.png‎

(പി.എസ്. റാവു 1-11-1956 മുതല്‍ 22-11-1956 വരെ കേരളത്തിലെ ആക്ടിങ് ഗവര്‍ണര്‍ ആയിരുന്നു.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍