This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗംഗാസമതലം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഗംഗാസമതലം== ഗംഗാനദിയും അതിന്റെ കൈവഴികളും വഹിച്ചുകൊണ്ടുവരുന...)
അടുത്ത വ്യത്യാസം →
09:03, 16 ഓഗസ്റ്റ് 2015-നു നിലവിലുണ്ടായിരുന്ന രൂപം
ഗംഗാസമതലം
ഗംഗാനദിയും അതിന്റെ കൈവഴികളും വഹിച്ചുകൊണ്ടുവരുന്ന എക്കല്‍മണ്ണ് നിക്ഷേപിച്ചുണ്ടായ വിസ്തൃതമായ ഭൂപ്രദേശം. ഇന്ത്യയിലെ ബിഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നിവയും ബംഗ്ളാദേശും ഗംഗാസമതലത്തില്‍ ഉള്‍പ്പെടുന്ന ഭാഗങ്ങളാണ്. ഏഷ്യയിലെ ഏറ്റവും ജനനിബിഡമായ പ്രദേശമാണിവിടം.
ഇന്ത്യയിലെ ഏറ്റവും വലുപ്പമേറിയ പ്രകൃതി-മേഖലയാണ് ഗംഗാസമതലം. ഇന്ത്യയുടെ ഏകദേശം 3,19,000 ച.കി.മീ. സ്ഥലത്തു വ്യാപിച്ചുകിടക്കുന്നു. വടക്ക് ഹിമാലയത്തിനും തെക്ക് ഡക്കാണ്‍ പീഠഭൂമിക്കുമിടയ്ക്ക് 1,050 കി.മീ. നീളത്തില്‍ കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ഒരു ഇടനാഴിപോലെയാണ് ഗംഗാസമതലം സ്ഥിതിചെയ്യുന്നത്. കിഴക്കുഭാഗത്ത് ഇടുങ്ങിക്കാണുന്ന ഗംഗാസമതലം പടിഞ്ഞാറോട്ടു പോകുന്തോറും വീതികൂടി വരുന്നു. ഗംഗാസമതലത്തിന്റെ കിഴക്കതിരില്‍ പശ്ചിമബംഗാള്‍ സമതലവും പടിഞ്ഞാറ് യമുനയുമാണ്. ഇന്ത്യയിലെ ജനസംഖ്യയില്‍ ഏകദേശം നാലിലൊന്നും ഫലഭൂയിഷ്ഠമായ ഈ പ്രദേശത്താണ് നിവസിക്കുന്നത്. ഹിന്ദുക്കളുടെ പുണ്യനദിയായ ഗംഗ കടന്നുപോകുന്നതിനാല്‍ ഹിന്ദുക്കള്‍ ഈ പ്രദേശത്തെ വളരെ പവിത്രമായി കരുതുന്നു. ഇന്ത്യന്‍ സംസ്കാരത്തിന്റെ ഉറവിടമായാണ് ഗംഗാസമതലത്തെ കണക്കാക്കുന്നത്. ഋഷിമാരും, തത്ത്വജ്ഞാനികളും പുരാണപുരുഷന്മാരും മറ്റും ജന്മമെടുത്ത പുരാതനനഗരങ്ങളായ ഹരിദ്വാര്‍, വാരാണസി, ഗയ, മഥുര എന്നീ സ്ഥലങ്ങള്‍ ഈ സമതലത്തിലാണ്. ഹിന്ദുസംസ്കാരത്തിന്റെ ആധ്യാത്മികത ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിച്ചത് ഇവിടെനിന്നാണ്.
പ്രാരംഭത്തില്‍ 6 മുതല്‍ 8 വരെ കി.മീ. ആഴമുണ്ടായിരുന്ന ഈ പ്രദേശം കാലക്രമേണ നദികള്‍ വഹിച്ചുകൊണ്ടുവന്ന അവസാദങ്ങള്‍ അടിഞ്ഞുകൂടി, ഇപ്പോഴത്തെ രീതിയില്‍ സമതലമായി മാറി. മുന്‍കാലത്ത് അടിഞ്ഞുകൂടിയ എക്കല്‍മണ്ണിനെ 'ബങ്കര്‍' എന്നും എക്കലിന്റെ പുതിയ നിക്ഷേപത്തെ 'ഖാദര്‍' എന്നും പറയുന്നു. ഈ സമതലത്തിന്റെ വടക്കുഭാഗം ചതുപ്പുനിലങ്ങള്‍ നിറഞ്ഞ നിബിഡവനമാണ്. വന്യമൃഗങ്ങളായ ആന, കടുവ, ചീറ്റ എന്നിവയുടെ വിഹാരരംഗമാണ് ഈ കാടുകള്‍. 32 കി.മീ. വീതിയില്‍ വനനിബിഡമായ ഈ ഇടുങ്ങിയ ചതുപ്പുപ്രദേശത്തെ 'താറൈ' എന്നു വിളിക്കുന്നു. മുന്‍കാലത്ത് വിസ്തൃതമായിരുന്ന ഈ ഭൂപ്രദേശം കര്‍ഷകരുടെ കടന്നാക്രമണംമൂലമാണ് ഇന്നത്തെ നിലയില്‍ ഇത്രയും ഇടുങ്ങിയതായിത്തീര്‍ന്നത്. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയതിനുശേഷം 'താറൈ' പ്രദേശത്തിലെ കൂടുതല്‍ ഭാഗങ്ങളും പാകിസ്താനില്‍ നിന്നുള്ള അഭയാര്‍ഥികളെ അധിവസിപ്പിക്കുന്നതിനായി ഉപയോഗിച്ചു. താറൈഭാഗത്ത് ജീവിതമാരംഭിച്ച ചില കര്‍ഷകര്‍ കരിമ്പിന്റെയും മറ്റു വ്യാവസായിക പ്രാധാന്യമുള്ള കുരുക്കളുടെയും കൃഷി ആരംഭിച്ചു. ഗംഗയ്ക്കു കിഴക്കുള്ള താറൈ പ്രദേശം തുടര്‍ച്ചയായ ഒരു ബല്‍റ്റാണ്. ബീഹാറില്‍ ഇതിന്റെ വിസ്തൃതി കുറവാകുന്നു. ഈ പ്രദേശത്തിന്റെ കൂടുതല്‍ ഭാഗവും നേപ്പാളിലാണ്. ഇതിന്റെ വടക്കനതിര്, വലിയ കല്ലുകളും ചരലുംകൊണ്ടു നിറഞ്ഞ 'ബാബര്‍' എന്ന ഭാഗവുമായി ചേരുന്നു. ബാബറിനു വടക്ക് സിവാലിക് നിര സ്ഥിതിചെയ്യുന്നു. ബാബര്‍-താറൈ ബല്‍റ്റ് തെക്കോട്ട് കുത്തനെ ചരിയുന്നതുകാരണം ഹിമാലയത്തില്‍നിന്നു വരുന്ന നദികള്‍ തെക്കു കിഴക്കോട്ടോ, കിഴക്കോട്ടോ തിരിയുന്നതിനുമുമ്പ് കുറച്ചുദൂരം തെക്കോട്ടൊഴുകുന്നതുകാണാം. ഈ സമതലത്തിന്റെ പടിഞ്ഞാറേ അതിര് ഡല്‍ഹിക്കടുത്തെത്തുമ്പോള്‍ ഉയരം ഉദ്ദേശം 215 മീറ്ററാകുന്നു. എന്നാല്‍ കിഴക്കേ അതിരിന് സമുദ്രനിരപ്പില്‍നിന്ന് 30 മീ. ഉയരമേയുള്ളൂ.
ഗംഗാസമതലത്തിലൂടെ ഒഴുകുന്ന നദികള്‍ ഘഘര, ഗാണ്ഡക്, കോസി എന്നിവയാണ്. ഈ നദികള്‍ ഹിമാലയത്തില്‍ നിന്ന് വന്‍തോതില്‍ അവസാദങ്ങള്‍ ഒഴുക്കിക്കൊണ്ടുവരുന്നു. വേനല്‍ക്കാലത്ത് മഞ്ഞുരുകിയും മണ്‍സൂണ്‍ കാലത്ത് മഴ പെയ്തും ഉണ്ടാകുന്ന വെള്ളപ്പൊക്കങ്ങള്‍ കൃഷികള്‍ക്കും ഭവനങ്ങള്‍ക്കും റോഡുകള്‍ക്കും നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കുന്നത് വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം പതിവാണ്. ബീഹാറിലൂടെ ഒഴുകുന്ന കോസിനദി പെട്ടെന്നുള്ള വെള്ളപ്പൊക്കങ്ങള്‍ക്കു കുപ്രസിദ്ധമാണ്. 'ബീഹാറിന്റെ ദുഃഖം' എന്നാണ് ഈ നദിയെ വിശേഷിപ്പിക്കുന്നതുതന്നെ റെയില്‍ഗതാഗതം വികസിക്കുന്നതിനുമുമ്പ് ഗംഗയും യമുനയും ഘഘരയും ഇവിടത്തെ പ്രധാന ഗതാഗതമാര്‍ഗങ്ങളായിരുന്നു. ജലസേചനത്തിനുവേണ്ടിയുള്ള പദ്ധതികളും വേഗതയേറിയ റെയില്‍വേയുടെ ആവിര്‍ഭാവവും ഒരിക്കല്‍ പ്രസിദ്ധമായിരുന്ന ഇവിടത്തെ ജലഗതാഗതത്തിന് മങ്ങലേല്പിച്ചു.
കാലാവസ്ഥ. ഇവിടത്തെ വേനല്‍ക്കാലം ചൂടുകൂടിയതാണ്. ജൂണില്‍ ശരാശരി താപനില സമതലത്തിന്റെ കിഴക്കുഭാഗത്ത് 29.6C-ഉം പടിഞ്ഞാറ് 33.3Cഉം ആയിരിക്കും. ജൂണിലെ കൂടിയ താപനില 46.6C-ലും ഉയര്‍ന്നതാകാറുണ്ട്. എന്നാല്‍ ശൈത്യകാലം സുഖകരമാണ്. ജനുവരിയില്‍ പടിഞ്ഞാറുഭാഗത്ത് ചൂട് ശരാശരി 14.4C ആയിരിക്കുമ്പോള്‍ കിഴക്കന്‍ ഭാഗത്ത് 16C ആയിക്കാണുന്നു. വാരാണസിയെയും സാറന്‍പൂരിനെയും ബന്ധിപ്പിക്കുന്ന ഒരു രേഖ സങ്കല്പിച്ചാല്‍ ആ രേഖയ്ക്കു തെക്കു-പടിഞ്ഞാറ് വാര്‍ഷിക വര്‍ഷപാതം 102 സെന്റിമീറ്ററില്‍ കുറവായിരിക്കും. ആ രേഖയ്ക്കു വടക്കോട്ടു പോകുമ്പോഴും വാരാണസിക്കു കിഴക്കോട്ടു പോകുമ്പോഴും വാര്‍ഷികവര്‍ഷപാതം 130 സെന്റിമീറ്ററിലും കൂടുതലാകുന്നു.
ശൈത്യകാലത്ത് ഇവിടെ വീശുന്ന കാറ്റ് മറ്റു സമയത്തേതിന്റെ എതിര്‍ദിശയിലാണ് അനുഭവപ്പെടുക. ഈ കാലത്ത് വടക്കു-പടിഞ്ഞാറന്‍ ഇന്ത്യയുടെ മുകളില്‍ രൂപപ്പെടുന്ന ഉന്നതമര്‍ദം നിമിത്തം വരണ്ടകാറ്റ് കിഴക്കുഭാഗത്ത് ആഞ്ഞുവീശുന്നു.
കൃഷി. സുലഭമായ ജലം ഗംഗാസമതലത്തിലെ ഭൂരിഭാഗം ജനങ്ങളെയും കൃഷിക്കാരാക്കിയിരിക്കുന്നു. ഈ സമതലത്തിന്റെ ഏതാണ്ട് മൂന്നില്‍ രണ്ടുഭാഗവും കൃഷിഭൂമിയാണ്. ഇവിടത്തെ ഉയര്‍ന്ന ജനസംഖ്യ കൂടുതല്‍ ഭക്ഷ്യോത്പാദനം ആവശ്യമാക്കിത്തീര്‍ക്കുന്നു. തന്മൂലം ഇവിടത്തെ കൃഷിഭൂമിയുടെ പത്തിലൊന്‍പതു ഭാഗവും ഭക്ഷ്യധാന്യങ്ങള്‍ കൃഷിചെയ്യുന്നതിനാണ് ഉപയോഗിക്കുന്നത്. ലഘുവായ ശൈത്യവും ചൂടുകൂടിയ വേനലും പല തരത്തിലുള്ള ധാന്യങ്ങളുടെയും കൃഷിക്കു സഹായകമാണ്. ഗോതമ്പ്, ഉഴുന്ന്, ബാര്‍ലി, എണ്ണക്കുരുക്കള്‍, നെല്ല്, ചോളം, കരിമ്പ്, ബജ്റ, തിന എന്നിവയാണ് പ്രധാനവിളകള്‍.
ഇന്ത്യയില്‍ ഗോതമ്പ്, പയറുവര്‍ഗങ്ങള്‍, ബാര്‍ലി എന്നീ കൃഷികള്‍ക്കു പറ്റിയത് ഗംഗാസമതലമാണ്. ഈ വിളകള്‍ ഗംഗാസമതലത്തിന്റെ എല്ലാഭാഗത്തും വളരുന്നുവെങ്കിലും കിഴക്കോട്ടു പോകുന്തോറും ഇവ കൃഷിചെയ്യുന്ന ഭൂമി കുറഞ്ഞുവരുന്നു. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന ബാര്‍ലിയുടെ നാലില്‍ മൂന്നും, പയറുവര്‍ഗങ്ങളുടെ മൂന്നില്‍ ഒന്നും ഗോതമ്പിന്റെ അഞ്ചില്‍ രണ്ടും ഈ പ്രദേശത്താണ് കൃഷിചെയ്യുന്നത്. ഉത്തര്‍പ്രദേശിലെ കാര്‍ഷികവിളകളില്‍ മുന്‍തൂക്കം ഗോതമ്പിനാണ്. കുറച്ചുമാത്രം ജലം ആവശ്യമായ പയറുവര്‍ഗങ്ങള്‍ ഈ സമതലത്തിന്റെ എല്ലാഭാഗത്തും കൃഷിചെയ്യുന്നു. ഗോതമ്പും നെല്ലും കഴിഞ്ഞാല്‍ പയറുവര്‍ഗങ്ങള്‍ക്കാണ് പ്രാമുഖ്യം.
ഉത്തര്‍പ്രദേശില്‍ ഗംഗാനദിക്കു വടക്കുള്ള പ്രദേശങ്ങളും വാരാണസിക്കു കിഴക്കുള്ള പ്രദേശങ്ങളും മഴക്കാലത്ത് 102 സെന്റി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്നവയാണ്. നെല്ലാണ് ഇവിടത്തെ പ്രധാനകൃഷി. ബീഹാറിലും കിഴക്കന്‍ ജില്ലകളിലും വടക്കന്‍ ജില്ലകളിലും പ്രധാനകൃഷി നെല്ലാകുന്നു. സമതലത്തിന്റെ വടക്കന്‍ ഭാഗത്ത് ചോളം ധാരാളമായി കൃഷിചെയ്യുന്നുണ്ട്. ഇന്ത്യയിലുത്പാദിപ്പിക്കുന്ന ചോളത്തിന്റെ 45 ശതമാനവും ഇവിടെനിന്നാണ്. ഇന്ത്യയില്‍ കരിമ്പുകൃഷി പ്രധാനമായും ഈ സമതലത്തെ കേന്ദ്രീകരിച്ചു നടക്കുന്നു.
വ്യവസായങ്ങള്‍. ഗംഗാസമതലത്തില്‍ കല്‍ക്കരി, പെട്രോളിയം, മറ്റു ധാതുക്കള്‍ എന്നിവ സുലഭമല്ലാത്തതിനാല്‍ ഇവിടത്തെ വ്യവസായങ്ങള്‍ പ്രധാനമായും കാര്‍ഷിക-അസംസ്കൃത പദാര്‍ഥങ്ങളെ ആധാരമാക്കിയുള്ളതാണ്. കാര്‍ഷികവിളകള്‍ ഈ സമതലത്തില്‍ അവിടവിടെയായി കാണപ്പെടുന്നതിനാല്‍ ഇവയെ ആധാരമാക്കിയുള്ള വ്യവസായങ്ങളും അത്തരത്തില്‍ പ്രാദേശികമായി കാണപ്പെടുന്നു. പഞ്ചസാര ഫാക്ടറികള്‍, എണ്ണയുത്പാദന ഫാക്ടറികള്‍, അരിമില്ലുകള്‍ എന്നിവയാണ് ഈ വ്യവസായങ്ങളില്‍ പ്രധാനമായവ. ചില പട്ടണങ്ങളെമാത്രം കേന്ദ്രീകരിച്ചു നടക്കുന്ന മറ്റുവ്യവസായങ്ങളാണ് പരുത്തി മില്ലുകള്‍, ചണമില്ലുകള്‍, തുകല്‍ വ്യവസായം, സ്ഫടികം-എന്‍ജിനീയറിങ് വ്യവസായങ്ങള്‍ എന്നിവ.
ഇവിടത്തെ പരുത്തിമില്ലുകള്‍ക്കും കമ്പിളിവ്യവസായത്തിനും ആവശ്യമായ അസംസ്കൃത പദാര്‍ഥങ്ങള്‍ മറ്റു സ്ഥലങ്ങളില്‍നിന്നു കൊണ്ടുവരുന്നു. തുണിമില്ലുകള്‍ക്കാവശ്യമായ പരുത്തി പഞ്ചാബില്‍നിന്നും, സിഗററ്റുവ്യവസായത്തിനാവശ്യമായ പുകയില ആന്ധ്രപ്രദേശില്‍നിന്നുമാണ് കൊണ്ടുവരുന്നത്. തുകല്‍ ഊറയ്ക്കിടുന്നതും പാദരക്ഷകള്‍ നിര്‍മിക്കുന്നതും പ്രധാനമായി കാണ്‍പൂരിലും ആഗ്രയിലുമാണ്. ഈ സമതലത്തിലെ പ്രധാന വ്യാവസായികനഗരമാണ് കാണ്‍പൂര്‍. ആഗ്ര, മീററ്റ്, പാറ്റ്ന എന്നിവയും പ്രമുഖ വ്യാവസായികനഗരങ്ങള്‍ തന്നെ. ആഗ്രാജില്ലയിലെ ഫിറോസാബാദില്‍ ഇന്ത്യയിലെ പ്രമുഖ കുപ്പിവളനിര്‍മാണകേന്ദ്രം സ്ഥിതിചെയ്യുന്നു. കൈകൊണ്ടുണ്ടാക്കുന്ന വിവിധ ഡിസൈനിലുള്ള കമ്പിളിപ്പരവതാനികള്‍ മിഴ്സാപൂര്‍ ജില്ലയിലാണ് ഉത്പാദിപ്പിക്കുന്നത്. ഇപ്രകാരം കാര്‍ഷികവിളകളെ ആധാരമാക്കിയുള്ള വ്യവസായങ്ങള്‍ക്കുപുറമേ ആധുനികരീതിയിലുള്ള വന്‍വ്യവസായങ്ങളും ഈ സമതലത്തിലുണ്ട്. ബീഹാറിലെ ബറൌനിയില്‍ ഒരു പെട്രോളിയം ശുദ്ധീകരണശാലയും രാസവളനിര്‍മാണ ശാലയും സ്ഥിതിചെയ്യുന്നു. ഇലക്ട്രിക്കല്‍ ഉപകരണനിര്‍മാണശാല, വിമാനനിര്‍മാണശാല, ഡീസല്‍വാഹന നിര്‍മാണശാല, ട്രാക്റ്ററുകള്‍, ഓയില്‍-എന്‍ജിനുകള്‍, കാര്‍ഷികോപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണശാല തുടങ്ങിയവയും ഈ സമതലത്തിലുണ്ട്. ഇപ്പോള്‍ വന്‍തോതിലുള്ള ഒട്ടനേകം വ്യവസായങ്ങള്‍ ഇവിടെ ആരംഭിച്ചിരിക്കുന്നു.
ഇന്ത്യന്‍ ജനസംഖ്യയുടെ നാലിലൊന്നും കേന്ദ്രീകരിച്ചിരിക്കുന്ന ഈ സമതലത്തിലെ ജനനിബിഡമായ പട്ടണങ്ങള്‍ കാണ്‍പൂര്‍, ആഗ്ര, വാരാണസി, അലഹബാദ്, പാറ്റ്ന, ഗയ, മീററ്റ്, മോഡി നഗര്‍, ഡാല്‍മിയാ നഗര്‍ എന്നിവയാണ്.
(ജെ.കെ. അനിത)