This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗര്‍ഡന്‍, ജോണ്‍ ബി.

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഗര്‍ഡന്‍, ജോണ്‍ ബി. == ==Gurdon,John B. (1933 - )== നോബല്‍ സമ്മാന ജേതാവായ (2012) ബ്രി...)
അടുത്ത വ്യത്യാസം →

07:35, 9 ഓഗസ്റ്റ്‌ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഗര്‍ഡന്‍, ജോണ്‍ ബി.

Gurdon,John B. (1933 - )

നോബല്‍ സമ്മാന ജേതാവായ (2012) ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞന്‍. ക്ലോണിങ്ങ്, വിത്തുകോശം (stem cell) എന്നീ മേഖലകളിലെ സുപ്രധാന ഗവേഷണങ്ങളാണ് ഗര്‍ഡനെ ജാപ്പനീസ് വൈദ്യശാസ്ത്രജ്ഞനായ ഷിന്യ യമനകയ്ക്ക് ഒപ്പം അവാര്‍ഡിനര്‍ഹനാക്കിയത്.

1933 ഒ. 2-ന് യു.കെ.യിലെ ഡിപ്പണ്‍ഹാളില്‍ ജനിച്ചു. ഈറ്റണ്‍ കോളജില്‍ മാനവിക വിഷയങ്ങളും ക്ലാസ്സിക്കുകളും പഠിച്ച ഇദ്ദേഹം ജീവശാസ്ത്രം പഠിക്കാന്‍ അയോഗ്യനെന്നാണ് വിലയിരുത്തപ്പെട്ടത്. തുടര്‍ന്ന് ഓക്സ്ഫഡിലെ ക്രൈസ്റ്റ് ചര്‍ച്ച് കോളജില്‍ ക്ലാസ്സിക്കുകള്‍ പഠിക്കാന്‍ ചേര്‍ന്ന ഇദ്ദേഹം ജന്തുശാസ്ത്ര പഠനത്തിലേക്ക് മാറി.

ഡി.ഫില്ലിന് ഗര്‍ഡന്‍ നടത്തിയ ഗവേഷണങ്ങള്‍ ഇദ്ദേഹത്തെ ശ്രദ്ധേയനാക്കി. സെനോപ്പസ് തവള(ജലത്തില്‍ മാത്രം ജീവിക്കുന്ന ഒരിനം തവള)യില്‍ ന്യൂക്ളിയാര്‍ ട്രാന്‍സ്പ്ളാന്റേഷന്‍ എന്നതാണ് ഗര്‍ഡനും സഹപാഠിയായ മൈക്കേല്‍ ഫിഷര്‍ബെര്‍ഗും തെരഞ്ഞെടുത്ത ഗവേഷണ വിഷയം. 1960-ല്‍ ഓക്സ്ഫഡ് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജില്‍ നിന്ന് 1972-ല്‍ പോസ്റ്റ് ഡോക്ടറല്‍ ബിരുദവും നേടി. തുടര്‍ന്ന് ഓക്സ്ഫഡ് സര്‍വകലാശാലയില്‍ ജന്തുശാസ്ത്ര പ്രൊഫസറായി നിയമിതനായി.

ഗര്‍ഡന്‍ തന്റെ വിത്തുകോശ ഗവേഷണങ്ങള്‍ അധികവും നടത്തിയത് കേംബ്രിജ് സര്‍വകലാശാല, എം.ആര്‍.സി. ലബോറട്ടറി ഒഫ് മോളിക്കുലര്‍ ബയോളജി, ഓക്സ്ഫഡ് സര്‍വകലാശാല എന്നിവിടങ്ങളിലാണ്. 1958-ല്‍ ഓക്സ്ഫഡില്‍വച്ച് ഇദ്ദേഹം സെനോപ്പസ് തവളയില്‍ നിന്നെടുത്ത ശരീരകോശ(somatic cell)ത്തില്‍നിന്ന് വിജയകരമായി ഒരു തവളയെ ക്ലോണിങ്ങിലൂടെ സൃഷ്ടിച്ചു. ശാസ്ത്രസമൂഹത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ച ഈ ഗവേഷണത്തില്‍ ഗര്‍ഡന്‍ അന്നുപയോഗിച്ച രീതികളാണ് കോശത്തിന്റെ ന്യൂക്ളിയസ് മാറ്റിവക്കലിന് ഇന്നും ഉപയോഗിക്കുന്നത്.

ക്ലോണ്‍ എന്ന ഗ്രീക്ക് പദം 20-ാം നൂറ്റാണ്ടിന്റെ ആദ്യകാലം തൊട്ടേ സസ്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഉപയോഗിച്ചിരുന്നത്. 1963-ല്‍ ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞനായ ജെ.ബി.എസ്. ഹാല്‍ഡേന്‍ ഗര്‍ഡന്റെ ഗവേഷണങ്ങളെ പരാമര്‍ശിച്ചുകൊണ്ട് ആദ്യമായി 'ക്ലോണ്‍' എന്ന വാക്ക് ജന്തുവര്‍ഗത്തെക്കുറിച്ച് ഉപയോഗിച്ചു.

ഗര്‍ഡന്റെ സമീപകാല ഗവേഷണങ്ങള്‍ കോശവ്യതിയാനത്തില്‍ ( cell differentiation) ഉള്‍പ്പെട്ടിട്ടുള്ള ആന്തരതന്മാത്രഘടകങ്ങളെ വിശകലനം ചെയ്യുന്നതില്‍ കേന്ദ്രീകരിച്ചുള്ളവയാണ്. കോശത്തിന്റെ ന്യൂക്ളിയസ് മാറ്റിവയ്ക്കല്‍ പരീക്ഷണങ്ങളില്‍ ഉപയോഗിക്കുന്ന സാങ്കേതികതയും ഹിസ്റ്റോണ്‍ ഭേദവും (histone variant) ഈ ഗവേഷണങ്ങളില്‍പ്പെടുന്നു. എല്ലാത്തരം ശരീരകോശങ്ങളായും മാറാന്‍ കഴിയുന്ന വിത്തുകോശങ്ങളെ സാധാരണ ശരീരകോശങ്ങളില്‍ നിന്ന് സൃഷ്ടിക്കാന്‍ കഴിയുമെന്ന വിപ്ലവകരമായ കണ്ടുപിടിത്തത്തിനാണ് ഇദ്ദേഹത്തിന് നോബല്‍ സമ്മാനം ലഭിച്ചത്. കോശങ്ങളും തുടര്‍ന്ന് ജീവികളുമായി പരിണമിക്കുമെന്ന സാമ്പ്രദായിക ധാരണയെത്തന്നെ മാറ്റിമറിച്ച കണ്ടുപിടുത്തമെന്നാണ് നോബല്‍ പുരസ്കാര കമ്മിറ്റി ഇതിനെ വിലയിരുത്തിയത്. പൂര്‍ണ വളര്‍ച്ചയെത്തിയ ഒരു കോശത്തിന് (mature cell) ഒരു പ്രത്യേകതരം ശരീരകലകളായി മാത്രമേ മാറാന്‍ കഴിയൂ എന്ന തെറ്റായ ധാരണയാണ് ഗര്‍ഡന്‍ തിരുത്തിയത്. അര്‍ബുദ, അവയവമാറ്റ ചികിത്സാരംഗങ്ങളില്‍ നൂതനമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന ഗവേഷണങ്ങളാണ് ഇദ്ദേഹം നടത്തിയത്.

1971-ല്‍ റോയല്‍ സൊസൈറ്റിയുടെ ഫെല്ലോ ആയി തെരഞ്ഞെടുക്കപ്പെട്ട ഗര്‍ഡന് 1995-ല്‍ സര്‍ പദവിയും ലഭിച്ചു. 2004-ല്‍ യു.കെ.യിലെ വെല്‍കം ട്രസ്റ്റ് കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇദ്ദേഹത്തിന്റെ ബഹുമാനാര്‍ഥം ഗര്‍ഡന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന് പുനര്‍ നാമകരണം ചെയ്തു. ഈ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളായ ഗര്‍ഡന്‍ 2001 വരെ ഇതിന്റെ ചെയര്‍മാനായിരുന്നു. നിരവധി ഓണററി ഡോക്ടറേറ്റുകളും പ്രൊഫസര്‍ സ്ഥാനങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2009-ലെ ആല്‍ബര്‍ട്ട് ലാസ്കര്‍ ബേസിക് മെഡിക്കല്‍ റിസര്‍ച്ച് അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കേംബ്രിജിലെ ഗര്‍ഡന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റീപ്രോഗ്രാമിങ് ഒഫ് ജീന്‍ എക്സ്പ്രഷന്‍ ബൈ ന്യൂക്ളിയര്‍ ട്രാന്‍സ്ഫര്‍ എന്ന വിഷയത്തില്‍ ഗവേഷണ പഠനത്തിന് ഗര്‍ഡന്‍ ഇപ്പോള്‍ (2012) നേതൃത്വം നല്‍കിവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍