This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗര്‍ഭാശയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഗര്‍ഭാശയം == ==Uterus== ഗര്‍ഭധാരണം മുതല്‍ പ്രസവംവരെ ഭ്രൂണത്തെ വഹിക...)
അടുത്ത വ്യത്യാസം →

07:21, 9 ഓഗസ്റ്റ്‌ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഗര്‍ഭാശയം

Uterus

ഗര്‍ഭധാരണം മുതല്‍ പ്രസവംവരെ ഭ്രൂണത്തെ വഹിക്കുകയും പരിവര്‍ധനത്തിന് വേദിയൊരുക്കുകയും ചെയ്യുന്ന പൊള്ളയായ പേശീനിര്‍മിത ശരീരാവയവം. ഗര്‍ഭപാത്രം (womb) എന്നും പേരുണ്ട്. ഏതാണ്ട് തലകീഴായ് തിരിച്ചുവച്ച ഒരു പേരയ്ക്കായുടെ ആകൃതിയുള്ള ഈ അവയവത്തിന് കട്ടിയേറിയ ഭിത്തിയാണുള്ളത്. മനുഷ്യഗര്‍ഭപാത്രം ശ്രോണീപ്രദേശത്ത് (Pelvis) മൂത്രസഞ്ചിക്കു മുകളിലായി മലാശയത്തിന് മുന്‍ഭാഗത്ത് സ്ഥിതിചെയ്യുന്നു. പ്രായപൂര്‍ത്തിയെത്തിയ ഒരു സ്ത്രീയുടെ ഗര്‍ഭാശയത്തിന് 7.5 സെ.മീ. നീളവും അഞ്ച് സെ.മീ. വീതിയും 2.5 സെ.മീ. കനവും ഉണ്ടായിരിക്കും. ഗര്‍ഭാവസ്ഥയില്‍ പരിവര്‍ത്തന വിധേയമാകുന്ന ഭ്രൂണത്തിന് വളരാനുള്ള ഇടം നല്കാനായി ഗര്‍ഭാശയം വികസിക്കുന്നു. ഗര്‍ഭധാരണം നടക്കുമ്പോള്‍ സാധാരണയായി ഗര്‍ഭാശയത്തിന്റെ തൂക്കം 60 ഗ്രാമോളമേ കാണുകയുള്ളൂ. പക്ഷേ പ്രസവിക്കുന്ന ഘട്ടത്തില്‍ ഗര്‍ഭാശയത്തിന്റെ തൂക്കം ഒരു കിലോഗ്രാം വരും. പ്രസവത്തിനുശേഷം അധികം വൈകാതെ ഇത് സങ്കോചിച്ച് പൂര്‍വസ്ഥിതിയിലെത്തുകയും ചെയ്യും.

മിക്ക സസ്തനികളുടെയും ഗര്‍ഭാശയത്തിന് രണ്ട് ശൃംഗങ്ങള്‍ (Horns) അഥവാ കോഷ്ഠങ്ങള്‍(Pouches) ഉണ്ടായിരിക്കും. ഇത്തരത്തിലുള്ള ഗര്‍ഭാശയം ദ്വിശൃംഗി (Bicornuate) എന്നറിയപ്പെടുന്നു. എന്നാല്‍ മനുഷ്യരുടെ ഗര്‍ഭാശയം ഏകഘടനാരൂപം പ്രദര്‍ശിപ്പിക്കുന്നു. അതിനാല്‍ ഇവയെ ഏകശൃംഗികള്‍ (Unicornuate) എന്നാണ് വിളിക്കാറുള്ളത്.

ഗര്‍ഭാശയത്തിന്റെ കീഴറ്റത്തിന് ഇടുങ്ങിയ ഘടനയാണുള്ളത്. ഈ ഭാഗം ഗര്‍ഭാശയനാളം (Cervix) എന്നറിയപ്പെടുന്നു. യോനിയിലേക്കാണ് ഇത് തുറക്കുന്നത്. ഗളദ്വാരം തീരെ ചെറിയതാണ്. ഗര്‍ഭാശയത്തിലേക്ക് ശുക്ളാണുക്കള്‍ കടക്കുന്നതും ആര്‍ത്തവരക്തം വെളിയിലേക്ക് നിര്‍ഗമിക്കുന്നതും ഈ ദ്വാരം വഴിയാണ്. ഗര്‍ഭാശയത്തെക്കാള്‍ കട്ടിയേറിയ പേശീഘടനയാണ് ഗര്‍ഭാശയഗളത്തിനുള്ളത്. ഇത് തന്തുരൂപത്തിലുള്ള സംയോജക കലയാല്‍ നിര്‍മിതമായിരിക്കുന്നു. ഗര്‍ഭാശയത്തിന്റെ മുകള്‍ഭാഗത്ത് ഇരുപാര്‍ശ്വങ്ങളിലായാണ് ഗര്‍ഭാശയനാളികള്‍ ഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. ഈ നാളികളുടെ പ്രവേശനഭാഗത്തിന് മുകളിലായുള്ള ഗര്‍ഭാശയഭാഗം ഫണ്‍ഡസ് (Fundus) എന്ന പേരിലും അടിഭാഗം ബോഡി (body) എന്ന പേരിലും അറിയപ്പെടുന്നു. ബോഡി താഴെ ഗര്‍ഭാശയഗളത്തിലേക്കു വരുമ്പോള്‍ ഇടുങ്ങിയ ഒരു നാളിയായി മാറിയിരിക്കുന്നു. ബോഡിക്കും ഗര്‍ഭാശയഗളത്തിനും ഇടയിലായി ഒരു ചെറിയ പേശീഉപസങ്കോചനവും കാണപ്പെടുന്നു.

ശരീരത്തിനുള്ളില്‍ അതിന്റെ പ്രത്യേകസ്ഥാനത്ത് ഗര്‍ഭാശയത്തെ താങ്ങിനിര്‍ത്തുവാന്‍ ശ്രോണീപ്രദേശത്തെ അവയവഭാഗങ്ങള്‍, ശ്രോണിയുടെ മാംസള അടിത്തട്ട്, ചില തന്തുരൂപ സ്നായുക്കള്‍ (LIgaments), പെരിട്ടോണിയ മടക്കുകള്‍ എന്നിവ സഹായകമേകുന്നു. യോനിയുടെ നേര്‍രേഖയിലല്ല ഗര്‍ഭാശയം സ്ഥിതിചെയ്യുന്നത്. അല്പം മുമ്പോട്ട് ചരിഞ്ഞ് യോനിയുമായി ഏതാണ്ട് സമകോണദിശയിലാണിതു കാണപ്പെടുക. മൂത്രസഞ്ചി, മലാശയം എന്നിവയുടെ തള്ളലിനും വലിച്ചിലിനും അനുസൃതമായി ഗര്‍ഭാശയത്തിന്റെ സ്ഥാനത്തിന് അല്പം വ്യതിയാനവും വരാറുണ്ട്. ഗര്‍ഭാവസ്ഥയില്‍ ഗര്‍ഭാശയത്തിനുണ്ടാവുന്ന വികാസം ഗര്‍ഭാശയത്തെ ഉദരകോടരത്തിനുള്ളിലേക്ക് ഉയര്‍ത്തുകയും ചെയ്യും.

ഗര്‍ഭാശയത്തിനുള്ളിലെ കോടരം അവയവത്തിന്റെ വലുപ്പവുമായി താരതമ്യപ്പെടുത്തുമ്പോള്‍ തീരെ ചെറുതാണ്. ഗര്‍ഭമില്ലാത്ത അവസ്ഥയില്‍ ഗര്‍ഭാശയകോടരം അല്പം പരന്ന് ത്രികോണാകൃതിയിലാണ് കാണപ്പെടുക. ത്രികോണത്തിന്റെ വീതിയേറിയ ആധാരഭാഗം മുകളിലായിട്ടുള്ള സ്ഥിതിയാണുള്ളത്. ഗര്‍ഭാശയഗളത്തിന്റെ ഉള്ളിലെ നാളിയുടെ മധ്യഭാഗം അല്പം വീര്‍ത്തിരിക്കും. ഈ നാളിക്ക് ഏതാണ്ട് 2.5 സെ.മീ. നീളം വരും. ഇത് യോനിയിലേക്ക് തുറക്കുന്നു. ഗര്‍ഭാശയഗളനാളിയെ ഒരു സ്ലേഷ്മസ്തരം പൊതിഞ്ഞിരിക്കും. ഏതാണ്ട് ക്ഷാരഗുണമുള്ള ഒരു ദ്രാവകത്തെ സ്രവിക്കുന്ന നിരവധി ഗ്രന്ഥികള്‍ ഈ സ്ലേഷ്മസ്തരത്തില്‍ കാണപ്പെടുന്നു.

കട്ടിയേറിയ പേശികളാലാണ് ഗര്‍ഭാശയം രൂപമെടുത്തിരിക്കുന്നത്. ഗര്‍ഭാശയത്തില്‍ പ്രധാനമായും മൂന്നു പേശീസ്തരങ്ങള്‍ കാണപ്പെടുന്നു. അവയവത്തെ ഭാഗികമായി പൊതിഞ്ഞ് ബാഹ്യഭാഗത്തായി കാണപ്പെടുന്ന പെരിട്ടോണിയത്തിന്റെ ഒരു സീറീയപാളി (Serous coat)യാണ് ആദ്യത്തേത്. മധ്യപാളി മയോമെട്രിയം (Myometrium) എന്നറിയപ്പെടുന്നു. ഗര്‍ഭാശയത്തിന്റെ പ്രധാനപങ്കും ഈ പേശിയാല്‍ നിര്‍മിതമാണെന്നു പറയാം. ഇടതൂര്‍ന്ന വിധത്തില്‍ അടുക്കിയിട്ടുള്ള അരേഖിത (unstripped) മൃദുപേശികളാല്‍ രൂപമെടുത്തിട്ടുള്ള ഈ ഭാഗത്ത് രക്തക്കുഴലുകള്‍, ലസികാവാഹിനികള്‍, നാഡികള്‍ എന്നിവയും കാണപ്പെടുന്നുണ്ട്. ഗര്‍ഭാശയത്തിന്റെ ഏറ്റവും ഉള്ളിലായിക്കാണപ്പെടുന്ന പേശീസ്തരം സ്ലേഷ്മചര്‍മത്താല്‍ നിര്‍മിതമായ എന്‍ഡോമെട്രിയം (Endometrium) ആണ്. ഗര്‍ഭാശയകോടരത്തെ പൊതിഞ്ഞാണ് ഈ സ്തരം സ്ഥിതിചെയ്യുന്നത്. കോടരത്തിലേക്കു തുറക്കുന്ന നിരവധി ഗര്‍ഭാശയഗ്രന്ഥികള്‍ ഇവിടെ കാണപ്പെടുന്നു. ഇതോടൊപ്പം നിരവധി രക്തക്കുഴലുകളും ലസികാസ്ഥലങ്ങളും (Lymphatic spaces) എന്‍ഡോമെട്രിയത്തില്‍ കാണാവുന്നതാണ്. പ്രത്യുത്പാദനദശയുടെ വിവിധ ഘട്ടങ്ങളില്‍ എന്‍ഡോമെട്രിയത്തിന്റെ രൂപത്തിന് വ്യതിയാനം സംഭവിക്കാറുണ്ട്. യൌവനാരംഭത്തോടെയാണ് ഈ ഭാഗത്തിന് പൂര്‍ണവികാസമുണ്ടാകുന്നത്. അതിനുശേഷം ഓരോ ആര്‍ത്തവചക്രത്തിലും ഇവിടെ വന്‍തോതിലുള്ള വ്യതിയാനങ്ങള്‍ കാണാനുമാവും. ഗര്‍ഭാവസ്ഥ, ആര്‍ത്തവവിരാമം, വാര്‍ധക്യം എന്നീ ഘട്ടങ്ങളിലും ഗര്‍ഭാശയത്തിന്റെ എന്‍ഡോമെട്രിയ ഘടനയില്‍ വ്യതിയാനങ്ങള്‍ ദര്‍ശിക്കാം. ഹോര്‍മോണുകളുടെ സാന്നിധ്യമോ അഭാ വമോ ആണ് ഈ മാറ്റങ്ങള്‍ക്ക് നിദാനമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ആന്തരശ്രോണീധമനി(Internal iliac artery)യുടെ ശാഖകള്‍, അണ്ഡാശയധമനി എന്നിവ വഴിയാണ് ഗര്‍ഭാശയത്തിന് രക്തം ലഭ്യമാകുന്നത്. ഇവ ഗര്‍ഭാശയരക്തവാഹികളുമായി ബന്ധപ്പെടുകയും ഗര്‍ഭാശയത്തിന് മൊത്തത്തില്‍ രക്തം പ്രദാനം ചെയ്യുകയും ചെയ്യുന്നു. സിമ്പതെറ്റിക്, പാരാസിമ്പതെറ്റിക് നാഡീതന്തുക്കളാണ് ഗര്‍ഭാശയവുമായി ബന്ധപ്പെട്ടു കാണപ്പെടുന്നത്. സിമ്പതെറ്റിക് നാഡീതന്തുക്കള്‍ ഗര്‍ഭാശയപേശിയെ സങ്കോചിക്കുവാന്‍ സഹായിക്കുന്നു. അതേസമയം പേശീപ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും രക്തക്കുഴലുകളെ വികസിപ്പിക്കുകയും ചെയ്യുന്ന കര്‍മമാണ് പാരാസിമ്പതെറ്റിക് അഥവാ സേക്രല്‍ നാഡീതന്തുക്കള്‍ നിര്‍വഹിക്കുന്നത്.

ഗര്‍ഭാശയനാളികള്‍. ഗര്‍ഭാശയത്തിന്റെ മുകള്‍ഭാഗത്ത് ഇരുപാര്‍ശ്വങ്ങളിലായിട്ടാണ് ഗര്‍ഭാശയനാളികള്‍ കാണപ്പെടുന്നത്. ഇവ ഫലോപ്പിയന്‍ നാളികള്‍ എന്നറിയപ്പെടുന്നു. അണ്ഡാശയത്തില്‍നിന്നും അണ്ഡത്തെ ഗര്‍ഭാശയത്തിലെത്തിക്കുന്നത് ഈ നാളികളാണ്. ഈ നാളികളുടെ ഒരറ്റം ഗര്‍ഭാശയത്തിലേക്കും മറ്റേയറ്റം അണ്ഡാശയങ്ങള്‍ക്കു സമീപത്തായി ഉദരകോടരത്തിലേക്കും തുറക്കുന്നു.

ഫലോപ്പിയന്‍ നാളിക്ക് പ്രധാനമായും മൂന്നു ഭാഗങ്ങളാണുള്ളത്. ഉദരകോടരത്തിലേക്കു തുറക്കുന്ന അഗ്രത്തിന് ചോര്‍പ്പിന്റെ ആകൃതിയാണുള്ളത്. ഇത് ഇന്‍ഫണ്ടിബുലം എന്നറിയപ്പെടുന്നു. കട്ടികുറഞ്ഞ ഭിത്തിയുള്ളതും അല്പം വീര്‍ത്തതുമായ മധ്യഭാഗം ആംപുല(Ampulla) എന്ന പേരിലാണറിയപ്പെടുക. ഗര്‍ഭാശയവുമായി ബന്ധപ്പെട്ട് അതിനുള്ളിലേക്കു തുറക്കുന്ന നാളീഭാഗത്തിന്റെ പേര് ഇസ്ത്മസ് (Isthumus) എന്നാണ്. ഇതില്‍ ആദ്യഭാഗമായ ഇന്‍ഫണ്ടിബുലത്തിന്റെ വക്കുകള്‍ ഞൊറികളായി മാറിയിരിക്കുന്നു. ഇവയില്‍ ഒരു വലിയ ഞൊറി(Fimbria) അണ്ഡാശയവുമായി ബന്ധിക്കപ്പെട്ട നിലയിലാണ് കാണുന്നത്. ഇന്‍ഫണ്ടിബുലത്തിന്റെ കീഴ്ഭാഗത്തായി ചെറിയ ഒരു പ്രവേശനദ്വാരം കാണപ്പെടുന്നു. പക്വമായ അണ്ഡം ഈ ദ്വാരംവഴിയാണ് അണ്ഡാശയത്തില്‍നിന്നും ഗര്‍ഭാശയത്തിലേക്ക് സഞ്ചരിക്കുന്നത്. ഈ സമയത്ത് ഗര്‍ഭാശയത്തില്‍ ശുക്ളാണുക്കള്‍ എത്തപ്പെട്ടിട്ടുണ്ടെങ്കില്‍ അവ ഗര്‍ഭാശയനാളിയിലേക്ക് കടക്കുന്നു. ശുക്ളാണുക്കളും അണ്ഡവുമായി സാധാരണ ഗര്‍ഭാശയനാളിയുടെ ആംപുല ഭാഗത്തുവച്ചാണ് കണ്ടുമുട്ടുക. സാധാരണഗതിയില്‍ ബീജസങ്കലനം നടക്കുന്നതും ഇവിടെവച്ചാണ്. ഇപ്രകാരം ബീജസങ്കലനവിധേയമാകുന്ന അണ്ഡം ഇസ്ത്മസ് വഴി ഗര്‍ഭാശയത്തില്‍ എത്തിച്ചേരുന്നു. ചില അസാധാരണ സന്ദര്‍ഭങ്ങളില്‍ ഈ അണ്ഡം ബീജസങ്കലനത്തിനുശേഷം ഗര്‍ഭാശയനാളിയില്‍ത്തന്നെ ഒട്ടിപ്പിടിക്കാറുണ്ട്. എക്റ്റോപ്പിക് അഥവാ നാളീഗര്‍ഭം എന്നാണ് ഇതറിയപ്പെടുന്നത്.

ഗര്‍ഭാശയനാളികളെ ഏതാണ്ട് മുഴുവനായിത്തന്നെ പെരിട്ടോണിയം ആവരണം ചെയ്തിരിക്കുന്നു. ഗര്‍ഭാശയത്തിന്റെ മൃദുപേശികളുടെ തുടര്‍ച്ചയാണ് നാളികളിലും കാണപ്പെടുക. നാളിയുടെ ഉള്‍ഭാഗത്ത് നിരവധി അനുദൈര്‍ഘ്യമടക്കുകള്‍ കാണപ്പെടുന്നുണ്ട്. ഈ മടക്കുകളില്‍ സിലിയാമയ-സ്രവണകോശങ്ങള്‍ ധാരാളമായുണ്ട്. ഈ സിലിയകളുടെ ചലനവും പേശീസങ്കോചവും ആണ് ബീജാണുക്കളുടെയും അണ്ഡത്തിന്റെയും ഗര്‍ഭാശയനാളികള്‍ക്ക് ഉള്ളിലൂടെയുള്ള ചലനത്തിനു സഹായകമേകുന്നത്. നോ. ഗര്‍ഭം, ഗര്‍ഭാശയരോഗങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍