This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗവ്യവ്യവസായം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഗവ്യവ്യവസായം== പാലും പാലുത്പന്നങ്ങളും സംസ്കരിച്ചു വിപണനം ച...)
അടുത്ത വ്യത്യാസം →
23:35, 8 ഓഗസ്റ്റ് 2015-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ്യവ്യവസായം
പാലും പാലുത്പന്നങ്ങളും സംസ്കരിച്ചു വിപണനം ചെയ്യുന്ന വ്യവസായം. ഗവ്യവ്യവസായത്തിന് 11 സഹസ്രാബ്ദങ്ങളുടെ ചരിത്രം അവകാശപ്പെടാനുണ്ട്. ബി.സി. 9000-ത്തോടടുത്തുതന്നെ കന്നുകാലികളെ വളര്‍ത്തിയിരുന്നതായി പുരാവസ്തുഗവേഷകര്‍ തെളിയിച്ചിട്ടുണ്ട്. ബി.സി. 6000-ത്തില്‍ ഇന്ത്യയില്‍ പാലും പാലുത്പന്നങ്ങളും ഉപയോഗിച്ചിരുന്നതായി പുരാണങ്ങള്‍ സൂചിപ്പിക്കുന്നു.
കൊളംബസിന്റെ രണ്ടാംയാത്രക്കാലത്താണ് (1493) പശുക്കളെ ആദ്യമായി പശ്ചിമ ഭൂഖണ്ഡത്തില്‍ കൊണ്ടുവന്നത്. 1611-ല്‍ കാലികള്‍ ജയിംസ് ടൌണ്‍ കോളനിയിലും 1624-ല്‍ പ്ലിമത്ത് കോളനിയിലും എത്തി. യു.എസ്സിലെ മികച്ച പശുവിനങ്ങളാണ് അയ്ര്‍ഷയര്‍, ബ്രൌണ്‍ സ്വിസ്, ഹോള്‍സ്റ്റൈന്‍, ജഴ്സി തുടങ്ങിയവ.
19-ാം ശതകത്തിന്റെ ഉത്തരാര്‍ധംവരെ പാലുത്പാദനവും സംസ്കരണവും വീടുകളില്‍ തന്നെയാണു നടത്തിയിരുന്നത്. പിന്നീട് ഇത് ഫാക്ടറി അടിസ്ഥാനത്തിലായി. പാലിന്റെ കൊഴുപ്പംശം കണ്ടുപിടിക്കുന്നതിനുള്ള സാങ്കേതികരീതികള്‍ കണ്ടെത്തിയതോടെ പാല്‍വില്പന ആദായകരമായ ഒരു തൊഴിലായി മാറി. സ്വിറ്റ്സര്‍ലണ്ടില്‍ നിക്ളാസ് ഗെര്‍ബറും (1888) യു.എസ്സില്‍ വിസ്കോണ്‍സിന്‍ സര്‍വകലാശാലയിലെ സ്റ്റീഫന്‍ എം. ബാബ് കോക്കു(1890)മാണ് ഇതു കണ്ടുപിടിച്ചത്.
റോമാക്കാരനായ ജെസ്സെ വില്യംസ് 1851-ല്‍ ന്യൂയോര്‍ക്കില്‍ ആദ്യത്തെ പാല്‍ക്കട്ടി ഫാക്ടറി തുടങ്ങി. 1855-ലാണ് ഗ്രിമാഡിന് വാണിജ്യാടിസ്ഥാനത്തില്‍ പാല്‍പ്പൊടി നിര്‍മാണത്തിനു പേറ്റന്റ് ലഭിച്ചത്. അടുത്തവര്‍ഷം കണ്ടന്‍സ്ഡ് മില്‍ക്ക് നിര്‍മാണത്തിനു ഗെയില്‍ ബോര്‍ഡെനും പേറ്റന്റ് കിട്ടി.
സ്വീഡനിലെ ഗുസ്റ്റാഫ് ഡെ ലാവല്‍ ആണ് ക്രീം സെപ്പറേറ്റര്‍ കണ്ടുപിടിച്ചത് (1878). 1875-ല്‍ പാല്‍ പാസ്ചറൈസേഷന്‍ പ്രക്രിയയുടെ തുടക്കം കുറിച്ചു.
പാല്‍ നിര്‍ബന്ധമായും പാസ്ചറൈസ് ചെയ്തിരിക്കണമെന്ന് അനുശാസിക്കുന്ന നിയമം ഷിക്കാഗോയിലാണ് ആദ്യമായി നടപ്പാക്കിയത് (1908). 1841 മുതല്‍ ന്യൂയോര്‍ക്കില്‍നിന്ന് ഗവ്യോത്പന്നങ്ങള്‍ കയറ്റി അയച്ചു തുടങ്ങി. 1914-ല്‍ ആണ് ട്രക്ക് മുഖേന ഗവ്യോത്പന്നങ്ങള്‍ കയറ്റി അയച്ചുതുടങ്ങിയത്. ഗവ്യോത്പാദനത്തിലെ മികച്ച നാഴികക്കല്ലുകള്‍ ഇവയാണ്: പാല്‍ കാനുകള്‍ക്കുപകരം പാല്‍ ടാങ്കുകള്‍ (1938), വാക്വം പാസ്ചറൈസേഷന്‍ (1946), അള്‍ട്രാ ഹൈ ടെമ്പറേച്ചര്‍ പാസ്ചറൈസേഷന്‍ (1948), പ്ളാസ്റ്റിക് പാല്‍പ്പാത്രങ്ങള്‍ (1964).
ഇന്നു മിക്ക രാഷ്ട്രങ്ങളിലും ഗവ്യവ്യവസായം വന്‍തോതില്‍ നടക്കുന്നു; യൂറോപ്പിലും യു.എസ്സിലും പ്രത്യേകിച്ചും. അവികസിത-വികസ്വരരാഷ്ട്രങ്ങളില്‍ സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ഇത് പുരോഗമിക്കുന്നത്. ക്രീം, ഐസ്ക്രീം, വെണ്ണ, പാല്‍ക്കട്ടി, കണ്ടന്‍സ്ഡ് മില്‍ക് തുടങ്ങിയവയാണ് പാലിനു പുറമേ സംസ്കരിച്ചു വിതരണം ചെയ്യപ്പെടുന്ന ഗവ്യോത്പന്നങ്ങള്‍. ഇന്ന് (2012) ലോകമൊട്ടാകെ, പ്രതിവര്‍ഷം 70,39,96,079 ടണ്‍ പാല്‍ ഉത്പാദിപ്പിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പശു, എരുമ, ആടുമാടുകള്‍, ഒട്ടകം എന്നിവയുടെ പാലുത്പാദനത്തിന്റെ കണക്കാണിത്. മൊത്തം ഉത്പാദനത്തിന്റെ 85 ശതമാനവും 33 രാഷ്ട്രങ്ങളില്‍നിന്ന് ലഭിക്കുന്നു.
ഗവ്യോത്പാനദരംഗത്തു പാലുത്പാദനം മുതല്‍ ഗവ്യോത്പന്നവിപണനം വരെയുള്ള ഒരു നീണ്ട ശൃംഖലയുണ്ട്. വന്‍കിട കോര്‍പ്പറേഷനുകളും സഹകരണസ്ഥാപനങ്ങളും ഇതില്‍ പങ്കെടുക്കുന്നു. മെച്ചപ്പെട്ട ഇനം പശുക്കളാണ് ഗവ്യവ്യവസായത്തിന്റെ പുരോഗതിക്കുനിദാനം.
ഡയറിഫാമുകളുടെ എണ്ണത്തില്‍ കുറവുണ്ടായി എങ്കിലും അവയുടെ വലുപ്പം കൂടി. രണ്ടാം ലോകയുദ്ധത്തിനുശേഷം ചെറുകിട ഫാമുകള്‍ യോജിച്ചു വന്‍കിട ഫാമുകളായതോടെ അവയുടെ ഉത്പാദന സംസ്കരണ-വിപണനശേഷി മെച്ചപ്പെട്ടു. ശീതീകരണ സമ്പ്രാദയങ്ങളിലുള്ള പുരോഗതിയാണ് ആഗോള ധവളവിപ്ളവത്തിനു വഴിതെളിച്ചത്. യു.എസ്സിലെ ഏറ്റവും വലിയ ഗവ്യവ്യവസായ സ്ഥാപനത്തിന്റെ പ്രതിവര്‍ഷ വില്പന 2,000 ദശലക്ഷം ഡോളറാണെന്നു കാണുമ്പോള്‍ ഗവ്യവ്യവസായസ്ഥാപനങ്ങളുടെ വളര്‍ച്ചയുടെ തോത് വ്യക്തമാകും.
ഗവ്യവ്യവസായമാണ് മിക്ക വികസ്വര രാഷ്ട്രങ്ങളുടെയും സാമ്പത്തികവളര്‍ച്ചയുടെ നട്ടെല്ല്. ഗവണ്‍മെന്റിന്റെ പിന്തുണയോടെയാണ് മിക്ക വികസ്വരരാജ്യങ്ങളിലും ഗവ്യവ്യവസായം പുരോഗമിച്ചത്. മധ്യ-പൂര്‍വദേശത്തും ചില ആഫ്രിക്കന്‍ രാജ്യങ്ങളിലും പാല്‍പ്പൊടിയും വെണ്ണയും പച്ചക്കറിക്കൊഴുപ്പും മറ്റും ചേര്‍ത്ത് തദ്ദേശീയ ഗവ്യവിഭവങ്ങള്‍ തയ്യാറാക്കുന്നതിനുള്ള 'റി കംബൈനിങ് പ്ളാന്റു'കളും സ്ഥാപിച്ചിട്ടുണ്ട്.
അവികസിതരാജ്യങ്ങളില്‍ കൈകൊണ്ടു പാല്‍ കറക്കപ്പെടുന്നു. ചെറിയ പാത്രങ്ങളില്‍ ശേഖരിച്ച പാല്‍ ഉത്പാദനകേന്ദ്രങ്ങളില്‍ നിന്നും സംസ്കരണസ്ഥലത്തെത്തിക്കുകയാണ് പതിവ്. വികസിത രാജ്യങ്ങളില്‍ പാല്‍ കറക്കല്‍ മുതല്‍ ഉത്പന്നങ്ങള്‍ വിപണനയോഗ്യമാക്കല്‍ വരെയുള്ള പ്രക്രിയകള്‍ യന്ത്രവത്കൃതമാണ്. ശേഖരിച്ച പാല്‍ കൂറ്റന്‍ പാത്രങ്ങളില്‍ ശേഖരിച്ചു ശീതീകരിച്ച ശേഷമാണ് സംസ്കരിച്ചു വിവിധ ഗവ്യോത്പന്നങ്ങള്‍ നിര്‍മിക്കുന്നത്.
ആരോഗ്യരക്ഷാനിയമങ്ങള്‍ക്കു വിധേയമായേ മിക്കരാജ്യങ്ങളിലും ഗവ്യോത്പന്നങ്ങള്‍ നിര്‍മിക്കാനും വിപണനം ചെയ്യാനും പാടുള്ളൂ. യു.എസ്സിലെ 'എ' ഗ്രേഡ് പാസ്ചറൈസ്ഡ് മില്‍ക്ക് ഓര്‍ഡിനന്‍സ് ഇതിനുദാഹരണമാണ്.
ഇന്ത്യ. 1982-ലെ കന്നുകാലി സെന്‍സസ് അനുസരിച്ച് ഇന്ത്യയില്‍ 192.4 ദശലക്ഷം കന്നുകാലികളും 69.8 ദശലക്ഷം എരുമകളും 50 ലക്ഷത്തോളം ആടുകളുമുണ്ട്. ലോകമൊട്ടാകെയുള്ള കന്നുകാലികളില്‍ ആറിലൊരുഭാഗവും എരുമകളില്‍ പകുതിയും ആടുകളില്‍ അഞ്ചിലൊരുഭാഗവും ഇന്ത്യയിലാണ്. കന്നുകാലികളുടെയും എരുമകളുടെയും മൊത്തം എണ്ണം 262 ദശലക്ഷമാണെങ്കിലും ഇവയില്‍ മൂന്നിലൊന്നിനുമാത്രമേ ക്ഷീരോത്പാദനശേഷിയുള്ളൂ. ക്ഷീരോത്പാദനശേഷിയുടെ കാര്യത്തില്‍ ഇന്ത്യ മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ചു വളരെ പിന്നിലാണ്.
ക്ഷീരോത്പാദനത്തില്‍ ലോകരാഷ്ട്രങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. 1987-88-ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഉത്പാദിപ്പിക്കപ്പെട്ട പാലിന്റെ അളവ് 46 ദശലക്ഷം ടണ്‍ ആയിരുന്നത് 2011-ല്‍ 11,21,14,290 ടണ്‍ ആയി വര്‍ദ്ധിച്ചിട്ടുണ്ട്.
ഗവ്യവ്യവസായ വികസനത്തിന് ഒന്നാം പഞ്ചവത്സരപദ്ധതിക്കാലം മുതല്‍ക്കേ ഊന്നല്‍ നല്കിയിരുന്നു. ഒന്നാം പദ്ധതിയില്‍ മാത്രം എട്ടു കോടി രൂപ ഇതിനുവേണ്ടി ചെലവഴിച്ചിട്ടുണ്ട്. മെട്രോപോളിറ്റന്‍ നഗരങ്ങളില്‍ ക്ഷീരോത്പാദനശേഷി കൂടുതലായ ഇനം കന്നുകാലികളുടെ കോളനികള്‍ സ്ഥാപിക്കാനാണ് രണ്ടാം പദ്ധതിക്കാലത്ത് ശ്രദ്ധിച്ചത്. ഗ്രാമപ്രദേശങ്ങളില്‍ പാല്‍ ഉത്പാദിപ്പിച്ച് നഗരപ്രദേശങ്ങളില്‍ വിപണനം ചെയ്യത്തക്കവിധമുള്ള ഡയറി പ്രോജക്റ്റുകളുടെ വികസനത്തിനാണ് മൂന്നാം പദ്ധതിയില്‍ തുക വകകൊള്ളിച്ചത്. ക്ഷീരോത്പാദനത്തിനും ശേഖരണത്തിനും സംസ്കരണത്തിനും വേണ്ട സഹകരണ സംഘങ്ങള്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. 1961-69 കാലത്ത് 22 ക്ഷീരോത്പാദനശേഖരണ സഹകരണസംഘങ്ങളും നാലു ക്ഷീരസംസ്കാരണസംഘങ്ങളും നിലവില്‍വന്നു. നാലാം പദ്ധതിയുടെ തുടക്കത്തില്‍ ഡയറിപ്ളാന്റുകളുടെ എണ്ണം 91 ആയി ഉയര്‍ന്നു. ഇതില്‍ 53 എണ്ണം പൊതുമേഖലയിലും ബാക്കി സഹകരണമേഖലയിലും ആയിരുന്നു. 1969-70-ല്‍ ഈ പ്ളാന്റുകളുടെ പ്രതിദിന ഉത്പാദനം 20 ലക്ഷം ലിറ്റര്‍ പാല്‍ ആയിരുന്നു. 1970-71-ല്‍ ഇത് 22.5 ലക്ഷം ലിറ്ററായി ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഉത്പാദന-ശേഖരണ-സംസ്കരണ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായി. ഇപ്പോള്‍ ഇന്ത്യയില്‍ പൊതുസഹകരണ മേഖലകളില്‍ 250 ഡയറി പ്ളാന്റുകളുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആനന്ദ്-മെഹ്സാനാ ഡയറി കോംപ്ളക്സിന്റെയും ഹൈദരാബാദ് വിജയവാഡാ ഡയറി കോംപ്ളക്സിന്റെയും വിജയകഥ ഗവ്യവ്യവസായ മേഖലയുടെ പുരോഗതിയിലേക്കു വിരല്‍ചൂണ്ടുന്നു. പാല്‍പ്പൊടി ഒഴികെയുള്ള ഗവ്യോത്പന്നങ്ങളുടെ കാര്യത്തില്‍ ഏതാണ്ട് സ്വയംപര്യാപ്തത നേടാന്‍ പൊതുസഹകരണമേഖലകളിലെ ഡയറി പ്ളാന്റുകളുടെ പ്രവര്‍ത്തനംമൂലം ഇന്ത്യയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഗവ്യോത്പന്നങ്ങളുടെ സംസ്കരണത്തിനാവശ്യമായ ഉപകരണങ്ങള്‍ രൂപകല്പന ചെയ്തു നിര്‍മിക്കുന്നതിലും ഇന്ത്യ സ്വയംപര്യാപ്തത നേടിയിട്ടുണ്ട്. ഗവ്യവ്യവസായ വികസനത്തിനു സാമ്പത്തിക സഹായം നല്കാന്‍ അഗ്രികള്‍ച്ചറല്‍ റിഫൈനാന്‍സ് കോര്‍പ്പറേഷന്‍ തയ്യാറായതോടെ സ്ഥിതി വളരെ മെച്ചപ്പെട്ടിട്ടുണ്ട്.
'വേള്‍ഡ് ഫുഡ് പ്രോഗ്രാമി'ന്റെ സാങ്കേതിക സഹകരണം സ്വീകരിച്ച് കൃഷിവകുപ്പ് ക്ഷീരവികസനം, ഗവ്യവികസനം എന്നിവ ലക്ഷ്യമാക്കി ചില പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയതോടെയാണ് ധവളവിപ്ളവം സാധിതപ്രായമായത്. 'ഐ.ഡി.എ. - ഇ.ഇ.സി.-ജി.ഓ.ഐ. ഡയറി വികസനപരിപാടി' എന്നാണ് ഈ പദ്ധതിയുടെ പേര്. 'ഓപ്പറേഷന്‍ ഫ്ളഡ്' എന്ന പേരില്‍ വിഖ്യാതി നേടിയ ഈ ധവളവിപ്ളവ പരിപാടി 1970-ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. മൂന്നു ഘട്ടമായിട്ടാണ് ഇതു നടപ്പില്‍ വരുത്തിയത്. ഇതിന്റെ ഭാഗമായി ഇന്ത്യാഗവണ്‍മെന്റ് ബറോഡ ആസ്ഥാനമാക്കി ഇന്ത്യാഡയറി കോര്‍പ്പറേഷന്‍ ആരംഭിച്ചു. ഡയറിവികസനം ഊര്‍ജസ്വലമാക്കുക, ഓപ്പറേഷന്‍ ഫ്ളഡ് പരിപാടി വിജയകരമായി നടപ്പാക്കുക എന്നിവയാണ് ഈ കോര്‍പ്പറേഷന്റെ ഉദ്ദേശലക്ഷ്യങ്ങള്‍. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നീ വന്‍നഗരങ്ങളില്‍ ഈ സ്ഥാപനത്തിന് ഓഫീസുകളുണ്ട്.
ഓപ്പറേഷന്‍ ഫ്ളഡ് ക (ഒന്നാം ഘട്ടം) 1970 ജൂല. 1-ന് ആരംഭിച്ച് 1981 മാര്‍ച്ചില്‍ പൂര്‍ത്തിയായി. 146 ലക്ഷം ക്ഷീരോത്പാദകരും അവരുടെ കുടുംബങ്ങളും ഇതിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചുവെന്നാണ് കണക്ക്. പത്തു സംസ്ഥാനങ്ങളിലായി 27 ഗ്രാമീണ ക്ഷീരകേന്ദ്രങ്ങള്‍ (Rural Milk Sheds) ആരംഭിച്ച് അവിടൊക്കെ പാല്‍ ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനും ക്ഷീരോത്പന്നങ്ങള്‍ നാലു നഗരക്ഷീരവിപണികളിലൂടെ വിപണനം ചെയ്യുന്നതിനും സജ്ജീകരണങ്ങളുണ്ടാക്കി. ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള വിഭവങ്ങള്‍ (ഉദാ. കാലിത്തീറ്റ) ക്ഷീരോത്പാദകര്‍ക്കു ലഭ്യമാക്കുന്നതിനുവേണ്ട ഏര്‍പ്പാടുകള്‍ ഉണ്ടാക്കുകയും ചെയ്തു. ഈ 'ഇരു-നിര' ക്ഷീരോത്പാദക സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനമേഖല ഈ കാലത്തിനുള്ളില്‍ അസൂയാവഹമായ പുരോഗതി കൈവരിച്ചു. പ്രതിദിനം 30 ലക്ഷം ലിറ്റര്‍ പാല്‍ കൈകാര്യം ചെയ്യാനും 1,300 മെട്രിക് ടണ്‍ കാലിത്തീറ്റ ലഭ്യമാക്കാനും ഈ സംഘങ്ങള്‍ക്കു കഴിഞ്ഞു. ഇക്കാലത്ത് 219 മൊബൈല്‍ കന്നുകാലി-ആരോഗ്യ പരിപാലനകേന്ദ്രങ്ങളും 127 എമര്‍ജന്‍സി വെറ്ററിനറി യൂണിറ്റുകളും 4,868 കൃത്രിമ ഗര്‍ഭോത്പാദന കേന്ദ്രങ്ങളും സ്ഥാപിക്കുകയുണ്ടായി. ശേഖരണം, സംസ്കരണം, വിപണനം എന്നിവ കാലവിളംബം കൂടാതെ നടത്താന്‍ തക്കവണ്ണം ആധുനിക രീതിയിലുള്ള ഒരു ക്ഷീരഗതാഗത ശൃംഖല സ്ഥാപിക്കാന്‍ ഇക്കാലത്തു കഴിഞ്ഞുവെന്നതു ശ്രദ്ധേയമാണ്. ഇതോടൊപ്പം നാലു പ്രധാന നഗരങ്ങളില്‍ വന്‍തോതില്‍ ക്ഷീരസംസ്കരണ-വിതരണ ഡയറികളുടെ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുകയും ചെയ്തു. ഗവ്യവ്യവസായ രംഗത്ത് സ്വന്തം മാതൃക സൃഷ്ടിച്ച ഡോ. വര്‍ഗീസ് കുര്യനാണ് (1921-2012) ഇന്ത്യയിലെ 'ധവളവിപ്ളവത്തിന്റെ പിതാവായി' അറിയപ്പെടുന്നത്. കോഴിക്കോടുകാരനായ കുര്യന്‍, അമേരിക്കയിലെ മിഷിഗന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ എം.എസ്.സി. പഠനം പൂര്‍ത്തിയാക്കിയശേഷം 1949-ല്‍ ഗുജറാത്തിലെ ആനന്തില്‍ സഹകരണാടിസ്ഥാനത്തില്‍ ക്ഷീരോത്പാദന രംഗത്ത് ആരംഭിച്ച ഡയറി വികസന സംരംഭത്തിന്റെ വിജയമാണ് ധവളവിപ്ളവത്തിന് നേതൃത്വം നല്‍കാന്‍ ഇദ്ദേഹത്തിന് കരുത്തായത്.
കുറേക്കൂടി വിപുലമായ പരിപാടികള്‍ ഉള്‍ക്കൊള്ളുന്ന ഓപ്പറേഷന്‍ ഫ്ളഡ് രണ്ടാം ഘട്ടത്തിന് 500 കോടി രൂപയിലധികം ചെലവഴിക്കുകയുണ്ടായി. സ്വയംപര്യാപ്തമായ ഗവ്യവ്യവസായം ആരംഭിക്കുന്നതിനു ക്ഷീരോത്പാദക കുടുംബങ്ങളെ പ്രാപ്തരാക്കുക, ക്ഷീരോത്പാദനശേഷി കൂടുതലായ പശുക്കളും എരുമകളും ഉള്‍ക്കൊള്ളുന്ന ദേശീയ കാലിക്കൂട്ടത്തെ വളര്‍ത്തുന്നതിനും ക്ഷീരോത്പാദകരെ പ്രാപ്തരാക്കുക, ഗ്രാമീണ ക്ഷീരകേന്ദ്രങ്ങളെയും നഗരവാസികളുടെ ചോദകകേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു 'നാഷണല്‍ മില്‍ക്ക് ഗ്രിഡ്' കെട്ടിപ്പടുക്കുക, ഒരു ദേശീയക്ഷീര വ്യവസായ ശൃംഖലയ്ക്കാവശ്യമായ അടിത്തറ ഉറപ്പിക്കുക, 1980-കളില്‍ 75 കോടി ജനങ്ങള്‍ക്കും ആളോഹരി പാല്‍-ലഭ്യത 144 ഗ്രാം കൈവരിക്കത്തക്കവണ്ണം ക്ഷീര-ഗവ്യോത്പന്നങ്ങള്‍ ലഭ്യമാക്കുക എന്നിവയായിരുന്നു ഈ ഘട്ടത്തിന്റെ ലക്ഷ്യങ്ങള്‍. തദ്ദേശീയമായിത്തന്നെ ക്ഷീര സംസ്കരണ പ്രക്രിയ വികസിപ്പിച്ചെടുക്കുക, ഡയറി യന്ത്രങ്ങള്‍ രൂപകല്പനചെയ്തു നിര്‍മിക്കുക, ക്ഷീര സംസ്കരണത്തിനാവശ്യമായ സാങ്കേതിക സാമര്‍ഥ്യമുള്ള മനുഷ്യശേഷി വാര്‍ത്തെടുക്കുന്നതിനുള്ള പരിശീലനം സാധ്യമാക്കുക, ശിശുപോഷകാഹാര പരിപാടിയുടെ ഭാഗമായി ശിശുക്കള്‍ക്ക് നല്കുന്ന ആഹാരം പാകം ചെയ്യുന്നതിനുള്ള ഇടത്തരം വിലയ്ക്കുള്ള പാചകമാധ്യമമായ വെണ്ണ, നെയ്യ് ലഭ്യമാക്കുക എന്നിവ സാധ്യമാക്കാനും ഈ ഘട്ടം ആസൂത്രണം ചെയ്തിരുന്നു.
ഇതിന്റെ ഭാഗമായി നിലവിലുള്ള നാലു വന്‍കിട ക്ഷീരവിപണന കേന്ദ്രങ്ങള്‍ക്കു പുറമേ 1971-ലെ സെന്‍സസ് അനുസരിച്ച് ഒരു ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള 144 നഗരങ്ങളെക്കൂടി ഈ പദ്ധതിയുടെ പരിധിയില്‍ വരുത്തി, ജില്ലകളെ തെരഞ്ഞെടുക്കുന്ന ജോലി 'നാഷണല്‍ കമ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചര്‍' പൂര്‍ത്തിയാക്കുകയുണ്ടായി. ഈ 144 നഗരങ്ങളില്‍ വസിക്കുന്ന 529 ലക്ഷം ആളുകള്‍ പ്രതിദിനം 7.8 ദശലക്ഷം ലിറ്റര്‍ പാലും രണ്ടു ദശലക്ഷം ലിറ്റര്‍ ക്ഷീരോത്പന്നങ്ങളും ഉപയോഗിക്കുമെന്നും കണക്കാക്കി. 1985-ല്‍ ഈ നഗരങ്ങളിലെ ജനസംഖ്യ 651 ലക്ഷമായി വര്‍ധിക്കുമെന്നു കണക്കാക്കിയാല്‍ പാലിന്റെയും മറ്റു ക്ഷീരോത്പന്നങ്ങളുടെയും പ്രതിദിന ചോദനം യഥാക്രമം 2.8 ദശലക്ഷം ലിറ്റര്‍, 11.2 ദശലക്ഷം ലിറ്റര്‍ എന്ന കണക്കിനു വര്‍ധിക്കുമെന്നും പ്രതീക്ഷിച്ചുകൊണ്ടാണ് രണ്ടാംഘട്ടം ആസൂത്രണം ചെയ്തത്. ഒരു ക്ഷീരോത്പാദക യൂണിയനില്‍ 200 മുതല്‍ 600 വരെ ഗ്രാമീണ ക്ഷീരോത്പാദക സഹകരണ സംഘങ്ങള്‍ ഉണ്ടായിരിക്കും. മൊത്തം ക്ഷീരോത്പാദക യൂണിയനുകളെ സൗകര്യാര്‍ഥം 25 ക്ലസ്റ്ററുകളായി വിഭജിക്കുകയും ചെയ്തു. ഓപ്പറേഷന്‍ ഫ്ളഡ് ഒന്നാം ഘട്ടത്തിന്റെ ഭാഗമായ ഗ്രാമീണ ക്ഷീരകേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയാണ് ഈ ക്ലസ്റ്ററുകള്‍ സ്ഥാപിക്കപ്പെട്ടത്. 1981 ഏപ്രിലില്‍ ആരംഭിച്ച ഓപ്പറേഷന്‍ ഫ്ളഡ് കക 1985 ഏപ്രിലില്‍ അവസാനിച്ചു. 1985 മേയില്‍ ഓപ്പറേഷന്‍ കകക ആരംഭിച്ചു.
ഗവ്യവ്യവസായ വികസനാര്‍ഥം ഇന്ത്യാഗവണ്‍മെന്റ് 1965-ല്‍ ഗുജറാത്ത് ആസ്ഥാനമാക്കി നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡ് സ്ഥാപിക്കുകയുണ്ടായി. കാര്‍ഷികമേഖലയ്ക്ക് പൊതുവെയും ഗവ്യവികസനത്തിനു പ്രത്യേകമായും സമഗ്രവികസന പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയാണ് ഈ സ്വയംഭരണസ്ഥാപനത്തിന്റെ ലക്ഷ്യം.
ഗവ്യവ്യവസായത്തിന്റെ പുരോഗതിയില്‍ അത്യന്താപേക്ഷിതമായ ഘടകമാണ് കന്നുകാലികളുടെ ആരോഗ്യസംരക്ഷണം. ഇതിനുവേണ്ടി ഗവണ്‍മെന്റ് ഇന്ത്യയുടെ വിവിധഭാഗങ്ങളിലായി 17,000-ത്തോളം മൃഗാശുപത്രികളും 20,500 വെറ്ററിനറി എയ്ഡ് സെന്ററുകളും സ്ഥാപിച്ചിട്ടുണ്ട്. പശുക്കളുടെയും എരുമകളുടെയും ക്ഷീരോത്പാദനശേഷി വര്‍ധിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ മൂന്നാം പഞ്ചവത്സരപദ്ധതിക്കാലത്തു ചില സമഗ്രപരിപാടികള്‍ ആസൂത്രണം ചെയ്തു. ഇതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണ് കന്നുകാലി വികസനത്തിനുള്ള തീവ്രപരിപാടി (Intensive Cattle Development Project-ഐ.സി.ഡി.പി.). ഇതിന്റെ ഭാഗമായി 130 പദ്ധതികളും 500 ഓളം കീ വില്ലേജ് ബ്ളോക്കുകളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. 150 ലക്ഷത്തോളം മൃഗങ്ങള്‍ ഇപ്പോള്‍ ഈ പദ്ധതിയുടെ പരിധിയില്‍ വന്നുകഴിഞ്ഞു. ഈ പദ്ധതിയുടെ ഭാഗമായാണ് 500 പ്രാദേശിക കൃത്രിമ ബീജോത്പാദനകേന്ദ്രങ്ങളും 15,000 കൃത്രിമബീജോത്പാദന ഉപകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത്. മൂന്നും നാലും പഞ്ചവത്സരപദ്ധതിക്കാലത്ത് രാജസ്ഥാന്‍, ഗുജറാത്ത്, ഒഡിഷ, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി ഏഴു സെന്‍ട്രല്‍ കാറ്റില്‍ബ്രീഡിങ് ഫാമുകള്‍ സ്ഥാപിക്കുകയും ചെയ്തു. ബംഗ്ളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഫ്രോസന്‍ സെമന്‍ബാങ്കും ബാംഗ്ളൂര്‍, ഭോപ്പാല്‍, ഗുര്‍ഗാവോന്‍, അമൃത്സര്‍ എന്നിവിടങ്ങളിലെ ഫ്രോസന്‍ സെമന്‍ സ്റ്റേഷനുകളും ഗവ്യവ്യവസായത്തിനുഗുണമായി സേവനമനുഷ്ഠിക്കുന്നു.
ഗവ്യവ്യവസായത്തിന്റെ വിവിധ വശങ്ങളില്‍ ശിക്ഷണവും പരിശീലനവും നല്കുന്നതിനും ഗവേഷണങ്ങള്‍ നടത്തുന്നതിനും വിവിധ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെ കീഴിലുള്ള ഗവേഷണസ്ഥാപനങ്ങള്‍ക്കു പുറമേ ഇന്ത്യയിലെ 26 കാര്‍ഷിക സര്‍വകലാശാലകളില്‍ മൃഗസംരക്ഷണത്തിനു പൊതുവെയും ഗവ്യവികസനത്തിനു പ്രത്യേകിച്ചും പ്രാധാന്യം നല്കിക്കൊണ്ടുള്ള കോഴ്സുകള്‍ ഉണ്ട്. നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡ് (ആനന്ദ്), മാന്‍സിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ട്രെയിനിങ് (മെഹ്സാനാ), ഗല്‍ബാബായ് ദേശായ് ട്രെയിനിങ് (മെഹ്സാനാ), ഗല്‍ബബായ് ദേശായ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് (പാലന്‍പൂര്‍-ബനസ്കന്ത), ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഇസത്ത് നഗര്‍-ഉത്തര്‍പ്രദേശ്), നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (കര്‍ണാല്‍-ഹരിയാനാ), ഡയറി സയന്‍സ് കോളജ് (ആനന്ദ്-ഗുജറാത്ത്), നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ബംഗ്ളൂര്‍-കര്‍ണാടക), ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഡയറി ടെക്നോളജി (അലഹബാദ്-ഉത്തര്‍പ്രദേശ്) എന്നീ സ്ഥാപനങ്ങള്‍ ഗവ്യവ്യവസായ വികസനാര്‍ഥം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമാണ്.
ഇന്ത്യന്‍ ഡയറി അസോസിയേഷന്റെ കാലിക പ്രസിദ്ധീകരണങ്ങളായ ഇന്ത്യന്‍ ഡയറിമെന്‍ (മാസികം), ഇന്ത്യന്‍ ജേണല്‍ ഒഫ് ഡയറി സയന്‍സ് (ത്രൈമാസികം) എന്നിവ ഗവ്യവ്യവസായ വികസനത്തിനുവേണ്ട വിവരങ്ങള്‍ നല്കുന്നുണ്ട്.