This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗവണ്‍മെന്റ് ഒഫ് ഇന്ത്യാ ആക്റ്റ്, 1919

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഗവണ്‍മെന്റ് ഒഫ് ഇന്ത്യാ ആക്റ്റ്, 1919== ==Government of India Act, 1919== ബ്രിട്ടീഷ് ...)
അടുത്ത വ്യത്യാസം →

14:25, 7 ഓഗസ്റ്റ്‌ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഗവണ്‍മെന്റ് ഒഫ് ഇന്ത്യാ ആക്റ്റ്, 1919

Government of India Act, 1919

ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണനടത്തിപ്പിനുവേണ്ടി 1919-ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കിയ നിയമം. മൊണ്ടേഗു ചെംസ്ഫോര്‍ഡ് പരിഷ്കാര നിര്‍ദേശങ്ങള്‍ക്ക് ചില ഭേദഗതികള്‍ വരുത്തിയാണ് ഈ നിയമത്തിനു രൂപംകൊടുത്തത്. ഗവണ്‍മെന്റിന്റെ അന്തിമമായ ലക്ഷ്യം പടിപടിയായി ഇന്ത്യയ്ക്കു സ്വയഭരണം നല്കുകയെന്നതാണെന്ന് നിയമത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഈ നിയമത്തില്‍ പ്രവിശ്യകളില്‍ ദ്വിഭരണം ഏര്‍പ്പെടുത്താനും പ്രവിശ്യകളില്‍ കേന്ദ്രഗവണ്‍മെന്റിനുണ്ടായിരുന്ന നിയന്ത്രണത്തില്‍ അയവുവരുത്താനും കേന്ദ്ര നിയമനിര്‍മാണസഭയില്‍ അനൗദ്യോഗിക പ്രാതിനിധ്യം വര്‍ധിപ്പിക്കാനും വ്യവസ്ഥ ചെയ്തു. ഭരണവിഷയങ്ങളെ സെന്‍ട്രല്‍, പ്രൊവിന്‍ഷ്യല്‍ എന്നിങ്ങനെ രണ്ടായി വിഭജിച്ചു. അഖിലേന്ത്യാപ്രാധാന്യമുള്ള പ്രതിരോധം, വിദേശബന്ധം, കസ്റ്റംസ്, കമ്പി-തപാല്‍ തുടങ്ങിയ വിഷയങ്ങളാണ് സെന്‍ട്രല്‍ സബ്ജക്റ്റുകള്‍. പ്രവിശ്യകള്‍ക്ക് ഭരണസ്വാതന്ത്ര്യം നല്കിയിട്ടുള്ള പ്രാദേശിക സ്വയംഭരണം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, കൃഷി, ജലസേചനം തുടങ്ങിയ വിഷയങ്ങളാണ് പ്രൊവിന്‍ഷ്യല്‍ സബ്ജക്റ്റുകള്‍.

പ്രവിശ്യകളില്‍ ദ്വിഭരണം. പ്രൊവിന്‍ഷ്യല്‍ സബ്ജക്റ്റുകളെ റിസര്‍വ് ചെയ്യപ്പെട്ടവയെന്നും ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടവയെന്നും വിഭജിച്ചുകൊണ്ട് രണ്ടു തലത്തിലുള്ള ഭരണത്തിന് (Dyarchy) വ്യവസ്ഥ ചെയ്തു. ഗവര്‍ണറും എക്സിക്യൂട്ടീവ് കൗണ്‍സിലും ചേര്‍ന്നാണ് റിസര്‍വ് വിഷയങ്ങളുടെ ഭരണം നടത്തുന്നത്. ഇതില്‍ പ്രവിശ്യകളിലെ നിയമസഭയോട് ഇവര്‍ക്ക് ഉത്തരവാദിത്തമുണ്ടായിരിക്കുകയില്ല. ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ട വിഷയങ്ങളില്‍ നിയമസഭയോടുത്തരവാദിത്തമുള്ള മന്ത്രിമാരുമായി ചേര്‍ന്ന് ഗവര്‍ണര്‍ ഭരണം നടത്തുന്നു. 1921-ല്‍ എട്ടു പ്രവിശ്യകളിലാണ് ഈ സമ്പ്രദായം നടപ്പാക്കിയത്. ഇത് 1937 വരെ നിലവിലുണ്ടായിരുന്നു.

കേന്ദ്ര നിയമനിര്‍മാണസഭ. കേന്ദ്ര നിയമനിര്‍മാണസഭയ്ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നല്കിയില്ലെങ്കിലും അതിലെ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ സംഖ്യ വര്‍ധിപ്പിക്കുകയും അത് രണ്ട് സഭകളുള്ളതാക്കുകയും ചെയ്തു. കൗണ്‍സില്‍ ഒഫ് സ്റ്റേറ്റ് എന്ന ഉപരിസഭയിലെ മൊത്തം 60 അംഗങ്ങളില്‍ 34 പേര്‍ തിരഞ്ഞെടുക്കപ്പെടുന്നവരായി. കീഴ്സഭയായ ലെജിസ്ളേറ്റിവ് അസംബ്ലിയിലെ 144 അംഗങ്ങളില്‍ 104 പേര്‍ തിരഞ്ഞെടുക്കപ്പെട്ടവരായി. ബ്രിട്ടീഷ് ഇന്ത്യയെ മുഴുവനായി ബാധിക്കുന്ന നിയമനിര്‍മാണം നടത്താന്‍ കേന്ദ്ര പാര്‍ലമെന്റിന് അവകാശമുണ്ടായിരുന്നു. ഗവര്‍ണര്‍ ജനറലിന് കേന്ദ്രപാര്‍ലമെന്റിന്റെ നിയമനിര്‍മാണത്തില്‍ അധീശാധികാരങ്ങള്‍ നല്കിയിരുന്നു.

പ്രവിശ്യാ നിയമസഭകളിലെ അംഗങ്ങളിലെ 70 ശതമാനം തിരഞ്ഞെടുക്കപ്പെടുന്നു. ബജറ്റ് തയ്യാറാക്കാനും നികുതി ഏര്‍പ്പെടുത്താനും ഈ നിയമം പ്രവിശ്യകള്‍ക്കു അനുവാദം നല്കി. എന്നാല്‍ പ്രവിശ്യാനിയമനിര്‍മാണത്തില്‍ ഗവര്‍ണര്‍ ജനറലിന്റെ അധീശാധികാരങ്ങള്‍ നിലനിര്‍ത്തി.

സെക്രട്ടറി ഒഫ് സ്റ്റേറ്റിനുണ്ടായിരുന്ന പല അധികാരങ്ങളും ഗവര്‍ണര്‍ ജനറല്‍-ഇന്‍-കൗണ്‍സിലിന് കൈമാറി. ഇന്ത്യയ്ക്ക് ഒരു ഹൈക്കമ്മിഷണറെ നിയമിച്ചു. ഈ ഓഫീസര്‍ ഗവര്‍ണര്‍ ജനറല്‍-ഇന്‍-കൗണ്‍സിലിന്റെ അധികാരത്തിന്‍കീഴിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഈ ആക്റ്റിന്‍പ്രകാരം കേന്ദ്രത്തില്‍ രൂപവത്കരിച്ച എക്സിക്യൂട്ടീവ് കേന്ദ്ര നിയമനിര്‍മാണസഭയോടുത്തരവാദിത്തമുള്ളതായിരുന്നില്ല. നിയനിര്‍മാണസഭയെ മറികടന്ന് എക്സിക്യൂട്ടീവിന് തീരുമാനമെടുക്കാമായിരുന്നു.

നിയമത്തിന്റെ പോരായ്മകള്‍. (1) പ്രവിശ്യകള്‍ക്ക് അധികാരം നല്കിയെങ്കിലും കേന്ദ്രീകൃത ഭരണമാണ് തുടര്‍ന്നുപോരുന്നത്. (2) സാമ്പത്തികാധികാരങ്ങളും നിയമസഭയിലെ ഔദ്യോഗികാംഗങ്ങളുടെ മേലുള്ള നിയന്ത്രണവും ഉള്ളതിനാല്‍ ഗവര്‍ണര്‍ക്ക് മന്ത്രിമാരുടെ നയങ്ങളെ നിയന്ത്രിക്കാമായിരുന്നു. മന്ത്രിമാരെ പ്രവിശ്യാ നിയമസഭയോടുത്തരവാദിത്തമുള്ളവരാക്കുന്നതിനുള്ള വ്യവസ്ഥ ഈ നിയമത്തിലില്ലായിരുന്നു. മന്ത്രിമാരെ ഗവര്‍ണര്‍ നിയമിക്കുന്നു. ഗവര്‍ണര്‍ക്ക് മന്ത്രിമാരുടെ ഉപദേശം വിട്ട് പ്രവര്‍ത്തിക്കാനുള്ള സ്വതന്ത്രാവകാശമുണ്ടായിരന്നു. അപ്രകാരം ദ്വിഭരണംവഴി പ്രവിശ്യകള്‍ക്ക് നല്കിയ മന്ത്രിസഭാഭരണം പ്രയോജനപ്രദമായിരുന്നില്ല. ഈ നിയമം വ്യവസ്ഥ ചെയ്തിരുന്ന തിരഞ്ഞെടുപ്പു സമ്പ്രദായം കുറ്റമറ്റതായിരുന്നില്ല. വോട്ടവകാശം നല്കുന്നതില്‍ സാമുദായിക പരിഗണനയും സ്വത്തിന്റെ പരിഗണനയുമുണ്ടായിരുന്നു.

(ജെ.ആര്‍. സുഗുണ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍