This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഖുശ്വന്ത് സിങ് (1915 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഖുശ്വന്ത് സിങ് (1915 - )== Khushwant Singh ഇന്തോ-ആംഗ്ളിയന്‍ എഴുത്തുകാരനും പ...)
അടുത്ത വ്യത്യാസം →
15:46, 5 ഓഗസ്റ്റ് 2015-നു നിലവിലുണ്ടായിരുന്ന രൂപം
ഖുശ്വന്ത് സിങ് (1915 - )
Khushwant Singh
ഇന്തോ-ആംഗ്ളിയന്‍ എഴുത്തുകാരനും പത്രപ്രവര്‍ത്തകനും. 1915 ഫെ. 2-ന് ഇപ്പോള്‍ പാകിസ്താന്റെ ഭാഗമായ ഹദലിയില്‍ ജനിച്ചു. ലണ്ടനില്‍ നിന്ന് ബാരിസ്റ്റര്‍ പരീക്ഷ പാസായ സിങ് 1939-47 കാലത്ത് ലാഹോര്‍ ഹൈക്കോടതിയില്‍ വക്കീലായിരന്നു. സ്വാതന്ത്യ്രാനന്തരം ലണ്ടനിലെ ഹൈക്കമ്മിഷണര്‍ ആഫീസിലും യുണെസ്കോയിലും വിവിധനിലകളില്‍ പ്രവര്‍ത്തിച്ചശേഷമാണ് ഇദ്ദേഹം സ്വതന്ത്ര സാഹിത്യപ്രവര്‍ത്തനത്തിനും പത്രപ്രവര്‍ത്തനത്തിനുമായി മുഴുവന്‍ സമയവും വിനിയോഗിക്കാന്‍ തുടങ്ങിയത്.
ഇന്ത്യയിലെ ഇംഗ്ലീഷ് പത്രപ്രവര്‍ത്തനത്തിന് നവരൂപം നല്കിയ സിങ് 1969-78-ല്‍ ഇലസ്ട്രെയ്റ്റഡ് വീക്ലിയുടെയും പിന്നീട് ന്യൂഡല്‍ഹി, ഹിന്ദുസ്ഥാന്‍ ടൈംസ് എന്നിവയുടെയും പത്രാധിപരായി. പെന്‍ഗ്വിന്‍(ഇന്ത്യ)ന്റെ ഉപദേശകപത്രാധിപരാണ്. ഇദ്ദേഹത്തിന്റെ പ്രസിദ്ധ ലേഖനപരമ്പരകളില്‍ ഗോസിപ് സ്വീറ്റ് ആന്‍ഡ് സവര്‍ (Gossip sweet and sour), വിത് മാലിസ് ടുവണ്‍ ആന്‍ഡ് ആള്‍ (With Malice to one and all) എന്നിവ പെടുന്നു. ഇപ്പോള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനായി ഡല്‍ഹിയില്‍ വസിക്കുന്നു.
എന്നും വിവാദപുരുഷനാകാന്‍ ആഗ്രഹിച്ച ഖുശ്വന്ത്സിങ് രാഷ്ട്രീയരംഗത്തും കുറേക്കാലം പ്രവര്‍ത്തിച്ചു. 1980-ല്‍ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായി. ഖാലിസ്ഥാന്‍ വാദികള്‍ അഭയം തേടിയ അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ പൊലീസ് കടന്നതില്‍ (ഓപ്പറേഷന്‍ ബ്ളൂസ്റ്റാര്‍, 1984) പ്രതിഷേധിച്ച് തനിക്കു കിട്ടിയ പദ്മഭൂഷണ്‍ ബഹുമതി തിരിച്ചുകൊടുത്തു.
സിക്ക് ജനതയുടെ സാംസ്കാരിക ചരിത്രത്തില്‍ ആവേശംകൊണ്ട് അവരുടെ കഥകളുമായി സാഹിത്യരംഗത്തു പ്രവേശിച്ച ഇദ്ദേഹം ഇംഗ്ലീഷില്‍ എഴുതിയ കഥകള്‍ക്കാണ് പ്രചാരം കിട്ടിയത്. ട്രെയിന്‍ റ്റു പാകിസ്താന്‍ (Train to Pakistan), മനോമജ്റാ എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യാവിഭജനകാലത്ത് പാകിസ്താന്‍ അതിര്‍ത്തിയില്‍ നടന്ന മനുഷ്യക്കുരുതിയുടെ ഹൃദയസ്പൃക്കായ കഥയാണ്. ജീവിതത്തെ സമകാലിക ചരിത്രവുമായി ബന്ധപ്പെടുത്താനും അനുഭൂതിയായി സംവേദിപ്പിക്കാനും കഴിഞ്ഞ സിങ്ങിന്റെ മറ്റു രണ്ടു പ്രസിദ്ധനോവലുകളാണ് ഐ ഷാല്‍ നോട് ഹീയര്‍ ദ് നൈറ്റിങ്ഗെയ്ല്‍ (I shall not hear the Nightingale), ലസ്റ്റ് ആന്‍ഡ് ലോണ്‍ലി സിറ്റി (Lust and lonely city) എന്നിവ. ആധുനിക കഥാസാഹിത്യത്തിലെ റിയലിസ്റ്റു സമ്പ്രദായവും ചരിത്രപരമായ സമീപനവും സമന്വയിക്കാന്‍ ഖുശ്വന്ത്സിങ്ങിനു കഴിഞ്ഞു. സിക്കുകാരുടെ ആധികാരികചരിത്രവും ഇദ്ദേഹം രചിച്ചു-എ ഹിസ്റ്ററി ഒഫ് ദ് സിഖ്സ്. മുപ്പതോളം കൃതികളുടെ കര്‍ത്താവായ സിങ്ങിന്റെ പ്രസിദ്ധമായ മറ്റു ചില രചനകള്‍: ദ് മാര്‍ക്ക് ഒഫ് വിഷ്ണു ആന്‍ഡ് അദര്‍ സ്റ്റോറീസ് (The Mark of Vishnu and other stories), ദ് വോയ്സ് ഒഫ് ഗോഡ് ആന്‍ഡ് അദര്‍ സ്റ്റോറീസ് (The voice of God and other stories), എ ബ്രൈഡ് ഫോര്‍ ദ് സാഹിബ് ആന്‍ഡ് അദര്‍ സ്റ്റോറീസ് (A Bride for the Sahib and other stories), ബ്ലാക്ക് ജാസ്മിന്‍ (Black Jasmine).
ഇന്തോ-ആംഗ്ളിയന്‍ എഴുത്തുകാരനായ രാഹുല്‍ സിങ് ഇദ്ദേഹത്തിന്റെ പുത്രനാണ്.