This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖാല്‍സ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഖാല്‍സ== Khalsa സിക്ക് ഗുരുവായ ഗുരു ഗോവിന്ദ്സിങ് സംഘടിപ്പിച്ച മ...)
അടുത്ത വ്യത്യാസം →

16:35, 4 ഓഗസ്റ്റ്‌ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഖാല്‍സ

Khalsa

സിക്ക് ഗുരുവായ ഗുരു ഗോവിന്ദ്സിങ് സംഘടിപ്പിച്ച മത-സൈനിക-സാമൂഹിക പ്രസ്ഥാനം. സിക്ക് മതസ്ഥര്‍ക്കു മുഗളന്മാരുടെയും ഇതര മതസ്ഥരുടെയും പീഡനങ്ങളില്‍നിന്നു ശാശ്വത മോചനം നേടിക്കൊടുക്കുന്നതിനുവേണ്ടിയാണ് ഇതു സംഘടിപ്പിച്ചത്. അത് സിക്കുമതക്കാരെ അനാചാരങ്ങളില്‍നിന്നു മുക്തമാക്കി. മതപരമായ വിശ്വാസപ്രമാണങ്ങള്‍ നിര്‍ഭയം ആചരിക്കുന്നതിന് അവര്‍ക്കു സംഘടനാബലം ആവശ്യമായിരുന്നു. ഖാല്‍സയുടെ രൂപവത്കരണത്തിന്റെ പ്രസക്തി വ്യക്തമാക്കുന്ന കൂട്ടത്തില്‍ ഗുരു ഗോവിന്ദസിങ് പ്രഖ്യാപിച്ചു: 'സ്വ വിശ്വാസവിചാരങ്ങളെ സംരക്ഷിക്കുന്നതിന് മറ്റെല്ലാ മാര്‍ഗങ്ങളും ഉപകരിക്കാതെ വരുമ്പോള്‍ ഉറയില്‍നിന്നു വാള്‍ ഊരി യഥായോഗ്യം പ്രയോഗിക്കുക. അതു ന്യായമാണ്. ഖാല്‍സയിലെ ഓരോ അംഗവും സദാസമയം ഖഡ്ഗധാരിയാണ്. തികഞ്ഞ ഒരു മാന്യനാണ് അയാള്‍. എന്നാല്‍ അസഹ്യനായ ഏകാധിപതിയെ നേരിടുകയോ സത്യാധര്‍മാദികളുടെ സംരക്ഷണം ഏറ്റെടുക്കുകയോ ന്യായമായ മാര്‍ഗത്തില്‍നിന്ന് വ്യതിചലിക്കുന്ന ഭരണാധികാരിയെ സന്മാര്‍ഗത്തിലേക്കു കൊണ്ടുവരികയോ ചെയ്യേണ്ടിവരുമ്പോള്‍ ഖാല്‍സയിലെ അംഗം അയാളുടെ വാള്‍ ഉറയില്‍നിന്ന് ഊരി യഥാവിധി അധര്‍മത്തിനെതിരെ പ്രവര്‍ത്തിച്ചേ മതിയാകൂ. പക്ഷേ ഈ മാര്‍ഗം അവസാനത്തേതുമാത്രമാണ് എന്നു ഓര്‍മവേണം'. ഗുരു ഗോവിന്ദ്സിങ് ദുഷ്ടനിഗ്രഹവും ധര്‍മപരിപാലനവും സജ്ജനപരിപാലനവുമാണ് ദൈവത്തിന്റെ അവിഭാജ്യ ഗുണങ്ങളായി കണ്ടെത്തിയത്. അതുകൊണ്ട് ഇവ ലോകത്തില്‍ പുലര്‍ത്തുക എന്നതായിത്തീര്‍ന്നു ഖാല്‍സ എന്ന ധര്‍മസംഘത്തിന്റെ ചുമതല. ദൈവനീതി പുലര്‍ത്തുന്നതിന് ദുഷ്ടജന നിഗ്രഹവും സാധുജന മോചനവും ഒരേസമയം ചെയ്യേണ്ടതുകൊണ്ട് ധര്‍മഭടനായ ഖാല്‍സ അംഗം ഏതു സമയവും പ്രവര്‍ത്തന സന്നദ്ധനായിരിക്കണം. ഖാല്‍സ അംഗത്തിന് മാനസികവും ശാരീരികവും ആയ ധൈര്യം പകരുന്നതിന് ഗുരു ഗോവിന്ദ്സിങ് ബ്രഹ്മസംരക്ഷകനായ ദൈവത്തിന് പേരുകളും നല്‍കി: അകാല്‍ (കാലമില്ലാത്തവന്‍), മഹാലോഹ് (ഉരുക്കു മഹാന്‍), സര്‍വകാല്‍ (സര്‍വനാശം), മഹാകാല്‍ (മഹാനായ മരണം), അശികേതു (ഖഡ്ഗം പതാകയാക്കിയവന്‍), അശിപാണി (കൈയില്‍ ഖഡ്ഗം ധരിച്ചവന്‍) എന്നിവ.

സിക്കുമതാനുയായികളെ സുശക്തവും ദോഷരഹിതവുമായ സമൂഹമാക്കിത്തീര്‍ക്കുന്നതിന് യത്നിച്ച ഗുരു സിക്കുകാരില്‍ അന്നുവരെ കണ്ടിരുന്ന കുറ്റങ്ങള്‍ അകറ്റുന്നതിലും ശുഷ്കാന്തികാണിച്ചു. സിക്കുസമുദായത്തില്‍ അശരണരുണ്ടായിരുന്നു; ഭീരുക്കളും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുനിന്ന സാമൂഹിക ദ്രോഹികളുമുണ്ടായിരുന്നു; ജാതിഭ്രാന്തന്മാര്‍ ഉണ്ടായിരുന്നു; സമൂഹത്തിന്റെ പൊതുവായ നന്മയ്ക്കുവേണ്ടി സ്വാര്‍ഥത കളയുവാന്‍ മടിച്ചവര്‍ ഉണ്ടായിരുന്നു. ഭീരുക്കളായിരുന്നു ഗുരുവിനെ അലട്ടിയ ഏറ്റവും വലിയ ദുഃഖം. സിക്ക്-ഹിന്ദു ജനതയില്‍നിന്ന് സ്വാര്‍ഥതയും ഭീരുത്വവും നിഷ്കാസനം ചെയ്യപ്പെടുന്ന കാലത്തുമാത്രമേ അവര്‍ക്കു മോചനവും രാഷ്ട്രീയമായ നിലനില്‍പ്പും ഉണ്ടാകൂ എന്ന് ഗുരു ശക്തിയുക്തം വിശ്വസിച്ചു. തന്റെ വിശ്വാസം ശാശ്വതീകരിക്കാന്‍ അദ്ദേഹം ആരെക്കാളും ഏറെ പ്രവര്‍ത്തിക്കുകയും ചെയ്തു. വളരെയേറെ ഗഹനമായി ചിന്തിച്ചതിനുശേഷം തന്റെ അനുയായികളില്‍ ഒരു മഹത്തായ സാമൂഹിക-സാംസ്കാരിക പരിവര്‍ത്തനം വരുത്തുവാന്‍ തീരുമാനിക്കുകയും അതിന്റെ ഫലമായി ഖാല്‍സ പ്രസ്ഥാനം രൂപവത്കരിക്കുകയും ചെയ്തു. അതിന്റെ മുന്നോടിയായി 1699-ല്‍ വൈശാഖി ദിവസം ആനന്ദ്പൂരില്‍ സിക്കുമതാനുയായികളുടെ ഒരു വമ്പിച്ച മഹായോഗം വിളിച്ചുകൂട്ടി. വൈശാഖി ദിവസത്തിന്റെ തലേന്ന് കാഷ്ഗാറില്‍ ഗുരു ഒരു രാജകീയ സദസ്സ് നടത്തി. നാടകീയമായിത്തന്നെ ഈ സദസ്സില്‍വച്ച് തനിക്കും, അതായത്, ഗുരുവിനും അവരുടെ മതത്തിനുംവേണ്ടി ജീവന്‍പോലും ബലിയര്‍പ്പിക്കുവാന്‍ കഴിവുള്ളവര്‍ മുന്നോട്ടുവരുവാന്‍ അദ്ദേഹം അനുയായികളോട് ആവശ്യപ്പെട്ടു. വികാരഭരിതമായ ഒരു പ്രസംഗം ചെയ്ത് തന്റെ അനുയായികളെ ആവേശം കൊള്ളിച്ചുവെങ്കിലും ആദ്യം ദയാറാം, ധരംദാസ്, മൊഖംചന്ദ്, സാഹിബ് ചന്ദ്, ഹിമ്മത്ത്റായി എന്നിവര്‍ മാത്രമാണ് ഇതിന് തയ്യാറായത്. ഗുരു ഇവരെ ഖാല്‍സയായി (നിര്‍മലന്മാരായി) പ്രഖ്യാപനംചെയ്ത് സമൂഹത്തില്‍ ഏറ്റവും ശ്രേഷ്ഠമായ പദവി നല്‍കി. ഖാല്‍സയായിത്തീരുന്നതിന് ഗുരു 'ഖണ്ഡേകാ പഹൂല്‍' എന്ന ചടങ്ങും ആവിഷ്കരിച്ചു. ഈ ചടങ്ങനുസരിച്ച് ഖാല്‍സയിലെ ഒരംഗമാകുന്ന ഒരാള്‍ക്ക് ഇരുതലവാള്‍ത്തലകൊണ്ട് തീര്‍ഥം സ്വീകരിക്കേണ്ടിവരുന്നു. ഇവരെ ഗുരു 'സിംഹ്' (സിങ്) എന്ന് ചേര്‍ത്ത് പേരുനല്കി. അങ്ങനെ ആദ്യത്തെ അഞ്ചു ഖാല്‍സ അംഗങ്ങള്‍ ദയാസിങ്, ധരംസിങ്, മൊഖംസിങ്, സാഹിബ് സിങ്, ഹിമ്മത്സിങ് എന്നിവരായി അറിയപ്പെടുന്നു. ഗുരു ഗോവിന്ദും 'ഖണ്ഡേകാപഹൂല്‍' സ്വീകരിച്ച് ഗുരുഗോവിന്ദ് സിങ്ങായിത്തീര്‍ന്നു. ഇതിലൂടെ ഖാല്‍സ അംഗങ്ങളെ യഥാര്‍ഥത്തില്‍ സിംഹപരാക്രമികളാക്കിത്തീര്‍ത്തു. ഗുരുവും അനുയായികളും തമ്മില്‍ ഇതോടെ ദൃഢവും ആത്മാര്‍ഥത നിറഞ്ഞതുമായ ബന്ധം സിക്കുജനസമൂഹത്തില്‍ ഉടലെടുത്തു. തത്ഫലമായി 'ഗുരു ഖാല്‍സയും ഖാല്‍സ ഗുരുവും' എന്ന വിശ്വാസം ഉടലെടുത്തു. ഖാല്‍സയിലെ അംഗങ്ങളെല്ലാം ജാതിവ്യത്യാസവും സ്ഥിതിവ്യത്യാസവും ഇല്ലാത്ത തുല്യ പദവിയും തുല്യ പ്രാധാന്യവുമുള്ള സമൂഹാംഗങ്ങളായി. മറ്റുള്ളവരില്‍ നിന്ന് ഖാല്‍സ അംഗങ്ങളെ തിരിച്ചറിയുന്നതിലേക്ക് അവര്‍ക്ക് ചില ബാഹ്യമായ വേഷവിധാനങ്ങള്‍ ഗുരു ഗോവിന്ദ് സിങ് നിര്‍ബന്ധമാക്കി. ആ അടയാളങ്ങളെ 'പഞ്ചകകാര'ങ്ങളെന്ന് പറയുന്നു. ഓരോ ഖാല്‍സ അംഗവും കേശം (നീണ്ടമുടി), കങ്കം (ചീപ്പ്), കച്ച (അടിവസ്ത്രം), കാര (ഇരുമ്പുവള), കൃപാണ്‍ (വാള്‍) എന്നിവ എപ്പോഴും ധരിച്ചിരിക്കണം എന്നാണ് നിബന്ധന. അത് ഖാല്‍സ അംഗങ്ങള്‍ അക്ഷരംപ്രതി അതീവ നിഷ്ഠയോടെ അനുസരിക്കുകയും ഗുരുവാക്യങ്ങളെല്ലാം അത്യധികം ആദരിക്കുകയും ചെയ്യുന്നു. ഖാല്‍സ അംഗങ്ങള്‍ക്ക് ഒരു പ്രത്യേക സ്വഭാവരീതിയും നടപ്പില്‍വരുത്തി. ഖാല്‍സ രൂപവത്കരണം സിക്കുകാരില്‍ ഒരു മാന്ത്രികഫലംതന്നെ സൃഷ്ടിച്ചു. ഗുരുവിന്റെ ഓരോ സദ്വിചാരങ്ങളും സിക്കുസമൂഹത്തിന്റെയും സദൃഢമായ കെട്ടുറപ്പിന് കാരണമായിട്ടുണ്ട്.

(ഡോ. എ.ജി. മേനോന്‍; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%96%E0%B4%BE%E0%B4%B2%E0%B5%8D%E2%80%8D%E0%B4%B8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍