This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖാന്‍ മുഹമ്മദ് സഫറുള്ള

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഖാന്‍ മുഹമ്മദ് സഫറുള്ള == Khan, Muhammad Zafarullah (1893 - 1985) ഇന്ത്യന്‍ സ്വാതന്ത്...)
അടുത്ത വ്യത്യാസം →

16:02, 4 ഓഗസ്റ്റ്‌ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഖാന്‍ മുഹമ്മദ് സഫറുള്ള

Khan, Muhammad Zafarullah (1893 - 1985)

ഇന്ത്യന്‍ സ്വാതന്ത്യ്ര സമരനേതാവ്. പഞ്ചാബിലെ സിയാല്‍ക്കോട്ടില്‍ 1893 ഫെ. 6-ന് അഭിഭാഷകനായ നസ്രുള്ളഖാന്റെയും ഹുസൈന്‍ ബീവിയുടെയും പുത്രനായി ജനിച്ചു. ലാഹോര്‍ ഗവണ്‍മെന്റ് കോളജില്‍ നിന്ന് ബി.എ. (ഓണേഴ്സ്) ബിരുദം നേടിയശേഷം ലണ്ടനിലെ ലിങ്കണ്‍ ഇന്‍സില്‍ നിന്ന് എല്‍.എല്‍.ബി. (ഓണേഴ്സ്)യും ബാരിസ്റ്റര്‍ പരീക്ഷയും പാസായി.

സിയാല്‍ക്കോട്ടില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചതിനുശേഷം (1914-16) സഫറുള്ളാ ഖാന്‍ ലാഹോര്‍ ഹൈക്കോര്‍ട്ടിലേക്ക് പ്രവൃത്തിരംഗം മാറ്റി. ഇതേസമയം തന്നെ ഇദ്ദേഹം ഇന്ത്യന്‍ കേസസ് (Indian Cases) എന്ന പേരില്‍ ഒരു ലാ ജേണല്‍ തുടങ്ങുകയും ലാഹോര്‍ യൂണിവേഴ്സിറ്റി കോളജില്‍ നിയമാധ്യാപകനായി പ്രവര്‍ത്തിക്കുകയും ചെയ്തു (1918-24). തുടര്‍ന്ന് പഞ്ചാബ് ലജിസ്ളേറ്റീവ് കൌണ്‍സിലിലെ അംഗമായിത്തീര്‍ന്നു (1926-31). പ്രവിശ്യാ റിഫോം കമ്മിറ്റിയിലെ (Provincial Reform Committee) അംഗമാകാനും സഫറുള്ളയ്ക്ക് കഴിഞ്ഞു (1928). 1930-32 കാലത്ത് വട്ടമേശ സമ്മേളനത്തില്‍ ഇന്ത്യയുടെ പ്രതിനിധികളിലൊരാളായി പങ്കെടുത്ത സഫറുള്ള, 1931-ല്‍ ആള്‍ ഇന്ത്യ മുസ്ലിംലീഗിന്റെ അധ്യക്ഷനായി. തുടര്‍ന്ന് വൈസ്രോയിയുടെ എക്സിക്യുട്ടീവ് കൌണ്‍സിലംഗമായി (1932-34). കൌണ്‍സിലില്‍ വിദ്യാഭ്യാസം, ആരോഗ്യം, ഭൂമി കൈകാര്യം ചെയ്യല്‍ (1932), വാണിജ്യം, റെയില്‍വേ (1932), നിയമം, സപ്ളൈ (1934) എന്നിവയുടെ ഉത്തരവാദിത്തമാണ് ഖാന്‍ വഹിച്ചത്. തുടര്‍ന്ന് 1941-47 കാലഘട്ടത്തില്‍ സഫറുള്ളാ ഖാന്‍ ഇന്ത്യയിലെ ഫെഡറല്‍ കോര്‍ട്ടിലെ ജഡ്ജിയായി. ഇതിനിടയില്‍ 1942-ല്‍ കുറച്ചു മാസക്കാലം ചൈനയില്‍ ഇന്ത്യാ സര്‍ക്കാരിന്റെ ഏജന്റ് ജനറലായും സേവനമനുഷ്ഠിച്ചു.

പാകിസ്താന്റെ പിറവിയോടെ സഫറുള്ള പാകിസ്താന്‍ വിദേശകാര്യ മന്ത്രിയായി. വിദേശമന്ത്രി എന്ന നിലയ്ക്ക് പല രാജ്യങ്ങളിലേക്കും പ്രതിനിധി സംഘങ്ങളെ നയിച്ചു. സീറ്റൊ (SEATO), യു.എന്‍.ഒ. മുതലായവയില്‍ പാകിസ്താന്റെ നിലപാട് വിശദീകരിച്ചു കൊടുത്തു. ഇദ്ദേഹം 1961 മുതല്‍ 64 വരെ യു.എന്‍.ഒ.യിലെ സ്ഥിരം പാകിസ്താന്‍ പ്രതിനിധിയായിരുന്നു. 1964-ല്‍ ഇദ്ദേഹം ഹേഗിലെ അന്തര്‍ദേശീയ നീതിന്യായക്കോടതിയിലെ ജഡ്ജിയായി നിയമിതനായി. പിന്നീട് സൌദിഅറേബ്യയിലേക്കും തുടര്‍ന്ന് 1973 മുതല്‍ ഇംഗ്ളണ്ടിലും ജീവിതം ചെലവിട്ട ഇദ്ദേഹം 1983-ല്‍ തിരികെ നാട്ടിലേക്കുമടങ്ങി.

സാഹിത്യകാരനും ഗ്രന്ഥകാരനും കൂടിയായിരുന്നു സഫറുള്ള ഖാന്‍. ദി ഇന്ത്യന്‍ കേസസ് (The Indian Cases), ദ് ക്രിമിനല്‍ ലോ ജേര്‍ണല്‍ (The Criminal Law Journal) എന്നീ രണ്ട് ആനുകാലികപ്രസിദ്ധീകരണം കൂടാതെ ഇദ്ദേഹം പലസ്തീന്‍ ആന്‍ഡ് യുണൈറ്റഡ് നേഷന്‍സ് (Palestine and United Nations), ഇന്ത്യ ആന്‍ഡ് ചൈന (India and China), ഫോറിന്‍ പോളിസി ഒഫ് പാകിസ്താന്‍ (Foreign policy of Pakistan) എന്നീ കൃതികളും രചിച്ചിട്ടുണ്ട്.

1985 സെപ്. 1-ന് സഫറുള്ള ഖാന്‍ അന്തരിച്ചു.

(പ്രൊഫ. എ.ജി. മേനോന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍