This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഖാന്‍, അമീര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഖാന്‍, അമീര്‍== Khan, Amir (1965 - ) ഹിന്ദി ചലച്ചിത്രനടനും സംവിധായകനും നി...)
അടുത്ത വ്യത്യാസം →
15:13, 4 ഓഗസ്റ്റ് 2015-നു നിലവിലുണ്ടായിരുന്ന രൂപം
ഖാന്‍, അമീര്‍
Khan, Amir (1965 - )
ഹിന്ദി ചലച്ചിത്രനടനും സംവിധായകനും നിര്‍മാതാവുമായ ബഹുമുഖപ്രതിഭ. ചലച്ചിത്ര പാരമ്പര്യമുള്ള ഒരു കുടുംബത്തില്‍ പ്രശസ്ത ചലച്ചിത്രനിര്‍മാതാവായ താഹിര്‍ ഹുസൈന്റെ മകനായി 1965 മാ. 14-ന് മുംബൈയില്‍ ജനിച്ചു. അമ്മാവന്‍ നാസിര്‍ ഹുസൈന്‍, ചലച്ചിത്ര നിര്‍മാതാവും സംവിധായകനും നടനുമായിരുന്നു.
8-ാം വയസ്സില്‍ നാസിര്‍ ഹുസൈന്റെ 'യാദോം കി ബാരാത്ത്' (1973), 'മദോഷ്' (1974) എന്നീ സിനിമകളില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ചു. പിന്നീട് 19-ാം വയസ്സില്‍ കേതന്‍ മേഹ്തയുടെ 'ഹോളി' (1984) എന്ന ചിത്രത്തിലും അഭിനയിക്കുകയുണ്ടായി. എന്നാല്‍ 1988-ല്‍ നാസിര്‍ ഹുസൈന്റെ മകന്‍ മന്‍സൂര്‍ ഖാന്‍ സംവിധാനം ചെയ്ത 'ഖയാമത് സേ ഖയാമത് തക്' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടിയത്. ചിത്രം വലിയ നിലയില്‍ വാണിജ്യവിജയം നേടി. തുടക്കത്തില്‍ 'ചോക്കലേറ്റ്' താരം എന്ന നിലയില്‍ അറിയപ്പെട്ടിരുന്ന അമീര്‍ ഖാന്‍ 'റാഖ്' എന്ന ചിത്രത്തിലൂടെ സ്വഭാവനടനിലേക്ക് മാറി. ഈ ചിത്രത്തിലെ അഭിനയത്തിനാണ് ഇദ്ദേഹത്തിന് ആദ്യമായി ദേശീയതലത്തില്‍ സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചത്. 80-കളിലും 90-കളിലുമായി പുറത്തിറങ്ങിയ 'ദില്‍' (1990), 'ദില്‍ ഹെ കീ മാന്‍താ നഹിം' (1993), 'ജോ ജീതാ വഹി സിക്കന്ദര്‍' (1992), 'ഹം ഹേ രഹി പ്യാര്‍ കെ' (1993), 'രംഗീല' (1995) തുടങ്ങിയ ചിത്രങ്ങള്‍ ഒരേ സമയം ചലച്ചിത്രാസ്വാദകരുടെയും ആരാധകരുടെയും അംഗീകാരം നേടിയെടുത്തു. വേഷങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ അതീവ ശ്രദ്ധാലുവായിരുന്ന അമീര്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങളില്‍ മാത്രമാണ് അഭിനയിച്ചത്. 1996-ല്‍ പുറത്തിറങ്ങിയ 'രാജാ ഹിന്ദുസ്ഥാനി'യിലൂടെ ആദ്യമായി മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ഇദ്ദേഹത്തിന് ലഭിച്ചു. 1990-കളുടെ രണ്ടാം പകുതിയില്‍ അമീറിന്റെ ഒട്ടുമിക്ക ചിത്രങ്ങളും പഴയ വിജയം ആവര്‍ത്തിച്ചില്ല. എന്നിരുന്നാലും 'ഗുലാം', 'സര്‍ഫറോഫ്' തുടങ്ങിയ ചിത്രങ്ങള്‍ ഒരു മികച്ച അഭിനേതാവ് എന്ന ഖ്യാതി ഇദ്ദേഹത്തിന് നേടിക്കൊടുത്തു. ഇതേ കാലഘട്ടത്തില്‍ തന്നെയാണ് സമാന്തര സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ഇദ്ദേഹം കൈകാര്യം ചെയ്തത്. ദീപാ മേത്തയുടെ 'എര്‍ത്ത്', നിരവധി അന്താരാഷ്ട്രമേളകളില്‍ ഇടംനേടി.
2001-ല്‍ പുറത്തിറങ്ങിയ 'ലഗാന്‍' ഇന്ത്യന്‍ ചലച്ചിത്ര രംഗത്തുതന്നെ വലിയ ദൃശ്യചാരുത നല്‍കിയ ചരിത്രസംബന്ധിയായ ചിത്രമായിരുന്നു. 74-ാമത് അക്കാദമി അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം ദേശീയതലത്തിലും നിരവധി അവാര്‍ഡുകള്‍ നേടി. അമീര്‍ഖാന് രണ്ടാമത്തെ തവണ ഫിലിം ഫെയര്‍ അവാര്‍ഡു നേടിക്കൊടുത്തത് 'ലഗാനി'ലെ അഭിനയമികവാണ്. തുടര്‍ന്ന് 'ദില്‍ ചാഹ്താഹേ', 'മംഗല്‍ പാണ്ഡേ: ദി റൈസിങ്', 'രംഗ് ദേ ബസന്തി', 'ഫനാ', 'ഗജിനി', ' 3 ഇഡിയറ്റ്സ്' തുടങ്ങിയ ചിത്രങ്ങളും ഒരേസമയം വിമര്‍ശകരുടെയും ആസ്വാദകരുടെയും അഭിനന്ദനങ്ങള്‍ക്ക് വഴിയൊരുക്കി.
2007-ല്‍ അമീര്‍ഖാന്‍ ആദ്യമായി സംവിധാനം ചെയ്ത 'താരേ സമീന്‍ പര്‍' അഭിനേതാവ്, സംവിധായകന്‍, നിര്‍മാതാവ് (അമീര്‍ഖാന്‍ പ്രൊഡക്ഷന്‍സ്) എന്നീ നിലകളിലെല്ലാം ആ ബഹുമുഖപ്രതിഭയുടെ സാന്നിധ്യം പ്രേക്ഷകലോകത്തെ വിളിച്ചറിയിച്ചു. 2012-നകം 17 തവണ മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡിനായി ഇദ്ദേഹം നാമനിര്‍ദേശം ചെയ്യപ്പെട്ടു. അമീര്‍ ഖാന്‍ നാലു തവണ മികച്ച നടനുള്ള അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. ചലച്ചിത്രത്തിനു പുറമേ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും അമീര്‍ ഖാന്‍ തന്റെ നിലപാടുകള്‍ തുറന്നു പറയുകയും ജനകീയ സമരരംഗത്ത് സാന്നിധ്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്. നര്‍മദാ ബചാവോ ആന്ദോളന്‍, അന്നാ ഹസാരേയുടെ ജനലോക്പാല്‍ ബില്‍ സമരവേദികളിലും ഇദ്ദേഹം പിന്തുണയറിയിച്ചുകൊണ്ട് പങ്കെടുത്തു. ഇന്ത്യന്‍ സാമൂഹ്യ യാഥാര്‍ഥ്യങ്ങളെ തുറന്നുകാണിക്കുന്ന 'സത്യമേവ ജയതേ' എന്ന ടി.വി. പരമ്പര ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെതന്നെ വേറിട്ട ഒരു പരമ്പരയായിരുന്നു.