This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഖലീല്‍ ബിന്‍ അഹ്മദ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഖലീല്‍ ബിന്‍ അഹ്മദ് == Khalil ibn Ahmad (712 - 78) അറബികാവ്യശാസ്ത്രജ്ഞനും വ്...)
അടുത്ത വ്യത്യാസം →
15:02, 4 ഓഗസ്റ്റ് 2015-നു നിലവിലുണ്ടായിരുന്ന രൂപം
ഖലീല്‍ ബിന്‍ അഹ്മദ്
Khalil ibn Ahmad (712 - 78)
അറബികാവ്യശാസ്ത്രജ്ഞനും വ്യാകരണ പണ്ഡിതനും. അബൂ അബ്ദര്‍ റഹ്മാന്‍ അല്‍ ഖലീല്‍ ബിന്‍ അഹ്മദ് അല്‍ഫറാഹീദി എന്നാണ് പൂര്‍ണനാമം. എ.ഡി. 712-ല്‍ ബസറയില്‍ ജനിച്ചു. അതിനാല്‍ അല്‍ബസരീ എന്നും പേരിനൊപ്പം ചേര്‍ത്തു പറയാറുണ്ട്.
അറബിഭാഷാവ്യാകരണ നിയമങ്ങള്‍ ക്രോഡീകരിച്ചതാണ് ഖലീലിന്റെ പ്രധാന നേട്ടം. സംഗീതത്തിലും അഭിജ്ഞനായിരുന്നു ഖലീല്‍. അറബിപദ്യശാസ്ത്രത്തിനു ഖലീലിന്റെ മഹത്തായ സംഭാവനയാണ് വൃത്തങ്ങളുടെ ക്രോഡീകരണമായ കിതാബുല്‍ അറൂള് എന്ന പേരില്‍ പ്രസിദ്ധമായ കൃതി. അറബി പദ്യശാഖയില്‍ ഇന്ന് ഉപയോഗത്തിലുള്ള പതിനാറ് വൃത്തങ്ങളില്‍ പതിനഞ്ചും ഖലീല്‍ ആവിഷ്കരിച്ചതാണ്. ഗുരു-ലഘുക്കളുടെ അടിസ്ഥാനത്തില്‍ പദ്യപാദങ്ങളെ വിഭജിച്ച് വര്‍ഗീകരിച്ചു. ഖലീലിന്റെ കൃതികളില്‍ പ്രധാനമായ മറ്റൊന്ന് കിതാബുല്‍ 'ഐന്‍' ആകുന്നു. പദങ്ങളുടെ അക്ഷരക്രമത്തിലുള്ള പട്ടികയാണ് ഇത്. തൊണ്ട, നാക്ക്, പല്ല്, ചുണ്ട് എന്നിവ ഉപയോഗിച്ചുള്ള ഉച്ചാരണത്തിന്റെ അടിസ്ഥാനത്തില്‍ അക്ഷരങ്ങള്‍ ക്രോഡീകരിച്ചതിനാല്‍ ഐന്‍ ആണ് ആദ്യക്ഷരം. അന്നത്തെ സമ്പ്രദായമനുസരിച്ച് ആദ്യക്ഷരനാമം ഗ്രന്ഥത്തിനും നല്കി. ഈ ഗ്രന്ഥം പൂര്‍ത്തിയാക്കാന്‍ ഇദ്ദേഹത്തിനു സാധിച്ചില്ല. സംഗീതത്തെപ്പറ്റി കിത്താബുന്നഗം, കിതാബുല്‍ ഈഖാഇ് എന്നീ ഗ്രന്ഥങ്ങളും ശബ്ദത്തെപ്പറ്റി കിതാബുന്നക്ദ് വഷ്ഷക്ല്‍ എന്ന ഗ്രന്ഥവും ഖലീല്‍ രചിച്ചു. ലണ്ടന്‍, ബര്‍ലിന്‍ ഇസ്താന്‍ബൂള്‍ തുടങ്ങിയ സ്ഥലങ്ങളിലെ ലൈബ്രറികളില്‍ ഖലീലിന്റെ ചില കൃതികള്‍ ലഭ്യമാണ്.
778-ല്‍ പള്ളിയുടെ തൂണില്‍ തലയിടിച്ച് ഖലീല്‍ മരണമടഞ്ഞു. പ്രസിദ്ധവ്യാകരണജ്ഞനായ സീബവയ്ഹി, ഖലീലിനെയാണ് മുഖ്യമായും ആധാരമാക്കിയത്.
(കെ.പി. കമാലുദ്ദീന്‍)