This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഖദര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഖദര്‍ == ചര്‍ക്കയിലോ തക്ലിയിലോ തയ്യാറാക്കുന്ന നൂല്‍ ഉപയോഗിച...)
അടുത്ത വ്യത്യാസം →
06:50, 2 ഓഗസ്റ്റ് 2015-നു നിലവിലുണ്ടായിരുന്ന രൂപം
ഖദര്‍
ചര്‍ക്കയിലോ തക്ലിയിലോ തയ്യാറാക്കുന്ന നൂല്‍ ഉപയോഗിച്ച് കൈത്തറിയില്‍ നെയ്യുന്ന വസ്ത്രം. മുന്‍കാലങ്ങളില്‍ ഇന്ത്യയില്‍ ഖദര്‍വസ്ത്രങ്ങള്‍ വന്‍തോതില്‍ ധരിച്ചിരുന്നു. ബ്രിട്ടീഷുകാരുടെ ആധിപത്യത്തോടെ ഇന്ത്യയില്‍ ഖദര്‍ ഉത്പാദനത്തിന് മങ്ങലേറ്റു. മഹാത്മാഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയരംഗത്തു പ്രവേശിച്ചതോടെയാണ് ഇന്ത്യയില്‍ ഖദര്‍ നെയ്ത്തിന് പ്രചാരമേറിയത്. ദക്ഷിണാഫ്രിക്കയില്‍നിന്നു തിരിച്ചെത്തിയ (1915) ശേഷം ഗാന്ധിജി അഹമ്മദാബാദില്‍ സ്ഥാപിച്ച ആശ്രമത്തില്‍ നൂല്‍നൂല്‍പ്പും ഖദര്‍നെയ്ത്തും പ്രചരിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങി. വിദേശവസ്ത്രങ്ങളുടെ ബഹിഷ്കരണവും ഗാന്ധിജിയുടെ സ്വദേശി പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളിലൊന്നായിരുന്നു. ഖദര്‍ വസ്ത്രങ്ങളുടെ പ്രചാരണത്തെക്കുറിച്ച് യങ് ഇന്ത്യ, നവജീവന്‍ എന്നീ പത്രങ്ങളില്‍ ഗാന്ധിജി നിരവധി ലേഖനങ്ങള്‍ എഴുതി. 1925 സെപ്. 22-ന് അഖിലേന്ത്യാ നൂല്‍നൂല്‍പ്പു സംഘം സ്ഥാപിച്ചതോടെ ഖാദി നിര്‍മാണം ത്വരിതഗതിയിലായി. എല്ലാ കോണ്‍ഗ്രസ്സുകാരും നൂല്‍ നൂല്‍ക്കണമെന്നും ഖദര്‍ ധരിക്കണമെന്നുമുള്ള ധാരണ പൊതുവേ ഉണ്ടായി.
തൊഴില്‍ വേണ്ടവര്‍ക്കു മാന്യമായ ഒരു തൊഴില്‍ നേടിക്കൊടുക്കുന്നതിനു പുറമേ ജനങ്ങള്‍ അലസമാക്കിക്കളയുന്ന സമയം പ്രയോജനകരമായി വിനിയോഗിക്കാം എന്നതാണ് ഖാദി പ്രസ്ഥാനത്തില്‍ ഗാന്ധിജി കണ്ട മെച്ചം. ഇന്ത്യയിലെ സാര്‍വത്രികമായ തൊഴിലില്ലായ്മയും ദാരിദ്യ്രവും പരിഹരിക്കാന്‍ ഏറ്റവും പ്രായോഗികമായ മാര്‍ഗം നൂല്‍നൂല്‍പ്പും ഖദര്‍നെയ്ത്തുമാണെന്ന് ഗാന്ധിജി ദൃഢമായി വിശ്വസിച്ചു. മഹാത്മജിയുടെ പ്രിയങ്കരങ്ങളായിരുന്ന എല്ലാ മൂല്യങ്ങളുടെയും മൂര്‍ത്തീഭാവമായിരുന്നു ചര്‍ക്ക. സത്യം, അഹിംസ, സംയമനം, സ്നേഹം, സാമൂഹികനീതി എന്നിവ ഉളവാക്കുകയും ഉദ്ദീപിപ്പിക്കുകയും ചെയ്യുന്ന യന്ത്രവിശേഷമായിട്ടാണ് ഗാന്ധിജി ചര്‍ക്കയെ ആരാധിച്ചിരുന്നത്. ചര്‍ക്കയെ കേന്ദ്രമാക്കിക്കൊണ്ടുള്ള ഗ്രാമീണ പുനരുദ്ധാരണപരിപാടികള്‍ സംവിധാനം ചെയ്യുന്നതില്‍ ഗാന്ധിജി ജാഗരൂകനായിരുന്നു.
സ്വാതന്ത്ര്യലബ്ധിക്കുശേഷം ഖദര്‍ ഉത്പാദനത്തിനും വില്പനയ്ക്കും വേണ്ടത്ര പ്രോത്സാഹനം നല്കിവരുന്നത് അഖിലേന്ത്യാ ഖാദി-ഗ്രാമവ്യവസായ കമ്മീഷനാണ്. ഖദര്‍ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിലേക്കായി സംസ്ഥാന ഖാദി-ഗ്രാമ വ്യവസായബോര്‍ഡുകളും സഹായങ്ങള്‍ നല്കിവരുന്നു. ആറാംപദ്ധതിക്കാലത്ത് (1980-85) ഖദറിന്റെ ഉത്പാദനം 82 ദശലക്ഷം മീറ്ററില്‍ നിന്നും 128 ദശലക്ഷം മീറ്ററായി വര്‍ധിച്ചു. ഈ പദ്ധതിക്കാലത്ത് അയ്യായിരത്തിലേറെ പുതിയ ചര്‍ക്കകള്‍കൂടി പ്രവര്‍ത്തിപ്പിച്ചിരുന്നു. ഇത് ഖദര്‍ ഉത്പാദനത്തിലും ഉത്പാദനക്ഷമതയിലും സാരമായ വര്‍ധനയുണ്ടാക്കി. കൂടുതലായി ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞ നൂല്‍ കൈത്തറിമേഖലയുടെ ആവശ്യത്തിലേക്ക് ഉപയോഗിക്കപ്പെട്ടു. ഇന്ത്യയില്‍ 15 ലക്ഷത്തിലധികം ആളുകള്‍ ഖദര്‍ വ്യവസായത്തിലേര്‍പ്പെട്ടിരിക്കുന്നു.
കേരളത്തില്‍ ഖദര്‍ ഉത്പാദനം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നത് കേരളസംസ്ഥാന ഖാദി-ഗ്രാമവ്യവസായ ബോര്‍ഡാണ്. ബോര്‍ഡിന്റെ ആവിര്‍ഭാവത്തിനു മുമ്പ് കേരളത്തില്‍ ഖാദിപ്രവര്‍ത്തനം നടത്തിയിരുന്നത് കേരള സര്‍വോദയസംഘം, തൃശൂര്‍ അസോസിയേഷന്‍, വള്ളുവനാട് ഡെവലപ്മെന്റ് സൊസൈറ്റി, കുറുമ്പ്രനാട് ഡെവലപ്മെന്റ് സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങളായിരുന്നു. കേരളത്തില്‍ 2009-10 ല്‍ 17,727.41 ലക്ഷം രൂപയുടെ ഖാദി ഗ്രാമീണ വ്യവസായ ഉത്പന്നങ്ങള്‍ വിറ്റഴിക്കപ്പെട്ടു. ഇതേ കാലയളവില്‍ സംസ്ഥാനത്തെ ഖാദി ഗ്രാമീണ വ്യവസായരംഗം 7643 പേര്‍ക്ക് തൊഴില്‍ നല്‍കി വരുന്നു. നോ. ഖാദി ഗ്രാമ വ്യവസായങ്ങള്‍.
(എസ്. കൃഷ്ണയ്യര്‍)