This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഖണ്ഡേക്കര്‍, വിഷ്ണു സഖാറാം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഖണ്ഡേക്കര്‍, വിഷ്ണു സഖാറാം == Khandekar, Vishnu Sakharam (1898 - 1976) ജ്ഞാനപീഠപുരസ്ക...)
അടുത്ത വ്യത്യാസം →
03:27, 2 ഓഗസ്റ്റ് 2015-നു നിലവിലുണ്ടായിരുന്ന രൂപം
ഖണ്ഡേക്കര്‍, വിഷ്ണു സഖാറാം
Khandekar, Vishnu Sakharam (1898 - 1976)
ജ്ഞാനപീഠപുരസ്കാര ജേതാവായ (1974) മറാഠി നോവലിസ്റ്റും കഥാകൃത്തും. 1898 ജനു. 19-ന് മഹാരാഷ്ട്രയിലെ സാംഗ്ളിയില്‍ ജനിച്ചു. 1913-ല്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഫെര്‍ഗൂസന്‍ കോളജില്‍ ചേര്‍ന്നു. കോളജുവിദ്യഭ്യാസം മുടങ്ങുകയും അധ്യാപകവൃത്തിയില്‍ പ്രവേശിക്കുകയും ചെയ്തു. 1938 വരെ ശിര്‍റോഡാ ഗ്രാമത്തില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു.
15 നോവലുകളും 31 ചെറുകഥാസമാഹാരങ്ങളും 20 ലഘു ഉപന്യാസ സമാഹാരങ്ങളും 15 നിരൂപണഗ്രന്ഥങ്ങളും ഒരു നാടകവും പ്രസിദ്ധീകരിച്ചു. നിരവധി കൃതികളും പരിഭാഷപ്പെടുത്തുകയും എഡിറ്റു ചെയ്യുകയും ഉണ്ടായി. 15 ചലച്ചിത്രങ്ങള്‍ക്കു തിരക്കഥയും രണ്ടു ചലച്ചിത്രങ്ങള്‍ക്കു സംഭാഷണവും തയ്യാറാക്കിയിട്ടുണ്ട്.
ഹൃദയാചിഹാംക്, കാഞ്ചന്‍മൃഗ്, ഉല്ക്ക, ദോന്‍ധ്രുവ, ദോന്‍ഭലേ, ദോന്‍മനേ, പാണ്ഡരേഢഗ്, ക്രൌഞ്ച വധ്, അശ്രു, യയാതി, അമൃതബേല്‍ എന്നിവയാണ് മുഖ്യകൃതികള്‍. ഇവയില്‍ ആദ്യ നോവലായ കാഞ്ചന്‍മൃഗ് (1931) നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള ഭൗതികവും ആത്മീയവും ആയ അകലത്തെയാണ് ചിത്രീകരിക്കുന്നത്. ഉല്ക്ക(1934)യും ഇതേ പ്രമേയത്തിന്റെ മറ്റൊരാവിഷ്കാരമാണ്. ദോന്‍ധ്രുവ, ദോന്‍ഭലേ, ദോന്‍മനേ (1934) എന്നിവ മൂന്നിലും സാമൂഹിക നവോത്ഥാനം ലക്ഷ്യമാക്കി നിരൂപണം നടത്തുന്നു. സോഷ്യലിസ്റ്റ് ആദര്‍ശങ്ങളും ഗാന്ധിയന്‍ മാര്‍ഗവുമാണ് ഇവയിലെ പ്രേരകശക്തി. ആസക്തിയും ത്യാഗവും തമ്മിലുള്ള വൈരുധ്യം തുറന്നു കാട്ടി ജീവിതത്തില്‍ അനുരഞ്ജനത്തിന്റെ പ്രസക്തി സ്ഥാപിക്കുന്ന നോവലാണ് ക്രൌഞ്ച വധ്. (1942). പുരാണകഥയുടെ പശ്ചാത്തലത്തില്‍ ആധുനിക ജീവിതം ചിത്രീകരിക്കുന്നു. യയാതിയില്‍ വിഷയസുഖത്തിനു വേണ്ടി ഉഴറുന്ന സാധാരണക്കാരന്റെ പ്രതിനിധിയാണ് യയാതി. സേവനത്തിന്റെ പ്രതീകമാണ് കചന്‍.
1960-ല്‍ യയാതിക്കു സാഹിത്യഅക്കാദമിയുടെയും മഹാരാഷ്ട്രാഗവണ്‍മെന്റിന്റെയും അവാര്‍ഡ് ലഭിച്ചു. ജ്ഞാനപീഠപുരസ്കാരം ലഭിച്ചതും ഈ നോവലിനാണ്. പൗരാണിക കഥയ്ക്ക് പുതിയ അര്‍ഥതലം കൊടുക്കുന്ന ഈ പുനരാഖ്യാനത്തിന് മലയാളത്തില്‍ തര്‍ജുമയുണ്ട്. അമൃതബേല്‍ (1967) ആണ് ഖണ്ഡേക്കറുടെ അവസാനത്തെ നോവല്‍. കേന്ദ്രസാഹിത്യ അക്കാദമിയുടെ ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഇദ്ദേഹത്തെ പദ്മഭൂഷണ്‍ ബഹുമതി നല്കി രാഷ്ട്രം ആദരിച്ചിട്ടുണ്ട്. ഗാന്ധിസവും സോഷ്യലിസവും പരസ്പര പൂരകങ്ങളാണെന്ന വിശ്വാസം ജനപ്രീതി നേടിയ തന്റെ നോവലുകളില്‍ ഇദ്ദേഹം സ്ഥാപിച്ചു. 1976 സെപ്. 2-ന് ഖണ്ഡേക്കര്‍ അന്തരിച്ചു.
(ഡോ. എം.എ. കരീം; സ.പ.)