This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അതിക്രമണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

116.68.64.247 (സംവാദം)
(New page: = അതിക്രമണം = ഏതെങ്കിലും കുറ്റകൃത്യം ചെയ്യുന്നതിനായി ഒരാള്‍ മറ്റൊരാള...)
അടുത്ത വ്യത്യാസം →

07:18, 1 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അതിക്രമണം

ഏതെങ്കിലും കുറ്റകൃത്യം ചെയ്യുന്നതിനായി ഒരാള്‍ മറ്റൊരാളുടെ വസ്തുവില്‍ പ്രവേശിക്കുന്ന നടപടി. മറ്റൊരാളിന്റെ നേര്‍ക്കു നടത്തുന്ന ആക്രമണങ്ങളും നിയമത്താല്‍ സംരക്ഷിക്കപ്പെടുന്ന അന്യന്റെ താത്പര്യത്തിന്‍മേലുള്ള കൈയേറ്റവും അതിക്രമണത്തിന്റെ വ്യാപ്തിയില്‍പ്പെടുന്നു. മറ്റൊരാളിന്റെ വസ്തുവിന്‍മേലുള്ള അതിക്രമണം സിവില്‍ അവകാശത്തിന്‍മേലുള്ള കൈകടത്തലും ക്രിമിനില്‍ കുറ്റവുമാണ്. അവകാശമില്ലാത്തതും അന്യന്റെ കൈവശത്തില്‍ ഉള്ളതുമായ വസ്തുവിന്‍മേലുള്ള അതിക്രമണത്തെയാണ് ഇത് കുറിക്കുന്നത്. അതിക്രമണം ഉടമസ്ഥാവകാശത്തിന്‍മേല്‍ എന്നതിനെക്കാള്‍ കൈവശാവകാശത്തിന്‍മേലുള്ള കൈയേറ്റമാണ്. മറ്റൊരാളിന്റെ വസ്തുവില്‍ ബലംപ്രയോഗിച്ചോ അല്ലാതെയോ കൈയേറി നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയോ, അഥവാ ഉണ്ടാക്കാതിരിക്കുകയാണെങ്കില്‍ തന്നെയും അങ്ങനെ കൈയേറുകയോ ചെയ്യുന്നത് അതിക്രമണമാണ്. ഇത് ഒരാള്‍ സ്വയം ചെയ്യണമെന്നില്ല. മറ്റൊരാളിന്റെ വസ്തുവില്‍ മരം മുറിച്ചിടുക, വെള്ളം കയറ്റുക, വേലക്കാരെക്കൊണ്ട് നാശനഷ്ടങ്ങളുണ്ടാക്കുക മുതലായ പ്രവൃത്തികള്‍ ആയാലും അതിക്രമണമാണ്. അന്യന്റെ കെട്ടിടത്തിന്റെ മേല്പുരയില്‍ കൂടിയോ, തറയുടെ അടിയില്‍കൂടിയോ ഉള്ള പ്രവേശനവും അതിക്രമണത്തിന്റെ വ്യാപ്തിയില്‍ പെടുന്നു. ഉചിതമായ രീതിയില്‍ ഒരു പരിധിവരെയുള്ള വ്യോമസഞ്ചാരം അതിക്രമണമാകുന്നതല്ല. എന്നാല്‍ പരിധിക്കപ്പുറമുള്ള വ്യോമയാനം അനുവദനീയമല്ല. അന്യവസ്തുവില്‍ അനുവാദമില്ലാതെ കരുതിക്കൂട്ടി പ്രവേശിക്കുകയാണെങ്കിലും നിയമപരമായ വിശേഷാധികാരമുണ്ടെങ്കില്‍ അത് അതിക്രമണമാകുകയില്ല. കേടുപാടുകള്‍ തീര്‍ക്കുന്നതിന് അധികാരമുള്ളവരോ, അപകടങ്ങള്‍ ഒഴിവാക്കുന്നതിനു പൌരജനങ്ങളോ ഒരു വീട്ടില്‍ പ്രവേശിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും മറ്റുമായി പൊലീസധികാരികള്‍ പ്രവേശിക്കുന്നതിനും നിയമസംരക്ഷണമുണ്ട്. എന്നാല്‍ നിയമവിധേയമായി പ്രവേശിക്കുന്ന പൌരനോ, ഉദ്യോഗസ്ഥനോ പ്രവേശനത്തിനുശേഷം കുറ്റകരമായ പ്രവൃത്തി ചെയ്യുന്നപക്ഷം അത് അതിക്രമണമാകുന്നതാണ്.

ഇന്ത്യ. ഇന്ത്യയില്‍, ഒരാള്‍ മറ്റൊരാളിന്റെ വസ്തുക്കളില്‍ നടത്തുന്ന അതിക്രമണം സിവില്‍ അവകാശത്തിന്‍മേലുള്ള ലംഘനവും ക്രിമിനല്‍ കുറ്റവുമാണ്. ഇ.ശി.നി. 441-ാം വകുപ്പില്‍ അതിക്രമണത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. പ്രസ്തുത വകുപ്പനുസരിച്ച് ഒരു വ്യക്തിയോ, അയാളുടെ നിര്‍ദേശാനുസരണം മറ്റാളുകളോ അന്യന്റെ വസ്തുവില്‍ കുറ്റകൃത്യം ചെയ്യുന്നതിനോ ഒരാളിനെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ ഉപദ്രവിക്കുന്നതിനോ വേണ്ടി നിയമരഹിതമായി പ്രവേശിക്കുകയോ അല്ലാത്തപക്ഷം നിയമപരമായി പ്രവേശിച്ചശേഷം മേല്പറഞ്ഞ രീതിയില്‍ കുറ്റകരമായ പ്രവൃത്തികള്‍ ചെയ്യുന്നതിനൊരുമ്പെടുകയോ ചെയ്യുന്നത് അതിക്രമണമായി കണക്കാക്കുന്നതാണ്.

കുറ്റം ചെയ്യുന്നതിനുള്ള ഉദ്ദേശ്യത്തോടല്ലാതെയുള്ള പ്രവേശനം അതിക്രമണമാകുന്നതല്ല. ദുരുദ്ദേശ്യമാണ് ഈ കുറ്റത്തിന്റെ പ്രധാനഘടകം.

ഇവിടെ 'വസ്തു' എന്ന വാക്കുകൊണ്ട് സ്ഥാവരവസ്തു എന്നു മാത്രമല്ല വിവക്ഷ. കടത്തുവള്ളം, കപ്പല്‍ മുതലായ വാഹനങ്ങളും അതിക്രമണത്തിന് വിധേയമാകുന്നതാണ്. നിയമപരമായി കൈവശമുള്ള വസ്തു അതിക്രമണത്തിനു വിധേയമാകുന്നതുകൊണ്ട് ഉടമസ്ഥന് നഷ്ടമാകുന്നതല്ല. അന്യനെ പുറത്താക്കുന്നതിനര്‍ഹതയുള്ള കൈവശത്തെയാണ് കൈവശമെന്നു പറയുന്നത്.

അതിക്രമണത്തെ സിവിലായും ക്രിമിനലായും കാണാവുന്നതാണ്. അതിക്രമണം ക്രിമിനല്‍ കുറ്റമായിത്തീരുന്നതിന് ഇ.ശി.നി. 441 അനുസരിച്ചുള്ള കൃത്യം നടന്നിട്ടുണ്ടോ എന്നു മാത്രമാണ് കോടതി പരിശോധിക്കുന്നത്. കൈവശത്തെ സംബന്ധിച്ചോ, വസ്തുവിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ചോ തീര്‍പ്പു കല്പിക്കുന്നത് ക്രിമിനല്‍ കോടതിയുടെ അധികാരപരിധിയില്‍ പെടുന്നതല്ല. ഉടമസ്ഥാവകാശങ്ങളെയും തര്‍ക്കസ്വഭാവങ്ങളോടുകൂടിയ കൈവശങ്ങളെയും കുറിച്ച് തീര്‍പ്പു കല്പിക്കേണ്ടത് സിവില്‍ കോടതികളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍