This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കൊഞ്ച്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→കൊഞ്ച്) |
(→കൊഞ്ച്) |
||
വരി 16: | വരി 16: | ||
ചിത്രം: Parapenaeopsis_stylifera.png|പാരാപിനയോപ്സിസ് സ്റ്റൈലിഫെറ | ചിത്രം: Parapenaeopsis_stylifera.png|പാരാപിനയോപ്സിസ് സ്റ്റൈലിഫെറ | ||
ചിത്രം: Lobster.png|ലോബ്സ്റ്റര്‍ | ചിത്രം: Lobster.png|ലോബ്സ്റ്റര്‍ | ||
+ | </gallery> | ||
+ | <gallery Caption=" "> | ||
ചിത്രം: Metapenaeus_affinis.png|കഴന്തന്‍ കൊഞ്ച് | ചിത്രം: Metapenaeus_affinis.png|കഴന്തന്‍ കൊഞ്ച് | ||
ചിത്രം: Black-tiger-prawn.png |ബ്ലാക്ക് ടൈഗര്‍ | ചിത്രം: Black-tiger-prawn.png |ബ്ലാക്ക് ടൈഗര്‍ |
16:54, 22 ജൂലൈ 2015-നു നിലവിലുണ്ടായിരുന്ന രൂപം
കൊഞ്ച്
ഇന്ത്യയുടെ സമുദ്രവിഭവങ്ങളില്‍ പ്രധാനപ്പെട്ട ഒരിനം. ജന്തുവര്‍ഗത്തിലെ ക്രസ്റ്റേഷ്യന്‍ വിഭാഗത്തിലെ ഡെക്കാപോഡ (Decapoda) എന്ന ഉപവിഭാഗത്തിലെ ജീവികളാണ് ഇവ. നടക്കാന്‍ ഉപകരിക്കുന്ന പത്തുജോടി കാലുകള്‍ ഉള്ളതിനാലാണ് ഇവയ്ക്കു ഡെക്കാപോഡ (പത്തു ജോടി കാലുകളുള്ളവ) എന്ന നാമം നല്‍കിയിട്ടുള്ളത്. കൊഞ്ച്, പൊടിക്കൊഞ്ച്, ക്രേഫിഷ്, ചിറ്റാക്കൊഞ്ച്, ഞണ്ട് എന്നീ തോടുള്ള ജീവികള്‍ മിക്കതും ഈ വിഭാഗത്തില്‍പ്പെടുന്നവയാണ്. ഏകദേശം 33 ജീനസുകളിലായി 2000-ത്തോളം സ്പിഷീസ് കൊഞ്ചുകള്‍ (shrimps) ഉണ്ട്. എന്നാല്‍ 300-ല്‍ത്താഴെ ഇനങ്ങള്‍ക്കുമാത്രമേ സാമ്പത്തിക പ്രാധാന്യമുള്ളൂ. സമുദ്രവിഭവം എന്നതിലുപരിയായി നിരവധിയിനം സസ്യജന്തു പ്ലവകങ്ങളെ ആഹാരമാക്കുന്നതിലൂടെ കൊഞ്ചുകള്‍ ഭക്ഷ്യശൃംഖലയിലെ പ്രധാന കണ്ണികളായി വര്‍ത്തിക്കുന്നു.
മറ്റു ക്രസ്റ്റേഷ്യന്‍ ഇനങ്ങളെപ്പോലെ കൊഞ്ചിന്റെ ശരീരവും 19 ശരീരഖണ്ഡങ്ങള്‍ ചേര്‍ന്നതാണ്. ഇവയെ പ്രധാനമായും ശിരോവക്ഷം (cephalothorax), ഉദരം എന്നീ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ശിരോവക്ഷ ഭാഗത്ത് എട്ട് ജോടി ഉപാംഗങ്ങള്‍ ഉണ്ട്. ആദ്യ മൂന്ന് ജോടി വദനഭാഗങ്ങളായി (maxillipeds) വര്‍ത്തിക്കുന്നു. ശേഷിക്കുന്നവയാണ് നടക്കാന്‍ സഹായിക്കുന്നവ (pereiopods). ഉദരഭാഗത്തുള്ള ശരീരഖണ്ഡങ്ങളില്‍ ഓരോന്നിലും, ഒരു ജോടി നീന്താനുപയോഗിക്കുന്ന കാലുകള്‍ (pleopods) കാണപ്പെടുന്നു. ഇവ മുന്നിലേക്കും പിന്നിലേക്കും നീന്താന്‍ കൊഞ്ചിനെ സഹായിക്കുന്നു. അവസാന ജോടി കാലുകള്‍ (uropods) വിശറിപോലുള്ള വാലിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഇരുവശങ്ങളില്‍ നിന്നും ഞെരുക്കിയ (compress) രൂപത്തിലാണ് കൊഞ്ചിന്റെ ശരീരഘടന. നീളമേറിയ ശൃംഗികകളും കാലുകളും ഇവയുടെ പ്രത്യേകതയാണ്. അര്‍ധതാര്യമായ ബാഹ്യാസ്ഥികൂടത്തിന് (exoskelton) മറ്റ് ആര്‍ത്രോപോഡുകളെ അപേക്ഷിച്ച് കട്ടി കുറവാണ്. ബാഹ്യാസ്ഥികൂടത്തിന്റെ ആദ്യഭാഗം പൃഷ്ഠകവചം (carapace) എന്നറിയപ്പെടുന്നു. ശരീരത്തിന്റെ ഏറ്റവും പിന്നറ്റത്ത് വാലിനു മുകളിലായുള്ള ഭാഗം ടെല്‍സണ്‍ എന്നറിയപ്പെടുന്നു. ഏതാനും മി.മീ. മുതല്‍ 20 സെ.മീ. വരെ നീളമുള്ള കൊഞ്ചുകളുണ്ട്. സാമാന്യര്‍ഥത്തില്‍ വലുപ്പം കുറഞ്ഞവ ഷ്രിംപ് എന്ന ആംഗലേയ നാമത്തിലും താരതമ്യേന വലുപ്പം കൂടിയവ പ്രോണ്‍ എന്ന ആംഗലേയ നാമത്തിലും അറിയപ്പെടുന്നു. ജൈവശാസ്ത്രപരമായി, പ്രോണ്‍ ഡെന്‍ഡ്രോബ്രാങ്കിയേറ്റ എന്ന ഉപഗോത്രത്തിലെ അംഗങ്ങളാണ്. ശാഖകളോടുകൂടിയ ശകുലങ്ങളാണ് ഇവയുടെ പ്രത്യേകത. ഇത്തരം കൊഞ്ചുകളുടെ സഞ്ചാരപാദങ്ങളില്‍ മുന്‍ഭാഗത്തുള്ള മൂന്നു ജോടി കാലുകളില്‍ കൂര്‍ത്ത നഖങ്ങള്‍ പോലെയുള്ള (claws) ഭാഗം ഉണ്ടായിരിക്കും. സ്തരിത (lamellar) ആകൃതിയിലുള്ള ശകുലങ്ങളോടുകൂടിയ ഷ്രിംപ്, പ്ളിയോസെയ്മേറ്റ എന്ന ഉപഗോത്രത്തിലാണുള്ളത്. കൂര്‍ത്ത നഖങ്ങള്‍ ഇവയുടെ രണ്ടു ജോടി കാലുകളില്‍ മാത്രമേ കാണാറുള്ളൂ.
ചെമ്മീന്‍ എന്നും അറിയപ്പെടുന്ന കൊഞ്ചുകളെ പ്രധാനമായും പിനയിഡ് (സമുദ്രജല കൊഞ്ചുകള്‍), നോണ്‍പിനയിഡ്(ശുദ്ധജല കൊഞ്ചുകള്‍) എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു. മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ ഉത്പാദനത്തില്‍ നോണ്‍പിനയിഡ് കൊഞ്ചുകളാണ് മുന്‍നിരയില്‍; കേരളതീരത്ത് പിനയിഡ് കൊഞ്ചുകളും. കൊഞ്ചുകളുടെ നിരവധി സ്പീഷീസുകളുണ്ട്. അവയില്‍ പ്രധാന സ്പീഷീസുകളെപ്പറ്റി ചുവടെ വിവരിക്കുന്നു.
1. പിനയിസ് ഇന്‍ഡിക്കസ് (Penaeus indicus). നാരന്‍ ചെമ്മീന്‍, സീനാരന്‍, വെള്ളച്ചെമ്മീന്‍ തുടങ്ങിയ പേരുകളിലാണ് ഇവ കേരളതീരത്ത് പ്രധാനമായും അറിയപ്പെടുന്നത്. നദീമുഖങ്ങളിലെ ആഴംകുറഞ്ഞ സ്ഥലങ്ങളിലും കടലില്‍ 60 മീ. വരെ ആഴമുള്ള കടല്‍ത്തട്ടിലും ആണ് ഇവ ധാരാളമായി കണ്ടുവരുന്നത്. കായലില്‍ നിന്നു ലഭിക്കുന്ന ഇത്തരം കൊഞ്ചിന് ശരാശരി 40 മുതല്‍ 130 മില്ലിമീറ്റര്‍ വരെ വലുപ്പം ഉണ്ടാകാം. കടലില്‍ നിന്നു പിടിക്കപ്പെടുന്നവ 130 മുതല്‍ 200 മില്ലിമീറ്റര്‍ വരെ വലുപ്പം ഉള്ളവയായിരിക്കും.
2. പിനയിസ് മോണോഡോണ്‍ (Penaeus monodon). ഇത് കാരക്കൊഞ്ച് എന്ന പേരില്‍ സാധാരണ അറിയപ്പെടുന്നു. കടലില്‍ 50 മി. ആഴം വരെയും നദീമുഖങ്ങളിലും കായലുകളിലും ആഴം കുറഞ്ഞ ഭാഗങ്ങളിലും ഇവ ധാരാളമായി കാണപ്പെടുന്നു. ഏറ്റവും കൂടിയ വലുപ്പം 337 മില്ലിമീറ്ററാണ്. കുഞ്ഞുങ്ങള്‍ നദീമുഖങ്ങളിലും കായലുകളിലും വ്യാപരിക്കുന്നു. കടലില്‍ നിന്ന് പിടിച്ചെടുക്കപ്പെടുന്ന കൊഞ്ചുകളില്‍ വച്ച് ഏറ്റവും വലുതാവുന്നതാണ് ഈ ഇനം. കൃഷി ചെയ്യുവാന്‍ പറ്റിയ ഒരിനം കൂടിയാണിത്. 10 മില്ലിമീറ്റര്‍ വലുപ്പമുള്ള കൊഞ്ചിന്‍ കുഞ്ഞുങ്ങള്‍ ഒരു കൊല്ലം കൊണ്ട് 200 മില്ലിമീറ്ററില്‍ കൂടുതല്‍ വലുപ്പമാര്‍ജിക്കുന്നു. 300 മില്ലിമീറ്റര്‍ വലുപ്പമുള്ള കൊഞ്ചിന് ഉദ്ദേശം അര കിലോഗ്രാം തൂക്കം ഉണ്ടാകും. കയറ്റുമതിക്കാരുടെ ഭാഷയില്‍ ഇവ 'ജംബോ ടൈഗര്‍' എന്നാണ് അറിയപ്പെടുന്നത്.
3. പിനയിസ് സെമിസള്‍ക്കേറ്റസ് (Penaeus semisulcatus). ഇവയും കാരക്കൊഞ്ച് എന്നാണ് അറിയപ്പെടുന്നത്. കടലില്‍ 50 മീ. ആഴം വരെയുള്ള ഭാഗത്തു കാണപ്പെടുന്നു. ലവണാംശം കുറവുള്ള കായലുകളുടെ ആഴം കുറഞ്ഞ ഭാഗങ്ങളില്‍ ധാരാളമായി കാണാം. ഏറ്റവും കൂടിയ വലുപ്പം 222 മില്ലിമീറ്റര്‍ ആണ്. 150 മില്ലിമീറ്റര്‍ വരെ വലുപ്പമുള്ളവയെ തീരപ്രദേശത്തുള്ള കായലുകളില്‍ നിന്നും ലഭിക്കുന്നു.
4. മെറ്റാപിനയിസ് ഡോബ്സോണി (Metapenaeus dubsoni). തെള്ളി ചെമ്മീന്‍, പൂവാലന്‍ കൊഞ്ച്, കടച്ചെമ്മീന്‍ എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. ഇന്ത്യയുടെ കൊഞ്ചുത്പാദനത്തില്‍ 30 ശതമാനം ഈ വിഭാഗത്തില്‍പ്പെട്ടതാണ്. കേരളത്തിന്റെ പശ്ചിമതീരത്തുള്ള കായലോരങ്ങളോടു ചേര്‍ന്നുള്ള 'ചെമ്മീന്‍ കെട്ട്' എന്ന പേരില്‍ അറിയപ്പെടുന്ന കൃഷിനിലങ്ങളില്‍ നിന്ന് കിട്ടുന്ന വിഭാഗങ്ങളില്‍ പ്രധാനമായതും ഈ കൊഞ്ചാണ്. 64 മില്ലിമീറ്റര്‍ വലുപ്പം ആവുന്നതോടെ ഇവ പ്രായപൂര്‍ത്തിയാവുന്നു. ഒരു പെണ്‍കൊഞ്ച് 5 ആവൃത്തി മുട്ടയിടുന്നുവെന്നും ഓരോ പ്രാവശ്യവും 34,500 മുതല്‍ 160,000 വരെ മുട്ടയിടുന്നുണ്ട് എന്നുമാണ് പഠനം തെളിയിച്ചിട്ടുള്ളത്. കടലില്‍ 50 മീ. ആഴത്തിലുള്ള ഭാഗങ്ങളും കായലുകളിലെ ആഴം കുറഞ്ഞ പ്രദേശങ്ങളുമാണ് ഇവയുടെ ഇഷ്ടപ്പെട്ട വാസസ്ഥാനം. ഏറ്റവും കൂടിയ വലുപ്പം 120 മില്ലിമീറ്റര്‍ ആണ്. ഈ ഇനത്തില്‍ മെറ്റാപിനയിസ് മോണോസിറോസ (Metapenaeus monoceros) എന്ന ചൂടന്‍ കൊഞ്ച്, മെറ്റാപിനയിസ് അഫിനീസ് (Metapenaeus affinis) എന്ന കഴന്തന്‍ കൊഞ്ച്, മെറ്റാപിനയിസ് ബ്രെവികോര്‍ണിസ് (Metapenaeus brevicronis) എന്ന മണവാളന്‍ കൊഞ്ച് എന്നിവ കൂടി ലഭ്യമാണ്.
5. പാരാപിനയോപ്സിസ് സ്റ്റൈലിഫെറ (Parapenaeopsis stylifera). ഇത് കരിക്കാടിക്കൊഞ്ച് എന്ന പേരിലറിയപ്പെടുന്നു. 50 മീ. ആഴം വരെയുള്ള കടലില്‍ മാത്രമാണിവ കാണപ്പെടുന്നത്. നദീമുഖങ്ങളില്‍ കാണാറില്ല. ഏറ്റവും കൂടിയ വലുപ്പം 145 മില്ലിമീറ്റര്‍ ആണ്. മെറ്റാപിനയിസ് ഡോബ്സോണി എന്നയിനം കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും അധികം പിടിക്കപ്പെടുന്ന കൊഞ്ചാണ് ഇത്. ഇന്ത്യയുടെ പശ്ചിമതീരത്തു വീരാവല്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള പ്രദേശത്ത് കാലവ്യത്യാസമെന്യേ ഈ കൊഞ്ച് പിടിക്കപ്പെടുന്നു. ഡിസംബര്‍ മുതല്‍ മേയ് വരെയുള്ള കാലഘട്ടത്തിലാണ് ഇവ ധാരാളമായി കണ്ടുവരുന്നത്. 90 മില്ലിമീറ്റര്‍ മുതല്‍ 120 മില്ലിമീറ്റര്‍ വരെ വലുപ്പമാര്‍ജിക്കുന്നതിനിടയ്ക്ക് ഇവ മൂന്നു പ്രാവശ്യം മുട്ടയിട്ട് പെരുകുന്നു. പ്രായമായ പെണ്‍ കൊഞ്ച് ഓരോ പ്രാവശ്യവും 39,500 മുതല്‍ 236,000 വരെ മുട്ടകള്‍ ഉത്പാദിപ്പിക്കുന്നു.
6. മാക്രോബ്രാക്കിയം റോസന്‍ബെര്‍ഗൈ (Macrobrachium rosenbergii). ആറ്റുകൊഞ്ച് എന്ന് ഇവ അറിയപ്പെടുന്നു. തനി ശുദ്ധജലം പ്രിയങ്കരമായതിനാല്‍ പ്രധാനനദികളിലെല്ലാം ഇവയെ കണ്ടെത്താം. 330 മില്ലിമീറ്റര്‍ വരെ വലുപ്പം ഉണ്ടാകാം. മുട്ടയിട്ട് പെരുകുവാന്‍ ഉപ്പുരസം കലര്‍ന്ന നദീമുഖങ്ങളിലേക്ക് ഇവ നീങ്ങാറുണ്ട്. അവിടെ ഉണ്ടാകുന്ന കുഞ്ഞുങ്ങളും വലിയവയും വേനല്‍ക്കാലത്ത് കായലിലെ ഉപ്പുരസം കൂടുമ്പോള്‍ മടങ്ങി ശുദ്ധജലമുള്ള നദികളിലേക്കു പോകുന്നു. വളരെ വേഗത്തില്‍ വളരുന്നതിനാലും കൃത്രിമമായി ഇവയുടെ മുട്ട വിരിയിപ്പിക്കാനും എന്നതിനാലും വന്‍തോതില്‍ കൃഷി ചെയ്യുന്നതിനു പറ്റിയ ഒരിനമാണ്.
7. ലോബ്സ്റ്റര്‍ (Lobster). ഇവ ചിറ്റാക്കൊഞ്ച് എന്നറിയപ്പെടുന്നു. ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ കരയോരത്തിന്റെ (Continental shelf) പുറം ഭാഗത്താണ് ഇവയുടെ മഹാശേഖരങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. ചിറ്റാക്കൊഞ്ചുകള്‍ക്ക് നടക്കാന്‍ വേണ്ടി 5 ജോടി കാലുകളും തുകല്‍ സമാനമായ വിശറിവാലില്‍ ചെന്നവസാനിക്കുന്ന മാംസളമായ ഉദരവും ഉണ്ട്. വ്യവസായികള്‍ക്ക് പഥ്യമായ 'കൊഞ്ചുവാല്‍' ചിറ്റാക്കൊഞ്ചിന്റെ പേശീമയമായ ഉദരമാണ്. ഇന്ത്യന്‍ സമുദ്രമേഖലയിലെ പ്രധാന സ്പീഷീസുകള്‍ പാനൂലിറസ് ഹൊമാറസ്, പാനൂലിറസ് ഗില്‍ ക്രിസ്റ്റി, പാനൂലിറസ് പെനിസിലാറ്റസ്, പാനുലിറസ് വേഴ്സിക്കളര്‍, പാനൂലിറസ് ഓര്‍ണേറ്റസ്, പ്രൂറലൂസ് സെവല്ലി എന്നിവയാണ്. ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ തീരത്തു മുംബൈക്കും രത്നഗിരിക്കും അടുത്തുള്ള കടലിടുക്കുകളിലും വീരാവല്‍ കടത്തീരത്തിന്നകലെയും കിഴക്കന്‍ കടല്‍ത്തീരത്ത് ചില സ്ഥലങ്ങളിലും ഇവയുടെ പ്രധാന ബന്ധനകേന്ദ്രങ്ങള്‍ ഉണ്ട്. നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് മുട്ടയിടുന്നത്. 2-4 ലക്ഷം മുട്ടകള്‍ ഒരു സമയം ഇടുന്നുണ്ട് എന്നാണ് കണക്ക്. മുട്ട വിരിഞ്ഞുണ്ടാകുന്ന 'ഫില്ലോ സോമ' എന്ന ലാര്‍വ ശ്രദ്ധേയമായ സ്വഭാവത്തോടുകൂടിയതാണ്. ഏതാണ്ട് 7 മാസം കൊണ്ട് പൂര്‍ണജീവിയോട് തുല്യമായ ഒരു രൂപത്തില്‍ എത്തുന്നു. ഈ അവസ്ഥയില്‍ ഇവയെ 'പ്രൂറലുസ്' എന്നു വിളിക്കുന്നു. പിന്നീട് ഇവ കടലിന്റെ അടിത്തട്ടില്‍ വാസമുറപ്പിച്ച് വളര്‍ച്ച മുഴിപ്പിക്കുന്നു. വളരെയധികം വികസന സാധ്യതയുള്ള ഒന്നാണ് ലോബ്സ്റ്റര്‍ വിപണനം.
8. പണ്ടാലിഡ് കൊഞ്ചുകള്‍. തീരപ്രദേശത്തു കാണുന്ന കൊഞ്ചുകളില്‍ നിന്നും ഭിന്നമായ ഒരു വിഭാഗമാണിത്. കേരളത്തിലെ കൊല്ലം, പൊന്നാനി മേഖലയിലെ 301 മുതല്‍ 375 വരെ മീ. ആഴമുള്ള കടല്‍ മേഖലയില്‍ ഇവയുടെ വമ്പിച്ച ശേഖരം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. 5000 ച.കി.മീ വിസ്തൃതിയുള്ള ഈ മേഖലയില്‍ നിന്ന് 5300 ടണ്ണോളം പണ്ടാലിഡ് കൊഞ്ചുകള്‍ ലഭിക്കുമെന്നാണു കണക്ക്. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് ഇവ ധാരാളമായി കാണപ്പെടുന്നത്. പ്രധാന ഇനങ്ങള്‍ ഹെറ്റെറോകാര്‍പ്പസ് വുഡ്മാസോണി (Heterocarpus woodmasoni), പാരാപണ്ടാലസ് സ്പൈനിപ്പസ് (Parapandalus spinipes) എന്നിവയാണ്.
പിനയിഡ് കൊഞ്ചുകളുടെ ജീവിതചക്രം. പൂര്‍ണ വളര്‍ച്ചയെത്തിയ കൊഞ്ചുകള്‍ക്ക് കടലില്‍ വച്ചു മാത്രമേ പ്രത്യുത്പാദനേന്ദ്രിയങ്ങളുടെ വളര്‍ച്ചക്കുള്ള പ്രേരണ ലഭിക്കുന്നുള്ളൂ. 15.2 മീ. മുതല്‍ 41.5 മീ. വരെ ആഴമുള്ള കടലിലെ സാഹചര്യത്തില്‍ മാത്രമേ ഇവ പ്രത്യുത്പാദനം നടത്തുകയുളളൂ എന്നാണ് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുള്ളത്. തദനുസൃതമായ കൃത്രിമ സാഹചര്യങ്ങള്‍ ഒരുക്കി നിയന്ത്രണവിധേയമായി ഇണചേര്‍ത്ത് മുട്ടയിടുവിക്കാമെന്ന് 1942-ല്‍ ജപ്പാന്‍ ശാസ്ത്രജ്ഞനായ ഫുഡിനാഗ കണ്ടുപിടിച്ചിട്ടുണ്ട്.
ജലവിതാനം, ഉപ്പുരസം, ജലത്തിന്റെ ഊഷ്മാവ്, ജീവവായു, മര്‍ദം, ഭക്ഷണം തുടങ്ങിയവയാണ് മുട്ടയിടുന്നതിനിടയാക്കുന്ന സാഹചര്യങ്ങളില്‍ പ്രധാനം. നാലോ അഞ്ചോ മാസം ഉപ്പുരസം കുറഞ്ഞ കായലില്‍ വളരുന്ന കൊഞ്ച് പൂര്‍ണവളര്‍ച്ചക്കുവേണ്ടി കടലിലേക്കു മടങ്ങുന്നു. അവിടെ വച്ച് ഇവ ഇണചേര്‍ന്ന് മുട്ടയിടുന്നു. ഒരു കൊഞ്ച് ഒരു തവണ നാല്പതിനായിരം മുതല്‍ ഒരു ലക്ഷം വരെ മുട്ടകള്‍ ഇടുന്നതായി കണക്കാക്കിയിരിക്കുന്നു. ഇങ്ങനെ ജീവിതത്തില്‍ നാലോ അഞ്ചോ തവണ കൊഞ്ചുകള്‍ മുട്ടയിടും.
മുട്ടവിരിഞ്ഞ് പുറത്തുവരുന്ന സൂക്ഷ്മജീവികളെ നോപ്ളിയസ് (nauplius) എന്നു വിളിക്കുന്നു. മുട്ടവിരിഞ്ഞ് 36 മണിക്കൂറിനകം നോപ്ളിയസ് ആറു പ്രാവശ്യം പടംകൊഴിച്ചി (moulting) നടത്തി പ്രോട്ടോസോയിയ (Protozoea) ദശയെ പ്രാപിക്കുന്നു. നോപ്ളിയസ് ദിശയില്‍ അവയ്ക്ക് പ്രത്യേകം ഭക്ഷണം ആവശ്യമില്ല. എന്നാല്‍ പ്രോട്ടോസോയിയ ആയി മാറുമ്പോള്‍ സമുദ്രജലത്തില്‍ ധാരാളമായി കണ്ടുവരുന്ന സൂക്ഷ്മസസ്യങ്ങളെ പ്രധാന ഭക്ഷണമാക്കുന്നു. ഏകദേശം 96 മണിക്കൂര്‍ കൊണ്ട് പ്രോട്ടോസോയിയയില്‍ നിന്നും ഇവ മൈസിസ് (mysis) ദശയിലേക്കു കടക്കുന്നു. മൈസിസ് ദശയില്‍ നിന്നു 72 മുതല്‍ 96 മണിക്കൂര്‍ കൊണ്ട് പടം പൊഴിക്കലിലൂടെ 10 മുതല്‍ 12 വരെ ദശകള്‍ പിന്നിട്ട് ഇവ ആകൃതിയിലും പ്രകൃതിയിലും വളര്‍ന്ന കൊഞ്ചിന്റെ ഭാവങ്ങള്‍ കൈവരിക്കുന്നു. വളരെ ദുഷ്കരങ്ങളായ ഈ ദശകള്‍ പിന്നിടുന്നതിനു സാഹചര്യങ്ങള്‍ കൂടി അനുകൂലമാണെങ്കില്‍ 2 മുതല്‍ 3 ആഴ്ച വരെ വേണ്ടിവരും. പോസ്റ്റു ലാര്‍വയുടെ അവസാനഘട്ടത്തില്‍ - വേലിയേറ്റ സമയം - വെള്ളത്തിന്റെ ശക്തിയായ ഒഴുക്കില്‍പ്പെട്ട് ഇവ ഉപ്പുരസം കുറഞ്ഞ കായല്‍ഭാഗങ്ങളില്‍ എത്തിച്ചേരുന്നു. ഇവ ആഴം കുറഞ്ഞ കായല്‍ത്തട്ടിലും സമീപത്തുള്ള തോടുകളിലും പാടശേഖരങ്ങളിലും താവളം ഉറപ്പിക്കുന്നു. അനുകൂലമായ സാഹചര്യങ്ങള്‍ തേടി ജീവിതചക്രത്തിലെ ഒരു ഘട്ടം പൂര്‍ത്തിയാക്കുവാന്‍ കടലില്‍ നിന്ന് കായലിലേക്കു എത്തുന്ന പ്രകൃതം പിനയിഡ് കൊഞ്ചുകള്‍ക്ക് ജന്മസഹജമാണ്. മൂന്നു മുതല്‍ ആറു വരെ മാസത്തെ കായല്‍ ജീവിതകാലഘട്ടം പൂര്‍ത്തിയാക്കിയ ഇവ തങ്ങളുടെ ജീവിതചക്രം പൂര്‍ത്തിയാക്കുവാനായി അതിവേഗം കടലിലേക്കു മടങ്ങുന്നു.
കേരളതീരത്ത് ധാരാളമായി ലഭിക്കുന്ന നാരന്‍, പൂവാലന്‍, കഴന്തന്‍, ചൂടന്‍ എന്നീ ഇനങ്ങളിലുള്ള കൊഞ്ചുകളുടെയും ജീവിതചക്രം ഇതേ രീതിയിലുള്ളതാണ്. എന്നാല്‍ കരിക്കാടി കൊഞ്ചിന്റെ ജീവിതചക്രം കടലില്‍ തന്നെയാണു പൂര്‍ണ്ണമാവുന്നത്.
കൊഞ്ചുവിഭവചൂഷണം ഇന്ത്യയില്‍. കൊഞ്ചുത്പാദക രാജ്യങ്ങളില്‍ ലോകറെക്കോര്‍ഡ് സൃഷ്ടിച്ചുകൊണ്ട് ഇന്ത്യ 1973-ല്‍ ഒന്നാംസ്ഥാനത്തെത്തി. ചില വര്‍ഷങ്ങള്‍ ഒഴിച്ച് തുടര്‍ന്നുള്ള കാലം മുഴുവന്‍ ഇന്ത്യ ആ സ്ഥാനം നിലനിര്‍ത്തിവരികയാണ്. പിനയിഡ് വിഭാഗത്തില്‍പ്പെട്ട കൊഞ്ചാണ് ഇന്ത്യന്‍ കൊഞ്ചുകളില്‍ പ്രധാനം. ഇന്ത്യയുടെ ഉത്പാദനത്തില്‍ 80 ശതമാനത്തിലധികം കൊഞ്ചും ഇന്ത്യയുടെ പശ്ചിമതീരക്കടലില്‍ നിന്നാണ് ലഭിച്ചുവരുന്നത്. കേരള-കര്‍ണാടക തീരങ്ങളാണ് ഇക്കാര്യത്തില്‍ പ്രശസ്തിയേറിയ പ്രദേശങ്ങള്‍.
അന്താരാഷ്ട്ര വിപണിയില്‍ കൊഞ്ചിനുള്ള ഡിമാന്‍ഡും വിലയും കാരണം നമ്മുടെ ഉത്പാദകര്‍ എങ്ങനെയും പരമാവധി കൊഞ്ചിനെ പിടിച്ചെടുക്കണം എന്ന അത്യാഗ്രഹംമൂലം എല്ലാ മാര്‍ഗങ്ങളും അതിനായി വിനിയോഗിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ രംഗത്തു വന്‍തോതില്‍ യന്ത്രവത്കൃത ബോട്ടുകള്‍ പ്രവേശിച്ചു നടത്തിയ ശ്രമങ്ങളാണ് ഉത്പാദനത്തില്‍ ഒരു കുതിച്ചുചാട്ടത്തിന് ഇന്ത്യയെ സഹായിച്ചത്. കഴിഞ്ഞകാലത്ത് നേടിയ ഉന്നതമായ ഉത്പാദനവര്‍ധനവ് ഒരു നിശ്ചലാവസ്ഥയില്‍ എത്തിനില്ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ ദൃശ്യമായിട്ടുള്ളത്. ശ്രമം എത്ര വര്‍ധിപ്പിച്ചാലും ഉത്പാദനം കൂടുകയില്ല എന്നതാണ് ഈ ദശാസന്ധിയിലെ അവസ്ഥ. വ്യവസായികളെയും ശാസ്ത്രജ്ഞന്മാരെയും ഇത് അമ്പരപ്പിച്ചിരിക്കുന്നു.
കൊഞ്ചുത്പാദനം. 1971 -ല്‍ കേരളത്തിലേത് 32,813 ടണ്ണും ഇന്ത്യയിലേത് 148,843 ടണ്ണുമായിരുന്നത് 1981-ല്‍ യഥാക്രമം 22,428-ഉം 144,967 ആയും കുറഞ്ഞു. 1985-ല്‍ കേരളത്തിലേത് 26,863 ടണ്ണും ഇന്ത്യയുടെ മൊത്തം ഉത്പാദനം 1,88,211 ടണ്‍ ആയി വളര്‍ച്ച പ്രാപിക്കുകയും ചെയ്യുകയുണ്ടായി. 2010-11 ല്‍ രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതിയുടെ മൂല്യം 12,901.47 കോടി രൂപയായിരുന്നതില്‍ (8.13 ലക്ഷം ടണ്‍) 44.32 ശതമാനം കൊഞ്ചില്‍ നിന്നാണ്. ഇതില്‍ 4,77,505.76 ടണ്‍ കേരളത്തില്‍ നിന്നും ലഭിച്ചവയാണ്.
കേരളത്തിലെ മത്സ്യബന്ധനം മുഖ്യമായും ചില പ്രദേശങ്ങളില്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. മത്സ്യസീസണില്‍ യന്ത്രവത്കൃത ബോട്ടുകളും എന്‍ജിനുകള്‍ ഘടിപ്പിച്ചു നവീകരിക്കപ്പെട്ട നാടന്‍ വള്ളങ്ങളും ഈ മേഖലയില്‍ കേന്ദ്രീകരിച്ചാണു പ്രവര്‍ത്തിക്കുന്നത്. 60-80 മീ. മാത്രം ആഴമുള്ള ഈ കടല്‍മേഖലയില്‍ നടക്കുന്ന കേന്ദ്രീകൃത യത്നം, നമ്മുടെ കൊഞ്ചുസമ്പത്തിനെ ക്രമേണയുള്ള തകര്‍ച്ചയിലേക്ക് നയിക്കുന്ന ലക്ഷണമാണ് കാണിക്കുന്നത്. എത്ര കൂടുതല്‍ ബോട്ടുകള്‍ ഈ മേഖലയില്‍ ശ്രമിച്ചാലും കൂടുതല്‍ കൊഞ്ചു ലഭ്യമല്ല എന്ന സ്ഥിതി വിശേഷം ഉണ്ടായേക്കാം. വളരെ ശ്രദ്ധാപൂര്‍വം നിയന്ത്രിക്കപ്പെടേണ്ട ഒരു പ്രശ്നമാണിത്. ഇവിടെ കൊഞ്ച് ബന്ധനത്തിനുള്ള ബോട്ടുകളുടെ എണ്ണത്തിനുള്ള നിയന്ത്രണം, ചില കാലങ്ങളില്‍ കൊഞ്ചുപിടിത്തം നിരോധനം, ഓരോ ബോട്ടിനും പരമാവധി പിടിക്കാവുന്നതിന് പരിധി നിശ്ചയിക്കല്‍ തുടങ്ങിയ ചില നടപടികള്‍ വേണ്ടിവന്നേക്കും. പക്ഷേ ഒരു പ്രത്യേക മേഖലയില്‍ ഒരു കാലഘട്ടത്തില്‍ കൊഞ്ചുപിടിത്തത്തില്‍ ഏര്‍പ്പെടുന്ന ബോട്ടുകളുടെ എണ്ണം വളരെ കൂടിയിട്ടുമുണ്ട് എന്നതാണു സത്യസ്ഥിതി. ഈ സ്ഥിതിവിശേഷത്തെ 'സാമ്പത്തികമായ അമിത ബന്ധനം' (Economic over-fishing) എന്നാണ് വിശദീകരിച്ചിട്ടുള്ളത്. കൂടുതല്‍ വസ്തുനിഷ്ഠമായ പഠനങ്ങളിലൂടെ മാത്രമേ കൊഞ്ചുവ്യവസായത്തിന് സാമ്പത്തിക സുസ്ഥിതി നല്കുവാനുതകുന്ന ഒരു ചൂഷണതന്ത്രത്തിന് രൂപം കൊടുക്കുവാന്‍ കഴിയൂ.
കേരളത്തിലെ ചെമ്മീന്‍ കൃഷി. കേരളത്തിലെ പൊക്കാളി നിലങ്ങള്‍ ഉള്‍പ്പെടെയുള്ള ചെമ്മീന്‍ കെട്ടുകളിലും നെല്‍പ്പാടങ്ങള്‍ ഉള്‍പ്പെടെയുള്ള ഓരുജല പ്രദേശങ്ങളിലുമാണ് പരമ്പരാഗത രീതിയിലുള്ള ചെമ്മീന്‍ വളര്‍ത്തലുള്ളത്. വേലിയേറ്റ-വേലിയിറക്കവുമായി ബന്ധപ്പെട്ടതാണ് പരമ്പരാഗത ചെമ്മീന്‍കൃഷി അഥവാ ചെമ്മീന്‍ വാറ്റ്. വേലിയേറ്റത്തോടൊപ്പം കടലില്‍നിന്നും കയറിവരുന്ന ചെമ്മീന്‍ കുഞ്ഞുങ്ങളെ ചെമ്മീന്‍കെട്ടുകളില്‍ വലയുപയോഗിച്ച് പിടിക്കുന്ന രീതിയാണിത്. എന്നാല്‍ ഇന്ന് ശാസ്ത്രീയമായ കൃഷിരീതികള്‍ അവലംബിച്ച് വന്‍തോതില്‍ ചെമ്മീന്‍ ഉത്പാദിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുത്തയിനം ചെമ്മീന്‍കുഞ്ഞുങ്ങളെ ഒരു നിശ്ചിതകാലം വളര്‍ത്തിയശേഷം, ഒന്നിച്ചു പിടിച്ചെടുക്കുന്ന രീതിയാണിന്ന് സ്വീകരിച്ചുപോരുന്നത്. ഒരു ചെമ്മീന്‍കെട്ടില്‍ കൃഷി ചെയ്യാനായി സംഭരിക്കുന്ന ചെമ്മീന്‍കുഞ്ഞുങ്ങളുടെ നിരക്കിന്റെ അടിസ്ഥാനത്തില്‍ പ്രധാനമായും മൂന്നിനം കൃഷിരീതികളുണ്ട്. ഹെക്ടറിന് 25,000 മുതല്‍ 50,000 വരെ ചെമ്മീന്‍കുഞ്ഞുങ്ങളെ വളര്‍ത്തി, ഏകദേശം 500 കി.ഗ്രാം വരെ ഉത്പാദനം പ്രതീക്ഷിക്കുന്ന കൃഷിരീതിയാണ് വിസ്തൃതകൃഷി. അര്‍ധ ഉര്‍ജിത കൃഷിയില്‍ ഒരു ലക്ഷം മുതല്‍ രണ്ടുലക്ഷം വരെ ചെമ്മീന്‍കുഞ്ഞുങ്ങളെ സംഭരിക്കുകയും ഒരു വിളവെടുപ്പില്‍ 1,000 മുതല്‍ 2,000 കി.ഗ്രാം വരെ ഉത്പാദനം പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഹെക്ടറിന് അഞ്ചുലക്ഷത്തിലധികം കുഞ്ഞുങ്ങളെ സംഭരിച്ച് പത്ത് ടണ്ണോളം ഉത്പാദനം പ്രതീക്ഷിക്കുന്ന ചെമ്മീന്‍ കൃഷിരീതിയാണ് ഊര്‍ജിതകൃഷി രീതി. അര്‍ധ ഊര്‍ജിത-ഊര്‍ജിത കൃഷി രീതികളില്‍ കൃത്രിമമായി വായു സമ്മിശ്രണവും ജലവിനിമയവും നടത്തുന്നതിനു പുറമേ അധികമായ അളവില്‍, തീറ്റ ലഭ്യമാക്കുകയും ചെയ്യാറുണ്ട്.
ചെമ്മീന്‍കെട്ട് നിലനില്‍ക്കുന്ന പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, വെള്ളത്തിന്റെയും മണ്ണിന്റെയും ഭൌതികരാസഗുണങ്ങള്‍ തുടങ്ങിയവ ചെമ്മീന്‍കൃഷിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. വ്യാവസായികാടിസ്ഥാനത്തില്‍ ചെമ്മീന്‍ വളര്‍ത്തുന്ന ഹാച്ചറികളില്‍, സൂര്യപ്രകാശവും കടല്‍ജലവും ധാരാളമായി ലഭ്യമായിരിക്കണം. വളര്‍ച്ചയെത്തിയ ചെമ്മീനുകളെ കടലില്‍ നിന്നും ശേഖരിച്ചാണ് ഹാച്ചറികളില്‍ വിത്തുല്‍പ്പാദനത്തിനുപയോഗിക്കുന്നത്. നല്ല ആരോഗ്യമുള്ളവയും പൂര്‍ണ വളര്‍ച്ചയെത്തിയ മുട്ടകള്‍ നിറഞ്ഞവയുമായ തള്ള ചെമ്മീനുകളെ ഓരോന്നിനെയും പ്രത്യേകമായി, അരിച്ചെടുത്ത കടല്‍ജലം നിറച്ചതും 200 ലി. അളവുള്ളതുമായ പ്ലാസ്റ്റിക് സംഭരണികളില്‍ ശുദ്ധവായു നല്‍കി സൂക്ഷിക്കുന്നു. മുട്ടകള്‍ ജലത്തിലെ താപനില അനുസരിച്ച് 8-14 മണിക്കൂറിനുള്ളില്‍ വിരിയുകയും നോപ്ളിയസുകള്‍ പുറത്തുവരികയും ചെയ്യും. ഇവയില്‍ നിന്നും നല്ല ആരോഗ്യമുള്ളവയെ ലിറ്ററിന് 100 എണ്ണം എന്ന നിരക്കില്‍ വളര്‍ത്തു ടാങ്കുകളില്‍ ശേഖരിക്കുന്നു. ചെമ്മീന്‍ ലാര്‍വയുടെ രണ്ടും മൂന്നും പരിണാമദശകള്‍ പിന്നിടുന്നതുവരെ-ഏകദേശം 12 ദിവസം വരെ-ഇവയെ വളര്‍ത്തുടാങ്കുകളില്‍ സൂക്ഷിക്കുന്നു. ഈ ഘട്ടത്തില്‍ ശുദ്ധവായുവും ക്രമമായ ഭക്ഷണവും നല്‍കുകയും അവശിഷ്ടങ്ങള്‍ നീക്കി ടാങ്ക് വൃത്തിയാക്കുകയും വേണം.
ചെമ്മീന്‍കൃഷിയില്‍, തെങ്ങിന്‍ തോപ്പുകളിലുള്ള തോടുകള്‍, ആഴം കുറഞ്ഞ കായല്‍ ഭാഗങ്ങള്‍, ഉപ്പളങ്ങളിലെ ജലസംഭരണികള്‍ തുടങ്ങി കൃഷിക്കായി തെരഞ്ഞെടുത്തിരിക്കുന്നയിടത്തെ മറ്റു മത്സ്യങ്ങളെ നശിപ്പിക്കുക പ്രധാനമാണ്. നിലവിലെ വെള്ളം വറ്റിച്ചതിനുശേഷം കുമ്മായം, ചാണകം എന്നിവ ചേര്‍ക്കണം. ചെമ്മീന്‍കെട്ടില്‍ വളപ്രയോഗത്തെത്തുടര്‍ന്ന് കാല്‍മീറ്ററോളം ഉയരത്തില്‍ വെള്ളം കയറ്റി ഒരാഴ്ച നിര്‍ത്തണം. അതിനുശേഷം ചെമ്മീന്‍കെട്ടിന്റെ തൂമ്പുതുറന്ന്, നൈലോണ്‍ വലയില്‍കൂടി രണ്ടുമൂന്നു ദിവസം ജലവിനിമയം നടത്തിയശേഷം രണ്ടരഅടിയെങ്കിലും വെള്ളം നിലനിര്‍ത്തിക്കൊണ്ട് ചെമ്മീന്‍ കുഞ്ഞുങ്ങളെ സംഭരിക്കാവുന്നതാണ്.
മാംസ്യം അടങ്ങിയ തീറ്റയാണ് ചെമ്മീന്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ടത്. കക്കയിറച്ചി, തവിട്, നിലക്കടലപ്പിണ്ണാക്ക്, സംസ്കരണശാലകളില്‍ നിന്ന് പുറന്തള്ളുന്ന മത്സ്യാവശിഷ്ടങ്ങള്‍ തുടങ്ങിയവ തീറ്റയായി നല്‍കാറുണ്ട്. തീറ്റ കുളത്തിലേക്ക് നേരിട്ടു വാരിവിതറുകയോ പ്രത്യേകം തയ്യാറാക്കിയ പാത്രങ്ങളില്‍ വച്ചു കൊടുക്കുകയോ ചെയ്യാം.
ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികള്‍ മൂലമുണ്ടാകുന്ന രോഗങ്ങളാണ് ചെമ്മീന്‍ കൃഷിയുടെ പ്രധാന വെല്ലുവിളി. ചെമ്മീന്‍കെട്ടിലെ ഗുണമേന്മ കുറഞ്ഞ ജലപരിസ്ഥിതി, കൃഷിക്കുപയോഗിച്ച രോഗബാധയുള്ള ചെമ്മീന്‍കുഞ്ഞുങ്ങള്‍, ജലത്തിലെ ലവണതയിലും ഊഷ്മാവിലും ഉണ്ടായ പ്രതികൂല മാറ്റങ്ങള്‍ എന്നിവ രോഗബാധയ്ക്കും വ്യാപനത്തിനും കാരണമാകും.
ഒമ്പതാം പഞ്ചവത്സരപദ്ധതിക്കാലം മുതല്‍ ഏറണാകുളം, തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ 2,500 ഹെ. പൊക്കാളിപ്പാടങ്ങള്‍ ചെമ്മീന്‍കൃഷിക്കായി നീക്കിവയ്ക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. 2012-13 കാലയളവില്‍ ഈ മേഖലയില്‍ നിലവിലുള്ള ചെമ്മീന്‍കെട്ടില്‍ നിന്നും 86 ലക്ഷം രൂപ വിലവരുന്ന ഏകദേശം 35 ടണ്‍ ചെമ്മീന്‍ ലഭിച്ചിരുന്നു.
ഭക്ഷ്യവിഭവം എന്ന നിലയില്‍ കൊഞ്ചിന് വന്‍സാമ്പത്തിക പ്രാധാന്യമുണ്ട്. കാല്‍സ്യം, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പന്നമായ കൊഞ്ചില്‍ കൊളസ്ട്രോളിന്റെ അളവ് കൂടുതലാണ്. അക്വേറിയങ്ങളില്‍ വളര്‍ത്തുന്ന അലങ്കാര ഇനങ്ങളാണ് കാരിഡിന മള്‍ട്ടിഡെന്റേറ്റ (Amano shrimp), ഗ്ലാസ് ഷ്രിംപ് (Pealaemonetes) എന്നിവ.
(ഡോ.പി.കെ.അബ്ദുള്‍ അസീസ്; സ.പ.)