This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരളോത്പത്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==കേരളോത്പത്തി== കേരളത്തിന്റെ ഉത്പത്തിയെക്കുറിച്ച് പ്രതിപാദ...)
അടുത്ത വ്യത്യാസം →

Current revision as of 15:21, 22 ജൂണ്‍ 2015

കേരളോത്പത്തി

കേരളത്തിന്റെ ഉത്പത്തിയെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതി. ഈ പേരില്‍ അനേകം കൃതികളുണ്ട്. ഇതേ ഉള്ളടക്കമുള്ള ചില കൃതികള്‍ കേരളചരിതം, കേരളനാടകം, കേരളസദ്ഭാവം മുതലായ മറ്റു പല പേരുകളിലും കാണുന്നുണ്ട്. കോഴിക്കോടു മാതൃക, ചിറയ്ക്കല്‍ മാതൃക എന്നീ രണ്ടു മാതൃകകളെക്കുറിച്ചു പ്രതിപാദിക്കുന്ന ഉള്ളൂര്‍ കേരളോത്പത്തി വാസ്തവത്തില്‍ ഒന്നേയുള്ളുവെന്നും അതു പില്ക്കാലത്ത് പല പ്രകാരത്തില്‍ രൂപാന്തരപ്പെട്ടതാകാമെന്നും അഭിപ്രായപ്പെടുന്നു. 1843-ല്‍ ഗുണ്ടര്‍ട്ട് മംഗലാപുരത്തുനിന്നു കല്ലച്ചില്‍ അടിച്ചു പ്രസിദ്ധപ്പെടുത്തിയതാണ് അക്കൂട്ടത്തില്‍ പഴക്കമേറിയത്. കേരളത്തില്‍ ബ്രാഹ്മണര്‍ ആധിപത്യം സ്ഥാപിച്ചശേഷം ഏതോ ബ്രാഹ്മണന്‍ രചിച്ചതാവാമിത്. മതപരമായും ഭൌതികമായും അവര്‍ക്കു ലഭിച്ച 'മുമ്പുകൈയും' സാധൂകരിക്കുന്നതിനുള്ള ശ്രമം ഇതില്‍ മുന്നിട്ടുനില്ക്കുന്നു. മേധാശക്തികൊണ്ടും സംസ്കാരബലംകൊണ്ടും സമൂഹത്തിന്റെ മുമ്പന്തിയിലെത്തിയ ബ്രാഹ്മണരുടെ ഉത്കര്‍ഷത്തെ ഒരു പൌരാണികപശ്ചാത്തലത്തില്‍ പ്രതിബിംബിപ്പിക്കുകയെന്നതാണ് ഇതിന്റെ പരമോദ്ദേശ്യം. ബ്രഹ്മാണ്ഡപുരാണമാണ് ഇതിന്റെ ആധാരമായി പറയപ്പെടുന്നത്. കേരളത്തിലെ ബ്രാഹ്മണമേധാവിത്വത്തിന്റെ പിന്നില്‍ അവരുടെ സംസ്കാരവും നയതന്ത്രജ്ഞയും കാര്യക്ഷമതയും നിഗൂഢമായി പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലമാണിത്. സര്‍വതന്ത്രസ്വതന്ത്രനായ ശങ്കരന്റെ ആവിര്‍ഭാവത്തിനും അദ്വൈതമത പ്രചാരണത്തിനുംശേഷമുണ്ടായ നവോത്ഥാനം ബ്രാഹ്മണപ്രാബല്യത്തിനു വഴിതെളിച്ചു. കൊല്ലം ആദിമശതകങ്ങളില്‍ ഉള്‍പ്പെടുന്ന കേരള ക്ഷേത്രങ്ങളുടെ ഭരണത്തില്‍ പ്രാമാണ്യം ലഭിച്ച് ഊരാളാന്മാരായിത്തീര്‍ന്നത് അതിന്റെ ആദ്യത്തെ പടിയാണ്. അചിരേണ കേരള ബ്രാഹ്മണര്‍ കേരളത്തിലെ മികച്ച ജന്മികളായി രൂപാന്തരപ്പെട്ടു.

ചരിത്രമെന്ന മട്ടില്‍ വിശ്വാസയോഗ്യമല്ലാത്ത പലതും കൂട്ടിക്കുഴച്ചു രചിച്ചിട്ടുള്ള ഒരു കൃതിയുടെ രൂപാന്തരങ്ങളാണ് ഇതിന്റെ വിവിധ വകുപ്പുകള്‍. ശങ്കരാചാര്യര്‍ സര്‍വജ്ഞപീഠം കയറുന്നതുവരെയുള്ള വിവരം എല്ലാ പതിപ്പുകളിലും ഒരുപോലെ കാണുന്നു. പരശുരാമകഥ, പെരുമാക്കന്മാരുടെ ഭരണം, ബൌദ്ധനായ പെരുമാള്‍, രക്ഷാപുരുഷന്മാരുടെയും ബ്രാഹ്മണരുടെയും വാഴ്ച, കൃഷ്ണദേവരായരും ചേരമാന്‍പെരുമാളും, പെരുമാളിന്റെ രാജ്യവിഭജനം, സാമൂതിരിയുടെ വിജയങ്ങള്‍, കോഴിക്കോടിന്റെ മഹിമ, പറങ്കികളുടെ വരവ്, കേരളത്തിലെ സ്വരൂപങ്ങള്‍, കോലത്തുനാട്ടുരാജവംശത്തിന്റെ മേന്മ മുതലായവ അല്പാല്പം വ്യത്യാസത്തോടുകൂടി എല്ലാ പതിപ്പുകളിലും കാണാം. കേരളത്തിലെ ജാതിവിഭാഗങ്ങളും 64 ഗ്രാമങ്ങളും ഇവയില്‍ വിവരിച്ചിട്ടുണ്ട്. നാടുവാഴികളുടെ ചരിത്രങ്ങളില്‍ ഐകരൂപ്യം കാണുന്നില്ല. ഇതിലെ പെരുമാള്‍കഥ ഇന്നു ചരിത്രകാരന്മാര്‍ അംഗീകരിക്കുന്നില്ല. 'പറങ്കികള്‍, ലന്ത, പരന്തിരീസ്, ഇങ്കിരീസ്' എന്നീ വട്ടത്തൊപ്പിക്കാരെപ്പറ്റി പറഞ്ഞിട്ടുള്ളതുകൊണ്ട് യൂറോപ്യന്മാരുടെ ആഗമനത്തിനുശേഷമാണ് ഇതു രചിക്കപ്പെട്ടതെന്നു വ്യക്തം. വിജയനഗരത്തിലെ കൃഷ്ണദേവരായരെപ്പറ്റിയുള്ള പ്രസ്താവവും ഇതിന്റെ പഴക്കമില്ലായ്മയെ കാണിക്കുന്നു. കേരളത്തിലെ വാസ്ത്വനുഭവക്രമം, വ്യവഹാരരീതി, ഗുഹനിര്‍മാണവിധി മുതലായ വിഷയങ്ങളും ഇതില്‍ അനുബന്ധരൂപത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. കേരളോത്പത്തി കൃതികളില്‍ ഗ്രാഹ്യാംശത്തെക്കാള്‍ ത്യാജ്യാംശമാണ് കൂടുതലുള്ളതെന്ന് മഹാകവി ഉള്ളൂര്‍ പറഞ്ഞിട്ടുള്ളത് സ്മരണീയമാണ്.

(വി.ആര്‍. പരമേശ്വരന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍