This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെ.പി.സി.സി.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെ.പി.സി.സി.)== [[ചിത്രം:KP_Kesavamenon...)
അടുത്ത വ്യത്യാസം →

17:28, 21 ജൂണ്‍ 2015-നു നിലവിലുണ്ടായിരുന്ന രൂപം

കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെ.പി.സി.സി.)

കെ.പി. കേശവമേനോന്‍

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കേരളസംസ്ഥാന ഘടകം. സ്വാതന്ത്യ്രസമരത്തിന്റെ ഭാഗമായി 1885 ഡി. 28-ന് ബോംബെയില്‍ ഗോകുല്‍ദാസ് തേജ്പാല്‍ സംസ്കൃതകോളജില്‍ വച്ചു കൂടിയ സമ്മേളനത്തിലാണ് കോണ്‍ഗ്രസ് പ്രസ്ഥാനം രൂപീകരിക്കപ്പെട്ടതെങ്കിലും 1908-ല്‍ മാത്രമാണ് കേരളത്തില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായത്. അതിനുമുമ്പ് 1897-ല്‍ നടന്ന അമരാവതി അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി സമ്മേളനത്തില്‍, ആദ്യമായി ഒരു മലയാളി, സി. ശങ്കരന്‍ നായര്‍ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഉത്തരകേരളീയനും മദ്രാസിലെ ഒരഭിഭാഷകനുമായ വി. രൈരു നമ്പ്യാര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. ബാരിസ്റ്റര്‍ ജി.പി. പിള്ളയാണ് അക്കാലത്ത് കോണ്‍ഗ്രസ്സുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന മറ്റൊരു മലയാളി.

കേരളത്തില്‍ വച്ച് ആദ്യമായി ഒരു കോണ്‍ഗ്രസ് സമ്മേളനം നടന്നത് 1903-ല്‍ ആണ്. സേലം വിജയരാഘവാചാരിയായിരുന്നു അധ്യക്ഷന്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആദ്യഘട്ടങ്ങളില്‍ നാട്ടുരാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നില്ല. അതിനാല്‍ ബ്രിട്ടീഷ് അധീനതയിലിരുന്നതും മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായി വര്‍ത്തിച്ചിരുന്നതുമായ മലബാറില്‍ മാത്രമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തനമുണ്ടായിരുന്നത്. 1908-ല്‍ മലബാര്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി രൂപീകൃതമായി. കെ.പി. കേശവമേനോന്‍, എ.കെ. ലെ ആദ്യകാല നേതാക്കന്മാരായി.

കെ. കേളപ്പന്‍

1910-ല്‍ സി. കുഞ്ഞിരാമമേനോന്‍ (കേരള പത്രിക പത്രാധിപര്‍) സെക്രട്ടറിയായി മലബാറില്‍ ആദ്യത്തെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നിലവില്‍വന്നു. ലണ്ടനില്‍വച്ച് ബാരിസ്റ്റര്‍പരീക്ഷ പാസായശേഷം കെ.പി. കേശവമേനോന്‍ കോഴിക്കോട്ടു തിരിച്ചെത്തിയതോടെയാണ് ശരിയായ കോണ്‍ഗ്രസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. 1916-ല്‍ അദ്ദേഹം ജില്ലാ കോണ്‍ഗ്രസ് സെക്രട്ടറിയായി. ആനിബെസന്റിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോംറൂള്‍ ലീഗിന്റെ മലബാര്‍ ശാഖാസെക്രട്ടറിയും ഇദ്ദേഹമായിരുന്നു.

മുഹമ്മദ് അബ്ദുറഹിമാന്‍

ആനിബസന്റിന്റെ നേതൃത്വത്തില്‍ 1916 മേയ് 4, 5 തീയതികളില്‍ പാലക്കാട്ടു വച്ച് കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ഒന്നാം രാഷ്ട്രീയസമ്മേളനം നടന്നു. രണ്ടാം രാഷ്ട്രീയസമ്മേളനം സി.പി. രാമസ്വാമി അയ്യരുടെ നേതൃത്വത്തില്‍ 1917-ല്‍ കോഴിക്കോട്ടു വച്ചും മൂന്നാം രാഷ്ട്രീയസമ്മേളനം ആസാദ് അലിഖാന്റെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ വച്ചും സംഘടിപ്പിക്കപ്പെട്ടു. 1919-ല്‍ കെ.പി. രാമമേനോന്റെ നേതൃത്വത്തില്‍ വടകരയില്‍വച്ചാണ് നാലാം ദേശീയസമ്മേളനം നടന്നത്. 1920-ല്‍ ഹിന്ദു പത്രാധിപര്‍ കസ്തൂരി രങ്കയ്യരുടെ നേതൃത്വത്തില്‍ മഞ്ചേരിയില്‍ വച്ചു നടന്ന അഞ്ചാം രാഷ്ട്രീയ സമ്മേളനത്തില്‍ വച്ച് വിദ്യാഭ്യാസം സൌജന്യമാക്കുക, റൌലത്ത് ആക്റ്റ് തുടങ്ങിയ കരിനിയമങ്ങള്‍ റദ്ദാക്കുക, ജാതിവ്യത്യാസമില്ലാതെ സൈന്യത്തില്‍ ഇന്ത്യാക്കാരെ നിയമിക്കുക എന്നീ പ്രമേയങ്ങള്‍ പാസാക്കുകയുണ്ടായി. ഇതേ സമ്മേളനത്തില്‍ വച്ചുതന്നെയാണ് മൊണ്ടേഗു-ചെംസ്ഫോര്‍ഡ് പരിഷ്കാരങ്ങള്‍ സ്വീകരിക്കാന്‍ ആനിബസന്റ്, മഞ്ചേരി രാമയ്യര്‍ തുടങ്ങിയ മിതവാദികള്‍ തീര്‍ച്ചയാക്കിയതും കെ. മാധവന്‍നായര്‍, കെ.പി. കേശവമേനോന്‍ തുടങ്ങിയ തീവ്രവാദപക്ഷം ഇതിനെ എതിര്‍ക്കുന്നതും. തുടര്‍ന്ന് മിതവാദികള്‍ സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയി. ജന്മി-കുടിയാന്‍ ബന്ധത്തെപ്പറ്റിയും ഇരുപക്ഷവും തമ്മില്‍ ഭിന്നതയുണ്ടായി. 1920 ഏ. 29-ന് ചേര്‍ന്ന മഞ്ചേരി സമ്മേളനത്തില്‍ വച്ച് ഖിലാഫത്തു പ്രസ്ഥാനത്തിനു പിന്തുണ നല്കുന്ന പ്രമേയവും, മലബാറിലെ ജന്മിമാര്‍ കുടിയാന്മാരെ ദ്രോഹിക്കുന്നതു നിര്‍ത്തണം എന്ന പ്രമേയവും അവതരിപ്പിച്ചു. 1921-ലെ നാഗ്പൂര്‍ സമ്മേളനത്തിനു ശേഷം ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തെക്കുറിച്ചുള്ള ആലോചനകള്‍ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ഉയര്‍ന്നുവന്നു. അതിന്റെ മുന്നോടിയായി പ്രാദേശിക കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയതിന്റെ ഫലമായി 1921-ല്‍ കെ.പി.സി.സി. നിലവില്‍ വന്നു. 1921 ഏപ്രിലില്‍ ഒറ്റപ്പാലത്തു വച്ചാണ് കെ.പി.സി.സി.യുടെ ആദ്യസമ്മേളനം നടന്നത്. ടി. പ്രകാശം ആയിരുന്നു സമ്മേളനത്തിന്റെ അധ്യക്ഷന്‍. കെ.പി.സി.സി. രൂപീകരിക്കപ്പെട്ടുവെങ്കിലും മലബാര്‍, മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായി തുടരുകയും കൊച്ചിയും തിരുവിതാംകൂറും നാട്ടുരാജ്യങ്ങളായി നിലനില്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ ഏകോപിച്ചുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തനം ബുദ്ധിമുട്ടായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തന സൌകര്യാര്‍ഥം കേരളത്തെ തലശ്ശേരി, കോഴിക്കോട്, പാലക്കാട്, കൊച്ചി, തിരുവിതാംകൂര്‍ എന്നിങ്ങനെ അഞ്ചു മേഖലകളാക്കി. ഓരോ മേഖലയുടെയും പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്നത് അതത് ജില്ലാസെക്രട്ടറിയായിരുന്നു. അക്കാലത്ത് കെ.പി.സി.സി.ക്ക് ഒരു സ്ഥിരം പ്രസിഡന്റ് ഉണ്ടായിരുന്നില്ല. സമ്മേളനസന്ദര്‍ഭങ്ങളില്‍ പ്രസിഡന്റായി ഒരാളെ നിയോഗിക്കുകയായിരുന്നു പതിവ്. കെ. മാധവന്‍നായരാണ് ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട കെ.പി.സി.സി. പ്രസിഡന്റ്.

കെ.മാധവന്‍ നായര്‍

ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രചാരണാര്‍ഥം 1920-ന്റെ ഉത്തരാര്‍ധത്തില്‍ മഹാത്മാഗാന്ധിയും മുഹമ്മദാലിയും കോഴിക്കോടു സന്ദര്‍ശിച്ചു. 1921 ഫെ. 21-ന് ഖിലാഫത്ത് നേതാവായ യാക്കൂബ് ഹസ്സന്‍ കോഴിക്കോട്ടു വന്നപ്പോള്‍ അദ്ദേഹം പ്രസംഗിക്കരുതെന്നു കാണിച്ച് അധികാരികള്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. അങ്ങനെ അദ്ദേഹവും യു. ഗോപാലമേനോന്‍, കെ. മാധവന്‍നായര്‍, പൊന്മാടത്ത് മൊയ്തീന്‍കോയ എന്നീ കോണ്‍ഗ്രസ്-ഖിലാഫത്ത് നേതാക്കളും നിരോധനാജ്ഞ ലംഘിച്ച് അറസ്റ്റു വരിച്ചു. ഇവരെ കാണാന്‍ കൂടിയ ജനക്കൂട്ടത്തിനുനേരെ ലാത്തിച്ചാര്‍ജുണ്ടായി. മലബാറിലെ ആദ്യത്തെ രാഷ്ട്രീയത്തടവുകാര്‍ ഇവരായിരുന്നു.

സി.കെ. ഗോവിന്ദന്‍നായര്‍

കോണ്‍ഗ്രസ്സിന്റെ അഖിലകേരളാടിസ്ഥാനത്തിലുള്ള ഒന്നാമത്തെ രാഷ്ട്രീയസമ്മേളനം 1921 ഏ. 23-ന് ഒറ്റപ്പാലത്ത് നടന്നു. ആന്ധ്ര കേസരി ടി. പ്രകാശമാണ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്. കൊച്ചി, തിരുവിതാംകൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ കൂടി ഈ സമ്മേളനത്തില്‍ പങ്കെടുത്തു. 'മാപ്പിളലഹള' എന്ന പേരില്‍ അറിയപ്പെടുന്ന 'മലബാര്‍ കലാപം' ഉണ്ടായതും ഈ വര്‍ഷത്തില്‍ത്തന്നെയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ ലഹള സമാധാനപരമാക്കാന്‍ ചെയ്ത ശ്രമങ്ങള്‍ വേണ്ടത്ര ഫലം കണ്ടില്ല. ലഹളക്കാലത്ത് കേളപ്പന്‍, കെ. മാധവന്‍ നായര്‍, എം.പി. നാരായണമേനോന്‍, മുഹമ്മദ് അബ്ദുറഹിമാന്‍, ഇ. മൊയ്തുമൌലവി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ ശിക്ഷിക്കപ്പെട്ടു. ലഹളയുടെ ഫലമായി മലബാറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം സ്തംഭിച്ചുപോയി. സ്ഥിതിഗതികള്‍ അല്പം മെച്ചപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ്സിന്റെ രണ്ടാം കേരള രാഷ്ട്രീയസമ്മേളനം 1923 മേയ് 6-ന് സരോജിനി നായിഡുവിന്റെ അധ്യക്ഷതയില്‍ പാലക്കാട്ടുവച്ച് കൂടി. 'മലബാര്‍ ലഹള'യ്ക്കുള്ള കാരണങ്ങളെക്കുറിച്ചും അക്കാലത്തുണ്ടായ അനിഷ്ടസംഭവങ്ങളെക്കുറിച്ചും അന്വേഷിക്കാന്‍ സമ്മേളനം ഒരു കമ്മിറ്റിയെ നിയോഗിച്ചു. കേരള സമൂഹത്തില്‍ ജാതിവിവേചനത്തിന്റെ ഭാഗമായി നിലനിന്നിരുന്ന 'തീണ്ടല്‍' പാടില്ല എന്ന പ്രമേയം ഈ സമ്മേളനത്തില്‍ അവതരിപ്പിച്ചു. കടലായി ശങ്കരന്‍ നമ്പൂതിരിപ്പാട് അവതരിപ്പിച്ച പ്രമേയത്തെ കെ. കേളപ്പന്‍ പിന്താങ്ങി. പശ്ചിമന്‍ നമ്പൂതിരി എന്ന പ്രവര്‍ത്തകന്‍ പ്രമേയത്തെ എതിര്‍ത്തുവെങ്കിലും പ്രമേയം പാസാക്കപ്പെട്ടു.

എ.വി. കുട്ടിമാളു അമ്മ

സുപ്രസിദ്ധമായ വൈക്കം സത്യഗ്രഹം നടന്നത് ഇക്കാലത്താണ് (1924). 1923-ല്‍ മാതൃഭൂമി പത്രവും 1924-ല്‍ അല്‍ അമീനും പ്രസിദ്ധീകരണമാരംഭിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ക്കു വളരെയേറെ സഹായകമായി.


1927-ല്‍ മദ്രാസ് കോണ്‍ഗ്രസ് സമ്മേളനത്തില്‍ പൂര്‍ണസ്വാതന്ത്ര്യപ്രമേയം അവതരിപ്പിച്ചതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തനം കേരളത്തിലും സജീവമായി. 1928 മേയ് മാസത്തില്‍ ജവാഹര്‍ലാല്‍ നെഹ്റുവിന്റെ അധ്യക്ഷതയില്‍ പയ്യന്നൂരില്‍ ചേര്‍ന്ന കേരള രാഷ്ട്രീയസമ്മേളനം കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം 'പൂര്‍ണസ്വരാജ്' ആയിരിക്കണമെന്ന് പ്രഖ്യാപിച്ചു. 1928-ല്‍ ഇന്ത്യ സന്ദര്‍ശിച്ച സൈമണ്‍ കമ്മിഷനെതിരായി നടന്ന രാജ്യവ്യാപകമായ പ്രതിഷേധപ്രകടനങ്ങളിലും മലബാര്‍ഘടകം പങ്കെടുത്തു.

ടി.ഒ. ബാവ

1931-ല്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത നിയമലംഘനപ്രസ്ഥാനവും കേരളത്തില്‍ അലയൊലികള്‍ സൃഷ്ടിച്ചു. കെ. കേളപ്പന്റെ നേതൃത്വത്തില്‍ പയ്യന്നൂരില്‍വച്ച് നിയമലംഘനം നടന്നതിന്റെ ഫലമായി പല ഭാഗങ്ങളിലും നിരോധനം ലംഘിക്കലും പൊലീസ് മര്‍ദനങ്ങളും അരങ്ങേറി. സമരം മൂര്‍ച്ഛിച്ചപ്പോള്‍ കെ.പി.സി.സി. നിയമവിരുദ്ധമാക്കപ്പെട്ടു. പലരും ജയിലിലായി. തുടര്‍ന്ന് 1931 മാ. 4-ലെ ഗാന്ധി-ഇര്‍വിന്‍ സന്ധിയുടെ ഫലമായി രാഷ്ട്രീയത്തടവുകാര്‍ മോചിപ്പിക്കപ്പെട്ടു.

ആര്‍. ശങ്കര്‍

1931 മേയ് 3, 4, 5 തീയതികളില്‍ വടകരയില്‍ ജെ.എം.സെന്‍ഗുപ്തയുടെ അധ്യക്ഷതയില്‍ അഞ്ചാം കേരള രാഷ്ട്രീയസമ്മേളനം ചേര്‍ന്നു. ഹിന്ദുക്കളായ എല്ലാവര്‍ക്കും ക്ഷേത്രപ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെടുന്നതായിരുന്നു സമ്മേളനം അംഗീകരിച്ച പ്രധാനപ്രമേയം. ആഗ. 11-ന് കെ. കേളപ്പന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കെ.പി.സി.സി. യോഗം അധഃസ്ഥിതര്‍ ഉള്‍പ്പെടെ എല്ലാ ഹിന്ദുക്കളുടെയും ക്ഷേത്രപ്രവേശനാവകാശത്തെ സ്ഥാപിക്കാന്‍ സത്യഗ്രഹം തുടങ്ങണമെന്ന് നിശ്ചയിച്ചു. 'വിജയം അല്ലെങ്കില്‍ മരണം' എന്ന മുദ്രാവാക്യത്തോടെയായിരുന്നു കേളപ്പന്‍ ഗുരുവായൂര്‍ സത്യഗ്രഹം ആരംഭിച്ചത്. 1931 ന. 1-ന് ആരംഭിച്ച സത്യഗ്രഹം, സമരക്കാര്‍ക്കു നേരെയുണ്ടായ ആക്രമണവും പൊലീസ് നടപടിയുംമൂലം നിര്‍ത്തിവയ്ക്കേണ്ടിവന്നു. പിന്നീട് ഗാന്ധിജിയുടെ അനുവാദത്തോടെ 1932 സെപ്. 22-ന് കേളപ്പന്‍ നിരാഹാരസത്യഗ്രഹം ആരംഭിച്ചു. പിന്നീട് ഒ. 2-ന് ഗാന്ധിജിയുടെ ഉപദേശപ്രകാരമാണ് ഇദ്ദേഹം നിരാഹാരസമരം അവസാനിപ്പിച്ചത്. പൊന്നാനി താലൂക്കില്‍ ക്ഷേത്രപ്രവേശനത്തോടുള്ള പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനായി ഒരു റഫറണ്ടവും ഇതോടൊപ്പം നടത്തുകയുണ്ടായി.

1919-ല്‍ തൃശൂരും കൊച്ചിയിലും കെ.പി.സി.സി.ക്ക് ജില്ലാ കമ്മിറ്റികള്‍ ഉണ്ടായി. തൃശൂരില്‍ ഇക്കണ്ടവാര്യരും മൂത്തേടത്ത് നാരായണമേനോനും കൊച്ചിയില്‍ പാലിയത്ത് ചെറിയ കുഞ്ഞുണ്ണി അച്ചനുമായിരുന്നു നേതാക്കള്‍. 1925-ല്‍ കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരി കെ.പി.സി.സി.യുടെ കൊച്ചി ഡി.സി.സി. പ്രസിഡന്റായി നിയമിതനായി. 1925 ഏപ്രിലില്‍ വൈക്കത്ത് വച്ചുചേര്‍ന്ന കോണ്‍ഗ്രസ് കമ്മിറ്റി, സംഘടനയില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ തീരുമാനിച്ചു. തത്ഫലമായി കെ.പി.സി.സി.യുടെ ആസ്ഥാനം മധ്യകേരളത്തിലായിരിക്കണമെന്നും സംഘടനയ്ക്ക് ഒരു സ്ഥിരം പ്രസിഡന്റ് ഉണ്ടായിരിക്കണമെന്നും, പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവരെ സംസ്ഥാനസമിതി തിരഞ്ഞെടുക്കണമെന്നും തീരുമാനിച്ചു.

1938-കളില്‍ തിരുവല്ലയില്‍ ഫ്രാങ്കോ രാഘവന്‍പിള്ളയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷ് വിരുദ്ധകലാപം നടന്നു. വേലു, മാധവന്‍, നാരായണന്‍ എന്നീ പ്രവര്‍ത്തകര്‍ ജയിലില്‍ വച്ച് മര്‍ദനമേറ്റു മരിച്ചു. കല്ലറ-പാങ്ങോട് ദേശങ്ങളില്‍ ചന്തപ്പിരിവിനെതിരെ നടന്ന പ്രക്ഷോഭം കോണ്‍ഗ്രസ്സിന് ജനശ്രദ്ധ നേടിക്കൊടുത്തു. 1938-ല്‍ തിരുവനന്തപുരത്തു കോണ്‍ഗ്രസ് ശാഖ സ്ഥാപിതമായി. റിട്ടയേര്‍ഡ് ജഡ്ജി ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയായിരുന്നു പാര്‍ട്ടിഘടകത്തിന്റെ സ്ഥാപക അധ്യക്ഷന്‍. തുടര്‍ന്ന് ഡോ. പട്ടാഭി സീതാരാമയ്യയുടെ നേതൃത്വത്തില്‍ സമ്മേളനവും നടന്നു.

കുമ്പളത്തു ശങ്കുപ്പിള്ള

1930-കളില്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ ആശയപരമായ പല സംഘട്ടനങ്ങളും നടന്നു. 1934-ല്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപംകൊണ്ടപ്പോള്‍ കേരളത്തിലും അതിനൊരു ശാഖയുണ്ടായി. ശാഖയുടെ രൂപീകരണയോഗത്തില്‍ കേളപ്പനാണ് അധ്യക്ഷത വഹിച്ചത്. സി.കെ. ഗോവിന്ദന്‍നായരായിരുന്നു ആദ്യത്തെ സെക്രട്ടറി.

നിയമലംഘനപ്രസ്ഥാനം അവസാനിച്ചശേഷം ചേര്‍ന്ന കെ.പി.സി.സി. പ്രവര്‍ത്തകയോഗം കോങ്ങാട്ടില്‍ രാമന്‍മേനോനെ പ്രസിഡന്റായും പി.കെ. കുഞ്ഞിശങ്കരമേനോന്‍, എ.കെ. ഗോപാലന്‍ എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഉദയത്തോടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ പ്രകടമായ ഇടതുപക്ഷ-വലതുപക്ഷ ചേരിതിരിവ് കേരളത്തിലും പ്രകടമായി. ഷൊര്‍ണൂരില്‍വച്ചു നടന്ന കെ.പി.സി.സി. യോഗത്തില്‍ ഇതൊരു തുറന്ന സംഘട്ടനമായി പരിണമിക്കുകയും കോങ്ങാട്ടില്‍ രാമന്‍മേനോന്‍ പി.സി.സി. പ്രസിഡന്റ്സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് എ.കെ. ഗോപാലനെ താത്കാലിക പ്രസിഡന്റായി തിരഞ്ഞെടുത്തു.

കെ.പി. മാധവന്‍നായര്‍

1935 മേയ് 28-ന് കോഴിക്കോട്ടുവച്ച് സയ്യദ് അബ്ദുള്ള ബ്രെല്‍വിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന ഏഴാം കേരള രാഷ്ട്രീയസമ്മേളനം ഇടതുപക്ഷക്കാര്‍ക്ക് സംഘടനയിലുള്ള സ്വാധീനത്തിന്റെ ഉറച്ച പ്രഖ്യാപനമായി മാറി. നാട്ടുരാജ്യങ്ങള്‍ വേണ്ടെന്നു വയ്ക്കണമെന്നും 'ഐക്യകേരളം' രൂപീകരിക്കണമെന്നും ആവശ്യപ്പെടുന്ന ശ്രദ്ധേയമായ ഒരു പ്രമേയം ഈ സമ്മേളനം പാസാക്കുകയുണ്ടായി. കോഴിക്കോട്ടു സമ്മേളനത്തെ തുടര്‍ന്ന് ബ്രെല്‍വി, ടി. പ്രകാശം, ബി. സാംബമൂര്‍ത്തി തുടങ്ങിയ നേതാക്കള്‍ കോണ്‍ഗ്രസ്സിനുള്ളിലെ ഇടതുപക്ഷ-വലതുപക്ഷ ഭിന്നിപ്പു തീര്‍ക്കാനായി ഒരു മധ്യസ്ഥശ്രമം നടത്തി. കെ.പി.സി.സി. പ്രവര്‍ത്തകസമിതിയില്‍ ഇരുവിഭാഗക്കാര്‍ക്കും തുല്യപ്രാധാന്യം നല്കണമെന്ന വ്യവസ്ഥയില്‍ ഒത്തുതീര്‍പ്പില്‍ എത്തിച്ചേര്‍ന്നു. വലതുപക്ഷത്തിനുവേണ്ടി കേളപ്പന്‍ തുടങ്ങിയവരും ഇടതുപക്ഷത്തിനുവേണ്ടി ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവരുമാണ് കരാറില്‍ ഒപ്പുവച്ചത്. ഒത്തുതീര്‍പ്പിനെത്തുടര്‍ന്ന് കോങ്ങാട്ടില്‍ രാമന്‍മേനോന്‍ കെ.പി.സി.സി.യുടെ പുതിയ പ്രസിഡന്റായും കോഴിപ്പുറത്തു മാധവമേനോന്‍ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

1935-ലെ ഇന്ത്യാഗവണ്‍മെന്റ് ആക്റ്റ് പ്രകാരം സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുകയുണ്ടായി. മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറില്‍ കോണ്‍ഗ്രസ് സജീവമായിത്തന്നെ രംഗത്തിറങ്ങി. മലബാറിലെ എല്ലാ പൊതുനിയോജകമണ്ഡലങ്ങളിലും സ്ത്രീകള്‍ക്കും ദലിതര്‍ക്കും സംവരണം ചെയ്ത നിയോജക മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിച്ചു. 1937 ജൂല. 15-ന് മദ്രാസില്‍ സി. രാജഗോപാലാചാരിയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട കോണ്‍ഗ്രസ് മന്ത്രിസഭയില്‍ കെ.പി.സി.സി. പ്രസിഡന്റായ കോങ്ങാട്ടില്‍ രാമന്‍മേനോന്‍ കോടതി-ജയില്‍കാര്യമന്ത്രിയായി (1939-ല്‍ ഇദ്ദേഹം നിര്യാതനായപ്പോള്‍ പാര്‍ലമെന്ററി സെക്രട്ടറിയായ സി.ജെ. വര്‍ക്കിയെ 'മലയാളിമന്ത്രി'യാക്കി). ഈ കാലത്തു നടന്ന മലബാര്‍ ജില്ലാബോര്‍ഡ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു വമ്പിച്ച ഭൂരിപക്ഷം ലഭിക്കുകയും കേളപ്പന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

എന്നാല്‍ മുഹമ്മദ് അബ്ദുറഹിമാന്റെ നേതൃത്വത്തിലുള്ള ദേശീയമുസ്ലിങ്ങളും ഇടതുപക്ഷക്കാരായ കോണ്‍ഗ്രസ്സുകാരും ഒന്നിച്ചുചേര്‍ന്നപ്പോള്‍ കെ.പി.സി.സി.യില്‍ അവര്‍ക്കു വലിയ ഭൂരിപക്ഷം ലഭിച്ചു. തുടര്‍ന്ന് പുതിയ പ്രസിഡന്റായി മുഹമ്മദ് അബ്ദുറഹിമാനും ജനറല്‍ സെക്രട്ടറിയായി ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടും തിരഞ്ഞെടുക്കപ്പെട്ടു. പ്രസ്തുത കെ.പി.സി.സി.യുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ടുവച്ച് നടന്ന എട്ടാം കേരളരാഷ്ട്രീയ സമ്മേളനം (1938 ഏപ്രില്‍) കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ജയപ്രകാശ് നാരായണന്‍ അധ്യക്ഷത വഹിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മേലുള്ള നിയന്ത്രണം നീക്കണമെന്നാവശ്യപ്പെടുന്നത് ഉള്‍പ്പെടെ ഇടതുപക്ഷ ചിന്താഗതിക്കനുസൃതമായ പല പ്രമേയങ്ങളും ഈ സമ്മേളനം അംഗീകരിച്ചു.

1939-ല്‍ ബക്കളത്തുവച്ച് മുഹമ്മദ് അബ്ദുറഹിമാന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം 'ഫെഡറേഷന്‍' എന്ന സംവിധാനം തള്ളിക്കളയണമെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനോടാവശ്യപ്പെടുന്ന രാഷ്ട്രീയപ്രമേയം അംഗീകരിച്ചു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പരിശ്രമഫലമായി കര്‍ഷകത്തൊഴിലാളി വിഭാഗങ്ങളിലുണ്ടായ ഉണര്‍വിനും ആവേശത്തിനും ബക്കളം സമ്മേളനം സാക്ഷ്യംവഹിച്ചു.

1940 മേയില്‍ കോട്ടയില്‍വച്ച് പത്താം രാഷ്ട്രീയസമ്മേളനം നടന്നു. അബ്ദുറഹിമാന്‍ സാഹേബ് ആയിരുന്നു അധ്യക്ഷന്‍. ഈ സമ്മേളനത്തില്‍വച്ച് ഇടതു-വലതു ചേരികളില്‍ നിന്നിരുന്ന കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്കിടയില്‍ ഐക്യമുണ്ടാക്കാന്‍ ശ്രമം നടന്നെങ്കിലും പരാജയപ്പെട്ടു.

എ.കെ. ആന്റണി

1939 അവസാനത്തോടെ കേരളത്തിലെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി, കമ്യൂണിസ്റ്റ് പാര്‍ട്ടിയായി മാറി. രണ്ടാം ലോകയുദ്ധം തുടങ്ങിയതോടെ പ്രാബല്യത്തില്‍ വന്ന 'രാജ്യരക്ഷാനിയമ' പ്രകാരം കെ.പി.സി.സി. പ്രസിഡന്റ് അബ്ദുറഹിമാന്‍ സാഹേബ് ഉള്‍പ്പെടെ പലരും അറസ്റ്റുചെയ്യപ്പെട്ടു. സാഹേബിനു പകരം ഇടതുപക്ഷക്കാര്‍ക്കു ഭൂരിപക്ഷമുണ്ടായിരുന്ന കെ.പി.സി.സി., കെ.ടി. കുഞ്ഞിരാമന്‍ നമ്പ്യാരെ പ്രസിഡന്റായും കെ. ദാമോദരനെ സെക്രട്ടറിയായും തിരഞ്ഞെടുത്തുവെങ്കിലും വലതുപക്ഷക്കാര്‍ അതിനു വഴങ്ങിയില്ല. അവര്‍ പാലക്കാട്ട് മറ്റൊരു യോഗം ചേര്‍ന്ന് പി.കെ. മൊയ്തീന്‍കുട്ടിയെ പ്രസിഡന്റായും സി.കെ. ഗോവിന്ദന്‍നായരെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ഈ മത്സരം മൂത്തപ്പോള്‍ എ.ഐ.സി.സി. ഇടപെടുകയും ബിഹാറുകാരനായ ആര്‍.കെ.എല്‍. നന്ദ കോളിയര്‍ കണ്‍വീനറായി ഒരു അഡ്ഹോക്ക് കമ്മിറ്റിയെ നിയമിക്കുകയും ചെയ്തു.

1942 ആഗ. 8-ന് ബോംബെയില്‍ ചേര്‍ന്ന എ.ഐ.സി.സി. ചരിത്രപ്രസിദ്ധമായ ക്വിറ്റിന്ത്യാപ്രമേയം പാസ്സാക്കി. തുടര്‍ന്നു നടന്ന ക്വിറ്റിന്ത്യാസമരം കേരളത്തിലും വിപുലമായ തോതില്‍ നടക്കുകയുണ്ടായി. കീഴരിയൂര്‍ ബോംബ് കേസ് ഉടലെടുത്തത് ഇക്കാലത്താണ്. ക്വിറ്റിന്ത്യാസമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കേരളത്തില്‍ നിന്ന് ആയിരത്തോളംപേര്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. 'ആഗസ്റ്റ് സമരം' ഏതാണ്ട് കെട്ടടങ്ങിയതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറേശ്ശയായി ജയില്‍ വിമുക്തരായെങ്കിലും കെ.പി.സി.സി. നിയമവിരുദ്ധമായതിനാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം നടത്തുന്നതിനു മറ്റൊരു സംഘടന ആവശ്യമായിവന്നു. ഈ ഘട്ടത്തിലാണ് എ.വി. കുട്ടിമാളു അമ്മ പ്രസിഡന്റും എം. നാരായണക്കുറുപ്പ് സെക്രട്ടറിയുമായുള്ള കേരള കോണ്‍ഗ്രസ് സമിതി രൂപംകൊണ്ടത്. കെ.പി.സി.സി. നിയമവിധേയമായപ്പോള്‍ കോഴിപ്പുറത്തു മാധവമേനോന്‍ പ്രസിഡന്റും സി.കെ. ഗോവിന്ദന്‍ നായര്‍ ജനറല്‍ സെക്രട്ടറിയുമായി ഒരു കമ്മിറ്റി നിലവില്‍വന്നു. 1946-ല്‍ കെ.പി.സി.സി.യിലേക്കു പുതിയ തിരഞ്ഞെടുപ്പു നടന്നപ്പോള്‍ കെ. കേളപ്പന്‍ പ്രസിഡന്റും സി.കെ. ഗോവിന്ദന്‍ നായര്‍ സെക്രട്ടറിയുമായി.

1946-ല്‍ മദ്രാസ് അസംബ്ളിയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെതിരെ കമ്യൂണിസ്റ്റുകാര്‍ ആദ്യമായി മത്സരിച്ചു. എന്നാല്‍ പൊതുസീറ്റുകളിലെല്ലാംതന്നെ കോണ്‍ഗ്രസ് ജയിച്ചു. തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് മദ്രാസില്‍ ആദ്യം ആര്‍. രാഘവമേനോനും പിന്നീട് കോഴിപ്പുറത്തു മാധവമേനോനും മന്ത്രിമാരായി.

കെ.കെ. വിശ്വനാഥന്‍

സ്വാതന്ത്ര്യനന്തരം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ പൊതുവേ പ്രകടമായ ആശയപരമായ ഭിന്നതകള്‍ കേരളത്തിലും പ്രകടമായി. കോണ്‍ഗ്രസ്സിന്റെ ഒരു വിഭാഗമായി പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി 1948 മേയ് ആദ്യം നാസിക്കില്‍ സമ്മേളിച്ച് കോണ്‍ഗ്രസ് വിട്ട് സ്വതന്ത്രമായൊരു പാര്‍ട്ടിയായി പ്രവര്‍ത്തിക്കാന്‍ തീര്‍ച്ചയാക്കി. മറ്റു സംസ്ഥാനങ്ങളിലെ സഹപ്രവര്‍ത്തകരോടൊപ്പം കേരളത്തിലെ സി.എസ്.പി.ക്കാരും കോണ്‍ഗ്രസ് വിട്ടു. എന്നാല്‍ സംഘടനയില്‍ത്തന്നെ ഉറച്ചുനിന്നിരുന്നവര്‍ തമ്മില്‍ തുടര്‍ന്നും ഭിന്നതകള്‍ രൂപപ്പെട്ടു. കെ.പി.സി.സി.യില്‍ കേളപ്പന്‍ ഗ്രൂപ്പെന്നും സി.കെ. ഗ്രൂപ്പെന്നും (പരേതനായ സി.കെ. ഗോവിന്ദന്‍ നായരുടെ നേതൃത്വം സ്വീകരിച്ചവര്‍) രണ്ടു ചേരികള്‍ പരസ്യമായിത്തന്നെ രംഗത്തുവന്നു. 1948-ല്‍ കെ.പി.സി.സി. ഭാരവാഹികളുടെ തിരഞ്ഞെടുപ്പു നടന്നപ്പോള്‍ ഇതു മൂര്‍ച്ഛിച്ചു. കേളപ്പന്റെ നേതൃത്വത്തിലുള്ളവര്‍ക്കാണ് അന്നു മുന്‍കൈ ലഭിച്ചത്. (കേളപ്പന്‍ പ്രസിഡന്റും കെ.എ. ദാമോദരമേനോന്‍, എം. നാരായണക്കുറുപ്പ് എന്നിവര്‍ സെക്രട്ടറിമാരും ആയി.) ഈ ഗ്രൂപ്പുകള്‍ തമ്മില്‍ പലതരത്തിലും രീതിയിലും പിന്നീട് മൂന്നു കൊല്ലത്തോളം മത്സരം തുടര്‍ന്നുപോയി. 1950-ല്‍ കേളപ്പന്‍ പ്രസിഡന്റുസ്ഥാനം രാജിവച്ച് സഹപ്രവര്‍ത്തകര്‍ക്കൊപ്പം അഖിലേന്ത്യാതലത്തില്‍ ആചാര്യകൃപലാനി രൂപവത്കരിച്ച 'ഡെമോക്രാറ്റിക് ഫ്രണ്ടി'ല്‍ ചേര്‍ന്നു. ഈ ഫ്രണ്ട് ആണ് പിന്നീട് കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി (കെ.എം.പി.പി.) ആയിത്തീര്‍ന്നത്.

1949-ല്‍ കെ.പി.സി.സി. കൊച്ചിയിലും തിരുവിതാംകൂറിലും നേരിട്ടു പ്രവര്‍ത്തിച്ചുതുടങ്ങി. രണ്ടിടങ്ങളിലും കെ.പി.സി.സിക്ക് ഓരോ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഉടലെടുത്തു. കേളപ്പന്‍ രാജിവച്ച ഒഴിവില്‍ കെ.പി.സി.സി.യുടെ സ്ഥിരം പ്രസിഡന്റായി തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവായ കുമ്പളത്തു ശങ്കുപ്പിള്ള തിരഞ്ഞെടുക്കപ്പെട്ടു.

ഗ്രൂപ്പുവടംവലികൊണ്ടും പ്രമുഖരായ പലരുടെയും വേര്‍പാടുകൊണ്ടും ക്ഷീണിച്ചുപോയിരുന്ന കോണ്‍ഗ്രസ്സാണ് 1952-ല്‍ നടന്ന ഒന്നാമത്തെ പൊതുതിരഞ്ഞെടുപ്പിനെ മലബാറില്‍ നേരിട്ടത്. മദ്രാസ് അസംബ്ലിയിലേക്കുള്ള 30 സീറ്റില്‍ നാലെണ്ണവും ലോക്സഭയിലേക്കുള്ള ആറു സീറ്റില്‍ ഒന്നും മാത്രമേ കോണ്‍ഗ്രസ്സിനു ലഭിച്ചുള്ളൂ. മേല്പറഞ്ഞ ദൗര്‍ബല്യങ്ങള്‍ കാര്യമായി ബാധിച്ചിട്ടില്ലാത്തതിനാല്‍ തിരുവിതാംകൂര്‍-കൊച്ചിയില്‍ (രണ്ടു നാട്ടുരാജ്യങ്ങളും 1949 ജൂല.1-ന് സംയോജിച്ചു) നില ഇതിനെക്കാള്‍ ഭദ്രമായിരുന്നു. തിരഞ്ഞെടുപ്പിനുശേഷം മദിരാശിയില്‍ സി. രാജഗോപാലാചാരിയുടെ നേതൃത്വത്തില്‍ രൂപമെടുത്ത കോണ്‍ഗ്രസ് മന്ത്രിസഭയില്‍ കെ.പി. കുട്ടിക്കൃഷ്ണന്‍നായരായിരുന്നു 'മലയാളിമന്ത്രി'.

കെ.എം. ചാണ്ടി

പൊതുതിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് എ.വി. കുട്ടിമാളു അമ്മ പുതിയ പി.സി.സി. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും അധികം താമസിയാതെ തിരു-കൊച്ചി പി.സി.സി., മലയാളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി എന്നീ പേരുകളില്‍ കെ.പി.സി.സി. രണ്ടായി വിഭജിക്കപ്പെട്ടു. മലബാര്‍, മദ്രാസിന്റെ ഭാഗമായിരുന്നതിനാലും തിരു-കൊച്ചി മറ്റൊരു സംസ്ഥാനമായിരുന്നതിനാലുമാണ് ഇങ്ങനെയൊരു വിഭജനം നടന്നത്. കുട്ടിമാളു അമ്മ മലയാളപ്രദേശ് കമ്മിറ്റിയുടെയും കെ.ആര്‍. ഇലങ്കത്ത് തിരു-കൊച്ചി പി.സി.സി.യുടെയും പ്രസിഡന്റുമാരായി. തുടര്‍ന്ന് ഐക്യകേരളപ്പിറവിയുടെ സമയത്ത് കെ.പി.സി.സി. പുനഃസംഘടിപ്പിക്കപ്പെടുകയും പ്രസിഡന്റായി കെ. മാധവമേനോനും ജനറല്‍ സെക്രട്ടറിയായി കെ.എ. ദാമോദരമേനോനും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതോടൊപ്പം കെ.പി.സി.സി.യുടെ കീഴില്‍ തിരു-കൊച്ചി റീജിയണല്‍ കോണ്‍ഗ്രസ് കമ്മിറ്റിയും മലബാര്‍ റീജിയണല്‍ കോണ്‍ഗ്രസ് കമ്മിറ്റിയും പ്രവര്‍ത്തിച്ചിരുന്നു. എ.പി. ഉദയഭാനുവും സി.കെ. ഗോവിന്ദന്‍ നായരുമായിരുന്നു യഥാക്രമം ഈ രണ്ടു കമ്മിറ്റികളുടെയും പ്രസിഡന്റുസ്ഥാനം വഹിച്ചിരുന്നത്. കേരള നിയമസഭയിലേക്കുള്ള ആദ്യത്തെ പൊതുതിരഞ്ഞെടുപ്പില്‍ ആകെ 114 നിയോജകമണ്ഡലത്തിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ (ഇതില്‍ 12 ദ്വയാംഗ മണ്ഡലങ്ങള്‍ ഉണ്ടായിരുന്നു) കേവലം 43 സീറ്റുകളിലെ വിജയംകൊണ്ട് കോണ്‍ഗ്രസ്സിനു തൃപ്തിപ്പെടേണ്ടിവന്നു. ഇതോടൊപ്പം രണ്ടാം ലോക്സഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ആകെ 18 മണ്ഡലങ്ങളില്‍ 6 എണ്ണം മാത്രമാണ് കോണ്‍ഗ്രസ്സിന് നേടാനായത്.


എസ്. വരദരാജന്‍ നായര്‍

1959 ഏ. 3-ന് കെ.പി.സി.സി. സംഘടനാ തിരഞ്ഞെടുപ്പില്‍ ആര്‍. ശങ്കര്‍ കെ.പി.സി.സി. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ കാലത്താണ് ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരായ വിമോചനസമരം നടക്കുന്നത്. രണ്ടാം നിയമസഭ(1960)യില്‍ പട്ടം താണുപിള്ള മുഖ്യമന്ത്രിയും ആര്‍. ശങ്കര്‍ ഉപമുഖ്യമന്ത്രിയുമായതിനെത്തുടര്‍ന്ന് 1960 മേയ് 14-ന് ആര്‍. ശങ്കറിനു പകരം സി.കെ. ഗോവിന്ദന്‍ നായര്‍ കെ.പി.സി.സി. പ്രസിഡന്റായി.


1963 ന. 30-ന് കേരളത്തിലെ കോണ്‍ഗ്രസ്സില്‍ നടന്ന സംഘടനാ തിരഞ്ഞെടുപ്പില്‍ കെ.പി. മാധവന്‍നായര്‍ കെ.പി.സി.സി. പ്രസിഡന്റായും കെ.സി. എബ്രഹാം മാസ്റ്റര്‍ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 1964-ല്‍ നടന്ന ലോക്സഭാതിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പായിരുന്ന സീറ്റില്‍ ആനി തയ്യില്‍ പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ച് മാധവന്‍ നായര്‍ രാജിവച്ചു. തുടര്‍ന്ന് തത്സ്ഥാനത്തേക്ക് 1964 ജൂണില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കെ.സി. എബ്രഹാം മാസ്റ്റര്‍ വിജയിച്ചു. 1966-ല്‍ കോണ്‍ഗ്രസ് ദേശീയസമ്മേളനം (എ.ഐ.സി.സി. സമ്മേളനം) നടന്നത് എറണാകുളത്തുവച്ചായിരുന്നു. തൊട്ടടുത്ത വര്‍ഷം, 1967 ഡിസംബറില്‍ നടന്ന സംസ്ഥാനസംഘടനാ തിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ ടി.ഒ. ബാവ കെ.പി.സി.സി. പ്രസിഡന്റായി.

സി.വി. പദ്മരാജന്‍

1969-ല്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ്സിലുണ്ടായ പിളര്‍പ്പ് കേരളത്തില്‍ കെ.പി.സി.സി.യിലും പ്രതിഫലിച്ചു. 1969 ന. 16-ന് ചേര്‍ന്ന കെ.പി.സി.സി. യോഗം പാര്‍ട്ടി രണ്ടായി പിളരുന്നതിനുള്ള വേദിയായിത്തീര്‍ന്നു. 1970 ജൂണില്‍ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു ജയിച്ച കെ.കെ. വിശ്വനാഥനെ 1972 ഏപ്രിലില്‍ നടന്ന സംസ്ഥാനസമ്മേളനം വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കുകയുണ്ടായി. എന്നാല്‍ 1973 ഏപ്രിലില്‍ ഇദ്ദേഹം ഗുജറാത്ത് ഗവര്‍ണറായി നിയമിതനായതോടെ കോണ്‍ഗ്രസ്സിലെ യുവനേതാവ് എ.കെ. ആന്റണി കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിതനായി. എ.കെ. ആന്റണി കെ.പി.സി.സി. പ്രസിഡന്റ് ആയിരിക്കവേയാണ് 1976-ല്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖപത്രമായ വീക്ഷണം ദിനപത്രം ആരംഭിക്കുന്നത്. 1977 മാര്‍ച്ചില്‍ നടന്ന ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 140-ല്‍ 111 സീറ്റും മുഴുവന്‍ ലോക്സഭാസീറ്റും (20) നേടുകയുണ്ടായി. നിയമസഭയില്‍ 38-ഉം ലോക്സഭയില്‍ 10 സീറ്റും നേടിയ കോണ്‍ഗ്രസ്സായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. തുടര്‍ന്ന് കെ. കരുണാകരന്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിക്കപ്പെട്ടു. ആര്‍. ശങ്കറിനുശേഷം 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു കോണ്‍ഗ്രസ് നേതാവ് മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയത്. അടിയന്തരാവസ്ഥയെത്തുടര്‍ന്നുള്ള 'രാജന്‍ കേസി'ലെ കോടതി പരാമര്‍ശത്തെത്തുടര്‍ന്ന് കെ. കരുണാകരന്‍ മുഖ്യമന്ത്രിപദം രാജിവച്ചപ്പോള്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയായി. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു അന്ന് എ.കെ. ആന്റണി (36 വയസ്). 1997 ന. 12-ന് എറണാകുളത്തുവച്ചു നടന്ന തിരഞ്ഞെടുപ്പില്‍ എ.കെ. ആന്റണിയുടെ ഒഴിവില്‍ എസ്. വരദരാജന്‍ നായരെ കെ.പി.സി.സി. പ്രസിഡന്റായി തിരഞ്ഞെടുത്തു.

വയലാര്‍ രവി

1978 ജനുവരിയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നു. ഇതോടെ ഇന്ദിരാഗാന്ധി അധ്യക്ഷയായ പാര്‍ട്ടി, കോണ്‍ഗ്രസ് (ഐ) എന്നും മറുവിഭാഗത്തെ കോണ്‍ഗ്രസ് (യു) എന്നും അറിയപ്പെട്ടു. കെ.ജി. അടിയോടി, കെ. കരുണാകരന്‍, കെ.എം. ചാണ്ടി, എം.എം. ജേക്കബ്, വക്കം പുരുഷോത്തമന്‍, ജി. കാര്‍ത്തികേയന്‍ തുടങ്ങിയ നേതാക്കള്‍ ഇന്ദിരാഗാന്ധിയുടെ പക്ഷത്തും എ.കെ. ആന്റണി, വയലാര്‍ രവി, ഉമ്മന്‍ചാണ്ടി, വി.എം. സുധീരന്‍ തുടങ്ങിയവര്‍ ഇന്ദിരാവിരുദ്ധ പക്ഷത്തുമായിരുന്നു നിലയുറപ്പിച്ചിരുന്നത്.

1978 ജനു. 7-ന് ഇന്ദിരാഗാന്ധി വിഭാഗം പ്രൊഫ. കെ.എം. ചാണ്ടിയെ പ്രസിഡന്റായും ഡോ. കെ.ജി. അടിയോടി, വെള്ള ഈച്ചരന്‍ എന്നിവരെ വൈസ്പ്രസിഡന്റായും തിരഞ്ഞെടുത്തു. ഇന്ദിരാഗാന്ധിയെ അനുകൂലിച്ചവരെ ഭരണമുന്നണിയില്‍ നിന്നും ഒഴിവാക്കുന്ന സമീപനം മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോനില്‍ നിന്നുമുണ്ടായതിനെത്തുടര്‍ന്ന് കെ. കരുണാകരനും കൂട്ടരും ഭരണമുന്നണിക്കു പുറത്തായി. ഇക്കാലത്ത് കോണ്‍ഗ്രസ്സി(യു)ന് 'പശുവും കിടാവും' ചിഹ്നവും ഇന്ദിരാവിഭാഗത്തിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഐ) എന്ന പേരില്‍ ഒരു അഖിലേന്ത്യാ കക്ഷിയായുള്ള അംഗീകാരവും 'കൈപ്പത്തി' ചിഹ്നവും കിട്ടി. ക്രമേണ സി.എം. സ്റ്റീഫന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (യു)വിലെ 5 എം.എല്‍.എ.മാര്‍ കൂടി ഇന്ദിരാവിഭാഗത്തിലേക്കു വന്നതോടെ നിയമസഭയില്‍ കോണ്‍ഗ്രസ് (ഐ) നിയമസഭയുടെ അംഗസംഖ്യ 18 ആയി ഉയരുകയും 17 അംഗങ്ങളുടെ മാത്രം നേതാവായ ഇം.എം.എസ്സില്‍ നിന്നും പ്രതിപക്ഷ നേതാവ് എന്ന പദവി കെ. കരുണാകരന് ലഭിക്കുകയും ചെയ്തു. ഒരര്‍ഥത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കോണ്‍ഗ്രസ്സുകാര്‍ തന്നെയാകുന്ന അപൂര്‍വ കാഴ്ചയ്ക്ക് കേരളനിയമസഭ വേദിയായി. ഇതേ വര്‍ഷം തന്നെ എ.കെ. ആന്റണി കോണ്‍ഗ്രസ്സി(യു)ന്റെ പ്രവര്‍ത്തകസമിതിയിലേക്കും കെ. കരുണാകരന്‍ കോണ്‍ഗ്രസ്സി (ഐ)ന്റെ പ്രവര്‍ത്തക സമിതിയിലേക്കും പ്രവേശനം നേടി. തുടര്‍ന്ന് ഇരു നേതാക്കളും ദേശീയ രാഷ്ട്രീയത്തില്‍ സജീവമായി.

തെന്നല ബാലകൃഷ്ണപിള്ള

ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സി(യു)ന്റെ ശക്തിക്കു ഭംഗം വന്നുവെങ്കിലും കേരളത്തില്‍ ഇരുവിഭാഗങ്ങളും ശക്തമായിത്തന്നെ പ്രവര്‍ത്തിച്ചുവന്നു. 1978-ല്‍ കര്‍ണാടകയിലെ ചിക്കമങ്ഗളൂര്‍ ലോക്സഭാ സീറ്റില്‍ കോണ്‍ഗ്രസ് (യു) ഇന്ദിരാഗാന്ധിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് 1978 ഒ. 27-ന് എ.കെ. ആന്റണി മുഖ്യമന്ത്രിപദം രാജിവച്ചു. തുടര്‍ന്ന് 1978 ഒക്ടോബറില്‍ പി.കെ. വാസുദേവന്‍ നായര്‍ മന്ത്രിസഭയില്‍ എസ്. വരദരാജന്‍ നായര്‍ മന്ത്രിയായതിനെത്തുടര്‍ന്ന് 1979 ജനു. 7-ന് എ.കെ. ആന്റണി കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനമേറ്റു. പി.കെ. വാസുദേവന്‍നായരുടെ രാജിയെത്തുടര്‍ന്നു വന്ന സി.എച്ച്. മുഹമ്മദ്കോയ മന്ത്രിസഭയ്ക്കും 1980-ല്‍ അധികാരത്തിലെത്തിയ ഇ.കെ. നായനാര്‍ മന്ത്രിസഭയ്ക്കും കോണ്‍ഗ്രസ്സിലെ ഐ, യു വിഭാഗങ്ങളുടെ പിന്തുണയുണ്ടായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍, ജി. കാര്‍ത്തികേയന്‍, രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തില്‍ യൂത്ത്-കോണ്‍ഗ്രസ്(ഐ) കെ.സി. ജോസഫിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് (യു)വും ഏറെ സജീവമായിരുന്ന കാലഘട്ടം കൂടിയായിരുന്നു ഇത്.

1980-ല്‍ ഉണ്ടായ ഒരു കോടതിവിധിയെത്തുടര്‍ന്ന് 'ഐ' വിഭാഗത്തിന് കൈപ്പത്തിയും 'യു' വിഭാഗത്തിന് ചര്‍ക്കയും തിരഞ്ഞെടുപ്പു ചിഹ്നമായി ലഭിച്ചു. ഇക്കാലത്ത് കോണ്‍ഗ്രസ് (യു)വിന്റെ ദേശീയ പ്രസിഡന്റായിരുന്ന ദേവരാജ് അരശിനു പകരം ശരത്പവാര്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അതോടെ കോണ്‍ഗ്രസ് (യു) എന്നതിനു പകരം കോണ്‍ഗ്രസ് (എസ്) എന്നറിയപ്പെടാന്‍ തുടങ്ങി. 1980-ല്‍ ചേര്‍ന്ന അവരുടെ എ.ഐ.സി.സി. യോഗം കോണ്‍ഗ്രസ് (സോഷ്യലിസ്റ്റ്) എന്ന പേര്‍ അംഗീകരിച്ചു. 1981-ല്‍ കോണ്‍ഗ്രസ് (സോഷ്യലിസ്റ്റ്) ഇ.കെ. നായനാര്‍ മന്ത്രിസഭയ്ക്കു നല്കിവന്നിരുന്ന പിന്തുണ പിന്‍വലിച്ചു. കോണ്‍ഗ്രസ് (ഐ)യുമായുള്ള സഖ്യത്തിനായി വാദിച്ച എ.കെ. ആന്റണി, വയലാര്‍ രവി, ഉമ്മന്‍ചാണ്ടി എന്നിവര്‍ 1981 ന. 21-ന് കോണ്‍ഗ്രസ്സി(എസ്)ല്‍ നിന്നും പുറത്താക്കപ്പെട്ടു. ഇതോടെ കേരളത്തില്‍ കോണ്‍ഗ്രസ് (എസ്) പിളര്‍ന്നു. ഭൂരിഭാഗം നേതാക്കളും ആന്റണിയെയാണ് പിന്തുണച്ചത്. പ്രസ്തുത വിഭാഗം തുടര്‍ന്ന് കോണ്‍ഗ്രസ് (എ) എന്ന പേരില്‍ അറിയപ്പെട്ടു. പി.സി. ചാക്കോയുടെ നേതൃത്വത്തിലുള്ള ചെറിയൊരു വിഭാഗം കോണ്‍ഗ്രസ് (എസ്) എന്ന പേരില്‍ നിലകൊണ്ടു.

കെ. മുരളീധരന്‍

1981 ഡിസംബറില്‍ കെ. കരുണാകന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലെത്തി. എന്നാല്‍ 1982 മാര്‍ച്ചില്‍ മന്ത്രിസഭ നിലംപൊത്തി. ഇതേത്തുടര്‍ന്നുണ്ടായ തിരഞ്ഞെടുപ്പിലാണ് കേരളത്തില്‍ ഐക്യജനാധിപത്യ മുന്നണിയും (യു.ഡി.എഫ്.), ഇടതുപക്ഷജനാധിപത്യ മുന്നണി (എല്‍.ഡി.എഫ്.)യും നിലവില്‍ വരുന്നത്. തിരഞ്ഞെടുപ്പ് വിജയത്തെത്തുടര്‍ന്ന് 1982 മേയില്‍ കെ. കരുണാകരന്റെ നേതൃത്വത്തില്‍ മന്ത്രിസഭ നിലവില്‍ വന്നു. കോണ്‍ഗ്രസ്സിലെ ഇരുവിഭാഗങ്ങളും ഒരേ മുന്നണിയില്‍ പ്രവര്‍ത്തിക്കുകയും ക്രമേണ ആന്റണി വിഭാഗം കോണ്‍ഗ്രസ് (ഐ)യില്‍ ലയിക്കുകയും ചെയ്തു. കെ.പി.സി.സി.(ഐ)യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിക്കപ്പെട്ട എ. എല്‍. ജേക്കബിന്റെ താത്പര്യം ലയനം എളുപ്പമാക്കുകയും 1982 ഡി. 13-ന് കോണ്‍ഗ്രസ് (എ) കോണ്‍ഗ്രസ് (ഐ)യില്‍ ലയിക്കുകയും ചെയ്തു. 1983 ആഗ. 28-ന് സി.വി. പദ്മരാജന്‍ കെ.പി.സി.സി. പ്രസിഡന്റായി ചുമതലയേറ്റു. ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് 1984 ന. 4-ന് സി.വി. പദ്മരാജന്‍ പ്രസിഡന്റായുള്ള കെ.പി.സി.സി. പുനഃസംഘടിപ്പിക്കപ്പെടുകയും എ.കെ. ആന്റണി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയും കെ. കരുണാകരന്‍ പാര്‍ലമെന്ററി ബോര്‍ഡിലും വര്‍ക്കിങ് കമ്മിറ്റിയിലും അംഗമാവുകയും ചെയ്തു. തുടര്‍ന്ന് 1984-ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ 20-ല്‍ 17 സീറ്റും ഐക്യജനാധിപത്യമുന്നണി നേടുകയുണ്ടായി. ഇതില്‍ 13 സീറ്റുകളില്‍ കോണ്‍ഗ്രസ്സാണ് വിജയിച്ചത്. 1987 മാര്‍ച്ചില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായി. തിരഞ്ഞെടുപ്പ് പരാജയത്തെത്തുടര്‍ന്ന് സി.വി. പദ്മരാജന്‍ കെ.പി.സി.സി. പ്രസിഡന്റു സ്ഥാനം രാജിവച്ചു. പകരം 1987 സെപ്. 7-ന് എ.കെ. ആന്റണി കെ.പി.സി.സി. പ്രസിഡന്റായി സ്ഥാനമേറ്റു.

രമേശ് ചെന്നിത്തല

1989-ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യു.ഡി.എഫ് 20-ല്‍ 17 സീറ്റുകള്‍ നേടി. കോണ്‍ഗ്രസ്സില്‍ നിന്നു മാത്രമായി 14 പേര്‍ തിരഞ്ഞെടുക്കപ്പെട്ടു. രാജീവ് ഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിയമസഭയില്‍ യു.ഡി.എഫിന് ലഭിച്ച 92 സീറ്റില്‍ 55 എണ്ണവും കോണ്‍ഗ്രസ്സിന്റേതായിരുന്നു. ലോക്സഭയില്‍ 20-ല്‍ 16 സീറ്റുകള്‍ യു.ഡി.എഫ്. നേടിയപ്പോള്‍ 13-ഉം കോണ്‍ഗ്രസ്സിനു ലഭിച്ചു. തുടര്‍ന്ന് കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലെത്തി. 1992 ജനുവരിയില്‍ നടന്ന സംഘടനാ തിരഞ്ഞെടുപ്പില്‍ എ.കെ. ആന്റണിയെ പരാജയപ്പെടുത്തി വയലാര്‍ രവി കെ.പി.സി.സി. പ്രസിഡന്റായി. ജി. കാര്‍ത്തികേയനായിരുന്നു വൈസ് പ്രസിഡന്റ്. ഇക്കാലയളവിലാണ് ഭരണത്തില്‍ സംജാതമായിരുന്ന ബാഹ്യ ഇടപെടലുകള്‍ക്കെതിരെ 1992 കാലയളവില്‍ ജി. കാര്‍ത്തികേയന്‍, രമേശ് ചെന്നിത്തല, എം.ഐ. ഷാനവാസ് എന്നിവരുടെ നേതൃത്വത്തില്‍ 'തിരുത്തല്‍വാദം' ശക്തിപ്പെട്ടത്. ഐ.എസ്.ആര്‍.ഒ. ചാരക്കേസിന്റെ പേരില്‍ 1995 മാ. 16-ന് കെ. കരുണാകരന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചപ്പോള്‍ എ.കെ. ആന്റണി വീണ്ടും മുഖ്യമന്ത്രിയായി. എന്നാല്‍ തുടര്‍ന്നു നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നണിക്ക് ഭരണം നഷ്ടമായി. 1998 നടന്ന ലോക്സഭാതിരഞ്ഞെടുപ്പില്‍ 11 സീറ്റുകളാണ് യു.ഡി.എഫിന് ലഭിച്ചത്. ഇതില്‍ 8 സീറ്റുകള്‍ കോണ്‍ഗ്രസ്സിന്റേതായിരുന്നു.

വി.എം. സുധീര‎ന്‍

1997 ജൂണ്‍ 5-ന് വയലാര്‍ രവി കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം രാജിവച്ചു. പകരം തെന്നല ബാലകൃഷ്ണപിള്ള പ്രസിഡന്റായി. കെ. മുരളീധരനായിരുന്നു വൈസ് പ്രസിഡന്റ്. 2001-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 99 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ്സിനു മാത്രമായി 63 സീറ്റുകള്‍ ലഭിച്ചു. തുടര്‍ന്ന് എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലെത്തി. ഒപ്പം കെ. മുരളീധരന്‍ (2001 മേയ് 17) കെ.പി.സി.സി. പ്രസിഡന്റായി. 2003 ഒക്ടോബറില്‍ കെ. കരുണാകരന്റെ നേതൃത്വത്തില്‍ വിഭാഗീയതയ്ക്ക് തുടക്കമിട്ടു. കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവച്ച് കെ. മുരളീധരന്‍ ആന്റണി മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായെങ്കിലും ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.

മുരളീധരനെത്തുടര്‍ന്ന് വൈസ് പ്രസിഡന്റായിരുന്ന പി.പി. തങ്കച്ചന്‍ വളരെ കുറച്ചുകാലം കെ.പി.സി.സി. പ്രസിഡന്റിന്റെ ചുമതല വഹിച്ചു. 2004-ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റസീറ്റില്‍പ്പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വിജയിക്കാനായില്ല. സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തെ വിഴുങ്ങിയിരുന്ന വിഭാഗീയതയെ മറികടക്കുന്നതിനായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം തെന്നല ബാലകൃഷ്ണപിള്ളയെ വീണ്ടും കെ.പി.സി.സി. പ്രസിഡന്റാക്കി. പിന്നീട് 2004 ആഗ. 29-ന് ആന്റണി മുഖ്യമന്ത്രി പദം രാജിവച്ചു. പകരം ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി. മാതൃസംഘടനയില്‍ നിന്നും മാറി നിന്നിരുന്ന കെ. കരുണാകരനും കൂട്ടരും 2005 മേയ് 1-ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് (ഇന്ദിര) എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. പിന്നീട് രജിസ്ട്രേഷനുവേണ്ടി സംഘടനയുടെ പേര് ഡെമോക്രാറ്റിക് ഇന്ദിരാകോണ്‍ഗ്രസ് (കരുണാകരന്‍) എന്നാക്കി മാറ്റി. തുടര്‍ന്ന് 2004 ജൂണ്‍ 24-ന് രമേശ് ചെന്നിത്തല കെ.പി.സി.സി. പ്രസിഡന്റായി നിയമിതനായി. ഇതിനിടയില്‍ 9 കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ രാജിവച്ച് കെ. കരുണാകരന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നു. തുടര്‍ന്ന് 2006-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അധികാരം നഷ്ടമായി. 2007 ഡി. 31-ന് കെ. കരുണാകരനും മാതൃസംഘടനയായ കോണ്‍ഗ്രസ്സില്‍ തിരികെയെത്തി. 2009 ഏപ്രില്‍-മേയ് മാസങ്ങളില്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. 16 സീറ്റുകള്‍ നേടി. ഇതില്‍ കോണ്‍ഗ്രസ്സിനു മാത്രം 13 സീറ്റുകള്‍ ലഭിച്ചു.

2004-ല്‍ എ.കെ. ആന്റണി കേന്ദ്രപ്രതിരോധമന്ത്രിയായി നിയമിതനായി. വി.കെ. കൃഷ്ണമേനോനു ശേഷം കേന്ദ്ര മന്ത്രിസഭയില്‍ സമുന്നതമായ ചുമതല വഹിക്കുന്ന മലയാളിയായി ആന്റണി മാറി. 2011-ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരിക്കാന്‍ ആവശ്യമായ കേവല ഭൂരിപക്ഷം മാത്രമാണ് യു.ഡി.എഫിന് ലഭിച്ചത്. 2014 ജനുവരിയില്‍ രമേശ് ചെന്നിത്തല സംസ്ഥാന ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ ഒഴിവില്‍ വി.എം. സുധീരനെ കെ.പി.സി.സി. പ്രസിഡന്റായി (2014 ഫെ.) നിയമിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍