This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കേംബ്രിജ് സര്‍വകലാശാല
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==കേംബ്രിജ് സര്‍വകലാശാല== ==University of Cambridge== ബ്രിട്ടനിലെ പുരാതനവും ലോ...)
അടുത്ത വ്യത്യാസം →
10:21, 21 ജൂണ്‍ 2015-നു നിലവിലുണ്ടായിരുന്ന രൂപം
കേംബ്രിജ് സര്‍വകലാശാല
University of Cambridge
ബ്രിട്ടനിലെ പുരാതനവും ലോകപ്രശസ്തവുമായ ഉന്നത വിദ്യാഭ്യാസ കേന്ദ്രം. ബ്രിട്ടനിലെ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെയും ലോകത്തില്‍ വച്ചുതന്നെ ഏഴാമത്തേതുമായ സര്‍വകലാശാലയാണ് കേംബ്രിജ്. ഇവിടെ വിദ്യാഭ്യാസം ചെയ്തവരില്‍ (2012) 65 പേര്‍ നോബല്‍ സമ്മാനം നേടിയിട്ടുണ്ട് എന്നത് ലോകത്തെ മറ്റേതൊരു ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും കേംബ്രിജിനെ വേറിട്ടതാക്കുന്നു.
ലണ്ടന്‍ നഗരത്തില്‍ നിന്നും ഏകദേശം 89 കി.മീ. വടക്കായി കേംബ്രിജ് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന കേംബ്രിജ് സര്‍വകലാശാലയുടെ ഉദ്ഭവത്തെ സംബന്ധിക്കുന്ന വ്യക്തമായ തെളിവുകള്‍ ലഭ്യമല്ല. 1209-ല്‍ ഓക്സ്ഫഡ് സര്‍വകലാശാലയിലെ ബുദ്ധിജീവികളും ഓക്സ്ഫഡ് നഗരവാസികളും തമ്മില്‍ ചില പിണക്കങ്ങള്‍ ഉണ്ടായി. ഇതിനെത്തുടര്‍ന്നു കേംബ്രിജ് നഗരത്തിലേക്ക് കുടിയേറിപ്പാര്‍ത്ത കുറേ ബുദ്ധിജീവികള്‍ ചേര്‍ന്നാണ് കേംബ്രിജ് സര്‍വകലാശാലയ്ക്ക് തുടക്കമിട്ടതെന്നു കരുതപ്പെടുന്നു. ഹെന്റി III ന്റെ കാലം മുതല്ക്കാണ് സര്‍വകലാശാലയെ സംബന്ധിക്കുന്ന വിശ്വാസയോഗ്യമായ ചരിത്രം ആരംഭിക്കുന്നത്. 1213-ല്‍ ഹെന്റി III കേംബ്രിജ് സര്‍വകലാശാലയുടെ ഭരണത്തെ സംബന്ധിച്ചു പുറപ്പെടുവിച്ച രാജകീയ കല്പനകള്‍ ലഭിക്കുകയുണ്ടായി. 1226-ലെ ചരിത്ര രേഖകളില്‍ കേംബ്രിജ് സര്‍വകലാശാലയുടെ ചാന്‍സലറെക്കുറിച്ചുള്ള പരാമര്‍ശങ്ങളും രേഖപ്പെടുത്തിക്കാണുന്നു.
1284-ല്‍ സ്ഥാപിതമായ 'പീറ്റര്‍ ഹൗസ്' ആണ് സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ച ആദ്യത്തെ കോളജ്. 13-ഉം, 14-ഉം, 15-ഉം ശതകങ്ങളില്‍ സര്‍വകലാശാലയ്ക്ക് എടുത്തുപറയത്തക്ക നേട്ടങ്ങള്‍ ഒന്നുംതന്നെ കൈവരിക്കാന്‍ കഴിഞ്ഞിരുന്നില്ല. 1504-ല്‍ ജോണ്‍ ഫിഷര്‍ സര്‍വകലാശാലയുടെ ചാന്‍സലറായി നിയമിക്കപ്പെട്ടു. മതതത്ത്വശാസ്ത്ര വിഭാഗത്തിന്റെ ആദ്യത്തെ പ്രൊഫസര്‍ ആയിരുന്ന ഇദ്ദേഹത്തിന്റെ ഭരണകാലഘട്ടത്തില്‍ സര്‍വകലാശാലയ്ക്കു പല നേട്ടങ്ങളും കൈവരിക്കാന്‍ കഴിഞ്ഞു. 1505-ല്‍ ക്രൈസ്റ്റ് കോളജും 1511-ല്‍ സെന്റ് ജോണ്‍സ് കോളജും സ്ഥാപിതമായി. സര്‍വകലാശാലയുടെ ആദ്യത്തെ പ്രസിദ്ധീകരണശാലയും ജോണ്‍ഫിഷറുടെ പ്രവര്‍ത്തനഫലമാണ്; ഇവിടെ നിന്നുള്ള ആദ്യത്തെ പുസ്തകം 1521-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 1511-ല്‍ പ്രൊഫസറായി നിയമിതനായ എറാസ്മസ് നവോത്ഥാന കാലഘട്ടത്തിലെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സര്‍വകലാശാലയുടെ പാഠ്യപദ്ധതിയിലും അധ്യയനരീതിയിലും വിലപ്പെട്ട പല പരിഷ്കാരങ്ങളും ഏര്‍പ്പെടുത്തുകയുണ്ടായി. 1535-ല്‍ തോമസ് ക്രോംവെല്‍ ചാന്‍സലറായി തെരഞ്ഞെടുക്കപ്പെട്ടതോടുകൂടി സര്‍വകലാശാല പൂര്‍ണമായും പ്രൊട്ടസ്റ്റന്റുകാരുടെ അധീനതയിലായി. 1546-ലാണ് സര്‍വകലാശാലയുടെ ഏറ്റവും വലിയ വിദ്യാകേന്ദ്രമായ ട്രിനിറ്റി കോളജ് സ്ഥാപിതമായത്.
മേരി രാജ്ഞിയുടെ ഭരണകാലത്ത് സര്‍വകലാശാലയ്ക്ക് പല വിധത്തിലുള്ള പ്രതിബന്ധങ്ങളെ നേരിടേണ്ടിവന്നിരുന്നു. എലിസബത്ത് I ന്റെ സ്ഥാനാരോഹണത്തോടുകൂടി സര്‍വകലാശാല വീണ്ടും ശക്തി പ്രാപിച്ചു. 1570-ല്‍ എലിസബത്ത് രാജ്ഞി സര്‍വകലാശാലാ നിയമസംഹിതകള്‍ക്കു നല്‍കിയ അംഗീകാരം സര്‍വകലാശാലയുടെ ചരിത്രത്തിലെ ഒരു ചിരസ്മരണീയ സംഭവമാണ്. ഈ നിയമസംഹിതയനുസരിച്ച് വൈസ്ചാന്‍സലര്‍ സ്ഥാനത്തേക്ക് ഓരോ വര്‍ഷവും രണ്ടുപേരുടെ പേര്‍ നിര്‍ദേശിക്കുന്നതിനുള്ള അധികാരമുള്‍പ്പെടെ കോളജുമേധാവികള്‍ക്കു സര്‍വകലാശാലയുടെ ഭരണപരമായ കാര്യങ്ങളില്‍ സാരമായ പങ്കാളിത്തം സിദ്ധിച്ചു. ഇതോടുകൂടി സര്‍വകലാശാലയുടെ വിദ്യാഭ്യാസ സംബന്ധമായ എല്ലാ അധികാരങ്ങളും വൈസ്ചാന്‍സലറുടെയും കോളജു മേധാവികളുടെയും നിയന്ത്രണത്തിലായിത്തീര്‍ന്നു. ഏതാണ്ട് മുന്നൂറു വര്‍ഷക്കാലം ഈ നിയമസംഹിതയനുസരിച്ചാണ് സര്‍വകലാശാലയുടെ ഭരണം നടന്നിരുന്നത്. 1571-ലെ പാര്‍ലമെന്റു നിയമമനുസരിച്ച് കേംബ്രിജ് സര്‍വകലാശാലയുടെ ഘടനയ്ക്ക് ചില മാറ്റങ്ങളുണ്ടായി.
1856-ലെയും 1882-ലെയും 'ഓക്സ്ഫഡ് ആന്‍ഡ് കേംബ്രിജ് ആക്റ്റുകള്‍' സര്‍വകലാശാലയുടെ ഭരണഘടനയില്‍ പല സുപ്രധാന വ്യതിയാനങ്ങള്‍ വരുത്തി. 1914 മുതല്‍ സര്‍വകലാശാലയ്ക്ക് ഗവണ്‍മെന്റില്‍ നിന്നും ധനസഹായം ലഭിച്ചുതുടങ്ങി. 1919-ല്‍ സര്‍വകലാശാലയുടെ പ്രശ്നങ്ങള്‍ പഠിച്ചു റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുവേണ്ടി ഒരു രാജകീയക്കമ്മിഷനെ നിയമിച്ചു. 1922-ല്‍ കമ്മിഷന്‍ അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1926-ല്‍ അംഗീകരിക്കപ്പെട്ട സര്‍വകലാശാലാ ആക്റ്റ് അനുസരിച്ചാണ് സര്‍വകലാശാലയുടെ ഭരണം നടന്നുവരുന്നത്. അധ്യയനരീതികള്‍ ആധുനിക സമ്പ്രദായത്തില്‍ പുനരാവിഷ്കരിച്ചതും നിയമനിര്‍മാണത്തിനുള്ള അധികാരം 'റീജന്റ് ഹൗസി'ല്‍ നിക്ഷിപ്തമാക്കിയതും സര്‍വകലാശാലയിലെയും കോളജുകളിലെയും ഓഫീസ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തിയതും ഉദ്യോഗത്തില്‍ നിന്നും വിരമിക്കുന്നതിനുള്ള പ്രായപരിധി നിജപ്പെടുത്തിയതും ഈ ആക്റ്റില്‍ക്കൂടിയാണ്.
ഓക്സ്ഫഡ് സര്‍വകലാശാലയുടെ മാതൃക സ്വീകരിച്ചിരുന്ന കേംബ്രിജ് സര്‍വകലാശാലയിലും ലാറ്റിന്‍ വ്യാകരണം, പ്രസംഗകല, തര്‍ക്കശാസ്ത്രം, അങ്കഗണിതം, ക്ഷേത്രഗണിതം, സംഗീതം, ജ്യോതിശ്ശാസ്ത്രം എന്നീ വിഷയങ്ങളായിരുന്നു ആദ്യകാലത്തു പഠിപ്പിച്ചിരുന്നത്. നാലു വര്‍ഷത്തെ പഠനം കൊണ്ടു ബി. എ. ബിരുദവും പിന്നീട് മൂന്നുവര്‍ഷത്തെ പഠനം കൊണ്ട് എം. എ. ബിരുദവും ലഭിച്ചിരുന്നു.
1663-ല്‍ ഗണിതശാസ്ത്രവിഭാഗം സ്ഥാപിതമായി. ഇതിന്റെ രണ്ടാമത്തെ അധ്യക്ഷനായി 1669-ല്‍ സര്‍ ഐസക് ന്യൂട്ടന്‍ നിയമിക്കപ്പെട്ടു. ഈ നിയമനത്തോടുകൂടി അതുവരെ അവഗണിക്കപ്പെട്ടിരുന്ന ഗണിതശാസ്ത്ര വിഭാഗത്തിന് സര്‍വകലാശാലയില്‍ ഗണ്യമായ പ്രാധാന്യം സിദ്ധിച്ചു. ന്യൂട്ടന്‍ തന്റെ 30 വര്‍ഷത്തെ സേവനം കൊണ്ടു ഗണിതശാസ്ത്ര വിദ്യാഭ്യാസത്തില്‍ സര്‍വകലാശാലയ്ക്ക് അതുല്യമായ സ്ഥാനം നേടിക്കൊടുത്തു. 1871-ല്‍ സ്ഥാപിതമായ ഊര്‍ജതന്ത്രവിഭാഗത്തിന്റെ ആദ്യത്തെ അധ്യക്ഷനായിരുന്നു ജെയിംസ് ക്ളാര്‍ക്ക് മാക്സ്വെല്‍. 1873-ല്‍ സ്ഥാപിതമായ ഊര്‍ജതന്ത്രപരീക്ഷണശാല (Cavendish Laboratory) ലോകപ്രശസ്തമാണ്. ബാരല്‍ റൂതര്‍ ഫോര്‍ഡ് അണുസിദ്ധാന്തത്തെ സംബന്ധിച്ച തന്റെ ലോകപ്രശസ്തമായ പരീക്ഷണങ്ങള്‍ നടത്തിയത് ഇവിടെവച്ചായിരുന്നു.
18-ാം ശതകത്തിന്റെ ആരംഭം വരെയും സംവാദപരമായ വാചാപരീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു ബിരുദങ്ങള്‍ നല്‍കിയിരുന്നത്. 1881-ല്‍ സ്ത്രീകളെ 'ബഹുമാനപരീക്ഷ' യില്‍ (tripos) ചേരാന്‍ അനുവദിച്ചു; ഡിഗ്രി കോഴ്സിനു പ്രവേശനം നല്‍കിയിരുന്നില്ല. 1926-ലെ സര്‍വകലാശാലാ ആക്റ്റില്‍ സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നതിനാവശ്യമായ നിയമസംഹിതകള്‍ ഉള്‍ക്കൊള്ളിച്ചിരുന്നുവെങ്കിലും 1948-ല്‍ മാത്രമാണ് സ്ത്രീകള്‍ക്ക് കേംബ്രിജില്‍ പൂര്‍ണമായ അംഗീകാരം നല്‍കിയത്.
20-ാം ശതകത്തിന്റെ ആരംഭത്തോടുകൂടി മാനവിക വിഷയങ്ങള്‍ കൂടാതെ ശാസ്ത്രവിഷയങ്ങളുടെ പഠനത്തിനും ശാസ്ത്രീയ ഗവേഷണങ്ങള്‍ക്കും കേംബ്രിജില്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി. വൈദ്യശാസ്ത്രം, ജന്തുശാസ്ത്രം, ശരീരശാസ്ത്രം, കല, സംസ്കാരം, ചരിത്രം എന്നീ വിഷയങ്ങളുടെ പഠനത്തിനും ഗവേഷണത്തിനുമായി ഏര്‍പ്പെടുത്തിയിട്ടുള്ള ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പരീക്ഷണശാലകള്‍ പ്രത്യേകം എടുത്തുപറയത്തക്കവയാണ്. കൃഷി, ഭൂവിജ്ഞാനീയം, ജീവശാസ്ത്രം, ജൈവശാസ്ത്രം, മനഃശാസ്ത്രം തുടങ്ങിയ വിഷയങ്ങളുടെ പഠനത്തിന് സുസജ്ജമായ കാഴ്ചബംഗ്ളാവുകളും ഇവിടെയുണ്ട്.
സര്‍ ഐസക് ന്യൂട്ടനെക്കൂടാതെ, ഫ്രാന്‍സിസ് ബക്കന്‍, ലോര്‍ഡ് കോല്‍വിന്‍, ജെ.ജെ. തോംസണ്‍, ഏണസ്റ്റ് റുഥര്‍ഫോര്‍ഡ്, സര്‍ ജോണ്‍ കോക്റോഫ്റ്റ്, ഏണസ്റ്റ് വാള്‍ട്ടണ്‍, ജെയിംസ് ക്ലാര്‍ക്ക് മാക്സ്വെല്‍, ഹെന്റി കാവന്‍ഡിഷ്, ചാള്‍സ് ഡാര്‍വിന്‍, റൊണാള്‍ഡ് ഫിഷര്‍, അലന്‍ ടൂറിങ്, റോസലിങ് ഫ്രാങ്ക്ളിന്‍, ഫ്രാന്‍സിസ് ക്രിക്ക്, ജെയിംസ് വാട്സന്‍, പോള്‍ ഡെറിക്, മൈക്കേല്‍ ഗ്രീന്‍ തുടങ്ങിയ വിശ്വവിഖ്യാതരായ ശാസ്ത്രകാരന്മാരെ വാര്‍ത്തെടുത്തത് കേംബ്രിജ് സര്‍വകലാശാലയാണ്.
ആധുനിക രീതിയില്‍ നിര്‍മിക്കപ്പെട്ട കേംബ്രിജ് സര്‍വകലാശാലാലൈബ്രറി ബ്രിട്ടനിലെ ഏറ്റവും വലിയ ആറ് ഗ്രന്ഥശാലകളില്‍ ഒന്നാണ്. 1934-ല്‍ സ്ഥാപിതമായതും വെസ്റ്റ്ക്ളെയര്‍ കോളജില്‍ സ്ഥിതിചെയ്യുന്നതുമായ ഈ ഗ്രന്ഥശാലയില്‍ 15-ാം ശ. മുതല്‍ സംഭരിച്ചിട്ടുള്ള എട്ട് ദശലക്ഷത്തിലധികം പുസ്തകങ്ങള്‍ ഉണ്ട്. ബ്രിട്ടനില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള എല്ലാ പുസ്തകങ്ങളും ഇന്റര്‍നെറ്റ് സംവിധാനങ്ങളും തെരഞ്ഞെടുക്കപ്പെട്ട ഗ്രന്ഥങ്ങളുടെയും രേഖകളുടെയും ഡിജിറ്റല്‍ രൂപവും ഈ ഗ്രന്ഥശാലയുടെ ശേഖരത്തില്‍ ഉള്‍പ്പെടുന്നു. കൂടാതെ എല്ലാ പഠനവകുപ്പുകള്‍ക്കുകീഴിലും പ്രവര്‍ത്തിക്കുന്നവയുള്‍പ്പെടെ 114 ലൈബ്രറികള്‍ കേംബ്രിജ് ലൈബ്രറി അഥവാ സെന്‍ട്രല്‍ റിസര്‍ച്ച് ലൈബ്രറിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നു.
ഉന്നത ഗവണ്‍മെന്റ് അധികാരികള്‍ ഉള്‍പ്പെടുന്ന ഒരു സ്വയംഭരണ സമിതിയാണ് സര്‍വകലാശാലയുടെ ഭരണം നടത്തുന്നത്. സര്‍വകലാശാലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ആദ്യം സെനറ്റ് സമിതിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കണം. ചാന്‍സലര്‍, വൈസ് ചാന്‍സലര്‍, റീജന്റ് ഹൗസില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 16 അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് സെനറ്റ് സമിതി. ഇതിന്റെ അംഗീകാരത്തിനുശേഷം അവ പൂര്‍വ വിദ്യാര്‍ഥികള്‍കൂടി ഉള്‍ക്കൊള്ളുന്ന സെനറ്റിലോ അല്ലെങ്കില്‍ റീജന്റ് ഹൗസിലോ അംഗീകാരത്തിനായി സമര്‍പ്പിക്കേണ്ടതുണ്ട്. സര്‍വകലാശാലയിലും ബന്ധപ്പെട്ട മറ്റു കോളജുകളിലും അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ മാത്രം ഉള്‍ക്കൊള്ളുന്ന ഒരു സമിതിയാണ് റീജന്റ് ഹൗസ്. പ്രിവികൗണ്‍സിലിന്റെ അനുവാദത്തോടുകൂടി മാത്രമേ സര്‍വകലാശാലയുടെ ഭരണഘടനയില്‍ എന്തെങ്കിലും മാറ്റം വരുത്താവൂ എന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. സെനറ്റാണ് സര്‍വകലാശാലയുടെ ഉന്നതാധികാരിയായ ചാന്‍സലറെ തെരഞ്ഞെടുക്കുന്നത്. പ്രിവികൗണ്‍സില്‍ നാമനിര്‍ദേശം ചെയ്യുന്ന കോളജ് അധ്യക്ഷന്മാരില്‍ നിന്നും റീജന്റ് ഹൗസ് തെരഞ്ഞെടുക്കുന്ന വൈസ്ചാന്‍സലറാണ് സര്‍വകലാശാലയുടെ യഥാര്‍ഥ ഭരണാധികാരി. രണ്ടു വര്‍ഷമാണ് വൈസ്ചാന്‍സലറുടെ കാലാവധി.
സര്‍വകാലാശാലയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന 31 കോളജുകളും അവ നിലവില്‍ വന്ന വര്‍ഷവും താഴെ കൊടുക്കുന്നു - പീറ്റര്‍ ഹൗസ് (1284), പെംബ്രോക്ക് (1347), ഗോണ്‍വില്‍ ആന്‍ഡ് കെയ്സ് (1348), ട്രിനിറ്റി ഹാള്‍ (1350), കോര്‍പ്പസ് ക്രിസ്റ്റി (1352), കിങ്സ് (1441), ക്വീന്‍സ് (1448), ക്രൈസ്റ്റ്സ് (1448), സെന്റ് കാതറൈന്‍സ് (1473), ജീസസ് (1496), സെന്റ് ജോണ്‍സ് (1511), മഗ്ദലിന്‍ (1542), ട്രിനിറ്റി (1546), ഇമ്മാനുവല്‍ (1584), സിഡ്നി സസെക്സ് (1596), ഡൌണിങ് (1800), ഫിറ്റ്സ് വില്യം (1869), ഗിര്‍ട്ടണ്‍ (1869), ന്യൂണ്‍ഹാം (1871), സെല്‍വിന്‍ (1882), ചര്‍ച്ചില്‍ (1960), ഡാര്‍വിന്‍ (1965). ഇവയില്‍ മുറെ എഡ്വേഡ്സ്, ന്യൂണ്‍ഹാം, ലൂസി കാവെന്‍ഡിഷ് എന്നിവ വനിതകള്‍ക്കു മാത്രമുള്ള കോളജുകളാണ്. കോളജുകള്‍ കൂടാതെ മെട്രിക്കുലേഷന് വിദ്യാര്‍ഥികളെ അയയ്ക്കുന്ന നാലു ഫൗണ്ടേഷനുകള്‍ സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഗവേഷണപഠനങ്ങള്‍ക്കായി മാത്രം 650 ദശലക്ഷം ഡോളറാണ് പ്രതിവര്‍ഷം ഇവിടെ ചെലവിടുന്നത്.