This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കെയിന്‍സ്, ജോണ്‍ മെയ്നാഡ് (1883 - 1946)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==കെയിന്‍സ്, ജോണ്‍ മെയ്നാഡ് (1883 - 1946)== ==Keynes, John Maynard== ബ്രിട്ടീഷ് സാമ്പത...)
അടുത്ത വ്യത്യാസം →
08:33, 21 ജൂണ്‍ 2015-നു നിലവിലുണ്ടായിരുന്ന രൂപം
കെയിന്‍സ്, ജോണ്‍ മെയ്നാഡ് (1883 - 1946)
Keynes, John Maynard
ബ്രിട്ടീഷ് സാമ്പത്തികശാസ്ത്രജ്ഞന്‍. പ്രശസ്ത വിദ്യാഭ്യാസവിദഗ്ധനും ധനശാസ്ത്രജ്ഞനുമായിരുന്ന ജോണ്‍ നെവില്‍ കെയിന്‍സിന്റെ മകനായി 1883 ജൂണ്‍ 5-ന് കേംബ്രിജില്‍ ജനിച്ചു. ഈറ്റണ്‍, കേംബ്രിജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം 1906-ല്‍ ഇന്ത്യാ ആഫീസില്‍ ഉദ്യോഗസ്ഥനായി നിയമിതനായി. 1908-ല്‍ പ്രശസ്ത സാമ്പത്തികശാസ്ത്രജ്ഞനായ ആല്‍ഫ്രഡ് മാര്‍ഷല്‍ നിര്‍ദേശിച്ചതനുസരിച്ച് ഇന്ത്യാ ആഫീസിലെ ഉദ്യോഗം മതിയാക്കി കേംബ്രിജില്‍ ലക്ചററായി ചേര്‍ന്നു. മരണം വരെ ഇദ്ദേഹം അവിടെത്തന്നെ തുടര്‍ന്നു.
ധനശാസ്ത്രത്തിനു കെയിന്‍സ് നല്‍കിയ ആദ്യത്തെ സംഭാവന 1909-ല്‍ എഴുതിയ 'സൂചികകള്‍ തയ്യാറാക്കുന്ന രീതി' എന്ന ലേഖനമാണ്. 1911-ല്‍ ഇദ്ദേഹം പ്രസിദ്ധമായ ഇക്കണോമിക് ജേണലിന്റെ എഡിറ്ററായി. ഇന്ത്യാ ആഫീസില്‍ സേവനം അനുഷ്ഠിച്ചിരുന്ന കാലത്തെ അറിവും പരിചയവും വച്ചുകൊണ്ട് 1913-ല്‍ പ്രസിദ്ധീകരിച്ച ഇന്ത്യയുടെ നാണ്യവ്യവസ്ഥയും ധനകാര്യവും (Indian Currency and Finance) എന്ന ഗ്രന്ഥമാണു കെയിന്‍സ് രചിച്ച ആദ്യത്തെ കൃതി. ഒന്നാംലോകയുദ്ധത്തെത്തുടര്‍ന്ന് 1915-ല്‍ ഇദ്ദേഹം ബ്രിട്ടിഷ് ഗവണ്‍മെന്റിനെ പൊതുവെയും ധനകാര്യമന്ത്രിയെ പ്രത്യേകമായും സഹായിക്കുന്നതിനായി ക്ഷണിക്കപ്പെട്ടു. 1919-ലെ വെഴ്സെയില്‍സ് സന്ധിസമ്മേളനത്തില്‍ കെയിന്‍സ് പങ്കെടുത്തിരുന്നു. ജര്‍മനിയുടെമേല്‍ സഖ്യകക്ഷികള്‍ അടിച്ചേല്പിച്ച നഷ്ടപരിഹാരവ്യവസ്ഥകള്‍ അനീതിപരവും യാഥാര്‍ഥ്യബോധമില്ലാത്തതും ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കുന്നതുമാണെന്നു ബോധ്യമായ കെയിന്‍സ് സന്ധിസംഭാഷണങ്ങളില്‍ നിന്നു വിരമിക്കുകയും അതിനെ സംബന്ധിച്ച് സമാധാനത്തിന്റെ സാമ്പത്തികമായ അനന്തരഫലങ്ങള്‍ (The Economic Consequences of Peace) എന്ന ഗ്രന്ഥം രചിക്കുകയും ചെയ്തു. ഈ ഗ്രന്ഥത്തില്‍ ലോയ്ഡ് ജോര്‍ജിനെയും വുഡ്റോ വില്‍സനെയും വിമര്‍ശിച്ചതുവഴി കെയിന്‍സ് ശ്രദ്ധേയനായി.
ഒന്നാംലോകയുദ്ധാനന്തരകാലത്ത് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ നടത്തുകയായിരുന്നു കെയിന്‍സിന്റെ ജോലി. നാഷണല്‍ മ്യൂച്വല്‍ ഇന്‍ഷ്വറന്‍സ് കമ്പനി, ഇന്‍ഡിപെന്‍ഡന്റ് ഇന്‍വെസ്റ്റ്മെന്റ് കമ്പനി എന്നിവയുടെ അധ്യക്ഷനായിരുന്ന കാലത്ത് ന്യൂ സ്റ്റേറ്റ്സ്മാന്‍, നേഷന്‍ എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപത്യവും ഏറ്റെടുത്തിരുന്നു. യുദ്ധാനന്തരകാലത്തു യൂറോപ്പിനെ പുനരുദ്ധരിക്കുന്നതെങ്ങനെയെന്ന പ്രശ്നം കെയിന്‍സിനെ അലട്ടിക്കൊണ്ടിരുന്നു. ഈ ചിന്താഗതികളെ പ്രതിഫലിപ്പിക്കുന്നതാണ് ഉടമ്പടിയുടെ പൊളിച്ചെഴുത്ത് (The Revision of the Treaty - 1922) എന്ന ഗ്രന്ഥം. പണത്തിന്റെ മൂല്യം, വിദേശവിനിമയ നിരക്കുകള്‍, അവമൂല്യന(Devaluation)ത്തിന്റെ ഗുണങ്ങള്‍ എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ് 1923-ല്‍ പ്രസിദ്ധീകരിച്ച 'നാണ്യപരിഷ്കാരത്തെക്കുറിച്ച് ഒരു പ്രബന്ധം' (A Tract on Monetary Reform).
1925-ല്‍ കെയിന്‍സ് പ്രസിദ്ധ റഷ്യന്‍ നര്‍ത്തകിയായ ലിഡിയ ലൊപോകോപയെ വിവാഹം കഴിച്ചു. 1927-ലാണ് ഇദ്ദേഹം 'പണത്തെ സംബന്ധിച്ച പ്രബന്ധം' (Treatise on Money) രചിച്ചത്. സൂചികകള്‍, നാണ്യനയം, സമ്പാദ്യവും മൂലനിക്ഷേപവും തമ്മിലുള്ള ബന്ധം എന്നിവയെ സംബന്ധിച്ച് ഇദ്ദേഹത്തിന്റെ ആശയങ്ങളാണ് ഈ ഗ്രന്ഥത്തിലെ ഉള്ളടക്കം.
1936-ലാണ് കെയിന്‍സിന്റെ ഏറ്റവും പ്രധാന കൃതിയായ പണി, പലിശ, പണം എന്നിവയെക്കുറിച്ചുള്ള സാമാന്യസിദ്ധാന്തം (The General Theory of Employment, Interest and Money) എന്ന ഗ്രന്ഥം പ്രസിദ്ധീകൃതമായത്. ധനശാസ്ത്രത്തിന്റെ മാമൂല്‍ സിദ്ധാന്തത്തെ നഖശിഖാന്തം എതിര്‍ത്തുകൊണ്ടുള്ളതായിരുന്നു ഇത്. ഇതിന്റെ പ്രസിദ്ധീകരണത്തോടെ ധനശാസ്ത്രജ്ഞന്മാര്‍ തന്നെ രണ്ടു ചേരിയായി. കെയിന്‍സിന്റെ സിദ്ധാന്തത്തെ എതിര്‍ത്തവര്‍പോലും കെയിന്‍സിന്റെ സാമ്പത്തികസിദ്ധാന്തത്തിന്റെ സ്വാധീനവലയത്തില്‍പ്പെട്ടുപോയി. ഈ ഗ്രന്ഥത്തിനുശേഷം ധനശാസ്ത്രചര്‍ച്ചകളുടെയും വിവാദങ്ങളുടെയും ശൈലി കെയിന്‍സിന്റേതായിത്തീര്‍ന്നു. സാമാന്യസിദ്ധാന്തം കെയിന്‍സിന്റെ അവസാനവാക്കായിരുന്നില്ല. സാമാന്യസിദ്ധാന്തത്തില്‍നിന്നു ബഹുദൂരം മുന്നോട്ടുപോയി എന്നു സൂചിപ്പിക്കുന്നതാണ് രണ്ടാംലോകയുദ്ധത്തിന് മുമ്പ് എഴുതിയ നാണ്യാനുഭവപാഠങ്ങള്‍ (The Lessons of Monetary Experiences) എന്ന ഗ്രന്ഥം. സാമാന്യസിദ്ധാന്തത്തെ വിമര്‍ശിച്ചുകൊണ്ടു ധനശാസ്ത്രജ്ഞര്‍ അവതരിപ്പിച്ച ആശയങ്ങള്‍ കെയിന്‍സ് ഈ ഗ്രന്ഥത്തില്‍ സഹര്‍ഷം സ്വീകരിച്ചിട്ടുണ്ടെന്നു കാണാം.
1940-ല്‍ ധനകാര്യമന്ത്രിയുടെ ഉപദേഷ്ടാക്കളില്‍ ഒരാളായി നിയമിക്കപ്പെട്ട കെയിന്‍സ് ബ്രിട്ടന്റെ യുദ്ധച്ചെലവുകളും മറ്റു പൊതുഭരണച്ചെലവുകളും നടത്തുന്നതിനു പല പുതിയ പദ്ധതികളും ആവിഷ്കരിച്ചു. കൂടാതെ ഇതേ വര്‍ഷം യുദ്ധത്തിന് എങ്ങനെ ചെലവഴിക്കും (How to pay for the War) എന്ന ഗ്രന്ഥവും എഴുതി. 1942-ല്‍ കെയിന്‍സിനു പ്രഭു പദവി നല്‍കി. അന്താരാഷ്ട്ര നാണയനിധി, ലോകബാങ്ക് എന്നിവയുടെ സ്ഥാപനത്തില്‍ കെയിന്‍സ് വഹിച്ച പങ്കു വിലയേറിയതാണ്.
ആധുനിക സാമ്പത്തികശാസ്ത്രത്തിലെ അതികായനായി കണക്കാക്കപ്പെടുന്ന കെയിന്‍സ് ചിത്രകല, സംഗീതം, നൃത്തം എന്നിവ വികസിപ്പിക്കുന്നതിനും മുന്‍കൈയെടുത്തു. 1937 മുതല്‍ ഹൃദ്രോഗബാധിതനായിരുന്ന ഇദ്ദേഹം 1946 ഏ. 21-ന് സസെക്സില്‍ വച്ചു നിര്യാതനായി.
പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞനായ ആര്‍.എഫ്. ഹരോഡ് ദ് ലൈഫ് ഒഫ് ജോണ്‍ മെയ്നാഡ് കെയിന്‍സ് (1951) എന്ന പേരില്‍ കെയിന്‍സിന്റെ ജീവചരിത്രം രചിച്ചിട്ടുണ്ട്.