This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കൊച്ചുപിള്ള, ഡോ. എന്‍. (1940 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==കൊച്ചുപിള്ള, ഡോ. എന്‍. (1940 - )== അന്താരാഷ്ട്ര പ്രശസ്തനായ ഭിഷഗ്വര...)
അടുത്ത വ്യത്യാസം →
03:10, 21 ജൂണ്‍ 2015-നു നിലവിലുണ്ടായിരുന്ന രൂപം
കൊച്ചുപിള്ള, ഡോ. എന്‍. (1940 - )
അന്താരാഷ്ട്ര പ്രശസ്തനായ ഭിഷഗ്വരനും വൈദ്യശാസ്ത്ര ഗവേഷകനും. ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ വൈദ്യശാസ്ത്രഗവേഷണത്തിനുള്ള അത്യുന്നത ബഹുമതിയായ ബസന്തിദേവി അമീര്‍ചന്ദ് അവാര്‍ഡ് നേടിയ ആദ്യത്തെ മലയാളിയായ ഇദ്ദേഹം ആലപ്പുഴയില്‍ ഫാക്ടറിവാര്‍ഡിലെ ഹോപ്പ് വില്ലയില്‍ പരേതനായ നാരായണപ്പണിക്കരുടെയും പദ്മാവതിപ്പണിക്കരുടെയും മകനായി 1940 ഫെ. 10-ന് ജനിച്ചു. രസതന്ത്രത്തില്‍ ബിരുദമെടുത്തശേഷം 1963-ല്‍ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സില്‍ നിന്ന് എം.ബി.ബി.എസ്. ബിരുദവും അവിടെ നിന്നുതന്നെ 1966-ല്‍ ഇന്റേണല്‍ മെഡിസിനില്‍ എം.ഡി.ബിരുദവും നേടി. നാഷണല്‍ അക്കാദമി ഒഫ് മെഡിക്കല്‍ സയന്‍സില്‍ ഫെലൊ ആയ ഇദ്ദേഹം വൈദ്യശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടിയ റൊസാലിന്‍ എസ്. യാലോയുമൊത്ത് അമേരിക്കയില്‍ 'റേഡിയോ ഇമ്യൂണോഅസേ' യില്‍ രണ്ടുവര്‍ഷം ഗവേഷണം നടത്തി. അന്താരാഷ്ട്രപ്രശസ്തങ്ങളായ നേച്ചര്‍, ലാന്‍സെറ്ററ്റ്, എന്‍ഡോക്രൈനോളജി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലായി ഇദ്ദേഹത്തിന്റെ നൂറ്റിനാല്‍പത്തഞ്ചില്‍പ്പരം പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ദേശീയവും അന്തര്‍ദേശീയവുമായ മുപ്പതിലധികം സെമിനാറുകളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുമുണ്ട്.
ന്യൂഡല്‍ഹിയിലെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സിലെ എന്‍ഡോക്രൈനോളജി വിഭാഗം മുന്‍ തലവനും പ്രൊഫസറുമായ ഇദ്ദേഹം നിലവില്‍ ചെന്നൈയിലെ എസ്.ആര്‍.എം. മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റാബോളിസം വകുപ്പ് തലവനും പ്രൊഫസറുമായി സേവനം അനുഷ്ഠിച്ചുവരുന്നു. കൂടാതെ ഐ.സി.എം.ആര്‍ ന്റെ പോഷകാഹാരത്തെക്കുറിച്ചുള്ള ശാസ്ത്രോപദേശകസമിതി, അമേരിക്കയിലെ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഒഫ് എപ്പിഡെമിയോളജി, ലോകാരോഗ്യസംഘടന, യുണിസെഫ് എന്നിവയുടെ അയഡിന്‍ ഡെഫിഷ്യന്‍സി ഡിസോര്‍ഡേഴ്സ് ബോര്‍ഡ് എന്നിവയില്‍ അംഗവുമാണ്.
വൈദ്യശാസ്ത്രരംഗത്തെ സംഭാവനകള്‍ക്ക് നാളിതുവരെ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ 11-ലേറെ ബഹുമതികള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ന്യൂയോര്‍ക്കിലെ എസ്.എ. ബേര്‍സണ്‍ ഫൗണ്ടേഷന്റെ സോളോമാന്‍ എ. ബേര്‍സണ്‍ ഇന്റര്‍നാഷണല്‍ ഫെലോഷിപ്പ് (1975), ഐ.സി.എം.ആറിന്റെ ശകുന്തള അമീര്‍ചന്ദ് അവാര്‍ഡ് (1983), മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ ഹരി ഓം ആശ്രം-ആലംബിക് അവാര്‍ഡ് (1983), ബസന്തി ദേവി അമീര്‍ ചന്ദ് അവാര്‍ഡ് (1986), മജുംദാര്‍ ഒറേഷന്‍ അവാര്‍ഡ് (1989), എന്‍ഡോക്രൈന്‍ സൊസൈറ്റി ഒഫ് ഇന്ത്യയുടെ ആനുവല്‍ ഒറേഷന്‍ അവാര്‍ഡ് (1995), ശ്രീകാന്തിയ മെമ്മോറിയല്‍ ഒറേഷന്‍ അവാര്‍ഡ് (1996), റാന്‍ബാക്സി ഇന്റര്‍നാഷണല്‍ അവാര്‍ഡ് (1999), പ്രധാനമന്ത്രിയുടെ ഗുഹാ മെമ്മോറിയല്‍ ഒറേഷന്‍ അവാര്‍ഡ് (2002), രാഷ്ട്രപതിയുടെ ബി.സി. റോയ് ദേശീയ പുരസ്കാരം (2002), ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യസംഘടനകളുടെ അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങള്‍ നേടിയുള്ള ഇദ്ദേഹത്തെ 2002-ല്‍ രാഷ്ട്രം പദ്മശ്രീ നല്‍കി ആദരിക്കുകയുണ്ടായി.