This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊച്ചി തുറമുഖം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==കൊച്ചി തുറമുഖം== കേരളത്തിലെ പ്രധാനതുറമുഖം. ലോകത്തിലെ പ്രമുഖ ...)
അടുത്ത വ്യത്യാസം →

02:58, 21 ജൂണ്‍ 2015-നു നിലവിലുണ്ടായിരുന്ന രൂപം

കൊച്ചി തുറമുഖം

കേരളത്തിലെ പ്രധാനതുറമുഖം. ലോകത്തിലെ പ്രമുഖ പ്രകൃതിദത്ത തുറമുഖങ്ങളിലൊന്നായ കൊച്ചി തുറമുഖത്തിന് 660 വര്‍ഷം നീണ്ടുനില്ക്കുന്ന ഒരു ചരിത്രം അവകാശപ്പെടാനുണ്ട്.

ചരിത്രം പ്രാചീനകേരളവും വിദേശരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന വാണിജ്യ-സാംസ്കാരിക ബന്ധങ്ങളുടെ പ്രധാനകണ്ണി തുറമുഖങ്ങളായിരുന്നു. ഇവയില്‍ പ്രമുഖസ്ഥാനം മുസിരിസ് (ആധുനിക കൊടുങ്ങല്ലൂര്‍) തുറമുഖത്തിനായിരുന്നു. റോമാക്കാരുമായുള്ള വാണിജ്യബന്ധങ്ങളുടെ സിരാകേന്ദ്രമായിരുന്ന മുസിരിസിനെപ്പറ്റി പ്ളിനി, ടോളമി എന്നിവര്‍ പരാമര്‍ശിച്ചിട്ടുണ്ട്. 'ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖം' (Primum Emporium Indiae) എന്നാണ് പ്ളിനി മുസിരിസിനെ വിശേഷിപ്പിച്ചിട്ടുള്ളത്. 'മുരചിപട്ടണം' എന്ന് രാമായണത്തിലും 'മുചിരി' എന്ന് അകനാനൂറ് ഉള്‍പ്പെടെയുള്ള സംഘകാലകൃതികളിലും പരാമര്‍ശിച്ചിട്ടുള്ള മുസിരിസില്‍ ക്രിസ്ത്വബ്ദത്തിനു മുമ്പുതന്നെ ജൂതന്മാര്‍, ഫിനീഷ്യര്‍, ഗ്രീക്കുകാര്‍, റോമാക്കാര്‍ തുടങ്ങിയവര്‍ എത്തി വ്യാപാരം നടത്തിയിരുന്നു. എന്നാല്‍ മുസിരിസിന്റെ പ്രതാപം ദീര്‍ഘകാലം നീണ്ടുനിന്നില്ല. പെരിയാറിന്റെ സമുദ്രസംഗമസ്ഥാനത്തിനടുത്തായിരുന്നു മുസിരിസിന്റെ കിടപ്പ്. തന്മൂലം അഴിമുഖത്തു മണല്‍ വന്നടിയുക സാധാരണമായിരുന്നു. മണല്‍ നിറഞ്ഞാല്‍ കപ്പലുകള്‍ക്കു വന്നെത്താന്‍ പ്രയാസമാകും. 1341-ല്‍ ഉണ്ടായ വലിയ വെളളപ്പൊക്കത്തിന്റെ ഫലമായി കൊടുങ്ങല്ലൂര്‍ അഴിയുടെ ആഴം കുറഞ്ഞു. ഇതോടെ തുറമുഖമെന്ന നിലയില്‍ മുസിരിസ് തീര്‍ത്തും ഉപയോഗശൂന്യവുമായി. എന്നാല്‍ ഈ വെള്ളപ്പൊക്കത്തിന്റെ ഫലമായി കൊച്ചി തുറമുഖം സ്വാഭാവികമായിത്തന്നെ രൂപംകൊണ്ടു. 1341 വരെ കൊച്ചിയില്‍ ഒരു ചെറിയ നദി മാത്രമേ ഉണ്ടായിരുന്നുള്ളൂ. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് കൊച്ചിയില്‍ കായലുകളുണ്ടായി. ഇത് തുറമുഖത്തിന്റെ ആവിര്‍ഭാവത്തിന് കളമൊരുക്കി. വൈപ്പിന്‍ദ്വീപ് ഉണ്ടായതും ഈ ഭൂമിശാസ്ത്രപ്രതിഭാസത്തിന്റെ ഫലമായാണ്, 'അറബിക്കടലിലെ റാണി' എന്നാണ് കൊച്ചിയിലെ ദിവാനായിരുന്ന സര്‍.ആര്‍.കെ. ഷണ്‍മുഖം ചെട്ടി കൊച്ചി തുറമുഖത്തിനു പേരിട്ടത് (1936).

കൊച്ചി തുറമുഖത്തെ ആദ്യമായി പരാമര്‍ശിച്ച വിദേശസഞ്ചാരി യൊങ് ലോ ചക്രവര്‍ത്തിയുടെ സ്ഥാനപതിയായിരുന്ന ചെങ് ഹോയുടെ സംഘത്തില്‍പ്പെട്ട മാഹുവാന്‍ ആണ് (1400). ഇതോടടുത്തകാലത്ത് ഇറ്റലിക്കാരനായ നിക്കോളോ കോണ്ടിയും കൊച്ചി തുറമുഖത്തെത്തുകയുണ്ടായി.

കൊച്ചി തുറമുഖത്തിന് ലോകവാണിജ്യഭൂപടത്തില്‍ സ്ഥാനം ലഭിച്ചത് പോര്‍ച്ചുഗീസുകാരുടെ ആഗമനത്തോടെയാണ്. 1498 മേയില്‍ കാപ്പാട് എത്തിയ വാസ്കോ ഡ ഗാമ 1499 ആഗ. 29-ന് ലിസ്ബണില്‍ തിരിച്ചെത്തി. ഗാമയുടെ വിജയത്തില്‍ സന്തുഷ്ടനായ പോര്‍ച്ചുഗല്‍ രാജാവ് അടുത്ത ഇന്ത്യന്‍ പര്യടനത്തിന് നിയോഗിച്ചത് പെഡ്രൊ അല്‍വാരിസ് കബ്രാളിനെയായിരുന്നു. 1500 ഡി. 24-ന് കബ്രാള്‍ കൊച്ചിയിലെത്തി. കൊച്ചിരാജാവായിരുന്ന ഉണ്ണിരാമവര്‍മ പണ്ടകശാല നിര്‍മിക്കാന്‍ കബ്രാളിന് അനുമതി നല്കി. സാമൂതിരി അവിചാരിതമായി നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് കബ്രാളിന് ഗത്യന്തരമില്ലാതെ മടങ്ങിപ്പോകേണ്ടിവന്നു. ഇതില്‍ കുപിതനായ പോര്‍ച്ചുഗീസ് രാജാവ് ഗാമയെ വീണ്ടും അയച്ചു. ഗാമയോടൊപ്പമുണ്ടായിരുന്ന ഡിയാഗൊ ഫെര്‍നാണ്ടസ് കൊറിയയെയാണ് കൊച്ചിന്‍ ഫാക്ടറിയിലെ ക്യാപ്റ്റനായി നിയമിച്ചത്. 1501 ന. 7-ന് കൊച്ചിയിലെത്തിയ ഗാമ കൊച്ചിരാജാവുമായി വാണിജ്യബന്ധം ഉറപ്പിച്ചു. ഇതിനിടയ്ക്ക് കൊച്ചിയിലെത്തിയ ഫ്രാന്‍സിസ്കോ ഡി അല്‍ബുക്കര്‍ക്ക് 1503 സെപ്. 27-ന് പോര്‍ച്ചുഗീസ് കോട്ടയുടെ ശിലാസ്ഥാപനം നടത്തി. 1524-ല്‍ വൈസ്രോയി ആയി ഇന്ത്യയില്‍ എത്തിയ ഗാമ, കാല്‍ നൂറ്റാണ്ടിലേറെ വാണിജ്യബന്ധം പുലര്‍ത്തിയിട്ടും ഇന്ത്യയില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ പോര്‍ച്ചുഗീസ് നാവികശക്തിക്കു കഴിയാതിരുന്നതില്‍ നിരാശനായിരുന്നു. തന്റെ ആസൂത്രണം ഫലപ്രദമാക്കാന്‍ കഴിയുന്നതിനുമുമ്പ് അദ്ദേഹം അന്തരിച്ചു (1524 ഡി. 24). കേരളവുമായുള്ള വാണിജ്യബന്ധം കൊണ്ട് പോര്‍ച്ചുഗലിന് നേടാന്‍ കഴിയുന്നതിലേറെ പ്രയോജനം കേരളത്തിനു നേടാന്‍ കഴിഞ്ഞിരുന്നു; പ്രത്യേകിച്ച് സാമ്പത്തിക-സാംസ്കാരിക രംഗങ്ങളില്‍. ഏലം, ഇഞ്ചി, മറ്റു സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ കയറ്റുമതിയും തന്മൂലം ഇവയുടെ കൃഷിയും പൂര്‍വാധികം വര്‍ധിച്ചു. കയറിന്റെ വാണിജ്യസാധ്യതകള്‍ പതിന്മടങ്ങു വര്‍ധിച്ചതോടെ തെങ്ങുകൃഷി അഭൂതപൂര്‍വമായി പുരോഗമിച്ചു. അലോപ്പതിചികിത്സാസമ്പ്രദായം പ്രചാരത്തിലായി. ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങള്‍ അവിടവിടെ ഉയര്‍ന്നു. കടല്‍വാണിജ്യരംഗത്തുനിന്നു പോര്‍ച്ചുഗല്‍ വിരമിച്ച് ഏതാണ്ട് അര നൂറ്റാണ്ടിനു ശേഷവും കേരളത്തിന്റെ നയതന്ത്രഭാഷ പോര്‍ച്ചുഗീസ് തന്നെയായിരുന്നു.

1592-ല്‍ കൊര്‍ണേലിയുസ് ഡി.ഹൂട്ട്മാന്റെ നേതൃത്വത്തില്‍ നാലു ഡച്ചുകപ്പലുകള്‍ ഇന്ത്യയിലെത്തി. ഇന്ത്യയില്‍ നിന്നു പോര്‍ച്ചുഗീസുകാരെ തുരത്തി കടല്‍വാണിജ്യാധിപത്യം സ്ഥാപിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. 1604-ല്‍ അഡ്മിറല്‍ എസ്. വാന്‍ ഡേര്‍ ഹാഗെന്‍ സാമൂതിരിയുമായി സഖ്യം സ്ഥാപിച്ചു. സാമൂതിരിയും ഡച്ചുകാരും ഒരു വശത്തും കൊച്ചി രാജാവും പോര്‍ച്ചുഗീസുകാരും മറുവശത്തുമായി പലതവണ ഏറ്റുമുട്ടുകയുണ്ടായി. പോര്‍ച്ചുഗീസുകാരെ കൊച്ചിയില്‍ നിന്നു തുരത്താന്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ പോര്‍ച്ചുഗീസു നാവികശക്തി നാമാവശേഷമാകുമെന്നു ബോധ്യമായതോടെ ഡച്ചുകാര്‍ തങ്ങളുടെ പിടിമുറുക്കി. അവസാനം 1663-ല്‍ ഡച്ചുസേന കൊച്ചി പിടിച്ചടക്കി. 1663 മാ. 22-ന് കൊച്ചിരാജാവ് ഡച്ചുകാരുമായി ഉടമ്പടിയില്‍ ഏര്‍പ്പെട്ടു. തത്ഫലമായി കൊച്ചിയെ വിദേശാക്രമണങ്ങളില്‍ നിന്നു രക്ഷിക്കാനുള്ള ചുമതല ഡച്ചുകാരില്‍ നിക്ഷിപ്തമായി. തുടര്‍ന്ന് സമുദ്രവാണിജ്യകുത്തകയും കോട്ട കെട്ടാനുള്ള അനുമതിയും കൊച്ചിരാജാവ് അവര്‍ക്കു നല്കി. 1678 മേയ് 26-ലെ കരാര്‍ ഫലത്തില്‍ കൊച്ചിയുടെ നിയന്ത്രണം ഡച്ച് ഈസ്റ്റിന്ത്യാക്കമ്പനിക്കു കൈമാറുന്നതായിരുന്നു. ഡച്ച് ആധിപത്യം ഒരു നൂറ്റാണ്ടിലധികം കാലം അഭംഗുരം തുടര്‍ന്നു. 1795 ഒ. 20-ന് ഡച്ചു നാവികസേന ബ്രിട്ടനു കീഴടങ്ങി.

കൊച്ചി സന്ദര്‍ശിച്ച ആദ്യത്തെ ഇംഗ്ലീഷുകാരന്‍ റാല്‍ഫ് ഫിച്ച് എന്ന ലണ്ടന്‍ വ്യാപാരിയായിരുന്നു (1583 മാ. 22). തുടര്‍ന്ന് കൊച്ചിയുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെടാന്‍ ബ്രിട്ടീഷുകാര്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും അവയൊന്നും ഫലവത്തായില്ല. 1636-ല്‍ മാത്രമാണ് ബ്രിട്ടീഷ് വണിക്കുകള്‍ക്ക് കൊച്ചിയില്‍നിന്ന് ആദ്യമായി കുരുമുളക് കയറ്റിയയയ്ക്കാന്‍ കഴിഞ്ഞത്. വാണിജ്യബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞതോടെ ഇംഗ്ളീഷ് ഈസ്റ്റിന്ത്യാക്കമ്പനി കൊച്ചിയുടെ നിയന്ത്രണം കൈക്കലാക്കാന്‍ ശ്രമം തുടങ്ങി. 18-ാം ശതകത്തിന്റെ അന്ത്യത്തില്‍ കൊച്ചിരാജാവും ഇംഗ്ളീഷ് ഈസ്റ്റിന്ത്യാക്കമ്പനിയും തമ്മില്‍ ഉണ്ടാക്കിയ കരാറനുസരിച്ച് കൊച്ചി കമ്പനിക്കു കപ്പം കൊടുക്കണമെന്നും അതിനു പകരം ടിപ്പു കൈവശപ്പെടുത്തിയ സ്ഥലങ്ങള്‍ തിരിച്ചുപിടിക്കാന്‍ കമ്പനി കൊച്ചിയെ സഹായിക്കണമെന്നും വ്യവസ്ഥയുണ്ടായി. ശക്തന്‍ തമ്പുരാനുശേഷം അധികാരത്തില്‍വന്ന കൊച്ചിരാജാവ് ബ്രിട്ടീഷുകാരോട് അത്ര സൗഹൃദം പുലര്‍ത്തിയിരുന്നില്ല. ബ്രിട്ടീഷ് ആധിപത്യശ്രമങ്ങളെ തകര്‍ക്കാന്‍ തന്നെയാണ് കൊച്ചിയും തിരുവിതാംകൂറും തീരുമാനിച്ചത്. തിരുവിതാംകൂറില്‍ വേലുത്തമ്പിയും കൊച്ചിയില്‍ പാലിയത്തച്ചനും റസിഡന്റിനെതിരെ തിരിഞ്ഞു. 600 തിരുവിതാംകൂര്‍കാര്‍ റസിഡന്റ് കേണല്‍ മെക്കാളെയുടെ വസതി ആക്രമിച്ചതിനെത്തുടര്‍ന്ന് മെക്കാളെക്കു പലായനം ചെയ്യേണ്ടിവന്നു (1809). യുദ്ധസന്നാഹങ്ങളുമായി തിരിച്ചെത്തിയ മെക്കാളെ വേലുത്തമ്പിയെയും പാലിയത്തച്ചനെയും അമര്‍ച്ചചെയ്തു എന്നു മാത്രമല്ല, കൊച്ചിയില്‍ ആധിപത്യം സ്ഥാപിക്കുകയും വാണിജ്യക്കുത്തക സ്വന്തമാക്കുകയും ചെയ്തു. പാലിയത്തച്ചനുശേഷം കൊച്ചി ദിവാനായ നടവരമ്പത്തു കുഞ്ഞുകൃഷ്ണമേനോന്‍ ഭരണപാടവമുള്ള ആളായിരുന്നില്ല. തുടര്‍ന്ന് റസിഡന്റ് കേണല്‍ മണ്‍റോ കൊച്ചി ദിവാനായി (1812). ജനറല്‍ കല്ലന്‍ റസിഡന്റായിരുന്ന കാലത്താണ് (1840-60) ക്യാപ്റ്റന്‍ കാസ്റ്റര്‍ കൊച്ചിയിലെ ആദ്യത്തെ പോര്‍ട്ട് ആഫീസറായി നിയമിതനായത് (1859).

ബ്രിട്ടീഷ് ആധിപത്യത്തിന്റെ വളര്‍ച്ചയോടു ബന്ധപ്പെട്ടാണ് കൊച്ചി തുറമുഖത്തിന്റെ വളര്‍ച്ചയും വികാസവും. 1854 ഡി. 28-ന് കൊച്ചിന്‍ ചേംബര്‍ ഒഫ് കൊമേഴ്സ് രൂപവത്കൃതമായി. ഇതിന്റെ ആദ്യത്തെ അധ്യക്ഷന്‍ തടിവ്യാപാരിയും കപ്പല്‍ നിര്‍മാതാവും 'ഓട്ടേഴ്സണ്‍, ക്യാംപ്ബെല്‍ ആന്‍ഡ് കമ്പനി'യുടെ പങ്കാളിയുമായിരുന്ന ജെയിംസ് ഓട്ടേഴ്സണ്‍ ആയിരുന്നു. കൊച്ചിരാജാവിനുവേണ്ടി ഇദ്ദേഹം ഒരു 800 ടണ്‍ കപ്പല്‍ പണിതുകൊടുത്തു. ഈ കപ്പലില്‍ ലണ്ടനിലേക്കുള്ള ചാര്‍ട്ടര്‍ യാത്രയ്ക്ക് ചരക്കുനിറച്ചത് ആസ്പിന്‍വാള്‍ ആയിരുന്നു. സാമ്പത്തികമായി അധഃപതിച്ച ഓട്ടേഴ്സന്റെ ബിസിനസ് വിലയ്ക്കുവാങ്ങിയ സ്കോട്ട് ബ്രദേഴ്സിന്റെ കൊച്ചിന്‍ ശാഖാമാനേജരായിരുന്ന ആസ്പിന്‍വാള്‍ പിന്നീട് ആ കമ്പനിയുടെ സകല അവകാശങ്ങളും വിലയ്ക്കുവാങ്ങി 'ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി' ആരംഭിച്ചു. ഇതിനിടയ്ക്ക് ക്യാംപ്ബെല്ലിന്റെ നിര്യാണത്തെത്തുടര്‍ന്ന് 'ഓട്ടേഴ്സണ്‍, ക്യാംപ്ബെല്‍ ആന്‍ഡ് കമ്പനി' വിലയ്ക്കുവാങ്ങിയ വില്‍സണ്‍, 'റിച്ചീ ആന്‍ഡ് കമ്പനി' പരാജയപ്പെട്ടപ്പോള്‍ അതിന്റെ മാനേജരായിരുന്ന പിയേഴ്സും ലെസ്ളിയും ചേര്‍ന്ന് 'പിയേഴ്സ് ലെസ്ളി ആന്‍ഡ് കമ്പനി'യും ആരംഭിച്ചു. 19-ാം ശതകത്തിന്റെ അന്ത്യഘട്ടത്തില്‍ പല യൂറോപ്യന്‍ കമ്പനികളും കൊച്ചി തുറമുഖത്ത് വാണിജ്യ-വ്യാപാരങ്ങള്‍ ആരംഭിച്ചു. അതോടെ സമുദ്രവാണിജ്യം വിപുലമായി; കൊച്ചി തുറമുഖം ഉണരുകയും ചെയ്തു.

കൊച്ചി തുറമുഖസൗകര്യങ്ങള്‍ വികസിക്കേണ്ടത് കൊച്ചിയുടെയും കമ്പനിയുടെയും വണിക്കുകളുടെയും ആവശ്യമായിത്തീര്‍ന്നു. കൊച്ചി തുറമുഖം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത സൂചിപ്പിച്ചുകൊണ്ട് 1870-ല്‍ കൊച്ചിന്‍ ചേംബര്‍ ഒഫ് കൊമേഴ്സിന്റെ അധ്യക്ഷനായിരുന്ന ജെ.എച്ച്. ആസ്പിന്‍വാള്‍ ഒരു നിവേദനം സമര്‍പ്പിച്ചു. ബക്കിങ്ഹാം പ്രഭു 1880-ല്‍ കൊച്ചി സന്ദര്‍ശിച്ചപ്പോള്‍ കൊച്ചിന്‍ ചേംബര്‍ ഒഫ് കോമേഴ്സ് നേരിട്ട് ഈ ആവശ്യം ഉന്നയിച്ചു. 81 ലക്ഷം രൂപ മുടക്കിയാല്‍ കൊച്ചിയെ ഒരു ആധുനിക തുറമുഖമായി മാറ്റാന്‍ കഴിയുമെന്ന മദ്രാസ് ഹാര്‍ബര്‍ വര്‍ക്സ് ചീഫ് എന്‍ജിനീയര്‍ എ. പാര്‍ക്സ് അഭിപ്രായപ്പെട്ടു. മുടക്കുമുതലിന്റെ പലിശയായി നാലു ശതമാനത്തിനു തുല്യമായ ഒരു തുക ആണ്ടുതോറും തുറമുഖത്തീരുവ ഉണ്ടാക്കാന്‍ തുറമുഖവാണിജ്യത്തിനു കഴിയുമെങ്കില്‍ തുറമുഖവികസന പരിപാടി ഏറ്റെടുക്കാമെന്നായിരുന്നു ബ്രിട്ടീഷ് അധികാരികള്‍ തീരുമാനിച്ചത്. അന്നത്തെ വാണിജ്യനിലവാരം കണക്കിലെടുത്ത് ഇത് ഉറപ്പുവരുത്താന്‍ ചേംബര്‍ തയ്യാറായില്ല. ഇന്ത്യയിലെ വൈസ്രോയിയും ഗവര്‍ണര്‍ ജനറലുമായിരുന്ന കഴ്സണ്‍ പ്രഭു കൊച്ചി സന്ദര്‍ശിച്ചപ്പോള്‍ ചേംബര്‍ ഒഫ് കോമേഴ്സ് വീണ്ടും നിവേദനം നടത്തി (1900). ഇക്കഴിഞ്ഞ രണ്ടുദശകംകൊണ്ട് സമുദ്രവാണിജ്യം ഇരട്ടിയായി വര്‍ധിച്ചിരുന്നു. തുറമുഖവികസനത്തിന്റെ മുടക്കുമുതലിന്റെ പലിശയ്ക്കു തുല്യമായ വരുമാനം തുറമുഖത്തിനു ലഭിക്കുമെന്ന് ഉറപ്പുവരുത്താന്‍ ചേംബര്‍ സന്നദ്ധവുമായിരുന്നു. 20 വര്‍ഷം മുമ്പ് പാര്‍ക്സ് തയ്യാറാക്കിയ അടങ്കല്‍ കൂടുതലാണെന്നും മറ്റൊരു സര്‍വേ നടത്തണമെന്നും ചേംബര്‍ ആവശ്യപ്പെട്ടു. ഏതാണ്ടിക്കാലത്ത് റെയില്‍വേയും കൊച്ചിയില്‍ രംഗപ്രവേശം ചെയ്തു. തുറമുഖവികസനംകൊണ്ട് തുറമുഖത്തിന്റെയും റെയില്‍വേയുടെയും വരുമാനവും സര്‍വോപരി കൊച്ചിയുടെ സാമ്പത്തികനിലയും മെച്ചപ്പെടുമെന്നും ചേംബര്‍ വാദിച്ചു. തുറമുഖവികസനത്തിന്റെ ആദ്യപടിയായ മണ്ണുമാന്തലിനുള്ള ചെലവു വഹിക്കാമെന്നും ചേംബര്‍ വാഗ്ദാനം ചെയ്തു. 1909-ല്‍ ഇതു സംബന്ധിച്ച ചര്‍ച്ചകളില്‍ തിരുവിതാംകൂര്‍, കൊച്ചി എന്നിവിടങ്ങളിലെ ചീഫ് എന്‍ജിനീയര്‍മാരും വെസ്റ്റ് കോസ്റ്റ് ഡിവിഷന്റെ എക്സിക്യൂട്ടീവ് എന്‍ജിനീയറും പങ്കെടുത്തു. മണ്ണൊലിപ്പു തടയുന്നതു സംബന്ധിച്ച കാര്യങ്ങളില്‍ ഒത്തുതീര്‍പ്പുണ്ടായില്ല.1918 വരെ യാതൊരു പുരോഗതിയുമുണ്ടായില്ല. ഒരു നാട്ടുരാജ്യത്തിന് സാമ്പത്തികനേട്ടമുണ്ടാക്കുന്ന പദ്ധതിക്കു പണം ചെലവഴിക്കാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന് വിമുഖതയുണ്ടുതാനും. ഏതായാലും 1918-ല്‍ തുറമുഖത്തിന്റെ സാങ്കേതികവശങ്ങളെക്കുറിച്ച് പഠനം നടത്താന്‍ 'സര്‍ ജോണ്‍ വോള്‍ഫ് ബാരി ആന്‍ഡ് പാര്‍ട്ട്നേഴ്സ്' നിയോഗിതരായി. ചാനലിലെ മണ്ണുമാന്തിക്കളയണമെന്നും വര്‍ഷംമുഴുവന്‍ മണ്ണുമാന്തല്‍ തുടരണമെന്നും ആയിരുന്നു കമ്പനിയുടെ കണ്ടെത്തല്‍. എറണാകുളത്തും മട്ടാഞ്ചേരിയിലും വാര്‍ഫുകള്‍ പണിയണമെന്നും ഹുസൂര്‍ ജട്ടിയുടെ തെക്ക് ഒരു നീണ്ട വാര്‍ഫ് കെട്ടണമെന്നും കമ്പനി നിര്‍ദേശിച്ചു. ഇതിനുവേണ്ടിവരുന്ന പണച്ചെലവും ജനസാന്ദ്രത കൂടുതലായ പ്രദേശത്തുനിന്നു നൂറുകണക്കിന് ഏക്കര്‍ സ്ഥലം പൊന്നുംവിലയ്ക്കെടുക്കുന്നതു സംബന്ധിച്ച ബുദ്ധിമുട്ടുംമൂലം ബാരി കമ്പനിയുടെ നിര്‍ദേശം സ്വീകാര്യമായില്ല. തുടര്‍ന്ന് തുറമുഖ വികസനപരിപാടി ആസൂത്രണം ചെയ്യാന്‍ ഗവണ്‍മെന്റ് തുറമുഖ എന്‍ജിനീയറായ സര്‍ റോബര്‍ട്ട് ബ്രിസ്റ്റോയെ നിയോഗിച്ചു.

1920 ഏ. 13-ന് ബ്രിസ്റ്റോ കൊച്ചിയിലെത്തി. പോര്‍ട്ട്സ്മൌത്തിന് എതിര്‍വശത്തുള്ള ഹസ്ലര്‍ പെന്‍സുലയോടു സാദൃശ്യമുള്ളതാണ് കൊച്ചി തുറമുഖത്തിന്റെ സ്ഥിതി എന്ന് അദ്ദേഹം മനസ്സിലാക്കി. 182.9 മീ. വീതിയും 9.14 മീ. ആഴവും (ലോ വാട്ടര്‍) ഉള്ള ഒരു ചാനല്‍ കുഴിക്കണമെന്നാണ് അദ്ദേഹം നിര്‍ദേശിച്ചത്. ജൂല. 9-ന് മലബാര്‍ കളക്ടര്‍ ഇ.എഫ്. തോമസ് അധ്യക്ഷനായി 15 അംഗങ്ങളുള്ള ഒരു അഡ്ഹോക് സമിതിയും നിയമിതമായി. കൊച്ചിന്‍ തുറമുഖവികസന പദ്ധതിയെ തുരങ്കം വയ്ക്കുന്ന തരത്തിലുള്ളതായിരുന്നു മദ്രാസ് തുറമുഖ മേധാവികളുടെയും മദ്രാസ് വണിക്കുകളുടെയും തൂത്തുക്കുടി തുറമുഖം വികസിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്ന മദ്രാസ് പ്രസിഡന്‍സി ധനകാര്യമന്ത്രിയുടെയും നടപടികള്‍. എന്നാല്‍ കൊച്ചിരാജാവും ബ്രിട്ടീഷ് നേവിയും ബ്രിസ്റ്റോയോട് ഉറ്റസമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഉന്നതോദ്യോഗസ്ഥരും ബ്രിസ്റ്റോയ്ക്കും അദ്ദേഹത്തിന്റെ സഹായിയായ ഡിക്കന്‍സണും വേണ്ട ഒത്താശകള്‍ നല്കി. മണ്ണുമാന്തല്‍, ബര്‍ത്, വാര്‍ഫ്, റെയില്‍വേ ഉള്‍പ്പെടെ തുറമുഖവികസനത്തിന് മൊത്തം രണ്ടുകോടി രൂപയുടെ അടങ്കലും തയ്യാറാക്കി. ഗവര്‍ണര്‍ പദ്ധതിക്ക് അനുമതിയും നല്കി.

1923 ആയതോടെ വെണ്ടുരുത്തിയുടെ തെക്കേയറ്റത്തെ 10 ഏക്കര്‍ സ്ഥലം 'മന്നാര്‍', 'സയിറ്റിഫ്' എന്നീ ഡ്രെഡ്ജറുകള്‍ ഉപയോഗിച്ച് സജ്ജമാക്കി. 1922 ഡിസംബറില്‍ തിരുവിതാംകൂറിന്റെ ഓഹരിയും തീരുമാനമായി. ആദ്യഘട്ടത്തിലെ ചെലവുകള്‍ മദ്രാസ് ഗവണ്‍മെന്റാണ് വഹിച്ചത്. തുടര്‍ന്നുള്ള ഘട്ടങ്ങളുടേത് മദ്രാസ്, കൊച്ചി, തിരുവിതാംകൂര്‍ ഗവണ്‍മെന്റുകള്‍ യോജിച്ച് വഹിക്കുമെന്നും തീരുമാനമുണ്ടായി. 1923 മധ്യത്തോടെ തുറമുഖത്തിന്റെ അകവശപ്പണി പൂര്‍ത്തിയായി. 1890 മീ. നീളം, 45.7 മീ. വീതി. 5.5 മീ. ആഴം (ലോ വാട്ടര്‍) ഉള്ള അഴി 1922 സെപ്തംബറില്‍ പൂര്‍ത്തിയായിരുന്നു. മന്നാര്‍ ഡ്രെഡ്ജര്‍ ആണ് ഇതുസംബന്ധിയായ മണ്ണുമാന്തല്‍ നടത്തിയത്. മന്നാര്‍ ഡ്രെഡ്ജര്‍ പ്രവര്‍ത്തനരഹിതമായതോടെ ജര്‍മന്‍ ഡ്രെഡ്ജര്‍ (സയിറ്റിഫ്) പ്രവര്‍ത്തിപ്പിച്ചു. മൂന്നാംഘട്ടം സംബന്ധിച്ച പദ്ധതി ബ്രിസ്റ്റോ അവതരിപ്പിച്ചപ്പോള്‍, ഇത് ആസൂത്രണത്തിനൊത്ത് പുരോഗമിക്കുമോ എന്ന കാര്യത്തില്‍ ഗവണ്‍മെന്റിന് തെല്ലു സംശയമായി. ഈ പദ്ധതിമുഴുവന്‍ ഒരു വിദഗ്ധസമിതി വിലയിരുത്തട്ടെ എന്നാണ് ബ്രിട്ടീഷ് ഗവണ്‍മെന്റ് പിന്നീട് തീരുമാനിച്ചത്. റെന്‍ഡര്‍, പാല്‍മര്‍ ആന്‍ഡ് ട്രിറ്റണ്‍ കമ്പനിയിലെ എഫ്. പാല്‍മര്‍; വോള്‍ഫ് ബാരി ആന്‍ഡ് പാര്‍ട്ട്നേഴ്സിലെ ക്രുട്ട്വെല്‍; കൂഡ് ഫിറ്റ്സ്മാറിസ് ആന്‍ഡ് കമ്പനിയിലെ എച്ച്.ജി. മിച്ചെല്‍ എന്നിവരടങ്ങുന്ന സമിതി തുറമുഖ പദ്ധതിയുടെ വിവിധവശങ്ങള്‍ വിശകലനം ചെയ്ത് ബ്രിസ്റ്റോയുടെ ആസൂത്രണത്തോട് നൂറുശതമാനവും യോജിക്കുകയാണുണ്ടായത്. 1925 ജൂണ്‍ 25-ന് ഇന്ത്യാഗവണ്‍മെന്റ്, മദ്രാസ്, കൊച്ചി, തിരുവിതാംകൂര്‍ ചേര്‍ന്ന ചതുഷ്കക്ഷികള്‍ കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തു. വില്യം സൈമണ്‍സ് ആന്‍ഡ് കമ്പനി എന്ന സ്കോട്ടിഷ് സ്ഥാപനത്തില്‍ നിന്നും അയച്ച 'ലോര്‍ഡ് വെല്ലിങ്ടണ്‍' എന്ന ഡ്രെഡ്ജര്‍ 1926 മേയില്‍ കൊച്ചിയിലെത്തി. 3353 മീ. നീളം 122 മീ. വീതി, 9.7 മീ. ആഴം (below low water) ഉള്ള ഒരു ത്രൂ ചാനല്‍ ഈ ഡ്രെഡ്ജര്‍ 1928 മാ. 30-ന് പൂര്‍ത്തിയാക്കി. ഇതോടെ സൂയസ് കനാല്‍ കടക്കാന്‍ കഴിയുന്ന ഏതു കപ്പലിനും കൊച്ചി തുറമുഖത്തെത്താമെന്നായി. മണ്ണുമാന്തല്‍ പൂര്‍ത്തിയാകുന്നതിനു മുമ്പുതന്നെ കൊച്ചി തുറമുഖത്തെത്താന്‍ കഴിയുന്ന കപ്പലുകളുടെ വലുപ്പത്തെക്കുറിച്ച് നാവിഗേഷന്‍ കമ്പനികള്‍ അന്വേഷണം തുടങ്ങിക്കഴിഞ്ഞിരുന്നു.

1928 മേയ് 26-ന് ഉച്ചയ്ക്ക് 12.30-ന് ബോംബെ സ്റ്റീം നാവിഗേഷന്‍ കമ്പനിയുടെ 'പദ്മ' എന്ന കപ്പല്‍ (52.മീ. നീളം, 9.144 മീ. ബീം, 4.19 മീ. ഡ്രാട്ട്) തുറമുഖത്തുകടന്ന് തുറമുഖത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. 1931 ജനു. 21-ന് രാവിലെ ജര്‍മന്‍ ക്രൂയ്സര്‍ 'എംഡന്‍' കൊച്ചി തുറമുഖത്തു കടന്നുവന്നു.

കൊച്ചി തുറമുഖത്തിന്റെ അവസാനഘട്ടത്തിന്റെ പൂര്‍ത്തീകരണത്തിന് നിരവധി തടസ്സങ്ങളുണ്ടായി. നാലാംഘട്ടം ഉടനെ ആവശ്യമില്ല എന്നതായിരുന്നു കൊച്ചിന്‍ ചേംബര്‍ അഭിപ്രായപ്പെട്ടത്. അന്താരാഷ്ട്ര സാമ്പത്തിക മാന്ദ്യം ഒരു കാരണമായി അവര്‍ അവതരിപ്പിച്ചു. തുറമുഖച്ചുങ്കം വര്‍ധിപ്പിക്കുന്നതിനോടു ചേംബര്‍ എതിരായിരുന്നു. മദ്രാസ്, കോഴിക്കോട് തുറമുഖങ്ങളിലെ കയറ്റിറക്ക് കൊച്ചിയിലേക്കാകുന്നതോടെ കൊച്ചിക്ക് നേട്ടവും ഇന്ത്യാഗവണ്‍മെന്റിന് നഷ്ടവുമുണ്ടാകും. എങ്കിലും കൊച്ചി തുറമുഖവികസനം തിരുവിതാംകൂറിലെയും കൊച്ചിയിലെയും വ്യാവസായികവികസനത്തിന് അനുഗുണമാകുമെന്നതുകൊണ്ടും യുദ്ധകാലങ്ങളില്‍ കൊച്ചി പ്രതിരോധത്തിനുപയുക്തമായ നേവല്‍ ബേസ് ആകുന്നതുകൊണ്ടും ഇന്ത്യാഗവണ്‍മെന്റ് ഇതിനെ അനുകൂലിക്കുകയാണുണ്ടായത്. കൊച്ചി തുറമുഖവികസനത്തിനെതിരായിരുന്നു കൊല്ലത്തെയും ആലപ്പുഴയിലെയും വ്യാപാരികള്‍. കൊച്ചി തുറമുഖം കൊച്ചിയുടെയും മദ്രാസിന്റെയും അധികാരപരിധിയിലായിരുന്നതുകൊണ്ട് തുറമുഖപ്രദേശം മുഴുവന്‍ മദ്രാസിന്റെ അധികാരപരിധിയില്‍ കൊണ്ടുവരണമെന്നു മദ്രാസ് ശഠിച്ചു; എന്നാല്‍ ഈ നിര്‍ദേശത്തോട് കൊച്ചി യോജിച്ചില്ല. മദ്രാസ് പോര്‍ട്ട് ട്രസ്റ്റും കൊച്ചി തുറമുഖവികസനത്തിനെതിരായിരുന്നു. എന്നാല്‍ ധീരനും ഉള്‍ക്കാഴ്ചയുള്ളവനുമായ ബ്രിസ്റ്റോ സധൈര്യം മുമ്പോട്ടു നീങ്ങി. ലോകത്തിലെ വിവിധ തുറമുഖങ്ങളുടെ ട്രാഫിക് റിക്കാര്‍ഡുകള്‍ അദ്ദേഹം പരിശോധിച്ചു. അവയിലൊക്കെ വളര്‍ച്ച മാത്രം കണ്ടെത്തിയ ബ്രിസ്റ്റോ ആ വളര്‍ച്ച കൊച്ചിക്കു നിഷേധിക്കുവാന്‍ തയ്യാറായില്ല. തുടക്കത്തില്‍ നാലു ബര്‍ത്തുകള്‍ നിര്‍മിക്കുവാനും പ്രതിവര്‍ഷം 5,00,000 ടണ്‍ കയറ്റിയിറക്കാന്‍ തക്ക ഷെഡ്ഡുകള്‍ പൂര്‍ത്തിയാക്കാനും വന്‍കരയിലേക്ക് റോഡ്-റെയില്‍ പാലം പണിയാനും മട്ടാഞ്ചേരിയിലേക്ക് റോഡ്-പാലം തീര്‍ക്കാനും അദ്ദേഹം പദ്ധതി ആവിഷ്കരിച്ചു. 150 ലക്ഷം രൂപ ചെലവു വരുന്ന ഈ നാലാംഘട്ടം പിന്നീട് 93 ലക്ഷമായി കുറച്ചു. 1932-ല്‍ ബ്രിസ്റ്റോ 1924-ലെ ഉപദേശകസമിതിയുമായി വീണ്ടും കൂടിയാലോചനകള്‍ നടത്തി. സമിതിയുടെ നിര്‍ദേശങ്ങള്‍കൂടി കണക്കിലെടുത്തുകൊണ്ട് പദ്ധതിക്ക് അവസാനരൂപം നല്കി. 1934-ല്‍ സിംലയില്‍ വച്ച് ബന്ധപ്പെട്ട കക്ഷികള്‍ കൂടിയാലോചിച്ചു. ജൂണ്‍ 11-ന് ലെജിസ്ളേറ്റീവ് അസംബ്ളിയുടെ കമ്മിറ്റി റൂമില്‍വച്ച് നടന്ന കൊച്ചിന്‍ ഹാര്‍ബര്‍ കോണ്‍ഫറന്‍സില്‍ ഒരു സബ്കമ്മിറ്റി രൂപവത്കരിക്കാന്‍ തീരുമാനമുണ്ടായി. സര്‍ ജെയിംസ് ഗ്രിഗ്ഗ് (ഇന്ത്യാഗവണ്‍മെന്റിന്റെ ധനകാര്യ മെംബര്‍), സര്‍ അലന്‍ പാഴ്സണ്‍സ് (ധനകാര്യ സെക്രട്ടറി), സര്‍ തേജ് ബഹാദൂര്‍ സപ്രു, സര്‍ സി.പി. രാമസ്വാമി അയ്യര്‍, സി.ജി. ഹെര്‍ബര്‍ട് (കൊച്ചി ദിവാന്‍) എന്നിവരടങ്ങിയ ഈ സമിതി ഗവണ്‍മെന്റുകളുടെയും മറ്റു കക്ഷികളുടെയും താത്പര്യങ്ങളും മറ്റും സശ്രദ്ധം പരിശോധിച്ചു. ഇതിനിടയ്ക്ക് ലോര്‍ഡ് വെല്ലിങ്ടണ്‍ ഇന്ത്യന്‍ വൈസ്രോയിയായി തിരിച്ചുവന്നിരുന്നു. 1935-ല്‍ നാലാംഘട്ടത്തെ സംബന്ധിച്ച തീരുമാനമുണ്ടായി.

1931 ഏ. 15-ന് കൊച്ചി തുറമുഖത്തുനിന്നു യാത്രക്കാരെ കയറ്റി ബാര്‍ബാറിഗോ എന്ന കപ്പല്‍ (6000 എച്ച്.പി.; 13.5 നോട്ട് സ്പീഡ്) യാത്ര തിരിച്ചു. 1932-ല്‍ സിറ്റി ഒഫ് പൂന, സിറ്റി ഒഫ് ഹാര്‍വാര്‍ഡ് എന്നീ പാസഞ്ചര്‍ കപ്പലുകളും കൊച്ചിയില്‍നിന്നു പോയി. 1933-ല്‍ 'ഹാരിസണ്‍സ് ആന്‍ഡ് ക്രോസ്ഫീല്‍ഡ്' പാസഞ്ചര്‍ ഗതാഗതത്തിന് വേണ്ട ഒത്താശകള്‍ നല്കി. 1935 മാ. 9-ന് യാത്രക്കാരുടെ സൗകര്യാര്‍ഥം വില്ലിങ്ടണ്‍ ഐലന്‍ഡ് ഹോട്ടല്‍ (ഇപ്പോഴത്തെ മലബാര്‍ ഹോട്ടല്‍) ഉദ്ഘാടനം ചെയ്യപ്പെട്ടു. 1936 ആഗ. 12-ന് എറണാകുളം ഫോര്‍ഷോറിന് ശിലാസ്ഥാപനം നടത്തിക്കൊണ്ട് കൊച്ചിരാജാവ് നാലാംഘട്ടത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. 1939-ല്‍ 90,000 പൌണ്ട് സ്റ്റെര്‍ലിങ് ചെലവഴിച്ച് ഇത് പൂര്‍ത്തിയാക്കി. 1941 മാ. 13-ന് ബ്രിസ്റ്റോ കൊച്ചിയോടു വിടപറഞ്ഞു.

ബ്രിസ്റ്റോയുടെ കീഴ്ജീവനക്കാരനായ എ.ഡബ്ള്യു. മില്‍നെ ആയിരുന്നു ചീഫ് എക്സിക്യൂട്ടിവ് (മാ. 1941 - ജൂ. 1948). തുടര്‍ന്ന് കെ.ഡബ്ള്യു.പി. മാരാര്‍, വി. ശ്രീനിവാസന്‍, ജി. വെങ്കിടേശ്വരയ്യര്‍, എം.എസ്. വെങ്കടരാമന്‍, പി.ആര്‍. സുബ്രഹ്മണ്യന്‍,. കെ.പി.കെ.മേനോന്‍, പി.എസ്. പദ്മനാഭന്‍, എ.കെ.കെ. നമ്പ്യാര്‍, യു. മഹാബലറാമു, ടി.എന്‍.ജയചന്ദ്രന്‍, ഡി. ബാബുപോള്‍ എന്നിവര്‍ കൊച്ചി തുറമുഖത്തിന്റെ മേധാവികളായി വിവിധഘട്ടങ്ങളില്‍ പ്രവര്‍ത്തിച്ചു.

1936 ആഗ. 1-ന് മേജര്‍ പോര്‍ട്ട് ട്രസ്റ്റ്സ് ആക്റ്റിലെ വ്യവസ്ഥകളനുസരിച്ച് കൊച്ചി തുറമുഖഭരണം ഇന്ത്യാഗവണ്‍മെന്റ് ഏറ്റെടുത്തു. 1939 ജൂണ്‍ 2-ന് സമുദ്രയാനമായ 'ബ്രൌണ്‍ ഫെല്‍സ്' മട്ടാഞ്ചേരി വാര്‍ഫില്‍ നങ്കൂരമിട്ടു; 1948 സെപ്. 13-ന് എസ്.എസ്. ഭരത്കുമാര്‍ എന്ന കപ്പലും. സൗത്ത് കോള്‍ ബര്‍ത്തില്‍ ആദ്യമായി നങ്കൂരമിട്ട കപ്പല്‍ എസ്.എസ്. ജയബ്രഹ്മ ആണ്. 1955 ഡി. 31-ന് നോര്‍ത്ത് ടാങ്കര്‍ ജട്ടി കമ്മിഷന്‍ ചെയ്യപ്പെട്ടു. 1956 ഫെ. 6-ന് സൗത്ത് ടാങ്കര്‍ ജട്ടിയില്‍ എസ്.എസ്. ബ്രിട്ടീഷ് ഫോര്‍ച്ച്യുണ്‍ നങ്കൂരമിട്ടു. നോര്‍ത്ത് കോള്‍ ബര്‍ത്ത് കമ്മിഷന്‍ ചെയ്യപ്പെട്ടത് 1959 ന. 11-ന് ആണ്.

1964 ഫെ. 24-ന് 'കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്' രൂപംകൊണ്ടു. ആദ്യത്തെ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ പി.ആര്‍. സുബ്രഹ്മണ്യന്‍ ആയിരുന്നു. ഈ വര്‍ഷം മേയ് 19-ന് എറണാകുളം വാര്‍ഫ് കമ്മിഷന്‍ ചെയ്യപ്പെട്ടു. പാലെറ്റൈസേഷന്‍ ലോഡിങ് ഏര്‍പ്പെടുത്തിയത് 1966-ലായിരുന്നു. 1969 ഡി. 13-ന് രാസവളങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഓപ്പണ്‍ ബര്‍ത് (Q.9) കമ്മിഷന്‍ ചെയ്തു. ഇന്ത്യന്‍ തുറമുഖങ്ങളില്‍ ആദ്യമായി കണ്ടെയ്നര്‍ വെസ്സല്‍ എത്തിയത് കൊച്ചിയിലായിരുന്നു (1973 ന. 27 പ്രസിഡന്റ് ടൈലര്‍). തുറമുഖത്തെത്തിയ (1978 മാ. 13) ആദ്യത്തെ 'റോറോഷിപ്പ്' എസ്.എസ്. ഗാഗിന്‍ ആയിരുന്നു. 1978 സെപ്. 7-ന് മത്സ്യവാണിജ്യവികസനം ലക്ഷ്യമാക്കി കൊച്ചിന്‍ ഫിഷറീസ് ഹാര്‍ബര്‍ ഒന്നാം ഘട്ടം കമ്മിഷന്‍ ചെയ്യപ്പെട്ടു. കണ്ടെയ്നര്‍ ഫ്രെയിറ്റ് സ്റ്റേഷന്‍ സമാരംഭിച്ചത് 1979 ഏ. 27-ന് ആയിരുന്നു. 1984 ജനു. 12-ന് കൊച്ചിന്‍ ഓയില്‍ ടെര്‍മിനല്‍ കമ്മിഷന്‍ ചെയ്യപ്പെട്ടു. 2011-ല്‍ കൊച്ചിന്‍ കണ്ടെയ്നര്‍ ടെര്‍മിനലും കമ്മിഷന്‍ ചെയ്യപ്പെട്ടു.

ഇപ്പോള്‍ പ്രതിവര്‍ഷം ആയിരത്തോളം കപ്പലുകള്‍ കൊച്ചി തുറമുഖത്തെത്താറുണ്ട്. ഇന്ന് 'റോബര്‍ട്ട് ലീ', 'ഐ.എന്‍.എസ്.', 'വിക്രാന്ത്' തുടങ്ങിയ കൂറ്റന്‍ കപ്പലുകള്‍ക്ക് നങ്കൂരമിട്ടുകിടക്കാനുള്ള സൗകര്യം കൊച്ചി തുറമുഖത്തുണ്ട്. പൂര്‍ണവളര്‍ച്ച പ്രാപിച്ച കൊച്ചി തുറമുഖത്തിന് ഒരേ സമയം 26 കപ്പലുകളെ ഉള്‍ക്കൊള്ളാന്‍ കഴിയും. കൊച്ചിന്‍ ഓയില്‍ ടെര്‍മിനലില്‍ 1,15,000 ഉണഠ (ഡ്രാഫ്റ്റ് 10.7 മീ.) വരെയുള്ള കപ്പലുകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ട്. എറണാകുളം വാര്‍ഫിലെ ഫെര്‍ട്ടിലൈസര്‍ ബര്‍ത്തി(Q.10)ന് 60,000 ടണ്‍ ചരക്കു കയറ്റുന്ന കപ്പലുകള്‍ സ്വീകരിക്കാനുള്ള ശേഷിയുണ്ട്. ഫോര്‍ക്ക് ലിഫ്റ്റുകളുടെ സ്ഥാനത്ത് ഇപ്പോള്‍ അത്യാധുനിക സജ്ജീകരണങ്ങളാണ് (സ്പ്രെഡേഴ്സ്, ട്രാന്‍സ്റ്റെയിനേഴ്സ്) ഉള്ളത്. കംപ്യൂട്ടര്‍ ഉപയോഗിച്ചുള്ള കയറ്റിറക്കു സംവിധാനങ്ങളും ഇപ്പോള്‍ പ്രാബല്യത്തിലുണ്ട്. വികസിതമായ കൊച്ചി തുറമുഖമില്ലായിരുന്നുവെങ്കില്‍ ഉദ്യോഗമണ്ഡലിലെയും മറ്റും വ്യവസായങ്ങളും കൊച്ചിയിലെ എണ്ണശുദ്ധീകരണശാലയും കപ്പല്‍ നിര്‍മാണശാലയും വെറും സ്വപ്നമായി അവശേഷിക്കുമായിരുന്നു.

ചരക്കു ഗതാഗതത്തിന്റെ കാര്യത്തില്‍ അദ്ഭുതം സൃഷ്ടിക്കാന്‍ കൊച്ചി തുറമുഖത്തിന് കഴിഞ്ഞിട്ടുണ്ട്. 1940-41-ല്‍ കൊച്ചി തുറമുഖത്തു കയറ്റിറക്കു നടത്തിയത് 7.91 ലക്ഷം ടണ്‍ മാത്രമായിരുന്നു. ഇന്ന് അത് 144.68 ലക്ഷം മെട്രിക് ടണായി വര്‍ധിച്ചിട്ടുണ്ട്.

കൊച്ചി തുറമുഖം വഴി 2009-10 ല്‍ 174.29 ലക്ഷം മെട്രിക് ടണ്‍ ചരക്ക് കൈകാര്യം ചെയ്തു. അത് 2010-11 ആയപ്പോള്‍ 178.72 ലക്ഷം മെട്രിക് ടണ്ണായി ഉയര്‍ന്നു. ഇത് 2.54 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. ഇതില്‍ കയറ്റുമതി 34.04 ലക്ഷം മെട്രിക് ടണ്ണും ഇറക്കുമതി 144.68 ലക്ഷം മെട്രിക് ടണ്ണുമായിരുന്നു. (പട്ടിക-1)

തേയില, കശുവണ്ടിപ്പരിപ്പ്, സമുദ്രോത്പന്നങ്ങള്‍, കയറുത്പന്നങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയാണ് കൊച്ചി തുറമുഖം വഴിയുള്ള പ്രധാനപ്പെട്ട കയറ്റുമതി വിഭവങ്ങള്‍. 2010-11 ലെ മൊത്തം കയറ്റുമതിയില്‍ 3.27 ശ.മാ. തേയിലയും 1.89 ശ.മാ. കശുവണ്ടിപ്പരിപ്പും 4.98 ശ.മാ. സമുദ്രോത്പന്നങ്ങളും 3.87 ശ.മാ. കയറുത്പന്നങ്ങളും 2.38 ശ.മാ. സുഗന്ധദ്രവ്യങ്ങളും 2.49 ശ.മാ. കാപ്പിയും പെട്രോളിയം ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ മറ്റുള്ളവ 81.14 ശതമാനവുമായിരുന്നു.

2011-ല്‍ കൊച്ചി തുറമുഖം വഴിയുള്ള കയറ്റുമതി തൊട്ടുമുന്‍ വര്‍ഷത്തെ 35.96 ലക്ഷം മെട്രിക് ടണ്ണില്‍ നിന്നും കുറവായി 34.04 ലക്ഷം മെട്രിക് ടണ്ണായിരുന്നു. അളവില്‍ 2.54 ശതമാനത്തിന്റെയും മൂല്യത്തില്‍ 17.6 ശതമാനത്തിന്റെയും വര്‍ധന 2010-11 വര്‍ഷത്തില്‍ കാണാന്‍ കഴിയും. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ തേയില, കയറുത്പന്നങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ ഒഴികെയുള്ളവയുടെ കയറ്റുമതിയില്‍ വര്‍ധന കാണാം. 2010-11 ല്‍ കശുവണ്ടിപ്പരിപ്പിന്റെ കയറ്റുമതിയില്‍ 18.40 ശതമാനവും കാപ്പിയില്‍ 175.4 ശതമാനവും സമുദ്രോത്പന്നങ്ങളില്‍ 22.67 ശതമാനവും വര്‍ധന ഉണ്ടായപ്പോള്‍ തേയിലയുടെ കയറ്റുമതിയില്‍ 3.1 ശതമാനത്തിന്റെയും കയറുത്പന്നങ്ങളുടേതില്‍ 25.58 ശതമാനത്തിന്റെയും സുഗന്ധദ്രവ്യങ്ങളുടേതില്‍ 0.9 ശതമാനത്തിന്റെയും കുറവുണ്ടായി.

കൊച്ചി തുറമുഖം വഴിയുള്ള ഇറക്കുമതി 2009-10-ലെ 138.33 ലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് 4.59 ശതമാനം വര്‍ധിച്ച് 2010-11 ആയപ്പോള്‍ 144.68 ലക്ഷം മെട്രിക് ടണ്ണായി. വളം, അസംസ്കൃത വസ്തുക്കള്‍, ഭക്ഷ്യധാന്യങ്ങള്‍, ഇരുമ്പ്, ഉരുക്ക്, യന്ത്രസാമഗ്രികള്‍, ന്യൂസ്പ്രിന്റ്, അസംസ്കൃത കശുവണ്ടി എന്നിവയാണ് പ്രധാനപ്പെട്ട ഇറക്കുമതി വിഭവങ്ങള്‍. 2010-11-ല്‍ വളത്തിന്റെയും അസംസ്കൃത വസ്തുക്കളുടെയും ഇറക്കുമതിയില്‍ 0.30 ശതമാനം കുറവുണ്ടായി. ഇരുമ്പ്, ഉരുക്ക്, യന്ത്രസാമഗ്രികള്‍ എന്നിവയുടെ ഇറക്കുമതിയില്‍ 2010-11 കാലത്ത് 82.49 ശതമാനം ഉയര്‍ന്ന വളര്‍ച്ചാനിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വളങ്ങള്‍, അസംസ്കൃത സാധനങ്ങള്‍ എന്നിവ ഒഴികെ മറ്റ് എല്ലാ സാധനങ്ങളുടെയും ഇറക്കുമതിയില്‍ വര്‍ധനയാണ് 2010-11 കാലത്ത് കണ്ടത്. ഇതേ വര്‍ഷം മൊത്തം ഇറക്കുമതിയില്‍ വളങ്ങളും അസംസ്കൃത സാധനങ്ങളും 4.28 ശതമാനവും ഭക്ഷ്യധാന്യങ്ങള്‍ 0.06 ശതമാനവും ഇരുമ്പ്, ഉരുക്ക്, യന്ത്രസാമഗ്രികള്‍ 1.41 ശതമാനവും ന്യൂസ്പ്രിന്റ് 8.28 ശതമാനവും കശുവണ്ടി 2.19 ശതമാനവും പെട്രോളിയം ഉത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റുള്ളവ 91.22 ശതമാനവുമാണ്.

കൊച്ചി തുറമുഖം കൈകാര്യം ചെയ്ത ചരക്കുഗതാഗതം. കൊച്ചി തുറമുഖം വഴിയുള്ള കയറ്റുമതി (തീരദേശവും വിദേശവും) കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്ന 35.96 ലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് 5.34 ശതമാനം കുറഞ്ഞ് 2010-11 ല്‍ 34.04 ലക്ഷം മെട്രിക് ടണ്ണായി. അതേ സമയം ഇറക്കുമതി കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് 4.59 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2009-10 ല്‍ 12.83 ലക്ഷം മെട്രിക് ടണ്ണായിരുന്ന തീരദേശ കയറ്റുമതി കുറഞ്ഞ് 2010-11 ല്‍ 12.04 ലക്ഷം മെട്രിക് ടണ്ണായി. വിദേശ കയറ്റുമതി 2009-10 ലെ 23.13 ലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് 2010-11 ല്‍ 22 ലക്ഷം മെട്രിക് ടണ്ണായി കുറഞ്ഞു. തീരദേശ-വിദേശ ഇറക്കുമതി 2010-11 ല്‍ യഥാക്രമം 13.04 ശതമാനവും 0.83 ശതമാനവും കണ്ട് ഉയര്‍ന്നു. (പട്ടിക 2)

കഴിഞ്ഞ ദശകത്തിലെ ചരക്കുഗതാഗതത്തില്‍ പ്രധാന പങ്കുവഹിച്ചത് കണ്ടെയ്നര്‍ കാര്‍ഗോകളാണ്. ആയിരത്തി തൊള്ളായിരത്തി അമ്പതുകളില്‍ യു.എസ്സിന്റെ കിഴക്കന്‍ തീരവും പ്യുര്‍ട്ടോ റിക്കോയും തമ്മിലും യു.എസ്സിന്റെ പടിഞ്ഞാറന്‍ തീരവും ഹാവായും തമ്മിലും പിന്നീട് ആസ്റ്റ്രേലിയയും ടാസ്മേനിയയും തമ്മിലുള്ള ഗതാഗതത്തില്‍ കണ്ടെയ്നര്‍ സര്‍വീസ് വന്‍തോതില്‍ വികസിച്ചു. എണ്ണ, കല്‍ക്കരി, ഭക്ഷ്യധാന്യങ്ങള്‍, വളം എന്നിവയുടെ യന്ത്രവത്കൃതമായ കയറ്റിറക്ക് ഗതാഗതച്ചെലവ് വളരെയേറെ കുറച്ചിട്ടുണ്ട്. ഇന്ന് കണ്ടെയ്നറൈസേഷന്‍ സാര്‍വത്രികമായിത്തീര്‍ന്നിട്ടുണ്ട്. കണ്ടെയ്നര്‍ കൈകാര്യം ചെയ്ത ആദ്യത്തെ ഇന്ത്യന്‍ തുറമുഖം എന്ന പ്രശസ്തി കൊച്ചിക്കാണ്. കൊച്ചി തുറമുഖത്തെ അന്താരാഷ്ട്രനിലവാരത്തിലുയര്‍ത്തത്തക്കവണ്ണം ആധുനികീകരിക്കാനുള്ള വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനല്‍ 2011 ഫെ. 11-ന് നിലവില്‍ വന്നു.

ചെയര്‍മാന്‍, ഡെപ്യൂട്ടി ചെയര്‍മാന്‍ എന്നിവരും കേരളാ ഗവണ്‍മെന്റ്, ഡിപ്പാര്‍ട്ട്മെന്റ് ഒഫ് സര്‍ഫസ് ട്രാന്‍സ്പോര്‍ട്ട്, കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റ്, ഡിഫന്‍സ് സര്‍വീസ്, ഇന്ത്യന്‍ റെയില്‍വേ, മറൈന്‍ പ്രോഡക്റ്റ്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റി, ഇന്ത്യന്‍ നാഷണല്‍ ഷിപ്പ് ഓണേഴ്സ് അസോസിയേഷന്‍, കൊച്ചിന്‍ ചേംബര്‍ ഒഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി, കൊച്ചിന്‍ റിഫൈനറീസ് ലിമിറ്റഡ് എന്നിവയുടെ ഓരോ പ്രതിനിധിയും, പോര്‍ട്ട് തൊഴിലാളികളെ പ്രതിനിധാനം ചെയ്യുന്ന രണ്ടുപേരും ഉള്‍പ്പെടെ 13 പേര്‍ അടങ്ങുന്നതാണ് പോര്‍ട്ട് ട്രസ്റ്റിന്റെ ബോര്‍ഡ് ഒഫ് ട്രസ്റ്റീസ്.

കൊച്ചി തുറമുഖത്തെ ആദ്യത്തെ തൊഴിലാളിയൂണിയന്‍ 1942 ആഗ. 5-ന് ആരംഭിച്ച കൊച്ചിന്‍ ഹാര്‍ബര്‍ വര്‍ക്കേഴ്സ് യൂണിയനാണ്. ഇതിന്റെ പ്രസിഡന്റ് പനമ്പിള്ളി ഗോവിന്ദമേനോന്‍ ആയിരുന്നു. ഇന്ന് ഒട്ടനവധി തൊഴിലാളിയൂണിയനുകളുണ്ട്.

വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനല്‍ ഇന്ത്യയിലെ ആദ്യത്തെ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനലാണ് വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനല്‍. ഇത് കേരളത്തില്‍ എറണാകുളം ജില്ലയിലെ മുളവുകാട് ഗ്രാമപഞ്ചായത്തിലെ വല്ലാര്‍പാടത്താണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും ഉയര്‍ന്ന നിക്ഷേപമുള്ള പദ്ധതിയുമാണിത്. 3,200 കോടി രൂപയാണ് ഇതിന്റെ നിര്‍മാണച്ചെലവ്. കൊച്ചി തുറമുഖ ട്രസ്റ്റിന്റെ നേതൃത്വത്തിലും, സ്വകാര്യ പങ്കാളിത്തത്തിലുമാണ് ഈ പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്. ദുബായ് പോര്‍ട്സ് വേള്‍ഡാണ് ഇതിന്റെ നടത്തിപ്പുകാര്‍. 30 വര്‍ഷത്തേക്കാണ് ഇവരുമായുള്ള കരാര്‍. ആദ്യഘട്ടത്തില്‍ 10 ലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി ഈ ടെര്‍മിനലിനുണ്ട്. ഈ ടെര്‍മിനലിന്റെ പ്രവര്‍ത്തനാരംഭത്തോടെ നിലവിലുള്ള രാജീവ് ഗാന്ധി കണ്ടെയ്നര്‍ ടെര്‍മിനലിലെ പ്രവര്‍ത്തനസംവിധാനങ്ങള്‍ ഇവിടേക്ക് മാറ്റി സ്ഥാപിക്കും.

വല്ലാര്‍പാടത്തോടു ചേര്‍ന്നുള്ള രാമന്‍തുരുത്ത്, ഡയമണ്ട് കട്ട് തുടങ്ങി പല ചെറു ദ്വീപുകള്‍ ചേര്‍ത്ത് 115 ഹെക്ടറിലാണ് ടെര്‍മിനലിന്റെ വികസനം. മൂന്നു ഘട്ടങ്ങളായാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുക. ഇതില്‍ വല്ലാര്‍പാടം പ്രദേശത്ത് 49 ഹെക്ടറിലാണ് ടെര്‍മിനലിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്. ഇതില്‍ 605 മീറ്റര്‍ നീളമുള്ള വാര്‍ഫ് ഉപയോഗിച്ച് 10 ലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യുകയാണ് പദ്ധതിയുടെ ആദ്യലക്ഷ്യം. തുടര്‍ന്നുള്ള മൂന്നു ഘട്ടങ്ങളില്‍ 15 ലക്ഷം, 30 ലക്ഷം കണ്ടെയ്നറുകള്‍ എന്ന ലക്ഷ്യം കൈവരിക്കും.

ടെര്‍മിനല്‍ പ്രദേശത്തേക്കുള്ള 18.2 കി.മീ. ദൂരമുള്ള ദേശീയ പാതയ്ക്ക് കേന്ദ്രസര്‍ക്കാര്‍ 872 കോടി രൂപ മുടക്കിയാണ് നിര്‍മിച്ചിരിക്കുന്നത്. 2012-ല്‍ ഈ പാത നാലുവരിയാക്കി ഉയര്‍ത്തും. ഈ പാതയെ കളമശ്ശേരിയിലൂടെ കടന്നു പോകുന്ന ദേശീയപാത 544-മായി ബന്ധിപ്പിച്ചിരിക്കുന്നു.

ടെര്‍മിനല്‍ പ്രദേശത്തേക്കുള്ള റെയില്‍പ്പാതയ്ക്ക് 364 കോടി രൂപയാണ് നിര്‍മാണച്ചെലവ്. ഈ പാതയുടെ നീളം 8.86 കിലോമീറ്ററാണ്. ഈ പാതയില്‍ 4.62 കി.മീ. ദൂരം വേമ്പനാട് പാലമാണ്.

കപ്പലുകളെ ടെര്‍മിനലില്‍ എത്തിക്കുവാനായി ഡ്രെഡ്ജിങ്ങിന് 381.25 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ മുടക്കിയിരിക്കുന്നത്. ഇതുപ്രകാരം തുറമുഖത്തെ ഇന്നര്‍, ഔട്ടര്‍ ചാനലുകളുടെ ആഴം വര്‍ധിപ്പിക്കല്‍ 2010 ഏ. 30-ന് പൂര്‍ത്തീകരിച്ചു.

2011 ഫെ. 11 ന് രാവിലെ 10 മണിക്ക് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് വല്ലാര്‍പാടം ടെര്‍മിനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ടെര്‍മിനലും വെല്ലിങ്ടണ്‍ ദ്വീപും തമ്മില്‍ ബന്ധിപ്പിച്ച് ഒരു കണ്ടെയ്നര്‍ റോറോ സര്‍വീസ് നിലവിലുണ്ട്. ഇതുവഴി കണ്ടെയ്നറുമായി വരുന്ന ട്രക്കുകള്‍ക്ക് ഐലന്‍ഡില്‍ നിന്നും വല്ലാര്‍പാടത്തേക്കും തിരിച്ചും റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി പോകാന്‍ കഴിയും. ഇതിനായി ഐലന്‍ഡിലും ബോള്‍ഗാട്ടിയിലും രണ്ട് ജെട്ടികള്‍ പണിതിട്ടുണ്ട്. ലോട്സ് ഷിപ്പിങ് കമ്പനിക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല. ലോട്സ് ബ്രിഡ്ജ് എന്നാണ് ഈ ബാര്‍ജ്ജ് സര്‍വീസിന്റെ പേര്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍