This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെനിയാത്ത, ജോമോ (1894 - 1978)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==കെനിയാത്ത, ജോമോ (1894 - 1978)== ==Kenyatta, Jomo== [[ചിത്രം:The_former_Kenyan_President_and_founder_of_Kenya,_Jomo_Kenyatta....)
അടുത്ത വ്യത്യാസം →

17:01, 19 ജൂണ്‍ 2015-നു നിലവിലുണ്ടായിരുന്ന രൂപം

കെനിയാത്ത, ജോമോ (1894 - 1978)

Kenyatta, Jomo

കെനിയാത്ത ജോമോ

സ്വതന്ത്ര കെനിയയുടെ ആദ്യത്തെ പ്രസിഡന്റും പ്രധാനമന്ത്രിയും. കിഴക്കന്‍ ആഫ്രിക്കയിലെ നൈറോബിയില്‍ 1899-ല്‍ ജനിച്ചു. യൂറോപ്യന്മാരുടെ സാമീപ്യം കെനിയാത്തയ്ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിക്കാന്‍ അവസരം സൃഷ്ടിച്ചു. ചര്‍ച്ച് ഒഫ് സ്കോര്‍ട്ട്ലന്‍ഡ് സ്കൂളില്‍ നിന്നാണ് ഇദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ആഫ്രിക്കന്‍ ദേശീയതയോട് വൈകാരികമായ ബന്ധം പുലര്‍ത്തിയിരുന്ന കെനിയാത്ത 1928-ല്‍ കിക്കുയു സെന്‍ട്രല്‍ അസോസിയേഷന്റെ പ്രസിഡന്റായി. വെള്ളക്കാരുടെ ഭരണത്തില്‍ നിന്നും ആഫ്രിക്കന്‍ വംശജരെ മോചിപ്പിക്കുന്നതിനു വേണ്ടി ലണ്ടനില്‍ നടന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുവാന്‍ കിക്കുയുക്കാര്‍ കെനിയാത്തയെയാണ് നിയോഗിച്ചത്. ലണ്ടന്‍ സന്ദര്‍ശനത്തിനുശേഷം (1929) ഇദ്ദേഹം, മോസ്കോയും സന്ദര്‍ശിച്ചു. 1930 ജൂലായില്‍ ഹാംബര്‍ഗിലെ ഇന്റര്‍നാഷണല്‍ നീഗ്രോ വര്‍ക്കേഴ്സ് കോണ്‍ഫറന്‍സിലും പങ്കെടുത്തു. തുടര്‍ന്ന് കുറേക്കാലം കൂടി വിദേശത്തായിരുന്ന കെനിയാത്ത 1936-ല്‍ ലണ്ടന്‍ സ്കൂള്‍ ഒഫ് ഇക്കണോമിക്സില്‍ നരവംശ ശാസ്ത്ര പഠനത്തിനു ചേരുകയും അവിടെ വച്ച് ഫെയ്സിങ് മൗണ്ട് കെനിയ (Facing Mount Kenya) എന്ന നരവംശശാസ്ത്രപഠനം ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

രണ്ടാം ലോക യുദ്ധക്കാലത്ത് ലണ്ടനിലായിരുന്ന ഇദ്ദേഹം തൊഴിലാളി പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. വിദേശത്തായിരിക്കെ ആഫ്രിക്കന്‍ നിയമ നിര്‍മാണ സഭകളില്‍ തദ്ദേശവാസികള്‍ക്കു പ്രാതിനിധ്യം ലഭിക്കുന്നതിനും അവരുടെ പരമ്പരാഗതമായ കീഴ്വഴക്കങ്ങളില്‍ വിദേശികള്‍ ഇടപെടാതിരിക്കുന്നതിനും കിക്കുയുക്കാര്‍ക്ക് അനുകൂലമായി ഭൂവിനിമയം ചെയ്യുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളില്‍ ഇദ്ദേഹം ഏര്‍പ്പെട്ടിരുന്നു. ആഫ്രിക്കക്കാരുടേതായ ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിനു വേണ്ടി ഇദ്ദേഹം അനവരതം പോരാടി.

ലോകയുദ്ധാനന്തരം ആഫ്രിക്കയെ വിദേശാധിപത്യത്തില്‍ നിന്നും മോചിപ്പിക്കാന്‍ വേണ്ടിയുള്ള ദേശീയ വിമോചന പ്രസ്ഥാനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ കെനിയാത്ത ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രാരംഭ പരിപാടിയായി 1945 ഒക്ടോബറില്‍ പാന്‍-ആഫ്രിക്കന്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഇദ്ദേഹം 1946-ല്‍ കെനിയന്‍ ആഫ്രിക്കന്‍ യൂണിയനുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയും 1947 മുതല്‍ 1952 വരെ അതിന്റെ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയും ചെയ്തു. യൂറോപ്യന്‍ ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു സമാന്തരമായി സ്ഥാപിക്കപ്പെട്ട കെനിയന്‍-ആഫ്രിക്കന്‍ ടീച്ചേഴ്സ് കോളജ് കേന്ദ്രമാക്കി ഒരു ബഹുജന രാഷ്ട്രീയ പാര്‍ട്ടിക്കു രൂപം നല്‍കാന്‍ കഴിഞ്ഞത് കെനിയാത്തയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വിജയമായിരുന്നു. 1952 ആയപ്പോഴേക്കും കെനിയന്‍ വിമോചനവുമായി ബന്ധപ്പെട്ടു മൗ മൗ കലാപം പൊട്ടിപ്പുറപ്പെടുകയും ഒക്ടോബര്‍ 21-ന് ഇദ്ദേഹം അറസ്റ്റു ചെയ്യപ്പെടുകയും ചെയ്തു. ലോകവ്യാപകമായി ശ്രദ്ധ ആകര്‍ഷിച്ച വിചാരണയുടെ അന്ത്യത്തില്‍ കോടതി ഇദ്ദേഹത്തെ ഏഴു വര്‍ഷത്തെ തടവിനു ശിക്ഷിക്കുകയുണ്ടായി. 1961 ആഗസ്റ്റിലാണ് ഇദ്ദേഹം ജയില്‍മോചിതനായത്. സ്വതന്ത്ര കെനിയന്‍ ഭരണഘടന രൂപപ്പെടുത്തുന്നതിനുവേണ്ടി 1962-ല്‍ ലണ്ടനില്‍ നടന്ന കോണ്‍ഫറന്‍സില്‍ ഇദ്ദേഹം പങ്കെടുത്തു. തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ കെനിയ-ആഫ്രിക്കന്‍ യൂണിയന്‍ ഭൂരിപക്ഷം നേടിയതോടുകൂടി 1963 ജൂണ്‍ 1-ന് ഇദ്ദേഹം സ്വതന്ത്ര കെനിയയുടെ ആദ്യത്തെ പ്രധാനമന്ത്രിയായി. ഒരു വര്‍ഷത്തിനു ശേഷം 1964-ല്‍ കെനിയ ഒരു ഏക കക്ഷി റിപ്പബ്ളിക്കായതിനെത്തുടര്‍ന്ന് പ്രസിഡന്റായ കെനിയാത്ത തന്റെ രാഷ്ട്രത്തെ ആഫ്രിക്കയിലെ സാമ്പത്തികാഭിവൃദ്ധിയുള്ള രാജ്യങ്ങളില്‍ ഒന്നായി വികസിപ്പിക്കുന്നതിന് നേതൃത്വം നല്‍കി. ചേരിചേരാ നയത്തിന്റെ വക്താക്കളില്‍ ഒരാളായിരുന്ന ഇദ്ദേഹം 1966-ലെ റൊഡേഷ്യന്‍ സംഭവത്തില്‍ സൗമ്യമായ നിലപാടാണ് സ്വീകരിച്ചത്; പല അന്താരാഷ്ട്ര പ്രശ്നങ്ങളിലും പാശ്ചാത്യ രാഷ്ട്രങ്ങള്‍ക്കനുകൂലമായ നിലപാടും സ്വീകരിക്കുകയുണ്ടായി. പ്രസിഡന്റായിരിക്കെ 1978 ആഗ. 22-ന് കെനിയയിലെ മൊംബസായില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍