This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണന്‍, രാമനാഥന്‍ (1937 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==കൃഷ്ണന്‍, രാമനാഥന്‍ (1937 - )== [[ചിത്രം:Krishan_Ramanathan.png‎|150px|thumb|right|രാമനാഥന്‍ ക...)
അടുത്ത വ്യത്യാസം →

16:11, 18 ജൂണ്‍ 2015-നു നിലവിലുണ്ടായിരുന്ന രൂപം

കൃഷ്ണന്‍, രാമനാഥന്‍ (1937 - )

രാമനാഥന്‍ കൃഷ്ണന്‍

ഇന്ത്യന്‍ ടെന്നീസ് താരം. തമിഴ്നാട്ടില്‍ 1937-ല്‍ ജനിച്ചു.പിതാവ് രാമനാഥന്റെ ശിക്ഷണത്തില്‍ നന്നേ ചെറുപ്പത്തില്‍ കളിച്ചു തുടങ്ങിയ ഇദ്ദേഹം 1953-ല്‍ ആസ്റ്റ്രേലിയയിലെ ജാക്ക് അര്‍ക്കിന്‍സ്റ്റാളിനെ തോല്പിച്ചു ദേശീയ ലാണ്‍ടെന്നീസ് ചാമ്പ്യന്‍ പദവി കരസ്ഥമാക്കി. അക്കൊല്ലം തന്നെ വിംബിള്‍ഡണില്‍ ആഷ്ലി കൂപ്പറെ പരാജയപ്പെടുത്തി ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പും നേടുകയുണ്ടായി. 17 വയസ്സു തികയുന്നതിനു മുമ്പാണ് കൃഷ്ണന്‍ ആദ്യം ദേശീയ ചാമ്പ്യനായത്. കൃഷ്ണന്റെ വിജയപാത പിന്തുടര്‍ന്ന മകന്‍ രമേശ് കൃഷ്ണന്‍ മാത്രമാണ് അച്ഛനെക്കാള്‍ കുറഞ്ഞപ്രായത്തില്‍ ഭാരതത്തിലെ ദേശീയചാമ്പ്യന്‍ പദവി നേടിയിട്ടുള്ളത്. ഏഴു പ്രാവശ്യം ആ ബഹുമതി നേടിയിട്ടുള്ള കൃഷ്ണന്‍, മൂന്നുപ്രാവശ്യം ഏഷ്യന്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പും സ്വായത്തമാക്കിയിട്ടുണ്ട്. വിംബിള്‍ഡണ്‍ മത്സരങ്ങളില്‍ പലപ്രാവശ്യം 'സീഡ്' ലഭിച്ചിട്ടുള്ള ഇദ്ദേഹം അഞ്ചുപ്രാവശ്യം ലോകത്തിലെ ഏറ്റവും നല്ല പത്തുകളിക്കാരുടെ പട്ടികയില്‍ സ്ഥാനം നേടി.

'കൃഷ്' എന്ന പേരില്‍ വിദേശങ്ങളില്‍ അറിയപ്പെടുന്ന ഇദ്ദേഹം 1959-ലെ ക്വീന്‍സ് ക്ലബ്ബ് ടൂര്‍ണമെന്റിലെ സെമിഫൈനലില്‍ അലക്സ് ഓള്‍മീഡയെയും ഫൈനലില്‍ നീല്‍ഫ്രേസറെയും തോല്പിച്ച് പ്രശസ്തമായ വിജയം കൈവരിച്ചു. എന്നാല്‍ ലോകത്തിലെ ഏറ്റവും പ്രസിദ്ധ ടെന്നീസ് ടൂര്‍ണമെന്റായ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ രണ്ടുപ്രാവശ്യമേ സെമിഫൈനലില്‍ പ്രവേശിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുള്ളൂ. ഇവയിലൊന്നില്‍ തന്നെ തോല്പിച്ച ഓള്‍മീഡയെ സ്വീഡനിലെ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ പരാജയപ്പെടുത്തിയ കൃഷ്ണന്‍ അമേരിക്കന്‍-ഹാര്‍ഡ്കോര്‍ട്ട് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിലെ സിംഗിള്‍സിലും ഡബിള്‍സിലും വിജയം നേടിയിട്ടുണ്ട്. 1960-ല്‍ ഇദ്ദേഹം ലോകത്തിലെ ഏറ്റവും നല്ല മൂന്നു കളിക്കാരില്‍ ഒരാള്‍ എന്ന പദവി നേടുകയുണ്ടായി.

നരേഷ്കുമാറാണ് കൃഷ്ണനെ തോല്പിച്ച ആദ്യത്തെ ഇന്ത്യന്‍ കളിക്കാരന്‍. ഇംഗ്ളണ്ടിലാണ് ഈ മത്സരം നടന്നത്. 1965-ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയിലെ ജയദീപ് മുഖര്‍ജിയും ഇദ്ദേഹത്തെ തോല്പിച്ചിട്ടുണ്ട്.

ഡേവിസ് കപ്പ് മത്സരത്തിന്റെ 'ചലഞ്ച് റൗണ്ടി'ല്‍ ഇന്ത്യയ്ക്കു പ്രവേശനം ലഭിച്ചത് പ്രധാനമായും കൃഷ്ണന്റെ ശ്രമഫലമായിട്ടായിരുന്നു. ഈ മത്സരത്തില്‍ ആസ്റ്റ്രേലിയ വിജയം നേടിയെങ്കിലും ഇദ്ദേഹവും ജയദീപ് മുക്കര്‍ജിയും ചേര്‍ന്ന് അന്നത്തെ അജയ്യരായ ഡബിള്‍സ് കളിക്കാരെന്ന് പേരുകേട്ട ന്യൂകോംബിനെയും ടോണി റോഷെയെയും പരാജയപ്പെടുത്തുകയുണ്ടായി. ഡേവിസ് കപ്പില്‍ കൃഷ്ണന്‍ റാഡ്ലാവറെയും തോല്പിച്ചിട്ടുണ്ട്. ലോകടെന്നീസ് ചാമ്പ്യന്‍ഷിപ്പിനുള്ള ഈ മത്സരത്തിലെ സിംഗിള്‍സില്‍ ഏറ്റവും കൂടുതല്‍ കളിച്ചിട്ടുള്ള ഏഷ്യന്‍ കളിക്കാരന്‍ കൃഷ്ണനാണ്; 49 മത്സരങ്ങളില്‍ ജയിക്കുകയും 20 എണ്ണത്തില്‍ തോല്ക്കുകയും ചെയ്തു. ഡബിള്‍സില്‍ വിജയത്തിന്റെയും തോല്വിയുടെയും എണ്ണം യഥാക്രമം 19-ഉം 9-ഉം ആണ്. കളിനിലവാരം, സൗഹൃദപൂര്‍ണമായ പെരുമാറ്റം എന്നിവയെ മുന്‍നിര്‍ത്തി കൃഷ്ണന് 'സീബ്രൈറ്റ് ട്രോഫി' സമ്മാനിക്കപ്പെട്ടിട്ടുണ്ട്.

(ശ്യാമളാലയം കൃഷ്ണന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍