This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അണ്‍റാ-ഐക്യരാഷ്ട്ര ദുരിതാശ്വാസ- പുനരധിവാസ സമിതി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: = അണ്‍റാ-ഐക്യരാഷ്ട്ര ദുരിതാശ്വാസ- പുനരധിവാസ സമിതി = United Nations Relief and Re...)
അടുത്ത വ്യത്യാസം →
Current revision as of 09:06, 14 ഏപ്രില്‍ 2015
അണ്‍റാ-ഐക്യരാഷ്ട്ര ദുരിതാശ്വാസ- പുനരധിവാസ സമിതി
United Nations Relief and Rehabilitation Administration
അന്താരാഷ്ട്രതലത്തില്‍ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ നിലനിന്നിരുന്ന ഒരു സ്ഥാപനം. 'യുണൈറ്റഡ്നേഷന്‍സ് റിലീഫ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ അഡ്മിനിസ്ട്രേഷന്‍' (United Nations Relief and Rehabilitation Administration) എന്നതിലെ ഇംഗ്ളീഷ് പദസമുച്ചയത്തിന്റെ ആദ്യക്ഷരങ്ങള്‍ സമാഹരിച്ച് പ്രസ്തുത സംഘടനയ്ക്ക് നല്കിയിട്ടുള്ള ചുരുക്കപ്പേരാണ് 'അണ്‍റാ'.
ഐക്യരാഷ്ട്രസംഘടനയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്രതലത്തില്‍ സാമൂഹ്യക്ഷേമപരിപാടികള്‍ നടപ്പാക്കുകയെന്ന ഉദ്ദേശ്യത്തോടെ 1943-ല്‍ ഈ സംഘടന സ്ഥാപിതമായി. അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്ളിന്‍ ഡി. റൂസ്‍വെല്‍റ്റിന്റെ അധ്യക്ഷതയില്‍, വാഷിംഗ്ടണില്‍, 1943 ന. 9-ന് നടന്ന ചടങ്ങില്‍ ഇതിന്റെ സ്ഥാപനപ്രമാണത്തില്‍ 44 രാഷ്ട്രങ്ങള്‍ ഒപ്പുവച്ചു. ഈ സംഘടന ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും പ്രാധാന്യം നല്കിയിരുന്നു. യുദ്ധം നിമിത്തമുണ്ടായ നാശനഷ്ടങ്ങള്‍കൊണ്ട്, ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് അത്യന്താപേക്ഷിതമായ ഇറക്കുമതികള്‍ നടത്താന്‍ സാമ്പത്തികക്ളേശം അനുഭവിച്ചിരുന്ന രാഷ്ട്രങ്ങളിലേക്കാണ് അണ്‍റാ ആദ്യമായി ശ്രദ്ധതിരിച്ചത്.
ആഹാരം, വസ്ത്രം, പാര്‍പ്പിടസൌകര്യങ്ങള്‍, മരുന്നുകള്‍ ഇവയുടെ വിതരണം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് അണ്‍റാ കൂടുതല്‍ ശ്രദ്ധിച്ചിരുന്നു. യുദ്ധക്കെടുതികൊണ്ട് നശിച്ചിരുന്ന രാഷ്ട്രങ്ങളുടെ സമ്പദ്ഘടന മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ സഹകരണം നല്കുന്നതിലും അണ്‍റാ ശ്രദ്ധിച്ചു. യുദ്ധംമൂലം അനാഥരായിത്തീര്‍ന്ന ജനങ്ങള്‍ക്ക് താത്കാലിക ക്യാമ്പുകളുണ്ടാക്കിയും പുനരധിവാസസൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയും അണ്‍റാ സഹായിച്ചിരുന്നു. 25 രാഷ്ട്രങ്ങളിലായി അണ്‍റാ ഏകദേശം 100 കോടി ജനങ്ങളുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതല വഹിച്ചു. 400 കോടി ഡോളര്‍ വിലവരുന്ന സാധനങ്ങള്‍ വിതരണം ചെയ്തു. സഹായം ലഭിച്ച രാഷ്ട്രങ്ങള്‍ ഏറ്റവും ചുരുങ്ങിയ കാലയളവില്‍ സ്വയം പര്യാപ്തമാകണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ടായിരുന്നു അണ്‍റായുടെ പ്രവര്‍ത്തനം. രണ്ടാം ലോകയുദ്ധത്തിന്റെ കെടുതികള്‍ക്ക് വിധേയമാകാത്ത രാഷ്ട്രങ്ങള്‍ 1943 ജൂണ്‍ 30-ന് അവസാനിക്കുന്ന സാമ്പത്തികവര്‍ഷത്തിലെ ദേശീയവരുമാനത്തിന്റെ ഒരു ശ.മാ. അണ്‍റായുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കണമെന്ന നിശ്ചയം അനുസരിച്ച് അമേരിക്ക 270 കോടി ഡോളറും ഇംഗ്ളണ്ട് 62.465 കോടി ഡോളറും കാനഡ 13.87 കോടി ഡോളറും സംഭാവന നല്കി.
1943 മുതല്‍ 1946 വരെ അണ്‍റായുടെ ഡയറക്ടര്‍ ജനറല്‍ ഹെര്‍ബര്‍ട് ലേമാന്‍ ആയിരുന്നു. ഫിയോറെല്ലാ എഛ്. ലെ ഗാര്‍ഡിയാ, ലെ വെല്‍ ഡബ്ള്യൂ. റൂക്സ് എന്നിവര്‍ പില്ക്കാലത്ത് ഡയറക്ടര്‍ ജനറല്‍മാരായി സേവനം അനുഷ്ഠിച്ചു. 1947 ജൂണ്‍ 30-ന് അണ്‍റായുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. അണ്‍റായുടെ പൂര്‍ണമാകാത്ത പ്രവര്‍ത്തനങ്ങള്‍ അതിനുശേഷം അന്താരാഷ്ട്ര-അഭയാര്‍ഥി സംഘടനയും അന്താരാഷ്ട്ര-ശിശുക്ഷേമനിധിയും ഏറ്റെടുത്തു നടത്തുവാന്‍ തുടങ്ങി. നോ: അന്താരാഷ്ട്ര അഭയാര്‍ഥി സംഘടന