This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അയോവ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =അയോവ= Iowa യു.എസ്സിന്റെ മധ്യപശ്ചിമഭാഗത്ത് മിസ്സിസ്സിപ്പി-മിസ്...)
അടുത്ത വ്യത്യാസം →
Current revision as of 09:04, 14 ഏപ്രില്‍ 2015
അയോവ
Iowa
യു.എസ്സിന്റെ മധ്യപശ്ചിമഭാഗത്ത് മിസ്സിസ്സിപ്പി-മിസ്സൗറി നദീതടത്തില്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനം. വിസ്തീര്‍ണം: 1,44,716 ച.കി.മീ.; ജനസംഖ്യ: 29,66,334 (2005). വ. മിനിസോട്ടയും കി. വിസ്കോണ്‍സിനും ഇല്ലിനോയിയും; തെ. മിസ്സൗറിയും പ. നെബ്രാസ്ക, ഡെക്കോട്ട എന്നിവയും ആണ് അയല്‍ സംസ്ഥാനങ്ങള്‍. പടിഞ്ഞാറെ അതിര്‍ത്തി നിര്‍ണയിക്കുന്നത് മിസ്സൗറിയും അതിന്റെ പോഷകനദിയായ ബിഗ്സിയൂക്സും ആണ്; കിഴക്കന്‍ അതിര്‍ത്തി മിസ്സിസ്സിപ്പി നദിയും. മിസ്സിസ്സിപ്പിയുടെ പോഷകനദികളായ ഡിമോയിന്‍സും (861 കി.മീ.) അയോവയും (563 കി.മീ.) ഈ സംസ്ഥാനത്തുകൂടി ഒഴുകുന്നു.
സവിശേഷമായ കാലാവസ്ഥയാണ് അയോവായിലേത്. ഗ്രീഷ്മകാലത്ത് അത്യുഷ്ണവും ശീതകാലത്ത് അതിശൈത്യവും അനുഭവപ്പെടുന്നു. ശീതകാലരാത്രികളില്‍ മിക്കപ്പോഴും മഞ്ഞു വീഴ്ച സാധാരണമാണ്. ഗ്രീഷ്മകാലത്ത് ഇടിമഴയും ശൈത്യത്തില്‍ ആലിപ്പഴവര്‍ഷവും ഉണ്ടാകാറുണ്ട്.
പൊതുവേ നിരപ്പായ ഭൂപ്രകൃതിയാണ് അയോവയുടേത് എക്കല്‍ചേര്‍ന്നു ഫലഭൂയിഷ്ഠമായ ലോയെസ് മണ്ണും ജലസേചനസൗകര്യങ്ങളും ചേര്‍ന്നു സംസ്ഥാനത്തിന്റെ 90 ശ.മാ. ഭാഗവും ഒന്നാം തരം കൃഷിഭൂമികളാണ്. യു.എസ്സിലെ ചോളമേഖലയുടെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന അയോവാ കാര്‍ഷികവരുമാനത്തിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങളുടെ മുന്‍പന്തിയിലാണ്. ചോളം, പയര്‍, ഓട്സ് തുടങ്ങിയവയാണ് പ്രധാന ഉത്പന്നങ്ങള്‍. ഫലപുഷ്ടി കുറഞ്ഞ ഭൂമി മേച്ചില്‍സ്ഥലങ്ങളാക്കി മാറ്റിയിരിക്കുന്നു. കന്നുകാലികളുടെ ആഹാരസാധനങ്ങളില്‍ മുഖ്യം ചോളമാണ്. ഗവ്യ-മാംസവ്യവസായങ്ങള്‍ അത്യധികം അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. മാംസം പാകം ചെയ്തു ടിന്നിലാക്കി കയറ്റി അയയ്ക്കുകയാണ് സംസ്ഥാനത്തെ മുഖ്യവ്യവസായം. ഈ വ്യവസായത്തിലൂടെ വളര്‍ന്ന ധാരാളം നഗരങ്ങള്‍ മിസിസിപ്പി നദീതീരത്തുണ്ട്.
സംസ്ഥാനത്തിന്റെ വിസ്തീര്‍ണത്തില്‍ 18 ശ.മാ. വനപ്രദേശങ്ങളായിരുന്നു. ഇപ്പോള്‍ സംരക്ഷിത വനങ്ങളുടെ വിസ്തീര്‍ണം ഗണ്യമായി കുറഞ്ഞിരിക്കുന്നു. സിഡാര്‍ വൃക്ഷങ്ങളാണ് പ്രധാന വനസമ്പത്ത്. കല്‍ക്കരി, ജിപ്സം എന്നിവ സാമാന്യമായ തോതില്‍ ഖനനം ചെയ്യപ്പെടുന്നു.
ഭക്ഷ്യധാന്യങ്ങളുടെ വിപണനമാണ് മുഖ്യ ധനാഗമ മാര്‍ഗം. കാര്‍ഷികോപകരണങ്ങളുടെ നിര്‍മാണം അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. യന്ത്രോപകരണങ്ങള്‍, ജെറ്റ് എന്‍ജിനുകള്‍, സിമെന്റ്, തുണിത്തരങ്ങള്‍, റബ്ബര്‍സാധനങ്ങള്‍ എന്നിവയുടെ നിര്‍മാണവും വികസിച്ചിരിക്കുന്നു. തലസ്ഥാനമായ ഡീ മൊയിന്‍സ് ആണ് പ്രധാന വ്യവസായകേന്ദ്രം. ലോകപ്രസിദ്ധമായ ക്വാക്കര്‍ ഓട്സിന്റെ ആസ്ഥാനമായ സിഡാര്‍ റാമിഡ്സ് അയോവായിലാണ്. കാര്‍ഷികയന്ത്രങ്ങള്‍ നിര്‍മിക്കുന്ന വാട്ടര്‍ലൂ ആണ് മറ്റൊരു നഗരം. ഇവയൊക്കെത്തന്നെ നദീതീര പട്ടണങ്ങളാണ്. മിസിസിപ്പിതീരത്തെ പ്രധാന നഗരങ്ങള്‍ ഡെവന്‍പോര്‍ട്ട്, ബര്‍ലിംഗ്ടണ്‍, ക്ളിന്‍ടന്‍, ഡ്യൂബക്, സിയൂക്സ്‍സിറ്റി എന്നിവയാണ്. ലോകപ്രസിദ്ധമായ അയോവാ കാര്‍ഷിക കോളജിന്റെ ആസ്ഥാനമായ അമിസ് നഗരവും ഈ നദീതീരത്താണ്. അയോവാ സര്‍വകലാശാലയുടെ ആസ്ഥാനം പഴയ തലസ്ഥാനമായ 'അയോവാ' നഗരമാണ്.
അയോവയിന്‍ ആദ്യമായെത്തിച്ചേര്‍ന്ന യൂറോപ്പുകാര്‍ ഫ്രഞ്ചുകാരായിരുന്നു. പുരാതനകാലത്ത് തദ്ദേശീയരായ പതിനേഴ് അമേരിക്കന്‍ ഗോത്രവര്‍ഗക്കാര്‍ ഇവിടെ വസിച്ചിരുന്നുവെങ്കിലും ഇക്കാലത്ത് മെക്സ്വാക്കി ഗോത്രവര്‍ഗക്കാര്‍ മാത്രമാണ് അവിടെയുള്ളത്. 1833-ല്‍ അമേരിക്കന്‍ കുടിയേറ്റക്കാര്‍ അവിടേക്ക് പ്രവഹിച്ചുതുടങ്ങി. ഇല്ലിനോയ്സ്, ഇന്ഡ്യാന, മിസൗറി എന്നിവിടങ്ങളില്‍ നിന്നാണ് മുഖ്യമായും കുടിയേറ്റം നടന്നത്. 1846 ഡിസംബര്‍ 28-ന് അയോവ 29-ാമത്തെ അമേരിക്കന്‍ സംസ്ഥാനമായി മാറി. 1867-ല്‍ ഷിക്കാഗോയും നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേയും ചേര്‍ന്നാരംഭിച്ച വികസന പ്രവര്‍ത്തനങ്ങളുടെ ഫലമായി അഞ്ചു മുഖ്യ റെയില്‍പാതകള്‍ അയോവയില്‍ പൂര്‍ത്തീകരിക്കപ്പെടുകയും യാത്രാ സൌകര്യവും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുകയും ചെയ്തു.
അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തില്‍ 75,000-ത്തിലധികം അയോവക്കാര്‍ പങ്കെടുത്തതായി കണക്കാക്കപ്പെടുന്നു. മറ്റ് അമേരിക്കന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ ഭടന്മാര്‍ ആഭ്യന്തരയുദ്ധത്തില്‍ പങ്കെടുത്തത് അയോവയില്‍ നിന്നായിരുന്നു. ഒന്നാം ലോകയുദ്ധകാലത്ത് കാളയിറച്ചിയും പന്നിയിറച്ചിയും മറ്റും ഏറ്റവും കൂടുതലായി ഇവിടെ ഉത്പാദിപ്പിച്ചിരുന്നു. എങ്കിലും യുദ്ധാന്തരം സാമ്പത്തികരംഗം തകരുകയാണുണ്ടായത്.
1980-കളിലെ കാര്‍ഷികത്തകര്‍ച്ച അയോവയിലെ കൃഷിയിടങ്ങളുടെ എണ്ണം ഗണ്യമായി കുറച്ചു. ഗ്രാമീണ ജനതയുടെ എണ്ണത്തിലും ഇടിവുണ്ടായി. കൃഷിയാണ് മുഖ്യവൃത്തിയെങ്കിലും റെഫ്രിജറേറ്ററുകള്‍, വാഷിങ്മെഷീനുകള്‍, ഫൗണ്ടന്‍ പേനകള്‍, കാര്‍ഷികോപകരണങ്ങള്‍, ഭക്ഷ്യോത്പന്നങ്ങള്‍ മുതലായവയും ഇവിടെനിന്ന് കയറ്റുമതി ചെയ്യുന്നുണ്ട്. എതനോള്‍, ബയോഡീസല്‍ എന്നിവയാണ് മറ്റു ചില മുഖ്യോത്പന്നങ്ങള്‍. കാറ്റാടികള്‍ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിലും അയോവ മുന്നണിയിലാണ്.
മാര്‍ഷന്‍ ടൗണിലാണ് ജനസംഖ്യ എറെയും കേന്ദ്രീകരിച്ചിരിക്കുന്നത്. 2004-ലെ യു.എസ്. സെന്‍സസ് ബ്യൂറോയുടെ കണക്കനുസരിച്ച് അയോവയിലെ ജനസംഖ്യയില്‍ 3.3. ശതമാനം വിദേശീയരാണ്. ഉത്തരയൂറോപ്യന്‍ കുടിയേറ്റക്കാര്‍ക്ക് പ്രാമുഖ്യമുള്ള അയോവയില്‍ 35.7 ശ.മാ. ജര്‍മന്‍കാരും, 13.5 ശ.മാ. ഐറിഷുകാരും, 9.5 ശ.മാ. ഇംഗ്ലീഷുകാരും, 6.6 ശ.മാ. അമേരിക്കക്കാരും, 5.7 ശ.മാ. നോര്‍വീജിയന്‍കാരും, 4.6 ശ.മാ. ഡച്ചുകാരുമുണ്ട്. ജനങ്ങളില്‍ ഭൂരിഭാഗവും പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികളാണ്.
2003-ല്‍ അയോവയുടെ വാര്‍ഷികോത്പാദനം 103 ബില്യണ്‍ ഡോളറായിരുന്നു. ആളോഹരി വരുമാനം 28,340 ഡോളറും.
നോ: യുണൈറ്റഡ് സ്റ്റേറ്റ്സ്