This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അശോകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =അശോകം= ലെഗുമിനോസീ (Leguminosae) സസ്യകുടുംബത്തിലെ സിസാല്‍പീനിയേസിയേ ...)
അടുത്ത വ്യത്യാസം →

Current revision as of 09:03, 14 ഏപ്രില്‍ 2015

അശോകം

ലെഗുമിനോസീ (Leguminosae) സസ്യകുടുംബത്തിലെ സിസാല്‍പീനിയേസിയേ (Caesalpiniaceae) ഉപകുടുംബത്തില്‍പ്പെട്ട നിത്യഹരിതവൃക്ഷം. ശാ.നാ.: സരാക്ക ഇന്‍ഡിക്ക (Saraca indica). ഇന്ത്യയിലും മലേഷ്യയിലും സമൃദ്ധമായി വളരുന്ന ഈ ഉദ്യാനവൃക്ഷം ഉഷ്ണമേഖലാപ്രദേശങ്ങളില്‍ മാത്രമാണ് ധാരാളമായി കാണപ്പെടുന്നത്. ഉദ്ദേശം ഒന്നേകാല്‍ മീ. ഉയരം വരുമ്പോഴേക്കും ഇതു പൂത്തുതുടങ്ങുന്നു. മരപ്പട്ടയ്ക്ക് ചാരനിറമാണ്. 30 സെ.മീറ്ററോളം നീളമുള്ള ഇലകള്‍ ഏകാന്തരവും സമപിച്ഛകിയുമാണ്.

സമ്മുഖമായി വിന്യസിച്ചിരിക്കുന്ന 6-12 പത്രകങ്ങളുണ്ടാകും. പര്‍ണവൃന്തങ്ങള്‍ നീളം കുറഞ്ഞവയാണ്. ഓറഞ്ചു കലര്‍ന്ന ചുവപ്പു നിറമുള്ള നിരവധി ചെറിയ പൂക്കള്‍ ചേര്‍ന്ന പൂങ്കുലകള്‍ക്കു നേരിയ സുഗന്ധമുണ്ട്. ബാഹ്യദളപുഞ്ജനാളത്തിന്റെ (calyxtube) അഗ്രത്തിലുള്ള മാംസളവലയത്തിനുള്ളിലായി ആറോ ഏഴോ കേസരങ്ങളുണ്ടാവും. നീണ്ടുവളഞ്ഞതാണ് വര്‍ത്തിക (style). ബാഹ്യദളപുഞ്ജമെന്നു തോന്നുന്ന സഹപത്രങ്ങളുടെ നിറം ചുവപ്പാണ്. ഉദ്ദേശം മൂന്നേമുക്കാല്‍ സെ.മീ. നീളത്തില്‍ ദീര്‍ഘായതങ്ങളായ 4-8 വിത്തുകള്‍ ഒരു കായ(pod)യ്ക്കുള്ളില്‍ കാണപ്പെടുന്നു.

കിഴക്കന്‍ ബംഗാളിലും ദക്ഷിണേന്ത്യയിലും ചോലമരങ്ങളായി വളര്‍ത്തപ്പെടുന്ന അശോകം ഹിന്ദുക്കളുടെ വിശുദ്ധവൃക്ഷങ്ങളിലൊന്നാണ്. കേരളത്തില്‍ അമ്പലവളപ്പുകളില്‍ നട്ടുവളര്‍ത്താറുള്ള ഇത് നല്ല അലങ്കാരവൃക്ഷംകൂടിയാണ്. സുന്ദരികളായ കന്യകകളുടെ പാദസ്പര്‍ശമേറ്റാല്‍ അശോകം വേഗം പുഷ്പിക്കുമെന്ന് ഒരു കവി സങ്കല്പമുണ്ട്. 'അശോകദോഹദം' എന്ന് ഇതറിയപ്പെടുന്നു. 'നിലിമ്പവധൂജന ചരണാഹതികൊ-ണ്ടനുകൂലമിളകുമശോകമലര്‍തരൂ' എന്ന് രാമായണചമ്പുവിലും 'നാരിതന്‍ പാദത്തിന്‍ താഡനം കൂടാതെ-നന്നായിപ്പൂത്തിതശോകങ്ങളും' എന്നു കൃഷ്ണഗാഥയിലും കാണുന്നതുപോലെ, അശോകദോഹദം എത്രമാത്രം പ്രിയങ്കരമായ ഒരു ഭാരതീയ കാവ്യസങ്കല്പമായിരുന്നു എന്നു കാണിക്കാന്‍ എത്രവേണമെങ്കിലും ഉദാഹരണങ്ങളുണ്ട്.

അശോകത്തില്‍ ഹീമറ്റോക്സിലിന്‍ (haematoxylin), കീറ്റോസ്റ്റിറോള്‍ എന്നീ ഗ്ളൈക്കോസൈസുകള്‍ ധാരാളമുണ്ടെന്ന് ആബട്ട് (1887) എന്ന ശാസ്ത്രജ്ഞന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അശോകത്തൊലിയില്‍ ധാരാളം റ്റാനിനും കാറ്റക്കിനും (tannin & catachin) അടങ്ങിയിട്ടുണ്ട്. അശോകത്തൊലി ചേര്‍ത്തുണ്ടാക്കുന്ന കഷായം മൂത്രരോഗങ്ങളെ ശമിപ്പിക്കാന്‍ പോന്നതാണ്. ഗര്‍ഭപാത്രത്തിന്റെ പേശികളില്‍ നേരിട്ടു പ്രവര്‍ത്തിക്കാനും അണ്ഡാശയകല(ovarian tissue)കളുടെയും എന്‍ഡോമെട്രിയ(ovarian endometrium)ത്തിന്റെയും പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുവാനും ഇതിനു കഴിവുണ്ട്. അര്‍ശസ്, വയറുകടിയില്‍നിന്നുണ്ടാകുന്ന രക്തസ്രാവം എന്നിവയ്ക്കും അശോകത്തൊലി ഒരൌഷധമാണ്. ശക്തിയുള്ള ഒരു സ്തംഭനൌഷധവുമാണ് (astringent) ഇത്. പഴുതാര കടിക്കുന്നതിനു പ്രതിവിധിയായി അശോകത്തിന്റെ തൊലി ചതച്ചുപിഴിഞ്ഞെടുത്ത നീര് ഉപയോഗിക്കുന്നു. ആര്‍ത്തവസംബന്ധമായ ക്രമക്കേടുകള്‍ പരിഹരിക്കുന്നതിനും അശോകത്തൊലിക്കഷായം ഉത്തമമാണ്. തടിയുടെ കാതലിനു നല്ല ഉറപ്പുള്ളതിനാല്‍ ഇത് കൊത്തുപണിക്കും മറ്റും ഉപയോഗപ്പെടുന്നു. ഈ വൃക്ഷത്തിന്റെ തടിക്കു നല്ല കടുപ്പമുണ്ട്. തടിയുടെ വെള്ളയ്ക്ക് ചുവപ്പും തവിട്ടും കലര്‍ന്ന നിറവും കാതലിന് ഇരുണ്ട നിറവുമാണ്. ത്വഗ്രോഗങ്ങള്‍ക്ക് അശോകപ്പൂവിട്ടു വെളിച്ചെണ്ണ കാച്ചി ഉപയോഗിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B6%E0%B5%8B%E0%B4%95%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍