This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോവലേവ്‌സ്‌കി, അലക്‌സാണ്ടര്‍ ഒനുഫ്രയ്‌വിച്ച്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കോവലേവ്‌സ്‌കി, അലക്‌സാണ്ടര്‍ ഒനുഫ്രയ്‌വിച്ച്‌ == == Kovalevskii, Aleksandr ...)
അടുത്ത വ്യത്യാസം →

Current revision as of 12:28, 13 ജനുവരി 2015

കോവലേവ്‌സ്‌കി, അലക്‌സാണ്ടര്‍ ഒനുഫ്രയ്‌വിച്ച്‌

Kovalevskii, Aleksandr Onufriyevich (1840 - 1901)

റഷ്യന്‍ ഭ്രൂണവിജ്ഞാനി. ലാറ്റ്‌വിയയിലുള്ള ഡൗഗാവ്‌ പില്‍സില്‍ 1840 ന. 7-ന്‌ ജനിച്ചു. ഹെയ്‌ഡല്‍ബര്‍ഗ്‌, തുബിന്‍ജെന്‍ എന്നീ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം നേടിയ ഇദ്ദേഹം 1867-ല്‍ ഡോക്‌ടറേറ്റ്‌ ബിരുദവും സമ്പാദിച്ചു. അതിനുശേഷം സെന്റ്‌ പീറ്റേഴ്‌സ്‌ബര്‍ഗ്‌ (ലെനിന്‍ ഗ്രാഡ്‌) സര്‍വകലാശാലയില്‍ അധ്യാപകനായി സേവനമനുഷ്‌ഠിച്ചു.

പ്രസിദ്ധ ജര്‍മന്‍ പ്രകൃതിശാസ്‌ത്രജ്ഞനായിരുന്ന ഹെന്‌റിക്ക്‌ ഹെയ്‌ക്കലിന്റെ ശിക്ഷണമാണ്‌ ഇദ്ദേഹത്തിനു പരിണാമശാസ്‌ത്രത്തിലെ ഗവേഷണങ്ങള്‍ക്കു പ്രേരണ നല്‌കിയത്‌. പരിണാമസിദ്ധാന്തത്തില്‍ അടിയുറച്ചു വിശ്വസിച്ച കോവലേവ്‌സ്‌കിയാണ്‌ ഡാര്‍വിനിസത്തിനു റഷ്യയില്‍ പ്രചാരം നല്‌കിയതെന്നു പറയാം. ഇദ്ദേഹത്തിന്റെ പരീക്ഷണപഠനങ്ങള്‍ അകശേരുകികളും കശേരുകികളും തമ്മിലുള്ള വിടവു നികത്താനും സഹായിക്കുകയുണ്ടായി.

ഭ്രൂണവികാസത്തില്‍ ഗവേഷണം കേന്ദ്രീകരിച്ച ഇദ്ദേഹം കശേരുകികളിലുള്ളതുപോലെ അകശേരുകികളിലും ഭ്രൂണ വളര്‍ച്ചയില്‍ മൂന്നു ജനനസ്‌തരങ്ങള്‍ (Germ layers) ഉെദ്‌ഭവിക്കുന്നതായി കണ്ടെത്തി. ആംഫിയോക്‌സസിലും ടൂണിക്കേറ്റകളിലും ഇദ്ദേഹം നടത്തിയ പഠനങ്ങള്‍ വിലപ്പെട്ട പല ശാസ്‌ത്രസത്യങ്ങളും വെളിവാക്കുകയുണ്ടായി. ആംഫിയോക്‌സസില്‍ ഉള്ള നോട്ടോകോര്‍ഡ്‌ ടൂണിക്കേറ്റകളുടെ ലാര്‍വല്‍ഘട്ടത്തിലും കണ്ടുവരുന്നതായി ഇദ്ദേഹം മനസ്സിലാക്കി. അതുപോലെതന്നെ ബലനോഗ്ലോസസിലും ലാര്‍വല്‍ നോട്ടോകോര്‍ഡ്‌ ഇദ്ദേഹം കണ്ടെത്തി. കശേരുകികളിലും ഭ്രൂണാവസ്ഥയില്‍ നോട്ടോകോര്‍ഡ്‌ കണ്ടുവരുന്നുണ്ട്‌. അതിനാല്‍ വെര്‍ട്ടിബ്രറ്റുകളും അവയോടൊപ്പം അവയുമായി ബന്ധപ്പെട്ട ഇന്‍വെര്‍ട്ടിബ്രറ്റുകളും ചേര്‍ന്ന ഒരു ജന്തുഫൈലം രൂപീകരിക്കേണ്ടതാണെന്ന്‌ കോവലേവ്‌സ്‌കി അഭിപ്രായപ്പെട്ടു. ഫ്രാന്‍സിസ്‌ മെയ്‌റ്റ്‌ലാന്‍ഡ്‌ ബാല്‍ഫോര്‍ എന്ന സ്‌കോട്ടിഷ്‌ ജീവശാസ്‌ത്രകാരന്‍ ഇതേ അഭിപ്രായം മുന്നോട്ടുവയ്‌ക്കുകയും ആ പുതിയ ജന്തുഫൈലത്തിന്‌ കോര്‍ഡേറ്റ എന്നു പേരുനിര്‍ദേശിക്കുകയും ചെയ്‌തു.

1901 ന. 22-ന്‌ ലെനിന്‍ഗ്രാഡില്‍ കോവലേസ്‌കി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍