This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോലംതുള്ളല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കോലംതുള്ളല്‍ == കേരളത്തിലെ ഒരു അനുഷ്‌ഠാനകല. ഭഗവതിയെ പ്രകീര്...)
അടുത്ത വ്യത്യാസം →

12:06, 13 ജനുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം

കോലംതുള്ളല്‍

കേരളത്തിലെ ഒരു അനുഷ്‌ഠാനകല. ഭഗവതിയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള കോലംതുള്ളലിന്‌ ഉത്തരകേരളത്തിലെ തിറയാട്ടത്തിനോടു സാദൃശ്യമുണ്ട്‌. ഗണക സമുദായക്കാരുടെതെന്നു കരുതുന്ന ഈ ചടങ്ങിന്‌ സാംബവര്‍, ആദിവാസികള്‍, മറ്റു പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ എന്നിവരുടെ ഇടയിലും പ്രചാരമുണ്ട്‌. കോലംകെട്ടി തുള്ളുന്നതിനാല്‍ ഇതിനു "കോലംതുള്ളല്‍' എന്നു പേര്‌ വന്നു.

കോലംതുള്ളലിന്റെ ഉദ്‌ഭവത്തെക്കുറിച്ചുള്ള ഐതിഹ്യം പ്രസിദ്ധമാണ്‌. ദാരികാസുരനെ നിഗ്രഹിച്ച കാളിയുടെ കോപം ശമിപ്പിക്കാന്‍, ശിവന്‍ തന്റെ ഭൂതഗണത്തെ വിട്ട്‌ വിവിധ കോലങ്ങള്‍ കെട്ടിയാടിക്കുകയും അവ കണ്ടു കാളിയുടെ കോപം ക്രമേണ അടങ്ങുകയും ചെയ്‌തു. അതിന്റെ സ്‌മരണ പുതുക്കാനാണ്‌ ദേവീക്ഷേത്രങ്ങളില്‍ കോലംതുള്ളല്‍ നടത്തുന്നത്‌ എന്നു പറയപ്പെടുന്നു. ശ്രീപാര്‍വതിക്ക്‌ ഗന്ധര്‍വബാധ ഉണ്ടായപ്പോള്‍ സുബ്രഹ്മണ്യന്റെ നിര്‍ദേശപ്രകാരം ഗന്ധര്‍വന്റെയും യക്ഷിയുടെയും കളമെഴുതി അതിനു മുമ്പില്‍ പൂപ്പടകൂട്ടി കോലംകെട്ടി തുള്ളി എന്നും, അതിന്റെ ഫലമായി പാര്‍വതിയുടെ ബാധ ഒഴിഞ്ഞു എന്നും മറ്റൊരു കഥയും ഉണ്ട്‌. ഭഗവതീക്ഷേത്രങ്ങളില്‍ മേടമാസത്തിലെ വിഷുവിനോടനുബന്ധിച്ചു നടത്തുന്ന പടയണി ചടങ്ങുകളിലെ മുഖ്യ ഇനമാണ്‌ കോലം തുള്ളല്‍. യക്ഷി, പക്ഷി, മറുത, മാടന്‍, പിശാച്‌, ഭൈരവി, കാലന്‍ എന്നിവയാണ്‌ ക്ഷേത്രങ്ങളില്‍ തുള്ളുന്ന കോലങ്ങള്‍. ക്ഷേത്രനടയില്‍ ആളുകള്‍ വട്ടമിട്ടിരിക്കുന്നതിനു മധ്യത്തില്‍, പരിശീലനം നേടിയ ആള്‍ കോലം വച്ചു കെട്ടിതുള്ളുന്നു. ദുര്‍ദേവതകളില്‍നിന്നു ജനങ്ങളെ രക്ഷിക്കാനവതരിച്ച ദേവിയുടെ ചരിതം നടയില്‍നിന്ന്‌ ആടുകയും പാടുകയും ചെയ്‌താല്‍ മംഗളം ഭവിക്കുമെന്നാണ്‌ വിശ്വാസം.

ഗണകസമുദായത്തില്‍പ്പെട്ടവരാണ്‌ കോലം എഴുതുന്നത്‌. പ്രത്യേകാകൃതികളില്‍ വെട്ടിയെടുത്ത പച്ചപ്പാളകളില്‍ പ്രകൃതിച്ചായങ്ങള്‍ ഉപയോഗിച്ച്‌ വിവിധ രൂപങ്ങള്‍ വരച്ച്‌, പാളകള്‍ കൂട്ടിത്തയ്‌ച്ച്‌ കോലങ്ങള്‍ ഉണ്ടാക്കുന്നു. കോലങ്ങള്‍ കെട്ടുമ്പോള്‍ കണ്ണുകാണത്തക്ക രീതിയില്‍ പാളയില്‍ രണ്ടു ദ്വാരങ്ങളും ഉണ്ടായിരിക്കും. അഞ്ചു നിറങ്ങളാണ്‌ കോലം എഴുത്തിന്‌ ഉപയോഗിക്കുന്നത്‌. പച്ചയും വെള്ളയും പാളയിലുള്ള നിറങ്ങള്‍തന്നെ. ചെന്നല്ല്‌ അരച്ചെടുത്ത്‌ ചുവപ്പും പച്ചമാവില വാട്ടിക്കരിച്ച്‌ കറുപ്പും ഉണ്ടാക്കുന്നു. ചണ്ണ ഇടിച്ചു പിഴിഞ്ഞ്‌ എടുക്കുന്ന നീരാണ്‌ മഞ്ഞനിറം കിട്ടാന്‍ ഉപയോഗിക്കുന്നത്‌. 2 മുതല്‍ 101 വരെ പാളകള്‍കൊണ്ടു തീര്‍ത്ത കോലങ്ങളുണ്ട്‌. 1001 പാളകള്‍ ചേര്‍ത്തുണ്ടാക്കി ചട്ടത്തില്‍ ഉറപ്പിച്ച്‌ ചാടിന്‌ മേല്‍ ഉരുട്ടുന്ന ഭൈരവിക്കോലം ചിലയിടങ്ങളില്‍ ആഘോഷത്തിനു കൊഴുപ്പുകൂട്ടും. കാലന്‍, ഭൈരവി എന്നീ കോലങ്ങള്‍ കവുങ്ങിന്റെ അലകോ മുളയോ കൊണ്ടു നിര്‍മിച്ച ചട്ടങ്ങളില്‍ ഉറപ്പിച്ചിരിക്കും. കോലങ്ങളുടെ അരികുകളില്‍ കുരുത്തോലക്കീറുകള്‍ തയ്‌ച്ചു ചേര്‍ത്ത്‌ മോടിപിടിപ്പിക്കുന്നു. കോലം വച്ചുകെട്ടി തുള്ളുന്ന ആളിന്റെ മുഖത്തും ദേഹത്തും മറ്റും അണിയുന്നതിന്‌ മുഖം, നെഞ്ചുമാല, അരത്താലി തുടങ്ങിയ ചമയങ്ങള്‍ ഉണ്ട്‌. ഇവയും പാള, കുരുത്തോല എന്നിവകൊണ്ടാണു നിര്‍മിക്കുന്നത്‌. കാലന്‍, യക്ഷി എന്നീ കോലങ്ങള്‍ തുള്ളുന്നവര്‍ മുഖത്തു പച്ച അണിയുന്നു. കാലന്‌ വലതു കൈയില്‍ വാളും ഇടതുകൈയില്‍ പാശവും പന്തവും കാണും.

തപ്പ്‌, ഇലത്താളം, മദ്ദളം എന്നിവയാണ്‌ വാദ്യവിശേഷങ്ങള്‍. കേരളത്തിലെ ആദിമനിവാസികളായ ദ്രാവിഡരുടെ ആരാധനാസമ്പ്രദായങ്ങളും ഉത്സവരീതികളും മറ്റും കോലപ്പാട്ടുകളില്‍ പ്രതിഫലിക്കുന്നു. തമിഴിന്റെ സ്വാധീനം പ്രകടമാണ്‌. ദ്രാവിഡ ദേവതകളും മലദൈവങ്ങളും ആണ്‌ ഈ പാട്ടുകളില്‍ സ്‌തുതിക്കപ്പെട്ടിരിക്കുന്നത്‌. ദാരികവധം കഥ ഇവയുടെ മുഖ്യ പ്രമേയമാകുന്നു. എന്നാല്‍ കാലന്‍ കോലത്തിനുള്ള പാട്ടിലെ വിഷയം മാര്‍ക്കണ്ഡേയചരിതമാണ്‌. അക്ഷരസംഖ്യയല്ല, താളമാണ്‌ പാട്ടുകളുടെ മറ്റൊരു സവിശേഷത. വാമൊഴിയായി തലമുറ കൈമാറി വന്ന പാട്ടുകളുടെ ഭാഷാരീതിക്ക്‌ കുറേ മാറ്റം വന്നിട്ടുണ്ട്‌. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ദൃഢബന്ധങ്ങളുടെ സൂചനകള്‍, സാഹിത്യഭംഗി കലര്‍ന്നതും ഭക്തിനിര്‍ഭരവുമായ ഈ പാട്ടുകളില്‍ നിറഞ്ഞു നില്‌ക്കുന്നു.

ഏഴുമറ്റൂര്‍, കടമ്മനിട്ട, ഓതറ, കോട്ടാങ്ങല്‍, പൂരിരുട്ടുകാവ്‌, കദളിമംഗലം, കല്ലിശ്ശേരി, കുന്നന്താനം, നാരങ്ങാനം, കൊരമ്പാല, പുതുക്കുളങ്ങര തുടങ്ങി മധ്യതിരുവിതാംകൂറിലുള്ള ഏതാനും ക്ഷേത്രങ്ങളില്‍ മാത്രമേ ഈ കലാരൂപം അവതരിപ്പിക്കുന്നുള്ളൂ.

കുടുംബങ്ങളില്‍ കോലം തുള്ളലിനു പ്രത്യേകം വേദി ഒരുക്കി നിറപറ വച്ചിരിക്കും. താലപ്പൊലിയോടുകൂടിയാണ്‌ കോലങ്ങളെ വേദിയിലേക്ക്‌ ആനയിക്കുന്നത്‌. കോലങ്ങളെ നിയന്ത്രിക്കുവാന്‍ "വെളിച്ചപ്പാട്‌' ഉണ്ടായിരിക്കും. കോലംതുള്ളലിനുള്ള പന്തല്‍ കുലവാഴ, പൂക്കുല, കുരുത്തോല എന്നിവ കൊണ്ടലങ്കരിച്ച്‌ നിലവിളക്കും കത്തിച്ചു വച്ചിരിക്കും. പൂജാദികള്‍ക്കുശേഷം യക്ഷിയുടെയും ഗന്ധര്‍വന്റെയും കളം വരച്ചു ഗന്ധര്‍വന്‍ പാട്ട്‌ ആരംഭിക്കുന്നു. ചെണ്ട, മദ്ദളം, ഉടുക്ക്‌, തിമില, കൊമ്പ്‌, ഇലത്താളം, ചേങ്ങില എന്നീ ഉപകരണങ്ങളാണ്‌ പശ്ചാത്തലത്തില്‍ ഉപയോഗിക്കുന്നത്‌.

ചിലങ്ക ധരിച്ച വെളിച്ചപ്പാട്‌ കൈയില്‍ തിളങ്ങുന്ന വാളുമേന്തി പാട്ടിനൊത്ത്‌ ആടാന്‍ തുടങ്ങുന്നു. പാട്ടിന്റെ ഗതി മുറുകുന്തോറും തുള്ളലിന്റെ വേഗത വര്‍ധിക്കുന്നു. മദ്ദളത്തിന്റെ പശ്ചാത്തലത്തില്‍ തുള്ളുന്ന കോലങ്ങള്‍ ക്രമേണ ദ്രുതഗതിയില്‍ ആവേശഭരിതരായി തുള്ളിത്തുള്ളി മോഹാലസ്യപ്പെട്ടു വീഴുന്നതോടെ തുള്ളല്‍ അവസാനിക്കുന്നു. കുടുംബങ്ങളില്‍ നടത്തുന്ന തുള്ളല്‍, ബലികൊടുക്കല്‍ എന്ന ചടങ്ങോടുകൂടിയാണ്‌ അവസാനിക്കുന്നത്‌. തട്ടും തേരും കെട്ടി ശരകൂടമുണ്ടാക്കി കോഴിയെവെട്ടി ബലികൊടുക്കുന്നതോടെ പ്രതബാധ ഒഴിഞ്ഞുപോയതായി വിശ്വസിക്കപ്പെടുന്നു.

തുള്ളല്‍ പ്രസ്ഥാനത്തിന്റെ വിഭാവനത്തിലും രൂപകല്‌പനയിലും കുഞ്ചന്‍നമ്പ്യാര്‍ക്ക്‌, പടയണിയും കോലം തുള്ളലും അവയുടെ പാട്ടുകളും സഹായകമായിത്തീര്‍ന്നു എന്നു ഗവേഷകന്മാര്‍ അഭിപ്രായപ്പെടുന്നു. നഷ്‌ടപ്രായമായിക്കൊണ്ടിരിക്കുന്ന ഈ കലാരൂപത്തെ പുനരുദ്ധരിക്കാനുള്ള ശ്രമങ്ങള്‍ ഇന്നു നടന്നുവരുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍