This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോറിന്ത്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കോറിന്ത്‌ == == Corinth == ഗ്രീസിലെ ഒരു നഗരം. ഇസ്‌തുമസ്സിനു തെക്കുമാ...)
അടുത്ത വ്യത്യാസം →

Current revision as of 11:30, 13 ജനുവരി 2015

കോറിന്ത്‌

Corinth

ഗ്രീസിലെ ഒരു നഗരം. ഇസ്‌തുമസ്സിനു തെക്കുമാറിയാണ്‌ വാണിജ്യകേന്ദ്രമായ കോറിന്തിന്റെ സ്ഥാനം. പുരാതന കോറിന്തും ഗ്രീസിലെ ഒരു വാണിജ്യനഗരമായിരുന്നു. ആഥന്‍സിന്‌ ഏകദേശം 65 കി.മീ. പടിഞ്ഞാറു മാറിയാണ്‌ ഇതിന്റെ സ്ഥാനം. ഗ്രീസിലെ ആദ്യകാല മനുഷ്യവാസമുണ്ടായിരുന്ന ഒരു പ്രദേശം കൂടിയാണിത്‌. ചരിത്രാതീതകാലത്തും ഹോമറിന്റെ കാലത്തും (ബി.സി. എട്ടാം ശ.) ഇതൊരു അധിവാസകേന്ദ്രമായിരുന്നു. ഇവിടത്തെ അറിയപ്പെടുന്ന ആദ്യകാലനിവാസികള്‍ കിഴക്കുനിന്ന്‌ കടല്‍വഴി ബി.സി. 4000-ത്തോടുകൂടി വന്നവരാണെന്ന്‌ കരുതപ്പെടുന്നു. അപ്പോളോയുടെ ക്ഷേത്രം സ്ഥിതിചെയ്യുന്ന പ്രദേശത്തെ ചുറ്റിപ്പറ്റിയാണ്‌ ഇത്തരത്തില്‍ ഒരു നിയോലിത്തിക്‌ അധിവാസം രൂപപ്പെട്ടത്‌. കളിമണ്‍ നിര്‍മിതിയില്‍ പ്രാവീണ്യം സിദ്ധിച്ചവരായിരുന്നു ഇക്കൂട്ടര്‍. ബി.സി. 3000-ത്തോടുകൂടി പരിഷ്‌കൃതരായ ഒരു വിഭാഗം ഇവിടെ കുടിയേറ്റക്കാരായി എത്തിയതോടെ. തദനുസൃതമായ വികസനവും കോറിന്തിനുണ്ടായി. എന്നാല്‍. ബി.സി. 2000-ത്തോടെ എത്തിയ കുടിയേറ്റക്കാരാകട്ടെ കോറിന്തിനെ നശിപ്പിക്കുകയാണുണ്ടായത്‌. പിന്നീട്‌ ബി.സി. 1400-ഓടുകൂടി ഇവിടെ വീണ്ടും ജനവാസം പുരോഗമിക്കുകയും തുടര്‍ന്നുള്ള കാലഘട്ടങ്ങളില്‍ കോറിന്തിന്‌ വളരെയേറെ വികസനമുണ്ടാകുകയും ചെയ്‌തു. തുടര്‍ന്ന്‌ ഗ്രീസിന്റെ പലഭാഗങ്ങളിലും സിസിലിയിലും കോളനികള്‍ സ്ഥാപിക്കപ്പെട്ടു. ബി.സി. ഏഴാം ശതകത്തില്‍ ഡോറിയന്‍ ആക്രമണകാരികള്‍ ഈ പ്രദേശം കീഴടക്കി.

ബി.സി. ആറാം ശതകത്തോടെ സിഫാലസ്‌ ഇവിടെ ഒരു രാജവംശം സ്ഥാപിക്കുകയുണ്ടായി. ഈ വംശത്തിലെ പ്രധാന ഭരണകര്‍ത്താവ്‌ പെരിയാന്‍ഡര്‍ ആയിരുന്നു. ബി.സി. 479-431-ലെ പെലോ പെണീഷ്യന്‍ യുദ്ധത്തില്‍ കോറിന്ത്‌ സ്‌പാര്‍ട്ടയുടെ കൂടെ ചേര്‍ന്നു യുദ്ധം ചെയ്‌തു. എന്നാല്‍ 395-387-ലെ യുദ്ധത്തില്‍ സ്‌പാര്‍ട്ടയ്‌ക്കെതിരായാണ്‌ പോരാടിയത്‌. ബി.സി. 338-ല്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ കാലത്ത്‌ ഈ നഗരം മാസിഡോണിയന്‍ ഭരണത്തിന്‍ കീഴിലായിരുന്നു. ബി.സി. 243-ല്‍ കോറിന്ത്‌ അക്കീയന്‍ ലീഗില്‍ ചേര്‍ന്നു. അതിനുശേഷം മാസിഡോണിയക്കാര്‍ കോറിന്തില്‍ വീണ്ടും അധികാരം പിടിച്ചടക്കി. ബി.സി. 196-ല്‍ റോമാക്കാര്‍ ഗ്രീസിനെ സ്വതന്ത്രയായി പ്രഖ്യാപിക്കുകയും കോറിന്തിനെ അക്കീയന്‍ ലീഗിന്റെ പുതിയ കേന്ദ്രമാക്കുകയും ചെയ്‌തു. എന്നാല്‍ ബി.സി. 146-ല്‍ റോമാക്കാര്‍ ഈ നഗരം നശിപ്പിച്ചു. പിന്നീട്‌ ബി.സി. 44-ല്‍ ജൂലിയസ്‌ സീസറാണ്‌ ഒരു റോമന്‍ കോളനിയെന്ന നിലയില്‍ കോറിന്തിനെ പുതുക്കിപ്പണിതത്‌. എ.ഡി. ഒന്നാം ശതകത്തില്‍ കോറിന്ത്‌ പൂര്‍ണമായും ഒരു റോമന്‍ പ്രവിശ്യയുടെ തലസ്ഥാനമായിരുന്നു. ആഥന്‍സ്‌ ഉള്‍പ്പെടെയുള്ള ഗ്രീസിലെ മറ്റു പ്രമുഖ നഗരങ്ങളെക്കാളും മുന്‍പന്തിയില്‍ നില്‍ക്കത്തക്കവണ്ണം കോറിന്ത്‌ വികാസം പ്രാപിക്കുകയുണ്ടായി. എ.ഡി. രണ്ടാം ശതകത്തോടെ നഗരം കൂടുതല്‍ വികസിച്ചു. തനതായ കലയും കുടില്‍ വ്യവസായവും അഭിവൃദ്ധിപ്പെട്ടു. അതോടൊപ്പം അതിന്റെ ലാറ്റിന്‍ സ്വഭാവവും നഷ്‌ടപ്പെട്ടുകൊണ്ടിരുന്നു. ക്രിസ്‌ത്വബ്‌ദത്തിന്റെ ആദ്യകാലഘട്ടങ്ങളില്‍ ബാര്‍ബേറിയന്‍ ആക്രമണങ്ങള്‍, ഭൂമികുലുക്കം എന്നിവമൂലം നഗരം നാശോന്മുഖമായിക്കൊണ്ടിരുന്നു. എ.ഡി. 267-ല്‍ ഹെരുലിയന്‍ (Herulian) ഗോത്രവര്‍ഗക്കാരും എ.ഡി, 395-ല്‍ ഗോഥുകളും നഗരം ആക്രമിച്ചു നശിപ്പിച്ചു. പിന്നീട്‌ ആറാം ശതകത്തില്‍ ജസ്റ്റിനിയന്‍ ചക്രവര്‍ത്തി നഗരത്തെ ഉയര്‍ത്തിക്കൊണ്ടുവരികയും ഭൂമികുലുക്കത്തില്‍ നശിച്ച ചില പുരാതന കെട്ടിടങ്ങള്‍ സംരക്ഷിക്കുകയും കോട്ടകൊത്തളങ്ങള്‍ കെട്ടി നഗരത്തെ സുശക്തമാക്കുകയും ചെയ്‌തു.

മധ്യകാലഘട്ടത്തില്‍ ബൈസാന്തിയന്മാരും നോര്‍മന്‍കാരും, ഫ്രാന്നുകളും, വെനീഷ്യക്കാരും, തുര്‍ക്കികളും മാറി മാറി ഈ പ്രദേശം കൈയടക്കി. 1458-ല്‍ കോറിന്ത്‌ തുര്‍ക്കികളുടെ കൈവശമായി. 1687-ല്‍ വെനീഷ്യക്കാര്‍ നഗരം പിടിച്ചടക്കി. 1715-ല്‍ തുര്‍ക്കികള്‍ വീണ്ടും കോറിന്ത്‌ അധീനപ്പെടുത്തി. തുടര്‍ന്ന്‌ 1822 വരെയും നഗരം അവരുടെ കൈവശമായിരുന്നു. ഗ്രീക്‌ സ്വാതന്ത്ര്യസമരത്തിലും 1858-ലെ ഭൂമികുലുക്കത്തിലും കോറിന്തിന്‌ ഏറെ നാശമുണ്ടായി. ആധുനിക കോറിന്ത്‌ പഴയ നഗരത്തിന്റെ അവശിഷ്‌ടങ്ങള്‍ക്ക്‌ അഞ്ച്‌ കി.മീ. വടക്കുകിഴക്കുമാറി സ്ഥാപിക്കപ്പെട്ടതാണ്‌. 1928-ല്‍ വീണ്ടും ഭൂമികുലുക്കത്തിനു വിധേയമായി നാശം സംഭവിച്ചുവെങ്കിലും പിന്നീട്‌ നഗരത്തിനു പുനര്‍നിര്‍മാണം നടത്തി. പുതിയ നഗരം കോറിന്ത്‌ പ്രവിശ്യയുടെ തലസ്ഥാനമാണ്‌. 1896 മുതല്‍ ആഥന്‍സിലെ അമേരിക്കന്‍ സ്‌കൂള്‍ ഒഫ്‌ ക്ലാസ്സിക്കല്‍ സ്റ്റഡീസ്‌ ഇവിടെ പര്യവേക്ഷണം നടത്തിത്തുടങ്ങി. ഗ്രീക്‌, റോമന്‍ കാലഘട്ടങ്ങളിലെ (നിരവധി പുരാതന അവശിഷ്‌ടങ്ങള്‍) ഇവിടെനിന്നും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍