This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോബീ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കോബീ == == Kobe == ജപ്പാനിലെ പ്രധാന തുറമുഖങ്ങളില്‍ ഒന്നും വ്യവസായ ...)
അടുത്ത വ്യത്യാസം →
Current revision as of 08:37, 13 ജനുവരി 2015
കോബീ
Kobe
ജപ്പാനിലെ പ്രധാന തുറമുഖങ്ങളില്‍ ഒന്നും വ്യവസായ കേന്ദ്രമായ പട്ടണവും. നിലവില്‍ ജപ്പാനിലെ തുറമുഖങ്ങളില്‍ 4-ാം സ്ഥാനമാണ് കോബീയ്‌ക്കുള്ളത്. ഒസാക്കയ്‌ക്ക് 32 കി.മീ. പടിഞ്ഞാറായി, ഹോങ്‌ഷു ദ്വീപിലാണ് നഗരം സ്ഥിതി ചെയ്യുന്നത്. ഒസാക്കാ ഉള്‍ക്കടലിനും റോക്കോ പര്‍വതനിരയ്‌ക്കും ഇടയില്‍, കിഴക്കുപടിഞ്ഞാറായി 35 കി.മീ. നീളത്തില്‍ കാണപ്പെടുന്ന ഇടുങ്ങിയ ഒരു ഭൂപ്രദേശമാണ് ഇത്. ജാപ്പനീസ് ഭാഷയില്‍ "കോബ്' എന്നാണ് ഇതറിയപ്പെടുന്നത്. ജനസംഖ്യ : 1,545,410(2011).
ഏഷ്യയിലെ സുപ്രധാന തുറമുഖമെന്ന പ്രാധാന്യവും ജപ്പാനിലെ തുറമുഖങ്ങളില്‍ ഒന്നാം സ്ഥാനവുമുണ്ടായിരുന്ന കോബ് തുറമുഖത്തിന് 2008-ലെ ഭൂചലനത്തോടെയാണ് ഈ സ്ഥാനങ്ങള്‍ നഷ്‌ടമായത്.
മധ്യകാലഘട്ടത്തില്‍ ഫുക്കുഹാരയുടെ തുറമുഖം എന്ന നിലയില്‍ കോബീ പ്രാധാന്യമര്‍ഹിച്ചിരുന്നു. വിദേശക്കപ്പലുകള്‍ക്ക് നന്നൂരമിടാനുള്ള ഇടമായി കരുതപ്പെട്ടിരുന്ന കോബീയില്‍ കപ്പലിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ചില കേന്ദ്രങ്ങളും രൂപമെടുത്തു. 1869-ല്‍ ആരംഭിച്ച ഒരു ഇരുമ്പുവ്യവസായശാലയോടെയാണ് ഇവിടത്തെ വ്യവസായ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് കടലാസ്, തീപ്പെട്ടി, സോപ്പ്, റബ്ബര്‍ എന്നീ വ്യവസായങ്ങളും ആരംഭിച്ചു. ധാന്യമാവു നിര്‍മാണം, പഞ്ചസാര സംസ്‌കരണം, കപ്പല്‍ നിര്‍മാണം, നെയ്‌ത്ത് തുടങ്ങിയ വ്യവസായങ്ങളും താമസംവിനാ വന്‍തോതില്‍ത്തന്നെ തുടങ്ങുകയുണ്ടായി. മെഷീന്‍റ്റൂള്‍സ്, ഉരുക്ക്, പെട്രോകെമിക്കല്‍സ്, സെറാമിക്‌സ്, ചുടുകട്ട, ഗ്ലാസ്, സിമന്റ് എന്നിവയാണ് കോബീയില്‍ ഇന്നു പ്രധാനമായുള്ള വന്‍കിട വ്യവസായങ്ങള്‍. കോബീയില്‍ നിന്നു ലഭിക്കുന്ന മാട്ടിറച്ചിയും "സാകി'യും (ഒരിനം മദ്യം) പ്രസിദ്ധമാണ്.
റെയില്‍-ജലഗതാഗതങ്ങള്‍ ഈ നഗരത്തില്‍ വളരെ വികാസം പ്രാപിച്ചിരിക്കുന്നു. കോമേഴ്‌സ് യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനമായ ഇവിടെ മറ്റനേകം യൂണിവേഴ്‌സിറ്റികളും കോളജുകളും ഉണ്ട്. ഇവിടത്തെ കോബീ വിമന്‍സ് കോളജ് പ്രാധാന്യമര്‍ഹിക്കുന്നു.
1868 വരെ അറിയപ്പെടാത്ത ഒരു മത്സ്യബന്ധന ഗ്രാമമായിരുന്നു കോബീ. 1868-ല്‍ ഗവണ്‍മെന്റ് വിദേശികളുമായി വ്യാപാരബന്ധം ആരംഭിച്ചതോടെ സ്ഥിതി പാടേ മാറി; 1874-ലും 1884-ലുമായി റെയില്‍വേയുടെ പണിപൂര്‍ത്തിയാക്കി. രണ്ടാം ലോകയുദ്ധംവരെ മറ്റ് ഏതു ജപ്പാന്‍ നഗരത്തിലുള്ളതിനെക്കാളും കൂടുതല്‍ വിദേശികള്‍ കോബീയില്‍ കഴിഞ്ഞിരുന്നു. രണ്ടാംലോകയുദ്ധത്തില്‍ 1945 മാര്‍ച്ച് 17-ന് ഇവിടെയുണ്ടായ ബോംബാക്രമണത്തില്‍ 8,841 പേര്‍ കൊല്ലപ്പെടുകയും നഗരത്തിന്റെ ഏതാണ്ട് 21 ശതമാനവും തകര്‍ന്നടിയുകയും ചെയ്‌തു. എന്നാല്‍ യുദ്ധാനന്തരം ഇവിടം അതിമനോഹരമായി പുനര്‍നിര്‍മിക്കപ്പെട്ടു. 1971-ഓടെ അതിവേഗതയുള്ള വാഹനങ്ങള്‍ ഇവിടെ ഉപയോഗിച്ചുതുടങ്ങി. റോക്കോ പര്‍വതനിരയിലേക്കു പോകാന്‍ കേബിള്‍ കാറാണ് പ്രധാനമായുപയോഗിക്കുന്നത്.
അമേരിക്കയില്‍നിന്നും കോബ് തുറമുഖത്ത് എത്തിച്ചേരുന്ന ആണവായുധങ്ങള്‍ കോബ് നഗരത്തിലൂടെയാണ് ഏറെക്കാലം കൊണ്ടു പോയിരുന്നത്. ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ ത്തുടര്‍ന്ന് 1975 മുതല്‍ നഗരസഭ ഇതിനു നിരോധനം ഏര്‍പ്പെടുത്തി. 1995-ല്‍ ഉണ്ടായ ശക്തമായ ഭൂചലനം 6,434 പേരുടെ ജീവന്‍ അപഹരിക്കുകയും രണ്ടുലക്ഷത്തിലേറെ അഭയാര്‍ഥികളെ സൃഷ്‌ടിക്കുകയും ചെയ്‌തു. കോബ് തുറമുഖം, റോക്കോ, മായാ തുടങ്ങിയ പര്‍വതനിരകള്‍, ജപ്പാനിലെ ആദ്യത്തെ ഇസ്‌ലാമിക ആരാധനാലയമായ കോബ് പള്ളി, സൊറാകൂവന്‍ ഗാര്‍ഡന്‍, ഓള്‍ഡ് ഫോറിന്‍ മാന്‍ഷന്‍ ക്വാര്‍ട്ടേഴ്‌സ്, മുന്‍സിപ്പല്‍ നാഷണല്‍ ആര്‍ട്ട് മ്യൂസിയം എന്നിവ വിനോദസഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രങ്ങളാണ്. ദീര്‍ഘദൂര എക്‌സ്‌പ്രസ് ഹൈവേകളാണ് കോബീയിലെ ഗതാഗത സൗകര്യങ്ങളുടെ സവിശേഷത. ഇക്കുതാ, മിനാട്ടോഗാവ, നഗാതാ എന്നീ ക്ഷേത്രങ്ങളും സൊറാകൂവന്‍ ഗാര്‍ഡനുമാണ് നഗരത്തിലെ പ്രധാന കേന്ദ്രങ്ങള്‍.