This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോപ്പ്‌ലാന്‍ഡ്, ആരണ്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കോപ്പ്‌ലാന്‍ഡ്, ആരണ്‍ == == Copland, Aaron (1900 - 90) == യു.എസ്. സംഗീതജ്ഞനും ...)
അടുത്ത വ്യത്യാസം →
07:03, 9 ജനുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം
കോപ്പ്‌ലാന്‍ഡ്, ആരണ്‍
Copland, Aaron (1900 - 90)
യു.എസ്. സംഗീതജ്ഞനും ഗ്രന്ഥകാരനും. 1900 ന. 14-ന് ന്യൂയോര്‍ക്കിലെ ബ്രൂക്‌ലിനില്‍ ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം വിക്‌ടര്‍ വിറ്റ്‌ഗണ്‍ സ്റ്റീനിന്റെയും ക്ലാരന്‍സ് അഡ് ലറുടെയും കീഴില്‍ പിയാനോവാദനം അഭ്യസിച്ചശേഷം സ്വന്തമായി ഹാര്‍മോണിയം വായന ശീലിച്ചു. പാരിസില്‍ നദിയാ ബൗലംഗറുടെ ശിഷ്യത്വം സ്വീകരിച്ചു സംഗീതസംവിധാനത്തിലും പശ്ചാത്തല സംഗീതരചനയിലും പ്രാവീണ്യം നേടി.
കോപ്പ്‌ലാന്‍ഡിന്റെ പ്രസിദ്ധങ്ങളായ സംഗീത ശില്‌പങ്ങള്‍ എല്ലാംതന്നെ നാടോടിപാരമ്പര്യം ഉള്‍ക്കൊള്ളുന്നവയാണ്. എല്‍സലൂണ്‍ മെക്‌സിക്കോ (1936), ബില്ലി ദ കിഡ് (1938), റോഡിയോ (1942) എന്നിവ ഇക്കൂട്ടത്തില്‍ പ്രാമുഖ്യമര്‍ഹിക്കുന്നു. എബ്രഹാം ലിങ്കന്റെ പ്രഭാഷണങ്ങളെയും രചനകളെയും ഉപജീവിച്ച് അഡ്‌ലിസ്റ്റീവന്‍സന്‍, എലിനര്‍ റൂസ്‌വല്‍റ്റ് തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ടു തയ്യാറാക്കിയ ലിങ്കണ്‍ പോര്‍ട്രേയിറ്റ് (1942) ഇദ്ദേഹത്തിന്റെ പ്രശസ്‌തമായ സൃഷ്‌ടികളിലൊന്നാണ്.
ദേശഭക്തി പ്രചോദിതമായ ഫാന്‍ഫെയര്‍ ഫോര്‍ ദ കോമണ്‍ മാന്‍ (1942) ആണു ശ്രദ്ധേയമായ മറ്റൊരു ശില്‌പം. മ്യൂസിക് ഫോര്‍ ദ് തിയെറ്റര്‍, എ ഡാന്‍സ് സിംഫണി, സിംഫണിക് ഓഡ് തുടങ്ങിയ ഇതര സംഗീതശില്‌പങ്ങളും ജനപ്രീതി സമ്പാദിച്ചവയാകുന്നു. വാട്ട് ഡു വി പ്ലാന്റ്, ഓള്‍ഡ് അമേരിക്കന്‍ സോങ്‌സ് എന്നിവയ്‌ക്ക് ഇദ്ദേഹം ഈണം പകര്‍ന്നിട്ടുണ്ട്. മിറക്കിള്‍ അറ്റ് വെര്‍ഡുള്‍, ദ് ഫൈവ് കീങ്‌സ്, ക്വയറ്റ് സിറ്റി തുടങ്ങിയ നാടകങ്ങളും ദ് സിറ്റി ഒഫ് മൈസ് ആന്‍ഡ് മെന്‍, ദ് ഹെയറസ്, ദ് നോര്‍ത്ത് സ്റ്റാര്‍ മുതലായ ചലച്ചിത്രങ്ങളും ആരണ്‍ സംഗീതസംവിധാനം നിര്‍വഹിച്ച കലാസൃഷ്‌ടികളില്‍പ്പെടുന്നു.
സംഗീതത്തെക്കുറിച്ച് നിരവധി പ്രഭാഷണങ്ങള്‍ നടത്തുകയും ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്‌തു. വാട്ട് ടു ലിസണ്‍ ഫോര്‍ ഇന്‍ മ്യൂസിക് (1939), ഔവര്‍ ന്യൂ മ്യൂസിക് (1941), മ്യൂസിക് ആന്‍ഡ് ഇമാജിനേഷന്‍ (1952), കോപ്പ്‌ലാന്‍ഡ് ഓണ്‍ മ്യൂസിക് (1960) എന്നീ ഗ്രന്ഥങ്ങള്‍ സവിശേഷ പരാമര്‍ശമര്‍ഹിക്കുന്നു. മറ്റു കലാസൃഷ്‌ടികളാണ് "ദ ക്യാറ്റ് ആന്‍ഡ് മൗസ്' (1920), "ഫോര്‍മോട്ടെറ്റ്‌സ്' (1921), "പാസ്സാകാഗ്‌ലിയ' (1922), "സിംഫണി ഫോര്‍ ഓര്‍ഗന്‍ ആന്‍ഡ് ഓര്‍ക്കസ്‌ട്രാ' (1924), "കണ്‍സര്‍ട്ടോ ഫോര്‍ പിയാനോ ആന്‍ഡ് ഓര്‍ക്കസ്‌ട്രാ' (1926), "സിംഫണിക് ഓഡ്' (1927-29), "സൊണേക ഫോര്‍ വയലിന്‍ ആന്‍ഡ് പിയാനോ' (1943), "തേഡ് സിംഫണി' (1944-46), "ഇന്‍ ദ ബിഗ്നിജ്' (1947), "ദ റെഡ് പോണി' (1948), "ക്ലാനെറ്റ് കണ്‍സര്‍ട്ടോ' (1947-48), "റ്റ്വെല്‍വ് പോയംസ് ഒഫ് എമിലി ഡികിന്‍സണ്‍' (1958) എന്നിവ.
ഗുഗ്ഗന്‍ഹൈം ഫെലോഷിപ്പ്, ആര്‍.സി.എ. വിക്‌ടര്‍ അവാര്‍ഡ് (ഡാന്‍സ് സിംഫണി), പുലിറ്റ്‌സര്‍ സമ്മാനം (അപ്പലേച്ചിയന്‍ സ്‌പ്രിങ്), യേല്‍ സര്‍വകലാശാലയുടെ ഹൗലാന്‍ഡ് സ്‌മാരക അവാര്‍ഡ്. "പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഒഫ് ഫ്രീഡം' (1964), "പെന്‍സില്‍വാനിയ ഗ്ലീ ക്ലബ് അവാര്‍ഡ്' (1970), "സാന്‍ഫോഡ്‌മെഡല്‍', "നാഷണല്‍ മെഡല്‍ ഒഫ് ആര്‍ട്ട്‌സ്' (1986), "യു.എസ്. കണ്‍ഗ്രഷനല്‍ ഗോള്‍ഡ് മെഡല്‍' (1987) എന്നിവ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. പ്രിന്‍സ്റ്റണ്‍, ഹാര്‍വാഡ്, ന്യൂയോര്‍ക്ക്, കൊളംബിയ തുടങ്ങി പല സര്‍വകലാശാലകളും ഡോക്‌ടര്‍ ബിരുദം നല്‌കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
1980-കളോടെ അല്‍ഷിമേഴ്‌സ് ബാധിതനായ കോപ്പ്‌ലാന്‍ഡ് 1990 ഡി. 2-ന് അന്തരിച്ചു. കോപ്പ്‌ലാന്‍ഡിനെക്കുറിച്ചുള്ള ചലച്ചിത്രങ്ങളും (1975,85,96) ഫാന്‍ഫെറ ഫോര്‍ അമേരിക്ക: ദ കമ്പോസര്‍ ഒഫ് കോപ്പ്‌ലാന്‍ഡ് എന്ന പേരിലുള്ള ഛായാച്ചിത്ര(2001)വും ശ്രദ്ധേയമാണ്. ഇദ്ദേഹം അവസാനനാളുകളില്‍ വസിച്ചിരുന്ന ന്യൂയോര്‍ക്കിലെ "റോക്‌ഹില്‍' 2003-ല്‍ ദേശീയ ചരിത്ര പ്രാധാന്യമുള്ള ഭവനമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.