This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോണ്‍ഡര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കോണ്‍ഡര്‍ == == Condor == പറക്കുന്ന പക്ഷികളില്‍ ഏറ്റവും വലുത്. കഴു...)
അടുത്ത വ്യത്യാസം →
06:25, 31 ഡിസംബര്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
കോണ്‍ഡര്‍
Condor
പറക്കുന്ന പക്ഷികളില്‍ ഏറ്റവും വലുത്. കഴുകന്റെ ഒരിനമായ കോണ്‍ഡറിനെ കത്താര്‍ട്ടിഡേ (cathartidae) എന്ന പക്ഷി കുടുംബത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആന്‍ഡിയന്‍ കോണ്‍ഡര്‍, കാലിഫോര്‍ണിയന്‍ കോണ്‍ഡര്‍ എന്നീ രണ്ടിനം കോണ്‍ഡറുകളാണുള്ളത്.
കോണ്‍ഡറിന്റെ തലയിലും കഴുത്തിലും തൂവലുകള്‍ കാണാറില്ല. ഈ ഭാഗത്തു മങ്ങിയ ചുവപ്പുനിറമാണുള്ളത്. കഴുത്തിലെ ചര്‍മം ചുക്കിച്ചുളുങ്ങിയിരിക്കുന്നു. ആണ്‍പക്ഷികളുടെ തലയില്‍ ഒരു മാംസളശൃംഗം (caruncle) കാണുന്നു. കോണ്‍ഡറുകളുടെ കൊക്കിന്റെ മൊത്തം നിറം വെള്ളയാണെങ്കിലും ആധാരഭാഗത്തിനു തവിട്ടുനിറമാണുള്ളത്. ഇവയുടെ ചിറകിന്റെ വിസ്‌തൃതി മൂന്നുമീറ്റര്‍വരെ ആവാറുണ്ട്. ഏറ്റവും വലിയ പറക്കുന്ന പക്ഷി എന്ന പദവി കോണ്‍ഡറുകള്‍ക്ക് നേടിക്കൊടുത്തതും ഈ ചിറകുകളാണ്. ചിറകുകള്‍ വിടര്‍ത്തി അന്തരീക്ഷത്തിന്റെ ഉയര്‍ന്ന വിതാനങ്ങളില്‍ സഞ്ചരിക്കാനും ഇവയ്‌ക്കു കഴിയും. ചിറകുകള്‍ ചലിപ്പിക്കാതെ ദീര്‍ഘസമയം ഇവ ഇപ്രകാരം സഞ്ചരിക്കാറുണ്ട്. മറ്റു പലയിനം കഴുകന്മാരെയും പോലെ കോണ്‍ഡറും ചത്ത മൃഗങ്ങളെയാണ് കൂടുതലായും ഭക്ഷിക്കാറുള്ളത്. പ്രായം കുറഞ്ഞ മൃഗങ്ങളെയും മുറിവേറ്റവയെയും ഇവ കടന്നാക്രമിക്കാറുണ്ട്. ഉയര്‍ന്നതും കുത്തനെയുള്ളതുമായ പാറകള്‍ക്കിടയിലും മറ്റുമാണിവ കൂടുവയ്‌ക്കാറുള്ളത്. ഏതാനും മരക്കമ്പുകള്‍ അടുക്കിയാണ് കൂടുണ്ടാക്കുന്നത്. പ്രജനനഘട്ടത്തില്‍ കൂടുകളില്‍ ഒന്നോ രണ്ടോ വെളുത്ത മുട്ടകള്‍ കാണപ്പെടാറുണ്ട്. അടയിരുപ്പുകാലം ഏതാണ്ട് 55 ദിവസമാണെന്നു കരുതപ്പെടുന്നു. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു വര്‍ഷം പ്രായമായാല്‍ മാത്രമേ പറക്കാനുള്ള ശക്തി കൈവരാറുള്ളൂ.
ആന്‍ഡിയന്‍ കോണ്‍ഡര്‍ തെക്കേ അമേരിക്കയിലെ ആന്‍ഡിസ് പര്‍വതമേഖലയിലാണ് കാണപ്പെടുന്നത്. ശാ.നാ. വള്‍ച്ചര്‍ ഗ്രഫസ് (Vultur gryphus). ആണ്‍പക്ഷികളുടെ കഴുത്തിനു ചുറ്റും വെള്ളത്തൂവലുകള്‍ കൊണ്ടുള്ള ഒരു തൊങ്ങല്‍ കാണാം. ഇവയുടെ ചിറകിന്റെ വിസ്‌തൃതി 3.2 മീ. വരെയാണ്. ശരീരത്തിന് കൊക്കുമുതല്‍ വാലറ്റം വരെ ശരാശരി 1.2 മീ. നീളമാണുള്ളത്. പെണ്‍പക്ഷിയെ അപേക്ഷിച്ച് ആണ്‍പക്ഷികള്‍ക്കാണ് വലുപ്പക്കൂടുതല്‍. ഇക്വഡോര്‍, ബൊളീവിയ, ചിലി എന്നീ രാജ്യങ്ങളുടെ ദേശീയ പക്ഷിയാണ് ആന്‍ഡിയന്‍ കോണ്‍ഡര്‍.
തെക്കന്‍ കാലിഫോര്‍ണിയയിലെ പര്‍വതപ്രദേശങ്ങളില്‍ കണ്ടുവരുന്ന കാലിഫോര്‍ണിയ കോണ്‍ഡറിന്റെ ശാ.നാ. ജിംനോഗിപ്‌സ് കാലിഫോര്‍ണിയാനസ് (Gymnogyps californianus)എന്നാണ്. ഇവയുടെ ചിറകിന്റെ വിസ്‌തൃതി 2.9 മീ. വരെ ആകാറുണ്ട്. റെഡ്‌വുഡ് മരങ്ങളുടെ പൊത്തുകളിലും, പാറയിടുക്കുകളിലും ആണ് ഇവ മുട്ടയിടുന്നത്. പച്ചകലര്‍ന്ന വെളുത്ത മുട്ടയാണ് കാലിഫോര്‍ണിയന്‍ കോണ്‍ഡറിന്റേത്.
കഡഇച സര്‍വൈവല്‍ കമ്മിറ്റിയുടെ കണക്കുകളനുസരിച്ച് (2010) കാലിഫോര്‍ണിയന്‍ കോണ്‍ഡറിനെ ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ജന്തുക്കളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംരക്ഷണാര്‍ഥം ഇവയെ കൂട്ടിലടച്ച് വളര്‍ത്തുന്ന രീതി (captive breeding) ഇപ്പോള്‍ വ്യാപകമാക്കിയിട്ടുണ്ട്.