This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോണ്‍ക്രീഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കോണ്‍ക്രീഷന്‍ == == Concretion == അവസാദശില(Sedimentary rock)യുടെ രൂപീകരണഘട്ടത്ത...)
അടുത്ത വ്യത്യാസം →

Current revision as of 05:59, 25 ഡിസംബര്‍ 2014

കോണ്‍ക്രീഷന്‍

Concretion

അവസാദശില(Sedimentary rock)യുടെ രൂപീകരണഘട്ടത്തില്‍ ഫോസില്‍, കക്ക(shell), ക്വാര്‍ട്ട്‌സ്‌ പോലുള്ള വസ്‌തുക്കള്‍ എന്നിവയ്‌ക്കു ചുറ്റും ധാതുക്കള്‍, അവസാദങ്ങള്‍ എന്നിവ ഘനീഭവിച്ചു രൂപപ്പെടുന്ന ഉറപ്പേറിയ ശിലാപിണ്ഡം. അവസാദശിലകളുടെ രൂപീകരണ സമയത്തോ അവസാദനിക്ഷേപം നടന്നതിനു തൊട്ടുപിന്നാലെയോ ആയിരിക്കും കോണ്‍ക്രീഷനുകള്‍ രൂപപ്പെടുക. ലത്തീന്‍ ഭാഷയില്‍ കോണ്‍ക്രീഷന്‍ എന്നാല്‍ "ഉറയല്‍' എന്നാണര്‍ഥം. 16-ാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ്‌ ഇത്തരം അവസാദശിലാരൂപങ്ങള്‍ക്ക്‌ "കോണ്‍ക്രീഷന്‍' എന്ന പേരു നല്‍കിയത്‌.

കോണ്‍ക്രീഷന്‌ ഏതാനും സെ.മീ. മുതല്‍ അനേകം മീറ്റര്‍ വരെ വ്യാപ്‌തിയുണ്ടാകാം. വ്യത്യസ്‌ത തോതില്‍ എക്കലോ കളിമണ്ണോ ജൈവപദാര്‍ഥങ്ങളോ കലര്‍ന്നതും അല്ലാത്തതുമായ കാത്സ്യം കാര്‍ബണേറ്റാണ്‌ മിക്കവാറും എല്ലാ കോണ്‍ക്രീഷനുകളുടെയും മുഖ്യഘടകം. ചുണ്ണാമ്പുകല്ല്‌, ചെര്‍ട്ട്‌ (chert), ജിപ്‌സം, ഡോളമൈറ്റ്‌, ലിമനൈറ്റ്‌ എന്നിവയടങ്ങിയ കോണ്‍ക്രീഷനുകളും ലഭ്യമാണ്‌.

കോണ്‍ക്രീഷനുകള്‍ക്ക്‌ അവസാദശിലകളില്‍ നിന്നും തികച്ചും വ്യത്യസ്‌തമായ ധാതുഘടനയും നിറവും കാഠിന്യവുമാണുള്ളത്‌. ഇവയുടെ അപക്ഷയ ക്ഷമതയും വ്യതിരിക്തതയുമായിരിക്കും കാരണം ചില കോണ്‍ക്രീഷനുകള്‍ അവസാദശിലയുമായി വ്യക്തമായ അതിര്‍രേഖ കാണിക്കുമ്പോള്‍ മറ്റുള്ളവയില്‍ അനുക്രമമായ അതിര്‍രേഖകള്‍ മാത്രമേ കാണുന്നുള്ളൂ. ഇവ അയണ്‍ കാര്‍ബണേറ്റ്‌, അയണ്‍ സിലിക്കേറ്റ്‌ എന്നീ ധാതുക്കളുടെ മിശ്രിതങ്ങളായിരിക്കും.

കോണ്‍ക്രീഷനുകള്‍ക്ക്‌ സാധാരണയായി ഗോളാകൃതിയോ അണ്ഡാകൃതിയോ ആയിരിക്കും. പരന്ന്‌ തകിടുപോലെയും കാണപ്പെടുന്നുണ്ട്‌. രണ്ടു വ്യത്യസ്‌ത കോണ്‍ക്രീഷന്‍-കേന്ദ്രങ്ങള്‍ ഒന്നിച്ചു വളര്‍ന്നു രൂപപ്പെട്ട വിശേഷാകൃതിയുള്ളവയുമുണ്ട്‌. കാര്‍ബോണിഫെറസ്‌ കല്‌പത്തില്‍, ലോകത്തിന്റെ പല ഭാഗത്തും കാണപ്പെട്ട കല്‍ക്കരിത്തടങ്ങളുടെ സവിശേഷതയാണ്‌ ക്ലേ-അയണ്‍ സ്റ്റോണ്‍ കോണ്‍ക്രീഷനുകള്‍. കല്‍ക്കരിത്തടത്തിലോ അതിനു തൊട്ടു മുകളിലോ കാണുന്ന ചുണ്ണാമ്പടങ്ങിയ കോണ്‍ക്രീഷനുകള്‍ കല്‍ക്കരിഗോളങ്ങള്‍ (coal balls)എന്നറിയപ്പെടുന്നു. മര്‍ദിതാവസ്ഥയിലല്ലാതെ സംരക്ഷിക്കപ്പെട്ടിട്ടുള്ള സസ്യ-ഫോസിലുകളുടെ സാന്നിധ്യംമൂലം, വളരെ ഉയര്‍ന്ന തോതിലുള്ള നൈസര്‍ഗിക-സസ്യജൈവപദാര്‍ഥങ്ങള്‍ ഈ കല്‍ക്കരിത്തടങ്ങളുടെ പ്രത്യേകതയാണ്‌. പ്രധാനമായി കളിമണ്ണു കലര്‍ന്ന ആധാത്രികയാല്‍ ചുറ്റപ്പെട്ടതും ഗോളാകൃതിയുള്ളതുമായ, കാത്സ്യം കലര്‍ന്ന അസംഖ്യം നോഡ്യൂളുകള്‍ അടങ്ങിയവ ബാള്‍സ്റ്റോണ്‍സ്‌ (Ball stones)എന്നാണ്‌ അറിയപ്പെടുന്നത്‌. ഇംഗ്ലണ്ട്‌, ഫ്രാന്‍സ്‌ എന്നിവിടങ്ങളിലെ കല്‍ക്കരിത്തടങ്ങള്‍ ന്യൂയോര്‍ക്കിലെ സിലിക്കാത്തടം എന്നിവ സിലിക്കേറ്റ്‌ ധാതുകൊണ്ടു നിര്‍മിതമായ കോണ്‍ക്രീഷനുകള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌. ഇല, കക്ക, എല്ല്‌, ഫോസില്‍ തുടങ്ങിയവയാല്‍ ആവൃതമായി, ഉരുണ്ടു ഗോളാകൃതിയുള്ള കളിമണ്‍ പിണ്ഡങ്ങളെ "കവചിത-കളിമണ്‍ ഗോളങ്ങള്‍' (Armoured clay balls)എന്നു വിളിക്കുന്നു. അവസാദശിലകളില്‍ ഇവയുടെ സാന്നിധ്യം സമുദ്രവുമായുള്ള സാമീപ്യത്തിനു തെളിവായാണ്‌ കരുതിപ്പോരുന്നത്‌.

വിവിധതരത്തില്‍ രൂപംകൊള്ളുന്ന പ്രാഥമികവും ദ്വിതീയവുമായ പലതരം ധാതുസമുച്ചയത്തിനും പൊതുവായി കോണ്‍ക്രീഷന്‍ എന്നും പറയാറുണ്ട്‌. സമുദ്രത്തിന്റെ അഗാധഗര്‍ത്തങ്ങളില്‍ രൂപംകൊള്ളുന്ന മാങ്‌ഗനീസ്‌ നോഡ്യൂളുകള്‍ എന്നറിയപ്പെടുന്ന മാങ്‌ഗനീസ്‌ ഓക്‌സൈഡ്‌ പൂരിതങ്ങള്‍, കാത്സ്യം ഫോസ്‌ഫേറ്റ്‌ കാല്‍കേരിയസ്‌ നോഡ്യൂളുകള്‍ എന്നിവയെല്ലാം ഇതിനുദാഹരണങ്ങളാണ്‌.

ഒരു പ്രാണിയുടെയോ സസ്യത്തിന്റെയോ ശരീരത്തിനുള്ളില്‍ ബാഹ്യവസ്‌തുക്കള്‍ ഉറഞ്ഞുകട്ടിയാകുന്നതിനെയും കോണ്‍ക്രീഷന്‍ എന്നു പറയാറുണ്ട്‌. വൃക്കയിലും മറ്റും ഉണ്ടാകുന്ന "കല്ല്‌' ഇതിനുദാഹരണമാണ്‌.

(ഡോ. സന്തോഷ്‌, എം; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍