This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോടഞ്ചേരി മരയ്‌ക്കാര്‍ മുസ്‌ല്യാര്‍ (19-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കോടഞ്ചേരി മരയ്‌ക്കാര്‍ മുസ്‌ല്യാര്‍ (19-ാം ശ.) == കേരളീയ മതപ്രഭ...)
അടുത്ത വ്യത്യാസം →

Current revision as of 09:29, 19 ഡിസംബര്‍ 2014

കോടഞ്ചേരി മരയ്‌ക്കാര്‍ മുസ്‌ല്യാര്‍ (19-ാം ശ.)

കേരളീയ മതപ്രഭാഷകനും അറബി-മലയാള കവിയും. മാറഞ്ചേരി, വെളിയകോട്‌, പൊന്നാനി ജുമാഅത്ത്‌ പള്ളിദര്‍സുകളില്‍ നിന്ന്‌ അറബിഭാഷയില്‍ പ്രാവീണ്യം നേടി. മാപ്പിളക്കവി സമ്രാട്ടായ മോയിന്‍കുട്ടി വൈദ്യരായിരുന്നു ഇദ്ദേഹത്തിന്റെ ഗുരു. മാപ്പിളക്കവിതാരചനകളില്‍ മികവു പുലര്‍ത്തിയിരുന്ന മുസ്‌ല്യാര്‍, മുസ്‌ലിം സമുദായത്തില്‍ പ്രചരിച്ചിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി നിരന്തരം കവിതകളെഴുതിയിട്ടുണ്ട്‌. ആദ്യകാല കൃതികളാണ്‌ ബദര്‍മൈത്ത്‌, ബദര്‍മാല, ഉഹദ്‌മാല, ഫാത്തിമ മാല, ഉമര്‍കാളിമാല എന്നിവ. 1886-ലാണ്‌ മഹാകാവ്യമായ മുസാഫിര്‍ ഔന്‍ ഖിസ്സപ്പാട്ട്‌ രചിച്ചത്‌. കൂടാതെ പ്രവാചകനെക്കുറിച്ചെഴുതിയ ചരിത്രഗ്രന്ഥമാണ്‌ 12 ഭാഗങ്ങളുള്ള മൗലിദ്‌. ഇദ്ദേഹം രചിച്ച മാപ്പിളഖണ്ഡകാവ്യമായ ദുരാചാര മര്‍ദന (1927)വും ശ്രദ്ധേയമാണ്‌.

ഖിലാഫത്തുപ്രസ്ഥാന അനുഭാവിയായിരുന്നതിനാല്‍ ഖിലാഫത്തു ലഹളക്കാലത്ത്‌ (1921) ബ്രിട്ടീഷുകാര്‍ ഇദ്ദേഹത്തിന്റെ ഭവനം കൊള്ളയടിക്കുകയും വെല്ലൂര്‍, ബെല്ലാരി ജയിലുകളിലായി ആറുമാസത്തെ കഠിനതടവിന്‌ ശിക്ഷിക്കുകയും ചെയ്‌തു. കേരള മുസ്‌ലിം ഐക്യസംഘം ഉപദേശക സമിതി അംഗമായിരുന്നു മരയ്‌ക്കാര്‍ മുസ്‌ല്യാര്‍. പ്രമുഖ സ്വാതന്ത്യ് സമരസേനാനി ഇ. മൊയ്‌തു മൗലവി ഇദ്ദേഹത്തിന്റെ മകനാണ്‌.

(കെ.കെ. മുഹമ്മദ്‌ അബ്‌ദുല്‍ കരീം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍