This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇറ്റാലിയന്‍ സാഹിത്യം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→നാടകം) |
Mksol (സംവാദം | സംഭാവനകള്‍) (→സാഹിത്യവിമര്‍ശനം) |
||
വരി 84: | വരി 84: | ||
=== സാഹിത്യവിമര്‍ശനം=== | === സാഹിത്യവിമര്‍ശനം=== | ||
- | 20-ാം ശതകത്തില്‍ ലോകസാഹിത്യസമ്പത്തിന് ഇറ്റലി നല്‌കിയിട്ടുള്ള സംഭാവനകളില്‍ ഏറ്റവും വിലപ്പെട്ടത് സാഹിത്യവിമര്‍ശനമാണെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു; ഈ മണ്ഡലത്തില്‍ സര്‍വാദൃതമായ നാമം ബനദത്തോ | + | 20-ാം ശതകത്തില്‍ ലോകസാഹിത്യസമ്പത്തിന് ഇറ്റലി നല്‌കിയിട്ടുള്ള സംഭാവനകളില്‍ ഏറ്റവും വിലപ്പെട്ടത് സാഹിത്യവിമര്‍ശനമാണെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു; ഈ മണ്ഡലത്തില്‍ സര്‍വാദൃതമായ നാമം ബനദത്തോ ക്രോഷേ(1866-1952)യുടേതാണെന്നുള്ളതിലും പക്ഷാന്തരമില്ല. സകലതിന്റെയും യാഥാര്‍ഥ്യവും മനുഷ്യമനസ്സാണെന്നും സൈദ്ധാന്തികവും പ്രായോഗികവുമായ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ അടങ്ങാത്തതൊന്നുമില്ലെന്നും ഉള്ള നിഗമനമാണ് ക്രോഷേയുടെ വാദങ്ങളുടെ കാതല്‍. കലയും തത്ത്വദര്‍ശനവും ചരിത്രവും സാമ്പത്തികശാസ്‌ത്രവും സൗന്ദര്യശാസ്‌ത്രവുമെല്ലാം ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗങ്ങളാണ്. |
- | കലാസാംസ്‌കാരികരംഗങ്ങളിലെ, മുമ്പന്തിക്കാരായ ഉന്നതന്മാര്‍ നടത്തിയിരുന്ന ചില ആനുകാലിക പ്രസിദ്ധീകരണങ്ങളിലും (La Voce, 1908-16; La Ronda | + | കലാസാംസ്‌കാരികരംഗങ്ങളിലെ, മുമ്പന്തിക്കാരായ ഉന്നതന്മാര്‍ നടത്തിയിരുന്ന ചില ആനുകാലിക പ്രസിദ്ധീകരണങ്ങളിലും (La Voce, 1908-16; La Ronda 1919-23; La Soloria, 1926-34) ക്രോഷേയുടെതന്നെ പത്രാധിപത്യത്തില്‍ ദീര്‍ഘകാലം നടന്ന മറ്റൊരു മാസികയിലും (La Critica) കൂടിയാണ് ഇറ്റാലിയന്‍ സാഹിത്യവിമര്‍ശനത്തിന്റെ ആധുനികാന്തര്‍ധാരകള്‍ ലോകമെങ്ങും പരന്നത്. |
21-ാം ശതകത്തിലെ ഇറ്റാലിയന്‍ സാഹിത്യ വിമര്‍ശകരില്‍ പ്രധാനി ഉംബെര്‍ട്ടോ ഇക്കോയാണെന്നു പറയുന്നതില്‍ തെറ്റില്ല. ഇദ്ദേഹം സ്ഥാപിച്ച സെമിയോട്ടിക് ജേണലായ വെഴ്‌സസ് ഇന്നും നിരൂപണ വിദ്യാര്‍ഥികള്‍ക്കും എഴുത്തുകാര്‍ക്കും പ്രധാനപ്പെട്ട പ്രസിദ്ധീകരണമാണ്. ഓപ്പെറ അപ്പെര്‍ത (1962, ദി ഓപ്പണ്‍ വര്‍ക്ക്), ഫെയ്‌ത് ഇന്‍ ഫോക്‌സ്: ട്രാവല്‍സ് ഇന്‍ ഹൈപ്പര്‍ റിയാലിറ്റി തുടങ്ങിയവ ഇക്കോയുടെ ശ്രദ്ധേയമായ നിരൂപണ സിദ്ധാന്തങ്ങള്‍ വിവരിക്കുന്ന കൃതികളാണ്. പിയതോ സിത്താത്തി (ജ. 1930), ജൂസെപ്പെ പോംഗ്ലിയാജിയ (1934-2003), ഫാബിയോ വിത്തോറിനി (ജ. 1971) തുടങ്ങിയവയരാണ് മറ്റ് സമീപകാല ഇറ്റാലിയന്‍ നിരൂപകര്‍. | 21-ാം ശതകത്തിലെ ഇറ്റാലിയന്‍ സാഹിത്യ വിമര്‍ശകരില്‍ പ്രധാനി ഉംബെര്‍ട്ടോ ഇക്കോയാണെന്നു പറയുന്നതില്‍ തെറ്റില്ല. ഇദ്ദേഹം സ്ഥാപിച്ച സെമിയോട്ടിക് ജേണലായ വെഴ്‌സസ് ഇന്നും നിരൂപണ വിദ്യാര്‍ഥികള്‍ക്കും എഴുത്തുകാര്‍ക്കും പ്രധാനപ്പെട്ട പ്രസിദ്ധീകരണമാണ്. ഓപ്പെറ അപ്പെര്‍ത (1962, ദി ഓപ്പണ്‍ വര്‍ക്ക്), ഫെയ്‌ത് ഇന്‍ ഫോക്‌സ്: ട്രാവല്‍സ് ഇന്‍ ഹൈപ്പര്‍ റിയാലിറ്റി തുടങ്ങിയവ ഇക്കോയുടെ ശ്രദ്ധേയമായ നിരൂപണ സിദ്ധാന്തങ്ങള്‍ വിവരിക്കുന്ന കൃതികളാണ്. പിയതോ സിത്താത്തി (ജ. 1930), ജൂസെപ്പെ പോംഗ്ലിയാജിയ (1934-2003), ഫാബിയോ വിത്തോറിനി (ജ. 1971) തുടങ്ങിയവയരാണ് മറ്റ് സമീപകാല ഇറ്റാലിയന്‍ നിരൂപകര്‍. |
Current revision as of 11:55, 11 സെപ്റ്റംബര്‍ 2014
ഉള്ളടക്കം |
ഇറ്റാലിയന്‍ സാഹിത്യം
Italian Literature
ഇറ്റാലിയന്‍ ഭാഷയില്‍ രചിച്ച സാഹിത്യ സൃഷ്‌ടികള്‍. ഇറ്റാലിയന്‍ഭാഷയില്‍ സാഹിത്യസൃഷ്‌ടികളാരംഭിച്ചത് മറ്റു യൂറോപ്യന്‍സാഹിത്യങ്ങളെ അപേക്ഷിച്ച് കുറേ താമസിച്ചാണ്. രാഷ്‌ട്രീയവും സാമ്പത്തികവുമായ ഘടകങ്ങള്‍ ഇതിനു കാരണങ്ങളായിരുന്നു എന്ന് പെതുവേ പറയാറുണ്ട്. ഇറ്റലി എന്ന രാഷ്‌ട്രം സ്വകീയമായ ശക്തി ആര്‍ജിക്കുന്നത് 11-12 നൂറ്റാണ്ടുകളിലാണ്. ഇന്നസെന്റ് മൂന്നാമന്‍ മാര്‍പ്പാപ്പായുടെ ആധിപത്യകാലവും (1198-1216) വിശുദ്ധറോമന്‍ സമ്രാട്ടായ ഫ്രഡറിക്ക് രണ്ടാമന്റെ ഭരണകാലവും (1220-50) നാലാമത്തെ കുരിശുയുദ്ധവും (1202-04) എല്ലാംകൂടി ആവിഷ്‌കരിച്ച സാംസ്‌കാരികതരംഗപരമ്പരകളില്‍ ഇറ്റാലിയന്‍ സാഹിത്യത്തിന്റെ ആദ്യാങ്കുരങ്ങളുടെ ആവിര്‍ഭാവം സാഹിത്യചരിത്രകാരന്മാര്‍ ദര്‍ശിക്കുന്നു.
സിസിലിയന്‍ കവികള്‍
ഫ്രെഡറിക് ചക്രവര്‍ത്തിയുടെ സദസ്സില്‍ സമ്മേളിച്ചിരുന്ന കവികള്‍ ഇറ്റാലിയന്‍ഭാഷയിലെ ആദ്യത്തെ പ്രേമഗാനങ്ങള്‍ രചിച്ചതോടുകൂടി അതിന് ഒരു സാഹിത്യസ്വത്വം കൈവരാന്‍ ആരംഭിച്ചു. ജാകോപോ ദാ ധന്‍തീനി, ഗിയാകരമോ പുഗ്ലീസി, ദിനാള്‍ഡോ ഡി അക്വിനോ, ഗ്വിസോഡെല്ലി കോളോണ്ണെ തുടങ്ങിയ ഇത്തരം ആസ്ഥാനകവികളെ സിസിലിയന്‍ പ്രസ്ഥാന(Sicilian School)ത്തിലുള്‍പ്പെട്ടവരെന്നു വ്യവഹരിച്ചുവരുന്നു. ചക്രവര്‍ത്തിതന്നെയും ഏതാനും പ്രണയഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ലന്‍തീനിയാണ് ഗീതക (sonnet) പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് എന്നു കരുതപ്പെടുന്നു. ദക്ഷിണ ഇറ്റലിയില്‍ പ്രചരിച്ചിരുന്ന പ്രാദേശികഭാഷാഭേദങ്ങളാണ് ഇവര്‍ സാഹിത്യരചനയ്‌ക്കു മാധ്യമമായി സ്വീകരിച്ചിരുന്നത്. ഇറ്റാലിയന്‍കവിതയിലെ ആദ്യത്തെ സമുത്‌കൃഷ്‌ടകൃതി എന്ന ബഹുമതിക്ക് അര്‍ഹമായിരിക്കുന്നത് അസീസ്സിയിലെ വിശുദ്ധ ഫ്രാന്‍സിസ്സിന്റെ (1182-1226) ഒരു ലഘുകാവ്യമാണ് (Cantico di Frate Sole).
ഏതാണ്ട് ഈ കാലത്തുതന്നെ ഇറ്റാലിയനിലെ ഗദ്യശാഖയും സ്വതന്ത്രവ്യക്തിത്വത്തോടുകൂടി രൂപംകൊള്ളാനാരംഭിച്ചു. സിസറോയുടെ പ്രഭാഷണങ്ങളും എ.ഡി. 6-ാം ശ.മുതല്‍ ഇംഗ്ലണ്ടില്‍ രൂപം പ്രാപിച്ചുവന്ന ആര്‍തര്‍ രാജാവിനെപ്പറ്റിയുള്ള ഐതിഹ്യങ്ങളും വിവര്‍ത്തനം ചെയ്യാനാരംഭിച്ചതാണ് ആദ്യകാല ഇറ്റാലിയന്‍ ഗദ്യ മാതൃകകള്‍. ഗ്വിഡോഫോബാ (?-1240), ഗ്വിത്തോണെഡെ അരെസ്സോ തുടങ്ങിയവരുടെ എഴുത്തുകളും ബോണോ ഗിയാംബോണിയുടെ കഥാസമാഹാരങ്ങളും 13-ാം ശതകത്തിലെ ഗദ്യസാഹിത്യസൃഷ്‌ടികളാണ്.
ഡാന്റേ അലൈഗ്യേരി
14-ാം ശതകത്തിലെ ഇറ്റാലിയന്‍ സാഹിത്യത്തിന്റെ അഗ്രിമസ്ഥാനത്തെത്തിയ മൂന്ന് അതികായന്മാരെ ലോകം ഇന്നും ആദരിച്ചുവരുന്നു. ഡാന്റേ, പെട്രാര്‍ക്ക്, ബൊക്കാച്ചിയോ. ഇക്കൂട്ടത്തില്‍ ഡാന്റേ (1265-1321) ഇറ്റാലിയന്‍ സാഹിത്യത്തില്‍ വഹിച്ചിരുന്ന സ്ഥാനത്തിന് തുല്യമായ ഒന്ന് ഏതു സാഹിത്യത്തിലും മറ്റൊരു സാഹിത്യകാരന് ലോകം ഇതുവരെ നല്‌കിയിട്ടില്ല. പ്രമഗാനങ്ങള്‍ (Vitanvora, 1293), ദര്‍ശനങ്ങള്‍ (Convivio, 1306), സാഹിത്യചിന്തകള്‍ (Devulgari Elequentia, 1307), അന്യാപദേശങ്ങള്‍ (Commedia, 1321), രാഷ്‌ട്രീയം (Monarchia, 1310) തുടങ്ങി പല വിഷയങ്ങളെയും ഡാന്റേയുടെ സര്‍ഗഭാവന ആശ്ലേഷിച്ചിട്ടുണ്ടെങ്കിലും തന്റെ പ്രേമഭാജനമായ ബീയാട്രീസിനെക്കുറിച്ചുള്ള മധുരസ്‌മരണകളാല്‍ പ്രചോദിതനായി പാതാളത്തിലും നരകത്തിലും സ്വര്‍ഗത്തിലും താന്‍ നടത്തുന്ന ദീര്‍ഘപര്യടനങ്ങളെ വിവരിക്കുന്ന ദിവ്യനാടകം (Divine Comme-dia) എന്ന അദ്ദേഹത്തിന്റെ മഹാകാവ്യമാണ് വിശ്വസാഹിത്യത്തില്‍ അനന്വയമായി നിലകൊള്ളുന്നത്.
ഡാന്റേയോടൊപ്പം ഇറ്റാലിയന്‍ നവോത്ഥാനത്തിലേക്കുള്ള പാത ഒരുക്കിയ രണ്ടു മഹാരഥന്മാരാണ് ഫ്രാന്‍സെസ്‌കോ പെട്രാര്‍ക്ക് (1307-74) ഗിയോവന്നി ബൊക്കാച്ചിയോവ് (1313-75) എന്നിവര്‍. ഉത്‌ഫുല്ലമായ മനുഷ്യസ്‌നേഹത്തിന്റെ സന്ദേശവാഹകരായ ഇവര്‍ രണ്ടുപേരും ഉറ്റസുഹൃത്തുക്കളും ആയിരുന്നു. പ്രമുഖനായ കവി എന്ന നിലയിലാണ് പെട്രാര്‍ക്ക് പ്രസിദ്ധനായത് (All Italia Trionfi, 1352; Africa, 1338). ബൊക്കാച്ചീയോവിന്റെ സംഭാവനകള്‍ ഗദ്യസാഹിത്യത്തിന് കനപ്പെട്ട മുതല്‍ക്കൂട്ടുകളായിത്തീര്‍ന്നു. ഇദ്ദേഹത്തിന്റെ ഡെകാമറോണ്‍ (1345-53) ഫലിതസമൃദ്ധവും യാഥാര്‍ഥ്യാത്മകവും ആയ നൂറ് കഥകളുടെ സമാഹാരമാണ്. ലത്തീന്‍ഭാഷയിലും ധാരാളം സാഹിത്യസൃഷ്‌ടി നടത്തിയിട്ടുള്ള ബൊക്കാച്ചീയോ ഏതാനും ആഖ്യാനകാവ്യങ്ങളുടെയും പ്രേമഗാനങ്ങളുടെയും കര്‍ത്താവുകൂടിയാണ്.
ഈ കാലഘട്ടത്തില്‍ ഫ്‌ളോറന്‍റ്റെന്‍, റൊമാന്‍സ്, ടസ്‌കന്‍ തുടങ്ങിയ പ്രാദേശിക ഭാഷകളിലുണ്ടായ കാവ്യങ്ങളും കഥകളും നിറഞ്ഞ മനുഷ്യസ്‌നേഹത്തെ ഉദീരണം ചെയ്യുന്നവയായിരുന്നു. സിനോറി നൂച്ചിനി (?-1417), അന്തോണിയോ പുച്ചി (?-1388), ഗിയോവന്നി ലൂകാ (1347-1424), ആന്ദ്രീ ദാ ബാര്‍ബേറിനോ (1370-1431), ഗിയോവന്നി സെര്‍കാംബി (1347-1424) തുടങ്ങിയവര്‍ "ഹ്യൂമനിസ'ത്തിന്റെ പ്രചാരകര്‍ എന്ന നിലയില്‍ സ്‌മരിക്കപ്പെടുന്നു. ഗുണദോഷവാക്യങ്ങള്‍, ഉദ്‌ബോധനങ്ങള്‍, സന്മാര്‍ഗകഥകള്‍ തുടങ്ങിയ ആധ്യാത്മികരചനകള്‍ക്കും ഈ കാലത്ത് നല്ല പ്രചാരമുണ്ടായി. പ്രാദേശികഭാഷകളിലുള്ള ചരിത്രരചനകളുടെ ആരംഭവും ഈ കാലത്ത് കണ്ടെത്താന്‍ കഴിയും.
നവോത്ഥാനം
പ്രാചീന ഭാഷാസാഹിത്യങ്ങളുടെ പഠനങ്ങളും പ്രചാരണസംരംഭങ്ങളും സാംസ്‌കാരിക പുനരുത്ഥാനവും പൂവണിഞ്ഞ മൂന്നു നൂറ്റാണ്ടുകള്‍ (15, 16, 17) ഇറ്റാലിയന്‍ നവോത്ഥാനത്തിന്റെ സുവര്‍ണയുഗമായി ഗണിക്കപ്പെടുന്നു. പ്രതിമതനവീകരണത്തിന്റെ (Counter-reformation) കാലമായ 18-ാം ശതകത്തിന്റെ ആരംഭംവരെ ഈ സമുജ്ജ്വലകാലഘട്ടം വ്യാപിച്ചുകിടക്കുന്നു. മനുഷ്യനെയും സാങ്കേതികവിജ്ഞാന സമ്പത്തിനെയും കൂടുതല്‍ സമഗ്രമായി മനസ്സിലാക്കാനും മനുഷ്യജീവിതത്തെ തന്നെ കൂടുതല്‍ അര്‍ഥപൂര്‍ണമാക്കാനും സിദ്ധാന്തപരമായും പ്രായോഗികമായും നടന്ന പഠനഗവേഷണങ്ങള്‍ക്ക് സുലഭമായ പ്രാേത്സാഹനം നല്‌കിയ രാജസ്ഥാനങ്ങളും മതാധ്യക്ഷന്മാരും ഈ കാലത്ത് ധാരാളമുണ്ടായിരുന്നു. "സമുജ്ജ്വലന്‍' (Magnificent)എന്ന ബിരുദം നല്‌കപ്പെട്ടിരുന്ന ഫ്‌ളോറന്‍സിലെ ലോറന്‍സോ ദെ മെഡിസി (1449-92), നേപ്പിള്‍സിലെയും മിലാനിലെയും പ്രഭുകുടുംബങ്ങള്‍, മാര്‍പ്പാപ്പാ നിക്കോളാസ് അഞ്ചാമന്റെ (1447-55) സഭാമണ്ഡപം (Curia) തുടങ്ങിയ പ്രമാണപ്പെട്ട അധികാരകേന്ദ്രങ്ങള്‍ പണ്ഡിത പ്രാേത്സാഹനത്തിനു പ്രസ്രവണങ്ങളായി വര്‍ത്തിച്ചു.
പ്രാചീനസാഹിത്യകാരന്മാരെയും വിസ്‌മൃതങ്ങളായ ഹസ്‌തലിഖിതഗ്രന്ഥങ്ങളെയും സംബന്ധിച്ച അന്വേഷണങ്ങളും പഠനങ്ങളും 15-ാം ശതകത്തിന്റെ ആരംഭംമുതല്‍ നടത്തപ്പെട്ടുപോന്നു; ലത്തീന്‍-ഗ്രീക്ക് ഭാഷകളിലുള്ള നിരവധി പ്രാചീനകൃതികള്‍ ഭാഷാന്തരം ചെയ്യപ്പെട്ടു. പ്ലേറ്റോ, അരിസ്റ്റോട്ടല്‍, സെനക്കാ തുടങ്ങിയവര്‍ ഇറ്റാലിയനു മാത്രമല്ല മറ്റു ദേശാന്തരീയാവാങ്‌മയങ്ങള്‍ക്കും ആദ്യം പരിചിതരാകുന്നത് ഈ പ്രക്രിയകളിലൂടെയാണ്.
മാനുഷികമൂല്യത്തെ പുനഃസൃഷ്‌ടിക്കാനും അങ്ങനെ അവന്റെ നിലനില്‌പിനു സാധൂകരണം കണ്ടെത്താനും നടന്ന ഈ മഹത്തായ യത്‌നത്തില്‍ മുഴുകിയിരുന്നവരാണ് ഗിയാന്നോസ്സോ മാനെറ്റി (1396-1459), ഗിയോവന്നി പീകോ ഡെല്ലാ മിരാന്‍ഡോല (1463-94), ക്രിസ്റ്റോഫോറോ ലാന്‍ഡിനോ (1424-98), ഗ്വാഡിനോ ദാ വെറോണാ (1374-1470), ഗിയോവിയാനോ പൊണ്‍ടാനോ (1426-1503), ലിയോണ്‍ ബാറ്റിസ്‌ത ആല്‍ബര്‍ട്ടി (1404-72) തുടങ്ങിയവര്‍.
ലൂയിഗി പൂള്‍സി (1432-84), മാറ്റിയോ മേരിയാബോയിയാര്‍ദോ (1441-94) തുടങ്ങിയവരുടെ ആഖ്യാനകാവ്യങ്ങളും കരിതിയോ (1450-1515)വിന്റെ ഭാവഗീതികളും ജാകോപോ സന്നാസ്സാരോ (1456-1530)വിന്റെ ആഖ്യായികകളും ഈ നവോത്ഥാനത്തിന്റെ മുഖമുദ്രകളായി അവശേഷിക്കുന്നു.
16-ാം ശതകം
നിത്യവ്യവഹാരത്തിലുള്ള ഒരു സാഹിത്യഭാഷ എന്ന നിലയില്‍ ഇറ്റലിയില്‍ ലത്തീനുണ്ടായിരുന്ന പദവി നിശ്ശേഷം തിരോഭവിക്കുകയും വിവിധ ഇറ്റാലിയന്‍പ്രാദേശികഭാഷകളില്‍ പുതിയ ചൈതന്യമുള്ള സാഹിത്യരൂപങ്ങള്‍ ആവിര്‍ഭവിക്കുകയും ചെയ്യുന്നതു കണ്ടുകൊണ്ടാണ് 16-ാം ശ. ആരംഭിച്ചത്. ഭാഷാസാഹിത്യപരമായ പ്രശ്‌നങ്ങളില്‍ അവസാനതീര്‍പ്പു കല്‌പിക്കാന്‍ അധികാരമുള്ള ഒരാളെന്ന നിലയില്‍ വെനീസുകാരനായ പീറ്റ്രോ ബെംബോ (1470-1547) സര്‍വ സമ്മതനായിത്തീര്‍ന്നു. ഭാവഗീതരചയിതാക്കളില്‍ ഗിയോവന്നിസെല്ലാ കാസാ-(1503-56), മൈക്കലാഞ്‌ജലോ ബുവോനറോത്തി (1475-1564), ക്ലാഡിയോ ടോളമി (1492-1555), ലുഡോവികോ അരിയോസ്റ്റോ (1474-1533) തുടങ്ങിയവര്‍ ഗണനീയര്‍ തന്നെയെങ്കിലും ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കവി പ്രതിമതനവീകരണത്തിന്റെ ഇതിഹാസമെന്നു വാഴ്‌ത്തപ്പെടുന്ന മഹാകാവ്യം (Gerusal eme Liberata) രചിച്ച ബര്‍ണാര്‍ഡോ ടാസ്സോ (1493-1569) ആണ്. ഫ്രാന്‍സെസ്‌കോ ബെര്‍ണി(?-1535)യുടെ ആക്ഷേപഹാസ്യകവിതകളും ഗിയോവന്നി റൂചെല്ലായി(1475-1525)യുടെയും ലൂയിഗി അലാമന്നി(1495-1556)യുടെയും തിയോഫിലോ ഫോലംഗോ (?-1544)യുടെയും ധര്‍മോപദേശ കവനങ്ങളും ശ്രദ്ധേയങ്ങളാണ്.
നാടകം, ഗദ്യം
"ഹ്യൂമനിസ'ത്തിന്റെ സ്വാധീനം നാടകലോകത്തിലും സംക്രമിച്ചതിന്റെ ഉജ്ജ്വലമാതൃകകള്‍ ബെര്‍ണാര്‍ഡോ ഡോവിസിദാ ബിബിനായുടെയും (1470-1520) ആന്‍ജലോ ബിയോള്‍കോ(1502-42)യുടെയും അന്റോണ്‍ ഫ്രാന്‍സെങ്കോഗ്രാസ്സിനി(1503-84)യുടെയും സിന്‍സിയോ ഗിരാള്‍ഡിയുടെയും (1504-73) സൃഷ്‌ടികളില്‍ കാണാം. അഗോസ്റ്റിനോ ദെ ബക്കാരി(?-1590)യാണ് അനുകരണാത്മകങ്ങളായ പൂര്‍വകൃതികളുടെ മാതൃകകളെ തള്ളിമാറ്റി നാടക രചനാവതരണങ്ങളില്‍ ഇറ്റലിയില്‍ ആദ്യമായി ഒരു പരിവര്‍ത്തനം വരുത്തിയത്.
രചനാശില്‌പം, പ്രതിപാദനരീതി, വിഷയസ്വീകരണം എന്നിവയില്‍ വ്യാപകമായ വൈവിധ്യവൈചിത്ര്യങ്ങള്‍ ഇറ്റാലിയന്‍ ഗദ്യം ഈ നൂറ്റാണ്ടില്‍ പ്രദര്‍ശിപ്പിച്ചു. സമകാലീനജീവിതത്തെ പ്രതിഫലിപ്പിക്കുന്ന കഥകളും നോവലുകളും എഴുതിയവരാണ് മാറ്റിയോ ബാന്‍ഡെല്ലോ (1485-1561), ഹിയാന്‍ ഫ്രാന്‍സെസ്‌കോ സ്റ്റ്രാപരേല (?-1558), അന്‌റോണ്‍ ഫ്രാന്‍സെസ്‌കോ ഗ്രാസ്സീനി (1503-34), ബാല്‍ഡേസര്‍ കാസ്റ്റിഗ്ലിയോണ്‍ (1478-1529) തുടങ്ങിയവര്‍. പ്രതിമാശില്‌പിയായ ബന്‍വെനുതോ സെല്ലിനി (1500-71)യുടെ ആത്മകഥയും ഗിയോര്‍ജിയോ വാസാരി (1511-74)യുടെ കലാചരിത്രകൃതികളും നിക്കോളോ മാക്കിയവെല്ലി (1469-1527)യുടെ പ്രൗഢരാഷ്‌ട്രീയസിദ്ധാന്തങ്ങളുള്‍ക്കൊള്ളുന്ന രാജാവും (II Principe) ഫ്രാന്‍സെസ്‌കോ ഗ്വിച്ചിയാര്‍ഡിനിയുടെ ഭരണമീമാംസാകൃതികളും 16-ാം ശതകത്തിലെ ഇറ്റാലിയന്‍ ഗദ്യരചനാ വൈചിത്ര്യങ്ങള്‍ക്ക് ഉത്തമനിദര്‍ശനങ്ങളാണ്. 16-ാം ശതകത്തിലെ ഏറ്റവും ശക്തനായ ഇറ്റാലിയന്‍ ഗദ്യകാരന്‍ മാക്കിയവെല്ലിയാണ് എന്ന് സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
അപചയഘട്ടം
17-ാം ശതകവും പതിനെട്ടിന്റെ പ്രഥമാര്‍ധവും ഇറ്റാലിയന്‍ സാഹിത്യത്തിന് ഒരു അപചയകാലഘട്ടമായിരുന്നു. ശുഷ്‌കവും അനാകര്‍ഷകവുമായ ആന്തരികാംശങ്ങളെ അലങ്കാരധോരണികൊണ്ട് ആവരണം ചെയ്യുന്ന ബറോക് (baroque) കലയുടെ അതിപ്രസരം സാഹിത്യത്തിലും ഈ കാലത്ത് അനുഭവപ്പെട്ടു. ഇതിനു പ്രേരകമായി വര്‍ത്തിച്ച ചില പ്രമുഖഘടകങ്ങളെ സാഹിത്യചരിത്രകാരന്മാര്‍ എണ്ണിപ്പറയുന്നുണ്ട്; ടസ്‌കന്‍ ഭാഷയുടെ ഉന്നമനത്തെ മാത്രം ലക്ഷ്യമാക്കി സംഘടിപ്പിച്ച അക്കാദമി (accademia della rusca) അടിച്ചേല്‌പിച്ച കര്‍ശനമായ ചിന്താനിയന്ത്രണം, പ്രതിമതനവീകരണപ്രസ്ഥാനം, സ്‌പെയിനിന്റെ രാഷ്‌ട്രീയമേല്‌ക്കോയ്‌മ തുടങ്ങിയവ. ഈ ബാഹ്യസമ്മര്‍ദങ്ങളില്‍നിന്ന് കുറേയെങ്കിലും വിട്ടുനിന്ന് ഏതാനും നല്ല കവിതകളെഴുതി സാഹിത്യചരിത്രത്തില്‍ സ്ഥാനംപിടിച്ചിട്ടുള്ളവരില്‍ ഗിയാംബറ്റീസ്‌താ മാറിനോ (1569-1625), ഗബ്രിയില്ലോ ചിയാബ്രരാ (1552-1638), ഫള്‍വിയോ ടെസ്റ്റി (1593-1646), അലെസ്സാന്‍ഡ്രാേ ടാസ്സോണി (1565-1638) തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.
എന്നാല്‍ നാടകപ്രസ്ഥാനത്തില്‍ ചില പുതിയ അങ്കുരങ്ങള്‍ ഈ കാലഘട്ടത്തില്‍ ആവിര്‍ഭവിച്ചു. 1690-ല്‍ റോമില്‍ സ്ഥാപിതമായ അര്‍ക്കേഡിയന്‍ അക്കാദമിയുടെ ഉദയം സംഗീതനാടകങ്ങള്‍ക്കും ഓപ്പറാകൃതികള്‍ക്കും സുഗമമായ ഒരു പാത ഒരുക്കിക്കൊടുത്തു. ഹൃദയാവര്‍ജകങ്ങളായ ഭാവഗാനങ്ങളും അത്തരം ഭാവഗീതികള്‍ നിറഞ്ഞ ദൃശ്യകാവ്യങ്ങളും രചിച്ചവരില്‍ പാവോലോറോള്ളി (1687-1765), കാര്‍ലോ ഇന്നൊസെന്‍സൊ ഫ്രൂഗോണി (1692-1768), പീറ്റ്രാേ മെറ്റാസ്റ്റാസിയോ (1693-1782) തുടങ്ങിയവരുടെ നാമങ്ങള്‍ സ്‌മരണീയങ്ങളാണ്. ഓപ്പറാനാടകങ്ങള്‍ക്കു പുറമേ പീറ്റ്രാേചിയാറി (1711-85) ഏതാനും നോവലുകളും എഴുതി പ്രസിദ്ധിനേടി.
വൈജ്ഞാനികശാഖ
ഈ കാലത്തിലുണ്ടായ ഗദ്യകൃതികളില്‍ ഏറ്റവും വലിയ ശാശ്വതമൂല്യങ്ങളവകാശപ്പെടാവുന്നത് വിജ്ഞാനമണ്ഡലത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച ചില ധിഷണാശാലികളുടെ സൃഷ്‌ടികള്‍ക്കാണ്. ഗലീലിയോ ഗലീലിയുടെ (1564-1642) ശാസ്‌ത്രസാങ്കേതികകൃതികളും ഫ്രാപാളോ സാര്‍പ്പിയുടെ (1552-1623) ക്രൈസ്‌തവസഭാചരിത്രങ്ങളും സ്‌ഫോര്‍സാപല്ല വിസിനോയുടെ (1607-67) സൗന്ദര്യശാസ്‌ത്രങ്ങളും ട്രയാനോ ബൊക്കാലിനിയുടെ (1556-1613) ദാര്‍ശനികപ്രബന്ധങ്ങളും, സര്‍വോപരി ജീവിതത്തിന്റെ മുക്കാല്‍ഭാഗവും കാരാഗൃഹത്തില്‍ കഴിയേണ്ടിവന്ന തൊമ്മാസോ കമ്പാനെല്ലായുടെ (1568-1639) രാഷ്‌ട്രതന്ത്രഗ്രന്ഥങ്ങളും വിലപ്പെട്ട സംഭാവനകളാണ്.
ഇറ്റാലിയന്‍ പ്രാചീനതകളെക്കുറിച്ച് പഠനഗവേഷണങ്ങള്‍ നടത്തി കനപ്പെട്ട കൃതികള്‍ രചിച്ച രണ്ട് പുരാവിജ്ഞാനികളാണ് ലൊഡോവികോ അന്തോണിയോ മുറാറ്റോറിയും (1672-1750) ഗിയാന്‍ബത്തീസ്റ്റാവികോയും (1668-1744); സെസാറെ ബച്ചാറിയ (1738-94) നിയമശാസ്‌ത്രപരമായും അന്തോണിയോ ജെനോവെസിയും (1712-69) ഫെര്‍ഡിനാന്‍ഡോ ഗാലിലാനിയും (1728-87) സാമ്പത്തികശാസ്‌ത്രപരമായും ഏതാനും കൃതികള്‍ രചിച്ചു.
പത്രമാസികാപ്രസിദ്ധീകരണങ്ങള്‍വഴി ആധുനിക സാഹിത്യവിമര്‍ശനത്തിന് ഇറ്റാലിയനില്‍ അടിത്തറപാകിയവര്‍ ഗിയൂസപ്പോ ബാരറ്റിയും (1719-89) സഹോദരന്മാരായ അലെസ്സാന്‍ഡ്രാേ വെരി (1741-1816), പീറ്റ്രാേ വെരി (1728-97) എന്നിവരുമാണ്.
ഇറ്റാലിയന്‍ സാഹിത്യത്തിലെ ദുരന്തനാടകകര്‍ത്താക്കളില്‍ അഗ്രഗണ്യന്‍ വിറ്റോറിയോ അല്‍ഫീയെറി (1749-1803) ആണ്.
റൊമാന്റിക് വിപ്ലവം
സ്‌പാനിഷ് ആധിപത്യത്തില്‍നിന്നുള്ള മോചനം (1700), ഫ്രഞ്ചുവിപ്ലവം തുടങ്ങിയ സംഭവങ്ങള്‍ 18-ാം ശതകത്തിന്റെ അവസാനത്തോടുകൂടിത്തന്നെ ഇറ്റലിയില്‍ ഒരു പുതിയ ആവേശവും ഉണര്‍വും പരത്താന്‍ പര്യാപ്‌തമായി. 19-ാം ശതകത്തിലെ ഇറ്റാലിയന്‍ എഴുത്തുകാര്‍ തത്‌ഫലമായി രാഷ്‌ട്രീയവ്യവഹാരങ്ങളിലും പൊതുപ്രവര്‍ത്തനങ്ങളിലും മുഴുകിയവരായിരുന്നു. കേവലമായ സാഹിത്യമൂല്യംകൊണ്ടെന്നതിനെക്കാള്‍ ജനകീയാഭിലാഷങ്ങളുടെ സമഗ്രപ്രതിഫലനങ്ങളെന്നനിലയില്‍ ഈ കാലഘട്ടത്തിലെ സാഹിത്യകലാസൃഷ്‌ടികള്‍ ശ്രദ്ധേയങ്ങളാണ്.
ഗിയോവന്നി ഫാന്റോണി(1755-1807)യുടെ കവിതകളില്‍ ആദ്യമായി സ്‌ഫുരിച്ചുതുടങ്ങിയ പുതിയ സാമൂഹിക രാഷ്‌ട്രീയാവേശങ്ങള്‍ വിന്‍സെന്‍ഡോ മോണ്‍ടി (ഇലിയഡിന്റെ വിവര്‍ത്തകന്‍, 1754-1828), അലസ്സാന്‍ ഡ്രാേ മാന്‍സോണി (1785-1851), സില്‍വിയോപെല്ലികോ (1789-1854), ഊഗോഫോസ്‌കോളാ (1798-1837) തുടങ്ങിയവരുടെ കാവ്യസൃഷ്‌ടികളില്‍ പൂര്‍ണോന്മിഷിതങ്ങളായി; ദേശാഭിമാനം സ്‌ഫുരിക്കുന്ന റൊമാന്റിക് കവിതകളായിരുന്നു ഇക്കൂട്ടര്‍ രചിച്ചിരുന്നവയെല്ലാംതന്നെ. ആക്ഷേപഹാസ്യകവി എന്നു പ്രസിദ്ധിയാര്‍ജിച്ച ഗിയുസപ്പേ ഗിയുസ്‌തി(1809-50)യുടെ കവനങ്ങളോടുകൂടി റൊമാന്റിസിസം ഏതാണ്ട് അസ്‌തമിച്ചു എന്നു പറയാം. ക്ലാസ്സിസത്തിലേക്കു മടങ്ങിപ്പോകാനുള്ള പ്രവണതപോലും ഇക്കാലത്തെ ചില കവികളില്‍ ദ്രഷ്‌ടവ്യമാണ്. ഇതിന്റെ പ്രമുഖവക്താക്കള്‍ ഗിയാക്കോമോ സാനെല്ലയും (1820-88) ഗിയോസ്യു കാര്‍ഡുച്ചിയും (1835-1907) ആയിരുന്നു.
റൊമാന്റിസിസത്തിന്റെ തള്ളിക്കയറ്റത്തിന്റെയും പിന്മാറ്റത്തിന്റെയും നടുവിലും നാടകസാഹിത്യത്തില്‍ മുഴച്ചുനിന്നത് രാഷ്‌ട്രീയാവേശത്തിന്റെ അതിപ്രസരമാണ്. ഗിയാം ബത്തീസ്റ്റാ നിക്കോളിനി (1772-1861), മാസ്സിമോ ദ അസേഗ്ലിയോ (1798-1866), ഫ്രാന്‍സെസ്‌കോ ഡൊമെനികോ ഗുയറിസ്സി (1804-73) തുടങ്ങിയവരുടെ നാടകങ്ങളിലെല്ലാം പ്രതിഫലിക്കുന്നത് പ്രത്യക്ഷമായ രാഷ്‌ട്രീയപക്ഷപാതങ്ങളാണ്. ചരിത്രം, രാഷ്‌ട്രതന്ത്രം തുടങ്ങിയ ശാഖകളില്‍ ഗ്രന്ഥരചന നടത്തിയ കാര്‍ളോബോത്താ (1766-1837), സെസാരെബാന്‍ ബോ (1789-1853), ഗിയുസപ്പെ മസ്സീനി (1805-72), വിന്‍സെന്‍സോ ഗിയോബര്‍ട്ടി (1801-52) എന്നിവരുടെ കൃതികളിലും മുന്‍തൂക്കം രാഷ്‌ട്രീയമുന്‍വിധികള്‍ക്കാണ്.
റിയലിസ്റ്റ് നോവല്‍
"ഇല്ലാത്തവരുടെ' ജീവിതയാതനകളെക്കുറിച്ച് ആദ്യം ചെറുകഥകളും നോവലുകളും ഇറ്റാലിയനിലെഴുതിയ ഗിയോവന്നി വെര്‍ഗ (1840-1922) സാഹിത്യത്തിന്റെ ധാര്‍മികമൂല്യങ്ങളില്‍ ഒരു യൂറോപ്യന്‍ വിപ്ലവത്തിനുതന്നെ അടിത്തറ പാകിയെന്നു പറയാം, വെര്‍ഗായുടെ ഏറ്റവും ശക്തനായ അനുയായികളായിരുന്നു ലുയിഗി കാപുവാനാ(1839-1915)യും ഫെഡറികോ ദെ റോബര്‍ടോയും (1866-1927). ഇവരെല്ലാവരും സ്വന്തം ജന്മദേശവും പരിസരങ്ങളും നിത്യപരിചിതങ്ങളായ ജീവിതാനുഭവങ്ങളും പശ്ചാത്തലമാക്കി കഥകള്‍ രചിക്കുന്നതിലാണ് ശ്രദ്ധിച്ചിരുന്നത്.
എന്നാല്‍ ഇവരുടെ സമകാലികരെന്നു പറയപ്പെടാവുന്ന എമിലിയോ ദെ മാര്‍ച്ചി (1351-1901), എഡ്‌മണ്‍ഡോ ദെ അമീസിസ് (1846-1908) എന്നിവരുടെ നോവലുകളില്‍ റിയലിസത്തിന്റെ സ്‌പര്‍ശംപോലും കാണാനില്ല. ഫലിതരസം കലര്‍ന്ന ശിശുകഥകളും യാത്രാവിവരണങ്ങളുമാണ് ഇവരുടെ കൃതികളുടെ മുഖമുദ്രകള്‍.
ആധുനിക കാലം
പിന്നിട്ട ശതകത്തിലെ സകലസാംസ്‌കാരികമൂല്യങ്ങള്‍ക്കും കനത്ത തിരിച്ചടികള്‍ ഏല്‌പിച്ചുകൊണ്ടാണ് 20-ാം ശതകം ഇറ്റാലിയന്‍ സാഹിത്യത്തില്‍ പദമൂന്നുന്നത്. 19-ന്റെ അവസാനത്തെയും 20-ന്റെ ആദ്യത്തെയും ദശകങ്ങളില്‍ ഇറ്റലിയുടെ ജീവിതമേഖലകളിലാകെ ചെന്നു തട്ടിയ സ്വാധീനശക്തിയുടെ പ്രഭവകേന്ദ്രമായിരുന്നു കവി, രാഷ്‌ട്രീയ നേതാവ്, യോദ്ധാവ്, ഭരണാധികാരി, വൈമാനികന്‍ തുടങ്ങി വിവിധ നിലകളില്‍ പ്രസിദ്ധിയാര്‍ജിച്ച ഗബ്രിയേല്‍ ദ' അണുണ്‍സിയോ (1863-1938). പരമ്പരയാ വിശ്വസിക്കപ്പെട്ടുപോരുന്ന ധാര്‍മികസദാചാരമൂല്യങ്ങളെ തിരസ്‌കരിച്ചുകൊണ്ട് സ്വന്തം സ്വത്വത്തിന്റെ ആവര്‍ജകപ്രകൃതിയെ മാത്രം ആശ്രയിച്ച് അദ്ദേഹം എഴുതിയ കവിതകള്‍ കലയെയും ജീവിതത്തെയും വ്യവച്ഛേദിക്കാന്‍ നടത്തിയ ശ്രമങ്ങളില്‍ പരാജയം വരിക്കുന്നു. ഇദ്ദേഹത്തിന്റെ കവിതകളും നോവലുകളും നാടകങ്ങളും കൃത്രിമത്വത്തിന്റെ ഒരാവരണമണിഞ്ഞവയാണെന്ന വിമര്‍ശനത്തിനു വിഷയമായിട്ടുണ്ട്.
ഒന്നാംലോകയുദ്ധകാലത്തും അതിനു തൊട്ടുമുമ്പും പിമ്പും ഇറ്റാലിയന്‍ സാഹിത്യത്തില്‍ രണ്ടു പ്രവണതകള്‍ ദൃശ്യമായി; സാധാരണക്കാരന്റെ ഭാഷയില്‍ കൃത്രിമാലങ്കാരങ്ങളൊന്നുംകൂടാതെ ആത്മനിവേദനം നടത്തുന്ന സാഹിത്യരചനയ്‌ക്ക് ഉദ്യുക്തരായ ഗ്വിഡോഗോസ്സാനോ(1883-1916)യും സെര്‍ജിയോ കൊറാസ്സിനി(1887-1907)യും ഇതില്‍ ഒരു പാതയുടെ നേതൃത്വം വഹിക്കുന്നു; അതേസമയം ഒരു പത്രപ്രവര്‍ത്തകന്‍ കൂടിയായ ഫിലിപ്പോ തൊമ്മാസോ മാരിനെറ്റി (1876-1944) നേതൃത്വം നല്‌കിയ രണ്ടാമത്തെ പ്രസ്ഥാനമാകട്ടെ സകല പരമ്പരാഗതവിശ്വാസങ്ങളെയും ചോദ്യം ചെയ്യുകയും വ്യാവസായികസംസ്‌കാരത്തിന് അനുരോധമായ വിധത്തില്‍ ആശയപ്രകാശനമാധ്യമങ്ങളെയും ഭാവരൂപവിധങ്ങളെയും കരുപ്പിടിക്കണമെന്നു ശഠിക്കുകയും ചെയ്‌തു.
ഫാഷിസ്റ്റ് ഭരണത്തില്‍
ഒന്നാംലോകയുദ്ധത്തിനുശേഷം അധികാരത്തില്‍വന്ന ഫാഷിസ്റ്റു ഗവണ്‍മെന്റ് സ്വാഭാവികമായും സാഹിത്യകലാരംഗങ്ങളിലും കൈകടത്തുകയുണ്ടായി. കവിയും വിമര്‍ശകനും ചിത്രകാരനുമായ ആള്‍ഡെംഗോ സോഫീസിയും നോവലിസ്റ്റും സാഹിത്യനിരൂപകനും കവിയുമായ ഗിയോവന്നി പാപ്പിനിയും ഫാഷിസ്റ്റു കക്ഷിയിലെ നേതൃസ്ഥാനത്തേക്കു തന്നെ ഉയര്‍ന്നു. റിക്കാര്‍ഡോ ബാച്ഛെല്ലി (നോവലിസ്റ്റ്), വിന്‍സെന്‍സോ കാര്‍ഡാറെല്ലി (കവിയും ഉപന്യാസകാരനും) ഗ്രാസിയഡെലെഡ്ഡാ (നോബല്‍ സമ്മാനിതന്‍), ഇറ്റാലോസ്വെവോ (നോവലിസ്റ്റ്) തുടങ്ങിയവരെല്ലാം ഓരോ വിധത്തില്‍ പ്രഗല്‌ഭരെങ്കിലും, മുസ്സോളിനിയുടെ രാഷ്‌ട്രീയാധിപത്യത്തിനു വിധേയരായി സാഹിത്യസൃഷ്‌ടി ചെയ്യാനേ അക്കാലത്തു തയ്യാറായുള്ളൂ.
നാടകം
ഇറ്റലിയിലെ മാത്രമല്ല ലോകനാടക കലാപ്രപഞ്ചത്തില്‍ തന്നെ അതിമാനുഷപദവി കൈവരിച്ചുകഴിഞ്ഞ ആളാണ് ലൂയിഗി പിരാന്ദെല്ലോ (1867-1936). ഉന്മാദത്തിനും സമചിത്തതയ്‌ക്കും, ഭാവത്തിനും യാഥാര്‍ഥ്യത്തിനും, വ്യക്തിത്വത്തിനും സമൂഹ മനസ്സാക്ഷിക്കും തമ്മിലുള്ള അതിര്‍വരമ്പുകള്‍ കണ്ടെത്തി, സാഹിത്യത്തിന്റെ ആപേക്ഷികമൂല്യങ്ങളെ സ്വയം ഗ്രഹിക്കാനുഴറുന്ന ചില കഥാപാത്രങ്ങള്‍ സമ്മര്‍ദം ചെലുത്തിയതിന്റെ ഫലമായാണ് താന്‍ നാടകങ്ങളെഴുതുന്നതെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് പിരാന്ദെല്ലോ ചെറുകഥയില്‍നിന്നു നാടകപന്ഥാവിലേക്കു കടന്നുവന്നത്. സിക്‌സ് ക്യാരക്‌ടേഴ്‌സ് ഇന്‍ സര്‍ച് ഒഫ് ആന്‍ ഓഥര്‍ (1921) എന്ന കൃതിക്ക് 1934-ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കിട്ടിയതോടുകൂടി ലോകമാകെ അദ്ദേഹത്തിന്റെ നാടകചക്രവര്‍ത്തിത്വം അരക്കിട്ടുറപ്പിക്കപ്പെട്ടു.
ഇതേസമയം ആല്‍ബെര്‍ട്ടോ മൊറേവിയായുടെ നേതൃത്വത്തില്‍ ഇറ്റാലിയന്‍ നോവലും, സാല്‍വെത്തോര്‍ ക്വാസിമോദോയുടെ കീഴില്‍ ഇറ്റാലിയന്‍ കവിതയും, സെസാരെ പാവേസിന്റെ (1908-52), സ്വാധീനതയില്‍ നോവലും കവിതയും സാരമായ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായി. ഗ്വിസപ്പേ ഇങ്‌ഗാരറ്റി, ഉംബര്‍ട്ടോ സാബാ (1883-1957) തുടങ്ങിയ കവികളാണ് ദന്തഗോപുരത്തില്‍നിന്ന് കവിതയെ മണ്ണിലേക്കു കൊണ്ടുവന്നതെന്ന പ്രശസ്‌തിക്ക് അര്‍ഹരായിരിക്കുന്നത്.
നിയോ-റിയലിസം. സാര്‍വതോരെ ക്വാസിമോദോ (1901-68) നേതൃത്വം കൊടുത്ത നവയഥാതഥ പ്രസ്ഥാനം വിമര്‍ശകരുടെ പോലും ശ്രദ്ധ പിടിച്ചുപറ്റി. സ്വന്തം കവിതകളുടെ പേരില്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം (1959) ഇദ്ദേഹത്തിനു ലഭിച്ചു. കവിയും നിരൂപകനും വിവര്‍ത്തകനുമായ ക്വാസിമോദോയുടെ ആദ്യ കാവ്യസമാഹാരം അക്വെ ഇ തെറെ (1930, വാട്ടേഴ്‌സ് ആന്‍ഡ് ലാന്‍ഡ്) ആണ്. ഒബോ സോഫെര്‍ഡോ (1932, സണ്‍കന്‍ ഒബോ), ഒദോര്‍ ദി യൂകാലിപ്‌റ്റസ് (1933, സെന്റ് ഒഫ് യൂകാലിപ്‌റ്റസ്), എറേറ്റോ ഇ അപ്പോലിയോന്‍ (1936), പോയസി (1938), ഗിയോര്‍നോ ദോപോ ഗിയാര്‍നോ (1947- ഡേയ് ആഫ്‌റ്റര്‍ ഡേയ്), ലാ ടെറ ഇംപരേജിയാബിലെ (1958), ടു തെ ലെ പോയസീ (1960) എന്നീ കവിതാസമാഹാരങ്ങളും ഷെയ്‌ക്‌സ്‌പിയറുടെ ആറ് നാടകങ്ങളുടെ വിവര്‍ത്തനവും ഇദ്ദേഹം നടത്തി. ആല്‍ബര്‍ട്ടോ മൊറാവിയയുടെ ഇല്‍ കണ്‍ഫോമിസ്റ്റ് (1951), പ്രിമോ ലെവി തന്റെ ഔസ്‌വിച്ച് കോണ്‍സെന്‍ട്രഷന്‍ ക്യാമ്പിലെ തിക്താനുഭവങ്ങള്‍ വിവരിക്കുന്ന സെ ക്വെസ്‌തോ എ അന്‍യുമോ (ഇഫ് ദിസ് ഈസ് എ മാന്‍, 1947), ചെസാരെ പാവെസിന്റെ ദ് മൂണ്‍ ആന്‍ഡ് ദ് ബോണ്‍ഫയേഴ്‌സ് (1949) തുടങ്ങിയ നോവലുകളും 1975-ലെ സാഹിത്യനോബല്‍ സമ്മാന ജേതാവായ യുജേനിയോ മൊണ്ടേല്‍ (1896-1921), കൊറാദോ അല്‍വാരോ, ഇത്താലോ കാല്‍വിനോ, ഏലിയോ വിത്തോറിനി തുടങ്ങിയവരും ഈ പ്രസ്ഥാനത്തിന് സംഭാവനകള്‍ നല്‍കി. മോന്‍തലെയുടെ കവിതകള്‍ ഇറ്റാലിയന്‍ സാഹിത്യത്തില്‍ വേറിട്ട ശബ്‌ദമായിരുന്നു. ഒന്നാം ലോകയുദ്ധാനന്തര കാലഘട്ടത്തിന്റെ നിരാശയും വ്യാകുലതയും ഈ കവിതകളില്‍ ദര്‍ശിക്കാം. ഓസി ദി സെപ്പിയ (1925, കാറ്റില്‍ഫിഷ് ബോണ്‍സ്), ലെ ഒക്കേസിയോനി (1939), സെനിയ (1972) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതികള്‍.
20-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലുള്ള ഇറ്റാലിയന്‍ സാഹിത്യത്തിന്റെ മാതൃക കാണിക്കാന്‍ മൊറേവിയായുടെ കള്ളം (ഇംഗ്ലീഷ് വിവ. ദ് ലൈ 1966) എന്ന നോവല്‍ സാധാരണയായി ഉദാഹരിക്കപ്പെടാറുണ്ട്. നോവല്‍ എഴുതുന്ന രീതിയെപ്പറ്റി ഒരു നോവലെഴുത്തുകാരന്‍ എഴുതിയ ഒരു നോവലാണിത്. വൈദേശികമായ ആശയങ്ങളുടെ പ്രവാഹം തന്നെ ആധുനിക ഇറ്റാലിയന്‍ സാഹിത്യത്തില്‍ കാണാം. ജെയിംസ് ജോയ്‌സ് (1882-1941) അനാവരണം ചെയ്‌ത ബോധധാരാപ്രസ്ഥാനവും ഫ്രാന്‍സ്‌കാഫ്‌കാ(1883-1924)യുടെ വൈയക്തിക മത്സര വ്യഗ്രതകളും ആധുനിക ഇറ്റാലിയന്‍ നോവലെഴുത്തുകാരെ കുറച്ചൊന്നുമല്ല സ്വാധീനിച്ചിട്ടുള്ളത്. ദീനോബുസ്സാറ്റി (ജ. 1906), കാര്‍ലോ എമീലിയോഗഡ്ഡാ (ജ. 1893) തുടങ്ങിയവരെ ഈ ആധുനിക പ്രവണതകളുടെ പ്രതിനിധികളായി കണക്കാക്കാം.
പോസ്റ്റ്‌മോഡേണിസം. രണ്ടാം ലോകയുദ്ധശേഷം പോസ്റ്റ്‌മോഡേണിസം സാഹിത്യത്തില്‍ നിലവില്‍ വന്നെങ്കിലും 1970-കളിലാണ് ഇറ്റാലിയന്‍ സാഹിത്യത്തില്‍ അത് ശക്തമായത്. കാല്‍വിനോയുടെ ഇഫ് ഓണ്‍ എ വിന്റേഴ്‌സ് നൈറ്റ് എ ട്രാവലര്‍ (1979) ജനപ്രീതിയാര്‍ജിച്ച ഫാന്റസിയും ഉത്തരാധുനിക നോവലിന് ഉത്തമോദാഹരണവുമാണ്. കാര്‍ലോ, എമിലിയോ, ഗഡാ, പിയര്‍ പോളോ, പാസോലിനി, എല്‍സാ മൊറാന്റേ തുടങ്ങിയവരും ഈ മേഖലയില്‍ സംഭാവനകള്‍ നല്‍കി.
സമീപകാല ഇറ്റാലിയന്‍ നോവലിസ്റ്റുകളില്‍ സെമിയോട്ടിഷ്യനും തത്ത്വചിന്തകനുമായ ഉംബെര്‍ട്ടോ ഇക്കോ (ജ. 1932), ലൂയിജി മാലര്‍ബ (1927-2008), സാള്‍ത്തോ മോര്‍ത്തലെ (ജ. 1968), ഫ്രാങ്കോ ലൂസെന്റിനി (1920-2002), എദുവാര്‍ദോ സാന്‍ഗ്വിനെത്തി (1930-2010) തുടങ്ങിയവരുള്‍പ്പെടുന്നു. ദ് നെയിം ഒഫ് ദ് റോസ് (1980) എന്ന മധ്യകാല കുറ്റാന്വേഷണ നോവലിലൂടെ ശ്രദ്ധേയനായ ഇക്കോയുടെ പുതിയ നോവലായ ദ് പ്രഗ് സെമിത്തേരി (2010), 2011-ല്‍ ലോകം മുഴുവന്‍ മികച്ച വില്‌പന നേടിയ കൃതിയാണ്. ഇറ്റാലയിന്‍ നാടകവേദിയില്‍ നൂതന പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്ന ദാരിയോ ഫോ (ജ. 1926) ലോകം മുഴുവന്‍ ആരാധകരുള്ള സാഹിത്യകാരനാണ്. 1997-ലെ സാഹിത്യ നോബല്‍ സമ്മാന ജേതാവുമാണിദ്ദേഹം ഇല്‍ ദിതോ നെല്‍ ഓച്ചിയോ (1953), ഗ്ലി ആര്‍കേന്‍ജലി നോന്‍ ഗിയോകാനോ എ ഫ്‌ളിപ്പര്‍ (1960, ആര്‍ച്ച് ഏഞ്ചല്‍സ് ഡോണ്ട് പ്ലേ പിന്‍ബോള്‍), മിസ്റ്ററോ ബഫോ (1969, കോമിക് മിസ്റ്ററി), ഫാന്‍ഫാനി റാപ്പിതോ (1975), കോപ്പിയ ആപെര്‍ത (1981), ലെറ്റെറ ദല്ല സിന (1989) തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ ശ്രദ്ധേയ നാടകങ്ങള്‍.
നിയോ അവന്‍ഗാര്‍ദിയ എന്ന ഇറ്റാലിയന്‍ അവന്ത് ഗാര്‍ദ് പ്രസ്ഥാനത്തില്‍ അംഗമായവരില്‍ ഇക്കോ, കവിയായ നാനിബാലെസ്‌ട്രിനി (ജ. 1935), സാന്‍ഗ്വിനെറ്റി, സാല്‍ത്തോ മോര്‍ത്തലെ ഫ്രാങ്കോ ലൂസെന്റിനി തുടങ്ങിയവരുള്‍പ്പെടുന്നു.
സാഹിത്യവിമര്‍ശനം
20-ാം ശതകത്തില്‍ ലോകസാഹിത്യസമ്പത്തിന് ഇറ്റലി നല്‌കിയിട്ടുള്ള സംഭാവനകളില്‍ ഏറ്റവും വിലപ്പെട്ടത് സാഹിത്യവിമര്‍ശനമാണെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു; ഈ മണ്ഡലത്തില്‍ സര്‍വാദൃതമായ നാമം ബനദത്തോ ക്രോഷേ(1866-1952)യുടേതാണെന്നുള്ളതിലും പക്ഷാന്തരമില്ല. സകലതിന്റെയും യാഥാര്‍ഥ്യവും മനുഷ്യമനസ്സാണെന്നും സൈദ്ധാന്തികവും പ്രായോഗികവുമായ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ അടങ്ങാത്തതൊന്നുമില്ലെന്നും ഉള്ള നിഗമനമാണ് ക്രോഷേയുടെ വാദങ്ങളുടെ കാതല്‍. കലയും തത്ത്വദര്‍ശനവും ചരിത്രവും സാമ്പത്തികശാസ്‌ത്രവും സൗന്ദര്യശാസ്‌ത്രവുമെല്ലാം ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗങ്ങളാണ്.
കലാസാംസ്‌കാരികരംഗങ്ങളിലെ, മുമ്പന്തിക്കാരായ ഉന്നതന്മാര്‍ നടത്തിയിരുന്ന ചില ആനുകാലിക പ്രസിദ്ധീകരണങ്ങളിലും (La Voce, 1908-16; La Ronda 1919-23; La Soloria, 1926-34) ക്രോഷേയുടെതന്നെ പത്രാധിപത്യത്തില്‍ ദീര്‍ഘകാലം നടന്ന മറ്റൊരു മാസികയിലും (La Critica) കൂടിയാണ് ഇറ്റാലിയന്‍ സാഹിത്യവിമര്‍ശനത്തിന്റെ ആധുനികാന്തര്‍ധാരകള്‍ ലോകമെങ്ങും പരന്നത്.
21-ാം ശതകത്തിലെ ഇറ്റാലിയന്‍ സാഹിത്യ വിമര്‍ശകരില്‍ പ്രധാനി ഉംബെര്‍ട്ടോ ഇക്കോയാണെന്നു പറയുന്നതില്‍ തെറ്റില്ല. ഇദ്ദേഹം സ്ഥാപിച്ച സെമിയോട്ടിക് ജേണലായ വെഴ്‌സസ് ഇന്നും നിരൂപണ വിദ്യാര്‍ഥികള്‍ക്കും എഴുത്തുകാര്‍ക്കും പ്രധാനപ്പെട്ട പ്രസിദ്ധീകരണമാണ്. ഓപ്പെറ അപ്പെര്‍ത (1962, ദി ഓപ്പണ്‍ വര്‍ക്ക്), ഫെയ്‌ത് ഇന്‍ ഫോക്‌സ്: ട്രാവല്‍സ് ഇന്‍ ഹൈപ്പര്‍ റിയാലിറ്റി തുടങ്ങിയവ ഇക്കോയുടെ ശ്രദ്ധേയമായ നിരൂപണ സിദ്ധാന്തങ്ങള്‍ വിവരിക്കുന്ന കൃതികളാണ്. പിയതോ സിത്താത്തി (ജ. 1930), ജൂസെപ്പെ പോംഗ്ലിയാജിയ (1934-2003), ഫാബിയോ വിത്തോറിനി (ജ. 1971) തുടങ്ങിയവയരാണ് മറ്റ് സമീപകാല ഇറ്റാലിയന്‍ നിരൂപകര്‍.