This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അകത്തിയം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
116.68.67.175 (സംവാദം)
(New page: = അകത്തിയം = അകത്തിയ(അഗസ്ത്യ)നാല്‍ വിരചിതമായതെന്നു കരുതപ്പെടുന്ന ആദ്യ...)
അടുത്ത വ്യത്യാസം →
06:10, 28 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അകത്തിയം
അകത്തിയ(അഗസ്ത്യ)നാല്‍ വിരചിതമായതെന്നു കരുതപ്പെടുന്ന ആദ്യത്തെ തമിഴ് വ്യാകരണഗ്രന്ഥം. എ.ഡി. 5- ശ.-ത്തില്‍ ജീവിച്ചിരുന്ന തൊല്‍കാപ്പിയര്‍, അഗസ്ത്യന്റെ ശിഷ്യന്‍മാരില്‍ പ്രമുഖനായിരുന്നുവെന്നും ആചാര്യന്റെ അകത്തിയം എന്ന കൃതിയാണ് തൊല്‍കാപ്പിയം എന്ന വ്യാകരണഗ്രന്ഥം രചിക്കാന്‍ ശിഷ്യന് പ്രചോദനം നല്കിയതെന്നും തമിഴ് പണ്ഡിതന്മാര്‍ കരുതുന്നു.
അകത്തിയത്തിന്റെ പൂര്‍ണരൂപം ലഭിച്ചിട്ടില്ല. അകത്തിയം, മാപുരാണം, ഇചൈനുണുക്കം എന്നിങ്ങനെ പല വ്യാകരണഗ്രന്ഥങ്ങള്‍ തൊല്‍കാപ്പിയത്തിനു മുമ്പ് പ്രചാരത്തില്‍ ഇരുന്നതായും അവ കാലാന്തരത്തില്‍ നശിച്ചുപോയതായും തമിഴ് വൈയാകരണന്‍മാര്‍ അഭിപ്രായപ്പെടുന്നു. തൊല്‍കാപ്പിയം, യാപ്പെരുങ്കലം, നന്നൂല്‍ തുടങ്ങിയ ആധികാരിക വ്യാകരണഗ്രന്ഥങ്ങളിലും അവയെ ആസ്പദമാക്കിയുള്ള വ്യാഖ്യാനങ്ങളിലും അകത്തിയസൂത്രങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ട്. 'എകര, ഒകര, ആയ്ത, ഴകര, റകര, നകരന്തമിഴു പൊതുമറ്റേ' എന്ന അകത്തിയസൂത്രം ലീലാതിലകകാരന്‍ ഉദ്ധരിക്കുകയും (ശില്പം 2) അതിനെ അവലംബിച്ച് സംസ്കൃതത്തിലില്ലാത്ത ന്റ, റ്റ, റ, ഴ എന്നീ നാലക്ഷരങ്ങള്‍ ഭാഷയിലുണ്ടെന്നു കാണിക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍നിന്ന് ലീലാതിലകകാരന് അഗസ്ത്യസൂത്രങ്ങള്‍ പരിചിതങ്ങളായിരുന്നു എന്ന് ഉള്ളൂര്‍ പരമേശ്വരയ്യര്‍ കേരളസാഹിത്യചരിത്രത്തില്‍ സമര്‍ഥിക്കുന്നു. നന്നൂല്‍ വ്യാഖ്യാനം രചിച്ച മൈലൈനാഥന്‍ അകത്തിയത്തിലെ പല സൂത്രങ്ങളും ഉദ്ധരിച്ചിട്ടുണ്ടെന്നും അവയെ ആയിരിക്കണം ലീലാതിലകകാരന്‍ ഉപയോഗിച്ചിട്ടുള്ളതെന്നും ലീലാതിലകകാരന്‍ അകത്തിയം കണ്ടിരിക്കാനിടയില്ലെന്നും മറ്റൊരു അഭിപ്രായഗതിയുമുണ്ട്.
അകത്തിയത്തില്‍ തമിഴ് വ്യാകരണത്തിന്റെ പ്രധാനാംശങ്ങളായ ഇയല്‍ (സാഹിത്യം), ഇചൈ (സംഗീതം), നാടകം (നൃത്യാദി കലകള്‍ എല്ലാം) എന്നിവയെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നു. അകത്തിയത്തിനു ശേഷം വൈയാകരണന്‍മാര്‍ ഈ മൂന്നു വിഷയങ്ങള്‍ക്കും പ്രത്യേകം പഠനങ്ങള്‍ തയ്യാറാക്കിയിരുന്നതായി കരുതേണ്ടിയിരിക്കുന്നു. ഇയലിന്റെ മുഖ്യാംഗങ്ങളായ എഴുത്ത് (ഭാഷ), ചൊല്‍ (വാക്ക്), പൊരുള്‍ (കാവ്യവിഷയം) എന്നിവയെപ്പറ്റിയാണ് അകത്തിയത്തിനുശേഷമുണ്ടായിട്ടുള്ള വ്യാകരണഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ളത്. അകത്തിയത്തില്‍ എഴുത്ത്, ചൊല്‍, പൊരുള്‍ എന്നീ ഘടകങ്ങളെക്കുറിച്ചുള്ള വിവരണം സൂത്രരൂപത്തില്‍ കൊടുത്തിരിക്കുന്നു. നോ: അകത്തിയര്‍