This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എത്യോപ്യ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→വാണിജ്യം) |
Mksol (സംവാദം | സംഭാവനകള്‍) (→ടൂറിസം, കായികം) |
||
വരി 165: | വരി 165: | ||
== ടൂറിസം, കായികം== | == ടൂറിസം, കായികം== | ||
- | എത്യോപ്യയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള മഴക്കാടുകള്‍ സമൃദ്ധമായ ജന്തുശേഖരം ഉള്‍ക്കൊള്ളുന്നു; ഇവിടെ വന്യമൃഗ-പക്ഷി സങ്കേതങ്ങളുണ്ട്. ഭ്രംശതാഴ്‌വരയിലെ | + | എത്യോപ്യയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള മഴക്കാടുകള്‍ സമൃദ്ധമായ ജന്തുശേഖരം ഉള്‍ക്കൊള്ളുന്നു; ഇവിടെ വന്യമൃഗ-പക്ഷി സങ്കേതങ്ങളുണ്ട്. ഭ്രംശതാഴ്‌വരയിലെ തടാകങ്ങളില്‍ ജലക്രീഡയ്‌ക്കും മത്സ്യബന്ധനോല്ലാസത്തിനുമുള്ള സൗകര്യങ്ങള്‍ ചെയ്‌തിട്ടുണ്ട്. എത്യോപ്യയിലെ ഉന്നതതടങ്ങളില്‍ പ്രകൃതിരമണീയങ്ങളായ അനേകം ആരോഗ്യകേന്ദ്രങ്ങള്‍ കാണാം. കൂടാതെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി ചരിത്രസ്‌മാരകങ്ങളുമുണ്ട്. ഇക്കാരണങ്ങളാല്‍ എത്യോപ്യയില്‍ ടൂറിസം ഒരു പ്രമുഖ ധനാഗമമാര്‍ഗമായി വളര്‍ന്നിരിക്കുന്നു. |
- | + | ഓട്ടമത്സരങ്ങളില്‍ മികച്ചനേട്ടം കൈവരിക്കുന്നവരാണ് എത്യോപ്യന്‍ അത്‌ലറ്റുകള്‍. ഒളിമ്പിക്‌സിലടക്കം ഇരുപതിലേറെ ലോകറിക്കാര്‍ഡുകള്‍ സ്ഥാപിച്ച ഹയ്‌ല്‍ ഗബ്രിസെലാസിയാണ് ഏറ്റവും മികച്ച ഓട്ടക്കാരന്‍. അയ്യായിരം മീറ്ററിലും പതിനായിരം മീറ്ററിലും ലോകറിക്കാര്‍ഡിനുടമയായ കെനനിസ ബെകെലെയാണ് മറ്റൊരു മികച്ച കായികതാരം. ബാഴ്‌സലോണ ഒളിമ്പിക്‌സില്‍ പതിനായിരം മീറ്ററില്‍ സ്വര്‍ണംനേടിയ ദെറാര്‍തുതുലു ഈ നേട്ടം കൈവരിച്ച ആദ്യ എത്യോപ്യന്‍ വനിതയാണ്. 1960-ലെ റോം ഒളിമ്പിക്‌സില്‍ മാരത്തോണിന് സ്വര്‍ണം നേടിയ അബെബെ ബികില, മോസ്‌കോ ഒളിമ്പിക്‌സില്‍ അയ്യായിരം മീ., പതിനായിരം മീ. എന്നിവയില്‍ സ്വര്‍ണം നേടിയ മിറത്സ് യിഫ്‌തെര്‍ എന്നിവരും എത്യോപ്യന്‍ കായികരംഗത്തെ പ്രതിഭകളാണ്. |
Current revision as of 08:01, 14 ഓഗസ്റ്റ് 2014
ഉള്ളടക്കം |
എത്യോപ്യ
Ethopia
വടക്ക് കിഴക്കന്‍ ആഫ്രിക്കയില്‍ സ്ഥിതിചെയ്യുന്ന ഒരു സ്വതന്ത്രപരമാധികാര രാഷ്‌ട്രം. പടിഞ്ഞാറ് സുഡാനും വടക്ക് എറിത്രിയയും ജി ബൂട്ടിയും കിഴക്ക് സൊമാലിയയും തെക്ക് കെനിയയുമാണ് അതിര്‍ത്തിരാജ്യങ്ങള്‍. ഇറ്റലിയുടെ അധീനപ്രദേശമായിരുന്ന എറിട്രിയ 1952-ല്‍ എത്യോപ്യയില്‍ ലയിക്കുകയും പില്‌ക്കാലത്ത് 1991-ല്‍ സ്വതന്ത്രരാഷ്‌ട്രമായി മാറുകയും ചെയ്‌തു. എത്യോപ്യയിലെ ജനസംഖ്യ: 7,50,67,000 (2006) ആഡിസ് അബാബ തലസ്ഥാനമാണ്. രണ്ടായിരത്തിലേറെ വര്‍ഷക്കാലത്തെ പഴക്കമാണ് ഈ രാജ്യത്തിനുള്ളത്.
ഭൗതിക ഭൂമിശാസ്‌ത്രം
ഭൂപ്രകൃതി
ഭൂപ്രകൃതി അടിസ്ഥാനമാക്കി എത്യോപ്യയെ മൂന്നു വിഭാഗമായി തിരിക്കാം. പശ്ചിമപീഠഭൂമി, പൂര്‍വപീഠഭൂമി, ഭ്രംശതാഴ്‌വരയും പടിഞ്ഞാറന്‍ താഴ്‌വാരങ്ങളും. എത്യോപ്യയിലെ ആധാരശിലകള്‍ മൊത്തം പ്രീ-കാംബിയന്‍ ഘട്ടത്തിലേതാണ്. 400 കോടി വര്‍ഷത്തിലേറെ പഴക്കമുള്ള കഠിനശിലകളാണിവ.
ഇവയ്‌ക്കുമുകളില്‍ താരതമ്യേന കട്ടികുറഞ്ഞ ചുണ്ണാമ്പുകല്ലും മണല്‍ക്കല്ലുകളും അട്ടിയിട്ടുകാണുന്നു. ആഗ്നേയ പ്രക്രിയയിലൂടെ രൂപപ്പെടുന്ന ലാവാപടലങ്ങളെയും ഇടയ്‌ക്കിടെ കണ്ടെത്താം. ഈ പടലങ്ങളില്‍ ചിലതിന് ആയിരക്കണക്കിന് മീറ്റര്‍ കനമുണ്ട്. ഇപ്പോഴും സജീവമായി തുടരുന്ന ഏതാനും അഗ്നിപര്‍വതങ്ങളും നിരവധി ഉഷ്‌ണജലസ്രവങ്ങളും പ്രാചീനകാലത്തുണ്ടായ ആഗ്നേയപ്രക്രിയകളുടെ സൂചകങ്ങളാണ്. എത്യോപ്യയയ്‌ക്ക് കുറുകെകാണുന്ന ബൃഹത്തായ ചുരം ആഫ്രിക്കയിലെ ഗ്രറ്റ് റിഫ്‌റ്റ്‌വാലി എന്നറിയപ്പെടുന്ന ഭ്രംശതാഴ്‌വരയുടെ ഭാഗമാണ്. എത്യോപ്യ പീഠഭൂമിയെ പശ്ചിമ-പൂര്‍വഭാഗങ്ങളായി തിരിക്കുന്നത് ഈ താഴ്‌വരയാണ്.
പശ്ചിമപീഠഭൂമി. 2400 മുതല്‍ 3700 വരെ മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ ഉന്നതതടം ദീര്‍ഘനാളത്തെ അപരദനംമൂലം ഉപരിപടലങ്ങള്‍ ശോഷിപ്പിക്കപ്പെട്ട് അവയ്‌ക്ക് മുകളിലായി അപരദനാവശിഷ്‌ടങ്ങളായി നിലനില്‌ക്കുന്ന കരിമ്പാറക്കെട്ടുകള്‍ നിറഞ്ഞ് കാണപ്പെടുന്നു. ഇവിടെയുള്ള സീമിയെന്‍ പര്‍വതനിരകളിലാണ് എത്യോപ്യയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി റാസ്‌ദാഷെന്‍ (4.620 മീ.) സ്ഥിതിചെയ്യുന്നത്. പശ്ചിമപീഠഭൂമിയിലെ ഭൂപ്രകൃതി മലനിരകളും അവയ്‌ക്കിടയിലായുള്ള ചുരങ്ങളും താഴ്‌വരകളും ചേര്‍ന്ന് സങ്കീര്‍ണമായി കാണപ്പെടുന്നു. ബ്ലൂനൈലിന്റെ മാര്‍ഗമായ ആബേയ് ചുരത്തിന്റെ ആഴം 2135 മീ. ആണ്. പശ്ചിമ പീഠപ്രദേശം ഏറ്റവും വിസ്‌തൃതമായിക്കാണുന്നത് തെക്കുഭാഗത്താണ്. ഷേവാന്‍ എന്നു വിളിക്കപ്പെടുന്ന ഈ ഭാഗത്തിന് സമുദ്രനിരപ്പില്‍ നിന്ന് 2100 മീറ്ററിലേറെ ഉയരമുണ്ട്.
പൂര്‍വപീഠഭൂമി. പശ്ചിമപീഠഭൂമിയെപ്പോലെതന്നെ ഏറിയഭാഗത്തും കരിമ്പാറക്കെട്ടുകള്‍ നിറഞ്ഞും നിമ്‌നോന്നതമായും കാണപ്പെടുന്നു. ഭ്രംശതാഴ്‌വരയ്‌ക്കു സമാന്തരമായുള്ള മലനിരകളാണ് ഈ മേഖലയിലെ ഉയരംകൂടിയ ഭാഗം. താഴ്‌വരയുടെ വശത്തേക്ക് തൂക്കായി കാണപ്പെടുന്ന ഈ മലനിരകളില്‍ ഉയരം കൂടിയ ധാരാളം കൊടുമുടികള്‍ ഉണ്ട്. ഇവയില്‍ ഏറ്റവും പൊക്കമുള്ളത് മൗണ്ട് എന്‍ക്വാലോ(4311 മീ.)യാണ്. ഗെനേല്‍, ഷീബീല്‍ എന്നീ നദികള്‍ ഈ ഭാഗത്ത് ഉദ്‌ഭവിച്ച് ഒഴുകുന്നവയാണ്. ഈ നദീമാര്‍ഗങ്ങള്‍ക്കിടയില്‍, സമുദ്രനിരപ്പില്‍ നിന്നുയര്‍ന്ന് 2845 അടി പൊക്കത്തിലാണ് കരിമ്പാറക്കെട്ടുകളാല്‍ ചുറ്റപ്പെട്ട് വിസ്‌തൃതമായ ബാല്‍ ഉന്നതതടം സ്ഥിതിചെയ്യുന്നത്. പൂര്‍വപീഠഭൂമിയുടെ വടക്കുകിഴക്കനരികില്‍ ഉയരം 300 മീറ്ററോളമായി കുറയുന്നു; ഇവിടം ഹാരര്‍ സമതലം എന്നാണറിയപ്പെടുന്നത്. തെക്കു കിഴക്ക് ഭാഗത്തും ഉയരം നന്നേ കുറവാണ്. ഈ ഭാഗം ക്രമേണ ഗോദന്‍ സമതലത്തില്‍ ലയിക്കുന്നു. പൂര്‍വപീഠഭൂമിയുടെ തെക്കു പടിഞ്ഞാറരികും ഏതാണ്ട് സമതലപ്രദേശമാണ്. സിദാമോ ബൊറാന എന്നു വിളിക്കപ്പെടുന്ന ഈ പ്രദേശം അപരദനംമൂലം വികൃതമാക്കപ്പെട്ട നിലയിലാണ് കാണപ്പെടുന്നത്.
ഭ്രംശതാഴ്‌വര. 40 മുതല്‍ 65 വരെ കി.മീ. വീതിയില്‍ ഇരുപാര്‍ശ്വങ്ങളിലും ചെങ്കുത്തായ മലനിരകളോടൊത്തു കാണപ്പെടുന്ന പ്രദേശം. ഈ താഴ്‌വരയില്‍ തടാകങ്ങളുടെ ഒരു ശൃംഖലതന്നെയുണ്ട്. സ്വേ, ആബ്‌മാട്ട, ലാന്‍ഗാനോ, ഷാല, ആവാസ, ആബേ, ചാമോ എന്നിവയാണ് പ്രധാനതടാകങ്ങള്‍. ഭ്രംശതാഴ്‌വര ഏറ്റവും വിസ്‌തൃതമായി കാണപ്പെടുന്നത് വടക്കരികിലാണ്. ആവാഷ് നദീതടമാണ് ഇവിടം. ഈ ഭാഗത്തുവച്ച് ധാരാളം പോഷകനദികള്‍ ആവാഷില്‍ ലയിക്കുന്നു. ഭ്രംശതാഴ്‌വരയില്‍ ഉഷ്‌ണജലസ്രാവങ്ങള്‍ ധാരാളമായി കാണാം. വടക്കരികിലെ ദാനാക്തില്‍ സജീവങ്ങളായ ഏതാനും അഗ്നിപര്‍വതങ്ങളുണ്ട്. ചെങ്കടലിനു സമാന്തരമായി കിടക്കുന്ന താഴ്‌വാരത്തില്‍ സമുദ്രനിരപ്പിലും താഴ്‌ന്നു സ്ഥിതിചെയ്യുന്ന ലവണജല തടാകങ്ങളും കോബാര്‍ കിടങ്ങും സ്ഥിതിചെയ്യുന്നു.
അപവാഹം. പശ്ചിമ പീഠഭൂമിയുടെ ചായ്‌വനുസരിച്ച് ഇവിടെയുള്ള നദികള്‍ ഏറിയകൂറും പടിഞ്ഞാറോട്ടൊഴുകുന്നു. ഈ പീഠഭൂമിയുടെ കിഴക്കരികിലുള്ള പര്‍വതനിരകള്‍ നീര്‍ത്തടങ്ങളായി വര്‍ത്തിക്കുന്നു. ഇവയുടെ കിഴക്കന്‍ ചരിവുകളില്‍ നിന്ന് ഉദ്‌ഭവിച്ച് ഭ്രംശതാഴ്‌വരയിലേക്കൊഴുകുന്ന ധാരാളം നീര്‍ച്ചാലുകള്‍ കാണാം. അതുപോലെ പൂര്‍വ പീഠഭൂമിയുടെ പടിഞ്ഞാറരികിലുള്ള മലനിരകളും നീര്‍ത്തടങ്ങളാണ്. ഇവിടെയും ഭ്രംശതാഴ്‌വരയെ ലക്ഷ്യമാക്കി നീങ്ങുന്ന വളരെയേറെ ചെറുനദികളുണ്ട്. ഭ്രംശതാഴ്‌വരയിലെ നദികള്‍ മിക്കവയും ആന്തരവാഹ (Internal drai-nage)ക്രമത്തില്‍ തടാകങ്ങളില്‍ പതിക്കുന്നു. ആവാഷ് നദിയാണ് ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ടത്. വടക്കോട്ടൊഴുകുന്ന ഈ നദി ചെങ്കടല്‍തീരത്തുള്ള ആബേ തടാകത്തില്‍ പതിക്കുന്നു. തെക്കോട്ടൊഴുകി റുഡോള്‍ഫ് തടാകത്തില്‍ വീഴുന്ന ഓമോ, ച്യൂബഹിര്‍തടാകത്തിലേക്കൊഴുകുന്ന സാഗന്‍ എന്നിവയാണ് ഭ്രംശതാഴ്‌വരയിലെ പ്രധാനനദികള്‍.
കാലാവസ്ഥ
ഉഷ്‌ണമേഖലയിലാണെങ്കിലും സമുദ്രനിരപ്പില്‍ നിന്ന് ഉയര്‍ന്ന് സ്ഥിതിചെയ്യുന്നതുമൂലം താപനിലയില്‍ സന്തുലിതാവസ്ഥയുണ്ട്. ഏറെക്കുറെ സമശിതോഷ്‌ണ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത് എന്നുപറയാം. ചൂട് ഏറ്റവും കൂടുന്നത് മേയ് മാസത്തിലും ഏറ്റവും കുറയുന്നത് ജനുവരിയിലുമാണ്. മഴ പെയ്യാന്‍ കാരണമാകുന്നത് ഏറിയകൂറും തെക്കു പടിഞ്ഞാറന്‍ കാറ്റുകളാണ്.
ജൂലായ് മാസത്തോടെ ഗിനി കടലിലും ദക്ഷിണ അത്‌ലാന്തിക്കിലും പ്രബലമായിത്തീരുന്ന ഗുരുമര്‍ദമേഖലയില്‍ നിന്ന് സഹാറയിലും തെക്കുപടിഞ്ഞാറ് ഏഷ്യയിലും രൂപംകൊള്ളുന്ന നിമ്‌നമര്‍ദമേഖലയെ ലക്ഷ്യമാക്കി വീശുന്ന കാറ്റുകളാണ് ഇവ. നീരാവി സമൃദ്ധമായി ഉള്‍ക്കൊള്ളുന്ന ഈ ഉഷ്‌ണക്കാറ്റുകള്‍ എത്യോപ്യ പീഠഭൂമിയെ അഭിമുഖീകരിക്കുമ്പോള്‍ ഘനീഭവിച്ച് മഴ പെയ്യിക്കുന്നു. ജൂലായ് മുതല്‍ സെപ്‌തംബര്‍ വരെയാണ് മഴക്കാലം.
വരള്‍ച്ചയുടെ കാഠിന്യം വര്‍ധിപ്പിക്കുവാന്‍ വടക്കുകിഴക്കന്‍ കാറ്റുകള്‍ കാരണമായിത്തീരുന്നു. യാത്രാമധ്യേ ചെങ്കടല്‍ കടക്കുന്നതുമൂലം സംഭൃതമാവുന്ന അല്‌പമാത്രമായ നീരാവി നേരിയ തോതില്‍ മഴ പെയ്യിക്കുന്നു. ജനുവരി-ഫെബ്രുവരി മാസങ്ങളാണ് വരള്‍ച്ചയുടെ കാലം. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ഇടവിട്ടുള്ള മഴ സാധാരണമാണ്. ഭൂപ്രകൃതിയിലെ നിമ്‌നോന്നത സ്വഭാവം വാര്‍ഷിക വര്‍ഷപാതത്തില്‍ സാരമായ വ്യതിയാനങ്ങള്‍ സൃഷ്‌ടിക്കുന്ന മലനിരകളിലെ വാതപ്രതിമുഖവശങ്ങള്‍ പൊതുവേ മഴ നിഴല്‍ പ്രദേശങ്ങളാണ്. 250 സെ.മീ. മുതല്‍ 5 സെ.മീ. വരെ ശരാശരി വര്‍ഷപാതമുള്ള സ്ഥലങ്ങള്‍ എത്യോപ്യയില്‍ കാണാം.
സസ്യജാലം
നൈസര്‍ഗിക സസ്യജാലങ്ങളുടെ അടിസ്ഥാനത്തില്‍ എത്യോപ്യയെ ഉന്നതതടങ്ങള്‍, താഴ്‌വരകള്‍ എന്നിങ്ങനെ വിശേഷിപ്പിക്കാം. ഉന്നതതടങ്ങള്‍ താപനില താരതമ്യേന കുറഞ്ഞ സാമാന്യം മഴയുള്ള പ്രദേശങ്ങളാണ്. താഴ്‌വാരങ്ങളില്‍ ഉഷ്‌ണാധിക്യവും വരള്‍ച്ചയും അനുഭവപ്പെടുന്നു. ഉന്നത തടങ്ങളില്‍ പശ്ചിമപീഠഭൂമി ഒട്ടുമുക്കാലും പുല്‍മേടുകളാണ്. ഒറ്റപ്പെട്ട നിലയില്‍ വൃക്ഷങ്ങളും വളരുന്നു.
എത്യോപ്യയുടെ തെക്കുപടിഞ്ഞാറരിക് മഴക്കാടുകളാണ്. ഇവിടെ വലുപ്പമേറിയ ഇലകളുള്ള വൃക്ഷങ്ങളാണുള്ളത്. പന്നവര്‍ഗങ്ങള്‍, കുറ്റിച്ചെടികള്‍, വള്ളിച്ചെടികള്‍ എന്നിവ സമൃദ്ധമായി വളരുന്നതിനാല്‍ ഈ വനങ്ങള്‍ ഏറെക്കുറെ ഇടതൂര്‍ന്ന് കാണപ്പെടുന്നു. എത്യോപ്യയുടെ ഏഴുശതമാനം ഭൂവിസ്‌തൃതിയില്‍ മാത്രമാണ് വനമുള്ളത്. ഉയരംകൂടുന്തോറും ഈ വനങ്ങളിലെ സസ്യപ്രകൃതിയില്‍ അക്ഷാംശീയ വ്യതിയാനങ്ങള്‍ കൊണ്ടെന്നപോലുള്ള മാറ്റങ്ങള്‍ ദര്‍ശിക്കാം. ഉപോഷ്‌ണവനങ്ങളില്‍ മാംസള ഫലങ്ങളുള്ള പോഡോ കാര്‍പ്പസ് എന്നയിനം നിത്യഹരിതവൃക്ഷം സമൃദ്ധമായുണ്ട്. കൂടുതല്‍ ഉയരത്തിലേക്ക് പോകുമ്പോള്‍ ജൂണിപ്പര്‍ മരങ്ങള്‍ക്ക് പ്രാമുഖ്യമുള്ള സൂചികാഗ്രവനങ്ങള്‍ കാണപ്പെടുന്നു. 3050 മീ. ഉയരം വരെയാണ് വൃക്ഷങ്ങളുള്ളത്; അതിനുമുകളില്‍ പുല്‍വര്‍ഗങ്ങളും പടര്‍പ്പന്‍ ചെടികളും മാത്രമേ വളരുന്നുള്ളു. താഴ്‌വാരങ്ങളിലെ മഴക്കൂടുതലുള്ള ഭാഗങ്ങള്‍ സാവന്നാമാതൃക പുല്‍പ്രദേശങ്ങളാണ്. ഭ്രംശതാഴ്‌വരയുടെ തെക്കേപ്പകുതിയിലാണ് ഇമ്മാതിരി സസ്യപ്രകൃതിയുള്ളത്. വരള്‍ച്ചയുടെ തോതനുസരിച്ച് പുല്‍വര്‍ഗങ്ങളുടെ ഉയരവും ബാഹുല്യവും കുറഞ്ഞുവരുന്നു; വൃക്ഷങ്ങളുടെ ഉയരത്തിലും കുറവു സംഭവിക്കുന്നു. താഴ്‌വാരങ്ങളിലൊട്ടാകെ കാണപ്പെടുന്ന പ്രധാനവൃക്ഷമാണ് അക്കേഷ്യ. ജനവാസമുള്ള ഭാഗങ്ങളില്‍ യൂക്കാലിപ്‌റ്റസ് നട്ടുവളര്‍ത്തുന്നു.
ജന്തുജാലം
എത്യോപ്യയിലെമ്പാടുമുള്ള വന്യമൃഗങ്ങള്‍, കഴുതപ്പുലി, കുറുനരി, കാട്ടുനായ്, ഹരിണ വര്‍ഗങ്ങള്‍, കാട്ടുപന്നി, കുരങ്ങുകള്‍ എന്നിവയാണ്. വള്ളിയും പുള്ളിയുമുള്ള കഴുതപ്പുലിമുതല്‍ വ്യത്യസ്‌ത ഈണങ്ങളില്‍ ഓലിയിടുന്ന വെര്‍വെറ്റ് കുരങ്ങന്‍വരെയുള്ള മിക്കയിനം ജന്തുക്കളും തനതായ സവിശേഷതകളുള്ളതാണ്. വാലിയെ ഐബക്‌സ് എന്ന കാട്ടാട് നിയാലാമാന്‍ ഗെലാഡ, ബബൂണ്‍, സീമിയന്‍ കുറുനരി എന്നിവ വംശനാശത്തെ അഭിമുഖീകരിക്കുന്ന വിശേഷയിനങ്ങളാണ്. ആര്‍ഡ്‌വാര്‍ക്ത്, കീരി തുടങ്ങിയ ചെറുജന്തുക്കളും ക്ഷുദ്രജീവികളും ധാരാളമാണ് എത്യോപ്യയുടെ തെക്ക് പടിഞ്ഞാറരികിലുള്ള ഓരോ താഴ്‌വരയിലും ഗാംമ്പേല മേഖലയിലുമാണ് ഏറ്റവും കൂടുതല്‍ വന്യമൃഗങ്ങളുള്ളത്. ഇവിടെ സിംഹം, ആന, പുലി, കാട്ടുപോത്ത്, ജിറാഫ്, വരയന്‍കുതിര, കറുത്തനിറമുള്ള കാണ്ടാമൃഗം എന്നിവ കാണപ്പെടുന്നു. ഇവിടെയുള്ള നദികളും തടാകങ്ങളും ചീങ്കണ്ണികളുടെ വിഹാരരംഗമാണ്.
മണ്ണ്
ഉന്നത തടങ്ങളിലെ ലാവാമണ്ണ് പൊതുവേ വളക്കൂറുള്ളതാണ്. ഫോസ്‌ഫറസ്-പൊട്ടാഷ് അംശങ്ങള്‍ സമൃദ്ധമായുള്ള ഈ മണ്ണില്‍ കാത്സ്യം നന്നേ കുറവാണ്. ഭ്രംശ താഴ്‌വരയിലെ മണ്ണില്‍ നൈട്രജന്റെ കുറവുണ്ട്. ഈ ഭാഗത്ത് പലയിടത്തും വര്‍ധിച്ച ആല്‍ക്കലി സ്വഭാവം മണ്ണിന്റെ ഉത്‌പാദനശേഷി കുറയ്‌ക്കുന്നു. എത്യോപ്യയിലെ നദീതീരങ്ങള്‍ വളമുള്ള എക്കല്‍ മൈതാനങ്ങളാണ്.
ധാതുക്കള്‍
എത്യോപ്യയിലെ പഴക്കം ചെന്ന ആധാരശിലാപടലങ്ങള്‍ക്കിടയില്‍ അമൂല്യങ്ങളായ ധാതുനിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണം, പ്ലാറ്റിനം, കറുത്തീയം, ചെമ്പ്, ടങ്‌സ്റ്റണ്‍, മാങ്‌ഗനീസ് എന്നീ ലോഹങ്ങളുടെ സമ്പന്ന നിക്ഷേപങ്ങള്‍ എത്യോപ്യയിലുണ്ട്.
ദാനാകില്‍ താഴ്‌വരയിലെ അഗ്നിപര്‍വതജന്യമായ പാറയടരുകള്‍ക്കിടയില്‍ ഗന്ധകം, സോഡിയം, പൊട്ടാസ്യം, ജിപ്‌സം, പൊട്ടാഷ്, കല്ലുപ്പ് എന്നിവയുടെ കനത്ത നിക്ഷേപങ്ങളുണ്ട്. അവസാദശിലാപടലങ്ങള്‍ക്കിടയില്‍ നിന്നും പെട്രാളിയം ഉത്‌പാദിപ്പിക്കാനുള്ള സാധ്യതകളും തെളിഞ്ഞിട്ടുണ്ട്. മത്സീവ, വെലേഗ, അഡോല എന്നീ ഖനനകേന്ദ്രങ്ങളില്‍ യഥാക്രമം മാങ്‌ഗനീസ്, പ്ലാറ്റിനം, സ്വര്‍ണം എന്നീ ലോഹങ്ങള്‍ കുറഞ്ഞതോതില്‍ ഖനനം ചെയ്‌തുവരുന്നു. ദാനാകില്‍ താഴ്‌വരയില്‍ നിന്ന് പൊട്ടാഷ്, കറിയുപ്പ് എന്നിവ സാമാന്യമായ തോതിലും ഉത്‌പാദിപ്പിച്ചുവരുന്നു.
ജനങ്ങള്‍
ജനവിഭാഗങ്ങള്‍
എത്യോപ്യയില്‍ 40 ശതമാനം ജനസാന്ദ്രതയാണുള്ളത്. ജനാധിവാസം കേന്ദ്രീകരിച്ചിട്ടുള്ള അരുസി, ഷീവ, വെലോ എന്നീ പ്രവിശ്യകളില്‍പ്പോലും ജനസാന്ദ്രത ഇതില്‍ കൂടുതലില്ല. താഴ്‌വാരങ്ങള്‍ ഉന്നതതടങ്ങളെ അപേക്ഷിച്ച് ആള്‍പ്പാര്‍പ്പു കുറഞ്ഞയിടങ്ങളാണ്. മൊത്തം ജനസംഖ്യയില്‍ 91 ശതമാനം ഗ്രാമവാസികളാണ്. എത്യോപ്യയിലെ ജനനമരണ നിരക്കുകള്‍ താരതമ്യേന ഉയര്‍ന്നതാണ്. ഇതരരാജ്യങ്ങളില്‍ നിന്ന് ധാരാളം ആളുകള്‍ എത്യോപ്യയിലേക്ക് കുടിയേറുന്നുണ്ടെങ്കിലും ഇവരുടെ സംഖ്യ മൊത്തം ജനസംഖ്യയുമായി തട്ടിച്ചുനോക്കുമ്പോള്‍ നിസ്സാരമാണ്. വര്‍ഗസങ്കരം വന്‍തോതില്‍ നടന്നിട്ടുള്ളതിനാല്‍ എത്യോപ്യയിലെ ജനങ്ങളെ ഇനംതിരിക്കുക ദുഷ്‌കരമാണ്. പടിഞ്ഞാറന്‍ നാടുകളില്‍നിന്നു വന്നിട്ടുള്ള നീഗ്രാവംശജരും ചെങ്കടല്‍ കടന്നെത്തിയ കാക്കസോയ്‌സ് വര്‍ഗക്കാരും കൂടിക്കലര്‍ന്നുണ്ടായിട്ടുള്ള വര്‍ഗങ്ങളാണ് എത്യോപ്യയില്‍ പൊതുവേ കാണപ്പെടുന്നത്. ഭാഷ, മതവിശ്വാസങ്ങള്‍, ആചാരമര്യാദകള്‍ തുടങ്ങിയവയിലെ ഏറ്റക്കുറവിനെ അടിസ്ഥാനമാക്കി ഈ രാജ്യത്തെ ജനങ്ങളെ വിവിധവിഭാഗങ്ങളായി തിരിക്കാവുന്നതാണ്.
ഭാഷകള്‍
എത്യോപ്യയില്‍ നൂറിലേറെ ദേശ്യഭാഷകള്‍ പ്രചാരത്തിലുണ്ടെങ്കിലും അവയെ പ്രത്യേക മേഖലകളിലേതായി തിരിക്കുക പ്രയാസമാണ്. ഇവയൊക്കെത്തന്നെ കുഷിറ്റിക്, സെമിറ്റിത്, നീലോട്ടിക് എന്നീ മൂന്നു ഭാഷാ ഗോത്രങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്. പാരമ്പര്യംകൊണ്ടും രാഷ്‌ട്രീയ-സാംസ്‌കാരിക സ്വാധിനതകൊണ്ടും പ്രാബല്യം നേടിയിരിക്കുന്നത് സെമിറ്റിക് ഭാഷ സംസാരിക്കുന്നവരാണ്. സെമിറ്റിക് വിഭാഗത്തില്‍പ്പെട്ട അമാറിക് ആണ് എത്യോപ്യയിലെ രാഷ്‌ട്രഭാഷ. അമാറിക് മാതൃഭാഷയുള്ള 60 ലക്ഷം ജനങ്ങളാണ് എത്യോപ്യയിലുള്ളത്. മറ്റൊരു 30 ലക്ഷംപേര്‍ ഇതരഭാഷകളിലേതെങ്കിലും ഒന്നിനു പുറകെ അമാറിക് കൂടി കൈകാര്യം ചെയ്യാന്‍ കെല്‌പുള്ളവരാണ്. ദക്ഷിണ എത്യോപ്യയില്‍ സെമിറ്റിക് വിഭാഗത്തിലെ 12 ദേശ്യഭാഷകള്‍ തനതായോ, കൂട്ടുചേര്‍ന്നോ പ്രചാരത്തിലിരിക്കുന്നു. ഇവ സംസാരിക്കുന്ന ജനങ്ങളുടെ സംഖ്യ പത്ത് ലക്ഷത്തിലേറെയാണ്. പൂര്‍വ എത്യോപ്യയിലെ ഹാരര്‍ നഗരത്തിലെ ഒരു വിഭാഗത്തിന്റെ മാതൃഭാഷയായ ഹാരരിയും സെമിറ്റിക് ഗോത്രത്തിലേതാണ്.
കുഷിറ്റിക് ഗോത്രത്തിലെ പ്രധാനഭാഷ ഗാലീന്യയാണ്; ഗാലാവിഭാഗത്തില്‍പ്പെട്ട ആളുകളുടെ പൊതുഭാഷയാണിത്. ഈ ഗോത്രത്തില്‍പ്പെട്ട ഭാഷകളില്‍ രണ്ടാംസ്ഥാനം സോമാലിയയ്‌ക്കാണ്. കുഷിറ്റിക് ഗോത്രത്തിലേതായ 20 ഭാഷകള്‍കൂടി പ്രചാരത്തിലുണ്ട്. ഇവയില്‍ അഞ്ചു ലക്ഷത്തിലേറെ ആളുകള്‍ സംസാരിക്കുന്ന മൂന്നു ഭാഷകളുണ്ട്. അഫാര്‍-സാഹോ, സിദാമോ, ഹദ്ദീയ. എത്യോപ്യയില്‍ 20 ലക്ഷത്തോളം ആളുകള്‍ ഒമാട്ടിക് ഭാഷക്കാരായുണ്ട്. ഈ ഗോത്രത്തിലെ പ്രധാനഭാഷ വെലാമോ ആണ്. എത്യോപ്യയുടെ പടിഞ്ഞാറുഭാഗത്തുള്ള സീമാന്തമേഖലയിലാണ് നീലോട്ടിക് ഗോത്രത്തിലെ ഭാഷകള്‍ക്ക് പ്രചാരമുള്ളത്. ഇവയില്‍ ഏറ്റവും പ്രധാനം കൂനാമ ആണ്. എത്യോപ്യയിലെ വിദ്യാലയങ്ങളില്‍ ഇംഗ്ലീഷ് സഹഭാഷയെന്ന നിലയില്‍ പഠിപ്പിച്ചുവരുന്നു. രാജ്യത്തിന്റെ വടക്കുഭാഗത്ത് ഇറ്റാലിയന്‍, അറബി എന്നീ ഭാഷകളും പ്രചാരത്തിലുണ്ട്.
മതം
എത്യോപ്യയിലെ ജനങ്ങളില്‍ നാല്‌പതു ശതമാനത്തോളം ക്രസ്‌തവരാണ്. 50 ശതമാനത്തോളം മുസ്‌ലിങ്ങളുണ്ട്. ശേഷിക്കുന്നവര്‍ പ്രാകൃത മതവിശ്വാസികളായി കരുതപ്പെടുന്നു.ക്രസ്‌തവ-ഇസ്‌ലാം വിശ്വാസക്രമങ്ങളിലേക്ക് കൂടുതല്‍ ജനങ്ങള്‍ ആകൃഷ്‌ടരായിക്കൊണ്ടിരിക്കുന്ന സ്ഥിതിയാണുള്ളത്.
ചരിത്രം
ചിരപുരാതനമായ ഒരു ചരിത്രം എത്യോപ്യയിലുണ്ട്. പുന്ത്(ദേവഭൂമി) എന്നാണ് ഈജിപ്‌തുകാര്‍ എത്യോപ്യയെ വിശേഷിപ്പിച്ചിരുന്നത്. ഈജിപ്‌തിലെ ഫറോ രാജാക്കന്മാര്‍ സുഗന്ധദ്രവ്യങ്ങള്‍ക്കായി എത്യോപ്യയെ ആശ്രയിച്ചിരുന്നു. എത്യോപ്യന്‍ സംസ്‌കാരത്തിന് മിനായിയന്‍-സാമ്പിയന്‍ സംസ്‌കാരങ്ങളുമായി ബന്ധമുണ്ട്. പ്രത വിശ്വാസങ്ങളിലധിഷ്‌ഠിതമായ മതം സാമൂഹികസ്ഥാപനങ്ങള്‍, കൃഷിസമ്പ്രദായം, വാസ്‌തുവിദ്യ, കല എന്നിവയിലെല്ലാം സാമ്പിയന്‍ സംസ്‌കാരത്തിന്റെ സ്വാധീനത കാണാവുന്നതാണ്.
പ്രാചീനകാലം
ചരിത്രകാരനായ ഹോമര്‍ എത്യോപ്യക്കാരെ "കുറ്റമറ്റ ജനത' എന്നും ഗ്രീക്ക് ചരിത്രകാരനായ ഹിറോഡോട്ടസ് "ഉന്നതാത്മാക്കളായ ജനങ്ങള്‍' എന്നും മറ്റുചിലര്‍ "ഏറ്റവും വലിയ നീതിനിഷ്‌ഠര്‍' എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. സോളമന്റെയും ഷീബയുടെയും പുത്രനായ മെനലിക് എത്യോപ്യയുടെ ആദ്യത്തെ ഭരണാധിപനായിരുന്നു എന്നും എത്യോപ്യന്‍ രാജാക്കന്മാര്‍ മെനലികിന്റെ പിന്തുടര്‍ച്ചക്കാരാണെന്നും വിശ്വസിക്കപ്പെടുന്നു. എ.ഡി. രണ്ടാം ശ. മുതല്‍ ഒമ്പതാം ശ. വരെയുള്ള കാലത്ത് തിഗ്ര സമതലത്തില്‍ കുടിയേറിയവരും തദ്ദേശീയരും ചേര്‍ന്ന് ആക്‌സം കേന്ദ്രമാക്കി ഒരു രാഷ്‌ട്രത്തിനു രൂപം നല്‌കി. എത്യോപ്യയുടെ മതപരമായ ആരാധനാകേന്ദ്രം ഇപ്പോള്‍ "ആക്‌സം' തന്നെയാണ്. ആക്‌സമിലെ തിരക്കേറിയ തുറമുഖങ്ങള്‍ പ്രതിരോധ-വാണിജ്യകാര്യങ്ങളില്‍ എത്യോപ്യക്കാരുടെ നില വളരെയധികം അഭിവൃദ്ധിപ്പെടുത്തുകയും അവരെ അയല്‍ദേശങ്ങളുമായി ബന്ധപ്പെടുവാന്‍ സഹായിക്കുകയും ചെയ്‌തു. എത്യോപ്യന്‍ ചക്രവര്‍ത്തിമാരുടെ രൂപം മുദ്രണം ചെയ്യപ്പെട്ട നാണയങ്ങള്‍ അന്ന് പ്രചരിച്ചിരുന്നു. പ്രാചീനകാലത്തുതന്നെ റോമാസാമ്രാജ്യവുമായി ആക്‌സം സൗഹൃദബന്ധം പുലര്‍ത്തിയിരുന്നു. എ.ഡി. 336-ല്‍ കോണ്‍സ്റ്റന്റയില്‍ ചക്രവര്‍ത്തി, ആക്‌സം ജനത റോമാക്കാരെപോലെതന്നെ പരിഗണനാര്‍ഹരാണെന്നു പ്രഖ്യാപിക്കുകയുണ്ടായി. ഈ പ്രഖ്യാപനത്തിനു തൊട്ടുമുമ്പായി ആക്‌സമിലെ ഭരണാധികാരികള്‍ ക്രിസ്‌തുമതം രാജ്യത്തെ ഔദ്യോഗിക മതമായി സ്വീകരിച്ചിരുന്നു. മൂന്നാം ശ. മുതല്‍ ഈ രാജ്യത്തിന്റെ ശക്തി ക്രമാനുഗതമായി വളര്‍ന്നു. നാലാം ശതകത്തില്‍ സര്‍വസാധാരണമായി പ്രചാരത്തില്‍വന്ന സ്വര്‍ണനാണയങ്ങള്‍ അവിടുത്തെ സമ്പത്‌സമൃദ്ധിയുടെ നിദര്‍ശനമായിരുന്നു. അഞ്ചാം ശതകത്തോടെ ആക്‌സമിന്റെ വളര്‍ച്ച പരമകോടിയിലെത്തുകയും ഏഴാം ശതകത്തോടെ ആക്‌സമിന്റെ പതനം ആസന്നമായിത്തീരുകയും ചെയ്‌തു. എട്ടാം ശതകത്തില്‍ ആക്‌സമിന്റെ വാണിജ്യമാര്‍ഗങ്ങള്‍ തടസ്സപ്പെടുകയും തീരദേശങ്ങള്‍ മുസ്‌ലിങ്ങള്‍ കൈവശപ്പെടുത്തുകയും ചെയ്‌തു.
എത്യോപ്യന്‍ ചക്രവര്‍ത്തിയായിരുന്ന ഗദറത്തിന്റെ ദിഗ്‌വിജയങ്ങളെ അറേബ്യയിലെ സബായിയന്‍ ലിഖിതങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പേരു വ്യക്തമാക്കാത്ത ഒരു എത്യോപ്യന്‍ ഭരണാധികാരി ഈജിപ്‌ത്, ഏദന്‍ ഉള്‍ക്കടല്‍ തീരപ്രദേശം, സബായിയന്‍-മിനായിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് തന്റെ അധികാരം വ്യാപിപ്പിച്ചിരുന്നതായി അദുലീസിലെ ഒരു സ്‌മാരകത്തില്‍ ഗ്രീക്കുഭാഷയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചെങ്കടലില്‍വച്ചുള്ള ഒരു യുദ്ധത്തില്‍ റോമന്‍ കപ്പലുകളെ തോല്‌പിക്കുവാന്‍ എത്യോപ്യയ്‌ക്ക് കഴിഞ്ഞിരുന്നു.
എത്യോപ്യന്‍ സംസ്‌കാരത്തിന്റെ ഈറ്റില്ലമായിരുന്നു ആക്‌സം. ഒരു വാണിജ്യകേന്ദ്രം കൂടിയായ ഇത് ഈജിപത്, റോം, നൂബിയ, സിറിയ, ഇന്ത്യ എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ടിരുന്നു. 13-ാം ശ. മുതലുള്ള ഇന്തോ-എത്യോപ്യന്‍ ബന്ധം പ്രത്യേകം ശ്രദ്ധേയമാണ്. എല്ലാ പ്രാചീന സംസ്‌കാരങ്ങളുടെയും സംഭാവനകള്‍ സ്വാംശീകരിക്കാനും അതുവഴി സ്വന്തം സംസ്‌കാരത്തെ സമ്പന്നമാക്കുവാനും എത്യോപ്യയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്.
നാലാം ശ. മുതല്‍ ക്രിസ്‌തുമതം എത്യോപ്യയില്‍ സാര്‍വത്രികമായി. ലോകത്തിലെ ഏറ്റവും പുരാതനമായ ക്രിസ്‌ത്യന്‍ രാജ്യങ്ങളില്‍ ഒന്ന് എത്യോപ്യയാണ്. ക്രിസ്‌തുമതമാണ് എത്യോപ്യന്‍ സംസ്‌കാരത്തിന്റെ അടിസ്ഥാനം. പഴയനിയമത്തിന്റെ കാലം മുതല്‍ ഈ പ്രത്യേകമായ സാംഗത്യമുണ്ട്. അവര്‍ സമ്പത്ത് മുഴുവന്‍ ദൈവത്തിന്റെ മഹത്ത്വത്തിനായി അര്‍പ്പിച്ചു. കൊട്ടാരങ്ങളെക്കാള്‍ ദേവാലയങ്ങളും കന്യാസ്‌ത്രീമഠങ്ങളും നിര്‍മിക്കുന്നതിനാണ് അവര്‍ ശ്രദ്ധിച്ചിരുന്നത്.
മധ്യകാലം
ഇക്കാലയളവില്‍ എത്യോപ്യയിലെ അംഹാര, ഷൊആ, തിഗ്ര, ഗൊജ്ജം എന്നീ നാലുപ്രവിശ്യകളും പരസ്‌പരം സ്‌പര്‍ധയില്‍ കഴിഞ്ഞിരുന്നു. ആധുനികകാലംവരെ എത്യോപ്യക്കാര്‍ പ്രാകൃതരും ക്രൂരന്മാരുമായിരുന്നു. യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെടുന്നവരുടെ കൈകാലുകള്‍ മുറിച്ചുകളയുവാന്‍ അവര്‍ മടിച്ചിരുന്നില്ല. 14-ഉം 15-ഉം ശതകങ്ങളില്‍ അസംഘടിതരും ഫ്യൂഡല്‍ സ്വാധീനതയില്‍ കഴിഞ്ഞിരുന്നവരും പ്രാകൃതരുമായ എത്യോപ്യന്‍ ജനതയുടെമേല്‍ പൂര്‍ണാധികാരം സ്ഥാപിക്കുവാന്‍ ഭരണാധികാരികള്‍ക്ക് കഴിഞ്ഞു. മതവും പൗരോഹിത്യവും ജനങ്ങളെ യോജിപ്പിക്കുവാനും ഉത്തേജിപ്പിക്കുവാനുമുള്ള കണ്ണികളാക്കിമാറ്റി. മാര്‍പ്പാപ്പയുമായും എത്യോപ്യ ബന്ധംപുലര്‍ത്തി. 1482-ല്‍ ഒരു ഫ്രാന്‍സിസ്‌കന്‍ മിഷനും 1520-26 കാലത്ത് ഒരു പോര്‍ച്ചുഗീസ് മിഷനും രാജ്യത്തുവന്നു. അംദസെയൊണ്‍ (1314-40), സാറാ യാക്കൂബ് (1443-68) എന്നീ എത്യോപ്യന്‍ രാജാക്കന്മാര്‍ ഭങ്കാലി-സൊമാലി തീരങ്ങളിലെ മുസ്‌ലിം ഭരണാധിപന്മാരോടും ഇഫത്ത്, അറുല്‍, ഹരാര്‍ എന്നിവിടങ്ങളിലെ സുല്‍ത്താന്‍മാരുമായും നിരന്തരം പോരാടിക്കൊണ്ടിരുന്നു. 16-ാം ശതകത്തില്‍ തുര്‍ക്കികള്‍ ചെങ്കടല്‍ തീരത്ത് പ്രത്യക്ഷപ്പെടുകയും പോര്‍ച്ചുഗീസുകാരെ പ്രകോപിച്ചുകൊണ്ട് മസ്സാവ ആക്രമിക്കുകയും ചെയ്‌തു. ഇത് ക്രമേണ ഒരു ക്രസ്‌തവ -മുസ്‌ലിം സംഘട്ടനമായി വളരുകയും എത്യോപ്യ ആക്രമിക്കപ്പെടുകയും ചെയ്‌തു. എത്യോപ്യയുടെ വടക്കുഭാഗം കൈയടക്കാനുള്ള തുര്‍ക്കിയുടെ ശ്രമം വിഫലമാക്കപ്പെട്ടു. ഇതിനെത്തുടര്‍ന്ന് ഗല്ലകള്‍ എന്ന ഒരു പ്രാകൃത ഗോത്രവര്‍ഗക്കാര്‍ എത്യോപ്യയില്‍ കുടിയേറിക്കൊണ്ടിരുന്നു. കത്തോലിക്കാ മിഷനറിമാരുടെ വരവും അഭംഗുരം തുടര്‍ന്നു. ഇക്കാലത്ത് പ്രധാന രാജാക്കന്മാര്‍ മലക്‌സഹാദ് (1561-97) സുസെന്‍ യൊസ്, ഫസില്‍ എന്നിവരായിരുന്നു. ഇവരുടെ ഭരണകാലത്ത് രാജകീയ ആസ്ഥാനം ഗൊന്താമിലേക്ക് മാറ്റപ്പെട്ടു.
രാജശക്തിയുടെ അധഃപതനം പെട്ടെന്നായിരുന്നു. കൊട്ടാരത്തിന്റെ ആഡംബരവും പുറംപകിട്ടും തുടര്‍ന്നെങ്കിലും യാസ് ക (1682-1706) ഒഴികെയുള്ള രാജാക്കന്മാര്‍ സന്ദര്‍ഭത്തിനൊത്ത് ഉയരാന്‍ കഴിവുള്ളവരായിരുന്നില്ല. പലരും വധിക്കപ്പെട്ടു. എത്യോപ്യയിലെ വിവിധജനവിഭാഗങ്ങളും രാഷ്‌ട്രീയഘടകങ്ങളും കൂടുതല്‍ സ്വാതന്ത്യ്രവാഞ്‌ഛയുള്ളവരായി. അവര്‍ പ്രാദേശിക നേതാക്കന്മാരുടെ പരമ്പരാഗത ഭരണത്തിന്‍കീഴിലാകുവാന്‍ താത്‌പര്യപ്പെടുകയും ചെയ്‌തു. രാജാക്കന്മാരെ നിശ്ചയിക്കാനുള്ള അധികാരം ഈ നേതാക്കന്മാര്‍ സ്വയം ഏറ്റെടുത്തുതുടങ്ങി.
രാഷ്‌ട്രീയ അനിശ്ചിതത്വം
18-ാം ശതകത്തിന്റെ മധ്യം മുതല്‍ 19-ാം ശതകത്തിന്റെ മധ്യംവരെയുള്ള എത്യോപ്യയുടെ ചരിത്രം കലങ്ങിമറിഞ്ഞതും വിപത്തുകള്‍ നിറഞ്ഞതുമായിരുന്നു. 1850-ല്‍ ഗൊന്തറിലെ ഒരു മുന്‍ ജനറലായിരുന്ന കസ്സാ രംഗപ്രവേശം ചെയ്‌തു. എന്നാല്‍ തന്റെ ലക്ഷ്യം സാക്ഷാത്‌കരിക്കുന്നതില്‍ ഇദ്ദേഹം പരാജയപ്പെട്ടു. വളരെ പ്രതീക്ഷയോടെ നടത്തിയ തന്റെ നിയമനിര്‍മാണങ്ങളെ ജനങ്ങള്‍ ശ്രദ്ധിക്കാതെ പോവുകയും അമിതാധികാരം ഇദ്ദേഹത്തെ അധഃപതനത്തിലേക്കു നയിക്കുകയും ചെയ്‌തു. വിക്‌ടോറിയ രാജ്ഞിക്കുള്ള തന്റെ കത്തിനു മറുപടി ലഭിക്കാതിരുന്നതില്‍ കുപിതനായ തിയൊഡര്‍ തന്റെ സുഹൃത്തായ കാമറൊന്‍ ഉള്‍പ്പെടെ നിരവധി യൂറോപ്യന്മാരെ മഗ്‌ദലയിലെ തുറുങ്കിലടച്ചു. 1867-ല്‍ ഒരു ബ്രിട്ടീഷ് സേന മഗ്‌ദലയിലേക്കു നീങ്ങി. യുദ്ധത്തില്‍ പരാജിതനായ തിയൊഡര്‍ ആത്മഹത്യ ചെയ്‌തു. 1868 മേയില്‍ ബ്രിട്ടീഷുകാര്‍ പിന്‍വാങ്ങി. നാലുവര്‍ഷം നീണ്ടുനിന്ന ആഭ്യന്തര കുഴപ്പങ്ങള്‍ക്കുശേഷം തിഗ്രയിലെ കസ്സ, ജോണ്‍ കഢ എന്നപേരില്‍ സിംഹാസനാരോഹണം ചെയ്‌തു. 1865-നുശേഷം മെനലിക്കിന്റെ നിയന്ത്രണത്തിലായിരുന്ന ഷൊഅയുടെ മേല്‍ ജോണ്‍ അവകാശം ഉന്നയിച്ചു. യുദ്ധത്തെക്കാള്‍ തന്ത്രപരമായ നീക്കങ്ങള്‍ക്ക് പ്രാമുഖ്യം കല്‌പിച്ച ജോണ്‍ ആക്‌സം കേന്ദ്രമാക്കി ഭരണം തുടര്‍ന്നു. ഒരു സ്വിസ് പണ്ഡിതനും സാഹസികനുമായ മുന്‍സിങ്ങറുടെ പ്രരണയാല്‍ ഈജിപ്‌തിലെ ഇസ്‌മയില്‍ പാഷ എത്യോപ്യ ആക്രമിച്ചു. യുദ്ധത്തില്‍ മുന്‍സിങ്ങര്‍ വധിക്കപ്പെടുകയും ഈജിപ്‌ഷ്യന്‍ സേന പരാജയപ്പെട്ട് പിന്‍വാങ്ങുകയും ചെയ്‌തു. ഇക്കാലത്ത് മെനലിക് യൂറോപ്യന്‍ ശക്തിയുമായി കൂടിയാലോചനകള്‍ നടത്തി ഷൊഅയെ ശക്തമാക്കി.
ജോണിനുശേഷം മെനലിക്ക് (1889-1913) എത്യോപ്യയുടെ ഭരണാധിപനായി. ഇറ്റലിയുടെ ആയുധസഹായങ്ങള്‍ സ്വീകരിച്ചിരുന്ന മെനലിക് ഒരു സന്ധിയിലൂടെ എറിട്രിയ ഇറ്റലിക്കു നല്‌കിയിരുന്നു. എന്നാല്‍ സന്ധിവ്യവസ്ഥകളുടെ വ്യാഖ്യാനത്തെ സംബന്ധിച്ച അഭിപ്രായ വ്യത്യാസവും ഘടകകക്ഷികളുടെ ഗൂഢാലോചനകളും ഒരു യുദ്ധത്തിനു വഴിതെളിച്ചു. 1896-ല്‍ ഇറ്റലിയും എത്യോപ്യയും തമ്മിലുണ്ടായ യുദ്ധത്തില്‍ ആറായിരം ഇറ്റാലിയന്‍ ഭടന്മാര്‍ വധിക്കപ്പെടുകയും 1700 പേര്‍ തടവുകാരാക്കപ്പെടുകയും ചെയ്‌തു. ആഡിസ് അബാബ സന്ധിയില്‍ ഇറ്റലിയുടെ അവകാശം എറിട്രിയ വരെയാക്കി നിര്‍ണയിച്ചും എത്യോപ്യയുടെ പൂര്‍ണസ്വാതന്ത്യ്രം അംഗീകരിച്ചും വ്യവസ്ഥകള്‍ ഉണ്ടാക്കി. 1913-ല്‍ മെനലിക് അന്തരിച്ചു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ പൗത്രനായ ലിജ്‌യാസു (1913-16) അധികാരമേറ്റു.
ഹെയ്‌ലി സെലാസ്സി
1916-ല്‍ റീജന്റും 1928-ല്‍ രാജാവും 1930-ല്‍ ചക്രവര്‍ത്തിയുമായ ഹെയ്‌ലി സെലാസ്സി അരനൂറ്റാണ്ടോളം എത്യോപ്യയിലെ ഭരണാധികാരിയായി വിരാജിച്ചു. എത്യോപ്യയുടെ ആധുനികവത്‌കരണത്തിന് തുടക്കം കുറിച്ചത് ഇദ്ദേഹമായിരുന്നു. വ്യക്തിനിഷ്‌ഠവും സ്വേച്ഛാപരവുമായിരുന്നു ഭരണം. പഴയ സംവിധാനത്തെ ഉലയ്‌ക്കാതെതന്നെ പുതുമയുടെ പലതും ഇദ്ദേഹം സാമൂഹിക ജീവിതത്തില്‍ സമന്വയിപ്പിച്ചു. എത്യോപ്യന്‍ ജനതയ്‌ക്ക് അവരുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ലിഖിതഭരണഘടന ഉണ്ടായത് ഇദ്ദേഹത്തിന്റെ കാലത്താണ്.
1935-ല്‍ ഇറ്റലി എത്യോപ്യയെ ആക്രമിച്ചു. യുദ്ധത്തില്‍ എത്യോപ്യയെ ചക്രവര്‍ത്തി നേരിട്ടു നയിച്ചെങ്കിലും ഇദ്ദേഹം പരാജയപ്പെട്ട് ബ്രിട്ടനില്‍ അഭയം പ്രാപിക്കുകയും എത്യോപ്യയെ രക്ഷിക്കുവാന്‍ ലീഗ് ഒഫ് നേഷന്‍സിനോട് അഭ്യര്‍ഥിക്കുകയും ചെയ്‌തു. 1941 മേയ് 5-ന് ഇദ്ദേഹം നേതാവായി എത്യോപ്യയിലേക്കു മടങ്ങിവന്നു. വിദ്യാഭ്യാസപ്രചാരണത്തില്‍ ഹെയ്‌ലി സെലാസ്സി പ്രത്യേകം താത്‌പര്യം പ്രകടിപ്പിച്ചു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നു. 1961-ല്‍ സ്ഥാപിച്ച സര്‍വകലാശാല എത്യോപ്യയിലെ മാത്രമല്ല ഇതര ആഫ്രിക്കന്‍ രാജ്യങ്ങളിലെയും വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‌കി. ആഫ്രിക്കന്‍ ഐക്യസംഘടനയുടെ വളര്‍ച്ചയില്‍ ഹെയ്‌ലി സെലാസ്സിയ്‌ക്കും എത്യോപ്യയ്‌ക്കും സുപ്രധാന സ്ഥാനമാണുള്ളത്. ദര്‍ഗ് എന്നറിയപ്പെടുന്ന എത്യോപ്യയിലെ സേനാവിഭാഗങ്ങളുടെ ഏകോപനസമിതി 1974-ല്‍ ഒരു സൈനികവിപ്ലവത്തിലൂടെ ഹെയ്‌ലി സെലാസ്സിയെ തടവിലാക്കി അധികാരം പിടിച്ചെടുത്തു. തുടര്‍ന്ന് എത്യോപ്യ ഒരു സോഷ്യലിസ്റ്റ് രാഷ്‌ട്രമായി പ്രഖ്യാപിക്കപ്പെട്ടു. 1975 മാര്‍ച്ചില്‍ രാജവാഴ്‌ച നിര്‍ത്തലാക്കിക്കൊണ്ട് പ്രഖ്യാപനമുണ്ടായി.
ആധുനിക കാലഘട്ടത്തില്‍
1974 സെപ്‌തംബറില്‍ ഹെയ്‌ലി സെലാസി അധികാരഭ്രഷ്‌ടനായതോടെ പട്ടാളമേധാവികള്‍ അധികാരം പിടിച്ചെടുത്തു. ഭരണനിയന്ത്രണങ്ങള്‍ക്കായി സായുധസേനകളെ സംയോജിപ്പിച്ച് "ദര്‍ഗ്യൂ' എന്നപേരില്‍ ഒരു കമ്മിറ്റി രൂപവത്‌കരിച്ചു. ഈ വര്‍ഷം ഡിസംബറില്‍ എത്യോപ്യ സോഷ്യലിസ്റ്റ് രാജ്യമായി പ്രഖ്യാപിക്കപ്പെട്ടു. മെന്‍ജിസ്‌തു ഹെയ്‌ലി മറിയം രാഷ്‌ട്രത്തലവനായി അവരോധിതനായി.
സോഷ്യലിസ്റ്റ് വിപ്ലവാനന്തരം പ്രതിപക്ഷകക്ഷികള്‍ ഒത്തുചേര്‍ന്ന് "ദര്‍ഗ്യൂ'വിന്റെ അധികാരത്തെ ചോദ്യം ചെയ്യാന്‍തുടങ്ങി. സിവിലിയന്‍-ജനാധിപത്യ ഭരണസംവിധാനത്തിനുവേണ്ടി ഇക്കൂട്ടര്‍ മുറവിളികൂട്ടി. ചില വിഭാഗങ്ങള്‍ പ്രാദേശിക സ്വയംഭരണവും ആവശ്യപ്പെട്ടു. ഇത്തരം എതിര്‍പ്പുകള്‍ക്കെതിരെ സര്‍ക്കാരും ശക്തമായി തിരിച്ചടിക്കാന്‍ തുടങ്ങി. നിരവധി വര്‍ഷങ്ങള്‍ നീണ്ടുനിന്ന ഈ ഗവണ്‍മെന്റ് നടപടി "ചുവപ്പന്‍ ഭീകരത' എന്നുവിശേഷിപ്പിക്കപ്പെട്ടു.
1980-കളില്‍ വിഘടനവാദശക്തികള്‍, പ്രധാനമായും എറിട്രിയന്‍ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട്, ടിട്രായന്‍ പീപ്പിള്‍സ് ഫ്രണ്ട് എന്നിവ കേന്ദ്രഭരണകൂടത്തെ അവഗണിച്ച് പ്രവിശ്യാതലത്തില്‍ സ്വാതന്ത്യ്രം വേണമെന്ന ആവശ്യമുന്നയിച്ചു. ഇതിന് ഐക്യരാഷ്‌ട്രസംഘടനയുടെ പിന്‍ബലവുമുണ്ടായി സോവിയറ്റ് സേനയുടെ സഹായമുണ്ടായിരുന്നിട്ടും "ദര്‍ഗ്യൂ' എതിര്‍പ്പുകള്‍ക്ക് മുമ്പില്‍ മുട്ടുമടക്കേണ്ടിവന്നു. 1991 മേയില്‍ മെംജിസ്‌തു സിംബാവയിലേക്ക് ഒളിച്ചോടി.
എത്യോപ്യന്‍ പീപ്പിള്‍സ് റെവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് (EPRDF) ഭരണതലസ്ഥാനത്തേക്ക് അനായാസം മാര്‍ച്ച്‌ചെയ്‌തു. ഒടുവില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ പ്രതിവിപ്ലവശക്തികള്‍ ആഡിസ്‌അബാബയില്‍ പ്രവേശിച്ചു. എത്യോപ്യയില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുകയും എറിട്രിയ സ്വതന്ത്രപരമാധികാരപദവി നേടുകയും ചെയ്‌തു. ദേശീയ-ജനാധിപത്യ ശക്തികളെ യോജിപ്പിച്ചുകൊണ്ട് ഇ.പി.ആര്‍.ഡി.എഫ്. ഒരു വിശാലസഖ്യത്തിന് രൂപംനല്‌കി. ഇതിനായി 1991 ജൂലായ് മാസത്തില്‍ ആഡിസ് അബാബയില്‍ വിപുലമായ ഒരു സമ്മേളനം വിളിച്ചുചേര്‍ത്തു. ഇതില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നായി ഇരുപതിലേറെ രാഷ്‌ട്രീയവംശീയ സംഘടനകള്‍ പങ്കെടുത്തു. ഈ സമ്മേളനം 87 അംഗജനപ്രതിനിധിസഭയെ തെരഞ്ഞെടുക്കുകയും ഒരു പൊതുപരിപാടി അംഗീകരിക്കുകയും ചെയ്‌തു. ടിഗ്രിനിയ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് നേതാവ് മെലസ് സെനാവി പരിവര്‍ത്തനകാലത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
ഈ പരിവര്‍ത്തനകാലഘട്ടത്തില്‍ ഇ.പി.ആര്‍.ഡി.എഫ്. എത്യോപ്യയെ ഒരു ഫെഡറല്‍ സ്റ്റേറ്റ് ആക്കുന്നതിനുവേണ്ടി ശ്രമിച്ചു. രാജ്യാതിര്‍ത്തികള്‍ നിര്‍ണയിക്കുന്ന ആഭ്യന്തരഭൂപടം തിരുത്തി വംശീയതയെ ആസ്‌പദമാക്കി പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് രൂപംനല്‌കി. പ്രാദേശിക ഭാഷകള്‍ ഒഴിവാക്കി അമാറ (Amhara) എന്ന എത്യോപ്യന്‍ വംശീയഭാഷ സാര്‍വത്രികമാക്കി. വംശീയാടിസ്ഥാനത്തിലുള്ള ഫെഡറല്‍ സംവിധാനത്തോട് എതിര്‍പ്പുണ്ടായിരുന്ന പല ഗ്രൂപ്പുകളും രാജ്യത്തിനു പുറത്തുനിന്ന് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു.
മുന്‍കാലങ്ങളിലെല്ലാം ഉണ്ടായിരുന്ന വംശീയാടിസ്ഥാനത്തിലുള്ള സ്വാതന്ത്ര്യം തന്നെയാണ് ഇപ്പോഴും പ്രാവര്‍ത്തികമാക്കിയത് എന്നു സ്ഥാപിച്ച് ഇ.പി.ആര്‍.ഡി.എഫ്. വക്താക്കള്‍ വംശീയ ഫെഡറല്‍ സംവിധാനത്തെ ന്യായീകരിച്ചു. ജനതയുടെ സ്വയം നിര്‍ണായകാവകാശമായും ഇത് ഔദ്യോഗികമായി വ്യാഖ്യാനിക്കപ്പെട്ടു. 1993 മേയില്‍ യു.എന്‍ മേല്‍നോട്ടത്തില്‍ ഒരു റഫറണ്ടം നടത്തി. എറിട്രിയ ഇങ്ങനെയാണ് ഒരു സ്വതന്ത്ര രാജ്യമായത്. പിന്നീട് പ്രാദേശികതലങ്ങളിലും ദേശീയതലത്തിലും പൊതുതിരഞ്ഞെടുപ്പുകള്‍ ക്രമാനുഗതമായി. "ദര്‍ഗ്യൂ' ഭരണകൂടത്തെ എതിര്‍ത്ത ചില കക്ഷികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും ജനപ്രതിനിധി സഭയില്‍ നിന്നും അവരുടെ പ്രതിനിധികളെ പിന്‍വലിക്കുകയും ചെയ്‌തു. 1994, 95 വര്‍ഷങ്ങളില്‍ ഭരണഘടനാനിര്‍മാണ സഭയിലേക്കുനടന്ന തിരഞ്ഞെടുപ്പില്‍ ഇ.പി.ആര്‍.ഡി.എഫ്. വന്‍ഭൂരിപക്ഷം നേടി. 1995-ല്‍ ഫെഡറല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് എത്യോപ്യ നിലവില്‍വന്നു. ഇ.പി.ആര്‍.ഡി.എഫ്. നേതാവ് നെഗാസ്സോജിദാദ പ്രസിഡന്റായും മെലസ് സെനാവി പ്രധാനമന്ത്രിയായും സ്ഥാനമേറ്റു. ഒമ്പത് അര്‍ധസ്വയംഭരണമേഖലകള്‍ നിലവില്‍വന്നു. 2000-ല്‍ സേനാവി സര്‍ക്കാര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2006-ല്‍ സൊമാലിയയുടെ ആഭ്യന്തരകലാപത്തില്‍ ഇടപെട്ട് അവിടെ ബോംബാക്രമണം നടത്തി.
ഭരണഘടന
പാര്‍ലമെന്ററി സംവിധാനത്തിലുള്ള ഭരണസംവിധാനമാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. പ്രധാനമന്ത്രിയാണ് ഭരണത്തലവന്‍. നാമമാത്ര അധികാരമുള്ള സര്‍ക്കാര്‍ ചടങ്ങുകള്‍ക്കു മേല്‍നോട്ടം വഹിക്കുന്നത് പ്രസിഡന്റാണ്. ജനപ്രതിനിധിസഭയാണ് സുപ്രധാന നിയമനിര്‍മാണസഭ. ഓരോ അംഗവും ഓരോ ജില്ലകളെ പ്രതിനിധീകരിക്കുന്നു. അഞ്ചുവര്‍ഷമാണ് കാലാവധി. ഇരുപതില്‍ കുറയാത്ത അംഗങ്ങള്‍ ന്യൂനപക്ഷസമുദായങ്ങളില്‍ നിന്നായിരിക്കും. 550-ല്‍ കൂടുതല്‍ അംഗങ്ങള്‍ സഭയില്‍ ഉണ്ടാകരുതെന്ന് ഭരണഘടന നിഷ്‌കര്‍ഷിക്കുന്നു.
ഭരണഘടനയുടെ 54-ാം വകുപ്പ് തിരഞ്ഞെടുക്കപ്പെട്ട അംഗത്തെ തിരിച്ചുവിളിക്കാനുള്ള ജനങ്ങളുടെ അധികാരത്തെപ്പറ്റി വിശദമാക്കുന്നു. തിരഞ്ഞെടുപ്പ് നിയമങ്ങളും ചട്ടങ്ങളും, രാജ്യരക്ഷയും പ്രതിരോധവും, അന്താരാഷ്‌ട്രകരാറുകള്‍, യുദ്ധപ്രഖ്യാപനം, അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തല്‍, സാമൂഹിക-സാമ്പത്തിക വികസനം, നികുതിചുമത്തലും ഫെഡറല്‍ ബജറ്റ് അംഗീകരിക്കലും ഫെഡറല്‍ കോടതികളിലെ ജഡ്‌ജിമാരെ നിയമനം എന്നിവയും ജനപ്രതിനിധിസഭയാണ് നിര്‍വഹിക്കുന്നത്. എല്ലാവര്‍ഷവും ജൂണ്‍ മുതല്‍ സെപ്‌തംബര്‍ വരെ ജനപ്രതിനിധിസഭ യോഗം ചേരണമെന്ന് ഭരണഘടന നിഷ്‌കര്‍ഷിക്കുന്നു. സ്‌പീക്കറും ഡെപ്യൂട്ടിസ്‌പീക്കറും സഭയിലെ അംഗങ്ങളില്‍നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരാണ്. ഭരണഘടനയുടെ 60-ാം വകുപ്പ് ഭൂരിപക്ഷം നഷ്‌ടപ്പെട്ട ഒരു ഗവണ്‍മെന്റിനെ മാറ്റി പകരം ഒരു ഗവണ്‍മെന്റ് രൂപീകരിക്കാന്‍ മറ്റു കക്ഷികളെ ക്ഷണിക്കാനുള്ള അധികാരം പ്രസിഡന്റില്‍ നിക്ഷിപ്‌തമാക്കിയിരിക്കുന്നു. പ്രധാനമന്ത്രിക്ക് സഭയുടെ അംഗീകാരത്തോടെ ജനപ്രതിനിധസഭയെ പിരിച്ചുവിടാനുള്ള അധികാരവുമുണ്ട്. എന്നാല്‍ അവിശ്വാസപ്രമേയത്തെസംബന്ധിച്ച് വ്യക്തമായ പരാമര്‍ശമില്ല.
പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങളില്‍ ഭൂരിപക്ഷത്തോടെയാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. നിയമങ്ങള്‍ സഭയില്‍ ഹാജരുള്ള അംഗങ്ങളുടെ ഭൂരിപക്ഷപിന്തുണയോടെയാണ് പാസ്സാക്കുന്നത്. പകുതിയിലേറെ അംഗങ്ങളാണ് മിനിമം ക്വാറം. പാസ്സാക്കപ്പെടുന്ന നിയമങ്ങള്‍ പ്രസിഡന്റ് ഒപ്പിട്ടുകഴിഞ്ഞാല്‍ 15 ദിവസങ്ങള്‍ക്കുള്ളില്‍ പ്രാബല്യത്തിലാകും.
ജനപ്രതിനിധിസഭ ഒമ്പത് സ്റ്റാന്റിങ് കമ്മിറ്റിക്ക് രൂപംനല്‌കും. സാമ്പത്തികകാര്യം, ബജറ്റ്, സാമൂഹികകാര്യം, രാജ്യരക്ഷയും പ്രതിരോധവും, വിദേശകാര്യങ്ങള്‍, പാര്‍ലമെന്ററികാര്യം, നിയമം, വനിതാക്ഷേമം, സാംസ്‌കാരികനവിനിമയം എന്നീ വകുപ്പുകള്‍ക്കായിട്ടാണ് ഈ കമ്മിറ്റികള്‍ രൂപവത്‌കരിക്കുന്നത്. സ്റ്റാന്റിങ് കമ്മിറ്റികളുടെ ചെയര്‍മാനെയും സെക്രട്ടറിയെയും ഭരണകക്ഷിയാണ് നിര്‍ദേശിക്കുന്നത്.
എത്യോപ്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയാണ് ഹൗസ് ഒഫ് ഫെഡറേഷന്‍; സംസ്ഥാനങ്ങള്‍, വിവിധ ദേശീയതകള്‍, പ്രത്യേക ജനവിഭാഗങ്ങളുടെ പ്രതിനിധികള്‍ എന്നിവരടങ്ങുന്നതാണ് ഈ സഭ. എത്യോപ്യയില്‍ ഏകദേശം 80 സംസ്ഥാനങ്ങള്‍ക്ക് ഫെഡറല്‍ അംഗീകാരമുണ്ട്. ഓരോ ഫെഡറല്‍ സ്റ്റേറ്റും ഓരോ പ്രതിനിധികളെ ഹൗസ് ഒഫ് ഫെഡറേഷനിലേക്ക് അയയ്‌ക്കും. പൊതുജനങ്ങള്‍ നേരിട്ടാണ് പലപ്പോഴും ഇവരെ തിരഞ്ഞെടുക്കുന്നത്. എല്ലാ അംഗങ്ങള്‍ക്കും ജനപ്രതിനിധിസഭയിലെ അംഗങ്ങള്‍ക്കുള്ള അവകാശാധികാരങ്ങളുണ്ട്. ഭരണഘടനാ വ്യാഖ്യാനം, സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുക എന്നിവയിലാണ് ഈ സഭയുടെ പ്രധാന ദൗത്യങ്ങള്‍.
സമ്പദ്‌വ്യവസ്ഥ
കൃഷി
എത്യോപ്യയിലെ സമ്പദ്‌ഘടനയില്‍ കാര്‍ഷികവൃത്തിക്ക് അതിപ്രധാനമായ സ്ഥാനമുണ്ട്. സ്വന്തം ആവശ്യങ്ങളെമാത്രം മുന്‍നിര്‍ത്തിയുള്ള ചെറുകിടകൃഷിയാണ് പൊതുവെയുള്ളത്. മൊത്തം ജനങ്ങളില്‍ 80 ശതമാനത്തിലേറെ കാര്‍ഷികവൃത്തിയെ ആശ്രയിച്ച് ഉപജീവനം നിര്‍വഹിക്കുന്നു. രാജ്യത്തിന്റെ മൊത്തം വരുമാനത്തില്‍ പകുതിയോളം കാര്‍ഷികരംഗത്തുനിന്നാണ് ലഭിക്കുന്നത്. എത്യോപ്യയിലെ കാര്‍ഷികോപയുക്തമായ ഭൂമിയുടെ പതിനാറിലൊരു ഭാഗംമാത്രമേ കൃഷി നിലങ്ങളായിട്ടുള്ളൂ. വളമിടല്‍ നന്നേ കുറവാണെങ്കിലും മണ്ണിന്റെ ഫലപുഷ്‌ടികാരണം നല്ലതോതില്‍ വിളവു ലഭിക്കുന്നു. ഭക്ഷ്യവിളകളില്‍ ഒന്നാംസ്ഥാനം ടെഫ് എന്ന ധാന്യത്തിനാണ്. എത്യോപ്യ മേഖലയില്‍ മാത്രം വിളയുന്ന ധാന്യമാണിത്. ചോളം, മില്ലറ്റ്, ഗോതമ്പ്, ബാര്‍ലി, ഓട്‌സ് എന്നവയാണ് മറ്റുധാന്യവിളകള്‍. പയറുവര്‍ഗങ്ങളും വിളയിക്കപ്പെടുന്നുണ്ട്. കാപ്പി, കരിമ്പ്, എണ്ണക്കുരുക്കള്‍, ഫലവര്‍ഗങ്ങള്‍, പരുത്തി എന്നിവ വ്യാപാരാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നതിനുള്ള സംവിധാനം അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ട്.
കാലിവളര്‍ത്തല്‍
കൃഷിനിലങ്ങളുടെ വിസ്‌തീര്‍ണത്തിനു തുല്യമായ ഭൂമി മേച്ചില്‍സ്ഥലങ്ങളായും ഉപയോഗിക്കപ്പെടുന്നു. എത്യോപ്യയിലെ വളര്‍ത്തുമൃഗങ്ങളുടെ സംഖ്യ 10 കോടിയിലേറെയായി കണക്കാക്കപ്പെടുന്നു. ഇതില്‍ 25 ശതമാനത്തിലേറെ കാലികളാണ്. ആടുകളുടെ സംഖ്യയും കുറവല്ല. മേച്ചില്‍പ്പുറങ്ങള്‍ ധാരാളമുള്ളതുകൊണ്ട് കന്നുകാലിവളര്‍ത്തല്‍ അഭിവൃദ്ധിപ്പെടുത്തുവാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ട്. കോഴിവളര്‍ത്തലും അഭിവൃദ്ധിപ്രാപിച്ചുവരുന്നു.
വനസമ്പത്ത്
എത്യോപ്യയിലെ വനസമ്പത്ത് പൊതുഉടമയിലുള്ളതും സമ്പത്‌സമൃദ്ധവുമാണ്. എന്നാല്‍ ഗതാഗതസൗകര്യങ്ങളുടെ കുറവുമൂലം വനവ്യവസായങ്ങളോ, വനവിഭവസംഭരണമോ കാലാനുസൃതമായി വികസിച്ചിട്ടില്ല. 1990-2005 കാലയളവില്‍ 21 ലക്ഷം ഹെക്‌ടര്‍ വനംവെട്ടിനിരത്തപ്പെട്ടു.
ഊര്‍ജസമ്പത്ത്
കല്‍ക്കരി, പെട്രാളിയം എന്നീ ഊര്‍ജസ്രാതസ്സുകള്‍ പരിമിതമാണെങ്കിലും എത്യോപ്യയില്‍ ജലവൈദ്യുതി ഉത്‌പാദനത്തിനു വമ്പിച്ച സാധ്യതയുണ്ട്. ആവാഷ് നദിയിലെ മൂന്നു പദ്ധതികളെ കേന്ദ്രീകരിച്ചാണ് ജലവൈദ്യുതോത്‌പാദനം നടന്നുവരുന്നത്. ആബേയ് നദിയില്‍ ഫിന്മ എന്ന സ്ഥലത്താണ് ഒരു വന്‍കിട പദ്ധതിയുള്ളത്.
വ്യവസായം
എത്യോപ്യയിലെ ജനങ്ങളില്‍ കേവലം ഒരു ശതമാനം മാത്രമാണ് വ്യവസായത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ദേശീയവരുമാനത്തിന്റെ പത്തുശതമാനം മാത്രമാണ് വ്യവസായങ്ങളില്‍ നിന്നുലഭിക്കുന്നത്. ഖനനം ഒരു വന്‍കിട വ്യവസായമെന്ന നിലയില്‍ അഭിവൃദ്ധിപ്പെട്ടുവരികയാണ്. കാര്‍ഷികോത്‌പന്നങ്ങളുടെ സംസ്‌കരണമാണ് മുഖ്യമായ വ്യവസായനയം. തലസ്ഥാനമായ ആഡിസ് അബാബയിലാണ് വ്യാവസായിക പ്രവര്‍ത്തനങ്ങളുടെ പകുതിയിലേറെയും കേന്ദ്രീകരിച്ചിട്ടുള്ളത്. അസ്‌മാര, നസ്രത്, ഡയല്‍ദാവ എന്നീ നഗരങ്ങളാണ് മറ്റു വ്യവസായ കേന്ദ്രങ്ങള്‍. തുണിത്തരങ്ങള്‍, ഭക്ഷ്യപേയ പദാര്‍ഥങ്ങള്‍, പാദരക്ഷകള്‍ എന്നിവയാണ് പ്രധാന ഉത്‌പന്നങ്ങള്‍. ഷീവാ പ്രവിശ്യയിലെ വോഞ്ചിയില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചസാരഫാക്‌ടറിയാണ് വന്‍കിട വ്യവസായമെന്നു പറയാവുന്നത്.
ഗതാഗതം
20-ാം ശതകത്തിന്റെ തുടക്കത്തില്‍ എത്യോപ്യയില്‍ ആധുനികമായ ഗതാഗതരീതികളൊന്നുമുണ്ടായിരുന്നില്ല. എത്യോപ്യന്‍ എയര്‍ലൈന്‍സ് എന്നപേരില്‍ വ്യോമയാന സര്‍വീസ് നടത്തുന്നുണ്ട്. വളരെ മെച്ചപ്പെട്ട തോതിലല്ലെങ്കിലും റെയില്‍ സൗകര്യവുമുണ്ട്. ആഡിസ് അബാബയില്‍ അന്താരാഷ്‌ട്ര വിമാനത്താവളമുണ്ട്. റോഡുഗതാഗതത്തിന്റെ കേന്ദ്രം ആഡിസ് അബാബയാണ്. ഭൂമിശാസ്‌ത്രപരമായി രാജ്യത്തിന്റെ ഏതാണ്ട് മധ്യത്തായി സ്ഥിതിചെയ്യുന്ന ഇവിടെനിന്ന് എല്ലാ പ്രവിശ്യാതലസ്ഥാനങ്ങളിലേക്കും റോഡുകളുണ്ട്. അധിവാസകേന്ദ്രങ്ങളൊക്കെത്തന്നെ പ്രധാനറോഡുകളാല്‍ പരസ്‌പരം ബന്ധിക്കപ്പെട്ടിരിക്കുന്നു.
ഭൂപ്രകൃതിയിലെ നിമ്‌നോന്നത സ്വഭാവം റെയില്‍ വികസനത്തെ തടസ്സപ്പെടുത്തുന്നു. പ്രധാനമായി രണ്ട് റെയില്‍പ്പാതകളാണുള്ളത്. ആഡിസ് അബാബയെ ഏഡന്‍ ഉള്‍ക്കടല്‍ തീരത്തെ ജിബൂതി തുറമുഖവുമായി ബന്ധിപ്പിക്കുന്നതാണ് ആദ്യത്തേത്; രണ്ടാമത്തേത് മിത്സീവ തുറമുഖത്തില്‍നിന്ന് അസ്‌മാരയിലൂടെ എറിട്രിയയുടെ പടിഞ്ഞാറരകിലുള്ള അകോര്‍ദത്തിലേക്കു പോകുന്നു. എത്യോപ്യയിലെ നദികള്‍ തീരെ ഗതാഗതക്ഷമമല്ല. താഹാ തടാകത്തില്‍ മാത്രം വ്യാപാരപ്രധാനമായ ഉള്‍നാടന്‍ ഗതാഗതം നടന്നുവരുന്നു. വാണിജ്യപരമായ ഇടപെടലുകള്‍ക്ക് ആഡിസ് അബാബയുമായി റെയില്‍ബന്ധമുള്ളതുമൂലം ജിബൂതി തുറമുഖത്തെയാണ് ആശ്രയിച്ചുവരുന്നത്.
വാണിജ്യം
കയറ്റുമതിയിലെ സിംഹഭാഗവും കാര്‍ഷികോത്‌പന്നങ്ങളാണ്. കാപ്പി, തുകല്‍, പഴങ്ങള്‍, എണ്ണക്കുരുക്കള്‍ തുടങ്ങിയവ. അമേരിക്ക, പശ്ചിമജര്‍മനി, സൗദി അറേബ്യ, ഇറ്റലി, ജപ്പാന്‍ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നു. കയറ്റുമതിയില്‍ ഒന്നാംസ്ഥാനം കാപ്പിക്കാണ്. 2005-ലെ കയറ്റുമതി 1085 ബില്യണ്‍ ഡോളറാണ്. യന്ത്രസാമഗ്രികള്‍, വാഹനങ്ങള്‍, പെട്രാളിയം ദ്രവ്യങ്ങള്‍ ഇതര വ്യാവസായികോത്‌പന്നങ്ങള്‍ എന്നിവ ഇറക്കുമതികളില്‍പ്പെടുന്നു. അമേരിക്ക, ഇറ്റലി, പശ്ചിമജര്‍മനി, ജപ്പാന്‍, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍നിന്നാണ് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്.
ടൂറിസം, കായികം
എത്യോപ്യയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള മഴക്കാടുകള്‍ സമൃദ്ധമായ ജന്തുശേഖരം ഉള്‍ക്കൊള്ളുന്നു; ഇവിടെ വന്യമൃഗ-പക്ഷി സങ്കേതങ്ങളുണ്ട്. ഭ്രംശതാഴ്‌വരയിലെ തടാകങ്ങളില്‍ ജലക്രീഡയ്‌ക്കും മത്സ്യബന്ധനോല്ലാസത്തിനുമുള്ള സൗകര്യങ്ങള്‍ ചെയ്‌തിട്ടുണ്ട്. എത്യോപ്യയിലെ ഉന്നതതടങ്ങളില്‍ പ്രകൃതിരമണീയങ്ങളായ അനേകം ആരോഗ്യകേന്ദ്രങ്ങള്‍ കാണാം. കൂടാതെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി ചരിത്രസ്‌മാരകങ്ങളുമുണ്ട്. ഇക്കാരണങ്ങളാല്‍ എത്യോപ്യയില്‍ ടൂറിസം ഒരു പ്രമുഖ ധനാഗമമാര്‍ഗമായി വളര്‍ന്നിരിക്കുന്നു.
ഓട്ടമത്സരങ്ങളില്‍ മികച്ചനേട്ടം കൈവരിക്കുന്നവരാണ് എത്യോപ്യന്‍ അത്‌ലറ്റുകള്‍. ഒളിമ്പിക്‌സിലടക്കം ഇരുപതിലേറെ ലോകറിക്കാര്‍ഡുകള്‍ സ്ഥാപിച്ച ഹയ്‌ല്‍ ഗബ്രിസെലാസിയാണ് ഏറ്റവും മികച്ച ഓട്ടക്കാരന്‍. അയ്യായിരം മീറ്ററിലും പതിനായിരം മീറ്ററിലും ലോകറിക്കാര്‍ഡിനുടമയായ കെനനിസ ബെകെലെയാണ് മറ്റൊരു മികച്ച കായികതാരം. ബാഴ്‌സലോണ ഒളിമ്പിക്‌സില്‍ പതിനായിരം മീറ്ററില്‍ സ്വര്‍ണംനേടിയ ദെറാര്‍തുതുലു ഈ നേട്ടം കൈവരിച്ച ആദ്യ എത്യോപ്യന്‍ വനിതയാണ്. 1960-ലെ റോം ഒളിമ്പിക്‌സില്‍ മാരത്തോണിന് സ്വര്‍ണം നേടിയ അബെബെ ബികില, മോസ്‌കോ ഒളിമ്പിക്‌സില്‍ അയ്യായിരം മീ., പതിനായിരം മീ. എന്നിവയില്‍ സ്വര്‍ണം നേടിയ മിറത്സ് യിഫ്‌തെര്‍ എന്നിവരും എത്യോപ്യന്‍ കായികരംഗത്തെ പ്രതിഭകളാണ്.